അസമിൽ ഗാന്ധി എങ്ങനെയാണ്​ ഇടപെടുക?

ഇന്ത്യൻ സമൂഹത്തിൽ ശക്തി പ്രാപിച്ചു കഴിഞ്ഞ മതാതിഷ്ഠിത ധ്രുവീകരണം അടിത്തട്ടിലെ മനുഷ്യരിൽ അളന്നെടുക്കാൻ കഴിയാത്തത്ര അശാന്തി പടർത്തിക്കഴിഞ്ഞു. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ഉന്നം വെച്ചുള്ള ഭരണകൂട അധികാരശക്തികളുടെ ഇടപെടൽ. എറ്റവും ഒടുവിൽ ആസാമിൽ നാം കണ്ടത് അതാണ്.

നിലവിലെ ഇന്ത്യൻ അവസ്ഥയിൽ ഗാന്ധിജിയെ പുനർനിർവ്വചിക്കേണ്ടത് അനിവാര്യതയായി മാറിയിട്ടുണ്ട്. പതിവ് ഗാന്ധി സ്മരണക്ക് പുറത്ത് ഗാന്ധിജി കണ്ടെത്തിയ മതേതര ദേശ രാഷ്ട്ര സങ്കല്പങ്ങളെ പൊതു ഇടങ്ങളിൽ സംവാദാത്മകമായി ഉയർത്തി കൊണ്ടുവരേണ്ടത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തീർന്നിരിക്കുകയാണ്. അത്തരം സാഹചര്യങ്ങളെ ശരിവെക്കും വിധം ഇന്ത്യൻ സമൂഹത്തിൽ ശക്തി പ്രാപിച്ചു കഴിഞ്ഞ മതാതിഷ്ഠിത ധ്രുവീകരണം അടിത്തട്ടിലെ മനുഷ്യരിൽ അളന്നെടുക്കാൻ കഴിയാത്തത്ര അശാന്തി പടർത്തിക്കഴിഞ്ഞു. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ഉന്നം വെച്ചുള്ള ഭരണകൂട അധികാരശക്തികളുടെ ഇടപെടൽ.

എറ്റവും ഒടുവിൽ അസമിൽ നാം കണ്ടത് അതാണ്. മതത്തെ മുൻനിർത്തിയുള്ള ഈ വിഭാഗീയതയുടെ രാഷ്ട്രീയ പരിഹാരത്തിന് ഏറ്റവും മികച്ച വഴി ഗാന്ധിയൻ ദർശനങ്ങളുടെ പുനർവ്യഖ്യാനങ്ങളാണ്. അവിടെ പരിഹാരത്തിലേക്കുള്ള വഴി അഹിംസയുടെതാണ്. മതത്തെ മുൻനിർത്തിയുള്ള സമകാലീന ഇന്ത്യൻ പരാക്രമങ്ങളെ മറികടക്കാൻ ദൈവത്തെ അറിയേണ്ടതുണ്ട്. ദൈവത്തെ അറിയാതെയുള്ള ഏതൊരു മത ചിന്തയും വർഗീയമാണ് എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. അവിടെ ഗാന്ധിജിയുടെ ദൈവവ്യാഖ്യാനം ഏറ്റവും ലളിതവും പ്രസക്തവുമാണ്. "മനുഷ്യ ഭാഷക്ക് ദൈവത്തെപ്പറ്റി ഏറ്റവും പരിപൂർണമായ വിശദീകരണം കൊടുക്കാൻ കഴിയുമെങ്കിൽ, എന്നെ സംബന്ധിച്ച് ഞാൻ എത്തിച്ചേർന്നിരിക്കുന്ന നിഗമനം ദൈവം സത്യമാകുന്നു എന്നതാണ്.' ഈയൊരു ബോധത്തിലേക്ക് മതവിശ്വാസികൾ വളരേണ്ടതുണ്ട്.

അസമിൽ കുടിയൊഴിക്കലിനിടെ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതദേഹത്തിൽ പൊലീസിനൊപ്പം വന്ന ബിജയ് ബനിയ എന്ന ഫോട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യം.
അസമിൽ കുടിയൊഴിക്കലിനിടെ പൊലീസ് വെടിവെച്ചുകൊന്ന കർഷകന്റെ മൃതദേഹത്തിൽ പൊലീസിനൊപ്പം വന്ന ബിജയ് ബനിയ എന്ന ഫോട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യം.

ജനാധിപത്യത്തെ അധികാരമേൽക്കോയ്മക്ക് കീഴിൽ നിർത്തിയ ഈ കാലത്ത് ഗാന്ധിയൻ ചിന്താമണ്ഡലത്തെ വീണ്ടും വീണ്ടും വ്യഖ്യാനിക്കേണ്ടതുണ്ട്. നിലവിൽ ഇന്ത്യ എത്തിപ്പെട്ട തീവ്രഹിന്ദുത്വ മതരാഷ്ട്ര നീക്കത്തെ റദ്ദു ചെയ്യുന്നതിന്റെ ഭാഗമായിട്ട് അതിനെ പ്രയോജനപ്പെടുത്താൻ കഴിയണം. ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്തുന്നതിൽ ഗാന്ധിജി വഹിച്ച പങ്ക് ചരിത്രപരമായ രാഷ്ട്രീയ പ്രവർത്തനമാണ്. എന്നാൽ ഭാഷ, ദേശ, സംസ്കാര, ഗോത്ര, വംശീയവുമായ നിരവധി വൈജാത്യങ്ങളെ നേരിൽ കണ്ട ഗാന്ധിജിക്ക് അതിനെ മറികടന്ന് മുന്നേറാൻ കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ഇന്ത്യ എന്ന രാഷ്ട്രം. ഈ സമീപനത്തിൽ ഗാന്ധിജിക്ക് സ്വീകര്യമായ അഹിംസയിലെ മാർഗ്ഗവും ലക്ഷ്യവും വലിയ അളവിൽ വൈവിധ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളെ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മതേതരമായ മനസ്സിനെ അന്നെ വളർത്തിയെടുക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞത്. ഈ മതേതര മനസ്സിന് എപ്പോഴൊക്കെ ചെറുതും വലുതുമായ പരിക്ക് പറ്റിയോ അപ്പോഴൊക്കെ ഇന്ത്യ തളർന്നിട്ടുണ്ട്. അതാകട്ടെ ന്യൂനപക്ഷ ഭൂരിപക്ഷ മതവിശ്വാസികൾക്കിടയിൽ അരക്ഷിതമായ സാമൂഹിക ബോധത്തെയാണ് വളർത്തിയത്. അപ്പോഴൊക്കെ രാഷ്ട്രീയമായ രക്ഷാകവചം നമുക്ക് ചുറ്റുമുണ്ടെന്ന ഇരകളുടെ വിശ്വാസം പൂർണ്ണമായി തകരുന്നത് 2014 ലെ കേന്ദ്രത്തിലെ ഭരണമാറ്റത്തോടെയാണ്.

സാമൂഹിക അരക്ഷിതാവസ്ഥയിൽ നിന്നുള്ള പരിഹാരം രാഷ്ട്രീയമായ നടപടികളാണ്. ഓരോ ഇന്ത്യക്കാരനെയും അത്തരം ഇടപെടൽ ദേശക്കൂറിലേക്ക് നയിക്കുന്നു. ദേശം, രാഷ്ട്രം എന്നിങ്ങനെയുള്ള വിചാരങ്ങൾ ജീവിതത്തിന്റെ ഭാഗമാകുന്നത് സൂരക്ഷിതമായ കാലഘടനയിലാണ്. ഈയൊരു സുരക്ഷിത ബോധമാണ് 1947 ആഗസ്റ്റ് - 14- ന് കൽക്കത്തയിലെ തെരുവിൽ ഗാന്ധിജി കാണിച്ചു തന്നത്. ആ മാതൃക തങ്ങളുടെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ ഹിന്ദുത്വ ശക്തികൾ ഗാന്ധിജിയെ അവസാനിപ്പിച്ചത് അതുകൊണ്ടാണ്. അത്രമാത്രം മതസഹിഷ്ണുതയിൽ അടിയുറച്ച് അതീവ സൂക്ഷമതയോടെയാണ് ഗാന്ധിജി യാത്ര നടത്തിയത്. അതേ രീതിയിൽ അതിനെ വീണ്ടെടുക്കേണ്ടതുണ്ട്. അതാകട്ടെ എല്ലാ അർത്ഥത്തിലുമുള്ള വീണ്ടെടുപ്പായിരിക്കണം. വർത്തമാന ഇന്ത്യയിലെ മതേതര, ജനാധിപത്യ, രാഷ്ട്രീയ നിലപാടുകൾക്ക് ഏറ്റ ഗുരുതരമായ പരിക്കുകളെ പരിഹരിക്കുന്നതിന്റെ ഭാഗം കൂടിയാണത്.

സംഘ്പരിവാർ ശക്തികൾക്ക് ഒരിക്കലും ഗാന്ധിജിയെ സഹിഷ്ണുതയോടെ കാണാൻ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം വ്യക്തിപരമായിരുന്നില്ല. അടിസ്ഥാനപരമായ നിലപാടിന്റെ ഭാഗമായിരുന്നു. അതു കൊണ്ടാണ് 1942-ൽ കൊൽക്കത്തയിൽ ഹിന്ദു മുസ്‌ലിം ലഹള അവസാനിപ്പിക്കാൻ നടത്തിയ നിരാഹാര പരിപാടിയെ ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസർ കളിയാക്കിയത്. അന്നത്തെ പത്രത്തിലെ വാർത്തയുടെ തലവാചകം "റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുന്നു' എന്നായിരുന്നു. അത്രമാത്രം അസഹിഷ്ണുതയോടെ ഗാന്ധിയെ സമീപിക്കാൻ ഹിന്ദുത്വ ശക്തികളെ അന്ന് പ്രേരിപ്പിച്ചത് മുസ്‌ലിം ജനതയോട് കാണിച്ച അടുപ്പമായിരുന്നു.

പുറത്ത് നിന്നു നോക്കുമ്പോൾ അതൊരു മതപരമായ ഇടപെടൽ എന്നാണ് തോന്നുക. എന്നാൽ ഗാന്ധിയെ സംബന്ധിച്ച് അതൊരു മാനവികതയുടെ ഭാഗമായിരുന്നു. മരണപ്പെടുന്നത് മനുഷ്യരാണ്. അത് ചെയ്യുന്നതും മനുഷ്യരാണ്. അതിന്റെ കാരണം, മതപരമായ വിരുദ്ധ ചിന്താഗതിയാണ്. ആ സമയത്ത് മർദ്ദിതരുടെ ഭാഗം നിൽക്കുക എന്നത് ഗാന്ധിജിയെ സംബന്ധിച്ച് നീതിയുടെ ഭാഗമാണ്. ഇത് എല്ലാ രംഗത്തും ഗാന്ധി സ്വീകരിച്ച നിലപാടായിരുന്നു. അപ്പോഴും ഗാന്ധിജിയെ സംബന്ധിച്ച്‌ ഹിന്ദു മത വിശ്വാസമായി ബന്ധപ്പെട്ട നിരവധി വിമർശനങ്ങൾ അന്നും ഇന്നും നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ.

എന്നാൽ നിലവിലെ ഇന്ത്യൻ അവസ്ഥയിൽ നാം ഗാന്ധിയെ വീണ്ടെടുക്കുമ്പോൾ അതൊന്നും പ്രസക്തമായ വിഷയമായി മാറുന്നില്ല.കാരണം, ഇന്ന് രാജ്യം എത്തിപ്പെട്ട പ്രതിസന്ധി ഭരണകൂടത്തിന്റെ രാഷ്ട്രീയ അധികാരവുമായ ബന്ധപ്പെട്ടതു മാത്രമല്ല, മറിച്ച്‌ ജനാധിപത്യ അവകാശങ്ങളെ നിരാകരിക്കാൻ മതത്തെ ഉപയോഗിക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ നാനാജാതി വൈവിധ്യങ്ങളുടെ അപൂർവ്വമായ ഇന്ത്യൻ സംഘാതത്തെ നിലനിർത്തുക എന്നതാണ് പ്രധാനം.

സത്യമാണ് ദെെവം. അഹിംസയിയാണ് സത്യത്തിലേക്കുള്ള പാത. ഗാന്ധിയുടെ കെെയ്യെഴുത്ത് / Photo: Wikimedia Commons
സത്യമാണ് ദെെവം. അഹിംസയിയാണ് സത്യത്തിലേക്കുള്ള പാത. ഗാന്ധിയുടെ കെെയ്യെഴുത്ത് / Photo: Wikimedia Commons

അതിനു വേണ്ടിയാണ് ഇന്ന് ഇന്ത്യ ഗാന്ധിജിയെ പൂർവ്വാധികം ശക്തിയോടെ വീണ്ടെടുക്കണം എന്നു പറയുന്നത്. അതിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി കാര്യങ്ങളാണ് സംഘ് പരിവാർ ശക്തികൾ നിലവിൽ ചെയ്തു വരുന്നത്. ഗാന്ധിജി ഏറ്റവും കൂടുതൽ കരുതലോടെ സമീപിച്ച മതേതര സങ്കല്പത്തെ തകർക്കുകയും പകരം മതപരമായ വിഭജിത സമൂഹമായി ഇന്ത്യൻ രാഷ്ട്രീയാവസ്ഥയെ മാറ്റുകയാണ്. ഇത് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാവാൻ പോവുകയാണ്. ഇതിനാകട്ടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് 1924-ൽ രൂപം കൊണ്ട ആർ.എസ്.എസിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ്. അവിടെ രാമൻ അധികാരത്തിന്റെ മാതൃകാ പുരുഷനായി മാറുന്നു. ഒരേ സമയം രാമനെ വിശ്വാസ തലങ്ങളിലൂടെ വളർത്തി അധികാരത്തിന്റെ ഫാസിസ്റ്റ് ടൂൾ ആക്കി മാറ്റിയിരിക്കുന്നു. എന്നാൽ ഗാന്ധിജിയെ മുൻനിർത്തിയുള്ള ഹിന്ദുത്വ ശക്തികളുടെ രാമ സങ്കല്പത്തെ ഗാന്ധിജി തന്നെ തിരുത്തുന്നുണ്ട്. "ഒരു ന്യൂനപക്ഷം പണത്തിൽ കിടന്നു മറിയുമ്പോൾ സാമാന്യ ജനതക്ക് വിശപ്പടക്കാൻ പോലും കഴിയാതിരിക്കുന്നതുപോലുള്ള അന്യമായ അസമത്വങ്ങൾ നിലനിൽക്കുമ്പോൾ രാമരാജ്യത്തിന് യാതൊരു സാധ്യതയുമില്ല.'

മറ്റൊന്നു കൂടി സുവ്യക്തതയോടെ ഗാന്ധിജി പറഞ്ഞു വെക്കുന്നുണ്ട്. "ഞാൻ ആരാധിക്കുന്ന രാമൻ, എന്റെ സങ്കല്പത്തിലുള്ള രാമൻ സമ്പൂർണ സത്തയാണ്. ചരിത്ര പുരുഷനല്ല."എന്നിട്ടും ഗാന്ധിയുടെ രാമരാജ്യ കാഴ്ചപ്പാടിനെ തീവ്ര ഹിന്ദുത്വ മതാത്മബോധത്തിലേക്ക് അടക്കം ചെയ്യുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചാൽ സമകാലീന ഇന്ത്യൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ യുക്തിയെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയും.

ഇന്നത്തെ നിലയിൽ എത്തിയ ബി.ജെ.പിയുടെ അധികാരവൽക്കരണ നിർമ്മിതി തുടക്കം മുതൽ വർഗീയ ധ്രുവീകരണം വഴിയാണെന്ന് എളുപ്പത്തിൽ ബോദ്ധ്യമാകും. അതിന്റെ തുടക്കം ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ ദേശങ്ങളിൽ നിന്നായിരുന്നു. 1980 ൽ മൊറാദാബാദ്, 1982- മീററ്റ്, 1981 ബിഹാർ, 1981 വഡോദര, 1983 ഹൈദരബാദ്, 1984 ഭിവണ്ടി ബോംബെ ഇങ്ങനെ പോകുന്നു ആ വർഗ്ഗീയ കലാപ പരമ്പര. ഇത്തരം വർഗ്ഗീയ ധ്രുവികരണം വഴി ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണമായ സവർണ ജാതി ഘടനയെ അവർ അധികാരത്തിലേക്ക് വളർത്തി. ഇതൊടൊപ്പം കീഴ്ജാതി സ്വത്വങ്ങളെ അടിച്ചമർത്തുക എന്നത് അവരുടെ ഭരണകൂട അധികാരത്തിലേക്കുള്ള വഴി കൂടിയായിരുന്നു. ഇതിന് തടസ്സമായ മതേതര ഐക്യപ്പെടലുകളെ തകർക്കുക എന്നത് അവരുടെ എക്കാലത്തെയും ലക്ഷ്യമാണ്. അത് സാധ്യമായാലേ തങ്ങൾക്ക് രാഷ്ട്രീയ അധികാരത്തിലേക്ക് വളരാൻ കഴിയൂ എന്ന തിരിച്ചറിവിന്റെ ഫലമാണ് ഗാന്ധി വധം. അതാണ് ശരിയെന്ന് വാദിച്ചു ജയിക്കാനുള്ള രാഷ്ട്രീയമായ ഭൗതീക സാഹചര്യങ്ങളിലേക്ക് ഹിന്ദുത്വ രാഷ്ടീയ ശക്തികൾ മാറിക്കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് അവർ കൊന്നിട്ട ഗാന്ധിജിയെ തന്നെ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജനാധിപത്യ വിശ്വാസികൾ തിരഞ്ഞെടുക്കുന്നത്. അതിനു കാരണം, ഗാന്ധിയൻ സാമൂഹിക നിരീക്ഷണങ്ങൾക്കും രാഷ്ട്രീയ ദർശനങ്ങൾക്കും ഇപ്പോഴും പ്രധാന്യമുണ്ട് എന്നതാണ്.

ഗാന്ധിയൻ സ്മരണകൾ എങ്ങനെ രാഷ്ട്രീയ പ്രതിരോധമായി വളർത്താം എന്നതിലും കണിശമായ നിരീക്ഷണം ആവശ്യമാണ്. കാരണം, തന്റെ അവസാന കാലത്ത് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ട്. "ആരും എന്നെ കേൾക്കുന്നില്ല. ഞാൻ ആവശ്യം കഴിഞ്ഞ കുതിരയാണ്.' എന്നു മാത്രമല്ല സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം പറഞ്ഞത് "ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല' എന്നാണ്. എന്നാൽ വെടിയേറ്റു മരിക്കുന്നതിന് മുമ്പേ ഇന്ത്യൻ ബഹുസ്വരതയുടെ അന്തർധാരയെ കുറിച്ച് ഗാന്ധിജി വ്യക്തമാക്കിയ ഒട്ടനവധി നിരീക്ഷണങ്ങൾ കാലിക പ്രസക്തമാണ്. ഭൂമിയിലെ സത്യരാജ്യമാണ് രാമരാജ്യംഎന്ന തിരിച്ചറിവ് നൽകുന്ന ആന്തരിക ജ്ഞാനം ചെറുതല്ല. സത്യമാണ് ഈശ്വരൻ എന്നു പറയുമ്പോൾ തൊണ്ണൂറു ശതമാനത്തോളം വരുന്ന രാജ്യത്തെ മതവിശ്വാസികളായ മനുഷ്യരെ മാനസികമായ നവീകരണത്തിനായി പാകപ്പെടുത്തൂകയാണ്. അത് ഇന്ത്യയുടെ ബഹുസ്വര സമൂഹത്തിന്റെ നിലനില്പിന് അവശ്യം വേണ്ട ഘടകമാണ്. അത്രമാത്രം മതപരമായ വൈജാത്യങ്ങൾക്കിടയിൽ ദൈവവിശ്വാസത്തെ സത്യമായി വ്യാഖ്യാനിക്കുമ്പോൾ മനുഷ്യർക്കിടയിലെ അപര വിദ്വേഷത്തെ അത് ഇല്ലായ്മ ചെയ്യുന്നു. ആ തലത്തിലേക്ക് ഗാന്ധിയൻ സ്മരണയെ പ്രയോജനപ്പെടുത്തുമ്പോൾ നമുക്ക് മുമ്പിൽ നിലവിലെ അവസ്ഥയിൽ അതൊരു രാഷ്ട്രിയ പരിഹാരമായി പ്രയോജനപ്പെടുകയാണ്. ഒപ്പം ജനാധിപത്യ അവകാശങ്ങളുടെ വീണ്ടെടുപ്പുകൂടിയാണത്. ആ അർത്ഥത്തിൽ ഗാന്ധിജിയെ കുറിച്ചുള്ള സ്മരണ ഹിന്ദുത്വ അധികാര ശക്തികൾക്ക് എതിരെയുള്ള രാഷ്ട്രീയ പ്രതിരോധമായി വളർത്തേണ്ടതുണ്ട്. രാജ്യത്തെ മതേതര സമൂഹത്തെ സഹിഷ്ണുതാപരമായി നിലനിർത്തിക്കൊണ്ടു വേണം നമ്മുടെ ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കാൻ. അവിടെ ഒരു മത രാഷ്ട്രവാദത്തിന് ഇടമില്ല. അത്തരമൊരു ബോധ പ്രയാണത്തിൽ ഗാന്ധിജി ഇന്നത്തെ അരക്ഷിത ഇന്ത്യൻ അവസ്ഥയിൽ പ്രതീക്ഷയാണ്. അതു കൊണ്ടാണ് ഗാന്ധിജിയെ വീണ്ടെടുക്കേണ്ടത് അനിവാര്യമായ രാഷ്ട്രീയ പ്രവർത്തനമായി മാറുന്നത്.


Summary: ഇന്ത്യൻ സമൂഹത്തിൽ ശക്തി പ്രാപിച്ചു കഴിഞ്ഞ മതാതിഷ്ഠിത ധ്രുവീകരണം അടിത്തട്ടിലെ മനുഷ്യരിൽ അളന്നെടുക്കാൻ കഴിയാത്തത്ര അശാന്തി പടർത്തിക്കഴിഞ്ഞു. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ഉന്നം വെച്ചുള്ള ഭരണകൂട അധികാരശക്തികളുടെ ഇടപെടൽ. എറ്റവും ഒടുവിൽ ആസാമിൽ നാം കണ്ടത് അതാണ്.


Comments