ശശികുമാർ

ആയുധവൽക്കരിക്കപ്പെട്ട മതം കൊണ്ട്
മുറിവേറ്റ ഒരു രാജ്യവും ഭരണഘടനയും

മതത്തെ ഉപയോഗിച്ച്, മതത്തെ ആയുധവത്കരിച്ച്, സമൂഹത്തെ ഭിന്നിപ്പിച്ച്, അധികാരത്തിൽ തുടരാനുള്ള സംഘ്പരിവാറിന്റെ ഇടുങ്ങിയ രാഷ്ട്രീയ അജണ്ട എങ്ങനെയാണ് ഇന്ത്യൻ സെക്യുലറിസത്തെ ബാധിക്കാൻ പോകുന്നത് എന്ന് പരിശോധിക്കുകയാണ് മാധ്യമപ്രവർത്തകനായ ശശികുമാർ.

മനില സി. മോഹൻ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനം, സ്വതന്ത്ര്യ മതേതര റിപ്പബ്‌ളിക് എന്ന ഇന്ത്യയുടെ ഭരണഘടനാ നിര്‍വചനത്തെ, വ്യാഖ്യാനത്തെ ഇല്ലാതാക്കി എന്ന് പറയേണ്ടിവരും. സെക്യുലറായി നില്‍ക്കുന്ന മനുഷ്യര്‍ക്കു മുഴുവന്‍ നിരാശ തോന്നുന്ന ചരിത്ര സന്ദര്‍ഭം കൂടിയാണിത്. സംഘപരിവാര്‍ ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നാണ് കരുതുന്നത്? ഹിന്ദുത്വ പ്രത്യയശാസ്ത്രം എത്രത്തോളം വിനാശകരമായി ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ട്?

ശശികുമാർ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങള്‍ ശ്രീരാമന്റെ പേരിലായിരുന്നുവെങ്കിലും ശ്രീരാമന്‍ എന്ന സങ്കല്‍പ്പത്തിനുതന്നെ കോട്ടമുണ്ടാക്കുന്ന ഒന്നായിരുന്നു അത്. belittling of the concept of the ideal Maryadapurushan Sriraman. കാരണം, ശ്രീരാമനെ വിശ്വാസികള്‍ ദൈവമായാണ് കരുതുന്നത്. ആ പ്രതീകം ഒരു മര്യാദാപുരുഷോത്തമന്‍ എന്നാണ് സങ്കല്‍പ്പം. ചില അതിരുകളും disciplines- ഉം പാലിക്കുന്ന ഒന്ന്. The paragon of virtue, the paragon of duty, the paragon of following the rules- അതാണ് 'മര്യാദ' എന്നതിന്റെ അര്‍ഥം. 'പുരുഷോത്തമന്‍' എന്നുവച്ചാല്‍, The Ultimate man, the exemplary man- ഉത്തമനായ പുരുഷന്‍.

അതിനൊക്കെ കളങ്കം വരുത്തുന്ന രീതിയിലാണ് അവിടെ ശ്രീരാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിന്റെ ഉദ്ദേശ്യശുദ്ധിയാണ് ഏറ്റവും വലിയ പ്രശ്‌നം. ഹിന്ദുക്കള്‍ മാത്രമല്ല, മറ്റു മതങ്ങള്‍ പോലും ആദരിക്കുന്ന സങ്കല്‍പ്പമാണ് ശ്രീരാമന്‍. വടക്കേ ഇന്ത്യയില്‍ 'രാം രാം' എന്നാണ് പരസ്പരം അഭിസംബോധന ചെയ്യുന്നത്. ആ സങ്കല്‍പം സാധാരണ ഇന്ത്യൻ സൈക്കിയുടെ ഭാഗമാണ്. പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയുടെ. ആ മര്യാദാ പുരുഷോത്തമനെ വളരെ നീചമായ രീതിയില്‍ രാഷ്ട്രീയവല്‍ക്കരിച്ച് ഒരു രാഷ്ട്രീയകർമപരിപാടി അല്ലെങ്കിൽ രാഷ്ട്രീയതന്ത്രമായി സങ്കുചിതപ്പെടുത്തി. അതിലൂടെ ആ സങ്കല്‍പ്പത്തെ മാത്രമല്ല, സാധാരണ ഇന്ത്യക്കാരുടെ വിശ്വാസത്തെ കൂടിയാണ് അപമാനിച്ചിരിക്കുന്നത്. 

രാജ്യത്തിൻ്റെ പ്രധാനമന്ത്രി, ഒരു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുതന്നെ ഭരണഘടനയ്ക്കേറ്റ ആഘാതമാണ്.

മതവിശ്വാസത്തെ സ്വാർത്ഥമായ രാഷ്ട്രീയലാഭത്തിനുവേണ്ടി, സങ്കുചിതവും ഇടുങ്ങിയതുമായ ഒരു തലത്തിലേക്ക് വക്രീകരിച്ചുപയോഗപ്പെടുത്തിയ നിർണായക സന്ദർഭമാണിത്. ശരിയായ വിശ്വാസിക്ക്, ശരിയായ ആത്മീയ ചിന്തയുള്ള ഒരാൾക്ക് ഇത് എങ്ങനെ ചെയ്യാൻ സാധിക്കും എന്ന് എനിക്ക് അത്ഭുതം തോന്നുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മുഴുവൻ പരിപാടിയും ആഭാസമാണ് എന്ന് അതിൽത്തന്നെ എഴുതി വെച്ചിട്ടുണ്ട്. തീർച്ചയായും ഇത് ഇന്ത്യൻ ഭരണഘടനക്കേറ്റ ആഘാതമാണ്.

ഇന്ത്യൻ ചിന്താധാരയിൽ സെക്യുലറിസം സഹിഷ്ണുതയാണ്. പലതരം മതങ്ങളുള്ള ഒരു മൈതാനത്ത് സ്വന്തം മതം പ്രഖ്യാപിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൂടിയാണ്. അത് മൂന്നും പ്രധാനമാണ്.

ഒരു ഭരണഘടനാസ്ഥാനത്തിരിക്കുന്നയാൾ, രാജ്യത്തിൻ്റെ പ്രധാനമന്ത്രി, ഒരു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുതന്നെ ഭരണഘടനയ്ക്കേറ്റ ആഘാതമാണ്. അത് ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞ, ‘ഇന്ത്യ ഒരു സെക്യുലർ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ്’ എന്നതിലെ സെക്യുലർ എന്ന വാക്കിനെ അർത്ഥശൂന്യമാക്കി എന്നു മാത്രമല്ല, ആ വാക്കിനെ അപമാനിക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്.

എന്താണ് സെക്യുലറിസം കൊണ്ട് അർത്ഥമാക്കുന്നത്? എന്തുകൊണ്ടാണ് ഭരണഘടനയിൽ സെക്യുലറിസം വന്നത്. ഇന്ത്യൻ സാഹചര്യത്തിൽ സെക്യുലറിസം എന്നാൽ മതത്തെ നിരാകരിക്കലല്ല എന്ന് നമുക്കറിയാം. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നു പറയുന്നതുപോലെയുമല്ല, ഭരണഘടനയിലെ സെക്യുലറിസത്തിൻ്റെ അർത്ഥം. ഇന്ത്യൻ ചിന്താധാരയിൽ സെക്യുലറിസം സഹിഷ്ണുതയാണ്. പലതരം മതങ്ങളുള്ള ഒരു മൈതാനത്ത് സ്വന്തം മതം പ്രഖ്യാപിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൂടിയാണ്. അത് മൂന്നും പ്രധാനമാണ്; പ്രത്യേകിച്ച് ന്യൂനപക്ഷ മതങ്ങൾക്കുള്ള അവകാശം.

ഭൂരിപക്ഷ മതത്തിൻ്റെ ഹിംസാത്മകമായ സ്വാധീനതയാണ് ബോധപൂർവ്വം നടത്തിയത്. അതാണ് അയോധ്യ പ്രതിഷ്ഠാപനത്തെ അപകടകരമായ ഒന്നാക്കി മാറ്റുന്നത്.

പക്ഷേ ഇവിടെ സംഭവിച്ചത് അതല്ല. ഒരു മതത്തിൻ്റെ വലിയ രീതിയിലുള്ള പ്രകടനാത്മകതയും ആഘോഷവുമാണ് നടന്നത്. ഭൂരിപക്ഷ മതത്തിൻ്റെ ഹിംസാത്മകമായ സ്വാധീനതയാണ് ബോധപൂർവ്വം നടത്തിയത്. അതാണ് അയോധ്യ പ്രതിഷ്ഠാപനത്തെ അപകടകരമായ ഒന്നാക്കി മാറ്റുന്നത്. ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ, വോട്ടുരൂപത്തിൽ സ്വാധീനിക്കാനുള്ള മനഃശാസ്ത്രപരമായ ശ്രമങ്ങളുടെ ആരംഭം കൂടിയാണ്. അത് അപകടം ഇരട്ടിപ്പിക്കുന്നു. ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത സെക്യുലറിസം എന്ന ആശയത്തിൻ്റെ അന്തഃസത്ത, ഒന്നിപ്പിക്കലിൻ്റെ രാഷ്ട്രീയം, ബഹുസ്വരതയുടെ സമ്മേളനം- ഇതെല്ലാം ഇല്ലാതാക്കപ്പെടുന്നു. ഒരു മൂല്യബോധമായി ഹിന്ദു മതത്തെ  ഉൾക്കൊള്ളുന്ന വിശ്വാസികളും ഇതിനെതിരായിരിക്കും എന്ന് കരുതുന്നു. ഭരണഘടനയിലെ സെക്യുലറിസത്തിൻ്റെ വിശ്വാസ്യതയാണ് ഇല്ലാതാക്കപ്പെട്ടിരിക്കുന്നത്.

'തൊട്ടുകൂടാത്ത ‘വർക്ക് പ്രവേശിക്കാനാവാത്ത ആചാരം നിലനിൽക്കുമ്പോൾ ക്ഷേത്രത്തിൽ പോകില്ലെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്.

രാമസങ്കല്പത്തിലുള്ള മര്യാദാപുരുഷോത്തമൻ എന്ന ആശയത്തിലേക്ക് തിരിച്ചുവന്നാൽ, ആ സങ്കല്പം മുന്നോട്ടുവെയ്ക്കുന്ന ധർമം അഥവാ നീതി എന്നു പറയുന്നത്, ഏത് സാഹചര്യത്തിലും  ധർമത്തിൻ്റെ പാതയിൽ നിന്ന് വ്യതിചലിക്കാത്ത ഒന്നാണ്. അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട രീതി പക്ഷേ ഈ സങ്കല്പങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമാണ്. അതിൻ്റെ രാഷ്ട്രീയവത്കരണം, അതിനായി ചെലവഴിച്ച പണം, ധൂർത്ത്, പ്രചാരണ പരിപാടികൾ, വിശ്വാസത്തിൻ്റെ ആഘോഷം- ഇതൊന്നും മര്യാദാപുരുഷോത്തമൻ്റെ ധർമത്തിന് നിരക്കുന്നതല്ല.

എൻ്റെ അഭിപ്രായത്തിൽ ഗാന്ധിജിയെപ്പോലെ രാമസങ്കല്പത്തിൻ്റെ ശക്തിയെ, അതിൻ്റെ ശേഷിയെ ധാർമികാർത്ഥത്തിൽ മനസ്സിലാക്കുകയോ ശക്തമായി പ്രയോഗിക്കുകയോ ചെയ്ത മറ്റൊരാളില്ല. അദ്ദേഹത്തിന് മതത്തിൻ്റെ ചട്ടക്കൂട് എന്നത് ധാർമിക മൂല്യങ്ങളുടെ വിചാരവും ധാർമിക സൂചികയും ധർമത്തിൻ്റെ ചുമതലാ നിർവ്വഹണവുമായിരുന്നു. ഗാന്ധിജിയുടെ രാമരാജ്യ പ്രയോഗം ബഹുസ്വരതയുടെ ആശയമായിരുന്നു. ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയ ഗാന്ധിജിയുടെ പ്രധാന വിഷയം, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതായിരുന്നു. സത്യത്തെ, സത്യാഗ്രഹത്തെ ഗാന്ധിജി ആയുധമാക്കി മാറ്റി. സത്യത്തെ അറിയുകയെന്നാൽ മനുഷ്യരെല്ലാം തുല്യരാണ് എന്ന അറിവാണ് എന്നദ്ദേഹം പറഞ്ഞു. ഹിന്ദുസമുദായത്തിനകത്തുപോലും തൊട്ടുകൂടായ്മ പാടില്ലെന്ന് ഗാന്ധിജി പറഞ്ഞു. അദ്ദേഹം ക്ഷേത്രങ്ങളിൽ പോയില്ല. ആചാരാനുഷ്ഠാനങ്ങളെ ഉള്ളിൽ കൊണ്ടുനടന്നില്ല. 'തൊട്ടുകൂടാത്ത ‘വർക്ക് പ്രവേശിക്കാനാവാത്ത ആചാരം നിലനിൽക്കുമ്പോൾ ക്ഷേത്രത്തിൽ പോകില്ലെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്.

ഗാന്ധിജിയെപ്പോലെ രാമസങ്കല്പത്തിൻ്റെ ശക്തിയെ, അതിൻ്റെ ശേഷിയെ ധാർമികാർത്ഥത്തിൽ മനസ്സിലാക്കുകയോ ശക്തമായി പ്രയോഗിക്കുകയോ ചെയ്ത മറ്റൊരാളില്ല.

ഒരിക്കൽ  ഒറീസയിൽ ചെന്ന സമയത്ത് പുരി ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചപ്പോൾ, ദലിതരെ കയറ്റാത്ത ക്ഷേത്രത്തിലേക്ക് വരികയില്ലെന്ന് ഗാന്ധി പറഞ്ഞു. കസ്തൂർബാ ഗാന്ധിയ്ക്കും ക്ഷണമുണ്ടായിരുന്നു. അവർ ക്ഷേത്രത്തിൽ പോയിരുന്നു. ഇത് ഗാന്ധിജിയെ വലിയ രീതിയിൽ അസ്വസ്ഥനാക്കി. പിന്നീട് തെറ്റു മനസ്സിലാക്കിയ കസ്തൂർബ, ഗാന്ധിജിയോട് ക്ഷമ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് മതത്തെക്കുറിച്ചുള്ള തൻ്റെ നിലപാടിൽ അത്രയും വ്യക്തതയുണ്ടായിരുന്നു.  

ഹിന്ദുത്വ എന്നത് മതത്തെ ഉപയോഗിച്ച്, മതത്തെ ആയുധവത്കരിച്ച്, സമൂഹത്തെ ഭിന്നിപ്പിച്ച്, അധികാരത്തിൽ തുടരാനുള്ള ഏറ്റവും ഇടുങ്ങിയ രാഷ്ട്രീയ അജണ്ടയാണ്. അതാണ് അടിസ്ഥാനപരമായ വ്യത്യാസം. അതുകൊണ്ടാണ്, മനുഷ്യരെ തുല്യരാക്കുന്നതിനും ഒന്നിപ്പിക്കുന്നതിനും മതമെന്ന രൂപകത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന മനുഷ്യൻ്റെ ഉദാഹരണം പറഞ്ഞത്.

മതത്തെ ഉപയോഗിക്കുന്ന രീതിയിൽ ആർ.എസ്.എസ് പുലർത്തുന്ന സ്ഥിരതയും തീവ്രതയും ഒരർത്ഥത്തിൽ സമ്മതിക്കാതെ തരമില്ല. അത് ഒരിക്കലും വിശ്വാസത്തെ ഉണ്ടാക്കുന്നതിനോ വളർത്തുന്നതിനോ അല്ല.

ഹിന്ദുമതത്തിനകത്തെ ഐക്യത്തിനുവേണ്ടി മാത്രമല്ല, ഹിന്ദു- മുസ്‍ലിം ഐക്യത്തിനുവേണ്ടിയും അദ്ദേഹം പോരാടി. ഗാന്ധിയുടെ രാമസങ്കല്പമാണ് ഇന്ത്യക്കാവശ്യം. മോദിയുടെയോ ആർ.എസ്.എസിൻ്റെയോ രാമനല്ല. അത് ഹിന്ദുയിസത്തിനുതന്നെ അപകടകരമായ സങ്കല്പമാണ്. അതിനാലാണ് ഹിന്ദുത്വവും ഹിന്ദുയിസവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസത്തെക്കുറിച്ച് നാം നിരന്തരം പറഞ്ഞു കൊണ്ടിരിക്കേണ്ടത് ആവശ്യമാണ് എന്ന് പറയുന്നത്. ഹിന്ദുത്വ, ഹിന്ദുയിസത്തിൻ്റെ അന്തഃസത്തയെ ഉൾക്കൊള്ളുന്നില്ല.

ഒരു ദീർഘകാല പദ്ധതിയിലൂടെ, അതിവിദഗ്ധമായ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയാണ് സംഘപരിവാർ ഭരണകൂടാധികാരവും സാമൂഹികാധികാരവും നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, അപ്പോഴും എൻ.ഡി.എയ്ക്ക് വോട്ടുചെയ്യാത്തവരാണ് 60 ശതമാനവും. ഇന്ത്യൻ ജനാധിപത്യത്തിൽ നമ്മുടെ പ്രതീക്ഷ എന്താണ്?

തീർച്ചയായും ഇത് ഇന്ത്യൻ ജനാധിപത്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘട്ടമാണ്. അയോധ്യ അമ്പലത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ രീതിയും അതിൻ്റെ ഉദ്ദേശ്യവും കാണിക്കുന്നത്, തുടക്കം മുതലുള്ള ആർ.എസ്.എസിൻ്റെ അജണ്ടയിൽ ഒരു മാറ്റവുമില്ല എന്നാണ്. മതത്തെ ഉപയോഗിക്കുന്ന രീതിയിൽ അവർ പുലർത്തുന്ന സ്ഥിരതയും തീവ്രതയും ഒരർത്ഥത്തിൽ സമ്മതിക്കാതെ തരമില്ല. അത് ഒരിക്കലും വിശ്വാസത്തെ ഉണ്ടാക്കുന്നതിനോ വളർത്തുന്നതിനോ അല്ല.

അയോധ്യയിലെ രാമക്ഷേത്രം

മറിച്ച് ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായാന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ്. ഭൂരിപക്ഷത്തിൻ്റെ എല്ലാത്തരം ഹിതത്തിനും അനുസരിച്ചു മാത്രം ജീവിക്കുന്ന ന്യൂനപക്ഷമുള്ള ഒരു സാമൂഹികാവസ്ഥ. അത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന് വിരുദ്ധമാണ്. സാമൂഹികമായും ഭരണഘടനാപരമായും തുല്യനീതിയ്ക്ക് എതിര്. അത് ഭരണഘടനയിലെ ഒരു വ്യവസ്ഥയല്ല, മൗലികാവകാശമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വം തന്നെ അതാണ്. അതിനാണ് ഇപ്പോൾ ആഘാതമുണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ ആർ. എസ്.എസിന് ഒരു പങ്കുമില്ല എന്ന് നമുക്കറിയാം. അതല്ലായിരുന്നു അവരുടെ പരിസരം. പതിറ്റാണ്ടുകളാണ് ക്ഷമയോടെ, തീവ്രതയോടെ, സ്ഥൈര്യത്തോടെ, അപകടകരമായി ഈ അജണ്ട അവർ മുന്നോട്ടു കൊണ്ടുപോയത്, സമൂഹത്തിൻ്റെ വിടവുകളിൽ പ്രതിഷ്ഠിച്ചത്. ബഹുസ്വര സമൂഹമായിരുന്ന ഒന്നിനെ വിഘടിപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്. സഹിഷ്ണതയുള്ള, ബഹുസ്വരമായിരുന്ന, പരസ്പര ബഹുമാനമുണ്ടായിരുന്ന ഒരു സമൂഹത്തെ സംഘപരിവാറിൻ്റെ ദീർഘകാല ഹിന്ദുത്വ രാഷ്ട്രീയ അജണ്ട ഉപയോഗിച്ച്  പരസ്പരം സംശയിക്കുന്നവരും, ശ്രേണീബദ്ധരും, ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമുള്ളവരുമാക്കി മാറ്റി. അതിൻ്റെ ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകൾ നമുക്ക് നേരത്തേ കിട്ടിയിട്ടുണ്ട്.

സ്വത്വരാഷ്ട്രീയത്തിന് മേൽക്കൈ ഉണ്ടാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണിത്. സ്വത്വത്തിൻ്റെ ആധിപത്യത്തിൽ മതം മാത്രമല്ല ജാതി, ഗോത്രം ഇതിനൊക്കെയാണ് മുൻതൂക്കം.

1990- കളുടെ പകുതിയിൽ ഞാൻ ഡൽഹിയിൽ പി.ടി.ഐ.യിൽ ജോലി ചെയ്തിരുന്ന സമയം., നാഥുറാം ഗോഡ്സേയുടെ സഹോദരൻ ഗോപാൽ ഗോഡ്സേ ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനയിൽ പങ്കെടുത്തതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവിൽക്കിടന്ന് പുറത്തുവന്ന് പുനെയിൽ താമസിക്കുകയാണ്. പി.ടി.ഐ ഗോപാൽ ഗോഡ്സേയെ ഇൻ്റർവ്യൂ ചെയ്തു. ഞാൻ പി.ടി.ഐ ടി.വിയിലാണ്. അവസാന ചോദ്യം ഇങ്ങനെയായിരുന്നു. ഒരിക്കൽകൂടി ജീവിതം മുഴുവൻ ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ നിങ്ങൾ മുൻപ് ചെയ്തത് ആവർത്തിക്കുമോ? മറ്റൊരു തരത്തിൽ പറഞ്ഞാൽ ഗാന്ധി വധത്തിൽ പങ്കാളിയാവുമായിക്കുന്നോ എന്ന്. ഗോപാൽ ഗോഡ്സേയുടെ മറുപടി ഭയപ്പെടുത്തുന്നതായിരുന്നു: എനിക്ക് കഴിഞ്ഞ ജീവിതം ജീവിക്കാൻ അവസരമുണ്ടായാൽ, അന്ന് ഗാന്ധിയും അതേ സാഹചര്യത്തിൽ ജീവിക്കുന്നുണ്ടെങ്കിൽ, അങ്ങനെയൊരു കൃത്യത്തിലേക്ക് ഞങ്ങളെ നയിച്ച സാഹചര്യങ്ങളും അതുപോലെത്തന്നെ നിലനിൽക്കുന്നുണ്ടെങ്കിൽ എന്താണോ ഞങ്ങളന്ന് ചെയ്തത്, അതു തന്നെ വീണ്ടും ചെയ്യും എന്നായിരുന്നു ആ മറുപടി. അതാണ് ആർ.എസ്.എസിൻ്റെ രീതി. നമുക്ക് ദേശീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടോ പ്രചോദനമോ അല്ല ആർ.എസ്.എസിൻ്റെ ദേശീയതയെക്കുറിച്ചുള്ള നിലപാട്. അങ്ങനെയെങ്കിൽ ദേശീയ സ്വാതന്ത്ര്യസമരത്തിൽ അവർക്ക് എന്തെങ്കിലും പ്രവർത്തിക്കാനുണ്ടായേനെ. മതത്തേയും വിശ്വാസത്തിൻ്റെ തലത്തിൽ അല്ല അവർ കാണുന്നത്. ഗോൾവാൾക്കർ നിരീശ്വരവാദിയായിരുന്നല്ലോ. മതത്തെ ആളെക്കൂട്ടാനുള്ള തന്ത്രമായിട്ടാണ് പ്രയോഗിക്കുന്നത്. അധികാരത്തിലെത്താനുള്ള ഉപാധി. ആ അജണ്ടയുടെ നീണ്ട കാല കാത്തിരിപ്പിൻ്റെ പൂർത്തീകരണമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. 

ഗോപാല്‍ ഗോഡ്സേ

മതം, രാഷ്ട്രീയാധികാരം, മൂലധനാധികാരം എന്നിവയുടെ ആനുപാതിക സങ്കലനമാണ് സംഘപരിവാറിൻ്റെ ഫോർമുല. ഇതിന് ഒരു ബദൽ ഫോർമുല എങ്ങനെ സാധ്യമാക്കാക്കാം എന്നാണ് കരുതുന്നത്?

ശരിയാണ്. മതം, കോർപ്പറേറ്റ് ചങ്ങാത്തം, രാഷ്ട്രീയ അധികാരം ഇവ മൂന്നും സംഘപരിവാറിൻ്റെ മാരക സംയുക്തമാണ്. അതിൽ ഒരു തെറ്റിദ്ധാരണയ്ക്കും ഇടമില്ല. നിർഭാഗ്യവശാൽ പ്രത്യയശാസ്ത്രങ്ങളുടെ കാലം ലോകം മുഴുവൻ ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. ശീതയുദ്ധകാലാനന്തരം പ്രത്യയശാസ്ത്ര മേൽക്കൈ ഉണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥ മാറി. സ്വത്വരാഷ്ട്രീയത്തിന് മേൽക്കൈ ഉണ്ടാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണിത്. സ്വത്വത്തിൻ്റെ ആധിപത്യത്തിൽ മതം മാത്രമല്ല ജാതി, ഗോത്രം ഇതിനൊക്കെയാണ് മുൻതൂക്കം. അത് ലോകത്ത് പല സ്ഥലത്തും നമ്മൾ കാണുന്നുണ്ട്. സ്വേച്ഛാധിപതികൾ ഉയർന്നുവരുന്നു. അവരും ജനങ്ങളും തമ്മിൽ ഒരു രീതിയിലുമുള്ള ബന്ധവുമില്ലെങ്കിലും അവരെയല്ലാതെ മറ്റാരേയും തെരഞ്ഞെടുക്കാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നുള്ളതാണ്. അതിനെയാണ് തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം എന്ന് പറയുന്നത്. ഇന്ത്യൻ ജനാധിപത്യത്തെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്, ഇലക്ട്രൽ ഓട്ടോക്രസി എന്നാണ്. അത് അർത്ഥവത്താണ്. മനഃപൂർവ്വം ജനാധിപത്യത്തെ ഒടിച്ചുവളക്കുന്നു, മതത്തെ രാഷ്ട്രീയവൽക്കരിക്കുന്നു. അതിലൂടെ ക്രോണി ക്യാപിറ്റലിസം എന്നു വിളിക്കുന്ന കോർപ്പറേറ്റിസവും അധികാരത്തിൽ വരുമ്പോൾ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം ഉണ്ടാവുന്നു. അവർ ഭരിക്കുന്നിടത്തോളം കാലം ഈ സംയുക്തത്തെ മുന്നോട്ടു കൊണ്ടുപോവുമെന്ന കാര്യത്തിൽ സംശയമില്ല.

ഇതിനൊരു ബദൽ, വെല്ലുവിളി വേണ്ടതല്ലേ എന്ന് ചോദിച്ചാൽ വേണ്ടതാണ്. ജനങ്ങളാണ് അതിനുള്ള മറുപടി. പ്രതിപക്ഷ പാർട്ടികൾ, സംഘപരിവാറിനെ അനുകരിച്ചിട്ട് കാര്യമില്ല. ഉത്തർപ്രദേശിലൊക്കെ തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം, മെയിൻ ടീമായി ഹിന്ദുത്വ ടീമുള്ളപ്പോൾ ബി. ടീമായി ഹിന്ദുത്വ കളിക്കാൻ നോക്കിയതാണ്. അപ്പോൾ ജനം പറയും, നമുക്ക് എ ടീം തന്നെ പോരേ എന്ന്. കമൽനാഥ് ചെയ്യാൻ നോക്കിയത് അതല്ലേ. ആർ.എസ്.എസ്. ഹിന്ദുത്വയെ കോൺഗ്രസ് ഹിന്ദുത്വകൊണ്ട് നേരിടാൻ പറ്റില്ല. പ്രതിപക്ഷ പാർട്ടികൾ വ്യക്തമായ നിലപാടുണ്ടാക്കണം. ജനങ്ങൾ വിവേകികളാണ്. അവർക്ക് നിങ്ങളെ കണ്ടാൽ മനസ്സിലാവും. ജനങ്ങളത് മനസ്സിലാക്കണം.

നരേന്ദ്ര മോദി

സംഘപരിവാറിൻ്റേത് ആത്മീയമോ വിശ്വാസപരമോ ആയ താത്പര്യങ്ങളല്ല, മറിച്ച് തിയോ- പൊളിറ്റിക്കൽ മൂവ്മെൻ്റാണ്. തിയോക്രസി ആയിട്ടില്ല എന്നു വേണമെങ്കിൽ പറയാം. പക്ഷേ അതിലേക്കുള്ള ഒരു പോക്കല്ലേ എന്ന് ചോദിക്കാതിരിക്കാൻ വയ്യ. അതിന് ഭരണഘടന തടസ്സമാണെങ്കിൽ അവരത് അടിച്ചു മാറ്റിക്കളയും. ജ്യുഡീഷ്യറിയിലാണ് നമ്മൾ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. പക്ഷേ ചിലപ്പോഴൊക്കെ ജ്യുഡീഷ്യറിയിക്കും ഇത് ബാധിച്ചു തുടങ്ങിയോ എന്ന ഭീതിയും നമ്മുടെ മനസ്സിൽ വന്നുതുടങ്ങി, നമ്മൾ അടുത്ത കാലത്തു കണ്ട ചില കാഴ്ചകളിലൂടെ.

ഒട്ടാകെ ജനാധിപത്യത്തിന് വലിയൊരു വെല്ലുവിളിയായിട്ടാണ് സാഹചര്യം മുന്നോട്ടു പോകുന്നത്. അതിനെ നേരിടുന്നത് ജനങ്ങളായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ബുദ്ധിജീവികളിൽ നിന്നും മധ്യവർഗ്ഗത്തിൽ നിന്നും ഈ മാറ്റമുണ്ടാവുമെന്ന് എനിക്ക് പ്രതീക്ഷയില്ല. കഴിഞ്ഞ പത്ത് വർഷത്തിൽ ഇവിടെ നടന്ന വലിയ മുന്നേറ്റങ്ങൾ സി.എ.എ- എൻ.ആർ.സി വിരുദ്ധ സമരവും കർഷക സമരവുമാണ്. അതിന്റെ ​നേതൃത്വം ജനങ്ങളുടേതായിരുന്നു, അവിടെ നേതാക്കളുണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ നല്ലത്. അങ്ങനെയുള്ള സാധ്യതകളിൽ നിന്നാണ് ബദലുകൾ രൂപപ്പെടുക, രാഷ്ട്രീയ പ്രതിരോധം ഉണ്ടാവുക.

നിലനിൽക്കുന്ന അപകടകരമായ യാഥാർത്ഥ്യത്തെ നേരിടാൻ അത്തരമൊരു ബദൽ അനിവാര്യമാണ് എന്നതിൽ തർക്കമില്ല. സംശയിക്കപ്പെടുകയും ഭയപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്ന മനുഷ്യരായാണ് നമ്മൾ ഇപ്പോഴുള്ളത്. കാലത്തിൻ്റെ ഈ ദുരന്തകാലത്തിൽനിന്ന് പ്രതിരോധത്തിലൂടെ ജനങ്ങൾ പുറത്തുവരികതന്നെ ചെയ്യും.

Comments