18-ാമത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പും നടന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 ന് നടക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണിത്. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒന്ന്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ കഴിഞ്ഞ പത്തു വർഷത്തെ ഭരണം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുണ്ടാക്കിയിട്ടുള്ള വിള്ളലുകൾ വലിയ ആഴമുള്ളതാണ്.
മതാടിസ്ഥാനത്തിലുള്ള വർഗ്ഗീയ വിഭജനം. പൊളിറ്റിക്കൽ ഇക്കോണമിയും മതവും ഭരണാധികാരവും തമ്മിലെ ഇഴപിരിക്കാനാവാത്ത ബാന്ധവം. സ്വയം ആൾദൈവമായി അവതരിക്കാൻ ഒരു പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങൾ. ആർ.എസ്.എസിൻ്റെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിൻ്റെ നടത്തിപ്പിനായി, ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ എല്ലാ മൂല്യങ്ങളെയും തകർത്ത് നടത്തുന്ന ശ്രമങ്ങൾ. സകല സാംസ്കാരിക- രാഷ്ട്രീയ പ്രതിരോധങ്ങളെയും കയ്യടക്കിയും വിലയ്ക്കു വാങ്ങിയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ജയിലിലടച്ചും നിയമസംവിധാനങ്ങളെയും ഭരണഘടനയെയും തങ്ങൾക്കനുകൂലമാക്കി മാറ്റിയും ബി.ജെ.പിയുടെ അഴിമതിയ്ക്ക് നിയമസാധുതയുണ്ടാക്കിയും ജനാധിപത്യത്തെ അട്ടിമറിച്ച പത്തുവർഷങ്ങളാണ് കഴിഞ്ഞു പോയത്.
കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൻ്റെയും പൗരസമൂഹത്തിൻ്റെയും പ്രതിനിധാനങ്ങളിൽ ചിലരോട് ട്രൂകോപ്പിതിങ്ക് ഇലക്ഷനെ മുൻനിർത്തി ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഉത്തരങ്ങളിൽ, നിലനിൽക്കുന്ന കേന്ദ്ര ഭരണകൂടത്തോടുള്ള ആശങ്കയും നിരാശയും അനിവാര്യമായ മാറ്റത്തിനു വേണ്ടിയുള്ള പ്രതീക്ഷയുമാണുള്ളത്. നിശ്ശബ്ദതയ്ക്ക് ഒറ്റിൻ്റെ രാഷ്ട്രീയമാണുള്ളത് എന്ന രാഷ്ട്രീയനിലപാടാണ് ട്രൂകോപ്പിയുടേത്.
ജനാധിപത്യരാജ്യത്തെ തകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാൻ അരങ്ങേറുന്ന നീക്കങ്ങൾക്കെതിരായ പ്രതിരോധം എല്ലാ തലത്തിലും ഉയർന്നുവരേണ്ടതിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നു.
മനില സി. മോഹൻ,
എഡിറ്റർ ഇൻ ചീഫ്.