ഹരിയാനയിൽ വിനേഷ് ഫോഗട്ടും ആം ആദ്മിയും കോൺഗ്രസിനെ രക്ഷിക്കുമോ ?

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും വിജയിപ്പിച്ചെടുത്ത ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം മാതൃക ഹരിയാനയിൽ ഫലപ്രദമായി പ്രയോഗിച്ചാൽ ഹരിയാനയുടെ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകും.

News Desk

ത്തുവർഷമായി ഭരണം കയ്യാളുന്ന ബി.ജെ.പിക്ക് ഹരിയാനയിൽ ഇത്തവണ നേരിടേണ്ടിവരിക കടുത്ത ഭരണവിരുദ്ധ വികാരമാണ്. ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരവും അവസാനിച്ചിട്ടില്ലാത്ത കർഷക പ്രക്ഷോഭവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമെല്ലാം വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് എളുപ്പമാകില്ലെന്ന സൂചനയാണ് നൽകുന്നത്. രാഹുൽ ഗാന്ധിയെ കണ്ട് പാർട്ടി അംഗത്വമെടുത്ത ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും പാർട്ടി ടിക്കറ്റിൽ മത്സരിച്ചാൽ അത് സംസ്ഥാനത്താകെ വോട്ടിംഗിൽ ബി.ജെ.പിക്കെതിരായി പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പയറ്റിത്തെളിഞ്ഞ കോൺഗ്രസ്- എ.എ.പി സഖ്യം കൂടി നിലവിൽ വന്നാൽ അത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് കിട്ടുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്നും പാർട്ടി കരുതുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും വിജയിപ്പിച്ചെടുത്ത ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം മാതൃക ഹരിയാനയിൽ ഫലപ്രദമായി പ്രയോഗിച്ചാൽ ഹരിയാനയുടെ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകും.

2019- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള പത്തിൽ പത്ത് സീറ്റും ബി.ജെ.പി തൂത്തുവാരി. എന്നാൽ 2024-ൽ ആ വിജയം ആവർത്തിക്കാനായില്ല. 'ഇന്ത്യ' സഖ്യം ബി.ജെ.പിയിൽനിന്ന് അഞ്ച് സീറ്റാണ് പിടിച്ചെടുത്തത്. ഒമ്പത് സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ എ.എ.പി യുമായിരുന്നു ലോക്സഭയിലേക്ക് മത്സരിച്ചത്. ഒരിടത്ത് മത്സരിച്ച എ.എ.പി തോറ്റെങ്കിലും എ.എ.പിയുടെ പിന്തുണ കോൺഗ്രസിനെ നല്ല പോലെ സഹായിച്ചു. വോട്ടുശതമാനത്തിൽ കോൺഗ്രസായിരുന്നു മുന്നിൽ. അന്ന് ബി.ജെ.പിക്ക് തിരിച്ചടിയായ കാരണങ്ങളെല്ലാം സംസ്ഥാനത്ത് ഇപ്പോഴും അതേ പോലെ നിലനിൽക്കുന്നുമുണ്ട്. അതാണ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്ന പ്രധാന ഫാക്ടർ.

വിനേഷ് ഫോഗട്ടും  ബജ്റംഗ് പുനിയയും രാഹുൽ ഗാന്ധിയോടൊപ്പം/photo: X INC India
വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും രാഹുൽ ഗാന്ധിയോടൊപ്പം/photo: X INC India

ബലാത്സംഗ ആരോപണം നേരിട്ട ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് നേതൃത്വം നൽകിയ മുൻനിര താരങ്ങളെല്ലാം ജാട്ട് സമുദായത്തിൽനിന്നുള്ളവരായിരുന്നു. കർഷകസമരത്തെ അടിച്ചമർത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളും ജാട്ട് വിഭാഗക്കാർക്കിടയിൽ വലിയ തോതിലുള്ള അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്‌. കാലങ്ങളായി തങ്ങളുടെ കൂടെ നിന്നിരുന്ന ഒരു പ്രബല സമുദായം തങ്ങളിൽ നിന്ന് അകലുന്നു എന്നത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ജാട്ടുകളെ അനുനയിപ്പിക്കാനാണ് മനോഹർലാൽ ഖട്ടറിനു പകരമായി നയാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിക്കസേരയിലേക്ക് കൊണ്ടുവന്നതെങ്കിലും അതൊന്നും ഭരണ വിരുദ്ധ വികാരം തടയാനായില്ല എന്ന തിരിച്ചറിവിലാണ് ബിജെപി.

ഇത്രയൊക്കെ അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിലും ഗ്രൂപ്പുപോരാണ് കോൺഗ്രസ് ഹരിയാനയിൽ നേരിടുന്ന വെല്ലുവിളി. അത് പരിഹിരിച്ചു ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണം എന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശം. പാർട്ടികകത്തും പുറത്തും അത്തരം അനുനയ ശ്രമങ്ങളാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്.

കാലങ്ങളായി തങ്ങളുടെ കൂടെ നിന്നിരുന്ന ഒരു പ്രബല സമുദായം തങ്ങളിൽ നിന്ന് അകലുന്നു എന്നത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ജാട്ടുകളെ അനുനയിപ്പിക്കാനാണ് മനോഹർലാൽ ഖട്ടറിനു പകരമായി നയാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിക്കസേരയിലേക്ക് കൊണ്ടുവന്നതെങ്കിലും അതൊന്നും ഭരണ വിരുദ്ധ വികാരം തടയാനായില്ല എന്ന തിരിച്ചറിവിലാണ് ബിജെപി.

2019- ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 40 സീറ്റും കോൺഗ്രസ് 31 സീറ്റുമായിരുന്നു നേടിയിരുന്നത്. ജനനായക് പാർട്ടി (ജെ.ജെ.പി) 10 സീറ്റിലും വിജയിച്ചു. 2019- ൽ ജനനായക് ജനതാ പാർട്ടിയുമായുള്ള സഖ്യത്തിൽ എ.എ.പി ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിക്ക് 36.7 ശതമാനവും കോൺഗ്രസിന് 28.2 ശതമാനവുമാണ് 2019- ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ആം ആദ്മി പാർട്ടിക്ക് 0.5 ശതമാനം വോട്ട് മാത്രം.

വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും സ്ഥാനാർത്ഥികളായാൽ…

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും എത്തിയതോടെ സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശ്രദ്ധാകേന്ദ്രമായി. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിംഗിനെതിരായ ലൈംഗികാരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധ പരിപാടികളിൽ ഫോഗട്ടും ബജ്റംഗും മുൻനിരയിലുണ്ടായിരുന്നു. ഗുസ്തിതാരങ്ങൾ സമരം നടത്തിയ വേളയിൽ താരങ്ങൾക്ക് പൂർണ പിന്തുണയുമായി രാഹുൽ ഗാന്ധിയും കർഷക നേതൃത്വവും ഉണ്ടായിരുന്നു.

വിനേഷ് ഫോഗട്ട് പാരീസിൽ നിന്ന് തിരിച്ചെത്തിയത് മുതൽ കോൺഗ്രസ് നേതാക്കൾ ഫോഗട്ടിന്റെ കൂടെയുണ്ടായിരുന്നു. ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ഫോഗട്ടിനെ സ്വീകരിച്ച ആദ്യ രാഷ്ട്രീയ നേതാവ് റോഹ്താക് എം.പിയും കോൺഗ്രസ് നേതാവുമായ ദീപേന്ദർ ഹുഡ ആയിരുന്നു. ബി.ജെ.പി നേതാവ് ബ്രിജ്ഭൂഷൻ ഷരൻ സിംഗിനെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് വിനേഷ് ഫോഗട്ടും മറ്റ് ഗുസ്തി താരങ്ങളും നടത്തിയിരുന്ന സമരത്തെ ദീപേന്ദർ ഹുഡ ശക്തമായി പിന്തുണച്ചിട്ടുമുണ്ട്.

കർഷക സമരം 200 ദിവസം പിന്നിട്ട വേളയിൽ പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിലെ കർഷകരുടെ സമരപന്തലിൽ വിനേഷ് ഫോഗട്ട്  എത്തിയപ്പോൾ /photo: X
കർഷക സമരം 200 ദിവസം പിന്നിട്ട വേളയിൽ പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിലെ കർഷകരുടെ സമരപന്തലിൽ വിനേഷ് ഫോഗട്ട് എത്തിയപ്പോൾ /photo: X

കർഷക സമരം 200 ദിവസം പിന്നിട്ട വേളയിൽ പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിലെ കർഷകരുടെ സമരപന്തലിലെത്തി കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമായിരുന്നു വിനേഷ് ഫോഗട്ട് ഉയർത്തിയത്. ‘‘കർഷകന്റെ മകളായ താൻ എന്നും കർഷക പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കും. കർഷകരാണ് രാജ്യത്തിന്റെ ശക്തി. അവരെ കേൾക്കാൻ സർക്കാർ തയ്യാറാകണം. കർഷകർ തെരുവിൽ ഇരുന്നാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല’’, എന്നായിരുന്നു വിനേഷ് ഫോഗട്ട് പറഞ്ഞത്.

ലൈംഗിക ആരോപണ പരാതി ഉയർന്ന ഘട്ടത്തിലും അതിനെതിരെ നടന്ന സമരങ്ങളുടെ ഘട്ടങ്ങളിലുമെല്ലാം ഗുസ്തി താരങ്ങളെ അധിക്ഷേപിക്കാനും സോഷ്യൽ മീഡിയയിലടക്കം അവരെ ക്രൂരമായി ആക്രമിക്കാനുമായിരുന്നു ബി.ജെ.പി അനുകൂലികൾ ശ്രമിച്ചിരുന്നത്.

എന്നാൽ ലൈംഗിക ആരോപണ പരാതി ഉയർന്ന ഘട്ടത്തിലും അതിനെതിരെ നടന്ന സമരങ്ങളുടെ ഘട്ടങ്ങളിലുമെല്ലാം ഗുസ്തി താരങ്ങളെ അധിക്ഷേപിക്കാനും സോഷ്യൽ മീഡിയയിലടക്കം അവരെ ക്രൂരമായി ആക്രമിക്കാനുമായിരുന്നു ബി.ജെ.പി അനുകൂലികൾ ശ്രമിച്ചിരുന്നത്. പാരിസ് ഒളിമ്പിക്‌സിൽ 50 കിലോ വിഭാഗം വനിതാ ഗുസ്തിയിൽ ഫൈനൽ വരെയെത്തിയ വിനേഷ് ഫോഗട്ടിനെ സ്വർണ മെഡൽ പോരാട്ടത്തിനു തൊട്ടുമുൻപ് അയോഗ്യയാക്കിയപ്പോഴും അതേ നിലപാടായിരുന്നു ബി.ജെ.പി അനുകൂലികൾ ചെയ്തിരുന്നത്. വിനേഷ് മത്സര രംഗത്തേക്ക് വരുമ്പോൾ ഇതെല്ലാം പ്രചാരണ ആയുധങ്ങളാവുമെന്നുറപ്പാണ്.

കോൺഗ്രസ് - എ.എ.പി ചർച്ച

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിപക്ഷ നിരയെ ഒരുമിപ്പിക്കുക എന്ന തന്ത്രം നടപ്പിലാവുകയാണെങ്കിൽ ഹരിയാനയിൽ ബി.ജെ.പി നന്നായി വിയർക്കേണ്ടിവരും. എ.എ.പിയും കോൺഗ്രസും സഖ്യ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും എ.എ.പി രാജ്യസഭാ എം.പി രാഘവ് ചദ്ദയും രണ്ട് റൗണ്ട് ചർച്ച പൂർത്തിയാക്കി. അടുത്ത ദിവസങ്ങളിൽ വീണ്ടും ചർച്ചകൾ നടക്കും. ആം ആദ്മി പാർട്ടി 10 സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ 90 സീറ്റിൽ ഏഴ് സീറ്റ് വരെ നൽകാൻ കോൺഗ്രസ് തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

രാഘവ് ചദ്ദ
രാഘവ് ചദ്ദ

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തിൽ എ.എ.പി 20 സീറ്റ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് കെ.സി വേണുഗോപാലുമായി രണ്ട് തവണകളായി നടന്ന ചർച്ചകൾക്കൊടുവിൽ എ.എ.പിയുടെ ആവശ്യം പത്ത് സീറ്റിലെത്തി. അടുത്ത ഘട്ട ചർച്ചകൾക്കൊടുവിൽ സീറ്റ് ചർച്ചകൾ അന്തിമമാകും എന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതമനുസരിച്ചുള്ള നിയമസഭാ മണ്ഡലങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് എ.എ.പി കരുതുന്നത്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും ഓരോ സീറ്റ് വീതം വേണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം. 3 - 4 സീറ്റുകളിൽ എ.എ.പി യുമായി സഖ്യമാകാം എന്നാണ് മുൻ മുഖ്യമന്ത്രി ബുപീന്ദർ സിംഗ് ഹുഡ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് എം.പി കൂടിയായ കുമാരി സെൽജ ഹരിയാനയിൽ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് വാർത്താ ഏജൻസിയായ പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. എ.എ.പിയുമായുള്ള സഖ്യം വോട്ടുകളുടെ വിഭജനം തടയുന്നതോടൊപ്പം ബി.ജെ.പിയുടെ അടിത്തറ ഇളക്കുമെന്നും കോൺഗ്രസ് കരുതുന്നു. 34 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് വിഹിതമനുസരിച്ചുള്ള നിയമസഭാ മണ്ഡലങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് എ.എ.പി കരുതുന്നത്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും ഓരോ സീറ്റ് വീതം വേണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം.

സമാജ് വാദി പാർട്ടിയടക്കമുള്ള ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഹരിയാനയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അനുനയചർച്ചകൾ നടത്താൻ സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.

സഖ്യ സാധ്യതകളെ സ്വാഗതം ചെയ്ത് എ.എ.പി

കോൺഗ്രസുമായുള്ള സഖ്യ സാധ്യതാ വാർത്തകളെ എ.എ.പി സ്വാഗതം ചെയ്തിട്ടുണ്ട്. ബി.ജെ.പി യെ പരാജയപ്പെടുത്തുകയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രഥമ പരിഗണനാവിഷയമെന്ന് എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പറഞ്ഞു.

ഹരിയാനയിലെ 90 സീറ്റുകളിലും എ.എ.പി ഒറ്റക്ക് മത്സരിക്കുമെന്നായിരുന്നു അരവിന്ദ് കെജ് രിവാൾ നേരത്തെ അറിയിച്ചിരുന്നത്. പഞ്ചാബുമായി അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിച്ചാൽ തന്നെ വലിയ വിജയം നേടാനാകുമെന്നാണ് ഹരിയാനയിലെ എ.എ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് കാമ്പയിൻ ആരംഭിച്ചിട്ടുമുണ്ട്.
അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് കാമ്പയിൻ ആരംഭിച്ചിട്ടുമുണ്ട്.

എ.എ.പി നേതാവ് സുനിത കെജ് രിവാൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് കാമ്പയിൻ ആരംഭിച്ചിട്ടുമുണ്ട്. ഭരണവിരുദ്ധവികാരം നിലനിൽക്കുന്ന നയാബ് സിംഗ് സൈനി സർക്കാരിനെതിരെ എ.എ.പിയും കോൺഗ്രസും ഒരുമിച്ചാൽ ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കാമെന്നാണ് വിലയിരുത്തൽ. ഇരു പാർട്ടികളും ഒറ്റക്കൊറ്റക്ക് മത്സരിച്ചാൽ പ്രതിപക്ഷ വോട്ടുകളും ഭരണവിരുദ്ധ വികാരവുമെല്ലാം ഭിന്നിപ്പിക്കാമെന്ന് ബി.ജെ.പിയും കരുതുന്നു.

സഖ്യ ചർച്ചകളിൽ ഇടങ്കോലിടാൻ ബി.ജെ.പി

കോൺഗ്രസ് - ആപ്പ് സഖ്യ ചർച്ച ബി.ജെ.പി പാളയത്തിൽ ആശങ്ക വർധിച്ചിട്ടുണ്ട്. സഖ്യം നിലവിൽ വന്നാൽ പ്രതിപക്ഷ വോട്ട് ഏകീകരിക്കപ്പെടുമെന്നും അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും ബി.ജെ.പി ഭയക്കുന്നു. കോൺഗ്രസിന് ഒറ്റക്ക് മത്സരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഹരിയാനയിലെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ അനിൽ വിജ് സഖ്യ ചർച്ചകളെ നേരിട്ടത്.

അനിൽ വിജ്
അനിൽ വിജ്

ജാട്ട്, ദലിത്, കർഷക വോട്ടുകൾ ഏകീകരിക്കാനായതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ച് സീറ്റ് നേടിയതിനോടൊപ്പം 42 അസംബ്ലി മണ്ഡലങ്ങളിൽ ലീഡ് നേടാനും കോൺഗ്രസിനായിട്ടുണ്ട്. ഈ സഖ്യം തുടർന്നാൽ തിരിച്ചടിയാകുമെന്ന് തന്നെയാണ് ബി.ജെ.പി കരുതുന്നത്.

നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ…

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാട്ട്, പട്ടിക ജാതി വോട്ടുകൾ ഒന്നിച്ച് ‘ഇന്ത്യ’ സഖ്യത്തിന് അനുകൂലമായതോടെ അവർക്കനുകൂലമായ സർക്കാർ പദ്ധതികൾ വേഗത്തിലാക്കാൻ നയാബ് സിംഗ് സൈനി ശ്രമിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളിൽ നിന്ന് അകന്നു പോയ വോട്ടുകൾ തിരികെ പിടിക്കാനാണ് നയാബ് സിംഗ് സൈനിയുടെ ശ്രമം. ഇതിനായി പട്ടിക വിഭാഗക്കാർക്കുള്ള പദ്ധതികൾ അവലോകനം ചെയ്യുന്ന യോഗത്തിൽ താൻ അധ്യക്ഷത വഹിക്കുന്ന ചിത്രം സൈനി പങ്കുവെച്ചിരുന്നു. പട്ടിക ജാതി വിഭാഗങ്ങളുടെ ശാക്തീകരണം, സാമൂഹിക നീതി എന്നിവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുടങ്ങിക്കിടക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ് തുക എത്രയും പെട്ടെന്ന് തീർപ്പാക്കാൻ ഹയർസെക്കണ്ടറി വിഭാഗത്തോട് സൈനി നിർദേശിച്ചിട്ടുമുണ്ട്.

നയാബ് സിംഗ് സൈനി
നയാബ് സിംഗ് സൈനി

പട്ടിക ജാതി വിഭാഗക്കാർക്ക് അവരുടെ പെൺമക്കളുടെ വിവാഹ സമയത്ത് നൽകുന്ന മുഖ്യമന്ത്രി വിവാഹ് ശകുൻ യോജന പദ്ധതി തുകയിൽ നിന്ന് 61000 രൂപ രജിസ്‌ട്രേഷൻ സമയത്ത് തന്നെ നൽകുമെന്നും നയാബ് സിംഗ് സൈനി പറഞ്ഞിരുന്നു. പാവപ്പെട്ട ആളുകൾക്ക് വീട് അറ്റകുറ്റ പണികൾക്കായി ഡോ.ബി.ആർ അംബേദ്കർ ആവാസ് നവീകരൺ യോജന പ്രകാരം 80000 രൂപ നൽകും. ഇങ്ങനെ നഷ്ടപ്പെട്ടു പോയ എസ്.സി - എസ്.ടി - ഒ.ബി.സി വോട്ടുകൾ തിരിച്ചു പിടിക്കാൻ തിരക്കിട്ട ശ്രമത്തിലാണ് ബി.ജെ.പി

തുടരുന്ന പശുക്കൊലകൾ

ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ തെരഞ്ഞെടുപ്പു ചർച്ചകൾ ചൂട് പിടിക്കുന്നതിനിടയിലും ‘ഗോരക്ഷക’ സംഘങ്ങളുടെ അക്രമം തുടരുകയാണ്. ആഗസ്റ്റ് 24 ന് പുലർച്ചെയാണ് ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ഗഡ്പുരിയിൽ ഗോരക്ഷാസംഘം ആര്യൻ മിശ്രയെന്ന പ്ലസ് ടു വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കാറിൽ പോവുകയായിരുന്ന ആര്യൻ മിശ്രയെയും സുഹൃത്തുക്കളെയും പശുക്കടത്തുകാരാണെന്ന് കരുതി കൊലയാളി സംഘം പിന്തുടരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പശുക്കടത്തുകാർ ഡസ്റ്റർ കാറിൽ പോകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരെ പിന്തുടർന്നതെന്നാണ് പ്രതികളുടെ മൊഴി. പശുസംക്ഷണം പറഞ്ഞ് ആളുകളെ കൊല്ലാനുള്ള ലൈസൻസ് സർക്കാർ അവർക്ക് നൽകിയിട്ടുണ്ടെന്നാണ് ആര്യൻ മിശ്രയുടെ പിതാവ് സിയാ നന്ദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

പശുസംക്ഷണം പറഞ്ഞ് ആളുകളെ കൊല്ലാനുള്ള ലൈസൻസ് സർക്കാർ അവർക്ക് നൽകിയിട്ടുണ്ടെന്നാണ് ആര്യൻ മിശ്രയുടെ പിതാവ് സിയാ നന്ദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞത്.

ആഗസ്റ്റ് 27 ന് ബീഫ് കഴിച്ചെന്നാരോപിച്ച് അന്തർ സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ബംഗാളിൽ നിന്നുള്ള സാബിർ മാലിക് എന്ന തൊഴിലാളിയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെ ആൾക്കൂട്ട കൊലപാതകമെന്ന് വിളിക്കാൻ പോലും മുഖ്യമന്ത്രി നയാബ് സിംഗ് സൈനി തയ്യാറായിരുന്നില്ല.

ഈ സംഭവങ്ങളെ രാഹുൽ ഗാന്ധി നിശിതമായി വിമർശിക്കുന്നു. ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം വർദ്ധിച്ചുവരുന്നു എന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് രാഹുൽ എക്സിൽ കുറിച്ചു. ''വിദ്വേഷം പ്രചരിപ്പിച്ച് അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ തുടർക്കഥയാവുമ്പോഴും സർക്കാർ കാഴ്ച്ചക്കാരായിരിക്കുകയാണ്. ആൾക്കൂട്ടത്തിന്റെ രൂപത്തിൽ മറഞ്ഞുനിൽക്കുന്ന വിദ്വേഷക്കൂട്ടങ്ങൾ ആക്രമങ്ങൾ വ്യാപിപ്പിച്ച് നിയമവാഴ്ച്ചയെ ചോദ്യം ചെയ്യുകയാണ്,'' അക്രമ സംഭവങ്ങളുടെ വീഡിയോ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് എക്‌സിൽ രാഹുൽ ഗാന്ധി പോസ്റ്റിട്ടത്.

അക്രമ സംഭവങ്ങളുടെ വീഡിയോ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് എക്‌സിൽ രാഹുൽ ഗാന്ധി പോസ്റ്റിട്ടത്. /photo:X Rahul Gandhi
അക്രമ സംഭവങ്ങളുടെ വീഡിയോ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചുകൊണ്ടാണ് എക്‌സിൽ രാഹുൽ ഗാന്ധി പോസ്റ്റിട്ടത്. /photo:X Rahul Gandhi

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും പശു സംരക്ഷകരുടെ ആക്രമങ്ങൾ തുടരുന്നതെന്ന് മുസ്ലിം സംഘടനകൾ ആരോപിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വർഗീയ ​ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബീഫ് കഴിച്ചെന്നാരോപിച്ച് അന്തർ സംസ്ഥാന തൊഴിലാളിയായ സാബിർ മാലികിനെ കൊലപ്പെടുത്തിയതെന്ന് ജാമിഅതുൽ ഉലമാ - ഇ - ഹിന്ദ് (Jamiat Ulema-i-Hind ) ആരോപിച്ചു. പശു സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ ഹരിയാനയിലെ ബജ്രംഗ്ദൾ പ്രവർത്തകരാണെന്നും അവർക്ക് ബി.ജെ.പി നേതാക്കളുടെ പിന്തുണയുണ്ടെന്നും ജാമിഅതുൽ ഉലമാ-ഇ-ഹിന്ദ് ചീഫ് മൗലാനാ അർഷാദ് മദനി പറഞ്ഞു.

വർഗീയ ധ്രുവീകരണത്തിലൂടെ വോട്ടു പിടിക്കാനിറങ്ങുന്ന ബി.ജെ.പി യെ തടയാൻ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തെ പോലെ ‘ഇന്ത്യ’ സഖ്യമുണ്ടാവുമോ എന്നാണ് ഹരിയാന ഉറ്റുനോക്കുന്നത്. ഭരണവിരുദ്ധവികാരവും കർഷക സമരവുമെല്ലാം വഴിതിരിച്ചുവിടാനുള്ള തന്ത്രമായി ആൾക്കൂട്ട കൊലപാതകങ്ങളെ ഉപയോഗിക്കുകയാണ് ബി.ജെ.പി.

Comments