പൗരത്വ നിയമം, ലോക്സഭാ തെരഞ്ഞെടുപ്പിലെ ബംഗാൾ ടെസ്റ്റ്

ഇല്ലാതായ ‘ഇന്ത്യ’ മുന്നണി സൃഷ്ടിക്കുന്ന ത്രികോണമത്സരം പശ്ചിമ ബംഗാളിൽ ബി.ജെ.പിയെയാണോ തൃണമൂൽ കോൺഗ്രസിനെയാണോ തുണയ്ക്കുക? വിജ്ഞാപനം ചെയ്ത പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കിയാൽ അതിന്റെ ഗുണഭോക്താക്കൾ ആരായിരിക്കും? ബംഗാൾ അവശേഷിപ്പിക്കുന്നത് നിർണായക ചോദ്യങ്ങൾ.

Election Desk

യു.പിക്കും (80) മഹാരാഷ്ട്രക്കും (48) പുറകേ ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ എം.പിമാരെ അയയ്ക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ആകെ 42 സീറ്റ്. 30 എണ്ണം ജനറൽ, 10 എണ്ണം പട്ടികജാതി സംവരണം, രണ്ടെണ്ണം പട്ടികവർഗ സംവരണം.

2019-ൽ തൃണമൂൽ കോൺഗ്രസിന് 22 സീറ്റ് കിട്ടി. ബി.ജെ.പിക്ക് 18. കോൺഗ്രസ് രണ്ടിടത്തൊതുങ്ങി. തൃണമൂൽ- 43.69, ബി.ജെ.പി- 40.64 ശതമാനം വീതം വോട്ട് നേടി. കോൺഗ്രസ് 5.67, സി.പി.എം 7.5 ശതമാനം വീതം വോട്ട് നേടി. തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള വോട്ട് ഷെയറിൽ നേരിയ വ്യത്യാസമേയുള്ളൂ എങ്കിലും തൃണമൂലിന് 2014-ൽ നിന്ന് 3.6 ശതമാനത്തിന്റെ വർധനയുണ്ടായി.

സി.പി.എമ്മിന്റേതായിരുന്നു വൻ തകർച്ച. 2014-ലെ 29.9 ശതമാനത്തിൽനിന്ന് 7.5 ശതമാനത്തിലേക്ക്. ഒരാളെ പോലും ലോക്‌സഭയിലേക്ക് അയക്കാനുമായില്ല.
കോൺഗ്രസിന് 2014-ൽ കിട്ടിയ 9.6 ശതമാനം 5.5 ശതമാനമായി കുറഞ്ഞു. അധീർ രഞ്ജൻ ചൗധരിയും അബു ഹുസെം ഖാൻ ചൗധരിയും മാത്രമായിരുന്നു ലോക്‌സഭയിലേക്കുള്ള കോൺഗ്രസ് പ്രതിനിധികൾ.

മമത ബാനർജീ
മമത ബാനർജീ

ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ പൊരുതിനിൽക്കുന്ന സംസ്ഥാനമെന്ന പ്രതീതി ഇതുവരെ മമതാ ബാനർജിക്ക് നിലനിർത്താനായിട്ടുണ്ട്. അതേസമയം, ബി.ജെ.പിക്കെതിരെ ഒരു പൊതുസ്ഥാനാർഥി എന്നതിലേക്ക് ‘ഇന്ത്യ’ മുന്നണിയിലെ ഘടകകക്ഷികളായ തൃണമൂലും കോൺഗ്രസും ഇടതുപക്ഷവും എത്തിയതുമില്ല. 12-14 സീറ്റ് വേണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം, രണ്ടിൽ കൂടുതൽ നൽകില്ലെന്ന് മമതയും. ഇതോടെയാണ് സഖ്യം ഇല്ലാതായത്.

അധീർ രഞ്ജനെതിരെ യൂസഫ് പത്താൻ

ടി.എം.സി 42 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു, ബി.ജെ.പിയോടും കോൺഗ്രസിനോടും ഒരു വിട്ടുവീഴ്ചയുമില്ലാതെ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ലോക്‌സഭയിലെ നേതാവുമായ അധീർ രഞ്ജൻ ചൗധരിയാണ് മമതയുടെ അതിശക്തനായ വിമർശകൻ.

അദ്ദേഹത്തിന്റെ സി.പി.എമ്മുമായുള്ള ധാരണയാണ്, സംസ്ഥാനത്ത് 'ഇന്ത്യ' മുന്നണി ഇല്ലാതാക്കിയതെന്ന പരാതി മമതയ്ക്കുണ്ട്. അതുകൊണ്ടുതന്നെ അധീർ ചൗധരിയുടെ സിറ്റിങ് മണ്ഡലമായ ബഹ്‌റംപുരിൽ ജയിക്കാനായി തന്നെ യുദ്ധത്തിനിറങ്ങിയിരിക്കുകയാണ് മമത. സ്ഥാനാർഥി മറ്റാരുമല്ല, ക്രിക്കറ്റർ യൂസഫ് പത്താൻ.

യൂസഫ് പത്താൻ
യൂസഫ് പത്താൻ

സീറ്റ് വിഭജനചർച്ചയിൽ കോൺഗ്രസിന് മമത കൊടുക്കാമെന്നു പറഞ്ഞ രണ്ടു സീറ്റുകളിൽ ഒന്നാണ് ബഹ്റംപുർ. 1999 മുതൽ അധീർ രഞ്ജൻ ചൗധരി ജയിക്കുന്ന മണ്ഡലം കൂടിയാണിത്.

യൂസഫ് പത്താന്റെ വരവ് കോൺഗ്രസിനെയും ഇടതുപക്ഷത്തെയും ഒന്ന് ഞെട്ടിച്ചിട്ടുണ്ട്. ‘ബംഗാളിനുപുറത്തുനിന്നുളള സ്ഥാനാർഥി’ എന്നൊരു ആരോപണം പത്താനെതിരെ ബി.ജെ.പി അഴിച്ചുവിട്ടിട്ടുണ്ട്. ബി.ജെ.പിയെ ‘പുറത്തുനിന്നുള്ളവർ’ എന്ന് മമത പലപ്പോഴും ആക്ഷേപിക്കാറുമുണ്ട്.

യൂസഫ് പത്താന്റെ ആകെയുള്ള ബംഗാൾ കണക്ഷൻ, ഏഴു വർഷം ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി കളിച്ചു എന്നതാണ്. ബംഗ്ലാ ഭാഷയറിയാത്ത പത്താൻ എങ്ങനെ, ഭൂരിപക്ഷവും ഗ്രാമീണരായ മണ്ഡലത്തിലെ വോട്ടർമാരോട് സംസാരിക്കും എന്നാണ് കോൺഗ്രസും ഇടതുപാർട്ടികളും ചോദിക്കുന്നത്. എന്നാൽ, പത്താന്റെ ജനപ്രീതി വോട്ടായി മാറുമെന്നാണ് മമതയുടെ ഉറപ്പ്.

അധീർ രഞ്ജൻ ചൗധരി
അധീർ രഞ്ജൻ ചൗധരി

തൃണമൂലിന്റെ സ്ഥാനാർഥിപട്ടിക ശക്തമാണ്. യുവാക്കളുടെയും സ്ത്രീകളുടെയും ജനപ്രിയതാരങ്ങളുടെയുമൊക്കെ സാന്നിധ്യം കൊണ്ട് സമ്പന്നവുമാണ്. 16 സിറ്റിങ് എം.പിമാർ വീണ്ടും മത്സരിക്കുന്നു. എട്ടു പേരെ ഒഴിവാക്കി. 42-ൽ 12 പേർ സ്ത്രീകളാണ്. മമത മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും ഒമ്പത് സിറ്റിങ് എം.എൽ.എമാരും മത്സരത്തിനുണ്ട്.

ബി.ജെ.പിക്കെതിരായ വിമർശനങ്ങളുടെ കുന്തമുനയായ മഹുവ മൊയ്ത്ര കൃഷ്ണനഗറിൽ. കീർത്തി ആസാദ് ബർധമാൻ- ദുർഗാപുർ മണ്ഡലത്തിൽ. തൃണമൂൽ പ്രതിക്കൂട്ടിലായ ലൈംഗികാക്രമണവും ഭൂമി കൈയേറ്റവും നടന്ന സന്ദേശ്ഖലി അടങ്ങുന്ന ബാസിർഹട്ടിൽ, പാർട്ടിയെ രക്ഷിക്കാൻ സിറ്റിങ് എം.പി നുസ്‌റത്ത് ജഹാനെ മാറ്റി ഹാജി നൂറിൽ ഇസ്‌ലാമിനെ നിർത്തി. അസൻസോളിൽ നടൻ ശത്രുഘ്‌നൻ സിൻഹക്ക് വീണ്ടും അവസരം. മമതയുടെ മരുമകൻ അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ സ്ഥാനാർഥിയാണ്.

മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

ബിഷാപുരിൽ കൗതുകകരമായ മത്സരമാണ് നടക്കുക. തൃണമൂലിന്റെ സുജാത മണ്ഡാലിന്റെ ബി.ജെ.പി എതിരാളി മുൻ ജീവിതപങ്കാളിയായ സൗമിത്ര ഖാനാണ്. സിറ്റിങ് എം.പി കൂടിയായ സൗമിത്ര ഖാനും തൃണമൂലിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2019-ലെ ഇലക്ഷനുമുമ്പ് ബി.ജെ.പിയിലെത്തി. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് ഇരുവരും വിവാഹമോചിതരായത്. സുജ തൃണമൂലിൽ ചേർന്നതോടെയായിരുന്നു വിവാഹമോചനം.

മമതക്ക് മോദിപ്പേടിയെന്ന് കോൺഗ്രസ്

ഏകപക്ഷീയമായുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ, മമതക്കെതിരെ കടുത്ത വിമർശനമാണ് അധീർ രഞ്ജൻ ചൗധരി അഴിച്ചുവിട്ടത്: ‘ഇന്ത്യ മുന്നണിയിൽ താൻ കൂടിയുള്ളത് മോദിയെ അസന്തുഷ്ടനാക്കുമെന്ന് മമത ഭയക്കുന്നു. സ്വയം 'ഇന്ത്യ' മുന്നണിയിൽനിന്ന് അവർ അകന്നുനിൽക്കുന്നതിലൂടെ മോദിക്ക് ഒരു സന്ദേശം നൽകുകയാണ് മമത, 'എന്നോട് അസന്തുഷ്ടിയൊന്നും തോന്നരുതേ, ഞാൻ ബി.ജെ.പിയുമായുള്ള ഒരു പോരാട്ടത്തിനില്ലേ' എന്ന സന്ദേശം’.

എന്നാൽ, ബി.ജെ.പിയോട് ഈ പറയുന്ന വിട്ടുവീഴ്ചയൊന്നും ഇതുവരെയുള്ള മമതയുടെ പ്രകടനങ്ങളിൽ ദൃശ്യമല്ലെന്നുമാത്രമല്ല, കടുത്ത ആക്രമണവും അഴിച്ചുവിടുന്നുണ്ട് അവർ. സ്ഥാനാർഥി ലിസ്റ്റ് പുറത്തുവിട്ട് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ ബി.ജെ.പി ബംഗാളിൽ വർഗീയവിദ്വേഷവും വിഭജനരാഷ്ട്രീയവും പരത്തുകയാണെന്ന് മമത പറഞ്ഞു. ബംഗാളിനെതിരെ കേന്ദ്ര സർക്കാറിന് ചിറ്റമ്മ നയമാണെന്നും മമത പറഞ്ഞു.

നുസ്‌റത്ത് ജഹാൻ, ഹാജി നൂറിൽ ഇസ്‌ലാം
നുസ്‌റത്ത് ജഹാൻ, ഹാജി നൂറിൽ ഇസ്‌ലാം

കോൺഗ്രസും സി.പി.എമ്മുമായുള്ള ഒത്തുകളിയാണ് തെരഞ്ഞെടുപ്പിനുമുമ്പുള്ള ധാരണ പൊളിച്ചതെന്നാണ് മമത പറയുന്നത്. തങ്ങളെ ദീർഘകാലം ആക്രമിച്ചുകൊണ്ടിരുന്ന സി.പി.എമ്മുമായി ഒരുതരത്തിലും സഖ്യമില്ല എന്ന കടുത്ത തീരുമാനത്തിലാണ് മമത. ബംഗാളിൽ ബി.ജെ.പിയോട് ഏറ്റുമുട്ടാൻ ശക്തിയുള്ള ഏക പാർട്ടി തൃണമൂലാണെന്നും കോൺഗ്രസും ഇടതുപക്ഷവും തൃണമൂലിനെ പിന്തുണക്കുകയുമാണ് വേണ്ടത് എന്നുമാണ് മമതയുടെ നിലപാട്. മാത്രമല്ല, പരമാവധി എം.പിമാരെ ജയിപ്പിച്ചെടുത്ത് ദേശീയതലത്തിൽ 'നിർണായക ശക്തി'യായി മാറുന്നതും മമതയുടെ ലക്ഷ്യമാണ്.

സി.പി.എം- കോൺഗ്രസ് സഖ്യം?

ടി.എം.സി ഇല്ലാത്ത 'ഇന്ത്യ' സഖ്യത്തിലെ അവശേഷിക്കുന്ന പാർട്ടികളായ സി.പി.എമ്മിനും കോൺഗ്രസിനുമാകട്ടെ, ഇനിയും സീറ്റ് ധാരണയിലെത്താനായിട്ടില്ല. കോൺഗ്രസ് തീരുമാനം വൈകിയാൽ 42 സീറ്റിലും മത്സരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

മമത സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനർഥം, സംസ്ഥാനത്ത് 'ഇന്ത്യ' ബ്ലോക്കിലെ മറ്റു പാർട്ടികൾ ഒറ്റക്കെട്ടായി ബി.ജെ.പിയെയും ടി.എം.സിയെയും നേരിടും എന്നാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറയുന്നു.

എം.പിയും എം.എൽ.എയും
നഷ്ടമായ ബി.ജെ.പി

ബി.ജെ.പിക്ക് രാഷ്ട്രീയമായ തിരിച്ചടി നൽകുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. കോൺഗ്രസിൽനിന്ന് എം.പിമാരും എം.എൽ.എമാരും നേതാക്കളും ബി.ജെ.പിയിലേക്ക് ഒഴുകുന്നു എന്ന പാർട്ടിയുടെ ദേശീയ കാമ്പയിന് ബംഗാളാണ് മറുപടി നൽകുന്നത്.

ബി.ജെ.പിക്ക് ഒരാഴ്ചക്കിടെ ഒരു സിറ്റിംഗ് എം.എൽ.എയും എം.പിയുമാണ് നഷ്ടമായത്. തനിക്ക് സീറ്റ് നൽകാത്തതിൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പു സഹമന്ത്രി ജോൺ ബാർല പരസ്യമായി പ്രതിഷേധത്തിലുമാണ്.

ജോണ്‍ ബാര്‍ല
ജോണ്‍ ബാര്‍ല

സന്ദേശ്ഖാലി വിഷയമുയർത്തി ടി.എം.സി​യെ പ്രതിക്കൂട്ടിലാക്കാനുള്ള കാമ്പയിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സംസ്ഥാനത്ത് സന്ദർശനം നടത്തിയ സമയത്തുതന്നെയായിരുന്നു, എം.പി കുനാർ ഹെംബ്രാം സജീവ രാഷ്ട്രീയം മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. ബി.ജെ.പി എം.എൽ.എയായ മുകുന്ദ് മണി അധികാരിയാണ് ടി.എം.സിയിൽ ചേർന്നത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ അന്ത്യം കുറിക്കുന്ന മാറ്റമാണിതെന്നാണ് ടി.എം.സി പറയുന്നത്.

സന്ദേശ് ഖാലി നന്ദിഗ്രാമാകുമോ?

സന്ദേശ്ഖാലിയിൽ ഗ്രാമീണരുടെ ഭൂമി പിടിച്ചെടുക്കുകയും സ്ത്രീകളെ ലൈംഗികാക്രമണത്തിനിരയാക്കുകയും ചെയ്തുവെന്ന ആരോപണവും തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റും ബി.ജെ.പി തൃണമൂലിനെതിരായ കാമ്പയിനാക്കിയിട്ടുണ്ട്. തൃണമൂലിന്റെ സ്ത്രീ- മുസ്‌ലിം വോട്ടുബാങ്കാണ് മോദിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നോർത്ത് 24 പർഗാന ജില്ലയിലെത്തി സ്ത്രീകളെ അഭിസംബോധന ചെയ്തു.

നീതിയാവശ്യപ്പെട്ട് സന്ദേശ്ഖാലിയില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ / Photo: Joydeep Sarkar, thewire
നീതിയാവശ്യപ്പെട്ട് സന്ദേശ്ഖാലിയില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ / Photo: Joydeep Sarkar, thewire

സന്ദേശ്ഖാലിയിലെ അതിക്രമത്തെ നന്ദിഗ്രാം സംഭവവുമായാണ് ബി.ജെ.പി താരതമ്യപ്പെടുത്തുന്നത്. സി.പി.എം ഭരണകാലത്ത് നടന്ന നന്ദിഗ്രാം സംഭവമാണ് 2011ൽ തൃണമൂലിനെ അധികാരത്തിലെത്തിച്ചത്. ഷാജഹാൻ ഷെയ്ഖിനെ പാർട്ടിയിൽനിന്ന് സസ്‌പെന്റ് ചെയ്‌തെങ്കിലും മേഖലയിൽ ടി.എം.സിക്കെതിരെ ജനരോഷമുണ്ട്.

ഹിന്ദു വോട്ടുബാങ്കുതന്നെയാണ് ബംഗാളിൽ ബി.ജെ.പിയുടെ ബലം. പ്രത്യേകിച്ച്, ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങളായ രാജ്ബാൻഷി, നാമശൂദ്ര വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്ക് സ്വാധീനമുണ്ടാക്കാനായിട്ടുണ്ട്. ബംഗാളിലെ പട്ടികജാതി ജനസംഖ്യയിലെ 35 ശതമാനത്തോളം ഈ രണ്ട് വിഭാഗങ്ങളാണ്. 2019-ലെ തെരഞ്ഞെടുപ്പിൽ രാജ്ബാൻഷി ജനസംഖ്യയിലെ 15 ശതമാനത്തിന്റെ പിന്തുണ ബി.ജെ.പിക്കായിരുന്നു.

ഷാജഹാൻ ഷെയ്ഖ്
ഷാജഹാൻ ഷെയ്ഖ്

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ മമതക്ക് വലിയ സ്വാധീനമുണ്ട്. അതേസമയം, ടി.എം.സിയിൽനിന്ന് ഈ വിഭാഗം കോൺഗ്രസ്- ഇടതുപക്ഷ സഖ്യത്തോട് അടുക്കുന്നതിന്റെ സൂചനകളുമുണ്ട്. ഒരു വർഷം മുമ്പ് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ സാഗർഡിഗ്ധിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നുണ്ടായ തോൽവി തൃണമൂലിനെ ഞെട്ടിച്ചിട്ടുണ്ട്. ഇടതുപക്ഷ പിന്തുണയോടെയാണ് കോൺഗ്രസ് സ്ഥാനാർഥി ബെയ്‌റോൺ ബിശ്വാസ് 22,980 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരം വന്നാൽ, ന്യൂനപക്ഷവോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനും ഇടതുപക്ഷത്തിനുമുണ്ട്.

പൗരത്വ ഭേദഗതി നിയമവും
ബി.ജെ.പി പ്രതീക്ഷകളും

പൗരത്വ നിയമം ഭേദഗതി ചെയ്ത് ഇന്നലെ കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തിന്റെ പ്രധാന ലക്ഷ്യം ബംഗാളാണ്. ഈ നീക്കത്തിലൂടെ സംസ്ഥാനത്ത് സാമുദായിക ​​ധ്രുവീകരണമുണ്ടാക്കുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. തൃണമൂൽ ബി.ജെ.പിക്കെതിരായ ആയുധമായും ഇതിനെ പ്രയോഗിക്കും. പൗരത്വഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കുകയില്ലെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്. സി.എ.എ വിജ്ഞാപനം തെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള ബി.ജെ.പിയുടെ തട്ടിപ്പാണെന്നും അവർ പറയുന്നു.

സി.എ.എ നിയമത്തിന്റെ പേരിൽ മതുവ സമുദായ വോട്ട് ഉറപ്പാക്കാൻ ബി.ജെ.പി ഹിന്ദു കാർഡിറക്കുമെന്ന ആശങ്ക തൃണമൂലിനുണ്ട്. ഹിന്ദുക്കളിലെ അതീവ പിന്നാക്ക കർഷക സമുദായമായ മതുവ സമുദായം ബംഗ്ലാദേശ് രൂപീകരണത്തിനും ശേഷം, 1971-ൽ ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. ബംഗാളിൽ 30 ലക്ഷം മതുവ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്, സംസ്ഥാന ജനസംഖ്യയിൽ 3.8 ശതമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി സമുദായം.

മമത ബാനര്‍ജിയുടെ പ്രചാരണത്തില്‍ നിന്ന്
മമത ബാനര്‍ജിയുടെ പ്രചാരണത്തില്‍ നിന്ന്

2003-ലെ പൗരത്വ നിയമം അനുസരിച്ച് ഇവർ അഭയാർഥികളാണ്. നാദിയ, നോർത്ത് 24 പർഗാനാസ്, ഈസ്റ്റ് ബുർദ്‍വാൻ, വടക്കൻ ബംഗാൾ പ്രദേശത്ത് താമസമാക്കിയ ഇവരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൗരത്വഭേദഗതി നിയമം നിലവിൽവന്നതിനെ രണ്ടാം സ്വാതന്ത്ര്യദിനം എന്നാണ് മത്‍വ സമുദായം വിശേഷിപ്പിച്ചത്. നോർത്ത് 24 പർഗാനയിലെ താകുർനഗറിൽ തടിച്ചുകൂടിയ പ്രവർത്തകർ, വർഷങ്ങളായി തങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരു പോരാട്ടം ജയിച്ച ആഹ്ളാദത്തിലായിരുന്നു.

പല കാലങ്ങളിൽ കോൺഗ്രസും സി.പി.എമ്മും തൃണമൂൽ കോൺഗ്രസുമെല്ലാം മതുവ വിഭാഗത്തെ ഒപ്പം ചേർത്തിട്ടുണ്ട്. 2019-ൽ ബി.ജെ.പിക്കൊപ്പമായിരുന്നു ഈ വിഭാഗം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുമെന്ന ഉറപ്പും പാർട്ടി ഇവർക്കു നൽകിയിരുന്നു. നാലര വർഷമായിട്ടും നിയമം വരാത്തതിൽ ഇവർ ബി.ജെ.പിക്കെതിരെ പരസ്യപ്രതിഷേധത്തിലുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സി.എ.എ നടപ്പാക്കണമെന്നും ഇല്ലെങ്കിൽ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്നും മതുവ സമുദായ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

സി.എ.എ നിയമത്തിന്റെ പേരിൽ മതുവ വോട്ട് ഉറപ്പാക്കാൻ ബി.ജെ.പി ഹിന്ദു കാർഡിറക്കുമെന്ന ആശങ്ക തൃണമൂലിനുണ്ട്. കാരണം, ബി.ജെ.പിയോടുള്ള അതൃപ്തിയെതുടർന്ന് 2023ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മതുവ വിഭാഗത്തിൽനിന്ന് ടി.എം.സിയിലേക്ക് ഒഴുക്കുണ്ടായിരുന്നു. ഇത് തിരിച്ചുപിടിക്കാൻ പുതിയ വിജ്ഞാപനം ചൂണ്ടിക്കാട്ടി ബി.ജെ.പി ശ്രമിക്കും. ബംഗ്ലാദേശിലെ മതപീഡനങ്ങളിൽനിന്ന് രക്ഷപ്പെട്ട് ബംഗാളിലെത്തിയ മതുവ സമുദായത്തിന്റെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്നാണ് ബി.ജെ.പി പറയുന്നത്. സി.എ.എയുടെ പേരിലുള്ള കാമ്പയിനിലൂടെ സാമുദായിക ധ്രുവീകരണം ആത്യന്തികമായി ആരെ തുണയ്ക്കും എന്നത് പ്രധാന ചോദ്യമാണ്.

Comments