ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജി വെച്ച് തൻെറ പിൻഗാമിയായി അതിഷി മർലേനാ സിങ്ങിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുമ്പോഴും രാജിവെക്കാതെ ഡൽഹി ഭരിച്ച കെജ്രിവാൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. ഡൽഹിയിൽ കെജ്രിവാളിന്റെ നീക്കം ഇപ്പോൾ തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബി.ജെ.പി ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ കെജ്രിവാളിന്റെ നീക്കത്തെ സസൂക്ഷ്മം വീക്ഷിക്കുന്നതും അതുകൊണ്ടുതന്നെയാണ്. “എനിക്ക് കോടതിയിൽ നിന്നും നീതി ലഭിച്ചു. എന്നാൽ ജനങ്ങളിൽ നിന്നുള്ള നീതിയാണ് ഇനി ആവശ്യം,” എന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാൾ പറഞ്ഞത്. അപ്രതീക്ഷിതമായിരുന്നു രാജിപ്രഖ്യാപനം. പൊളിറ്റിക്കൽ സസ്പെൻസുകൾ നിറഞ്ഞ കെജ്രിവാളിന്റെ രാഷ്ട്രീയ ജിവിതത്തിലെ മറ്റൊരു നിർണായക ഘട്ടമായി ഇത് മാറുകയാണ്. പ്രധാനമായും രണ്ട് വിഷയങ്ങളാണ് ഡൽഹിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഇപ്പോൾ ചർച്ചയായത്. കെജ്രിവാളിന് ശേഷം ആര്? എന്നതായിരുന്നു ആദ്യചോദ്യം. അതിന് ഉത്തരമായിരിക്കുന്നു. രാജിക്ക് പിന്നിലെന്ത്? എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. അതിനുള്ള ഉത്തരം ഇനിയാണ് ലഭിക്കാൻ പോവുന്നത്.
ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന കെജ്രിവാൾ, അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് സാമൂഹ്യപ്രവർത്തനത്തിലേക്ക് തിരിയുന്നത്. സമരത്തിൻെറ മുൻനിരയിലുണ്ടായിരുന്ന കെജ്രിവാളിൻെറ നേതൃത്വത്തിൽ 2012-ലാണ് ആം ആദ്മി പാർട്ടി രൂപം കൊള്ളുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ ആപ്പ് പതുക്കെ അവിടുത്തെ നഗരകേന്ദ്രങ്ങളിലെ വോട്ടർമാരെ കയ്യിലെടുത്തു. അഴിമതി തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ പാർട്ടിയുടെ ചിഹ്നം ചൂലാണ്. ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ മേൽക്കൈ നേടിയ പാർട്ടി ഇന്ന് ഇന്ത്യയിൽ രണ്ട് സംസ്ഥാനങ്ങളിൽ ഭരിക്കുന്നുണ്ട്. ഡൽഹിയിൽ തുടർച്ചയായി രണ്ടാം തവണയും ഭരിക്കുന്ന ആം ആദ്മി പാർട്ടി പഞ്ചാബിലും ഭരണപക്ഷത്താണ്.
എന്തിനാണ് ഈ രാജി?
പ്രതിച്ഛായ തിരിച്ചുപിടിക്കലും ആരോപണങ്ങളെ മറികടക്കലുമാണ് രാജിയിലൂടെ കെജ്രിവാൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. അഴിമതിക്കെതിരായ പോരാട്ടം നയിച്ച് ദേശീയ ശ്രദ്ധ നേടിയ ഒരു രാഷ്ട്രീയ നേതാവ് അഴിമതിക്കേസിൽ ജയിലിലായി എന്ന ചീത്തപ്പേര് കെജ്രിവാളിന് മറികടക്കേണ്ടതുണ്ട്. രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലും അതിനായി തിരഞ്ഞെടുത്ത വാക്കുകളിലുമെല്ലാം കെജ്രിവാളും ആപ്പും കൃത്യമായി ഈ വിഷയത്തിൽ തന്നെയാണ് ഊന്നുന്നത്.
പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നയത്തിൻെറ ഭാഗമായാണ് അറസ്റ്റെന്ന് നേരത്തെ തന്നെ ആപ്പ് നിലപാടെടുത്തിരുന്നു. കോൺഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം വിഷയത്തിൽ പാർട്ടിക്കും കെജ്രിവാളിനും ഒപ്പമായിരുന്നു. ഇനി ജനങ്ങളുടെ പിന്തുണയും അതുപോലെ നേടിയെടുക്കുകയാണ് ലക്ഷ്യം. “ഞാൻ ജനങ്ങളുടെ കോടതിയിൽ അഗ്നിപരീക്ഷയ്ക്ക് ഇറങ്ങുകയാണ്. അതിൽ വിജയിച്ചാൽ മാത്രം മുഖ്യമന്ത്രിക്കസേരയിൽ തുടരും. ഞാൻ നിങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ എനിക്ക് അടുത്ത തവണ വോട്ടുചെയ്യൂ,” ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കെജ്രിവാൾ പറഞ്ഞു.
“കെജ്രിവാളിന് സഹിക്കാൻ കഴിയാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അത് അഴിമതിയും സത്യസന്ധതയില്ലായ്മയുമാണ്. ജനങ്ങളുടെ പണമുപയോഗിച്ച് സ്വന്തം കീശ നിറയ്ക്കുന്നതാണ്. അഴിമതിക്കെതിരേ പോരാടാനുറച്ച് എല്ലാമുപേക്ഷിച്ച് മുന്നോട്ട് വന്ന ഒരാൾക്ക് അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വരുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മാനസിക ആഘാതം ഏത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ” ഡൽഹിയുടെ പുതിയ മുഖ്യന്ത്രിയും കെജ്രിവാളിൻെറ അടുത്ത അനുയായിയുമായ അതിഷി മർലേന പറഞ്ഞു.
പാർട്ടിയുടെയും കെജ്രിവാളിൻെറയും ലക്ഷ്യങ്ങൾ
ഡൽഹി മുഖ്യമന്ത്രിയായി തുടരുന്നതിൽ ജാമ്യ വ്യവസ്ഥകളും കെജ്രിവാളിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സെക്രട്ടറിയേറ്റിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. മുഖ്യമന്ത്രിയുടെ ഒപ്പ് വേണ്ട ഫയലുകൾ മാത്രം പരിശോധിക്കാനാണ് അനുമതിയുള്ളത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ കെജ്രിവാൾ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രചാരണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമ്പോൾ ഉണ്ടാവാനിടയുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നേരിടുകയും വേണ്ട. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് ആം ആദ്മി പാർട്ടി ഇതിനോടകം തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. നവംബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഡൽഹിയിലും നടത്തണമെന്നാണ് ആവശ്യം.
അഴിമതി ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചാണ് ജയിലിൽ പോയത്. എന്നാൽ കെജ്രിവാൾ ഡൽഹി ഭരണം ജയിലിൽ നിന്ന് തുടരാനാണ് തീരുമാനിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, പ്രതിപക്ഷ നേതൃനിരയിലെ ഒരു പ്രധാന നേതാവായി കെജ്രിവാൾ ഉയർന്നിരുന്നു. ജയിലിൽ നിന്നു പോലും ഭരണം നടത്താൻ കഴിയുന്ന നേതാവ് എന്ന ഇമേജ്, ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കെജ്രിവാളിന് കഴിഞ്ഞു. ആപ്പിന്റെ മധ്യവർത്തി വോട്ടുബാങ്കിനെ വികാരപരമായി കൂടി ഏറ്റെടുക്കാൻ തക്ക ശേഷിയുണ്ടായിരുന്നു ആ തീരുമാനത്തിന്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള കെജ്രിവാളിൻെറ രാജി ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മറ്റുചില ആപ്പ് നേതാക്കളെയും അഴിമതി ആരോപണത്തിൽ കുരുക്കാൻ ബി.ജെ.പി തന്ത്രം മെനഞ്ഞിരുന്നു. അങ്ങനെ ആപ്പിനെ പ്രതിസന്ധിയിലാക്കി, ഡൽഹി സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു പദ്ധതി. എന്നാലിപ്പോൾ, രാജി പ്രഖ്യാപനത്തിലൂടെ, സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ബി.ജെ.പിയുടെ പദ്ധതികളെ അപ്പാടെ തകിടം മറിക്കുകയാണ് കെജ്രിവാൾ ചെയ്തത്.
കെജ്രിവാളിന് ശേഷം ആര് എന്ന ചോദ്യത്തിന് എറ്റവും കൂടുതൽ ഉയർന്നുകേട്ട പേരുകളിലൊന്നായ അതിഷി തന്നെയാണ് ഇപ്പോൾ മുഖ്യമന്ത്രിയാവാൻ പോവുന്നത്.
കെജ്രിവാൾ തടവിലായിരുന്ന നാളുകളിൽ പാർട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചതും ആപ്പ് വക്താവായി നയങ്ങൾ അവതരിപ്പിച്ചതും ക്യാമ്പെയിനുകൾ സംഘടിപ്പിച്ചതുമെല്ലാം അതിഷിയായിരുന്നു. കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളപ്പോൾ പോലും അതിന് ആപ്പിലെ രാഷ്ട്രീയ പ്രതിസന്ധികളും ഒരുപരിധി വരെ കാരണമാണെന്ന വിലയിരുത്തലുണ്ട്. കെജ്രിവാൾ എന്ന അച്ചുതണ്ടിൽ മാത്രം കറങ്ങുന്ന ഒരു പാർട്ടിയാണ് ആം ആദ്മിയെന്ന വിമർശനം ഉയരാറുണ്ട്. അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ പാർട്ടിയിൽ പകരക്കാരുണ്ടെന്ന സന്ദേശമാണ് ആം ആദ്മി നൽകുന്നത്.