1947 ആഗസ്റ്റ് 15-ന് കമ്യൂണിസ്റ്റുകാർ
എന്താണ് ചെയ്തത്?

1947–ലെ ആഗസ്റ്റ് 15 ‘കരിദിന’മായാണ് കമ്യൂണിസ്റ്റുകാർ ആചരിച്ചത് എന്ന് നുണപ്രചാരണം നടത്തുകയാണ് ആർ.എസ്​.എസുകാരും ആർ.എസ്​.എസ് മനസ്​കരായ കോൺഗ്രസുകാരും. ചരിത്രവും വസ്​തുതകളുമായി ബന്ധമില്ലാത്ത വർഗീയവാദികളുടെ നുണപ്രചാരണം തങ്ങളുടെ ബ്രിട്ടീഷ് ദാസ്യവേലയെയും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ചരിത്രത്തെയും മറച്ചുപിടിക്കാനുള്ള തന്ത്രമാണ്- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ പങ്കെടുത്തിട്ടില്ലെന്നും അവർ 1947–ലെ ആഗസ്റ്റ് 15 ‘കരിദിന’മായി ആചരിച്ചവരാണെന്നുമുള്ള നുണപ്രചാരണം നടത്തുകയാണ് ആർ.എസ്​.എസുകാരും ആർ.എസ്​.എസ് മനസ്​കരായ കോൺഗ്രസുകാരും. സി.പി.ഐ- എം ആഗസ്റ്റ് 15–ന് പാർട്ടിഓഫീസുകളിൽ ത്രിവർണ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് പുതിയ സംഭവമാണെന്ന രീതിയിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ നെഞ്ചോട് ചേർന്നുകഴിഞ്ഞ ചില മുൻ വിപ്ലവകാരികളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം അഴിച്ചുവിടുന്നുണ്ട്. ചരിത്രവും വസ്​തുതകളുമായി ബന്ധമില്ലാത്ത വർഗീയവാദികളുടെ നുണപ്രചാരണങ്ങൾ തങ്ങളുടെ ബ്രിട്ടീഷ് ദാസ്യവേലയെയും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ചരിത്രത്തെയും മറച്ചുപിടിക്കാനുള്ള തന്ത്രമാണ്.

കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യദിനം ആചരിച്ചിട്ടില്ലെന്നും 1947 ആഗസ്റ്റ് 15 കരിദിനമായി ആചരിച്ചവരാണെന്നുമുള്ള പ്രചാരണത്തിെൻ്റെ മുൻപന്തിയിലുള്ളത് ആർ.എസ്​.എസുകാരാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രമെന്നത് കമ്യൂണിസ്റ്റുകാരുടെ കൂടി ചോരവീണ ചരിത്രമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ വഴികളിൽ വെടിയുണ്ടകളേറ്റുവാങ്ങി പിടഞ്ഞുവീണവരും തൂക്കുമരത്തിലേറിയവരും കമ്യൂണിസ്റ്റുകാരായിരുന്നുവെന്ന കാര്യം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ലാത്ത ആർ.എസ്​.എസുകാരെ ഭയപ്പെടുത്തുന്നുണ്ട്.

സ്വാതന്ത്ര്യസമരത്തിൽ ഏതെങ്കിലുമൊരു ആർ.എസ്​.എസ് നേതാവോ പ്രവർത്തകനോ പങ്കെടുത്തിട്ടുണ്ടോ? കമ്യൂണിസ്റ്റുകാർ വഞ്ചിച്ചുവെന്ന് പറയുന്ന ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ഏതെങ്കിലുമൊരു ആർ.എസ്​.എസുകാരന്റെ പേര് പറയുമോ? സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ഒരു പെറ്റികേസെങ്കിലും ചാർജ്ജ് ചെയ്യപ്പെട്ട ഏതെങ്കിലും ആർ.എസ്​.എസുകാരന്റെ പേര് പറയുമോ? സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് അര ദിവസമെങ്കിലും ജയിൽവാസം അനുഭവിച്ച ഒരു ആർ.എസ്​.എസുകാരന്റെ പേര് പറയുമോ? ഇല്ല ഒരൊറ്റ ആർ.എസ്​.എസുകാരനും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല.

1925–ൽ ആ ഹിന്ദുത്വ തീവ്രവാദ സംഘടന രൂപംകൊണ്ടതുമുതൽ ബ്രിട്ടീഷുകാരുടെ കയ്യിൽ കളിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ വർഗീയത ഇളക്കിവിട്ട് അസ്​തിരീകരിക്കാനാണ് അവർ പണിയെടുത്തിട്ടുള്ളത്.

1942–ലെ സാർവദേശീയ സാഹചര്യം, അതായത് ഫാഷിസത്തെ പരാജയപ്പെടുത്താൻ ലോകമാകെയുള്ള ജനാധിപത്യരാഷ്ട്രങ്ങളും ജനങ്ങളും ഒന്നിച്ചുനിൽക്കുന്ന സാഹചര്യം കണക്കിലെടുക്കാതെ കോൺഗ്രസ് ക്വിറ്റ് ഇന്ത്യയിലൂടെ ഒരു അന്തിമസമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
1942–ലെ സാർവദേശീയ സാഹചര്യം, അതായത് ഫാഷിസത്തെ പരാജയപ്പെടുത്താൻ ലോകമാകെയുള്ള ജനാധിപത്യരാഷ്ട്രങ്ങളും ജനങ്ങളും ഒന്നിച്ചുനിൽക്കുന്ന സാഹചര്യം കണക്കിലെടുക്കാതെ കോൺഗ്രസ് ക്വിറ്റ് ഇന്ത്യയിലൂടെ ഒരു അന്തിമസമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

കമ്യൂണിസ്റ്റുകാർ ക്വിറ്റ് ഇന്ത്യ സമരത്തെ വഞ്ചിച്ചവരാണെന്ന നുണക്കഥയുണ്ടാക്കിയത് അരുൺ ഷൂരിയായിരുന്നു. അയാൾ ഇലസ്ട്രേറ്റഡ് വീക്കിലിയിലെഴുതിയ ‘ദ ഗ്രേറ്റ് ബിട്രെയൽ’ എന്ന ലേഖനപരമ്പരയിലൂടെ അയാൾ സംഘപരിവാറിനാവശ്യമായ നുണക്കഥകൾ പടച്ചുണ്ടാക്കുകയായിരുന്നു. യഥാർത്ഥത്തിൽ 1942–ലെ സാർവദേശീയ സാഹചര്യം, അതായത് ഫാഷിസത്തെ പരാജയപ്പെടുത്താൻ ലോകമാകെയുള്ള ജനാധിപത്യരാഷ്ട്രങ്ങളും ജനങ്ങളും ഒന്നിച്ചുനിൽക്കുന്ന സാഹചര്യം കണക്കിലെടുക്കാതെ കോൺഗ്രസ് ക്വിറ്റ് ഇന്ത്യയിലൂടെ ഒരു അന്തിമസമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. അതിനുള്ള തയ്യാറെടുപ്പോ സാർവദേശീയതലത്തിലും ദേശീയതലത്തിലും അതിനനുകൂലമായ സാഹചര്യമോ ഇല്ല എന്ന വസ്​തുനിഷ്ഠയാഥാർത്ഥ്യം കാണാതെയുള്ള തീരുമാനമായിരുന്നു കോൺഗ്രസിന്റേത് എന്ന വിമർശനമാണ് കമ്യൂണിസ്റ്റുകാർ മുന്നോട്ടുവെച്ചത്.

എന്നാൽ ക്വിറ്റ് ഇന്ത്യ പ്രമേയത്തെത്തുടർന്ന് ഗാന്ധി അറസ്റ്റു ചെയ്യപ്പെടുകയും രാജ്യത്താകെ അടിച്ചമർത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്തപ്പോൾ അതിനെതിരായി രംഗത്തിറങ്ങിയത് കമ്യൂണിസ്റ്റുകാരായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷി യാർവാദ സെൻട്രൽ ജയിലിൽ ഗാന്ധി ആരംഭിച്ച നിരാഹാരസമരം കണ്ടില്ലെന്ന് നടിക്കരുതെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഗവൺമെൻ്റിന് കത്തെഴുതുകയും ഗാന്ധിയുടെ ജീവൻകൊണ്ട് പന്താടാൻ അനുവദിക്കില്ലെന്നുപറഞ്ഞ് രാജ്യമാകെ പ്രതിഷേധപ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. യഥാർത്ഥത്തിൽ ഗാന്ധിയുടെ നിരാഹാരത്തെ തുടർന്ന് രാജ്യത്ത് നടന്ന എല്ലാ പ്രതിഷേധപ്രകടനങ്ങൾക്കുമുമ്പിലും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു.

മലബാറിലാകെ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായ പ്രതിഷേധങ്ങളിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ പോയവരുടെ പട്ടിക കെ.പി.സി.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 600- ഓളം പേരെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അതിൽ 340 പേരും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും നേതാക്കളുമായിരുന്നു. ബാക്കി പ്രധാനമായും സോഷ്യലിസ്റ്റുകളും. കോൺഗ്രസുകാർ പ്രവർത്തനരംഗത്തുനിന്നും നിഷ്ക്രമിക്കുകയാണുണ്ടായത്.

1947–ൽ കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യദിനം ‘കരിദിന’മായി ആചരിച്ചിരുന്നോ? ഇതാ ചരിത്രത്തിന്റെ അസന്ദിഗ്ധമായ വസ്​തുത.

‘‘1947 ആഗസ്​ത് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ആഗസ്റ്റ് 13-ലെ ദേശാഭിമാനിയിൽ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പി. കൃഷ്ണപിള്ള ഇങ്ങനെ പ്രസ്​താവന പുറപ്പെടുവിച്ചു; ‘‘ആഗസ്റ്റ് 14–ാം തിയ്യതി രാത്രി 12 മണിക്കുശേഷം കോഴിക്കോട് കമ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽവെച്ച് രാഷ്ട്രപതാകാവന്ദനം നടത്തുന്നതാണ്. അതിന് കോഴിക്കോട്ടെ എല്ലാ പാർട്ടി മെമ്പർമാരും അനുഭാവികളും എത്തിച്ചേരണം. പതാകാവന്ദനം കഴിഞ്ഞാൽ പലവിധ സാംസ്​കാരിക പരിപാടികളും നടത്തുന്നതായിരിക്കും. ആഗസ്റ്റ് 15 നു കാലത്തുമുതൽ കോൺഗ്രസിന്റെ പൊതുപരിപാടിയനുസരിച്ചുള്ള എല്ലാ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്നതായിരിക്കും.’’

‘‘ആഗസ്റ്റ് 14–ാം തിയ്യതി രാത്രി 12 അടിക്കുകയും ദൽഹിയിലെ ചെങ്കോട്ടയിൽ അശോകചക്രാങ്കിതമായ രാഷ്ട്രപതാക ഉയരുകയും ചെയ്തു. കോഴിക്കോട് കല്ലായ് റോഡിലുള്ള ദീപാലംകൃതമായ കമ്യൂണിസ്റ്റ് പാർട്ടി ഓഫീസ് മുറ്റത്ത് നാട്ടിയ നീണ്ട കൊടിമരത്തുമ്പിലും സ്വാതന്ത്ര്യപതാക പാറി. എല്ലാവരും ആഹ്ലാദിച്ചു. അതിൽ ഏറ്റവും അധികം ആഹ്ലാദിച്ചത്, ഉപ്പുസത്യാഗ്രഹകാലത്ത് ഈ പതാക സംരക്ഷിക്കുന്നതിനുവേണ്ടി ധീരോജ്ജ്വലമായി പോരാടി ചരിത്രം സൃഷ്ടിച്ച കൃഷ്ണപിള്ള തന്നെയാണ്. വൈകുന്നേരം തൊഴിലാളികൾ നടത്തിയ ആഹ്ലാദപ്രകടനത്തിനുമുമ്പിൽ കൊടിയും പിടിച്ച് കോഴിക്കോടിന്റെ നഗരവീഥികളിലൂടെ കൃഷ്ണപിള്ള നടന്നുനീങ്ങി. ബ്രിട്ടീഷ് സാമ്രാജ്യത്വഭരണം അവസാനിപ്പിച്ച ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയകരമായ ഒരു ഘട്ടം പിന്നിട്ടെന്ന പ്രഖ്യാപനവുമായി.

ക്വിറ്റ് ഇന്ത്യ പ്രമേയത്തെത്തുടർന്ന് ഗാന്ധി അറസ്റ്റു ചെയ്യപ്പെടുകയും രാജ്യത്താകെ അടിച്ചമർത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്തപ്പോൾ അതിനെതിരായി രംഗത്തിറങ്ങിയത് കമ്യൂണിസ്റ്റുകാരായിരുന്നു.
ക്വിറ്റ് ഇന്ത്യ പ്രമേയത്തെത്തുടർന്ന് ഗാന്ധി അറസ്റ്റു ചെയ്യപ്പെടുകയും രാജ്യത്താകെ അടിച്ചമർത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്തപ്പോൾ അതിനെതിരായി രംഗത്തിറങ്ങിയത് കമ്യൂണിസ്റ്റുകാരായിരുന്നു.

200 വർഷം നീണ്ടുനിന്ന കൊളോണിയൽ അടിമത്തത്തിന്റെ അന്ധകാരത്തിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്കുണർന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളും, നാടിന്റെ മോചനത്തിനുവേണ്ടി പോരാടിയവരുടെ സ്വപ്നങ്ങളും സ്വതന്ത്ര ഇന്ത്യയിൽ യാഥാർത്ഥ്യമായില്ല. ബൂർഷ്വാ ഭൂപ്രഭുവർഗങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും താൽപര്യങ്ങൾക്കു കീഴടങ്ങിയ കോൺഗ്രസ് നേതൃത്വം അതിഭീകരമായി കമ്യൂണിസ്റ്റുകാരെയും, സമരം ചെയ്യുന്ന ജനങ്ങളെയും അടിച്ചമർത്തുന്നത് തുടർന്നു. കോഴിക്കോടിന്റെ മണ്ണിലും വെടിയുണ്ടകൾ കമ്യൂണിസ്റ്റുകാരുടെ ശരീരത്തിലേക്ക് തുളച്ചുകയറി. ലോക്കപ്പ് മുറികളിൽ വിപ്ലവകാരികളുടെ ചോര ഒലിച്ചിറങ്ങി.

ഒഞ്ചിയത്തും കൂത്താളിയിലും മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധവുമായി അധികാരിവർഗങ്ങളോട് ഏറ്റുമുട്ടിയ കമ്യൂണിസ്റ്റ് വിപ്ലവസമരങ്ങളുടെ മറ്റൊരു ചരിത്രാധ്യായം ആരംഭിക്കുന്നതാണ് ഇനി നാം കാണാൻ പോകുന്നത്’’.

ഇന്ത്യയൊട്ടാകെ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് കൊളോണിയലിസം അവസാനിച്ച് ഇന്ത്യൻ ജനത രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ച 1947 ആഗസ്റ്റ് 15 വലിയ ആഘോഷദിനമായിട്ടാണ് ആചരിച്ചത്. ഇന്ത്യൻ ജനതയുടെ സുദീർഘമായ പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയും രകതസാക്ഷിത്വത്തിന്റെയും സ്​മരണകളുണർത്തി രാജ്യമാകെ കമ്യൂണിസ്റ്റുകാർ 1947 ആഗസ്റ്റ് 15 ദേശീയപതാകയും ചെങ്കൊടിയുമുയർത്തി സ്വാതന്ത്ര്യദിനം ആചരിച്ചു.

1920–ലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമഘടകം രൂപംകൊള്ളുന്നത്. അപ്പോൾ തന്നെ ബ്രിട്ടീഷ് ഗവൺമെൻ്റ് പാർട്ടി ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യൻ ദേശീയപ്രസ്​ഥാനത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും സമുന്നത നേതാക്കൾ ചേർന്നാണ് താഷ്കൻ്റിൽവെച്ച് കമ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മം നൽകിയത്. താഷ്കൻ്റിൽ നിന്ന് പെഷഹാർ വഴി ഇന്ത്യയിലെത്തിയ കമ്യൂണിസ്റ്റുകാരെ ബ്രിട്ടീഷ് ഗവൺമെൻ്റ് പെഷവാർ ഗൂഢാലോചനകേസ് ചമച്ച് ജയിലിലടച്ച് വിചാരണ ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് രഹസ്യപോലീസിനെ വെട്ടിച്ച് ഇന്ത്യയിലെത്തിയ എം.എൻ. റോയിയെയും അബനി മുഖർജിയെയും പോലുള്ള നേതാക്കളാണ് 1921–ലെ അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ വിപുലമായ ബഹുജനപിന്തുണയോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താൻ ആവശ്യമായ നയസമീപനങ്ങളടങ്ങുന്ന ‘ഇന്ത്യൻ കോൺഗ്രസിനൊരു മാനിഫെസ്റ്റോ’ എന്ന രേഖ തയ്യാറാക്കി വിതരണം ചെയ്തത്.

ഇന്ത്യയൊട്ടാകെ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് കൊളോണിയലിസം അവസാനിച്ച് ഇന്ത്യൻ ജനത രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ച 1947 ആഗസ്റ്റ് 15 വലിയ ആഘോഷദിനമായിട്ടാണ് ആചരിച്ചത്.
ഇന്ത്യയൊട്ടാകെ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് കൊളോണിയലിസം അവസാനിച്ച് ഇന്ത്യൻ ജനത രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ച 1947 ആഗസ്റ്റ് 15 വലിയ ആഘോഷദിനമായിട്ടാണ് ആചരിച്ചത്.

ഇതിന്റെ അടിസ്​ഥാനത്തിലാണ് പ്രമുഖ ഉറുദു കവിയും വിപ്ലവകാരിയുമായ ഹസ്രത് മൊഹാനി എ.ഐ.സി.സി സമ്മേളനത്തിൽ പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രമേയം അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് അധികാരത്തിനുകീഴിലെ ഡൊമിനിയൻ പദവിയിലൊതുങ്ങിനിന്നിരുന്ന കോൺഗ്രസ് നേതൃത്വത്തോട് പൂർണ സ്വാതന്ത്ര്യമാണ് ഇന്ത്യക്കുവേണ്ടതെന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ.

അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിൽ പൂർണസ്വരാജ് പ്രമേയത്തെ എതിർത്ത കോൺഗ്രസ് നേതൃത്വം 1929–ലെ ലാഹോർ എ.ഐ.സി.സി സമ്മേളനത്തിൽ എത്തുമ്പോഴേക്കും കമ്യൂണിസ്റ്റുകാർ മുന്നോട്ടുവെച്ച പൂർണ സ്വരാജ് എന്ന മുദ്രാവാക്യം അംഗീകരിച്ചു. 1920–ന് കമ്യൂണിസ്റ്റു പാർട്ടി രൂപംകൊള്ളുന്നതിനുമുമ്പ് ഇന്ത്യൻ വിപ്ലവധാരയിൽ പ്രവർത്തിച്ച, ഗദർ പാർട്ടിയിലും, യുഗാന്ദറിലും അനുശീലൻ സമിതിയിലുമൊക്കെയുണ്ടായിരുന്ന എം.എൻ. റോയ് ഉൾപ്പെടെയുള്ള വിപ്ലവകാരികളായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ.

ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരം ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്​ഥാനത്തിന്റെയോ പ്രത്യേക വിഭാഗം നേതാക്കളുടെയോ ഏതെങ്കിലും ഒരു പ്രത്യയശാസ്​ത്രത്തിന്റെയോ അടിത്തറയിൽ രൂപപ്പെട്ടതോ പ്രവർത്തനക്ഷമമായതോ അല്ല. നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്നിരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അവർ നേരിടുന്ന പ്രശ്നങ്ങളിലും ചൂഷണ മർദ്ദന നടപടികളിലും പ്രതിഷേധം ഉയർത്തുകയും അവയെല്ലാം സംയോജിച്ച് മഹാപ്രവാഹമായി മാറുകയും ചെയ്തതാണ് നമ്മുടെ ദേശീയപ്രസ്​ഥാനം.

1925–ൽ രൂപംകൊണ്ട RSS ഒഴിച്ച് മറ്റെല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങൾക്കും വ്യത്യസ്​ത രാഷ്ട്രീയപാർട്ടികൾക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അവരുടേതായ പങ്ക് നിർവ്വഹിക്കാനുണ്ടായിരുന്നു. ഈ കാര്യം വ്യകതമാക്കി ഇ.എം.എസ് എഴുതിയിട്ടുണ്ട്:

‘‘ബ്രിട്ടീഷ് ഭരണത്തിനെതിരായി ജനങ്ങളുടെ ചെറുത്തുനിൽപ്പിന് ആ ഭരണം സ്​ഥാപിച്ച കാലത്തോളം പഴക്കമുണ്ട്. കേരളത്തിൽ വേലുത്തമ്പിദളവയുടെയും പഴശ്ശിരാജാവിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന ബ്രിട്ടീഷ് കലാപങ്ങളെപോലെ ഇന്ത്യയുടെ നാനാഭാഗത്തും ബ്രിട്ടീഷ് ഭരണം അടിയുറക്കാൻ തുടങ്ങുന്നതിനുമുമ്പുതന്നെ നാട്ടുകാർ ഇളകിപുറപ്പെടുകയുണ്ടായി. ഇങ്ങനെ പലയിടത്തും പലരൂപങ്ങളിലും പൊട്ടിപ്പുറപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ ഏറ്റവും ഉയർന്നതും വ്യാപകവുമായ രൂപമാണ് 1857–ലെ വടക്കേഇന്ത്യയിൽ ആകമാനം നടന്ന കലാപം.’’

ഇന്ത്യൻ ദേശീയപ്രസ്​ഥാനത്തിന്റെ ചരിത്രത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് അതിന്റെ ദിശ നിർണയിക്കുന്നതിലും ബഹുജനങ്ങളെ അണിനിരത്തുന്നതിലും സാമ്രാജ്യത്വത്തിന്റെ സാമൂഹ്യ അടിസ്​ഥാനമായ ജന്മിത്വവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലുമെല്ലാം നിർണ്ണായകമായിതീർന്നിട്ടുണ്ട്.

അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിനുശേഷം നടന്ന 1922–ലെ ഗയ എ.ഐ.സി.സിയിൽ പങ്കെടുത്ത ശിങ്കാരവേലിചെട്ടിയാർ കിസാൻ സഭ സംഘടിപ്പിക്കുന്നതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പൂർണസ്വാതന്ത്ര്യം നേടാൻ പരിശ്രമിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അജണ്ടയിലേക്ക് കർഷകരെയും തൊഴിലാളികളെയും മറ്റ് ബഹുജനവിഭാഗങ്ങളെയും ബ്രിട്ടീഷുകാർക്കെതിരായി അണിനിരത്തുന്നതിനായുള്ള സമീപനം കമ്യൂണിസ്റ്റുകാർ നടത്തിയ ഇടപെടലിൻ്റെ ഭാഗമായിട്ടാണ് സ്വീകരിക്കപ്പെട്ടത്. 1923 മെയ് ഒന്നിന്, മെയ്ദിനമാചരിക്കുന്ന സ്​ഥിതിയിലേക്കുവരെ അത് വികസിച്ചു.

1920–ന് കമ്യൂണിസ്റ്റു പാർട്ടി രൂപംകൊള്ളുന്നതിനുമുമ്പ് ഇന്ത്യൻ വിപ്ലവധാരയിൽ പ്രവർത്തിച്ച, ഗദർ പാർട്ടിയിലും, യുഗാന്ദറിലും അനുശീലൻ സമിതിയിലുമൊക്കെയുണ്ടായിരുന്ന എം.എൻ. റോയ് ഉൾപ്പെടെയുള്ള വിപ്ലവകാരികളായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ.
1920–ന് കമ്യൂണിസ്റ്റു പാർട്ടി രൂപംകൊള്ളുന്നതിനുമുമ്പ് ഇന്ത്യൻ വിപ്ലവധാരയിൽ പ്രവർത്തിച്ച, ഗദർ പാർട്ടിയിലും, യുഗാന്ദറിലും അനുശീലൻ സമിതിയിലുമൊക്കെയുണ്ടായിരുന്ന എം.എൻ. റോയ് ഉൾപ്പെടെയുള്ള വിപ്ലവകാരികളായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയപ്രസ്​ഥാനത്തിലെ ഇടപെടൽ സജീവമായതോടെ ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗം കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ തടയാനുള്ള നീക്കങ്ങളും തീവ്രമാക്കി. ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗം ബോൾഷെവിക്കുകളെ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് കൊച്ചി രാജാവിന് സർക്കുലർ നൽകി. 1927–ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനം, ദേശീയപ്രസ്​ഥാനത്തിൽ സജീവമായി ഇടപെടുന്നതിന് തീരുമാനിച്ചു. പൂർണ സ്വാതന്ത്ര്യം, ജന്മി ഭൂപ്രഭുത്വം അവസാനിപ്പിക്കൽ, ദേശസാൽക്കരണം, സാർവത്രിക വോട്ടവകാശം തുടങ്ങിയ കാഴ്ചപ്പാടുകളെ അടിസ്​ഥാനമാക്കി പ്രചാരണങ്ങൾ ആരംഭിക്കാനുള്ള തീരുമാനവുമെടുത്തു. കോൺഗ്രസ് പൂർണസ്വാതന്ത്ര്യം വേണമെന്ന തീരുമാനമെടുക്കാൻപോലും മടിച്ചുനിൽക്കുന്ന സമയത്താണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ മുൻകൈയുണ്ടായത്.

1940 സെപ്തംബർ 15–നാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സാമ്രാജ്യത്വദിനമായി ആചരിച്ചത്. ‘സാമ്രാജ്യത്വം തുലയട്ടെ ജന്മിത്വം നശിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി ബഹുജനപ്രതിഷേധം ഇരമ്പിയ ദിനമായിരുന്നു 1940 സെപ്തംബർ 15. തലശ്ശേരി ജവഹർഗട്ടിൽ ബ്രിട്ടീഷ് നിരോധനത്തെ വെല്ലുവിളിച്ച് നടന്ന പ്രകടനത്തിലാണ് അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചത്.

1943–ൽ കയ്യൂർ സഖാക്കൾ തൂക്കുമരത്തിലേറിയത് സ്വാതന്ത്ര്യത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള കർഷകസമരങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ കള്ളക്കേസുകളിൽ പ്രതികളാക്കപ്പെട്ടാണ്. ഇങ്ങനെ എത്രയോ രക്തസാക്ഷിത്വങ്ങൾ, മർദ്ദനങ്ങൾ, ജയിൽവാസങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമുഖത്ത് കമ്യൂണിസ്റ്റുകാർ ഏറ്റുവാങ്ങിയിട്ടുണ്ട്.

Comments