മനുഷ്യന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ വൻകുതിപ്പുകൾക്ക് അവസരമൊരുക്കുന്ന ചരിത്രമുഹൂർത്തങ്ങളാണ് സമരങ്ങൾ. നിലനിൽപ്പിനായി തുടങ്ങി ചൂഷണരഹിതമായ ജീവിതത്തിനായും അവകാശങ്ങൾക്കായും അഭിമാനത്തിനായും നടന്ന സമരങ്ങൾ. മനുഷ്യൻ നടത്തുന്ന അന്ത്യമില്ലാത്ത സമരചരിത്രങ്ങളത്രയും രക്തരൂക്ഷിതമാകണം എന്ന തീർച്ച മാർക്‌സിനെ പോലെയുള്ള ചില ചിന്തകർ മുന്നോട്ടുവെച്ചിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഘടനാപരമായ അസമത്വങ്ങളെ ഇല്ലാതാക്കണമെങ്കിൽ മനുഷ്യർ (മർദിതർ) തന്റെ പ്രാകൃതഹിംസാ സ്വഭാവത്തിലേക്ക് മടങ്ങണമെന്നും ആ ഹിംസാവാസന ചരിത്രത്തിന്റെ ശക്തിയായി വർത്തിക്കുമെന്നും ഏംഗൽസും കൂട്ടിച്ചേർക്കുന്നു.
ഇന്നത്തെ സമരങ്ങളിൽ ‘ഹിംസ' അതിന്റെ പ്രാകൃതമായ അവസ്ഥയിലാണോ നിലനിൽക്കുന്നത് എന്ന അന്വേഷണം എത്തിക്കുന്നത് ഓരോ സമരത്തിലൂടെയും ‘ഹിംസ'യും പരിണമിക്കുന്നു എന്ന കണ്ടെത്തലിലാണ്.
ഹിംസ പൂർണമായും തിന്മ തന്നെയാണ് എന്ന് അംഗീകരിക്കുമ്പോഴും മനുഷ്യരിൽ അന്തർലീനമായ ആ തിന്മ തന്നെയാണ് ചരിത്രത്തെ മുന്നോട്ടുനയിക്കുന്നത് എന്ന് മാർക്‌സ് പറയുമ്പോൾ ഒരിക്കലും ‘ഹിംസ' ചരിത്രപ്രക്രിയകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. മനുഷ്യർ തമ്മിൽ നിലനിൽക്കുന്ന സാമൂഹികബന്ധങ്ങളിൽ അന്തർലീനമായ ഹിംസയെ ഇല്ലാതാക്കുവാൻ മർദിതരുടെ ഹിംസ അനിവാര്യമാണ് എന്നുവരുമ്പോൾ വിപ്ലവം രക്തരൂക്ഷിതമല്ലാതെ സംഭവിക്കുവാനും തരമില്ല. ജീർണിച്ച സമൂഹത്തെ തകർത്തെറിയുന്ന ശക്തിയാണ് മാർക്‌സിന് ഹിംസ. എന്നാൽ ഇന്നത്തെ സമരങ്ങളിൽ ‘ഹിംസ' അതിന്റെ പ്രാകൃതമായ അവസ്ഥയിലാണോ നിലനിൽക്കുന്നത് എന്ന അന്വേഷണം എത്തിക്കുന്നത് ഓരോ സമരത്തിലൂടെയും ‘ഹിംസ'യും പരിണമിക്കുന്നു എന്ന കണ്ടെത്തലിലാണ്.
പല ചരിത്രപ്രക്രിയകളിലൂടെ കടന്നുപോയ ഹിംസയുടെ പരിണാമത്തിലൂടെയാണ് ഭരണകൂടം അതിന്റെ രൂപം കൈക്കൊള്ളുന്നത്. ഹിംസ പരിണമിച്ച് ‘അധികാരമായി' മാറുകയും ഭരണകൂടം ഈ ഹിംസയുടെ കുത്തകാവകാശത്തിലൂടെ മനുഷ്യസമൂഹത്തിനുമുൻപിൽ അധികാരം നിലനിർത്തുകയും ചെയ്യുന്നു. സാമ്രാജ്യത്വശക്തികൾ നടത്തിവന്നിരുന്ന കോളനിഭരണം അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ ദേശീയപ്രസ്ഥാനം പോലെയുള്ള എല്ലാ ജനകീയ വിപ്ലവപരിപാടികളും രാഷ്ട്രീയാധികാരം നേടിയെടുക്കുന്നതിനോടൊപ്പം ഹിംസയുടെ ഈ കുത്തകാവകാശത്തെ ജനാധിപത്യ ഭരണകൂടത്തിനെ ഏൽപ്പിക്കുക കൂടിയാണ് ചെയ്തത്. രാജ്യത്തെ നിയമവും സുരക്ഷയും നിലനിർത്തേണ്ടതിന്റെ ഭാഗമായി പൊലീസിനെയും പട്ടാളത്തെയും ഉപയോഗിക്കുന്ന ഭരണകൂടം ‘ഹിംസ' എങ്ങനെ ആധുനികസമൂഹത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ സുവ്യക്തമായ ഉദാഹരണമാണ്. അങ്ങനെ മാർക്‌സ് പറഞ്ഞ സമരങ്ങളിലെ ഹിംസയുടെ കുത്തകാവകാശം ഇന്ന് ഭരണകൂടം ഉപയോഗിക്കുമ്പോൾ ഇന്ന് തുടർന്നുകൊണ്ടിരിക്കുന്ന പല സമരങ്ങളിലും വർത്തിക്കുന്നത് ഹിംസയോ? അഹിംസയോ?
പ്രത്യക്ഷത്തിൽ രണ്ട് ധ്രുവങ്ങളിലാണ് എന്ന് തോന്നുമെങ്കിലും ഹിംസയും അഹിംസയും തമ്മിലുള്ള അഭേദ്യമായ ബന്ധം തന്നെയാണ് ഇന്നും സമരങ്ങളെ വിജയിപ്പിക്കുന്നത്. എതിരാളിയിൽ വരുത്തിവെക്കുന്ന ഹിംസയെക്കാൾ സ്വയം ത്യജിക്കുന്ന ഹിംസയാണ് ഇന്ന് പ്രവർത്തിക്കുന്നത്. ഴാങ് ദെറിദയുടെ വാക്കുകളിൽ Non-violence is, in one sense, the worst kind of violence. (Jacques Derrida, ‘Violence and Metaphysics')
ഗാന്ധിയും ലെനിനും; ചില താരതമ്യങ്ങൾ
ഹിംസയുടെയും അഹിംസയുടെയും വ്യക്തമായ താരതമ്യപഠനം സാധ്യമാകുന്ന ചരിത്രസംഭവമാണ് ഇരുപതാം നൂറ്റാണ്ടിലെ കൊളോണിയൽ വിരുദ്ധസമരങ്ങൾ. സാമ്രാജ്യത്വവും മുതലാളിത്തവും കോളനിവൽകരണവും ഒരുപോലെ എതിർക്കപ്പെട്ടിരുന്ന സമരങ്ങൾക്ക് ആശയപരമായ ദിശാബോധം നൽകിയ വ്യക്തിത്വങ്ങളാണ് ഗാന്ധിയും ലെനിനും- അഹിംസയുടെയും ഹിംസയുടെയും പ്രയോക്താക്കൾ. എന്നാൽ രണ്ടുപേരുടെ പാർട്ടികളിലും പ്രതിഷേധരീതികളിൽ ചില സാമ്യതകൾ കാണാം, പിക്കറ്റിങ്, പണിമുടക്ക് എന്നിവ. ഗാന്ധിയുടെ നിർദേശപ്രകാരം തന്നെ സമരക്കാർ വിദേശനിർമിത തുണിത്തരങ്ങൾ കത്തിക്കുകയും, അത്തരം തുണിത്തരങ്ങൾ വിൽക്കുന്നതിൽ നിന്ന് കച്ചവടക്കാരെ വിലക്കുകയും ചെയ്തിരുന്നു. ചൈനയിൽ ഇതേസമയം ശക്തമായി വളർന്നുവരുന്ന കമ്യൂണിസ്റ്റ് പാർട്ടിയും സമാനരീതിയിലുള്ള സമരമുറകൾ നടപ്പിലാക്കുന്നുണ്ട്. ഗാന്ധിയുടെ സമരരീതികൾ അഹിംസാമാർഗം എന്ന് വരുമ്പോഴും അത് പൂർണമായും ഹിംസയോടുള്ള ഭയമോ ഒഴിഞ്ഞുമാറലോ അല്ല, മറിച്ച് ഹിംസ സ്വീകരിച്ച് അതിൽ ഏറ്റവും വലിയ ത്യാഗം നടത്തുക എന്നതായിരുന്നു. ഉപ്പു സത്യാഗ്രഹ വേളയിലും, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടുള്ള പ്രതികരണത്തിലും ഗാന്ധി ഉറച്ചുനിൽക്കുന്നത് ഈ ഹിംസയെ ഒരിക്കലും കൊളോണിയൽ ശക്തികൾക്ക് ലോകമനഃസാക്ഷിക്കു മുൻപിൽ ന്യായീകരിക്കുവാൻ സാധിക്കില്ല എന്ന സത്യത്തെയാണ്. കൊളോണിയൽ ശക്തികളുടെ ഹിംസ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്നുപറയുമ്പോൾ ഹിംസ പ്രയോഗിക്കാനുള്ള അധികാരം ബ്രിട്ടീഷുകാർക്കില്ല എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. പൂർണമായും രാഷ്ട്രീയക്കാരനായാണ് ഗാന്ധി ഇവിടെ പ്രവർത്തിക്കുന്നത്. ഗാന്ധി ശ്രമിച്ചിരുന്നത് അധികാരത്തോടുള്ള നിരന്തരമായ ചർച്ചകളായിരുന്നു, ഹിംസ പ്രവർത്തിക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്ന് വാദിക്കുമ്പോൾ പക്ഷെ ഹിംസയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുമുണ്ട്. അനുയായികൾ സ്വയം ഹിംസയ്ക്കുമുൻപിൽ സമർപ്പിക്കുമ്പോൾ ഒരു തരത്തിൽ കമ്യൂണിസ്റ്റ് രക്തസാക്ഷികൾ നേടുന്ന ആദരവും നേടുന്നുണ്ട്. അതുകൊണ്ട് ഹിംസയെ സ്വീകരിക്കുന്നതാണ് ഗാന്ധിയുടെ അഹിംസ. "സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം' എന്ന മുറവിളി തുടങ്ങിവെക്കുമ്പോൾ ഗാന്ധി ലക്ഷ്യംവെക്കുന്നത് താനുൾപ്പെടെയുള്ള അനുയായികളുടെ മരിക്കാനുള്ള സന്നദ്ധത കൂടിയാണ്.
ലെനിന്റെ അനുയായികളും ഇതേ മനോഭാവം വെച്ചുപുലർത്തിയിരുന്നു. അഹിംസയിലേക്കുള്ള താല്പര്യം രാഷ്ട്രീയത്തെക്കാൾ ധാർമികവും ആധ്യാത്മികവുമായ രീതിയിൽ കൂടിയാണ് ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. അഹിംസയിൽ മൂല്യബോധത്തിന്റെ പൂർണത കാണുന്ന ഗാന്ധി മനുഷ്യശരീരത്തിന്റെ തകർച്ചയിൽ ഖേദം രേഖപ്പെടുത്തുമ്പോഴും ആ തകർച്ചയിൽ അനശ്വരത കാണുന്നുണ്ട്. നിരാഹാര സമരം അത്തരമൊരു സമരരീതിയാണ്. ഐറിഷ് രാജ്യസ്‌നേഹികളാൽ (കമ്യൂണിസ്റ്റുകളാലും) 1920-ൽ ആരംഭിച്ച സമരരീതി ഗാന്ധി വിമർശിച്ചിരുന്നതായും കാണാം. സമരമുന്നണിയിലെ മുഖ്യനേതാവ് ആഹാരം കഴിക്കാതെ സ്വന്തം ആരോഗ്യം ഒരു മൂല്യത്തിനുവേണ്ടി ത്യജിക്കുന്ന ഈ സമരരീതി പൂർണമായും അഹിംസയാണോ എന്നത് തർക്കവിഷയമാണ്. ലെനിന്റെയും ഗാന്ധിയുടെയും പാർട്ടിരാഷ്ട്രീയവും താരതമ്യം അർഹിക്കുന്നു. മരണവും ത്യാഗസന്നദ്ധതയും ഒരുപോലെ വേണ്ടിവരുന്ന പാർട്ടിയിൽ ജനാധിപത്യശക്തിയുടെ കേന്ദ്രീകരണം നിലനിർത്തിയിരുന്നു. പാർട്ടിക്കുള്ളിൽ തന്നെ നിലനിൽക്കുന്ന ഒരു കേന്ദ്രഗ്രൂപ്പ് തന്നെയാണ് ഈ അധികാരം കൈയ്യാളുന്നത്. ഇതിന് വ്യത്യസ്തമായി ഗാന്ധിയുടെ ‘പാർട്ടി'യിൽ (കോൺഗ്രസ് മുതൽ ഗാന്ധിയോട് അനുഭാവം പുലർത്തിയിരുന്ന എല്ലാ ദേശീയപ്രസ്ഥാന പാർട്ടികളും) അധികാരം കേന്ദ്രീകരിക്കപ്പെട്ടിരുന്നത് മതപരമായ ആശയങ്ങളുടെയും അവ സങ്കോചമില്ലാതെ പാലിച്ചുപോകുന്ന നേതാവിലുമായിരുന്നു. ഗാന്ധി തന്റെ അനുയായികൾക്കിടയിൽ അഹിംസയും (ബുദ്ധ, ജൈന ആശയങ്ങൾ മുതൽ ക്രിസ്ത്യൻ ആശയങ്ങൾ വരെ), ധർമബോധവും മുൻനിർത്തി ദൈവികമായ ഒരു സ്ഥാനം നേടിയെടുക്കുന്നുണ്ട്. ഇങ്ങനെ നേടിയെടുക്കുന്ന അധികാരം ഗാന്ധിയെ ധാർമികമായ ഏകാധിപത്യം പാർട്ടിയിൽ നടപ്പിലാക്കുവാൻ സഹായിക്കുന്നു എന്ന് രാഷ്ട്രീയചിന്തകർ കണ്ടെത്തുന്നുണ്ട്.
നാഷണൽ കോൺഗ്രസിൽ ഔദ്യോഗിക അംഗമല്ലാതിരിക്കുമ്പോഴും ഗാന്ധി തന്റെ ധാർമികമായ ഏകാധിപത്യം തന്റെ സമരരീതികളിലൂടെ നിലനിർത്തി പോരുന്നുണ്ട്. ലെനിന്റെ പാർട്ടിയും പ്രവർത്തിയിൽ പള്ളിയെ കൂട്ടിപ്പിടിച്ചാണ് ജനങ്ങൾക്കിടയിലെ വിപ്ലവചിന്തകൾ ഉണർത്തിവിടുന്നത് (ദി ബോൾഷെവിക് റിലീജിയൻ, ജോസഫ് സ്‌കോവെർഫെ) വളരെ വേഗം വിപ്ലവപദ്ധതി രൂപംകൊടുക്കുന്നതിൽ ഗാന്ധിയും ലെനിനും തെരെഞ്ഞെടുത്ത പാതകൾ വേർതിരിയുന്നതായി കാണാമെങ്കിലും അവ തമ്മിലുള്ള സാമ്യതകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഈ സാമ്യതകൾക്ക് ഏറ്റവും നല്ല ഉദാഹരണമായി മാറുന്നത് ഗാന്ധിക്കുശേഷം അദ്ദേഹത്തിന്റെ ശിഷ്യനായി ജീവിച്ച നെഹ്റുവിൽ കാണുവാൻ കഴിയുന്ന ലെനിന്റെയും കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികളുടെയും സ്വാധീനമാണ്.
കറുപ്പ് - വെള്ള എന്ന രീതിയിൽ തരംതിരിക്കാവുന്ന തരത്തിൽ ഹിംസയും അഹിംസയും തമ്മിൽ നടക്കുന്ന കൊടുക്കൽ വാങ്ങലുകൾ. ഇതിൽ പ്രധാനമായും കടന്നുവരുന്നത് ഗാന്ധിയും ലെനിനും, ജനങ്ങളാണ് (പതിനായിരങ്ങളല്ല, ലക്ഷങ്ങൾ) ചരിത്രം നിർണയിക്കുന്നത് എന്ന തിരിച്ചറിവ് നേടിയ നേതാക്കന്മാരായിരുന്നു എന്നതാണ്. ഹിംസയും അഹിംസയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധവും ഇവിടെ കാണാം (ഒന്ന്, ഹിംസയെ ശത്രുവിനുനേരെ ഉപയോഗിക്കുമ്പോൾ; മറ്റൊന്ന് അതേ ഹിംസാവാസനയെ സ്വീകരിക്കുന്നു, ശത്രുവിനെ ധാർമികമായി ഇല്ലാതാക്കുന്നു).
ഭരണകൂടത്തിനുനേരെ പ്രയോഗിക്കുവാൻ സാധ്യതയുള്ള അഹിംസയെ സ്വയം സ്വീകരിച്ച് മരണം വരിച്ച ധാരാളം കർഷകർ, അതുകൊണ്ടുതന്നെ ശത്രുവിനെ ധാർമികമായി ഉലച്ചു. ഈ ഉലയ്ക്കൽ തന്നെയാണ് ഗാന്ധിയും ലെനിനും ഒരുപോലെ ആഗ്രഹിച്ചിരുന്നത്
അടുത്തിടെ നടന്ന കാർഷിക സമരത്തിന്റെ വിജയത്തിലും ഈ ബന്ധം സുവ്യക്തമായി കാണാം. ആധുനികസമൂഹത്തിൽ സമരങ്ങൾ പ്രവർത്തിക്കുന്നത് ഹിംസയും അഹിംസയും ഇടകലർന്നു തന്നെയാണ്. ഭരണകൂടത്തിനുനേരെ പ്രയോഗിക്കുവാൻ സാധ്യതയുള്ള അഹിംസയെ സ്വയം സ്വീകരിച്ച് മരണം വരിച്ച ധാരാളം കർഷകർ, അതുകൊണ്ടുതന്നെ ശത്രുവിനെ ധാർമികമായി ഉലച്ചു. ഈ ഉലയ്ക്കൽ തന്നെയാണ് ഗാന്ധിയും ലെനിനും ഒരുപോലെ ആഗ്രഹിച്ചിരുന്നത് (ഒരാൾ ആത്മീയമായി ശത്രുവിനെ ഉലയ്ക്കുമ്പോൾ മറ്റൊരാൾ ഭൗതികമായി ശത്രുവിനെ ഉലയ്ക്കുന്നു).
ആഗോളതലത്തിൽ ഹിംസയുടെ സാന്നിധ്യം കുറയുകയാണോ കൂടുകയാണോ എന്ന ചർച്ചകളിൽ പല ചിന്തകരും പല നിലപാടുകളാണ് എടുക്കുന്നത്. ലോകചരിത്രമൊന്നാകെ എടുത്താൽ ഹിംസയുടെ പ്രയോഗം കുറയുന്നു എന്ന് കണക്കുകൾ സഹിതം അവതരിപ്പിച്ച സ്റ്റീവൻ പിൻകെറുടെ ദി ബെറ്റർ ഏഞ്ചൽസ് ഓഫ് ഔർ നേച്ചർ എന്ന കൃതി ഇതിൽ പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും തുടർന്നുള്ള ഇന്നത്തെ കാലം വരേയ്ക്കും, മനുഷ്യന്റെ അക്രമവാസനയിൽ അനുഭവപ്പെടുന്ന കുറവിനെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഡേറ്റയുടെ ലഭ്യതയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മാറ്റിനിർത്തിയാൽ അക്രമവാസനയുടെ തകർച്ചയിൽ പ്രധാന കാരണമായി പിങ്കർ പറയുന്ന അഞ്ച് ചരിത്രപരമായ കാരണങ്ങളുണ്ട്.
1. ജനാധിപത്യാധികാരം കേന്ദ്രീകരിക്കപ്പെടുന്ന ഭരണകൂടത്തിന്റെ സാന്നിധ്യം.
2. വാണിജ്യമേഖലയിലെ വളർച്ച.
3. ഭരണതലങ്ങളിലെ ഉയർന്നുവരുന്ന സ്ത്രീസാന്നിധ്യം അഥവാ സ്ത്രീവൽകരണം.
4. മതങ്ങൾക്കും സംസ്‌കാരത്തിനും മുകളിൽ യുക്തിയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയുടെ സ്വാധീനം.
5. വാർത്തവിനിമയ മാധ്യമങ്ങളുടെ വളർച്ച.
പൂർണമായും യൂറോപ്യൻ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ എത്തിയിട്ടുള്ള കണ്ടെത്തലുകൾ ഇന്ത്യൻ പശ്ചാത്തലത്തിലോ, മൂന്നാം ലോകരാജ്യങ്ങൾക്കിടയിലോ കൃത്യമാണോ എന്നതും സംശയമാണ്. അക്രമം എന്നത് ധാരാളം മനുഷ്യരുടെ മരണമാണോ അതോ ജനങ്ങൾ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ഹിംസകൾ അതിൽ ഉൾച്ചേരുന്നുണ്ടോ? ഇന്ത്യയുടെ കാര്യത്തിൽ ഹിംസയുടെ കണക്കെടുപ്പ് നടക്കുന്നില്ല എന്നത് യാഥാർഥ്യമാണ്, ജാതിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന ഹിംസ മുതൽ കാർഷിക ബില്ലിന്റെ പിൻവലിക്കലിന് വേഗം കൂട്ടിയ കർഷകമരണങ്ങളെ കുറിച്ചുള്ള കണക്കുകളും ഭരണകൂടത്തിന് ലഭ്യമല്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണകൂടത്തിന്റെ അലംഭാവത്താൽ നടന്ന ഹിംസയിൽ തുടങ്ങി ഇന്ന് ഹിന്ദുത്വശക്തികൾ പ്രയോഗിക്കുന്ന ഹിംസയുടെ കണക്കുകൾ ലഭ്യമാണ്.
ഭരണകൂടത്തിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും കുത്തകാവകാശമായ ഹിംസയുടെ കണക്കുകൾ ലഭ്യമാകുമ്പോൾ സമരങ്ങളിൽ അഹിംസാവാദികൾ അനുഭവിച്ച ഹിംസയ്ക്ക് കണക്കുകളില്ല എന്നത് ശ്രദ്ധേയമാണ്. കോവിഡിന് മുൻപേ ഉയർന്നു തുടങ്ങിയിരുന്ന ഇന്ത്യൻ ജനതയുടെ ദാരിദ്ര്യം ഇന്ന് ഇന്ത്യൻ ചരിത്രത്തിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ ഉയർന്നുനിൽക്കുമ്പോൾ (പോവെർട്ടി ഇൻ ഇന്ത്യ ഈസ് ഓൺ ദി റൈസ് എഗൈൻ, സന്തോഷ് മെഹ്റോത്ര) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഏറ്റവും വലിയ അസമത്വരാജ്യമായും മാറുന്നു. അങ്ങനെ വരുമ്പോൾ തുടക്കത്തിൽ പറഞ്ഞ മാർക്‌സിസത്തിലെ ഹിംസയെ കുറിച്ചുള്ള ദർശനവും ലെനിന്റെയും ഗാന്ധിയുടെയും പ്രായോഗികതയും കൂടിക്കലരുന്ന സമരരീതികളിലേക്കാകും ചരിത്രം നമ്മെ എത്തിക്കുക. ▮
Reference:
The Better Angels of our Nature : Why violence has declined , Steven Pinker. Non- violence, A history beyond the myth, Domenico Losurdo.Lenin and Gandhi, N. Ganguli. Marx and Engels Complete works.
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.