പിഴയ്ക്കാതെ വോട്ടുചെയ്യാൻ ഇത്തവണ കാരണങ്ങളേറെയുണ്ട്

ഇന്ത്യ നിലനില്ക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് നിലവിലെ തെരഞ്ഞെടുപ്പ് പരസ്യവാചകങ്ങളുടെ മറുപടി മതിയാകില്ല എന്ന് രാഷ്ട്രീയബോധമുള്ളവർക്കറിയാം. എല്ലാവരും ശ്രദ്ധയോടെ വോട്ടുചെയ്യുക. മാധ്യമങ്ങളെ എല്ലായ്പ്പോഴും കരുതലോടെമാത്രം ആശ്രയിക്കുക, ഡോ. ശിവപ്രസാദ് പി എഴുതുന്നു

ന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുമ്പോൾ സവിശേഷമായ ചിലത് ഓർമിക്കുവാനുണ്ട്. തെരഞ്ഞെടുപ്പ് എന്നത് ഒരു ജനായത്ത രാഷ്ട്രത്തെ സംബന്ധിച്ച് അതിപ്രധാനമായ പ്രക്രിയയാണ്. രാഷ്ട്രത്തിൻ്റെ തുടർന്നുള്ള ഭാഗധേയം നിർണ്ണയിക്കുന്നതിൽ പൗരന്/പൗരയ്ക്ക് ആകെയുള്ള കർതൃത്വം. 'പ്രിയപ്പെട്ട വോട്ടർമാരേ' എന്നും 'വിലപ്പെട്ട സമ്മതിദാനവകാശം' എന്നുമൊക്കെ ഉച്ചഭാഷിണികളിലും നോട്ടീസുകളിലുമായി പൗരർക്ക് മൂല്യമുള്ള ഒരേയൊരു കാലം. വിരലിലെ മഷിയുണങ്ങുംമുമ്പ് ഈ കർതൃബോധം മായ്ച്ചുകളയാൻമാത്രം സജ്ജമാണ് കസേരമാനിയകളും മീഡിയകളുമടങ്ങുന്ന അധികാരവർഗ്ഗമെന്നത് വസ്തുതയായിരിക്കെ വീണുകിട്ടുന്ന ഈ സുവർണ്ണാവസരം നമ്മൾ എങ്ങനെ വിനിയോഗിക്കണം എന്ന ചോദ്യം പ്രസക്തമാണ്.

ഏതെങ്കിലും പ്രബലമുന്നണി സ്വന്തം നിലവിട്ട് കൈയ്യയച്ച് സഹായിച്ചില്ലെങ്കിൽ ബി.ജെ.പി ക്ക് കേരളത്തിൽ സ്വന്തം നില മെച്ചപ്പെടുത്താൻപോലും ആവില്ലെന്നത് നമുക്കറിയാം. മാധ്യമങ്ങൾ പണവും പരസ്യവും കൈപ്പറ്റി കാലങ്ങളേറെയായി നിർമ്മിച്ചെടുത്തതാണ് കേരളത്തിലെ ബി.ജെ.പി സാന്നിദ്ധ്യം. അതാകട്ടെ ചാനൽചർച്ചകളിൽ തുടങ്ങി യാതൊരു ഉളുപ്പുമില്ലാതെ 20 മണ്ഡലങ്ങളിലും ത്രികോണമത്സരമെന്ന് പച്ചക്കള്ളം വിളിച്ചു പറയുന്നതിൽവരെ എത്തിനിൽക്കുന്നു. ആദ്യം ചാനലിലും പിന്നെ പത്രങ്ങളിലും എന്നിങ്ങനെ വോട്ട് ഷെയറോ അണികളുടെ എണ്ണമോ നോക്കാതെ ബി.ജെ.പി യ്ക്ക് സ്ഥലവും സമയവും അനുവദിച്ച കേരളത്തിലെ മാധ്യമങ്ങളെ ശരിയായി വിശേഷിപ്പിക്കാൻ മലയാളത്തിൽ പുതിയ വാക്കുകൾ ഉണ്ടാക്കിയെടുക്കേണ്ടിവരും. ചാനലിലിരുന്ന് മുഖം മിനുക്കിയ ഹിന്ദുത്വയാണ് കേരളത്തിലെ ആ പാർട്ടിയുടെ ആകെ വളർച്ച. വെളിച്ചത്തിലേക്കുവരുന്ന ഈയാംപാറ്റയെപ്പോലെ കരിഞ്ഞുവീഴുമെന്ന് സാമാന്യബോധമുള്ളവർക്കെല്ലാം അറിവുള്ള വയനാട്ടിൽപോലും ത്രികോണമത്സരമാണ് എന്നാണ് മാധ്യമപക്ഷം. തൃശ്ശുരും തിരുവനന്തപുരവുമൊക്കെ ഏതാണ്ട് ജയിച്ചുകഴിഞ്ഞു എന്ന മട്ടും!

കേരളത്തിലെ (ഇന്ത്യയിലെയും) തെരഞ്ഞെടുപ്പുകളെയും ജനായത്തത്തേയും നശിപ്പിച്ചതിൽ മാധ്യമങ്ങളോളം പങ്ക് ഒരു രാഷ്ട്രീയപാർട്ടിക്കുമില്ല എന്നതാണ് സത്യം. അത്രയും മലീമസമാണ് നമ്മുടെ മാധ്യമരംഗം. യുദ്ധം, അങ്കം, അങ്കത്തട്ട്, മാമാങ്കം, സിംഹാസനം, പോർത്തട്ട്, കരുനീക്കം തുടങ്ങി അപകടപരവും പ്രത്യയശാസ്ത്രപരവുമായ പദാവലികളാണ് കാലമേറെയായി മാധ്യമങ്ങൾ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവരുന്നത്. ഈവർഷം പോലും - 2024 ആണ് ഇത് എന്ന് ഓർക്കണം -പ്രമുഖനായ ഒരു അവതാരകൻ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് അശ്വമേധം എന്ന പേരിലുള്ള പരിപാടിയിലാണ്. ആരെങ്കിലും നെറ്റിചുളിക്കണ്ട എന്ന് കരുതിയാവണം കുതിരപ്പുറത്താണ് യാത്ര. എന്തൊരു ദുരന്തമാണ്, ദരിദ്രമാണ് നമ്മുടെ മാധ്യമരംഗമെന്ന് ഇതിലും നല്ല ഉദാഹരണംവച്ച് പറയാനില്ല. അശ്വമേധത്തെക്കുറിച്ച് അറിയാത്ത ആളല്ല അവതാരകനെന്ന് വ്യക്തം. എന്നിട്ടും രാജാധികാരവും ഹിന്ദുത്വവും ബ്രാഹ്മണ്യവും സാമ്രാജ്യത്വവുമൊക്കെ കൃത്യമായ അളവിൽ സന്ധിക്കുന്ന അശ്വമേധം പോലൊരു ആശയത്തെ നേരിട്ട് സ്വീകരിക്കുന്നു ഈ നൂറ്റാണ്ടിലും ഒരു മലയാളമാധ്യമം! എന്നിട്ട് ഘോരഘോരം പ്രസംഗിക്കുന്നതും നടിക്കുന്നതുമാകട്ടെ, ജനായത്തവും മതേതരത്വവും. ഹിന്ദുത്വ ഈവിധംകൂടിയാണ് മലയാളത്തിൽ, കേരളത്തിൽ അതിൻ്റെ വേരുകളാഴ്ത്തിയിട്ടുള്ളത് എന്നത് പഠിക്കപ്പെട്ടിട്ടുണ്ട്. ആവിധമുള്ള തിരിച്ചറിവുകൾ ഇതേ അവതാരകൻ തൻ്റെ പൂർവകാല പ്രസംഗങ്ങളിൽ അവതരിപ്പിക്കുന്നതും കാണാം. അതായത് അറിയാതെയല്ല, അറിഞ്ഞുകൊണ്ടാണ് ഈ സൂക്ഷ്മമായ പക്ഷംചേരൽ എന്നർഥം.

'പിടിച്ചുകെട്ടാനാരുണ്ട്' എന്ന പുരാണ(കഥാ)കാലചോദ്യംതന്നെയാണ് അവതാരകനും പ്രാഥമികമായി ലക്ഷ്യമാക്കുന്നത്. മിക്കവാറും മലയാളമാധ്യമങ്ങൾക്ക് പ്രിയങ്കരമായ ഒരു പ്രയോഗമാണിത് എന്നും വിസ്മരിക്കാനാവില്ല. ഹോമം, ബ്രാഹ്മണ്യാധിപത്യം തുടങ്ങി മൃഗരതിയടക്കമുള്ള യാഗസംസ്കാരവുമായാണ് അശ്വമേധം ഭാഷാപരമായും ആർഥികമായും ബന്ധപ്പെട്ടിരിക്കുന്നത്. 2019 ലെ ജൂൺ 09 ന്, (മോദിയുടെ തുടർഭരണം മാധ്യമങ്ങൾ ആഘോഷിച്ചുതീരാത്ത കാലം) മാതൃഭൂമി കായികം പേജ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൻ്റെ വാർത്തയ്ക്ക് വലിയ തലക്കെട്ടായി നൽകിയത് 'തുടരട്ടെ... അശ്വമേധം' എന്നാണ്. അശ്വമേധം തുടരാനുള്ളതാണ് എന്നും ടീം ഇന്ത്യ ഒന്നടങ്കം അശ്വമേധം മൂഡിലാണ് എന്നും വാർത്തയിലും എഴുതിനിറച്ച പത്രം ഇവിടെ ഓർത്തെടുന്നത് മറ്റൊന്നുകൂടി പറയാനാണ്. അതേ താളിൽവന്ന മറ്റൊരു വാർത്ത. ഇന്ത്യൻ മാധ്യമങ്ങളിൽ ഒരു വിഭാഗം യുദ്ധക്കൊതിയന്മാരാണെന്ന ഫവാദ് ചൗദരിയുടെ ട്വീറ്റായിരുന്നു അത്. എന്തൊരു ദുരന്തഐറണിയാണ് ആ പത്രപ്പേജ് എന്ന് നോക്കുക!

ഈവർഷം പോലും -2024 ആണ് ഇത് എന്ന് ഓർക്കണം -പ്രമുഖനായ ഒരു അവതാരകൻ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് അശ്വമേധം എന്ന പേരിലുള്ള പരിപാടിയിലാണ്.

അശ്വമേധം പലപാട് വ്യവഹാരത്തിൽ നിലനില്ക്കുന്നതിൻ്റെ ന്യായമെന്താവും? തോപ്പിൽ ഭാസി ഇതേപേരിൽ നാടകവും തിരക്കഥയും എഴുതിയിട്ടുണ്ട്. എ. വിൻസെൻ്റ് 1967 -ൽ സിനിമ ചെയ്തിട്ടുണ്ട്. കുഷ്ടരോഗമായിരുന്നു ഇവിടെ രണ്ടിൻ്റെയും പ്രമേയം. പിന്നീട് ഇതിൻ്റെ പ്രചോദനമാകാം സർക്കാരിൻ്റെ കുഷ്ടരോഗനിർമ്മാർജ്ജന പദ്ധതിയ്ക്കും ഇതായി പേര്. ജി.എസ്. പ്രദീപിൻ്റെ ടി.വി.പ്രോഗ്രാമും ആരുണ്ട് പിടിച്ചുകെട്ടാൻ എന്ന അർഥത്തിലാണ് വന്നത്. വയലാറിൻ്റെ ഒരു കവിതയും ഇതേപേരിൽ സർഗശക്തിയുടെ ദിഗ് വിജയത്തെ ഉദ്ഘോഷിച്ചുകൊണ്ട് വന്നിട്ടിട്ടുണ്ട്. കവിതയിലടക്കം മിക്കവാറും പ്രതിലോമമായിരുന്നു അശ്വമേധ വിവക്ഷകൾ എന്ന് പറയാതെ വയ്യ. തോപ്പിൽഭാസിയുടെ പ്രയോഗംമാത്രം പ്രതിരോധത്തിൻ്റെ സ്വഭാവം ഉൾകൊള്ളുന്നുവെന്ന് കാണാം. മാധ്യമങ്ങളുടെ കാര്യത്തിൽ പക്ഷെ, പ്രതിരോധമല്ല പ്രത്യയശാസ്ത്രംതന്നെയാണ് വിനിമയിക്കുന്നത് എന്ന് വ്യക്തമാണ്. ആധുനികസമൂഹമെന്ന നിലയിൽ പൂർണ്ണമായി രൂപപ്പെടുവാനോ നിലനില്ക്കുവാനോ സമൂഹത്തെ അനുവദിക്കാതിരിക്കുകയാണ് ഫലത്തിൽ ഇത്. ഹൈന്ദവതയുടെ സ്വാഭാവികവത്കരണം എന്ന പ്രത്യയശാസ്ത്രമാണ് നടക്കുന്നത്. ഹൈന്ദവേതരരെ അന്യവത്കരിക്കുക എന്നത് ഇതിൻ്റെ തുടർച്ചയാണ്. ഇതേ മാധ്യമപ്രവർത്തകൻ, മാധ്യമംതന്നെ CAA യെ എതിർക്കുന്നതുകാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോകും പ്രേക്ഷകൻ!

പറഞ്ഞുവന്നത് തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ഇന്ത്യ നിലനില്ക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് നിലവിലെ തെരഞ്ഞെടുപ്പ് പരസ്യവാചകങ്ങളുടെ മറുപടി മതിയാകില്ല എന്ന് രാഷ്ട്രീയബോധമുള്ളവർക്കറിയാം. കൃത്യമായ രാഷ്ട്രീയവും നയവും തീരുമാനവും ഈ പറഞ്ഞ ഒരുകൂട്ടം വോട്ടർമാർക്ക് ഉണ്ടുതാനും. എന്നാൽ ജയപരാജയങ്ങളെ നിർണ്ണയിക്കുക സാധാരണക്കാരായ മനുഷ്യർകൂടിയാണ്. അവരിൽ വലിയ ശതമാനവും ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നതാണ് സത്യം. BJP യ്ക്ക് ചെയ്യില്ല എന്നൊക്കെ തീർച്ചയായും കേരളത്തിലെ വലിയ വിഭാഗം മനുഷ്യരും തീരുമാനിച്ചുകാണും.

അടുക്കളയിലെ ഗ്യാസ് മുതൽ അപകടകരമായ വർഗ്ഗീയതവരെ അവർക്കതിന് ശരിയായ ന്യായങ്ങളുണ്ട്. ആൾക്കുട്ടക്കൊലകൾ മുതൽ സ്റ്റേറ്റ് സ്പോൺസേർഡ് അക്രമങ്ങളുണ്ട്. മണിപ്പൂരും CAA യും ഉണ്ട്. പച്ചയായി വർഗ്ഗീയത പറയുന്ന പ്രധാനമന്ത്രിയും വാലുചുരുട്ടുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും നീതിപീഠങ്ങളുമുണ്ട്. ഗോഡ്സെയും സവർക്കറും മുതൽ കാവിപുതയ്ക്കുന്ന പാഠപുസ്തകവും ദൂരദർശനുംവരെയുള്ള വർത്തമാനമുണ്ട്. വിലക്കയറ്റവും ഇലക്ട്രൽ ബോണ്ടെന്ന ലോകംകണ്ട ഏറ്റവും വലിയ അഴിമതിയുണ്ട്. കൊലചെയ്യപ്പെട്ട എഴുത്തുകാരും മനുഷ്യാവകാശ പ്രവർത്തകരുമുണ്ട്. പള്ളി പൊളിച്ച മണ്ണിൽ അധാർമ്മികമായി പണിത രാമക്ഷേത്രമുണ്ട്. എണ്ണിയാലൊടുങ്ങാത്ത കാരണങ്ങൾ ഉള്ളതുകൊണ്ട് BJP ക്ക് വോട്ടിടില്ല എന്ന ഗ്യാരണ്ടിയുള്ള തീരുമാനം എല്ലാ വോട്ടർമാരിലും തീർച്ചയായും ഉണ്ടാകും. പക്ഷെ പിന്നെയും ബാക്കിനില്ക്കുന്ന രണ്ടിലൊന്നിൻ്റെ സംശയം ബൂത്തിലെത്തുംവരെ അവരെ കുഴക്കിയേക്കാം. എങ്കിലും ഒടുവിലവർ ശരിയായ തീരുമാനംതന്നെ എടുക്കുമെന്ന് പ്രത്യാശിക്കുന്നു. കാരണം ഈ തെരഞ്ഞെടുപ്പിലെ ചെറിയ പിഴവുകൾക്കുപോലും വലിയ വില കൊടുക്കേണ്ടിവരും എന്നതുതന്നെ!

കേരളത്തിലെ വോട്ടർമാർ വലിയ പിഴവുകൾ വരുത്തില്ല എന്നതാണ് എൻ്റെ പ്രതീക്ഷ. ഒന്നോ രണ്ടോ മണ്ഡലങ്ങളിൽമാത്രമുള്ള BJP സാന്നിദ്ധ്യം മേലിൽ ത്രികോണമെന്ന് ഒരു മാധ്യമത്തെയും പറയാൻ അനുവദിക്കാത്തവിധം തുടച്ചുനീക്കണമെന്ന ആഹ്വാനമാണ് എനിക്ക് പങ്കുവെയ്ക്കാനുള്ളത്. ഇന്ത്യ എന്ന മുന്നണിയിൽ മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ എൻ്റെ പ്രതീക്ഷ. ഇന്ത്യ മുന്നണി നിലനിന്നാലേ ഇന്ത്യ എന്ന രാഷ്ട്രവും തുടർന്നും നിലനില്ക്കുകയുള്ളൂ. എല്ലാവരും ശ്രദ്ധയോടെ വോട്ടുചെയ്യുക. മാധ്യമങ്ങളെ എല്ലായ്പ്പോഴും കരുതലോടെമാത്രം ആശ്രയിക്കുക. പാർട്ടികൾ നേതൃത്വം മാറിയാലെങ്കിലും നന്നായെന്ന് വരാം. മാധ്യമങ്ങളിൽ പക്ഷെ ഒരു പ്രതീക്ഷയും വെയ്ക്കരുത്!

Comments