ബംഗാൾ SIR:
21.73 ലക്ഷം
അപ്പീലുകൾക്ക്
എന്തു സംഭവിച്ചു?,
CRG റിപ്പോർട്ടിലെ കണ്ടെത്തൽ

ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളിൽ SIR പ്രകാരം പുറത്തായ 27,07,497 പേരുടെ കണക്കുകളും വിശദാംശങ്ങളുമാണ് CRG റിപ്പോർട്ടിലുള്ളത്. 21.73 ലക്ഷം പേരും ഇനിയും ട്രിബ്യൂണലിന് മുന്നിൽ തീർപ്പുകാത്ത് നിൽക്കുകയാണ് - പശ്ചിമബംഗാൾ SIR-മായി ബന്ധപ്പെട്ട് സിവിക് റിസർച്ച് ഗ്രൂപ്പ് (CRG) തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ.

News Desk

പശ്ചിമ ബംഗാളിലെ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾക്കെതിരെ രാജ്യത്താകമാനം കടുത്ത പ്രതിഷേധങ്ങളുണ്ടായിട്ടും, SIR-മായി ബന്ധപ്പെട്ട അപ്പീലുകളുടെ ഏകീകൃത സ്ഥിതിവിവര റിപ്പോർട്ട് പുറത്തുവിടാൻ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.

വോട്ടർപട്ടികയിൽ മുമ്പ് ഉണ്ടായിരുന്നവരും പിന്നീട് പുറത്തുപോയവരും തമ്മിലുള്ള വിടവ് വ്യക്തമാക്കി, 294 നിയമസഭാ മണ്ഡലങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരെ കണ്ടെത്തി, ഒഴിവാക്കൽ പട്ടികകൾ മുതൽ അപ്പീൽ സമർപ്പിക്കുന്നതും ട്രൈബ്യൂണലുകളുടെ തീരുമാനങ്ങൾ വരെയുമുള്ള വിവരങ്ങൾ പിന്തുടർന്ന് സിവിക് റിസർച്ച് ഗ്രൂപ്പ് (CRG) തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകളാണ്.

2026 ഒക്ടോബർ ഒമ്പതിന് അവസാനമായി അപ്ഡേറ്റ് ചെയ്ത റിപ്പോർട്ട് പ്രകാരം വോട്ടർപട്ടികയിൽനിന്ന് പുറത്തായവരിൽ 22,17,619 പേരും (അതായത് ആകെയുള്ളതിൽ 82%) ട്രിബ്യൂണലിന് മുന്നിൽ പരാതി നൽകിയിട്ടുണ്ട്. 4,88,425 (18%) പേർ മാത്രമാണ് അപ്പീൽ നൽകാത്തത്.

ഇവരിൽ 17,67,095 പേർ ഓൺലൈനായും 1,48,846 പേർ നേരിട്ടുമാണ് ട്രിബ്യൂണലിന് അപ്പീൽ നൽകിയത്. 6,444 പേരുടെ അപ്പീൽ ട്രിബ്യൂണൽ തള്ളിക്കളഞ്ഞു. 43,622 പേരുടെ കാര്യത്തിൽ തീരുമാനത്തിലെത്തി. 30,828 അപ്പീലുകൾ തത്വത്തിൽ അംഗീകരിച്ചു. എന്നാൽ, 21,73,997 അപ്പീലുകളിൽ (ഏകദേശം 98%) ഒരു തീരുമാനവും വന്നിട്ടില്ല. ഇവർ ട്രിബ്യൂണൽ ഇടപെടലിനായി കാത്തിരിക്കുകയാണ്.

ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, അപ്പീലുകൾ സമർപ്പിക്കുന്നതിന്റെ നിരക്കിലും അവ തീർപ്പാക്കുന്നതിന്റെ വേഗത്തിലും വലിയ അന്തരം കാണാം.

ബംഗാളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലുള്ള 27,07,497 പേരുടെ കണക്കുകളും വിശദാംശങ്ങളുമാണ് CRG റിപ്പോർട്ടിലുള്ളത്. ഇവരിൽ 13,81,202 പേർ സ്ത്രീകളും 13,22,372 പേർ പുരുഷൻമാരുമാണ്.

ബംഗാളിലെ SIR-ൽ പുറത്തായവരിൽ ഏറ്റവും കൂടുതലുള്ള ജില്ല മുർഷിദാബാദാണ്. ഏകദേശം 4,44,232 ഇവിടെ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതായി. ഇവരിൽ 4,29,120 പേരും ട്രിബ്യൂണലിൽ അപ്പീൽ നൽകി. നോർത്ത് 24 പർഗാനാസ്, മാൾഡ, സൗത്ത് 24 പർഗാനാസ്, പുർഭ ബർദ്മാൻ തുടങ്ങിയ ജില്ലകളാണ് പട്ടികയിൽ മുന്നിലുള്ളത്.

ബംഗാളിൽ ഏറ്റവും കൂടുതൽ അസംബ്ലി മണ്ഡലങ്ങളുള്ള ജില്ലകൾ കൂടിയാണിത്. മുർഷിദാബാദിൽ 22 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള നോർത്ത് 24 പർഗാനാസ് (33) പട്ടികയിൽ രണ്ടാമതും സൗത്ത് 24 പർഗാനാസ് (31) പട്ടികയിൽ നാലാമതും ഉണ്ട്.

ബംഗാളിലെ ഓരോ മേഖലയിൽ നിന്നും വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുടെ മാപ്പ്.
ബംഗാളിലെ ഓരോ മേഖലയിൽ നിന്നും വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുടെ മാപ്പ്.

നിയമസഭാ മണ്ഡലങ്ങളുടെ കാര്യം പരിഗണിച്ചാൽ, ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ട ആദ്യ അഞ്ച് മണ്ഡലങ്ങളിൽ നാലും മുർഷിദാാബാദ് ജില്ലയിലാണ്. പട്ടികയിൽ ഒന്നാമതുള്ള സംസേർഗഞ്ജിൽ 71,985 വോട്ടർമാരാണ് പുറത്തായിട്ടുള്ളത്. ഇതിൽ 70,181 പേരും ട്രിബ്യൂണലിന് പരാതി ബോധിപ്പിച്ചിട്ടുണ്ട്. Lalgola, Bhagabangola, Raghunathganj, Metiaburuz എന്നിവയാണ് പട്ടികയിൽ മുന്നിലുള്ള മറ്റ് മണ്ഡലങ്ങൾ. ഇവയിൽ Metiaburuz സൗത്ത് 24 പർഗാനാസിലാണ് ഉൾപ്പെടുന്നത്. മറ്റെല്ലാം മുർഷിദാബാദ് ജില്ലയിലാണ്.

SIR പ്രകാരം ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുടെയും ട്രിബ്യൂണലിന് മുന്നിൽ അപ്പീൽ നൽകിയവരുടെയും കണക്ക്.
SIR പ്രകാരം ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുടെയും ട്രിബ്യൂണലിന് മുന്നിൽ അപ്പീൽ നൽകിയവരുടെയും കണക്ക്.

ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതും ട്രിബ്യൂണലിന് മുന്നിൽ അപേക്ഷിച്ചതും പോലെത്തന്നെ ഏറ്റവും കുറവ് വോട്ടർമാർ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ജാർഗ്രം ജില്ലയിൽ നിന്നാണ് ഏറ്റവും കുറച്ച് പേർ ഒഴിവാക്കപ്പെട്ടിട്ടുള്ളത്, 1240 പേർ മാത്രം. ഇതിൽ 421 പേർ ട്രിബ്യൂണലിന് അപ്പീൽ നൽകിയിട്ടുണ്ട്. പട്ടികയിൽ ഏറ്റവും മുന്നിലുള്ള മുർഷിദാബാദിൽ നാല് ലക്ഷത്തിലധികം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്താവുമ്പോഴാണ് ജാർഗ്രം ജില്ലയിൽ നിന്ന് 1240 പേർ മാത്രം പുറത്തായത്.

ബംഗാളിൽ SIR-​ലൂടെ പുറത്തായവരുടെ എണ്ണവും അതിലെ സ്ത്രീ- പുരുഷ അനുപാതവും.
ബംഗാളിൽ SIR-​ലൂടെ പുറത്തായവരുടെ എണ്ണവും അതിലെ സ്ത്രീ- പുരുഷ അനുപാതവും.
SIR പ്രകാരം പുറത്തായവരുടെ നിയമസഭാമണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്.
SIR പ്രകാരം പുറത്തായവരുടെ നിയമസഭാമണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്.
വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുടെ ജില്ല തിരിച്ച കണക്ക്.
വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുടെ ജില്ല തിരിച്ച കണക്ക്.

Comments