ആഗോളതലത്തിൽ തീവ്ര വലതുപക്ഷ ശക്തികളും മതഭീകരവാദവും സിവിൽ സൊസൈറ്റിയെ നിയന്ത്രിക്കാൻ തക്ക ശക്തി നേടിക്കൊണ്ടിരിക്കുമ്പോൾ, അതിനൊപ്പിച്ച് കേരളത്തിലും മത യാഥാസ്ഥിതികതയും വലതുപക്ഷരാഷ്ട്രീയവും ഒരു സഖ്യകക്ഷിയായി രൂപപ്പെടുകയാണ്. യുവതലമുറയെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ദലിതരെയുമെല്ലാം ആക്രമിച്ച് അപരവൽക്കരിക്കാനുള്ള ഗൂഢപദ്ധതി അണിയറയിൽ ഒരുങ്ങുന്നു. സ്വാതന്ത്ര്യബോധമുള്ള ഒരു പുതിയ തലമുറ ഉയർന്നുവരുന്നത് മതങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. ഈ പേടിയിൽനിന്നാണ് ഇപ്പോഴത്തെ ആക്രോശങ്ങൾ.
ഇന്ത്യയുടെയും കേരളത്തിന്റെയും മതേതര സാമൂഹിക ഘടനയുടെയും പുരോഗമന രാഷ്ട്രീയബോധ്യങ്ങളെയും നേർക്കുള്ള ആക്രമണങ്ങളെ നേരിടുന്ന ആശയസംവാദം ട്രൂ കോപ്പി വെബ്‌സീൻ പങ്കുവെക്കുന്നു.
റിമ മാത്യു: ‘‘ലിംഗത്തിൽ ഊതിച്ച ചരട് കെട്ടുന്നവന്മാരുടെ അടുത്തുപെട്ടാൽ നശിപ്പിച്ച് തിരിച്ചുതരും. പിന്നെ ഒന്നിനും കൊള്ളാതാകും''; എറണാകുളത്തെ ഒരു കോളേജിൽ ക്രിസ്ത്യൻ പെൺകുട്ടികളോട് സംസാരിക്കാൻ വർഷംതോറും എത്തുന്ന ധ്യാനഗുരുവിന്റെ വാക്കുകളാണ്. സുന്നത്ത് ചെയ്ത ലിംഗാഗ്രങ്ങളുമായി നടക്കുന്നവരുടെ ലൈംഗികതൃഷ്ണ കൂടുതലാണെന്നും അവർ ലൈംഗികകാര്യങ്ങളിൽ വലിയ വൈദഗ്ധ്യം കിട്ടിയ ഏതോ പ്രത്യേക ജനുസ്സാണ് എന്നുമൊക്കെയാണ് ഇവരിൽ പലരുടെയും വിദഗ്ധാഭിപ്രായം. സെക്ഷ്വൽ ജെലസിയുടെയും ആണധികാര-കുത്തിത്തിരുപ്പുകളുടെയും ധ്യാനഗുരു വേർഷൻ.
ഇതൊക്കെ കേൾക്കുമ്പോൾ പെൺകുട്ടികളെക്കുറിച്ച് എന്തൊരു കരുതലാണീ സീറോ മലബാർ സഭയ്ക്ക് എന്നാണോ തോന്നിയത്? പെൺകുട്ടികൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ റിലീജിയനാണല്ലോ കത്തോലിക്കാസഭ എന്നും തോന്നിയോ?
സ്ത്രീ, വിശുദ്ധി, സ്വത്ത്, ആളെണ്ണം
കുത്തിത്തിരുപ്പുണ്ടാക്കുന്നവരുടെ തുറുപ്പുചീട്ടുകൾ
മൈന ഉമൈബാൻ: അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്, ജീവിതകാലം മുഴുവൻ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്ന അണലിപ്പാമ്പിന്റെ വിഷം പോലെ, മനസിനെ ഗ്രസിക്കുകയാണ് ഭയം. കേരളമല്ലേ, ഇവിടെ അത്ര എളുപ്പമല്ല വർഗീയതയുടെ വിളയാട്ടം എന്നൊക്കെ കരുതിയിരുന്നു. പക്ഷേ, അതൊക്കെ വെറുതെയാണെന്ന്, എത്ര പെട്ടെന്നാണ് മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നതെന്ന് തിരിച്ചറിയുന്നു.
സുഹൃത്തുക്കളിൽ ആരൊക്കെ എന്നെ ഇപ്പോൾ മതത്തിന്റെ പേരിൽ ശത്രുവായി കണ്ടു തുടങ്ങിയിട്ടുണ്ടാവും എന്ന് സത്യത്തിൽ പേടിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബിൽ ചർച്ചകളുടെ കാലത്ത് ഫേസ് ബുക്കിൽ ‘I oppose CAB' എന്നൊരു ബാഡ്ജിട്ടിരുന്നു ഞാൻ. അതിനെത്തുടർന്ന് പത്തു പതിനെട്ടു വർഷം അടുപ്പമുണ്ടായിരുന്ന അധ്യാപികയുമായി അകലേണ്ടി വന്നു. അവസാനം ഞാൻ അനർഹമായതൊക്കെ നേടിയെടുക്കുന്ന മുസ്‌ലിമും അവർ ഒന്നും ലഭിക്കാത്ത പാവം ഹിന്ദുവുമായി!
മുള്ളുവേലിക്കരുകിലെ ജീവിതം
കുഞ്ഞുണ്ണി സജീവ്: ശുഭസൂചകമായി നിൽക്കുന്നത് 'ഹരിത' നേതാക്കളുടെ പ്രതിഷേധവും (പിതൃമേധാവിത്വത്തിന് എതിരെയുള്ള ഇവരുടെ ശബ്ദം എന്തുകൊണ്ട് മുഖ്യധാരാ ഫെമിനിസ്റ്റുകൾ ഏറ്റെടുക്കുന്നില്ല?), കുറവിലങ്ങാട് വൈദികന്റെ വർഗീയനിലപാടുകൾക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തിയ നാല് കന്യാസ്ത്രീകളുമാണ്. വർഗീയമായ പല പരാമർശങ്ങളും നടന്നപ്പോൾ ആദ്യം പുറത്തുവന്നത് സ്ത്രീകൾ രേഖപ്പെടുത്തിയ പ്രതിഷേധമാണ് എന്നത് പ്രധാനമാണ്. നിലനിൽക്കുന്ന മതങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും അധികാരം ചോദ്യം ചെയ്യപ്പെടുന്ന ഭയത്തിൽ നിന്നുതന്നെയാണ് സമൂഹത്തിൽ അന്യവൽക്കരിക്കപ്പെട്ട സ്വത്വങ്ങൾ നിർമിക്കപ്പെടുന്നത്. അത്തരം സ്വത്വങ്ങൾ ജനങ്ങളെ വിഘടിച്ച് നിർത്തുവാനും വ്യക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും ജനങ്ങളെ ദിശതെറ്റിച്ചുവിടാനും അവരെ സഹായിക്കുന്നു.
ജിഹാദ് നിർമിതിയുടെ രാഷ്ട്രീയം
ഡോ.കെ. എസ്. മാധവൻ: ബ്രാഹ്മണ്യം ദലിതരെ സ്ഥിരമായി അസ്പൃശ്യരാക്കി സാമൂഹ്യമായി പുറംതള്ളി നിലനിർത്തുന്നതിന് സമാനമായി മുസ്‌ലിംകൾക്കുമേൽ സാമൂഹിക പഴികൾ വിധ്വംസകമായി വിന്യസിച്ചുകൊണ്ടും വിശ്വാസപരമായി ഇകഴ്ത്തിയും പുറംതള്ളൽ സാമൂഹിക പേടിയായി നിലനിർത്തുകയും ഇസ്‌ലാം പേടി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇകഴ്ത്തൽ രീതികൾ സ്വാഭാവികവും പ്രകൃത്വാലുള്ളതുമായ മനോഗതിയാക്കുന്ന ഭാഷാ വ്യവഹാരങ്ങൾ സാംസ്‌കാരിക ചിഹ്നങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സൃഷ്ടിക്കുന്ന എഴുത്തുസംസ്‌കാരവും ആവിഷ്‌ക്കാരങ്ങളും നിർമിക്കുന്നത് സവർണതയുടെയും വരേണ്യതയുടേയും പുറംതള്ളൽ പ്രക്രിയയുടെ ഭാഗമാണ്. ഇവ സാമൂഹിക ജീവിതത്തിന്റെ പ്രത്യയ ബോധങ്ങളായി സ്വാഭാവികവും സാമാന്യവുമായി മാറുന്നു. ബ്രാഹ്മണ്യത്തിൽ സ്ഥാനപ്പെട്ടിരിക്കുന്ന ഹിന്ദുത്വ ബോധമാണ് ഇതിന്റെ രാഷ്ട്രീയ അവബോധം. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുൾപ്പടെയുള്ള മുസ്?ലിം വിരുദ്ധ പേടിക്കഥകളും സാമൂഹിക പഴികളും സാമൂഹിക പുറംതളളൽ ഹിംസകളായി പ്രവർത്തിക്കുന്നത് ഇതുമൂലമാണ്. സാമുദായിക വിഭാഗങ്ങൾക്കിടയിൽ കരുണാവബോധവും മൈത്രീ ഭാവവും അനുകമ്പയും നിലനിർത്തുന്ന സാഹോദര്യ ജനാധിപത്യ ജീവിതം നിർമിച്ചു കൊണ്ടേ ജാതി ബ്രാഹ്മണ്യത്തിന്റെയും സവർണതയുടെയും ഭേദചിന്തകളെയും വിവേചന ഹിംസകളെയും മറികടക്കാൻ കഴിയൂ.
‘നാർക്കോട്ടിക് ജിഹാദ്' എന്ന സാമൂഹിക പുറംതളളൽ ഹിംസ
വി. അബ്ദുൾ ലത്തീഫ്: അടുത്ത അമ്പതു വർഷങ്ങൾ ഇന്ത്യയിലെ മുസ്ലിംകൾക്ക് ഏറ്റവും നിർണ്ണായകമായിരിക്കും. ലോകത്താകെ രൂപപ്പെടാൻ പോകുന്ന സാമ്പത്തിക ചലനങ്ങൾ ഇന്ത്യയിലെ അവർക്കെതിരെ ഇപ്പോൾത്തന്നെ രൂപപ്പെട്ടുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഒന്നുകൂടി എണ്ണ പകരും. ഒരുതരത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പിന്തുണയും ലഭിക്കാനിടയില്ലാത്തതിനാൽ കാര്യമായ ചെറുത്തുനിൽപോ ആഭ്യന്തരയുദ്ധമോ ഇന്ത്യയിലെ മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ സാധ്യതയില്ല. അമേരിക്കയുടെയും സൗദിയുടെയും താൽപര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുന്ന പലവിധ മുജാഹിദ്ദീൻ പോരാളികളിൽ ഒരു വിഭാഗത്തെ ഇന്ത്യയിലേക്കു തിരിച്ചുവിട്ടുള്ള കളി നിന്നുപോകുന്നതോടെ പാക്കിസ്താനും ഏതെങ്കിലും തരത്തിൽ ഇന്ത്യയ്ക്കൊരു ഭീഷണിയാകില്ല.
ഇന്ത്യൻ മുസ്ലിമിന്റെ രാഷ്ട്രീയഭാവി