കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി

വയനാട് ദുരന്ത സഹായം:
കേന്ദ്ര നിഷേധം ബോധപൂർവം, കേന്ദ്രമന്ത്രിയുടെ കത്ത് തെളിവ്

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് വയനാട് ദുരന്തം ‘ലെവൽ 3’ ആയി വിജ്ഞാപനം ചെയ്താൽ അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്ന് പുനരധിവാസത്തിന് കൂടുതൽ തുക കണ്ടെത്താൻ സംസ്ഥാന സർക്കാരിനു ശ്രമിക്കാം. ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് പ്രത്യേക സഹായം കേരളത്തിനു നൽകാൻ യൂണിയൻ സർക്കാർ നിർബന്ധിതമാകും. ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള ബോധപൂർവ ശ്രമമമാണ് യൂണിയൻ സർക്കാർ ചെയ്യുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു - ​ഗോപകുമാർ മുകുന്ദൻ എഴുതുന്നു.

മാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുൾ പൊട്ടൽ കേരളം കണ്ട ഏറ്റവും ഭീതിതമായ പ്രകൃതി ദുരന്തമാണ്. ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റർ വരും (debris flow) എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചിൽ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണ്.

വയനാട്ടിലുണ്ടായ ഈ പേപ്പാച്ചിലിൽ 251 മനുഷ്യരുടെ ജീവനും രണ്ടു ഗ്രാമങ്ങൾ ഏതാണ്ട് അപ്പാടെയും ഒലിച്ചുപോയി. 47 പേരെ ഇനിയും കണ്ടെത്താനുണ്ട്. 378 പേർക്ക് ഗുരുതര പരിക്ക് പറ്റി. ഏതാണ്ട് 2000 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. സ്കൂളുകളും, കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കിൽ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിലധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചുപോയി. ഈ മഹാദുരിതത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പൊതു ആവശ്യത്തെ, അത്തരമൊരു വകുപ്പില്ല എന്നു പറഞ്ഞ് നിരാകരിക്കുകയാണ് യൂണിയൻ സർക്കാർ ഇപ്പോൾ ചെയ്യുന്നത്. അതേസമയം മാരകമായ ദുരന്തം എന്ന ഒരു വകുപ്പുണ്ടല്ലോ എന്ന വസ്തുത വിസ്മരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു പ്രകൃതി ദുരന്തത്തെ മാരകമായ ഒന്നായി (Disaster of a severe nature) കണ്ട് പ്രത്യേക ധനസഹായം ലഭ്യമാക്കാൻ തയ്യാറാകാത്ത വിധം കേരളത്തോട് വിദ്വേഷം കാണിക്കുന്നത് എന്തുകൊണ്ടാണ്? കേവലം വാക്കുകളുടെ പൊള്ളത്തരങ്ങളിൽ കുടുക്കി നിഷേധിക്കേണ്ടതാണോ കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ?

വയനാട്ടിൽ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റർ വരും. ഇന്ത്യയിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള  ഏറ്റവും വലിയ മണ്ണിടിച്ചിൽ മൂന്നു ദശലക്ഷം  ക്യുബിക് മീറ്ററാണ്.
വയനാട്ടിൽ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റർ വരും. ഇന്ത്യയിൽ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചിൽ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണ്.

കേരളം ആവശ്യപ്പെടുന്നത്

ആദ്യ മെമോറാണ്ഡം മുതൽ മൂന്നു പ്രധാന കാര്യങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്:

  • 1. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ദേശീയ ദുരന്ത പ്രതികരണനിധിയുടെ (National Disaster Risk Management Fund-NDRMF) മാനദണ്ഡമനുസരിച്ച് 'Disaster of Severe Nature' ആയി പ്രഖ്യാപിക്കണം.

  • 2. ദുരന്ത നിവാരണ നിയമത്തിന്റെ വകുപ്പ് 13 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ദുരന്ത ബാധിതരുടെ എല്ലാ ലോണുകളും എഴുതി തള്ളണം.

  • 3. ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദുരന്ത പ്രതികരണ നിധിയിൽനിന്ന് അടിയന്തര അധിക സഹായം അനുവദിക്കണം.

ഈ കാതലായ ആവശ്യങ്ങളോട് പ്രതികരിക്കാതെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്ന സാങ്കേതികത്വത്തിൽ പിടിച്ച് കേരളത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് യൂണിയൻ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി നവംബർ പത്തിന് അയച്ച കത്തിൽ സ്വീകരിച്ചിരിക്കുന്നത്.

ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് ലെവൽ 3 (L3-'Disaster of Severe Nature') ആയി വിജ്ഞാപനം ചെയ്യപ്പെട്ടാൽ പുനരധിവാസത്തിന് കൂടുതൽ തുക വിവിധ അന്തർദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് കണ്ടെത്തുവാൻ സംസ്ഥാന സർക്കാരിനു ശ്രമിക്കാം. മാത്രമല്ല, ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് പ്രത്യേക സഹായം കേരളത്തിനു നൽകാൻ യൂണിയൻ സർക്കാർ നിർബന്ധിതമാകും. ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള ബോധപൂർവ ശ്രമമമാണ് യൂണിയൻ സർക്കാർ ചെയ്യുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിത്യാനന്ദറായിയുടെ കത്തിൽ ഇതിന്റെ സൂചനകളുണ്ട്.

ഡിസാസ്റ്റർ മാനേജ്മെന്റിൽ യൂണിയൻ സർക്കാരിന്റെ ഉത്തരവാദിത്തം എന്താണ്?
ഡിസാസ്റ്റർ മാനേജ്മെന്റിൽ യൂണിയൻ സർക്കാരിന്റെ ഉത്തരവാദിത്തം എന്താണ്?

ദുരന്ത പ്രതികരണം
ആരുടെ ഉത്തരവാദിത്തം?

ദുരന്ത പ്രതികരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ് എന്നു പറഞ്ഞാണ് ആഭ്യന്തര സഹമന്ത്രി തന്റെ കത്ത് തുടങ്ങുന്നത്. ഇക്കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല. സമീപകാല ദുരന്ത സംഭവങ്ങളിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ ആഗോളമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ദുരന്ത മാനേജ്മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ് എന്നതുപോലെ ദുരന്ത പ്രതികരണ നിധി ലഭ്യമാക്കേണ്ടത് യൂണിയൻ സർക്കാരുകൾ / ഫെഡറൽ സർക്കാരുകളാണ് എന്നു ധനകാര്യ കമീഷൻ വ്യക്തമാക്കുന്നു.

അതേസമയം, ഡിസാസ്റ്റർ മാനേജ്മെന്റിൽ യൂണിയൻ സർക്കാരിന്റെ ഉത്തരവാദിത്തം എന്താണ്? ഇക്കാര്യത്തിൽ അവലംബിക്കാവുന്ന ഒരു രേഖ യൂണിയൻ ധനകാര്യ കമീഷൻ റിപ്പോർട്ടാണ്. ധനകാര്യ കമീഷനുകളാണ് ദുരന്ത പ്രതികരണ നിധിയുടെ വിഹിതം തീരുമാനിക്കുന്നത്.

ദുരന്ത പ്രതികരണനിധി സംബന്ധിച്ച നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിൽ സ്വീകരിച്ച തത്വങ്ങൾ 15-ാം ധനകാര്യ കമീഷൻ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ദുരന്ത മാനേജ്മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ് എന്നതുപോലെ ദുരന്ത പ്രതികരണ നിധി ലഭ്യമാക്കേണ്ടത് യൂണിയൻ സർക്കാരുകൾ / ഫെഡറൽ സർക്കാരുകളാണ് എന്നു കമീഷൻ വ്യക്തമാക്കുന്നു.

ഇതാണ് അന്തർ ദേശീയമായി സ്വീകരിക്കപ്പെടുന്ന രീതി. (… in all countries with a federal system, while it is the union or federal government which provides disaster assistance, the primary responsibility for disaster management rests with states).

വയനാട്ടിലുണ്ടായ മഹാദുരിതത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പൊതു ആവശ്യത്തെ, അത്തരമൊരു വകുപ്പില്ല  എന്നു പറഞ്ഞ്  നിരാകരിക്കുകയാണ് യൂണിയൻ സർക്കാർ ചെയ്യുന്നത്.
വയനാട്ടിലുണ്ടായ മഹാദുരിതത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പൊതു ആവശ്യത്തെ, അത്തരമൊരു വകുപ്പില്ല എന്നു പറഞ്ഞ് നിരാകരിക്കുകയാണ് യൂണിയൻ സർക്കാർ ചെയ്യുന്നത്.

എന്തിനൊക്കെയാണ് ഈ ദുരന്ത പ്രതികരണ നിധി ലഭ്യമാക്കേണ്ടത്? ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായമാണ് നൽകുന്നത്, അല്ലാതെ നഷ്ടപരിഹാരമല്ല (only relief, not compensation) എന്നതാണ് നിത്യാനന്ദറായിയുടെ കത്തിൽ പറയുന്ന ഒരു കാര്യം. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള റിലീഫിനു മുകളിൽ നഷ്ടം പരിഹരിക്കാൻ ബാധ്യതയില്ല എന്നതാണ് ഈ കത്തിലെ വ്യംഗ്യം എന്നു വ്യക്തം. ധനകാര്യ കമീഷൻ സ്വീകരിച്ച സമീപനത്തെ അപ്പാടെ തള്ളുന്ന നിലപാടാണിത്.

ദുരന്ത നിവാരണ നിയമത്തിന്റെ ആവിർഭാവത്തോടെ ദുരന്ത പ്രതികരണം സംബന്ധിച്ച സമീപനത്തിൽ വന്ന സമൂല മാറ്റത്തെ നിരാകരിക്കുകയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചെയ്യുന്നത്. നിലവിലുണ്ടായിരുന്ന ദുരന്ത സഹായനിധി (Calamity Relief Fund) ദുരന്ത പ്രതികരണ നിധിയായി (Disaster Response Fund) മാറിയത് ഈ സമീപന മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത ദുരന്ത പ്രതികരണ നിധിയുടെ വിഭജനം ഈ മാറ്റം കൂടുതൽ വ്യക്തമാക്കും.

വയനാട്ടിലെ മനുഷ്യരുടെയും ആ നാടിന്റെയും ജീവിതം തിരിച്ചു പിടിക്കാൻ 1200 കോടി രൂപയെങ്കിലും വേണ്ടതുണ്ട് എന്ന കണക്കു പറഞ്ഞ കേരളത്തോട്, അതു നടപ്പില്ല എന്നു പറയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്ക് കമീഷൻ ശുപാർശ ചെയ്തത് 1,28,122 കോടി രൂപയാണ്. അതിൽ റിലീഫിനായി (Response and Relief) 64,061 കോടി രൂപയും വീണ്ടെടുപ്പിനും പുനർനിർമ്മാണത്തിനുമായി (Recovery and Reconstruction) 48,046 കോടി രൂപയും തയ്യാറെടുപ്പ് ചെലവുകൾക്കായി (Preparedness and Capacity building) 16,015 കോടി രൂപയുമാണ് ധനക്കമീഷൻ ശുപാർശ ചെയ്തത്. ഇതേപോലെ കേന്ദ്ര സർക്കാർ അധീനതയിലുള്ള ദേശീയ ദുരന്ത പ്രതികരണ നിധിയിലെ 54,770 കോടി രൂപയിൽ റിലീഫിനായി 27,385 കോടി രൂപയും വീണ്ടെടുപ്പിനും പുനർനിർമ്മാണത്തിനുമായി 20,539 കോടി രൂപയും തയ്യാറെടുപ്പ് ചെലവുകൾക്കായി 6,846 കോടി രൂപയുമാണ് ധനക്കമീഷൻ ശുപാർശ ചെയ്തത്. പിന്നെ റിലീഫിന് മാത്രമാണ് സഹായം ലഭിക്കുക എന്ന ഇപ്പോഴത്തെ നിലപാട് എന്തുകൊണ്ടാണ്? സാധാരണ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്ന് പരിഹരിക്കാവുന്ന നാശമല്ല വയനാടിന് സംഭവിച്ചത്. വയനാട്ടിലെ മനുഷ്യരുടെയും ആ നാടിന്റെയും ജീവിതം തിരിച്ചു പിടിക്കാൻ 1200 കോടി രൂപയെങ്കിലും വേണ്ടതുണ്ട് എന്ന കണക്കു പറഞ്ഞ കേരളത്തോട്, അതു നടപ്പില്ല എന്നു പറയുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

ദുരന്തമുഖത്തും കേന്ദ്രം കേരളത്തോട് പുലർത്തുന്ന വിവേചനമാണ്  ഈ നീതിനിഷേധത്തിന്റെ അടിസ്ഥാനം.
ദുരന്തമുഖത്തും കേന്ദ്രം കേരളത്തോട് പുലർത്തുന്ന വിവേചനമാണ് ഈ നീതിനിഷേധത്തിന്റെ അടിസ്ഥാനം.

അധിക സഹായം

വയനാടിന് എന്തുകൊണ്ട് യൂണിയൻ സർക്കാർ സഹായം നൽകുന്നില്ല എന്ന ചോദ്യത്തെ നേരിടുന്ന രീതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ പണം നൽകിയിട്ടുണ്ട് എന്ന വാദമാണ് പറയുന്നത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് രൂപീകരിക്കപ്പെട്ട കരുതൽ നിധിയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയും (State Disaster Risk Management Fund- SDRMF) ദേശീയ ദുരന്ത പ്രതികരണ നിധിയും. ഓരോ സംസ്ഥാനത്തിന്റെയും ദുരന്ത പ്രതികരണ നിധിയിൽ യൂണിയൻ സർക്കാർ നൽകേണ്ട സാധാരണ വിഹിതം ധനകാര്യ കമീഷൻ നിശ്ചയിച്ച് ശുപാർശ ചെയ്തിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സാധാരണ സംഭവിക്കുന്ന നാശങ്ങൾക്ക് സഹായം നൽകുന്നത് ഈ നിധിയിൽ നിന്നാണ്. അസാധാരണമായ സാഹചര്യങ്ങളിൽ ഇതിനു മുകളിൽ കേന്ദ്ര സർക്കാർ സൂക്ഷിയ്ക്കുന്ന ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അധിക സഹായം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ആഭ്യന്തര സഹമന്ത്രിയുടെ കത്തും ഇതു നിഷേധിക്കുന്നില്ല. മാരകമായ ദുരന്തങ്ങളിൽ ദേശീയ നിധിയിൽ നിന്ന് അധിക സഹായം അനുവദിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. പിന്നെന്താണ് ഇവിടെ തടസ്സം?

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ല എന്ന തൊടുന്യായം പറയുകയാണ് ചെയ്യുന്നത്. ദേശീയ ദുരന്തം (National Disaster) എന്ന പദം കേരളം കണ്ടുപിടിച്ചതാണോ? പത്താം ധനകാര്യ കമീഷൻ ശുപാർശ ചെയ്ത കാര്യം ഇവിടെ പ്രസക്തമാണ്: “…Once a calamity is deemed to be of rare severity it really ought to be dealt with as a national calamity requiring assistance and support beyond what is envisaged in the CRF Scheme...” അസാധാരണ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി അധിക സഹായം ലഭ്യമാക്കണം എന്നതായിരുന്നു ശുപാർശ. കേന്ദ്ര സർക്കാർ അംഗീകരിച്ച റിപ്പോർട്ടാണിത് എന്നോർക്കണം.

വയനാട് സംഭവിച്ചത് 'Disaster of Severe Nature' ആണ് എന്നതിൽ തർക്കമുണ്ടായിട്ടല്ലല്ലോ ഈ നീതി നിഷേധം. ദുരന്തമുഖത്തും കേരളത്തോട് പുലർത്തുന്ന വിവേചനമാണ് ഈ സ്ഥിതിയ്ക്ക് കാരണം.

Comments