സവർണ സംവരണം ഭരണകൂട നയമാകുമ്പോൾ
ഓർക്കാം, വി.പി. സിങ്ങിനെ...
മൂന്നു പതിറ്റാണ്ടിനിടെ ഇന്ത്യൻ സിവിൽ സമൂഹം കടന്നുപോന്ന പാരഡൈം ഫിഷ്റ്റുകൾ രേഖപ്പെടുത്തുകയാണ്, അവയ്ക്ക് സാക്ഷിയായ പ്രമുഖ മാധ്യമപ്രവർത്തകൻ വിജു വി. നായർ
‘‘ആദ്യ അഭിമുഖത്തിന് ചെല്ലുമ്പോൾ വി.പി. സിങ്ങിൽനിന്ന് പ്രധാനമായും അറിയേണ്ടിയിരുന്നത് ഈ മനുഷ്യൻ എന്തേ അഴിമതിയിൽ പിടിച്ചുതൂങ്ങി എന്നാണ്. കേട്ടിരുന്നത് കോൺഗ്രസുകാർ തന്നെ പ്രചരിപ്പിച്ച പല്ലവിയാണ്- രാജീവിനെ വെട്ടി പ്രധാനമന്ത്രിയാകാനുള്ള നമ്പറാണെന്ന്. ചോദ്യം നേരത്തെ തന്നെ ചോദിച്ചു. മറുപടി ഏതാണ്ടിങ്ങനെയായിരുന്നു- അഴിമതി ജനുവിനായ പ്രശ്‌നമാണ്. അത് പൗരാവലിയിലെ അസമത്വം കൂടുതൽ വിപുലമാക്കും. നേഷൻ ബിൽഡിംഗിന്മേലുള്ള രോഗമായി അഴിമതിയെ കണക്കാക്കണം... അഴിമതി രാജ്യദ്രോഹമാണ്.
‘‘പ്രധാനമന്ത്രി കസേരയൊക്കെ പോയി, രാഷ്ട്രീയ ജീവിതത്തിന് മിക്കവാറും കർട്ടനിടുമെന്ന മട്ടിലിരിക്കുമ്പോൾ രണ്ടാമത് കണ്ടു. അപ്പോൾ, ദേശീയഹീറോ ആഗോളവില്ലനായിരിക്കുന്നു. അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, അതൊരു സ്വാഭാവിക നടപടി എന്നാണ്. കാരണം ""ഹിന്ദുക്കളും മുസ്‌ലിംകളും ഇവിടെ ഒരുമിച്ചു കഴിഞ്ഞുവരികയാണ്. ഈ സംസ്‌കാരം കൺമുന്നിൽ മരിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവില്ല. ഇന്ത്യയെ ജീവനോടെ നിർത്താൻ, ഭരണഘടന നിലനിർത്താൻ, അധികാരം ഞാൻ ബലികൊടുത്തു. നിർഭാഗ്യവശാൽ വേണ്ടത്ര പലതും ചെയ്യാൻ എനിക്കായില്ല. മണ്ഡലിനു മുമ്പ് എന്റെ നടപടികളെല്ലാം മഹത്തായതെന്ന് പറഞ്ഞു. മണ്ഡലിനു ശേഷമാകട്ടെ എല്ലാം രാജ്യദ്രോഹം. ഒരുകാൽ ഒടിഞ്ഞു കഴിഞ്ഞിരുന്നു. എങ്കിലും ഉള്ളതുവെച്ച് ഞാൻ ഗോളടിച്ചു.''
അധികാരമൊഴിഞ്ഞശേഷം കണ്ടപ്പോൾ വി.പി. സിംഗ് പറഞ്ഞത്, എല്ലാത്തിനും ഒരു പ്രൈസ് ടാഗുണ്ടെന്നാണ്. മണ്ഡൽ നടപ്പാക്കിയതിന്റെ വിലയാണ് അദ്ദേഹം കൊയ്യുന്നത്. ഇതിൽ ചില ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ നമ്മൾ കാണണം. ഒന്നാമത്, വി.പി. സിങ് ഒരു ഒ.ബി.സി നേതാവല്ല. ലോഹ്യാ സോഷ്യലിസ്റ്റുകളായ ഒ.ബി.സി നേതാക്കൾ പലരും വളർന്നുകഴിഞ്ഞിരുന്നു- മുലായം, ലാലുപ്രസാദ്, ശരത് യാദവ്, നിതീഷ്‌കുമാർ. ഈ ചരിത്രനീക്കത്തിന്റെ ക്രഡിറ്റ് ഒരു ഠാക്കൂർ കൊണ്ടുപോകുന്നത് അവർക്ക് പഥ്യമായ സംഗതിയല്ല. പരസ്യമായി പറയില്ലെങ്കിലും വടക്കെ ഇന്ത്യയിലെ രീതി അതാണ്. ഈ നേതാക്കൾക്കുള്ള ജാതി വോട്ടുബാങ്ക് വി.പിക്കില്ല. ഇതേ പക്ഷത്തുവരേണ്ട ബി.എസ്.പി അന്ന് ബി.ജെ.പി പാളയത്തിലാണ്, ഈ നേരത്താണ് അയോധ്യ പ്രസ്ഥാനം വടക്കെ ഇന്ത്യയെ കൊടുമ്പിരിക്കൊള്ളിക്കുന്നത്. ഇപ്പറഞ്ഞ പിന്നാക്ക, ദളിത് നേതാക്കൾക്കുമുന്നിൽ രണ്ടു ചോയ്‌സ് മാത്രം. ഒന്നുകിൽ ഹിന്ദുത്വ ബാൻഡ് വാഗണിൽ കയറണം. അല്ലെങ്കിൽ അവരവരുടെ ജാതിസ്വത്വം മുറുകെപ്പിടിക്കണം. അവർ സ്വന്തം ജാതിയെ പിടിച്ചു. മേൽജാതിയാണ് ഠാക്കൂർ. അത്തരക്കാർക്ക് ഈ ചേരിയിൽ നീക്കുപോക്കിനുതന്നെ ഇടമില്ല. മാധ്യമ പിന്തുണ കൂടി പോയതോടെ വി.പി ഔട്ട്. ഏറ്റവും വലിയ രാഷ്ട്രീയ റിസ്‌ക്കെടുത്ത് ആർക്കുവേണ്ടി പിന്നാക്ക സംവരണം നടപ്പാക്കിയോ അതേ കൂട്ടരും കയ്യൊഴിഞ്ഞു. ഇതാണ് ഈ രാജ്യം വി.പി. സിംഗിനോട് ചെയ്ത ചരിത്രപരമായ നന്ദികേട്. മറിച്ച്, വി.പി രാജ്യത്തിനുചെയ്തത് മൂന്നു ചരിത്രസംഭാവനകളാണ്. ഒന്ന്, ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ഇൻക്ലൂസീവാക്കി. രണ്ട്, അഴിമതിയെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രമേയമാക്കി. മൂന്ന്, മെജോറിറ്റേറിയൻ രാഷ്ട്രീയത്തെ രാഷ്ട്രീയമായും ഭരണപരമായും ഇത്ര പച്ചയ്ക്ക് നേരിട്ട ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയിലില്ല. ഇപ്പറഞ്ഞ മൂന്നും വാസ്തവത്തിലുള്ള ഭരണഘടനാ സംരക്ഷണമാണ്. വി.പിയെ ഇന്ന് ഓർക്കുമ്പോൾ പറയാൻ ഒന്നേ തോന്നാറുള്ളൂ, right man in wrong country.
എ ജേണലിസ്റ്റ് ഇൻഎഡിറ്റഡ്:വിജു വി. നായർ / കെ. കണ്ണൻ
ട്രൂ കോപ്പി വെബ്സീനിൽ വായിക്കാം, കേൾക്കാം