ഫെഡറലിസം ‘ദേശ-രാഷ്ട്ര'ത്തിൽ നിന്ന് ​​​​​​​‘ജന-രാഷ്ട്ര'ത്തിലേക്ക്

സംസ്ഥാനങ്ങൾക്ക് കൺകറൻറ്​ അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൈകടത്തുക മാത്രമല്ല, ബാങ്കുകൾ, സർവകലാശാലകൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലെ അതിക്രമസ്വഭാവമുള്ള കേന്ദ്ര ഇടപെടൽ ‘സ്വാഭാവിക'മായിരിക്കുന്നു.

ന്ത്യയിൽ ഇപ്പോഴുള്ള ഭരണനേതൃത്വവും അത് മുന്നോട്ടുവെക്കുന്ന ദർശനവും നടപ്പാക്കുന്ന നയങ്ങളും ഫെഡറലിസത്തിന്റെ തത്ത്വങ്ങളെയും ആരോഗ്യകരവും ഫലപ്രദമായതുമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെയും പരിപോഷിപ്പിക്കുന്നതാണോ? 2014 ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) അധികാരത്തിൽ വന്നതുമുതൽ രാജ്യത്തു നടക്കുന്ന ചർച്ചകളിൽ ഉയർന്നുവരുന്ന മുഖ്യചോദ്യങ്ങളിലൊന്നാണിത്. പല പണ്ഡിതൻമാരും അടിവരയിടുന്ന ഒരു പരമാർഥം, തുടർച്ചയായി ഇന്ത്യയിൽ വന്ന ഭരണകൂടങ്ങൾക്കുകീഴിൽ അധികാരവിതരണത്തിൽ വളരെയധികം ആനുകൂല്യവും പ്രാമുഖ്യവും ലഭിച്ചത് കേന്ദ്രത്തിനാണെന്നത്രെ. എൻ.ഡി.എ സർക്കാറിന്റെ കാലത്ത് സുദൃഢമായിത്തീർന്ന ഒരു പുതിയ പ്രവണത കൂടി ഇവർ ചൂണ്ടിക്കാണിക്കുന്നു. അതിവിപുലമായിത്തീർന്ന കേന്ദ്രീകരണോന്മുഖതയാണത്.

ബി.ജെ.പി യുടെ നിലവിലുള്ള രാഷ്ട്രീയതന്ത്രം, ഇന്ത്യയുടെ വടക്കു- പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിനുള്ള ജനസ്വാധീനത്തെ സ്ഥായിയായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷമായി കേന്ദ്രത്തിൽ പരിണമിപ്പിക്കുക എന്നതാണ്. ഈ തന്ത്രത്തിലൂടെ ഇന്ത്യൻ ഭരണകൂടത്തെപ്പറ്റി ആ പാർട്ടി വിഭാവനം ചെയ്യുന്ന നായകത്വ- അധീശത്വ ദർശനം ഇന്ത്യയൊട്ടുക്കും അടിച്ചേൽപ്പിക്കാനുള്ള യത്നം സുഗമമാകുമെന്ന് അവർ കരുതുന്നു. ഇത് ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്ന പദ്ധതിയുമായി പരിപൂർണമായി യോജിച്ചുപോകുന്നതാണ്.ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തിൽ വന്നശേഷം വിശേഷിച്ച് ന്യൂഡൽഹി ബൃഹത്തായ ധനകാര്യാധികാരം പ്രയോഗിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കൺകറൻറ്​ അധികാരമുള്ള ക്രമസമാധാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൈകടത്തുക മാത്രമല്ല, ബാങ്കുകൾ, സർവകലാശാലകൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയ സ്വയംഭരണാവകാശമുളള സ്ഥാപനങ്ങളിലും മണ്ഡലങ്ങളിലും പിടിമുറുക്കിയും അതിക്രമസ്വഭാവമുള്ള ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ‘സ്വാഭാവിക'വും സാധാരണവുമായിരിക്കുന്നു.

ഇന്ത്യയിൽ ഇപ്പോഴുള്ള ഫെഡറൽ സ്വരൂപം ബ്രിട്ടീഷ് കൊളോണിയൽ കാലത്തിന്റെ പിന്തുടർച്ചയാണ്. ഭരണകൂടത്തിന്റെ സുസ്ഥാപിത ഘടനകളുടെ അധീശാധികാരമാണ് അതിന്റെ ആധാരം. 1950കളിലും 1960 കളിലും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്കുവേണ്ടി ഉയർന്നുവന്ന ആവശ്യം രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ദൃഢനിശ്ചയമുള്ള ജനനീക്കത്തിന് അരങ്ങൊരുക്കി. കൊളോണിയലിസത്തിന്റെ ബാക്കിപത്രമായ കൊളോണിയൽ ഘടനകളെയും രൂപങ്ങളെയും ‘ജന-രാഷ്ട്രം' (People Nation) എന്ന രാഷ്ട്രീയാവസ്ഥയ്ക്ക് അനുസൃതമായി പൊരുത്തപ്പെടുത്തി പുനർനിർവചിക്കാനുള്ള ശ്രദ്ധേയ ചുവടുവെയ്പായിരുന്നു അത്.

1956 നു ശേഷം ഇന്ത്യൻ പ്രവിശ്യകളുടെയും മുൻ നാട്ടുരാജ്യങ്ങളുടെയും പ്രദേശപരമായ പുനഃസംഘാടനം ഭാഷാതത്ത്വത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും അത് പക്ഷേ, ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ പുനർവ്യാഖ്യാനത്തിലേക്ക് നയിച്ചില്ല. ഇത് രണ്ടുതരത്തിൽ സ്വതന്ത്ര ഇന്ത്യയിൽ പ്രതിഫലിച്ചു. ഒന്ന്, ‘ദേശ- രാഷ്ട്രം' എന്ന അധികാരാനുകൂല്യമുള്ള വ്യവഹാരത്തിന് ‘ജന- രാഷ്​ട്രം' എന്ന വ്യവഹാരത്തിനു മേൽ മേധാവിത്വം ലഭിച്ചു. രണ്ട്, ഫെഡറൽ ഘടനയ്ക്കകത്ത് തന്നെ ശക്തിയാർജ്ജിച്ച കേന്ദ്രീകരണ പ്രവണതയാണ്.

പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന ജി.എസ്.ടി. ലോഞ്ചിംഗ് ചടങ്ങിൽ മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജി സംസാരിക്കുന്നു

ഫെഡറൽ ബന്ധങ്ങളെപ്പറ്റിയുള്ള കൂടിയാലോചനയുടെ അടിസ്ഥാനം, ജന-രാഷ്ട്രത്തിന്റെ ഓരോ മേഖലാസംവിധാനത്തിനും പൂർവാംഗീകാരത്തോടെയുള്ള തുല്യ രാഷ്ട്രീയ നിയമസാധുത ആവശ്യകോപാധിയാവണം എന്നതാണ്. ഇതിനെ ആപേക്ഷിക സമീപനം എന്നു വിളിക്കാം. ഇതാകണം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണസംബന്ധവും സാമ്പത്തികവുമായ ബന്ധങ്ങളുടെയും വലിയ സംസ്ഥാനങ്ങളും ചെറിയ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും മുന്നാക്കവും പിന്നാക്കവുമായ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയുമെല്ലാം നിയമപരവും ഭരണഘടനാപരവുമായ തർക്കവിഷയങ്ങളുടെ അടിപ്പടവാകേണ്ടത്. ഈ സമീപനം തന്നെയാവണം നിർബന്ധമായും വിശിഷ്ട പദവിയുള്ള പ്രത്യേക സംസ്ഥാനങ്ങളുടെ കാര്യത്തിലും അനുവർത്തിക്കേണ്ടത്.

Comments