ഇനി രാഷ്ട്രപതിയുടെ ഒപ്പു മാത്രം മതി വഖഫ് ഭേദഗതി ബിൽ (Waqf -Amendment- Bill) നിയമമാകാൻ. ഇതിനുള്ള നടപടികൾ അതിവേഗത്തിലാക്കിയിരിക്കുകയാണ് രാഷ്ട്രപതി ഭവൻ.
ബില്ലിനെക്കുറിച്ച് ലോക്‌സഭയിൽ 15 മണിക്കൂറും രാജ്യസഭയിൽ 14 മണിക്കൂറും നീണ്ട ചർച്ചയാണ് നടന്നത്. ബിൽ ഇരുസഭകളും കടന്നപ്പോൾ, പല പാർട്ടികൾക്കും അത് പലതരം പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്.
ലോക്സഭയിലും രാജ്യസഭയിലും ബില്ലുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാടുകളിൽ, പാർട്ടികൾക്കിടയിൽ, പ്രത്യേകിച്ച്, ഇരു സഖ്യത്തിലും പെടാത്ത പാർട്ടികൾക്കിടയിൽ, കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കാൻ എൻ.ഡി.എ കാര്യമായ ശ്രമം നടത്തിയിരുന്നു. ഇതോടൊപ്പം, സ്വന്തം സംസ്ഥാനങ്ങളിൽ സെക്യുലർ അവകാശവാദം മുഴക്കുന്ന ജെ.ഡി-യു, തെലുഗുദേശം പാർട്ടി, RLD എന്നീ സഖ്യകക്ഷികൾ മറിച്ചൊരു നിലപാട് എടുക്കാതിരിക്കാനും അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി ശ്രദ്ധ പുലർത്തി. ഈ നീക്കം വിജയിക്കുകയും ചെയ്തു. ബിഹാറിലെ പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനിടയിലും ജെ.ഡി-യു ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഫലമോ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ബീഹാറിൽ പാർട്ടി പിളർപ്പിന്റെ വക്കിലായി.
ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ജെ.ഡി-യുവിലെ അഞ്ച് മുതിർന്ന നേതാക്കളാണ് രാജി വെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിലപാട് തിരിച്ചടിക്കുമെന്നാണ് ഇവരുടെ പക്ഷം. മതനിരപേക്ഷ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന മുസ്‌ലിം വിഭാഗത്തിന് പാർട്ടിയിലുള്ള വിശ്വാസം നഷ്ടമായതായി പാർട്ടി യൂത്ത് വിങ് വൈസ് പ്രസിഡന്റ് തബ്‌റേസ് ഹസൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച രാജിക്കത്തിൽ പറയുന്നു. ജില്ലാ തലങ്ങളിൽ പ്രാദേശിക നേതാക്കളുടെ കൂട്ടരാജിഭീഷണി നേരിടുകയാണിപ്പോൾ ജെ.ഡി-യു.

പ്രതിസന്ധിയിലായ മറ്റൊരു പാർട്ടി രാഷ്ട്രീയ ലോക് ദൾ (RLD) ആണ്. ബില്ലിനെ അനുകൂലിച്ചതിൽ യു.പി സംസ്ഥാന ജനറൽ സെക്രട്ടറി ഷഹ്‌സെയ്ബ് റിസ്‌വി കടുത്ത വിയോജിപ്പ് തുറന്ന് പ്രകടിപ്പിച്ചു. നിർണായക സന്ദർഭത്തിൽ മുസ്‌ലിംകളെ പിന്തുണയ്ക്കുന്നതിനുപകരം മതനിരപേക്ഷതയെ പാർട്ടിയും നേതാവ് ജയന്ത് ചൗധരിയും ഒറ്റിക്കൊടുത്തുവെന്നാണ് റിസ്‌വി വിമർശിച്ചത്: ''ജയന്ത് ചൗധരിയെ മു്‌സലിം വിഭാഗം പിന്തുണക്കുന്നുണ്ട്, എന്നാൽ അവർക്കൊപ്പം നിൽക്കാൻ അദ്ദേഹത്തിനായില്ല'- റിസ്‌വി പറയുന്നു. യു.പിയിൽ പ്രാദേശിക തലത്തിൽ പാർട്ടിയിൽനിന്ന് നിരവധിപേർ രാജിവെക്കാൻ തുടങ്ങിയിട്ടുണ്ട്.
ലോക്‌സഭയിൽ 16 എം.പിമാരുള്ള തെലുഗുദേശം പാർട്ടി ത്രീ ലൈൻ വിപ്പിലൂടെ വോട്ടിംഗ് ഉറപ്പാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്ത് പാർട്ടിക്ക് ഈ നിലപാട് വിശദീകരിക്കുക വിഷമകരമായിരിക്കും. പ്രത്യേകിച്ച്, YSR കോൺഗ്രസ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്ത സാഹചര്യത്തിൽ.

എൻ.ഡി.എക്കും ഇന്ത്യ സഖ്യത്തിനും പുറത്തുള്ള പാർട്ടികളുടെ നിലപാട് വോട്ടെടുപ്പിൽ നിർണായകമായിരുന്നു. പാർട്ടികൾക്കിടയിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള എൻ.ഡി.എ നീക്കം ഫലം കണ്ടു എന്ന് വോട്ടിംഗ് പാറ്റേൺ സൂചിപ്പിക്കുന്നു. രാജ്യസഭയിൽ ഏഴംഗങ്ങളുള്ള ബിജു ജനതാദളിന്റെ (BJD) വോട്ടിംഗിൽ പിളർപ്പുണ്ടാക്കാനായി എന്നത് ഭരണപക്ഷത്തിന്റെ കൂടി വിജയമാണ്.
ബില്ലിനെ എതിർക്കുമെന്നാണ് ബി.ജെ.ഡി ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, വോട്ടെടുപ്പിനുമുമ്പ് മനഃസാക്ഷി വോട്ടിന് ഏഴംഗങ്ങൾക്ക് പാർട്ടി നിർദേശം നൽകി. സഭാ നേതാവ് സസ്മിത് പത്ര അടക്കം രണ്ടുപേർ ബില്ലിനെ അനുകൂലിച്ചും അഞ്ചുപേർ എതിർത്തും വോട്ട് ചെയ്തു. ബി.ജെ.ഡിക്ക് ലോക്‌സഭയിൽ അംഗങ്ങളില്ല.
വോട്ടു ചോർച്ചയില്ലാതെ
പ്രതിപക്ഷവും
ലോക്‌സഭയിൽ ഹാജരായിരുന്ന 520 അംഗങ്ങളിൽ 288 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 232 പേർ എതിർത്തു. കേരളത്തിൽനിന്ന് സുരേഷ് ഗോപി ഒഴികെയുള്ള 18 പേർ എതിർത്തു. വിദേശത്തായിരുന്നതിനാൽ പ്രിയങ്ക ഗാന്ധി സഭയിൽ ഹാജരായിരുന്നില്ല.
എൻ.ഡി.എയ്ക്ക് 293 അംഗങ്ങളും ഇന്ത്യ സഖ്യത്തിന് സ്വതന്ത്രർ അടക്കം 236 അംഗങ്ങളുമാണ് ലോക്‌സഭയിലുള്ളത്. അതായത്, വോട്ടെടുപ്പിൽ ഇരുപക്ഷത്തും കാര്യമായ വോട്ടുചോർച്ചയുണ്ടായില്ല.
രാജ്യസഭയിൽ 128 പേർ അനുകൂലിച്ചും 95 പേർ എതിർത്തും വോട്ട് ചെയ്തു.
രാജ്യസഭയിൽ ഇപ്പോൾ 236 അംഗങ്ങളുണ്ട്. എൻ.ഡി.എയ്ക്ക് 117. ഭൂരിപക്ഷത്തിന് രണ്ടു പേരുടെ കുറവ്. ബി.ജെ.പി- 98, ജെ.ഡി-യു 4, എൻ.സി.പി- 3, തെലുഗുദേശം പാർട്ടി- 2 അംഗങ്ങൾ വീതം. ഒരംഗങ്ങൾ വീതമുള്ള മറ്റ് പത്തു പാർട്ടികളുമുണ്ട്.

ഇന്ത്യ സഖ്യത്തിന് രാജ്യസഭയിൽ 88 എം.പിമാരാണുള്ളത്. കോൺഗ്രസ്- 27, തൃണമൂൽ കോൺഗ്രസ് 13, ഡി.എം.കെ, ആം ആദ്മി പാർട്ടി- പത്തു വീതം, ആർ.ജെ.ഡി- 5, സമാജ്‌വാദി പാർട്ടി, സി.പി.എം- നാലു വീതം ജെ.എം.എം- മൂന്ന്.
ഇരു മുന്നണികളിലും പെടാത്ത 23 എം.പിമാരും രാജ്യസഭയിലുണ്ട്.
ലോക്സഭയിലേതുപോലെ രാജ്യസഭയിലും പ്രതിപക്ഷം ഒറ്റക്കെട്ടായാണ് ബില്ലിനെ എതിർത്തത്. മാത്രമല്ല, പ്രതിപക്ഷത്തിന് AIADMK, YSR കോൺഗ്രസ് അംഗങ്ങളുടെ വോട്ടുകൂടി കിട്ടി. ഏഴ് അംഗങ്ങളുള്ള വൈ.എസ്.ആർ കോൺഗ്രസും നാലംഗങ്ങളുള്ള അണ്ണാ ഡി.എം.കെയും നാലംഗങ്ങളുള്ള ബി.ആർ.എസും ബില്ലിനെ എതിർത്തു. ഇത് അപ്രതീക്ഷിതമായിരുന്നു, പ്രതിപക്ഷത്തിന്.
ബി.ജെ.പിയുമായി സഖ്യചർച്ച തുടങ്ങിവെച്ച AIADMKയുടെ എതിർപ്പ് ബി.ജെ.പിയെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ AIADMKയ്ക്ക് മുസ്‌ലിം വോട്ടുകൾ നിർണായകമാണ്. അതുകൊണ്ട്, മറിച്ചൊരു നിലപാടെടുക്കാൻ പാർട്ടിക്ക് കഴിയുമായിരുന്നില്ല.
YSR കോൺഗ്രസ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ് നൽകിയതായി അറിയിച്ചിരുന്നു. എന്നാൽ ഇത്തരമൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചില എം.പിമാർ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കി.

അതേസമയം, ബില്ലിനെ പിന്തുണച്ച് ചില മുസ്‍ലിം വിഭാഗങ്ങളും രംഗത്തുണ്ട്. അഖിലേന്ത്യ മുസ്‍ലിം ജമാഅത്ത്, അഖിലേന്ത്യ ഇമാം അസോസിയേഷൻ എന്നിവയാണ് ബില്ലിനെ അനുകൂലിക്കുന്നത്. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേട് ഇല്ലാതാക്കാൻ ഭേദഗതികൾക്ക് കഴിയുമെന്ന് അഖിലേന്ത്യ മുസ്‍ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റാസ്‍വി പറയുന്നു. ഭൗമാഫിയയാണ് ഇപ്പോൾ വഖഫ് സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രതിപക്ഷം അധികാരത്തിലിരുന്നപ്പോൾ വഖഫ് സ്വത്തുക്കൾ മുസ്‍ലിംകൾക്ക് ഉപകാരപ്പെട്ടിരുന്നുവോ എന്ന് ഇമാം
നിയമത്തർക്കത്തിലേക്ക്
വഖഫ് ഭേദഗതി ബിൽ നിയമമായാലും ഭാവിയിൽ വൻ നിയമത്തർക്കത്തിലേക്കാണ് പോകുക. കോൺഗ്രസും അസദ്ദുദ്ദീൻ ഒവൈസിയുടെ AIMIM- ഉം തമിഴ്‌നാടുമെല്ലാം ബില്ലിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. വരുംനാളുകളിൽ മുസ്‌ലിം ലീഗ് അടക്കം കൂടുതൽ മുസ്‌ലിം സംഘടനകൾ കൂടി സുപ്രീംകോടതിയിൽ ഹർജി നൽകാനിരിക്കുകയാണ്. ബിൽ ഭരണഘടനാവിരുദ്ധവും മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതും ആണെന്നാണ് വിമർശനം.
എന്നാൽ, കോൺഗ്രസ്- യു.പി.എ സർക്കാറുകളുടെ നിർദ്ദേശങ്ങളാണ് തങ്ങൾ നടപ്പാക്കുന്നത് എന്നും ബിൽ പ്രതിപക്ഷ ആശയമാണ് എന്നുമാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി കിരൺ റിജിജു പറയുന്നത്. 1976-ൽ രൂപവത്കരിച്ച വഖഫ് അന്വേഷണ സമിതി, വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുതവല്ലിമാർ സ്വത്ത് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് പഠിക്കാൻ സച്ചാർ കമ്മിറ്റിയുണ്ടാക്കി. വഖഫ് സ്വത്ത് കൃത്യമായി പരിപാലിച്ചാൽ 4.9 ലക്ഷം വഖഫ് സ്വത്തുക്കളിൽനിന്ന് 12,000 കോടി രൂപയുണ്ടാക്കാം എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ 8.72 ലക്ഷം വഖഫ് സ്വത്താണുള്ളത്- റിജിജു പറയുന്നു.