കലാപം തീര്‍ത്ത മുറിവുകള്‍ക്കിടയില്‍ ജൂണ്‍ 15- ന് മണിപ്പൂര്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം; സര്‍ക്കാര്‍ മേഖലയില്‍- 66.96, എയിഡഡ് മേഖലയില്‍- 81.69, സ്വകാര്യ വിദ്യാലയങ്ങളില്‍- 87.39. മെയ്തി, കുകി, നാഗ, മിസോ, മെയ്തി പങല്‍ (മുസ്ലിം) മാര്‍വാഡി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍പഠിക്കുന്നവയാണ് ഈ വിദ്യാലയങ്ങള്‍. ഇനി എന്നായിരിക്കും അവര്‍ക്ക് ക്ലാസ് മുറികളിൽ ഒന്നിച്ചിരിക്കാന്‍ കഴിയുക എന്നു നിശ്ചയമില്ല.
പ്രധാനപ്പെട്ട വിദ്യാലയങ്ങളെല്ലാം മെയ്തികൾക്ക് ഭൂരിപക്ഷവും പ്രാമുഖ്യവുമുള്ള ഇംഫാല്‍ താഴ് വരയിലാണ്. കുകി വിഭാഗത്തിന് ഇനി താഴ് വരയിലേക്കിറങ്ങാന്‍ പറ്റാത്തവിധം വിഭാഗീതയ്ക്കുള്ള ശ്രമം പൂര്‍ണമായിട്ടുണ്ട്. സംസ്ഥാന സര്‍വ്വീസില്‍ ഗോത്ര വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണ്. സര്‍വ്വീസില്‍ ചുരുക്കം ചിലര്‍ക്ക് അവസരം ലഭിച്ചു. അവര്‍ക്കും ഭരണ ആസ്ഥാനത്തും താഴ്വരയിലെ ഇതര മേഖലകളിലും ജോലിക്കെത്തുക വെല്ലുവിളിയാവും. കുകി ഗോത്ര വിഭാഗങ്ങള്‍ക്ക് സ്വതന്ത്രാധികാരമുള്ള ഹില്‍ ഡിസ്ട്രിക്റ്റുകളില്‍ തിരിച്ചും ഇതേ സാഹചര്യം നേരിടും. മെയ്തികളും കുകികളും ഭൂമിശാസ്ത്രപരമായി രണ്ടു മേഖലകളിലേക്ക് മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും മെഡിക്കല്‍കോളേജുകളും ഭൂരിപക്ഷവും താഴ്വരയിലാണ്.
വേഗം ഉണങ്ങാവുന്ന മുറിവല്ല കലാപം സൃഷ്ടിച്ചവര്‍ സാമൂഹിക ജീവിതത്തിലും ഉണ്ടാക്കിയെടുത്തിട്ടുള്ളത്. കുകികള്‍ക്ക് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശത്തെ വ്യാപാരകേന്ദ്രമായ മൊറേയിലും ചുരാചന്ദ്പൂരിലുമായി പര്‍വ്വത പ്രദേശങ്ങളിലുണ്ടായിരുന്ന മെയ്തികള്‍ താഴ് വരയിലേക്ക് തുരത്തിയോടിക്കപ്പെട്ടു. ഇവരെല്ലാവരും കുടുംബവും കുട്ടികളുമായി ജീവിതായോധനത്തിന്റെ ഭാഗമായി കാലങ്ങളായി അവിടവിടെ വേരുറപ്പിച്ചവരാണ്. പരസ്പരം സഹകരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നവരാണ്. ഇംഫാല്‍ നഗരത്തിലെ പ്രധാന വ്യാപാരസ്ഥാപനങ്ങളില്‍ പലതിലും കുകികള്‍ക്ക് മേല്‍ക്കൈയുണ്ടായിരുന്നു. അവര്‍ നഗരത്തില്‍ നിക്ഷേപം നടത്തിയിരുന്നു. അവയെല്ലാം വെണ്ണീറായി.

മ്യാന്‍മാര്‍ അതിര്‍ത്തി ഗേറ്റിനോടുചേര്‍ന്ന പ്രധാന വ്യാപാരകേന്ദ്രമാണ് മൊറെ. മെയ്തികള്‍ക്ക് ഇവിടെ മുന്‍തൂക്കം കൈവന്നിരുന്നു. അവിടെ ഓരോരുത്തര്‍ക്കും മക്കളെ കുറിച്ചും അവര്‍ സാധ്യമാക്കാവുന്ന ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. അവയെല്ലാം നാടുകടത്തപ്പെട്ടു. ഇംഫാല്‍ താഴ് വരയില്‍ ഇപ്പോള്‍ കുകികള്‍ ഇല്ല, ഹില്‍ ഡിസ്ട്രിക്റ്റുകളില്‍ മെയ്തികളും. സമാധാനത്തിലേക്കും വികസനത്തിലേക്കും മെല്ലെ ചുവടുവെക്കാന്‍ തുടങ്ങിയതായിരുന്നു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇത് അകത്തു നിന്നു തന്നെ തകര്‍ക്കപ്പെട്ടു. എല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടിവന്നവരുടെ ആശ്രയവും ഉടയവരുമായിരുന്ന 200- ലധികം പേര്‍ കലാപത്തില്‍ മരിച്ചു. വടക്കു കിഴക്കിലെ സപ്തസഹോദര സംസ്ഥാനങ്ങളിലെ മുത്ത് എന്ന് ജവാഹര്‍ ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച മണിപ്പൂര്‍ ഇന്നൊരു തീക്കനലാണ്.
ഈ കലാപം ആരുടെ ലക്ഷ്യമായിരുന്നു, എന്തിന് വേണ്ടിയായിരുന്നു എന്നത് വടക്കു കിഴക്കിലെ ഗോത്രവര്‍ഗ്ഗ പ്രശ്‌നങ്ങൾക്കൊപ്പം, സങ്കീര്‍ണമാണ്.
രണ്ടു ദിവസത്തിനകം പരിഹരിക്കാമായിരുന്ന പ്രശ്‌നം രണ്ടു മാസമായിട്ടും, കൊള്ളയും കൊലയുമായി തുടരുകയാണ്. വേണ്ട; ഒരാഴ്ച എടുത്തിരുന്നു എങ്കില്‍ പോലും, പരിഹരിക്കാമായിരുന്ന പ്രശ്‌നമായിരുന്നില്ലേ എന്ന് സംസ്ഥാനത്തെ പ്രതിപക്ഷം രാജ്യത്തോട് ചോദിച്ചു. കലാപം കത്തിപ്പടരുന്നതിനിടെ വൈകിയാണെങ്കിലും രാജ്യത്തെ ആഭ്യന്തര മന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം തലസ്ഥാനത്ത് തങ്ങിയ ദിവസങ്ങളിലും നഗരം കത്തുകയായിരുന്നു. തലേദിവസവും തീയിടലും കൊള്ളയും തുടര്‍ന്നു. ഇപ്പോള്‍ നാഗ കുടുംബങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഇംഫാല്‍ നഗരത്തിലെ നാഗാ കുടുംബത്തിനുനേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. കലാപം വീണ്ടും ഗോത്രങ്ങളിലേക്ക് പകരുന്നതിലെ ആശങ്ക പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് വെളിപ്പെടുത്തിയിരുന്നു. അതുമായാണവര്‍ പ്രധാനമന്ത്രിയെ കാണാന്‍ പത്തു ദിവസം കാത്തിരുന്നത്. പക്ഷെ അവര്‍ക്ക് വാർത്താസമ്മേളനം നടത്തി മടങ്ങേണ്ടിവന്നു. പ്രതിപക്ഷത്തിന് അവരുടെതായ ലക്ഷ്യങ്ങള്‍ ഉണ്ടാവാം. പക്ഷെ, മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം അതിനിടയിലുണ്ട്.
കലാപം ലക്ഷ്യം വെച്ചവര്‍
ഈ കലാപം ആരുടെ ലക്ഷ്യമായിരുന്നു, എന്തിന് വേണ്ടിയായിരുന്നു എന്നത് വടക്കു കിഴക്കിലെ ഗോത്രവര്‍ഗ്ഗ പ്രശ്‌നങ്ങൾക്കൊപ്പം, സങ്കീര്‍ണമാണ്. ഏതൊരു മനുഷ്യരും തമ്മിലടിക്കുന്നത് അധികാരമായി തീരുമെന്ന പിന്നിപ്പഴകിയ രാജതന്ത്രം മണിപ്പൂരിലെ ജനജീവിതത്തിന് തീ കൊളുത്തുകയായിരുന്നു. തങ്ങളുടെ ആശയങ്ങള്‍ ഉദാത്തമെന്നും അവ എല്ലായിടത്തും പുലരണമെന്നും ചിലര്‍ സങ്കല്‍പ്പിക്കുമ്പോള്‍, മണിപ്പൂരിലെ പോലെ ജനങ്ങളുടെ ജീവിതം അതിന് തലമുറകളുടെ നഷ്ടത്തിലൂടെ വില കൊടുക്കേണ്ടി വരുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും അധികാരം നിര്‍മ്മിച്ചെടുത്ത വിഭജനതന്ത്രം ഇവിടെയും പ്രയോഗിച്ചത്, പക്ഷെ പിഴച്ചുപോയി.

മതവര്‍ഗ്ഗീയത പോലെയല്ല ഗോത്ര വംശ ബോധവും വീര്യവും പ്രവര്‍ത്തിക്കുന്നത്. ഇത് തിരിച്ചറിയാതെയുള്ള പ്രകോപനമായിരുന്നു. തീ കൊളുത്തട്ടെ എന്ന് കാത്തിരുന്നവര്‍ക്കുനേരെയും അത് ആളിപ്പടര്‍ന്നു. ഓരോ ആക്രമണസംഭവങ്ങള്‍ക്കിടയിലും വര്‍ഗ്ഗീയതയും മതവിദ്വേഷവും ചാര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. എങ്കിലും കലാപത്തെ മത വര്‍ഗ്ഗീയതയുടെ തലത്തിലേക്ക് പൂർണമായും മാറ്റാനായില്ല. വിഭജനത്തിനുള്ള അവസാന ശ്രമമായി നാഗാ വിഭാഗത്തെ കൂടി കലാപത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമം നടത്തി. ഭൂരിപക്ഷ- ന്യൂനപക്ഷ ഏറ്റുമുട്ടല്‍ അല്ല ഇവിടെ സംഭവച്ചത്.
മണിപ്പൂരില്‍ ഒരു വര്‍ഗ്ഗീയ കലാപം അധികാര തുടര്‍ച്ചയ്ക്ക് ബലം നല്‍കുമെന്നത് അമിത പ്രതീക്ഷയായിത്തീരുകയാണുണ്ടായത്. മെയ്തികള്‍ തന്നെ, കലാപം കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ തിരിയുന്ന സാഹചര്യമായിരുന്നു.
അടുത്തകാലത്ത് പ്രത്യക്ഷത്തിലേക്ക് വന്ന രണ്ടു സംഘടനകളുടെ സാന്നിധ്യം കലാപത്തിലുടനീളം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം പ്രത്യക്ഷത്തിലേക്കുവന്ന രണ്ട് സംഘടനകളാണിവ. സ്റ്റുഡന്‍സ് യൂണിയനുകള്‍ സംഘര്‍ഷത്തിനിടെ ഇവരുടെ ചെയ്തികള്‍ വെളിപ്പെടുത്തി. കലാപത്തെ അകത്തുനിന്ന് മതവര്‍ഗ്ഗീയവല്‍ക്കരിക്കുക എന്നത് വലിയ ലക്ഷ്യമായിരുന്നു. ആരോപണ വിധേയമായ ഒരു സംഘടന വനിതകളുടെ നേതൃത്വത്തിലായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ ചിത്രസഹിതം പുറത്ത് വന്നതോടെ സംഘടന പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. കറുപ്പുവസ്ത്രമണിഞ്ഞ് ആക്രമണകാരികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത് തങ്ങളുടെ പ്രതിനിധികളല്ലെന്നുപറഞ്ഞ് ഒഴിഞ്ഞു. ഇനി സംഘടനയുടെ ചിഹ്നങ്ങള്‍ വസ്ത്രങ്ങളില്‍ ഉപയോഗിക്കരുത് എന്ന് അണികളെ വിലക്കി.

ദുരന്തദിനങ്ങളില്‍ സഹായത്തിനെന്ന പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട ചില സംഘങ്ങളുടെ പ്രവര്‍ത്തനവും വാര്‍ത്തയായി. ഇതിനുപുറമെ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനവും തുറന്നു കാട്ടപ്പെട്ടു. രണ്ട് ഭടന്‍മാരെ സസ്‌പെന്റ് ചെയ്തു. ഇവര്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യം സി സി ടിവിയില്‍ പതിഞ്ഞത് വൈറലായതോടെയായിരുന്നു നടപടി.
ചത്തും കൊന്നും തീരാന്‍ കാത്തിരുന്ന കഴുകന്‍ കണ്ണുകള്‍
മണിപ്പൂരില്‍ ഒരു വര്‍ഗ്ഗീയ കലാപം അധികാര തുടര്‍ച്ചയ്ക്ക് ബലം നല്‍കുമെന്നത് അമിത പ്രതീക്ഷയായിത്തീരുകയാണുണ്ടായത്. മെയ്തികള്‍ തന്നെ, കലാപം കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ തിരിയുന്ന സാഹചര്യമായിരുന്നു. കലാപങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും ചത്തും കൊന്നും തീരട്ടെ എന്ന പതിവ് 'ചാണക്യ സൂത്രം' പ്രയോഗിക്കുകയും ചെയ്യുന്ന അധികാരതന്ത്രം ഇവിടെ കൈവിട്ടുപോയി. ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ മുറിവുണ്ടാക്കുക എളുപ്പമാണ്. വൈകാരികമായി ഉയര്‍ന്നുനില്‍ക്കുന്നതാണ് പ്രകൃതിയോടും ജീവതത്തോടും പൊരുതി മുന്നേറുന്ന അവരുടെ ജീവിതം.
ഉണ്ടാക്കിയെടുത്ത മുറിവ് തലമുറകളോളം ആഴത്തിലുള്ളതാണ്. ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. വളരുന്ന തലമുറയിലേക്ക് അതിലധികം പേരിലേക്ക് ഈ മുറിവിലെ നീറ്റല്‍ ബാധിക്കാനിരിക്കുന്നു. വിദ്യാഭ്യാസമായിരുന്നു കുന്നിലും മലകളിലും കഴിയുന്നവര്‍ക്ക് പുറം ലോകത്തിലേക്കുള്ള വഴി. അവരതിനെ ഉപയോഗപ്പെടുത്തിയിരുന്നു. മിക്കവരും മറ്റു സംസ്ഥാനങ്ങളിലേക്കും പേരുകേട്ട സ്ഥാപനങ്ങളിലേക്കും കുട്ടികളെ പറഞ്ഞയക്കാന്‍ ശേഷിയുള്ളവരല്ല. മലമ്പ്രദേശങ്ങളില്‍ നിന്നും ദിവസങ്ങള്‍ പിന്നിട്ടുവേണം ചിലപ്പോള്‍ വിദ്യാലയങ്ങളില്‍ എത്തിച്ചേരാന്‍. ഇതിന് പരിഹാരമായി നഗരത്തിലെ വീടുകളില്‍ സഹായികളായിനിന്ന് പഠനം തുടരുന്ന കുട്ടികളെ കാണാമായിരുന്നു. അവരുടെയും പ്രതീക്ഷകളും അറുത്തുമാറ്റപ്പെട്ടു. ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരും.

വടക്കു കിഴക്കിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും നിശ്ചിത മതമോ വിശ്വാസപ്രമാണമോ പിന്തുടരുന്നവരായിരുന്നില്ല. അവര്‍ക്ക് അവരുടേതും ജീവിതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതും കണ്ടെത്തിയതുമായ അതിജീവനത്തിന്റേതുമായ നിയമങ്ങളായിരുന്നു. മിഷനറി പ്രവര്‍ത്തകര്‍ അതുവരെയുള്ള ആചാരാനുഷ്ഠാന ചിഹ്നങ്ങള്‍ നിലനിര്‍ത്താന്‍ അവസരം നല്‍കിക്കൊണ്ടാണ് പുതിയ മതം അവര്‍ക്കു നല്‍കുന്നത്. മതത്തിനൊപ്പം, പക്ഷെ അതിനെക്കാള്‍ മൂല്യവത്തായ ഒന്നു കൂടി അവര്‍ക്ക് ലഭിച്ചു-ആധുനിക വിദ്യാഭ്യാസം. ലോകത്തിലേക്കും മാറുന്ന ജീവിതത്തിലേക്കുമുള്ള വാതിലായിരുന്നു അത്. മെയ്തികള്ക്കിടയിലും ഇത് ഗുണപരമായ സ്വാധീനം ചെലുത്തി. പൊതുവെ പുറത്തുപോയി പഠിക്കാനും പഠിച്ചാല്‍ തന്നെയും ജോലി ചെയ്യാനും കുടിയേറാനുമൊക്കെ മടിയുള്ളവരാണ് മെയ്തികള്‍. അവരിലേക്കും വിദ്യാഭ്യാസത്തിനുള്ള പ്രേരണ ഇത് എത്തിച്ചു.
ഇംഫാല്‍ നഗരത്തിലും ഇതര ദേശങ്ങളില്‍ വിദ്യാഭ്യാസവും ബിരുദങ്ങളും നേടിയവര്‍ക്കിടയിലും വ്യത്യസ്തമായ ഒരു ചിന്താധാര ശക്തമാണ്. അവർ അവരെ തിരിച്ചറിയുകയും ലോകത്തിനൊപ്പം മനസിലാക്കുകയും ചെയ്തു തുടങ്ങി.
സ്വാതന്ത്ര്യം സ്വപ്നം കാണുന്ന ഗോത്രങ്ങള്‍
വടക്കു കിഴക്കിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് മിക്കതിനും സ്വതന്ത്രാധികാരദേശങ്ങളെ കുറിച്ച് സ്വപ്നങ്ങളുണ്ട്. നാഗാലിം അഥവാ ഗ്രേറ്റര്‍ നാഗാലാൻറ് എന്നതുപോലെ ഗ്രേറ്റര്‍ കുകി ലാൻറ്, മിസോ ലാൻറ് എന്നിങ്ങനെ സ്വപ്നം പേറുന്ന പോരാളി സംഘങ്ങളുമുണ്ട്. മെയ്തികള്ക്കിടയിലും ഇത്തരം ഗ്രൂപ്പുകള്‍ സജീവമാണ്. ഇന്ത്യ ഒരു അധിനിവേശ ശക്തിയാണ് എന്ന് വാദിക്കുന്നവര്‍ വരെയുണ്ട്. ഇംഫാല്‍ നഗരത്തിലും ഇതര ദേശങ്ങളില്‍ വിദ്യാഭ്യാസവും ബിരുദങ്ങളും നേടിയവര്‍ക്കിടയിലും വ്യത്യസ്തമായ ഒരു ചിന്താധാര ശക്തമാണ്. അവർ അവരെ തിരിച്ചറിയുകയും ലോകത്തിനൊപ്പം മനസിലാക്കുകയും ചെയ്തു തുടങ്ങി. എണ്‍പതുകളില്‍ കത്തിനിന്ന സ്വദേശി തീവ്രവാദത്തിന്റെ സ്വീകാര്യത കുറഞ്ഞു. ജനാധിപത്യ മാര്‍ഗ്ഗത്തിലുള്ള പോരാട്ടങ്ങള്‍ക്ക് സമ്മിതി കൂടുതല്‍ ലഭിച്ചു. വികസനത്തോടും മാറ്റത്തോടുമുള്ള അഭിവാഞ്ഛ വര്‍ധിച്ചു. പുതുതലമുറയില്‍ ഈ മാറ്റം പ്രകടമായിരുന്നു.
സമാന്തരമായി, വിഭാഗീയതയ്ക്കുള്ള ശ്രമം സൂക്ഷ്മമായി നടപ്പാക്കുന്ന ഗ്രൂപ്പുകളും ഉണ്ടായിരുന്നു. മണിപ്പുരികളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും കലര്‍പ്പുകള്‍ക്ക് ശ്രമം തുടരുന്നതായി കാണാം. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കടന്നുകയറ്റം പ്രകടമാണ്. കലാപം തുടങ്ങി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇരയാക്കപ്പെട്ടത് മെയ്തികളാണ്. കുറച്ചുകാലമായി ഇംഫാല്‍, സായുധ ഗ്രൂപ്പുകള്‍ക്കുള്ള നിലമല്ലാതായി മാറിക്കൊണ്ടിരിക്കയായിരുന്നു. മെയ്തി ഇന്‍സര്‍ജന്‍സി ഗ്രൂപ്പുകള്‍ നഗരത്തിന് പുറത്തായിരുന്നു. ക്യാമ്പുകളെല്ലാം വനമേഖലകളിലോ അതിര്‍ത്തികള്‍ക്കപ്പുറത്തോ ആയിരുന്നു. മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ മിലിട്ടൻറ് ഗ്രൂപ്പുകളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിക്കുന്നു. ഇവര്‍ക്കിടയില്‍ വ്യോമാക്രമണങ്ങള്‍ വരെ വാര്‍ത്തയാവാറുണ്ട്.

മണിപ്പൂര്‍ പൊലീസില്‍ ഭൂരിപക്ഷവും മെയ്തികളാണ്. മറ്റു പൊലീസ് സേനകള്‍ ഒന്നു കാണുക പോലും ചെയ്യാത്ത ആയുധങ്ങള്‍ ഇവരുടെ കമാണ്ടോ വിഭാഗത്തിനുണ്ട്. കലാപം കൈവിട്ടതോടെ ഈ ആയുധപ്പുരകള്‍ കൊള്ളയടിക്കപ്പെട്ടു. തുറന്നു കൊടുക്കുകയായിരുന്നു എന്നും വാര്‍ത്തകളുണ്ട്. ഇത് മണിപ്പൂരിലെ സാഹചര്യം പഠിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യമാണ്. ആദ്യം ചെറുത്തുനില്‍പ്പിനും പിന്നീട് മുന്നേറ്റത്തിനും ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ട്രക്കുകളിലും വാനുകളിലും വമ്പന്‍ ആയുധങ്ങളുമായി എത്തിയായിരുന്നു ആക്രമണം. ഇതര സെറ്റില്‍മെന്റുകള്‍ തകര്‍ത്തതും മനുഷ്യരെ തുരത്തിയതും സായുധ സംഘങ്ങളായാണ്. കലാപം സൃഷ്ടിക്കപ്പെട്ട മറ്റ് സംസ്ഥാനങ്ങളില്‍ എന്നതുപോലെ പൊലീസിന് ഇറങ്ങാനും ആക്ഷന്‍ എടുക്കാനും എവിടെയോ ‘കെട്ട്’ ഉണ്ടായിരുന്നു. കൊന്നുതീര്‍ക്കട്ടെ എന്ന ‘നീതിശാസ്ത്ര’ത്തില്‍ കുരുങ്ങി.
ഒരു നിരത്തിനപ്പുറവും ഇപ്പുറവും വ്യത്യസ്ത ഗോത്രങ്ങള്‍ താമസിക്കുന്ന ഇടങ്ങളുണ്ട്. വിവിധ ഗോത്ര വര്‍ഗ്ഗങ്ങളും മെയ്തികളും പങലും എല്ലാം അടുത്തടുത്ത ലെയ്ക്കായികളിലായി താമസിക്കുന്നു. ഓരോ ആവശ്യങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടുന്ന സ്ഥലങ്ങളാണ്.
മണിപ്പൂരില്‍ ഇല്ലാത്ത സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സ് വിഭാഗങ്ങളില്ല. ഏഴ് സേനാ വിഭാഗങ്ങളുടെ സാന്നിധ്യമുള്ള സംസ്ഥാനമാണ്. അവരും പിന്‍വാങ്ങിനിന്നു. ചത്തും കൊന്നും തീരുക എന്നായി. നഗരത്തില്‍ തന്നെ ആര്‍മി ക്യാമ്പുണ്ട്. പാരാമിലിട്ടറി സേനകളില്‍ മണിപ്പൂരില്‍ കൂടുതല്‍ സാന്നിധ്യമുള്ളത് ആസാം റൈഫിള്‍സിനാണ്. അവരുടെ ഭടന്‍മാരില്‍ കുകികള്‍ കൂടുതലുള്ളതും നിയന്ത്രണ സംവിധാനത്തെ ബാധിച്ചതായി ആരോപണം ഉന്നയിക്കപ്പെട്ടു.
കുകി ഗോത്രവർഗ പോരാളികളുടെ ഓപ്പറേഷന്‍ സസ്‌പെൻറ് ചെയ്ത സായുധ ക്യാമ്പുകള്‍ ഇംഫാല്‍ താഴ്വരയുടെ അതിര്‍ത്തികളിലുണ്ടായിരുന്നു. സംസ്ഥാനവും സായുധസംഘങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുളള ത്രികക്ഷി ചര്‍ച്ചകളിലാണ് ഓപ്പറേഷന്‍ സസ്‌പെന്റഡ് ക്യാമ്പുകള്‍ സ്ഥാപിക്കുന്നത്. ഈ ഓരോ ക്യാമ്പിലും ആയുധപ്പുരകളുണ്ടായിരുന്നു. ധാരണപ്രകാരം ഇരു വിഭാഗവും ഇരട്ട പൂട്ടിട്ട് ബന്ധിച്ചാണ് ഇവ സംരക്ഷിക്കുന്നത്. ഒരു പൊതു നിരീക്ഷണ സമിതിയുമുണ്ട്. ക്യാമ്പിനകത്ത് അവര്‍ക്ക് പരിശീലനവും പഠനവും പ്രസംഗവും എല്ലാം നടത്താം. കീഴടങ്ങിയ ഓരോ ഭടന്‍മാര്‍ക്കും 5000 രൂപ വീതം വേതനവും നല്‍കിവരുന്നുണ്ട്. കലാപം തുടങ്ങിയതോടെ ഇവയെല്ലാം അട്ടിമറിക്കപ്പെട്ടു. കലാപം രൂക്ഷമായതോടെ ക്യാമ്പുകള്‍ കുന്നുകളിലേക്കും മലകളിലേക്കും വനമേഖലകളിലേക്കും തൂത്തുമാറ്റപ്പെട്ടു. ഗ്രാമങ്ങളുടെ കവാടങ്ങളില്‍ ബങ്കറുകള്‍ നിര്‍മ്മിക്കപ്പെട്ടു.
പരസ്പരം കാവല്‍ നിന്നവരെയും
തമ്മില്‍ കൊല്ലിച്ചു
സുഗുണ വില്ലേജില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പാണ് കലാപത്തീ എത്തിയത്. ഇംഫാലിന് പുറത്ത് കക്ചിങ് ജില്ലയിലെ ലെയ്ക്കായിയാണ് സുഗുണ. ഗ്രാമങ്ങള്‍ക്ക് മണിപ്പൂരിയില്‍ ലെയ്ക്കായി എന്നാണ് പറയുന്നത്. അവിടെ കുകികളും മെയ്തികളും ഉണ്ടായിരുന്നു. മറ്റിടങ്ങളില്‍ കലാപം പടര്‍ന്നതോടെ ഗ്രാമീണര്‍ ഇടപെട്ട് പരസ്പര വിശ്വാസം ഉറപ്പിച്ചു. ആക്രമിക്കില്ലെന്ന് കരാറുണ്ടാക്കി. പക്ഷെ പുലര്‍ച്ചെ രണ്ട് മണിയോടെ ഒരു സംഘം എത്തി വെടിവെപ്പ് തുടങ്ങി. ഇതോടെ സംഘര്‍ഷമായി, കലാപം പടര്‍ന്നു. നാലു പേര്‍ കൊല്ലപ്പെട്ടു. ഇരു വിഭാഗങ്ങളും കയ്യില്‍ കിട്ടിയതുമായി ഗ്രാമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മണിപ്പൂരില്‍ ലെയ്ക്കായി എന്നാല്‍ കുടുംബം പോലെയുളള സങ്കല്പമാണ്. അതിനകത്ത് നിന്ന് വിവാഹം പോലും കഴിക്കില്ല എന്നറിയണം.

വിദഗ്ദ്ധ പരിശീലനം ലഭിച്ച സ്‌നൈപ്പേഴ്‌സ് ആണ് സുഗുണയില്‍ വെടിയുതിര്‍ത്തത് എന്നാണ് സംശയിക്കുന്നത്. ആക്രമണത്തിലും പ്രത്യാക്രമണത്തിലുമായി ഇവിടെ നൂറു വീടുകളെങ്കിലും തകര്‍ക്കപ്പെട്ടതായി ഇംഫാല്‍ ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കലാപത്തിനില്ലെന്ന് ഗ്രാമത്തിലും പരിസരത്തെ മലമടക്കുകളിലും താമസിക്കുന്നവര്‍ ഒന്നിച്ച് തീരുമാനിച്ചിട്ടും അവരെ കലാപത്തീ വിഴുങ്ങി. ഗ്രാമങ്ങളിലെ മാത്രമല്ല, നഗരങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും ഇതായിരുന്നു സ്ഥിതി.
മെയ്തി തീവ്രവാദ ഗ്രൂപ്പുകള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരാണ്. ഹിന്ദി സിനിമകള്‍ക്കെതിരായ കടുത്ത എതിര്‍പ്പ് നിലനിര്‍ത്തുന്നു. ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു എന്നതിനാല്‍, ഇംഫാലിലെ തിയറ്ററുകളെല്ലാം പൂട്ടേണ്ടിവന്നു.
ഒരു നിരത്തിനപ്പുറവും ഇപ്പുറവും വ്യത്യസ്ത ഗോത്രങ്ങള്‍ താമസിക്കുന്ന ഇടങ്ങളുണ്ട്. വിവിധ ഗോത്ര വര്‍ഗ്ഗങ്ങളും മെയ്തികളും പങലും എല്ലാം അടുത്തടുത്ത ലെയ്ക്കായികളിലായി താമസിക്കുന്നു. ഓരോ ആവശ്യങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടുന്ന സ്ഥലങ്ങളാണ്. പ്രത്യേക അതിരുകളില്ല. ഒന്നിച്ച് ഇടപഴകുകയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും സ്റ്റുഡന്‍സ് യൂണിയനുകള്‍ എന്ന യുവ സംഘടനകള്‍ രൂപീകരിക്കയും ചെയ്യുന്നു. ഗോത്ര വര്‍ഗ്ഗങ്ങള്‍ നഗരത്തിലേക്ക് തൊഴിലും ജീവിതമാര്‍ഗ്ഗങ്ങളും തേടി എത്തിയവരാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ഗുജറാത്തികളും ബിഹാറികളും ഇതര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. മാര്‍വാഡി- തമിഴ് അസോസിയേഷനുകളുണ്ട്. ഉത്തേന്ത്യയില്‍ നിന്നുള്ള വമ്പന്‍ വ്യാപാരികളുണ്ട്. അവരുടെതായ തെരുവുകളും ഭക്ഷണക്കടകളും വരെയുണ്ട്.
വിരോധം ഹിന്ദിയോട്
പൊതുവായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോടാണ് മെയ്തികള്‍ക്ക് അകല്‍ച്ചയുണ്ടായിരുന്നത്. മണിപ്പുരികളുടെ തനത് സംസ്‌കൃതിയെ അവമതിക്കുകയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന വികാരമുണ്ട്. മെയ്തി തീവ്രവാദ ഗ്രൂപ്പുകള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരാണ്. ഹിന്ദി സിനിമകള്‍ക്കെതിരായ കടുത്ത എതിര്‍പ്പ് നിലനിര്‍ത്തുന്നു. ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിച്ചു എന്നതിനാല്‍, ഇംഫാലിലെ തിയറ്ററുകളെല്ലാം പൂട്ടേണ്ടിവന്നു. അണ്ടര്‍ ഗ്രൗണ്ട് ഗ്രൂപ്പുകളുടെ നിരീക്ഷണത്തിലാണ് ഇവയെല്ലാം. ഒരുവേള സര്‍ക്കാരിനെക്കാള്‍ മികച്ച നിരീക്ഷണസംവിധാനങ്ങള്‍ ഇവക്കുണ്ട്.

ഇതര ദേശങ്ങളില്‍ നിന്ന് വരുന്നവരെ മയാങ്ങ് എന്നാണ് വിശേഷിപ്പിക്കുന്നത്. വരത്തര്‍ അഥവാ പരദേശി എന്നാണ് ഈ പദത്തിനര്‍ത്ഥം. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇതര ദരിദ്ര സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി എത്തുന്നവര്‍ മണിപ്പൂരില്‍ സ്ഥിരതാമസമാക്കുന്നു എന്നത് വലിയ ആശങ്കയാണ്. ഗോത്രശുദ്ധിയും ആചാര വിശ്വസങ്ങളും കലര്‍പ്പുള്ളതായി തീരും എന്നതാണ് ആശങ്ക. ഇംഫാലിലേക്ക് ഇതുവരെയും റെയില്‍ എത്തിയിട്ടില്ല. ട്രാന്‍സ് ഏഷ്യന്‍ ഹൈവേയും റെയില്‍വേ ശൃംഖലയും വിഭാവനം ചെയ്തിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ചൈന എളുപ്പം മ്യാന്‍മാര്‍ വഴി ബംഗാള്‍ ഉള്‍ക്കടല്‍ വരെ എത്താവുന്ന പാത തയാറാക്കി വെച്ചിട്ടുണ്ട്. ആസാം അതിര്‍ത്തി കടന്ന് ജിരിബാം വരെയാണ് ഇതുവരെ റെയില്‍വെ ലൈന്‍സാധ്യമായത്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍നാഗലാന്റിലെ ധിമാപൂര്‍ ആണ്. ഇത് 215 കിലോ മീറ്റര്‍ അകലത്തിലാണ്. ജിരിബാം വരെ എത്തിയ ലൈന്‍ തുറന്നതോടെ, വലിയ എതിര്‍പ്പുകളായിരുന്നു. പ്രാദേശിക പത്രങ്ങളില്‍, തങ്ങളുടെ ഭൂമിയും സംസ്‌കൃതിയും കലര്‍പ്പുള്ളതായി മാറാന്‍ പോകുന്നു എന്ന ആശങ്ക പങ്കുവെയ്ക്കപ്പെട്ടു. മെയ്തി സംഘടനകള്‍ അധികവും ഇതിനെ സംശയത്തോടെയാണ് കണ്ടത്. വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റോഡ്- റെയില്‍ സൗകര്യം എന്ന സങ്കല്‍പം അവിടെ മുടന്തിനിന്നു.
ഇങ്ങനെയെല്ലാമാണെങ്കിലും മെയ്തികളും നാഗ, കുകി ഗോത്രവര്‍ഗ്ഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറവായിരുന്നു. ഏറ്റവും വലിയ സംഘര്‍ഷം മുന്‍പ് ഉണ്ടായത് 1993-ൽ നാഗ- കുകി വിഭാഗങ്ങള്‍ തമ്മിലാണ്. രക്തരൂക്ഷിതമായ നാളുകളില്‍ ഔദ്യോഗികകണക്ക് പ്രകാരം തന്നെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം തമ്മില്‍ സമാധാനം പുലര്‍ന്നു. മെയ്തി പങല്‍ (മുസ്ലിം) വിഭാഗങ്ങള്‍ തമ്മിലും ഇംഫാലില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇവയെല്ലാം പക്ഷെ സമീപകാലത്ത് ഒതുങ്ങിത്തീര്‍ന്നു.

മണിപ്പൂരിന്, അവിടത്തെ ജനങ്ങള്‍ക്ക്, ഇതര ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവിതത്തില്‍ മുന്നേറാന്‍ ഒത്തിരി ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. മണിപ്പൂരിലെ ഗ്രാമങ്ങളില്‍ ചെന്നാല്‍ 30 വര്‍ഷം മുൻപെങ്കിലും കണ്ടുമറന്ന ജീവിതചിത്രങ്ങൾ കാണാം. വികസന കാര്യത്തില്‍ ഇപ്പോഴും അത്രയും വിടവുണ്ട്. ടിവിയും ഇന്റര്‍നെറ്റും പോലുളള സംവിധാനങ്ങള്‍ വന്നതോടെ അവരും പുതുജീവിതം കണ്ട് കുതിപ്പിനൊരുങ്ങി. പക്ഷെ ഗോത്ര സങ്കീര്‍ണ്ണതകള്‍ ബാക്കിയായി. അതില്‍ തീ കൊളുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ പിന്നെയും പിന്നിലേക്ക് തള്ളിയിടുകയാണ്. അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അധികാരവും അധിനിവേശവും ലക്ഷ്യം വെച്ച് മുന്നേറുകയാണ്.
‘സനമാഹിസം’ എന്ന പേരിലാണ് മെയ്തി മതം അറിയപ്പെടുന്നത്. പുനരുത്ഥാന ശ്രമങ്ങള്‍ സജീവമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ശ്രമങ്ങള്‍ സമാന്തരമായി നടക്കുന്നുമുണ്ട്.
വലിയ ഭൂമി, ചെറിയ മനുഷ്യര്‍
ഭൂമിശാസ്ത്രപരമായി വിസ്തൃതിയില്‍ 23ാം സ്ഥാനമാണ് മണിപ്പൂരിന്. 22,327 ചതുരശ്ര കി.മി വിസ്തൃതിയുള്ള സംസ്ഥാനത്തെ ജനസംഖ്യ വെറും 36 ലക്ഷത്തില്‍ താഴെയാണ്. ജനസാന്ദ്രത ചതുരശ്ര കി.മിയില്‍ 103 ആണ്. മെയ്തികള്‍ക്ക് പ്രാമുഖ്യമുള്ള ഇംഫാല്‍ താഴ്വര 2000 ചതുരശ്ര കിലോമീറ്ററാണ്. ഇതിനുചുറ്റും പര്‍വ്വത പ്രദേശങ്ങളാണ്. അവിടെയാണ് മുഖ്യമായും ഗോത്രവിഭാഗങ്ങള്‍. ഭൂരിഭാഗവും വനമേഖലയാണ്. ഇതുവഴി മ്യാന്‍മാറുമായി 352 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. മറ്റ് അതിരുകളില്‍ മിസോറാമും അസാമും നാഗലാന്റുമാണ്. കച്ചാര്‍ സിലിച്ചര്‍ ഹൈവേ വഴിയോ, നാഗലാന്റ് മുറിച്ചുകടന്ന് ധിമാപൂര്‍മൊറേ ഹൈവേ വഴിയോ വേണം ഇന്ത്യയുടെ മെയിന്‍ ലാന്റുമായി ബന്ധപ്പെടാന്‍.
1948- വരെ മ്യാന്‍മാറിലെ പക്കോക്കു ഹില്‍ ഡിസ്ട്രിക്റ്റിന്റെ ഭാഗമായിരുന്നു മണിപ്പൂര്‍ നാഗലാന്റ് ത്രിപുര, മിസോറാം മേഘാലയ സംസ്ഥാനങ്ങള്‍. ഭാഷകളും ഉപഭാഷകളും ഗോത്രങ്ങളും ഉപഗോത്രങ്ങളുമായി നൂറിലധികം ജനവിഭാഗങ്ങള്‍ ഈ മേഖലയില്‍ പുലരുന്നുണ്ട്. സിനോ തിബത്തന്‍, ട്രാന്‍സ് ഹിമാലയന്‍ ഭാഷാ ഗോത്രത്തില്‍ പരിഗണിക്കപ്പെടുന്ന നാട്ടുഭാഷകളാണ് സംസാരിക്കുന്നത്. സാംസ്‌കാരികമായും ഈ ചായ് വ് കാണാം. ഇന്ത്യയുടെ വൈവിധ്യ മനോഹാരിത വ്യക്തമാവുന്ന ദേശങ്ങളാണ്. മണിപ്പൂരില്‍ മാത്രം 33 ഗോത്ര വിഭാഗങ്ങളിലായി 15- ഓളം ഭാഷകളും ഉപഭാഷകളും നിലനില്‍ക്കുന്നുണ്ട്. എഴ് ഷെഡ്യുള്‍ഡ് കാസ്റ്റുകളുമുണ്ട്. എസ് സി പോപ്പുലേഷന്‍ നാലു ശതമാനത്തില്‍ താഴെയാണ്. ട്രൈബല്‍ വിഭാഗം 45 ശതമാനത്തോളം വരും.

ഇവര്‍ക്കിടയില്‍ ഒരു വിഭാഗമായാണ് മെയ്തികളും നിലനിന്നിരുന്നത്. എന്നാല്‍ ഒരു നാട്ടുരാജ്യമായി പരിണമിച്ച് മെയ്തികള്‍ പ്രത്യേക അധികാര സംവിധാനത്തിനുകീഴില്‍ രൂപപ്പെട്ട സമൂഹമായി. ഈ നാട്ടുരാജ്യത്തിന് പ്രത്യേക വിശുദ്ധ ഗ്രന്ഥവും ആചാരവിശ്വാസങ്ങളും അവകാശപ്പെടാനുണ്ടായിരുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ ഇവ പ്രത്യക്ഷവുമാണ്. ബുദ്ധിസ്റ്റ് രീതികളോടാണ് അടുപ്പം. മണിപ്പൂരി ഭാഷയ്ക്ക് പ്രത്യേക ലിപിയുണ്ടായിരുന്നു. പില്‍ക്കാലത്ത് മെയ്ത്തേ രാജഭാഷ അല്ലാതാവുകയും ബംഗാളി, ഹിന്ദി ലിപികളിലേക്ക് രാഷ്ട്രീയമായി മാറ്റപ്പെടുകയും ചെയ്തു. ബംഗാളില്‍ നിന്നും സന്ദി ദാസ് ഗോസായി എന്ന മതപുനരുത്ഥാരകന്‍ എത്തിയാണ് തങ്ങളുടെ വിശ്വാസവും മതവും നശിപ്പിച്ചത് എന്ന് അമര്‍ഷം കൊള്ളുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. ഭാഷ വീണ്ടെടുക്കാനും വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുമുള്ള ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. ‘സനമാഹിസം’ എന്ന പേരിലാണ് മെയ്തി മതം അറിയപ്പെടുന്നത്. പുനരുത്ഥാന ശ്രമങ്ങള്‍ സജീവമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ശ്രമങ്ങള്‍ സമാന്തരമായി നടക്കുന്നുമുണ്ട്. മെയ്തികളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മെയിന്‍ ലാന്‍ഡില്‍ നിന്നുള്ള കൂട്ടിച്ചേക്കലുകള്‍ പ്രകടമാണ്. ഇതിന്റെ മിശ്രസ്വഭാവം പ്രത്യക്ഷമാണ്.
ന്യൂനപക്ഷ മതവിഭാഗത്തില്‍ മെയ്തി സനമാഹിസം ഉള്‍പ്പെടുത്താൻ ദീര്‍ഘകാലമായി ശ്രമം നടക്കുന്നുണ്ട്. അടുത്തകാലത്ത് നിയമസഭ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ടിരുന്നവെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ല.
ഇതിനിടയിലാണ് ഇപ്പോഴത്തെ കലാപത്തിനും വിഭാഗീയതയ്ക്കും കാരണമായി എന്നു വിലയിരുത്തുന്ന മെയ്തി സംവരണ പ്രശ്‌നം ഉയര്‍ന്നുവന്നത്. ഇതിന് കോടതി വഴിയാണ് മാര്‍ഗ്ഗം തുറക്കാന്‍ ശ്രമിച്ചത്. പൊതുവെ താഴ്വരയിലെ മെയ്തികളുടെ ആവശ്യമായിരുന്നില്ല, ഷെഡ്യൂള്‍ഡ് ട്രൈബ് പദവി. മെയ്തികളില്‍ തന്നെ പൂണൂലിടുന്ന വിഭാഗവും അല്ലാത്തവരുമുണ്ട്. വിവാഹങ്ങള്‍ക്കും മറ്റു വിശേഷ ചടങ്ങുകള്‍ക്കും മത്സ്യം നിര്‍ബന്ധമാണ്. ഇത് പാചകം ചെയ്യുന്നത് പൂണൂല്‍ ധാരികളാണ്.

സംസ്ഥാന സര്‍വ്വീസില്‍ മെയ്തികള്‍ക്കാണ് മുന്‍തൂക്കം. പതിവ് പരീക്ഷകളും അഭിമുഖവും എല്ലാം ഉണ്ടാവും, എങ്കിലും വകുപ്പുകളില്‍ നിയമനം തീരുമാനിക്കുന്നത് അതത് മന്ത്രിമാരാണ്. ഇവയെല്ലാം കാശ് വാങ്ങിയാണ് എന്നത് പരസ്യമാണ്. താഴ്വരയിലെ ഭൂമി വിറ്റാണ് മെയ്തികള്‍ തൊഴില്‍ നേടിയിരുന്നത്. സര്‍വ്വീസില്‍ കയറിയ ശേഷം, ചെലവഴിച്ച തുക ‘വീണ്ടെടുക്കുക’ എന്നതായിരുന്നു രീതി. അഴിമതി വലിയ ഭീഷണിയാണ്. മണിപ്പൂരില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ബിസിനസ് തുടങ്ങുക എളുപ്പമല്ല. തീവ്രവാദ നിലപാടുകളുളള 35- ലധികം സംഘടനകള്‍ വിവിധ ലെവികളും നിരീക്ഷണവുമായി ജാഗ്രത്തായിരിക്കും.
അരക്ഷിതത്വത്തെ വിദ്യാഭ്യാസത്തിലൂടെയാണ് കുകി ജനത മറികടന്നത്. മത്സരബുദ്ധിയോടെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് അവര്‍ കടന്നു. മാത്രമല്ല, ഗോത്ര സംവരണം ഉപയോഗപ്പെടുത്തി, കേന്ദ്ര സര്‍വീസില്‍ ഒരു തലമുറയെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
കുന്നുകളിലെ ട്രൈബല്‍ ലാന്റിന് വിപണന സാധ്യതയില്ല. പ്രത്യേകാധികാര ഹില്‍ കൌണ്‍സിലുകളിലെ ഭൂമി പുറത്ത് ആര്‍ക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. ആര്‍ട്ടിക്കിള്‍ 371 സി പ്രകാരം ഇത് സംരക്ഷിതമാണ്. പക്ഷെ താഴ്വരയിലെ ഭൂമി കുകികള്‍ക്കോ നാഗകള്‍ക്കോ വാങ്ങുന്നതിന് തടസ്സമില്ല. പുറത്തുനിന്നുള്ള മയാങ്ങുകളെ ഭൂമി സ്വന്തമാക്കുന്നതില്‍ നിന്നും മെയ്തി സായുധ പോരാളികള്‍ വിലക്കിയിട്ടുണ്ട് എന്നുമാത്രം. ഇതിനെ മറികടക്കുക മരണസമാനമാണ്. കുന്നുകളില്‍ വസിച്ചിരുന്നവര്‍ അവസരം ഉപയോഗപ്പെടുത്തി താഴ്വരയിലേക്ക് വന്നു. ഇവയെല്ലാം പരസ്പരം അറിഞ്ഞും മനസിലാക്കിയും ആയിരുന്നു. തിരികെ മെയ്തികള്‍ക്ക് കുന്നുകളില്‍ ഭൂമിയും സൗകര്യങ്ങളും കൈവശം വെക്കാനോ സമ്പാദിക്കാനോ സാധിക്കില്ല. അത് ട്രൈബല്‍ പ്രത്യേകാധികാര നിയമം വിലക്കുന്നുണ്ട്. ഇനിയും ചൂഷണം ചെയ്യപ്പെടാത്ത വനസമ്പത്ത് വലിയൊരു സാധ്യതയായി കാണുന്നവരുണ്ട്. പക്ഷെ ഗോത്രാധികാരം അതിന് തടസ്സമാണ്.
കുകികളെ സംശയനിഴലില്‍ നിര്‍ത്താന്‍ തിടുക്കം
അടുത്ത കാലത്ത് കുകികൾക്കെതിരായ പ്രചാരണം പല മുഖങ്ങളിലായി സജീവമായി. ഗോത്ര വിഭാഗങ്ങളില്‍ കുകികള്‍ക്ക് പൊതുവെയുള്ള ചില ദുര്‍ബലതകള്‍ ഇതിന് എളുപ്പം വഴിതുറക്കുകയും ചെയ്തു. കുകികള്‍ ബ്രിട്ടീഷ് ഭരണകാലത്ത് സൈനിക സേവനം ചെയ്തവരാണ്. ഇവരെ സ്വാതന്ത്ര്യത്തിന് തൊട്ടുമുന്‍പുള്ള കാലഘട്ടങ്ങളില്‍ മണിപ്പൂരിനുചുറ്റുമുളള കുന്നുകളില്‍ അധിവസിപ്പിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കുകികള്‍ പരദേശികളാണ് എന്നൊരു പ്രചാരണം ഒരു വഴി മുന്നേറി. യഥാര്‍ത്ഥത്തില്‍ മണിപ്പുരും അയല്‍സംസ്ഥാനങ്ങളും എല്ലാം മ്യാന്‍മാറിലെ ജില്ലയുടെ ഭാഗമായാണ് ബ്രിട്ടീഷ് ഭരണകാലത്ത് പരിഗണിച്ചിരുന്നത്. മൊറേ അതിര്‍ത്തിയോടു ചേര്‍ന്ന കബോയ് താഴ്വര മ്യാന്‍മാറിന് വിട്ടുകൊടുത്തതിന് ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ അമര്‍ഷം ഇപ്പോഴും നോര്‍ത്ത് ഈസ്റ്റില്‍ തീവ്രരാഷ്ട്രീയ ഗ്രൂപ്പുകളിലെ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ മനസിലാക്കാനാവും.

വരാനിരിക്കുന്ന അനിശ്ചിതത്വം കുകി വിഭാഗത്തിലുള്ളവരും മനസിലാക്കിയിരുന്നു. നാഗ വിഭാഗത്തിനുള്ള പ്രാബല്യം അവര്‍ക്കില്ലായിരുന്നു. മ്യാന്‍മാറിലും ഇന്ത്യന്‍ അതിര്‍ത്തിയോടുചേര്‍ന്ന് കുകി വിഭാഗങ്ങളുണ്ട്. റോഹിന്‍ഗ്യ പ്രശ്‌നത്തിനുശേഷം ഇവരും സമ്മര്‍ദ്ദത്തിലായിരുന്നു.
മണിപ്പൂരില്‍ 53 ശതമാനം മെയ്തികളും 24 ശതമാനം നാഗ ഗോത്ര വിഭാഗവും വസിക്കുമ്പോള്‍ കുകികള്‍ 16 ശതമാനമാണ്. മെയ്തി ഉള്‍പ്പെടുന്ന മതവിഭാഗം 41.39 ശതമാനമാണ്. ക്രിസ്ത്യന്‍ 41.12 ശതമാനം. മെയ്തി പങല്‍ ഉള്‍പ്പെടെ മുസ്ലിം 8.40 ശതമനം, സനമാഹി വിശ്വാസം തുടരുന്നവര്‍ 7.78, ബുദ്ധിസം 0.25 എന്നിങ്ങനെയാണ് വിവിധ മതവിശ്വാസം പിന്തുടരുന്നവര്‍.
നാഗാലാന്റ് സംസ്ഥാനവും ഇതര സംസ്ഥാനങ്ങളിലെ സാന്നിധ്യവും പരിഗണിക്കുമ്പോള്‍ നാഗ, മണിപ്പുരികളെക്കാള്‍ വലിയ സാന്നിധ്യമുള്ളവരാണ്. ഇവ ഉയര്‍ത്തുന്ന അരക്ഷിതത്വത്തെ വിദ്യാഭ്യാസത്തിലൂടെയാണ് കുകി ജനത മറികടന്നത്. മത്സരബുദ്ധിയോടെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് അവര്‍ കടന്നു. മാത്രമല്ല, ഗോത്ര സംവരണം ഉപയോഗപ്പെടുത്തി, കേന്ദ്ര സര്‍വീസില്‍ ഒരു തലമുറയെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായാണ് ഇംഫാല്‍ താഴ്വരയില് വ്യാപാര വ്യവസായ രംഗത്തേക്കും കടന്നത്. മെയ്തികള്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ മേല്‍ക്കൈയുണ്ട്. എങ്കിലും കേന്ദ്ര സര്‍വ്വീസില്‍ ഗോത്ര സംവരണ പരിരക്ഷയുള്ള കുകി- നാഗാ വിഭാഗങ്ങളോട് മത്സരിക്കണമായിരുന്നു. ഇത് മെയ്തികളെ ഇതര വിഭാഗങ്ങളില്‍ നിന്ന് അകറ്റാന്‍ ഉദ്ദേശിച്ചവര്‍ക്ക് എളുപ്പമാക്കിത്തീർത്തു.
ഗോത്ര പദവി വേണം എന്ന സംവരണ ആവശ്യം മെയ്തി വിഭാഗം സംഘടിതമായി ഉയര്‍ത്തിയിരുന്നില്ല. ഈ ആവശ്യം സംഘടിതമായി ഉയര്‍ത്തിയിരുന്നു എങ്കില്‍ നേരത്തെ തന്നെ സാമൂഹിക ജീവിതം കലുഷിതമാകാനുള്ള സാഹചര്യമുണ്ടായിരുന്നു. പിന്നീട്, എവിടെ നിന്നോ അങ്ങനെയൊരു ആശയം ഉയര്‍ന്നുവരികയായിരുന്നു.
മെയ്തികള്‍ അറിയാത്ത ആവശ്യം
എങ്കിലും ഗോത്ര പദവി വേണം എന്ന സംവരണ ആവശ്യം മെയ്തി വിഭാഗം സംഘടിതമായി ഉയര്‍ത്തിയിരുന്നില്ല. അവര്‍ക്കിടയില്‍ തന്നെ ഉപവിഭാഗങ്ങളുണ്ട്. ഗോത്ര പദവി എന്ന ആവശ്യം സംഘടിതമായി ഉയര്‍ത്തിയിരുന്നു എങ്കില്‍ നേരത്തെ തന്നെ സാമൂഹിക ജീവിതം കലുഷിതമാകാനുള്ള സാഹചര്യമുണ്ടായിരുന്നു. പിന്നീട്, എവിടെ നിന്നോ അങ്ങനെയൊരു ആശയം ഉയര്‍ന്നുവരികയായിരുന്നു. അത് പരിഗണിക്കാൻ ഹൈക്കോടതി ആവശ്യപ്പെടുന്ന ഘട്ടത്തിലേക്ക് ഈ ആവശ്യത്തെ എത്തിക്കാനും, ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ക്ക് കഴിഞ്ഞു.
മെയ്തികള്‍ക്കും ഗോത്രവര്‍ഗ്ഗ പദവി കൊടുത്താല്‍ 371 സി പ്രകാരമുള്ള പ്രത്യേകാധികാരം അവര്‍ക്കും നിയമപരമായി നൽകേണ്ടിവരും. പിന്നീട് സംസ്ഥാനത്ത് ബാക്കി വരുന്നത് വിരലിലെണ്ണാവുന്ന മുസ്ലിം പങല്‍ വിഭാഗവും ഒ ബി സി വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവരും മാത്രമാവും. ഒ ബി സിയില്‍ തന്നെ ഒരു വിഭാഗം മെയ്തികളാണ്. ഗോത്രവര്‍ഗ്ഗ പ്രത്യേകാധികാര മേഖലകളില്‍ ഇന്‍കം ടാക്‌സ് ബാധ്യതയില്ലെന്നതും സംവരണ ആവശ്യത്തിന്റെ കൂടെ കാണേണ്ടതാണ്. ഉയര്‍ന്നുവന്ന ഒരു സമ്പന്ന വിഭാഗത്തിനും ഇത് ആവശ്യമായിരുന്നു.

വടക്കു കിഴക്ക് മേഖലയിലെ ചിലയിടങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ നിയന്ത്രിക്കാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനമുണ്ട്. നാഗാലാന്റിലെ പോലെ ഇത് മണിപ്പുരിലും നടപ്പാക്കണം എന്നാവശ്യപ്പെട്ടിരുന്നു. സമാനസംവിധാനം ഇവിടെ കൊണ്ടുവരികയും ചെയ്തു. ഇത് ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവരുമായ അനധികൃത കുടിയേറ്റങ്ങളെ ഭയന്നായിരുന്നു.
നിശ്ശബ്ദമായി നാഗ കുന്നുകള്‍
ഇതിനിടയില്‍, നാഗ വിഭാഗം നിശ്ശബ്ദമാണ്. അവരുടെ വെടിനിര്‍ത്തല്‍ എസ് ഒ ഒ കരാര്‍ നിലനില്‍ക്കുന്നുണ്ട്. ബി ജെ പിയുമായി ചേർന്ന ഭരണം നാഗാലാന്റില്‍ നിലനില്‍ക്കുന്നു. 14 പേരെ സൈന്യം വെടിവെച്ച് കൊല്ലുകയും വിചാരണകള്‍ക്ക് വിധേയമാവാതിരിക്കുകയും ചെയ്തിട്ടും അവരുടെ പ്രതികരണം പക്വമായിരുന്നു. വലിയ ഉറപ്പുകള്‍ ലഭിച്ചതായി അവര്‍ കണക്കുകൂട്ടുന്നുണ്ട്. നാഗാലിം എന്ന സ്വതന്ത്രാധികാര പ്രദേശമാണ് ദശാബ്ദങ്ങളായുള്ള അവരുടെ സ്വപ്നം. ഇപ്പോഴും അതിനുള്ള ചര്‍ച്ച പുരോഗമിക്കയാണ്. കുകികള്‍അധിവസിക്കുന്നത് നാഗ സ്വപ്നഭൂമിയായ നാഗലിമ്മിന്റെ ഭാഗമാവേണ്ട കുന്നുകളിലാണ്. മണിപ്പൂരിലും അരുണാചലിലും അസമിലും എല്ലാമായി ഇത് പരന്നുകിടക്കുകയാണ്.
കുകി- മെയ്തി വിഭാഗങ്ങളെ പൂര്‍ണ്ണമായും വിദ്വേഷത്താല്‍ ധ്രുവീകരിക്കാന്‍ ഇടയ്ക്ക് തൊടുത്തുവിട്ട ഒരു തീപ്പൊരി മാത്രമായിരുന്നു, സംവരണ വിഷയം. നാഗ ഗോത്രങ്ങളെ പോലെ തന്നെ വിഘടിത കുകി സ്റ്റേറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയവരാണ് കുകി ഇന്‍സര്‍ജന്റ് ഗ്രൂപ്പുകള്‍. 30 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്ക്. മെയ്തി- നാഗ ഇന്‍സര്‍ജന്റ് ഗ്രൂപ്പുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര അധികമല്ല.

1997- ല്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റുമായി (NSCN- Isak-Muivah) കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാർ ഒപ്പുവെച്ചിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കുപിന്നാലെ 2015- ല്‍ ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ് വെച്ചു. 1918- ലെ നാഗാ ക്ലബ്ബ് മുതലാണ് ഗ്രേറ്റര്‍ നാഗാലിം എന്ന ആശയം വികസിപ്പിക്കുന്നത്. അത്രയും പഴക്കമുള്ള ആവശ്യമാണിത്. കേന്ദ്ര സര്‍ക്കാരും മധ്യസ്ഥരും ഉള്‍പ്പെടുന്ന സമിതി 80 തവണ ചര്‍ച്ച ചെയ്താണ് എഗ്രിമെൻറ് തയാറാക്കിയത്. എന്നാല്‍, 2020- ല്‍ എന്‍ എസ് സി.എന്നിന്റെ ഇപ്പോഴത്തെ തലവന്‍ ടി. മൊയ്വ ഇത് തള്ളുന്നതായി പ്രഖ്യാപിച്ചു. എങ്കിലും ഓപ്പറേഷനുകള്‍ നിര്‍ത്തിവെച്ചുള്ള ഉടമ്പടി തത്വത്തില്‍ നിലനില്‍ക്കുന്നുണ്ട്.
2022- ലും കുകികള്‍ ബി ജെ പിക്കൊപ്പം നിന്നു. ഭരണം ഉറച്ച ശേഷമാണ് ഗോത്ര വര്‍ഗ്ഗങ്ങള്‍ക്ക് എതിരായ തീരുമാനങ്ങളുണ്ടാവുന്നത്. ഇത് പ്രകോപനം കടുപ്പിച്ചു.
2008- ല്‍ എ.ബി. മാത്തൂര്‍ റോ മേധാവിയായിരുന്നപ്പോഴാണ് കുക്കി ഗ്രൂപ്പുകളുമായി ചര്‍ച്ച നടക്കുന്നത്. ഇതു പ്രകാരം കുകി ടെറിറ്റോറിയല്‍ കൗണ്‍സില്‍ എന്ന ആവശ്യത്തിലേക്ക് ചുരുക്കി ഒത്തുതീര്‍പ്പായി. സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കരാര്‍ (SoO) പ്രകാരം 25 സംഘടനകള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒത്തുള്ള ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചു. 1987 മുതല്‍ സജീവമായിരുന്ന ഗ്രൂപ്പുകള്‍ ഇതുപ്രകാരം നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ പ്രത്യോകാധികാരമുളള ക്യാമ്പുകളില്‍ ഒതുങ്ങി കഴിയുകയായിരുന്നു. ആയുധങ്ങള്‍ സ്റ്റേറ്റിനൊപ്പം ഇരട്ടത്താഴുള്ള കേന്ദ്രങ്ങളില്‍ അടച്ചുപൂട്ടി. ഭടന്‍മാര്‍ക്ക് മാസം 5000 രൂപയും ക്യാമ്പുകള്‍ക്ക് ചെലവുതുകയും ഈ കരാറിലുണ്ടായിരുന്നു.
അടുത്ത കാലത്താണ് കുകികളുമായുള്ള എസ് ഒ ഒ കരാര്‍ അവസാനിപ്പിക്കണം എന്ന ആവശ്യം ശക്തമായത്. ബി ജെ പി അധികാരത്തിലെത്തിയതോടെ ഇത് സജീവമായി. കുകി മേഖലകളില്‍ കണ്ണുവെച്ചുള്ള താത്പര്യങ്ങള്‍ ഇതിനു പിന്നില്‍ ആരോപിക്കപ്പെടുന്നു. നിയമസഭയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
മന്ത്രിസഭയിലെ കൂട്ടുകക്ഷികള്‍, പക്ഷെ...
2002 മുതല്‍ 2017 വരെ മൂന്നു തവണ തുടര്‍ച്ചയായി ഓക്രാം ഇബോബി സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു മണിപ്പൂര്‍. തുടര്‍ന്ന്, സംസ്ഥാനഭരണം ബി ജെ പി പിടിച്ചത് കുകികളുടെയും നാഗ വിഭാഗത്തിന്റെയും സഹായത്തോടെയാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ബിരന്‍ സിങ്ങ്, ഓക്രാം ഇബോബി സിങ്ങിനൊപ്പം കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരുന്നു. പൊതുവെ കേന്ദ്രഭരണത്തിനൊപ്പം മാറുന്നതാണ് മണിപ്പുര്‍ നിയമസഭയിലെ ജനവിധി. ജനപ്രതിനിധികളും ഇതേ മാറ്റം ലാഘവത്തോടെ കാണുന്നു.

ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഏഴ് എം എല്‍ എമാരെ മറുകണ്ടം ചാടിച്ച് കോണ്‍ഗ്രസ് നേടിയ ഭൂരിപക്ഷത്തെ 2017- ല്‍ ബി.ജെ.പി അട്ടിമറിച്ചത്. 2022- ലും കുകികള്‍ ബി ജെ പിക്കൊപ്പം നിന്നു. ഭരണം ഉറച്ചശേഷമാണ് ഗോത്ര വര്‍ഗ്ഗങ്ങള്‍ക്ക് എതിരായ തീരുമാനങ്ങളുണ്ടാവുന്നത്. ഇത് പ്രകോപനം കടുപ്പിച്ചു. കലാപത്തിനിടെ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം ബിശ്വ ശര്‍മ്മ വീണ്ടും മണിപ്പൂരിലെത്തിയിരുന്നുവെങ്കിലും ഒരു സാധ്യതയും തുറക്കാനാവാതെ മടങ്ങുകയായിരുന്നു.
കുകികളുമായുള്ള കരാര്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി മന്ത്രി തന്നെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മെയ്തികളെ പൂര്‍ണ്ണമായും ഒപ്പം നിർത്തിയ ശേഷമായിരുന്നു ഇത്. മാത്രമല്ല, കശ്മീരില്‍ പ്രത്യേകാധികാര പദവി എടുത്തുകളഞ്ഞതുപോലെ മണിപ്പൂരില്‍ 371 സി പ്രകാരം ഹില്‍ ഡിസ്ട്രിക്റ്റുകള്‍ക്കുള്ള പ്രത്യേക പദവി എടുത്തുകളയണം എന്ന ആവശ്യവും ഇതിനിടെ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു.
കുകി- നാഗ വിഭാഗങ്ങള്‍ ബി ജെ പി ഗവണ്‍മെന്റിനെ പിന്തുണച്ചിരുന്നവരാണ്. പൊതുവിഭാഗത്തില്‍ മത്സരാവസരം കുറച്ചത് പരസ്യമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
വന സംരക്ഷണവും പൗരത്വ ശുദ്ധീകരണവും
2023 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി ബിരന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വനമേഖലയിലെ കുടിയൊഴിപ്പിക്കലിന്റെ പേരിലുള്ള നടപടി ആരംഭിച്ചത്. കുകി സോ വിഭാഗങ്ങള്‍ക്ക് പ്രത്യേകാധികാരമുള്ള ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്‌പോക്പി, ടെക്‌നോപല്‍ പ്രദേശത്തായിരുന്നു ആദ്യ ആക്ഷന്‍. ഇതിനെതിരായ റാലിയില്‍ ഗോത്രവിഭാഗത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയി.
ഇതിനിടെ, പ്രകോപനം വര്‍ധിപ്പിച്ച് കുകി നാഷണല്‍ആര്‍മിയും സോമി നാഷണല്‍ ആര്‍മിയുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കരാര്‍ പിന്‍വലിക്കാന്‍ നിയമസഭ തീരുമാനിച്ചു. സമാന്തരമായി, നാഷണല്‍ റജിസ്ട്രി ഓഫ് സിറ്റിസണ്‍സ്, 1951 അടിസ്ഥാന വര്‍ഷമാക്കി നടപ്പാക്കണമെന്ന് മെയ്തി സംഘടനകള്‍ ദല്‍ഹിയില്‍ ആവശ്യം ഉന്നയിച്ചു. ഇത് ഒരേസമയം ഗോത്ര വര്‍ഗ്ഗങ്ങളെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദി കുടിയേറ്റങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു. ഒപ്പം അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റങ്ങളെയും.
പ്രകോപനം അതിന്റെ വഴിയേ മുന്നേറി
ഏപ്രില്‍ 11 ന് ഇംഫാല്‍ നഗരത്തിലെ ഗോത്രമേഖലയിലെ രണ്ട് ചര്‍ച്ചുകള്‍ കയ്യേറ്റത്തിന്റെ പേരില്‍ പൊളിച്ചു. നിയമസഭയില്‍ ഗോത്ര എം എല്‍ എമാരെ കേള്‍ക്കാതെയായിരുന്നു നടപടി. 60 അംഗ നിയമസഭയില്‍ 19 സീറ്റുകളാണ് ഗോത്ര വര്‍ഗ്ഗ സംവരണം. ഇതര സീറ്റുകളില്‍ ഒന്നിലും മെയ്തി ഇതര്‍ക്ക് അവസരം നല്‍കിയിരുന്നില്ല. കുകി- നാഗ വിഭാഗങ്ങള്‍ ബി ജെ പി ഗവണ്‍മെന്റിനെ പിന്തുണച്ചിരുന്നവരാണ്. പൊതുവിഭാഗത്തില്‍ മത്സരാവസരം കുറച്ചത് പരസ്യമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

മണിപ്പൂരിന്റെ മെയ്തി സര്‍വ്വാധികാരം ലക്ഷ്യം വെക്കുന്ന തീവ്രവാദി ഗ്രൂപ്പായ യുണൈറ്റഡ് നാഷണ്‍ലിബറേഷന്‍ ഫ്രണ്ടുമായി ഇപ്പോഴത്തെ മുഖ്യമന്ത്രി ബിരന്‍ സിങ്ങിന് ബന്ധമുണ്ടായിരുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. വിടവ് രൂക്ഷമായതോടെ ഇതും ചര്‍ച്ചയ്ക്ക് വന്നു. ഈ ബന്ധം ബിരന്‍ സിങ്ങിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അനുകൂലമായെന്നും വിലയിരുത്തലുണ്ടായി.
വിപുലവും ദുഷ്‌കരവുമായ വനമേഖലകളില്‍ മയക്കുമരുന്ന് കൃഷി മാത്രമല്ല, വനവിഭവങ്ങളുടെ രാജ്യാന്തര കള്ളക്കടത്തും വ്യാപകമായിരുന്നു. സ്വര്‍ണ്ണത്തെക്കാള്‍ വലിയ മേഖലയാണ് വനവിഭവങ്ങളുടെ കടത്ത് എന്ന് മണിപ്പൂരിലെ വനംവകുപ്പ് ഉന്നതര്‍ തന്നെ സമ്മതിക്കുന്നു.
ഓപ്പിയം വാര്‍
പര്‍വതപ്രദേശത്തെ ഗോത്ര ജീവിതത്തെ മയക്കുമരുന്ന് കടത്തും കറുപ്പ് കൃഷിയുമായി ബന്ധപ്പെടുത്തിയും വിവരിക്കപ്പെട്ടിരുന്നു. ഇതാണ് വനം കയ്യേറ്റം ഒഴിപ്പിക്കലിന് മുഖ്യ കാരണായി ചൂണ്ടിക്കാണിച്ചത്. നേരത്തെ വനങ്ങള്‍ വഴി അതിര്‍ത്തി കടന്നുള്ള അനധികൃത വ്യാപാരമായിരുന്നു മുഖ്യ ചര്‍ച്ച. ഇത് പോപ്പി കൃഷിയിലേക്ക് മാറി. ലാവോസും മ്യാന്‍മാറും തായ് ലാന്റും ഉള്‍പ്പെടുന്ന മയക്കുമരുന്ന് ശൃംഖലയിലെ റെഡ് ട്രയാങ്കിളില്‍ വടക്കു കിഴക്കന്‍ കുന്നുകളെയും അടയാളപ്പെടുത്തി ടെക്സ്റ്റുകളുണ്ടായി. വിപുലവും ദുഷ്‌കരവുമായ ഈ വനമേഖലകളില്‍ മയക്കുമരുന്ന് കൃഷി മാത്രമല്ല, വനവിഭവങ്ങളുടെ രാജ്യാന്തര കള്ളക്കടത്തും വ്യാപകമായിരുന്നു. സ്വര്‍ണ്ണത്തെക്കാള്‍ വലിയ മേഖലയാണ് വനവിഭവങ്ങളുടെ കടത്ത് എന്ന് മണിപ്പൂരിലെ വനംവകുപ്പ് ഉന്നതര്‍ തന്നെ സമ്മതിക്കുന്നു. ഈ ട്രേഡില്‍ ഗോത്രവര്‍ഗ്ഗങ്ങളെ മാത്രം ആരോപണ മുനയില്‍ നിര്‍ത്തി. ഒരു ഘട്ടത്തില്‍ ഇബോബി സിങിന്റെയും ബിരന്‍ സിങിന്റെയും ബന്ധങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും ഇതുവഴി വന്‍ സമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നു. ഇത് തീവ്രവാദത്തിന് ഒപ്പം, സാധാരണ രാഷ്ട്രീയത്തിലേക്കും പ്രവേശിക്കുന്നു.
പ്രകോപനം തുടങ്ങുന്നു
2023 ഏപ്രില്‍ 27 നാണ് മുഖ്യമന്ത്രിയെയും സംസ്ഥാന ഭരണത്തെയും പ്രകോപിപ്പിച്ച സംഭവം ഉണ്ടായത്. ചുരാചന്ദ്പൂരില്‍ മുഖ്യമന്ത്രി 28 ന് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഒരു ജിംനേഷ്യം പ്രകോപിതരായ ജനം കെട്ടിടം സഹിതം കത്തിച്ചു ചാമ്പലാക്കി. കുടിയൊഴിപ്പിക്കലുകളില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം ചെയ്തു. ഗോത്ര ജില്ലാ ആസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പരിപാടി ക്യാന്‍സല്‍ചെയ്യേണ്ടി വന്നു. അഞ്ചു ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗോത്രവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന എട്ട് ജില്ലകളില്‍ ഇത് ബാധകമാക്കി. ഇതിനെതിരെ റോഡുപരോധിച്ചും ടയര്‍ കത്തിച്ചും പ്രതിഷേധകര്‍ സുരക്ഷാസേനയുമായി നേര്‍ക്കുനേര്‍ നിന്നു. അനിശ്ചിതകാല കര്‍ഫ്യൂകളും ബന്ദുകളും ഇത്തരം പ്രതിഷേധങ്ങളും നോര്‍ത്ത് ഈസ്റ്റിന് പരിചിതമാണ്. മുഖ്യമന്ത്രിക്ക് ഈ തീകൊളുത്തല്‍ അപമാനകരമായി.

കര്‍ഫ്യു കാലാവധി തീര്‍ന്നയുടൻ മെയ് മൂന്നിന് ചുരാചന്ദ്പൂരില്‍ ആള്‍ ട്രൈബല്‍സ് സ്റ്റൂഡന്‍സ് യൂണിയന്‍, 60,000 ത്തോളം പേര്‍ പങ്കെടുത്ത സോളിഡാരിറ്റി മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ തോര്‍ബങ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായി. 11 പേര്‍ക്ക് പരിക്കേറ്റു. തെട്ടടുത്ത കാങ്‌പോക്പി ജില്ലയിലെ സൈക്കൂളില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. തൊട്ടടുത്ത ദിവസം ഇത് തലസ്ഥാന നഗരമായ ഇംഫാലില്‍ രണ്ടു ഗ്രൂപ്പുകളും തമ്മില്‍ ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചു.
അസ്വസ്ഥതയുടെ വിത്തുകള്‍
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപരിപാടികള്‍ നോര്‍ത്ത് ഈസ്റ്റിലെ ഗോത്രവിഭാഗങ്ങളില്‍ സമ്മര്‍ദ്ദം ഏറ്റിയിട്ടുണ്ട്. പൗരത്വ രജിസ്ട്രിയും കയ്യേറ്റം തടയാന്‍എന്ന നിലയ്ക്കുള്ള ലാന്‍ഡ് സര്‍വേകളും എല്ലാം ഈ സമ്മർദം വര്‍ധിപ്പിച്ചു. മണിപ്പൂര്‍, നാഗാലാൻറ് അതിര്‍ത്തികളില്‍ നിയമസഭാമണ്ഡലം ഇല്ലാത്ത ജില്ലകള്‍ തന്നെയുണ്ട്. വനവും ഗോത്ര വര്‍ഗ ജീവിതവും ഒന്നായി കിടക്കുന്ന പ്രദേശങ്ങളാണ്. മ്യാന്‍മാര്‍ അതിര്‍ത്തി എന്നത് പല സ്ഥലങ്ങളിലും ഔദ്യോഗിക സാങ്കല്പിക രേഖകള്‍ മാത്രം. കുട്ടികള്‍ ഇപ്പുറത്തെ വിദ്യാലയത്തില്‍ പഠിക്കുകയും അരിയും സാധനങ്ങളും വാങ്ങിക്കാന്‍ അപ്പുറത്തെ അങ്ങാടിയില്‍ പോവുകയും ചെയ്യുന്ന മേഖലകളുണ്ട്. ഇന്ത്യ- പാക്- ചൈന അതിര്‍ത്തികള്‍പോലെ ആള്‍പ്പാര്‍പ്പില്ലാത്തതും അടച്ചുപൂട്ടിയതുമല്ല. ഗോത്ര കുടുംബങ്ങള്‍ തന്നെയും അപ്പുറത്തും ഇപ്പുറത്തുമായി ചിതറിയിട്ടുള്ള മേഖലകളും ഉണ്ട്.
മെയ്തി പോലുള്ള വിഭാഗങ്ങളെ രാഷ്ട്രീയമായി ഒന്നിച്ചുചേര്‍ത്ത്, ഭരണകൂട ആശയ പദ്ധതിയുടെ ഭാഗമാക്കാന്‍ ഒരു ഭാഗത്ത് ശ്രമമുണ്ട്. എന്നാല്‍ അതിനകത്തെ തന്നെ വൈരുധ്യങ്ങള്‍ ശക്തിയാര്‍ജിക്കുകയാണ്. സാസ്‌കാരിക വൈവിധ്യങ്ങള്‍ കാലത്തിനൊപ്പം മാറുമ്പോള്‍ തന്നെ അതിന്റെ ഇടങ്ങള്‍ വിസ്തൃതമാക്കി പുതുക്കപ്പെടുന്നുമുണ്ട്. മെയ്തി ഭാഷയെയും സംസ്‌കൃതിയെയും കുറിച്ചുളള അന്വേഷണങ്ങളും സജീവമായി തുടര്‍ച്ച തേടുന്നുണ്ട്.

ഉത്തരേന്ത്യന്‍ ഭാഷാ സിനിമകളെക്കാള്‍ കൊറിയന്‍ മൂവികളാണ് നോര്‍ത്ത് ഈസ്റ്റില്‍ കൂടുതലായി ആസ്വദിക്കപ്പെടുന്നത്. നാഗലാന്റില്‍ ബി ജെ പി നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ വന്നതോടെ പട്ടി ഇറച്ചി നിരോധിച്ചു. ഇത് പലപ്പോഴും ഒരു തമാശയായാണ് അവിടത്തെ പൗരര്‍ ഉള്‍ക്കൊണ്ടത്. ഇതര ദേശങ്ങളില്‍ ചിക്കന്‍ പോലെയും മട്ടന്‍ പോലെയുമാണ് അവിടെ ഇത്. പക്ഷെ നിരോധന ഉത്തരവിനുപിന്നില്‍ സ്വാഭാവികമായും അവിടത്തെ മതതാത്പര്യങ്ങളുടെ പിന്തുണ കൂടി ലക്ഷ്യം വച്ചിരുന്നു. മതതാത്പര്യങ്ങള്‍ ഗോത്ര ജീവിതത്തിനിടയിലേക്ക് ഒളിച്ചുകടത്തുകയാണ്. എന്നാല്‍, വിദ്യാഭ്യാസം നേടാനായതോടെ തങ്ങളുടെ തനത് വിശ്വാസത്തെയും സംസ്‌കൃതിയെയും കുറിച്ചുള്ള അന്വേഷണത്വര സമാന്തരമായി ഉയര്‍ന്നു വരുന്നുണ്ട്.
ശക്തരായ ഗോത്രങ്ങളെ കൂടെ നിര്‍ത്തുക, ദുര്‍ബലരെ ശക്തി ഉപയോഗിച്ച് ഒതുക്കുക എന്ന പഴയ തന്ത്രമാണ് പ്രയോഗിക്കപ്പെടുന്നത്. ഇത് സ്വതവേ വൈകാരിക പ്രതികരണം ഏറിയ ഇത്തരം ഗ്രൂപ്പുകളില്‍ വലിയ സമ്മര്‍ദ്ദമാണ് തീര്‍ക്കുന്നത്.
ഈ സാഹചര്യത്തിലും, ശക്തരായ ഗോത്രങ്ങളെ കൂടെ നിര്‍ത്തുക, ദുര്‍ബലരെ ശക്തി ഉപയോഗിച്ച് ഒതുക്കുക എന്ന പഴയ തന്ത്രമാണ് പ്രയോഗിക്കപ്പെടുന്നത്. ഇത് സ്വതവേ വൈകാരിക പ്രതികരണം ഏറിയ ഇത്തരം ഗ്രൂപ്പുകളില്‍ വലിയ സമ്മര്‍ദ്ദമാണ് തീര്‍ക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ സമാധാനം ഇല്ലാതാക്കുന്നതിലേക്ക് ഇത് പെട്ടെന്ന് നയിക്കുന്നു.
മണിപ്പൂരില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. മതവും വിശ്വാസവും കലര്‍ത്തിയുള്ള രാഷ്ട്രീയമായിരുന്നില്ല പുലര്‍ന്നത്. ബി ജെ പി സര്‍ക്കാര്‍ അധികാരം പിടിക്കുന്നതിന് തൊട്ടു മുന്‍പ് മൂന്നു തവണ ഓക്രാം ഇബോബി സിങ് തുടര്‍ച്ചയായി മുഖ്യമന്ത്രിയായി. സ്വതന്ത്രാധികാര പർവത ജില്ലകൾ വിഭജിക്കുന്നതില്‍ഉള്‍പ്പെടെ വലിയ സംഘര്‍ഷ സാഹചര്യം ഈ സമയത്ത് നേരിട്ടിരുന്നു. എന്നാല്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു. ഇറോം ശര്‍മ്മിളയുടെ നിരാഹാരം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചതിലും ഇബോബി മന്ത്രിസഭയ്ക്ക് പങ്കുണ്ട്. കുപ്രസിദ്ധമായ ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്റ്റ് ക്രമേണ പ്രശ്‌നബാധിത മേഖലയിലേക്ക് എന്ന നിലയ്ക്ക് ചുരുക്കി. എന്നാല്‍ തീവ്രവാദ സാന്നിധ്യ സാധ്യത തള്ളിക്കളഞ്ഞുമില്ല. മണിപ്പൂരില്‍ ഏറ്റവും അശാന്തി നിലനിന്നത് തൊണ്ണൂറുകളിലായിരുന്നു. ഇതില്‍ നിന്നും സംസ്ഥാനത്തെയും ജനങ്ങളെയും പുതിയ കാലത്തിലേക്കും ചിന്തയിലേക്കും കൊണ്ടുവരുന്ന സാഹചര്യം ഉണ്ടായിവന്നിരുന്നു.

ഇപ്പോള്‍ അകത്തുനിന്നുള്ള വിള്ളലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഉന്നതര്‍ക്ക് പുതിയ തലമുറയെ ഈ സംഘര്‍ഷങ്ങളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തി വളര്‍ത്തിയെടുക്കാം. ഇതര സംസ്ഥാനങ്ങളിലും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെയാണ് അവര്‍ പഠിക്കുന്നത്. എന്നാല്‍ അല്ലാത്തവര്‍ ചത്തും കൊന്നും ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി മാറുന്നു. വിശേഷിച്ചും, ഇനി പർവത ജില്ലകളിലെ സാധാരണ ഗോത്രവിഭാഗങ്ങളും ചെറുകിട കര്‍ഷകരും ഒക്കെയാണ് അകപ്പെടാന്‍ പോകുന്നത്. കാര്‍ഷിക വസ്തുക്കള്‍ സ്വന്തം വീട്ടുതൊടിയില്‍ നിന്നും കാട്ടില്‍നിന്നും ശേഖരിച്ച് നഗരത്തിലെത്തിച്ചാണ് പലരും ജീവിതവൃത്തി കഴിക്കുന്നത്. മണിപ്പൂരില്‍ 56 ശതമാനം ഇപ്പോഴും കാര്‍ഷിക വൃത്തിയിലുള്ളവരാണ്. വിശേഷിച്ചും പർവത ജില്ലകളിലുള്ളവര്‍ക്ക് ഇനി ഇംഫാലിലേക്കോ താഴ് വരയിലെ മാര്‍ക്കറ്റുകളിലേക്കോ പ്രവേശനം സാധ്യമാവില്ല. അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട പോപ്പി കൃഷിയും അതിര്‍ത്തി കടന്നുള്ള കച്ചവടങ്ങളും ഒക്കെയാവും അവര്‍ക്കായി അവശേഷിക്കുക. ഇത് ഗോത്ര സാഹചര്യത്തെ ആരോ ലക്ഷ്യം വെച്ചത്, കൂടുതല്‍ കഠിനതരമാക്കി തീര്‍ക്കും.
ഇപ്പോള്‍, മണിപ്പൂരില്‍ അധികാരത്തെയാണ് ജനം വിചാരണ ചെയ്യുന്നത്. ‘ഞങ്ങള്‍ കത്തിയെരിയുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു’ എന്ന ചോദ്യമുയരുന്നു. തിരഞ്ഞെടുപ്പുകളില്‍, അത്ര സൂക്ഷ്മമായ രാഷ്ട്രീയം തിരച്ചറിഞ്ഞല്ല ഇവിടത്തെ വോട്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കക്ഷികള്‍ക്ക് എപ്പോഴും സംസ്ഥാന തിരഞ്ഞെടുപ്പിലും മുന്‍തൂക്കം നല്‍കുന്ന സമീപനമാണ്. വികസനവും ജീവിതസാഹചര്യങ്ങളുടെ കാര്യത്തിലുള്ള മുന്നേറ്റവുമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്. അവരെ ഒരു ജനതയായി പോലും പരിഗണിച്ചിരുന്നുവോ എന്ന ചോദ്യം ഇവിടുത്തെ ഗ്രാമങ്ങളിലൂടെയും മനുഷ്യര്‍ക്കിടയിലൂടെയും സഞ്ചരിച്ചാല്‍ നമ്മിലുണരും. അവരുടെ വോട്ടും അതിനനുസരിച്ച് മാറിമറിയും. അറുപത് ശതമാനം വരെ കേന്ദ്ര സഹായത്തെ ആശ്രയിക്കുന്ന ബജറ്റാണ്. അതവരെ കേന്ദ്രത്തോട് ഒട്ടിച്ചുനിര്‍ത്തും. എങ്കിലും ഇപ്പോള്‍ മെയ്തികളില്‍ നിന്നു തന്നെ ലഭിക്കുന്ന പ്രതികരണം തിരിച്ചാണ്. തീ കൊളുത്തിയവരെ, കാഴ്ചക്കാരായിനിന്ന മനസിനെ അവര്‍ ചോദ്യം ചെയ്യുന്നു. എന്തിനാണ് ഞങ്ങളെ പിളര്‍ത്തി തമ്മിലടിക്കാന്‍ വിട്ടതെന്ന് തെരുവുകളില്‍ ചോദ്യം മുഴങ്ങുന്നുണ്ട്.