വി.പി. സാനു

പ്രതിപക്ഷ ഐക്യമുണ്ടാകുന്നുണ്ട്​;
പക്ഷെ, ​കോൺഗ്രസ്​ എവിടെയാണ്​?

കേരളത്തിലെ കോൺഗ്രസുകാർക്ക് കേരളത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയുന്നില്ല. അവർ കേരളത്തിലേക്ക് ചുരുങ്ങുകയാണ്. അവർ ഇപ്പോഴും ബി.ജെ.പിയെ പ്രധാന ശത്രുവായി കാണാൻ തയാറല്ല. സി.പി.എം മാത്രമാണ് ശത്രു.

മനില സി. മോഹൻ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ ദേശീയ- പ്രാദേശിക തലങ്ങളിലുള്ള പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഐക്യം രൂപപ്പെട്ടിട്ടുണ്ട് എന്ന തോന്നലുണ്ട്. അതിൽ ഇടതുപക്ഷത്തിന് ഒരു പങ്കുമുണ്ട്. ഈ ഐക്യം എത്രത്തോളം മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്?

വി.പി. സാനു: ഇ.ഡി, സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുക എന്നത് ആർ.എസ്.എസ് കൃത്യമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണ്. ഇത് എവിടെയും ആർക്കെതിരെയും നടപ്പാക്കുമ്പോഴും ശക്തമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണ്. കേരളത്തിൽ രാഹുൽ ഗാന്ധി നേരത്തെ വന്നു പറഞ്ഞത്, കേരളത്തിൽ ഇ.ഡി പിണറായി വിജയനെ അറസ്റ്റു ചെയ്യാത്തത്, ഒരു അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമായാണ് എന്നാണ്. ഇപ്പോൾ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്യുന്ന സ്ഥിതിയുണ്ടായി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ ചോദ്യം ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യമുണ്ടായെങ്കിൽ പോലും കോൺഗ്രസ് നിലപാടെടുത്തിട്ടില്ല. ഇപ്പോഴും, രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടശേഷം പോലും.

മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കും എതിരെ ഇത്തരം വിഷയങ്ങൾ വരുമ്പോൾ അതിനെ എതിർക്കാതിരിക്കുകയും എന്നാൽ തങ്ങൾക്കുനേരെയാകുമ്പോൾ എതിർക്കുകയും ചെയ്യുക എന്ന രീതിയാണ് കോൺഗ്രസ് അവലംബിക്കുന്നത്.

പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കോൺഗ്രസ് എത്രമാത്രം ശ്രമിക്കുന്നു എന്നത് പ്രധാനമാണ്. മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കും എതിരെ ഇത്തരം വിഷയങ്ങൾ വരുമ്പോൾ അതിനെ എതിർക്കാതിരിക്കുകയും എന്നാൽ തങ്ങൾക്കുനേരെയാകുമ്പോൾ എതിർക്കുകയും ചെയ്യുക എന്ന രീതിയാണ് കോൺഗ്രസ് അവലംബിക്കുന്നത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി വളരെ തിടുക്കത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതേസമയം, ബംഗാളിൽ നാലുമാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഒടുവിൽ കോടതി ഇടപെട്ടാണ് ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കിയത്. ഫൈസലിന്റെ എം.പി സ്ഥാനം ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും കോൺഗ്രസ് കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ പ്രതിഷേധം.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ പ്രതിഷേധം.

ജഡ്ജി മാറാൻ കാത്തുനിന്നതുതൊട്ട് നോക്കിയാൽ അറിയാം, രാഹുൽ ഗാന്ധിക്കെതിരെ നടന്നത് ആസൂത്രിത സംഭവമാണ് എന്ന്. മാനനഷ്ടം സംഭവിച്ചുവെന്നുപറഞ്ഞ് ഇത്തരമൊരു കേസ് ആർക്കും കൊടുക്കാൻ പറ്റും. ഇവിടെ നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ അല്ല പരാതിക്കാർ എന്നത് ശ്രദ്ധിക്കണം. മാത്രമല്ല, ഇത്തരമൊരു കുറ്റത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയാണ് രണ്ടുവർഷം തടവ്. രണ്ടുവർഷത്തെ തടവാണ് എം.പിയെ അയോഗ്യരാക്കാനുള്ള മിനിമം ശിക്ഷ. അതുകൊണ്ടുതന്നെ ഈ ശിക്ഷ വളരെ ആസൂത്രിതമാണ്.

ഈ സംഭവത്തിന്റെ ഭാഗമായി പ്രതിപക്ഷ ഐക്യനിര ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്നതും രാഷ്ട്രപതി ഭവനിലേക്ക് ഒരുമിച്ച് പ്രകടനമായി പോയതും പാർലമെന്റിൽനിന്നിറങ്ങി വിജയ് ചൗക്കിലേക്ക് പോയതുമെല്ലാം എല്ലാ പാർട്ടികളും പരസ്യമായി ബി.ജെ.പിക്കെതിരെ നിലപാടെടുക്കുന്നതിന്റെ സൂചനയാണ്. ആ നിലയ്ക്ക് പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു എന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ് എന്നതിൽ തർക്കമില്ല.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. / Photo: A.A. Rahim, fb page.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. / Photo: A.A. Rahim, fb page.

ഈ സന്ദർഭത്തിൽ പോലും കോൺഗ്രസ് നിലപാട് ദുരൂഹമാണ്, പ്രത്യേകിച്ച് കേരളത്തിൽ. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം പോലും വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചായിരുന്നു. സംഘ്പരിവാർ എന്നുപോലും പറയാൻ മടിച്ചുകൊണ്ടായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. സി.പി.എമ്മിന് ഷെയർ കിട്ടാനുള്ള ശ്രമമാണെന്നാണ് സതീശൻ പറഞ്ഞത്. ഈ വിഷയത്തെ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ കാണാനുള്ള ശേഷി കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാതാകുന്നതിന്- പ്രത്യേകിച്ച് കേരള കോൺടെക്‌സ്റ്റിൽ- എന്തായിരിക്കും കാരണം?

2013- ലാണ് യൂനിയൻ ഓഫ് ഇന്ത്യ വേഴ്‌സസ് ലില്ലി തോമസ് കേസ്. ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധിക്ക് അപ്പീൽ കാലയളവിൽ അയോഗ്യത ഇല്ലാതാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് സുപ്രീംകോടതി എടുത്തുകളയുന്നു. ഈ വിധി മറികടക്കാൻ അന്ന് മൻമോഹൻ സിങ് കൊണ്ടുവന്ന ഓർഡിനൻസ് മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് പരസ്യമായി കീറെയറിഞ്ഞ വ്യക്തിയാണ് അന്നത്തെ കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി. ആ ഓർഡിനൻസ് ഉണ്ടായിരുന്നുവെങ്കിൽ ഇത്ര പെട്ടെന്ന് രാഹുലിന് അയോഗ്യത കൽപ്പിക്കാൻ പറ്റുമായിരുന്നില്ല.

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

മറ്റൊന്ന്, കേരളത്തിലെ കോൺഗ്രസുകാർക്ക് കേരളത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അവർ കേരളത്തിലേക്ക് ചുരുങ്ങുകയാണ്. അവർ ഇപ്പോഴും ബി.ജെ.പിയെ പ്രധാന ശത്രുവായി കാണാൻ തയാറല്ല. സി.പി.എം മാത്രമാണ് ശത്രു. ഇന്ത്യയിൽ ഇപ്പോഴും സി.പി.എമ്മിനേക്കാളും ഇടതുപക്ഷത്തേക്കാളൂം വലിയ പാർട്ടി തന്നെയാണ് കോൺഗ്രസ്. അത് ആർക്കും നിഷേധിക്കാനാകില്ല. രാജ്യത്ത് മൊത്തം കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിയുന്ന ഒരു സംഭവമുണ്ടായിട്ടുപോലും, അതിൽനിന്ന് സി.പി.എം എന്തെങ്കിലും ഗുണമുണ്ടാക്കുമോ എന്നാണ് അവർ ഭയപ്പെടുന്നത്. ഇതിന്റെ കാരണം, അവരുടെ ശത്രു ബി.ജെ.പി അല്ല എന്നതാണ്. ബി.ജെ.പിക്കെതിരെ പറയാനുള്ള ശേഷിയോ ധൈര്യമോ അവർക്കില്ല. ഇരുട്ടിന്റെ ശക്തി എന്നാണ് സതീശൻ പറയുന്നത്.

എ.കെ. ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. അദ്ദേഹം പ്രതിപക്ഷത്തുവന്നശേഷം എത്ര തവണ രാജ്യസഭയിൽ എഴുന്നേറ്റുനിന്ന് ചോദ്യം ചോദിച്ചിട്ടുണ്ട് എന്ന് നോക്കിയാൽ മതി.

ഐഡിയോളജിക്കലി തങ്ങളും ബി.ജെ.പിയും തമ്മിൽ വലിയ വ്യത്യാസം തോന്നാത്തതുകൊണ്ടാണോ ഈ ആശയക്കുഴപ്പം എന്നുപോലും തോന്നിപ്പോകും.

അതിൽ തർക്കമില്ല. ഉദാഹരണത്തിന്, വടക്കുകിഴക്കൻ മേഖലയിൽ ബി.ജെ.പിയുടെ ഏറ്റവും ശക്തനായ വക്താവ്, ബി.ജെ.പിയേക്കാൾ അവരുടെ നയവുമായി ശക്തമായി മുന്നോട്ടുപോകുന്ന നേതാവ് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ്. പൗരത്വം തെളിയിക്കേണ്ട ഗതികേടുള്ള സംസ്ഥാനമാണ് ഇന്ന് ആസാം. ഹിമന്ദ ശർമ കോൺഗ്രസ് നേതാവായിരുന്നു. അദ്ദേഹം ബി.ജെ.പിയിൽ പോയി, ബി.ജെ.പിയേക്കാൾ ശക്തമായി ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്​. ഇത്തരം നേതാക്കളെല്ലാം മുൻ കോൺഗ്രസുകാരാണ്. നയപരമായി ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല. ഇവിടെ, കേരളത്തിന്റെ സാഹചര്യം വച്ചുകൊണ്ട്, പല കാരണങ്ങളാൽ ഇവർ രണ്ടു പാർട്ടികളായി നിൽക്കുന്നുവെന്നേയുള്ളൂ.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ

അനിൽ ആന്റണിയുടെ നിലപാട്, ഇക്കാര്യത്തിൽ ഒരു സ്‌പെസിമെനായി എടുക്കാമെന്നുതോന്നുന്നു

അനിൽ ആന്റണി ഇത്തരമൊരു നിലപാട് എടുത്തത് ഒരു വ്യക്തിയുടെ പ്രശ്‌നമായി കാണേണ്ടതല്ല. അദ്ദേഹത്തിന്റെ പിതാവ് എ.കെ. ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. അദ്ദേഹം പ്രതിപക്ഷത്തുവന്നശേഷം എത്ര തവണ രാജ്യസഭയിൽ എഴുന്നേറ്റുനിന്ന് ചോദ്യം ചോദിച്ചിട്ടുണ്ട് എന്ന് നോക്കിയാൽ മതി. അദ്ദേഹം കേരളത്തിൽ വന്ന് സി.പി.എമ്മിനെക്കുറിച്ച് പറയാറുണ്ട്. അതിൽ ഒരു ശതമാനം പോലും ബി.ജെ.പിയെക്കുറിച്ച് പറയാറില്ല. അനിൽ ആന്റണിയെ സംബന്ധിച്ച് കോൺഗ്രസും ബി.ജെ.പിയും "ഭായി ഭായി' ആണ്.

അനിൽ ആന്റണി, എ.കെ. ആന്റണി
അനിൽ ആന്റണി, എ.കെ. ആന്റണി

മുമ്പ് ബി.ജെ.പി അനുകൂല നിലപാട് രഹസ്യമായി എടുത്തിരുന്ന ക്രിസ്ത്യൻ സഭകൾ ഇപ്പോൾ അത് പരസ്യമായി പറയുന്നുണ്ട്, വോട്ട്ബാങ്ക് എന്ന നിലയിൽ തന്നെ. ഇവിടെ എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് ക്രിയേറ്റീവായ ഇടപെടൽ നടത്താൻ കഴിയാത്തത്? ഈ വിഷയത്തെ രാഷ്ട്രീയമായി നേരിടാൻ ഇടതുപക്ഷത്തിന് കഴിയുന്നുണ്ടോ?

രാഷ്ട്രീയമായി നേരിടാൻ തീർച്ചയായും ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. അവസരവാദ നിലപാടെടുക്കുന്നവരുണ്ട്. ഇന്ന് ക്രിസ്ത്യാനിക്ക് ബി.ജെ.പിക്കൊപ്പം നിൽക്കാൻ പറ്റുമോ? ഗ്രഹാം സ്‌റ്റൈയിൻസിനെപ്പോലുള്ളവരുടെ കൊലപാതകങ്ങൾ. കർണാടകയിലടക്കം പലയിടങ്ങളിലും ഇന്ന് മൃതദേഹം അടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അടക്കിയ മൃതദേഹം േപാലും തോണ്ടിയെടുക്കേണ്ട സ്ഥിതി. പള്ളികൾ ആക്രമിക്കപ്പെടുന്നു. ക്രൂരമായ ക്രിസ്ത്യൻ വേട്ട നടക്കുന്ന സമയത്തും ബി.ജെ.പിക്കൊപ്പം നിൽക്കുക എന്ന നിലപാടെടുക്കുകയാണ്.
തലശ്ശേരി പിതാവിന്റെ ബി.ജെ.പി അനുകൂല പ്രസ്താവനക്ക് ക്രിസ്ത്യൻ സുമദായത്തിൽ അത്ര പിന്തുണ ലഭിച്ചിട്ടില്ല എന്നു കാണാം. അവരുടെ പ്രസിദ്ധീകരണം തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ലോകത്താകമാനം പരിശോധിച്ചാൽ ക്രിസ്ത്യൻ- മുസ്‌ലിം ദ്വന്ദ്വം കാണാം. അതിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമം കേരളത്തിൽ ബി.ജെ.പി നടത്തുന്നുണ്ട്. ഇടതുപക്ഷ ഇടപെടലും കേരളത്തിന്റേതായ മതനിരപേക്ഷ ബോധ്യമുള്ളതുകൊണ്ടും അത്ര പെട്ടെന്ന് ഈ ശ്രമം കേരളത്തിൽ വിജയിക്കില്ല.

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

മുസ്‌ലിം ലീഗ് ഇടതുപക്ഷത്തേക്ക് വരുമോ എന്ന ചർച്ച സജീവമാണ്. ദേശീയ രാഷ്ട്രീയം ഹിന്ദുത്വക്ക് അനുകൂലമായ നിലപാട് എടുക്കുന്ന സമയത്ത്, മുസ്‌ലിം ലീഗ് ഇനിയുള്ള കാലത്ത് എവിടെയാണ് സ്വയം അടയാളപ്പെടുത്തേണ്ടത് എന്നാണ് തോന്നുന്നത്?

ലീഗിൽ തന്നെ ഇത്തരം അഭിപ്രായമുള്ള നിരവധി പേരുണ്ട്. ഏക സിവിൽ കോഡ് വിഷയം വന്നപ്പോൾ, പി.വി. അബ്ദുൽ വഹാബ് പറഞ്ഞ അഭിപ്രായമുൾപ്പെടെ പരിശോധിച്ചാൽ, നിർണായക സന്ദർഭങ്ങളിൽ കോൺഗ്രസ് എടുത്ത നിലപാട് ന്യൂനപക്ഷങ്ങൾക്ക് അനുകൂലമല്ല എന്നു കാണാം. ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത്, ഐ.എൻ.എൽ രൂപീകരിക്കപ്പെട്ടതും അത്തരമൊരു സാഹചര്യത്തിലാണ്. ഇടതുപക്ഷവുമായി ചേർന്ന് ഇത്തരം നിലപാടെടുക്കുക എന്ന മനഃസ്ഥിതിയുള്ളവർ ലീഗിലുണ്ട്. ഇടതുപക്ഷമാണ് സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്നത് എന്ന ധാരണയുള്ളവർ അതിലുണ്ട്. ഒരു പാർട്ടി എന്നതിനപ്പുറത്തേക്ക് അതിലെ ഒരു വിഭാഗമെന്ന നിലയ്‌ക്കോ വ്യക്തികളെന്ന നിലയ്‌ക്കോ ഇടതുപക്ഷവുമായി യോജിച്ചുനിൽക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം അതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വിഷയം വരുമ്പോഴും അവരുടെ ബോധ്യം അരക്കെട്ടുറപ്പിക്കുകയാണ്.

രാഹുൽ ഗാന്ധി വിഷയത്തിൽ മാധ്യമങ്ങൾ- പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ എടുത്ത നിലപാട് പരിശോധിക്കേണ്ട ഒന്നാണ്. ദേശീയപത്രം എന്നവകാശപ്പെടുന്ന മാതൃഭൂമിയും മനോരമയും ചാനലുകളും എഡിറ്റോറിയലൈസ് ചെയ്ത നിലപാടെടുക്കാൻ തയാറായില്ല. "രാഹുൽ പുറത്ത്' എന്ന് മാതൃഭൂമി കൊടുക്കുന്നു. "പ്രതിപക്ഷം ഒറ്റക്കെട്ട്' എന്ന് മനോരമ പറയുമ്പോൾ ഈ വിഷയത്തിൽ മുഖപ്രസംഗം എഴുതാൻ മനോരമക്ക് കഴിഞ്ഞില്ല. എന്തുകൊണ്ടാണ് കേരളത്തിലെ മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ കൃത്യമായ നിലപാടെടുക്കാൻ കഴിയാതെ പോയത്?

‘ഗോദി മീഡിയ' എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുകയായിരുന്നു ഈ സംഭവം. മാതൃഭൂമി ഏതു കാലത്താണ് രാജ്യം ഭരിക്കുന്ന പാർട്ടിക്ക് എതിരായ നിലപാട് എടുത്തിട്ടുള്ളത്. കോൺഗ്രസ് രാജ്യം ഭരിക്കുമ്പോൾ അവർ കോൺഗ്രസിനൊപ്പമാണ്, ബി.ജെ.പി ഭരിക്കുമ്പോൾ ബി.ജെ.പിക്കൊപ്പമാണ്. അധികാരത്തോട് ചേർന്നുനിൽക്കുക എന്നതിനപ്പുറത്തേക്ക് എപ്പോഴാണ് മാതൃഭൂമി ഒരു നിലപാട് എടുത്തിട്ടുള്ളത്? സ്വന്തം താൽപര്യത്തിനപ്പുറത്തേക്ക്, നാടിനുവേണ്ടിയോ ജനങ്ങൾക്കുവേണ്ടിയോ എന്നാണ് മനോരമക്ക് നിലപാടെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇത് പ്രസക്തമായ ചോദ്യമാണ്. അതുകൊണ്ടുതന്നെ അവരുടെ ഈ നിലപാടിൽ പ്രത്യേകിച്ച് അൽഭുതമില്ല. തങ്ങളെ എതിർത്തിരുന്ന ചില മാധ്യമങ്ങളെ കൂടി ബി.ജെ.പിക്ക് വശത്താക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു മാത്രം. ഇതോടെ, കേന്ദ്ര സർക്കാറിനും മോദിക്കും എതിരെയുള്ള വിമർശനം പരിപൂർണമായി ഇല്ലാതായി എന്നുമാത്രം. ▮

Comments