Photo: Ajmal M k Manikoth

തെരഞ്ഞെടുപ്പ് ഗോദയിൽ ബി.ജെ.പിയെ ഇടിച്ചിട്ട് വിനേഷ് ഫോഗട്ട്

പാരീസ് ഒളിമ്പിക്സിൽ സുവർണനേട്ടത്തിന് തൊട്ടടുത്തെത്തിയ ശേഷം പരാജിതയായി തലകുനിച്ച് മടങ്ങേണ്ടിവന്ന വിനേഷ് ഫോഗട്ട് ഇനി ജുലാനയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ. തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിൽ ബി.ജെ.പി, ഐ.എൻ.എൽ.ഡി സ്ഥാനാർഥികളെ മലർത്തിയടിച്ചാണ് വിനഷിൻെറ ജയം.

Election Desk

ഗുസ്തിയിൽ രാജ്യത്തിൻെറ അഭിമാനമുയർത്തിയ കായികതാരം വിനേഷ് ഫോഗട്ടിന് (Vinesh Phogat) തെരഞ്ഞെടുപ്പ് ഗോദയിലെ കന്നി പോരാട്ടത്തിലും വിജയം. ഗുസ്തി താരങ്ങളുടെ തെരുവിലെ പ്രതിഷേധങ്ങളും കർഷക സമരത്തിന്റെ അലയൊലികളും വിജയത്തിൽ നിർണായകമായി. രാജ്യവും കോൺഗ്രസും (Indian National Congress) പ്രതിക്ഷയോടെയാണ് ഹരിയാനയിലെ ജുലാന (Julana) മണ്ഡലത്തിലെ വിധിയറിയാൻ കാത്തിരുന്നത്. ബി.ജെ.പിയുടെ (Bharatiya Janata Party) യോഗേഷ് കുമാറിനെ ആറായിരത്തിനടുത്ത് വോട്ടുകൾക്കാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ (Brij Bhushan Sharan Singh) ലൈംഗികാരോപണം ഉയർന്നുവന്നിട്ടും സംരക്ഷിച്ച ബി.ജെ.പി നേതൃത്വത്തിനെതിരെ പ്രതിഷേധമുയർത്തിയ ഗുസ്തി താരങ്ങളുടെ മുൻനിരയിൽ വിനേഷ് ഉണ്ടായിരുന്നു. ജുലാനയിൽ അവരെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ തന്നെ കോൺഗ്രസിന് തികഞ്ഞ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒളിംമ്പിക്‌സ് വേദിയിൽ സുവർണനേട്ടത്തിൻെറ വക്കിലെത്തി, പിന്നീട് അപ്രതീക്ഷിതമായി സാങ്കേതിക കാരണങ്ങളാൽ പരാജിതയായി മടങ്ങിയെത്തിയ വിനേഷിന് നാട്ടിൽ കിട്ടിയത് വലിയ സ്വീകരണമായിരുന്നു. ഒരു പോരാളിയായാണ് അവരെ ഇന്ത്യൻ ജനതയും ഹരിയാനയിലെ ജനങ്ങളും സ്വീകരിച്ചത്. ആ സ്വീകരണം തന്നെ വലിയൊരു സൂചനയായിരുന്നു.

കോൺഗ്രസ് പ്രതീക്ഷിച്ചതുപോലൊരു വലിയ ഭൂരിപക്ഷം നേടാൻ വിനേഷിന് സാധിച്ചിട്ടില്ല. ആം ആദ്മി പാർട്ടി സ്ഥാനാർഥിയും മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരവുമായ കവിത ദലാലിന്റെ സ്ഥാനാർഥിത്വവും ജുലാന മണ്ഡലത്തിൽ വലിയ ചർച്ചയായിരുന്നു. വിനേഷിൻെറയും ബജ്രംഗ് പൂനിയയുടെയും രാഷ്ട്രീയപ്രവേശം കോൺഗ്രസ് വലിയ ആഘോഷമാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക എന്നാണ് കോൺഗ്രസിൽ ചേർന്ന ശേഷം വിനേഷ് ജനങ്ങളോട് പറഞ്ഞത്. “സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യുക, ഞാൻ ഏത് പാർട്ടിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാം... കർഷകരോട് ബി.ജെ.പി ചെയ്തത് ജനങ്ങൾ മറന്നിട്ടില്ല” - അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വിനേഷ് ഫോഗട്ട്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വിനേഷ് ഫോഗട്ട്

വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാതിരുന്ന യോഗേഷ് കുമാറിനെയാണ് വിനേഷിനെ നേരിടാൻ ബി.ജെ.പി രംഗത്തിറക്കിയത്. ബി.ജെ.പി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായ യോഗേഷ് 9 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. പരമ്പരാഗതമായി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്ക് മാറി മാറി അവസരം നൽകി പോന്നിരുന്ന മണ്ഡലമാണ് ജുലാന. 1967-ൽ മണ്ഡലം രൂപീകൃതമായതിന് ശേഷം കോൺഗ്രസ്, ജനതാ പാർട്ടി, ജനനായക ജനതാ പാർട്ടി, ഇന്ത്യൻ നാഷ്ണൽ ലോക്ദൾ അടക്കമുള്ള പാർട്ടികൾക്ക് മണ്ഡലത്തിലെ വോട്ടർമാർ മാറി മാറി അവസരം നൽകിയിരുന്നു. 1967, 1972, 2005 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസാണ് വിജയിച്ചത്. സാമ്പത്തിക വികസനം, തൊഴിലില്ലായ്മ, കാർഷിക മേഖലയിൽ തുടരുന്ന പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ഇത്തവണ നടന്നത്.

ബി.ജെ.പി സ്ഥാനാർഥി യോഗേഷ് കുമാർ
ബി.ജെ.പി സ്ഥാനാർഥി യോഗേഷ് കുമാർ

വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയ പ്രവേശനവും അതിന് പിന്നിലുണ്ടായ സംഭവവികാസങ്ങളുമൊക്കെ കോൺഗ്രസിന് മണ്ഡലത്തിലെ യുവ വോട്ടർമാരുടെ പിന്തുണ ലഭിക്കുന്നതിന് കാരണമായി. 2005-ലായിരുന്നു കോൺഗ്രസ് അവസാനമായി ജുലാനയിൽ വിജയിച്ചത്. 2009 മുതൽ 2014 വരെ ഇന്ത്യൻ നാഷ്ണൽ ലോക്ദളിനൊപ്പം നിന്നതാണ് മണ്ഡലം. ഓം പ്രകാശ് ചൗതാലയുടെ അറസ്റ്റിനെ തുടർന്ന് ചൗതാല കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ പാർട്ടിക്ക് മണ്ഡലത്തിൽ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം രൂപംകൊണ്ട ജനനായക് ജനത പാർട്ടിയാണ് 2019-ൽ ഇവിടെ വിജയിച്ചത്. എന്നാൽ ഇത്തവണ ദേശീയ ശ്രദ്ധയിലേക്കുയർന്ന രാഷ്ട്രീയ പോരിൽ മണ്ഡലം ചൗതാല കുടുംബത്തെ കൈവിട്ടു. ഇത്തവണ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 2019-ൽ 61,942 വോട്ടുകൾക്ക് വിജയിച്ച ജെ.ജെ.പിയുടെ അമർജീത് ദണ്ഡ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐ.എൻ.എൽ.ഡിയുടെ സുരേന്ദർ ലാത്തറാണ് മൂന്നാം സ്ഥാനത്തെത്തിയത്.

Comments