മോദിയെ വിശ്വഗുരുവായി വാഴ്ത്താനാണോ ജി20 ഉച്ചകോടി?

ഇന്ന് തുടങ്ങുകയാണ് G20 സമ്മേളനം. ഡൽഹിയിൽ മനുഷ്യർക്ക് പുറത്തിറങ്ങാനാവുന്നില്ല. എങ്കിലും എന്തോ നല്ലത് വരാനാണെന്ന് കരുതി സഹിക്കുകയാണ് ജനം. അച്ചേ ദിൻ ! എന്താണ് G20? എന്തിനാണ് G20?

G20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യൻ പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവം കാരണം ലോക ജനത നൽകിയ അംഗീകാരമാണ് എന്ന നിലക്കാണ് ഇവിടെ പ്രചാരണം. വർഷാവർഷം വെച്ചു മാറുന്ന വെറുമൊരു അലങ്കാര പദവി മാത്രമാണിത് എന്ന കാര്യം മറച്ചുവെച്ചാണ് ഈ പ്രചാരണ കോലാഹലങ്ങൾ. കഴിഞ്ഞ വർഷം ഇന്തോനേഷ്യക്കുണ്ടായിരുന്ന ഈ സ്ഥാനം അടുത്ത വർഷം ബ്രസീലിന് കൈമാറാനുള്ളതാണ്. എന്നാൽ സർക്കാറിന്റെ കത്തിടപാടുകളിലെല്ലാം G20 തിളങ്ങി നിൽക്കുകയാണ്.

ഡി.എ.വി.പി പരസ്യങ്ങളിലെല്ലാം G20 കാരണം വഴി നടക്കാൻ പറ്റാത്ത നിലയാണ് നാട്ടിൽ. ഇങ്ങനെയൊക്കെ കൊണ്ടാടുന്ന ജി 20 എങ്ങനെയാണ് പിറന്നതെന്നോ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്നോ അറിയാതെ അന്ധാളിച്ചു നിൽക്കുകയാണ് സാധാരണ ജനങ്ങൾ. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന പി.ആർ വർക്കിന് ജി 20 യെ ഉപയോഗപ്പെടുത്തുകയാണ്. അടിമത്തച്ചങ്ങലയെ ആഭരണമായി കൊണ്ടാടുന്ന അത്യന്തം നീചമായ യൂനിയൻ സർക്കാറിന്റെ നടപടികൾ തുറന്നു കാട്ടേണ്ടതുണ്ട്.

നവലോക സാമ്പത്തിക ക്രമമെന്ന മൂന്നാംലോക ഡിമാന്റ് അട്ടിമറിക്കപ്പെടുന്നു

70 കളുടെ തുടക്കത്തിൽ ഇന്ത്യയടക്കമുള്ള നവസ്വതന്ത്ര രാജ്യങ്ങളും സാമ്രാജ്യത്വ വിരുദ്ധ ശക്തികളും ഉയർത്തിക്കൊണ്ടുവന്ന ഒന്നാണ് നവലോക സാമ്പത്തിക ക്രമം ( NIEO ) എന്ന ആശയം. ബഹുരാഷ്ട്ര കുത്തകകൾ മൂന്നാം ലോകരാജ്യങ്ങളിലെ ചരക്കുകളുടെ വിലനിർണ്ണയത്തിലും നിയമ നിർമ്മാണത്തിലും അവയുടെ പരമാധികാരത്തിൽ പോലും ഇടപെടുന്ന ലോക സാഹചര്യത്തിൽ അവക്ക് ഒരു പെരുമാറ്റച്ചട്ടം വേണമെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കിയ കാലമായിരുന്നു അത്. സോവിയറ്റ് യൂനിയൻ ജ്വലിച്ചു നിന്ന കാലം. അക്കാലത്ത് സ്വാഭാവികമായും ഉയർന്നുവന്ന ആശയമാണ് നവലോക സാമ്പത്തിക ക്രമം.

അതപ്പടി തകിടം മറിച്ചാണ് 90 കളിൽ സാമ്രാജ്യത്വ ശക്തികളും മൂലധനതാൽപര്യവും ചേർന്ന് നിഫ (NIFA -New Financial architecture)ക്ക് രൂപം കൊടുത്തത്. ശാക്തിക ബലാബലങ്ങളിൽ വന്ന മാറ്റം തന്നെയാണ് അതിന് കാരണം.

ആഗോള ധനകാര്യ വ്യവസ്ഥയുടെ ദൃഢീകരണത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സങ്കീർണമായ നെറ്റ്‌വർക്ക് എന്നതിൽ ഒതുങ്ങുന്നില്ല നിഫ

പ്രൊഫസർ സൂസൻ സീദെർ ബർഗ്

(NIFA); അത് ആഗോള സമ്പദ്ഘടനയിൽ നിലനിൽക്കുന്ന ശാക്തിക ബന്ധങ്ങളുടെ പുന:സൃഷ്ടി ലക്ഷ്യമിട്ട ഒരു വർഗാധിഷ്ഠിത തന്ത്രമാണ് എന്ന ക്വീൻസ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസർ സൂസൻ സീദെർ ബർഗിന്റെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ്.

( The politics of the New International Architecture : Reimposing Neo liberal domination in the Global South ) "അതിനായി ദക്ഷിണ(South) രാജ്യങ്ങളിലെ സ്വകാര്യമേഖലയും പൊതുമേഖലയും മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനുതകുന്ന നവലിബറൽ നിയമങ്ങൾ അംഗീകരിക്കുന്നു എന്ന കാര്യം ഉറപ്പാക്കുകയാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

നിഫയും ജി 20 യും ഉണ്ടാവുന്നത്
ഇന്റർനാഷനൽ മോണിട്ടറി ഫണ്ട്

(IMF ), ബാങ്ക് ഓഫ് ഇന്റർനാഷനൽ സെറ്റിൽമെന്റ് (BIS), ഇന്റർനാഷനൽ ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റീസ് കമീഷൻസ് (I0SC0) തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് 90 കളിലുണ്ടായ ധനമേഖലയിലെ വൻ തകർച്ചകൾ കാരണം തകർന്നു പോയത്. അവയുടെയെല്ലാം കുറിപ്പടികൾ വെറും അസംബന്ധ പ്രലപനങ്ങളാണ് എന്ന് ജനം തിരിച്ചറിഞ്ഞു. അത്തരമൊരന്തരീക്ഷത്തിലാണ്, വികസിത സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ G7 ന്റെ 1995 ലെ ഹാലിഫാക്സ് ഉച്ച കോടിയും 1999 ലെ കൊളോൺ ഉച്ച കോടിയും ഒരു പുതിയ ബഹുമുഖ ഭരണനിർവഹണ ഘടനയെക്കുറിച്ച് ചർച്ച ചെയ്തത്. അവരുടെ അടഞ്ഞ വാതിൽ യോഗങ്ങളിലാണ് ന്യൂ ഫൈനാൻഷ്യൽ ആർക്കിടെക്ചർ (NIFA) രൂപം കൊണ്ടത്. ആ നിഫക്ക് മൂന്ന് ഘടകങ്ങളാണ്. അതിൽ ഒന്നാണ് ജി20 ( G20 ). മറ്റൊന്ന് ഫൈനാൻഷ്യൽ സ്റ്റെബിലിറ്റി ഫോറം (FSF). മറ്റേത് റിപ്പോർട്ട്സ് ഓൺ ദ ഒബ്സേർവൻസസ് ഓഫ് സ്റ്റാൻഡേഡ്സ് ആന്റ് കോഡ്സ് (ROSCs).

ഇതിൽ G20 യുടെ ധർമ്മം, ചരിത്രത്തിലാദ്യമായി G7 നെയും യൂറോപ്യൻ യൂനിയൻ പ്രതിനിധിയെയും ഐ എം എഫിനെയും അതിന്റെ പുതിയ ഘടകമായ ഇന്റർനാഷനൽ മോണിട്ടറി ആന്റ് ഫൈനാൻഷ്യൽ കമ്മിറ്റിയെയും ലോക ബാങ്കിനെയും ഒന്നിച്ചിരുത്തി അവർക്കൊപ്പം "വ്യവസ്ഥാനുസൃതം പ്രധാനപ്പെട്ട " (systematically important ) ഉയർന്നു വരുന്ന മാർക്കറ്റുകൾ ( emerging markets ) എന്ന് അവർക്ക് തോന്നുന്ന രാജ്യങ്ങളായ അർജന്റീന, ആസ്ട്രേലിയ, ബ്രസീൽ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, സൗദി അറേബിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി എന്നിവയെയും യോജിപ്പിക്കുക എന്നതാണ്. തങ്ങളുടെ താൽപര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും കുത്തക്കമ്പനികൾക്കും വിശ്വാസ്യത ചാർത്തിക്കൊടുക്കുന്നതിനും അവർക്കിണങ്ങിയ തരത്തിൽ ദേശരാഷ്ട്രങ്ങളുടെ നിയമ നിർമ്മാണത്തിൽപോലും ഇടപെടുന്നതിനുമുള്ള വേദിയായാണ് ജി 7 രാഷ്ട്രങ്ങൾ G 20 യെ അണിയിച്ചൊരുക്കിയത്.

സ്റ്റെബിലിറ്റി ഫോറമാകട്ടെ, ( FSF ) ധനപരമായ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനായി അതിന് ഉത്തരവാദപ്പെട്ട ദേശീയ അധികാരികളും ജി 7 രാഷ്ട്രങ്ങളുമായി കൃത്യമായി കൂടിയാലോചന നടത്തുന്നതിനുള്ള വേദിയാണ്. എല്ലാ രാജ്യങ്ങളും, പ്രത്യേകിച്ചും അസ്ഥിരതക്ക് സാധ്യതയുണ്ട് എന്ന് അവർക്ക് തോന്നുന്ന ഉയർന്നു വരുന്ന മാർക്കറ്റ് സമ്പദ് വ്യവസ്ഥകൾ (emerging market economies ), ആഗോള മൂലധന മാർക്കറ്റുകളുടെയും ജി 7 രാജ്യങ്ങളുടെയും നിയമങ്ങളും മാനദണ്ഡങ്ങളും അംഗീകരിച്ചുകൊണ്ട് കമ്പോള സൗഹൃദ തത്വങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തലാണ് എഫ്.എസ്.എഫിന്റെ ചുമതല.

മൂന്നാമത്തെ ഘടകമായ റിപ്പോർട്ട്സ് ഓൺ ദ ഒബ്സേർവൻസസ് ഓഫ് സ്റ്റാൻഡേഡ്സ് ആന്റ് കോഡ്സ് (ROSCs) ആണ് വികസിത സമ്പന്ന രാജ്യങ്ങൾ മൂന്നാം ലോക രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നതിനുള്ള ഏർപ്പാടാക്കി മാറ്റുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളും തങ്ങൾ കൽപ്പിച്ചതി൯ പടി തന്നെയാണ് ലോക രാജ്യങ്ങൾ നടപ്പാക്കുന്നത് എന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സകല മേഖലയിലും പാലിക്കണം. അതങ്ങനെ തന്നെയാണ് എന്ന് ഉറപ്പ് വരുത്താനുള്ള മേൽ നോട്ടച്ചുമതല ഐഎംഎഫ്, ഓഈസിഡി, ലോകബാങ്ക്, ഇന്റർനാഷനൽ ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റീസ് കമ്മീഷൻസ് (IOSCO), ഇന്റർനാഷനൽ അസോസിയേഷന് ഓഫ് ഇൻഷൂറൻസ് സൂപ്പർവൈസേഴ്സ് (IAI S)എന്നിവക്കാണ്. എന്നു വെച്ചാൽ കമ്പോള സൗഹൃദ പൂർണ്ണമായ നിലപാടേ രാജ്യങ്ങൾ കൈക്കൊള്ളുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിനുള്ള ഏർപ്പാടാണിത്. മറ്റൊരർത്ഥത്തിൽ, വൻകിട മൂലധന താൽപ്പര്യത്തിന് ഇണങ്ങിയ മട്ടിലാവണം നിയമങ്ങളും മാനദണ്ഡങ്ങളും. അതിന് പറ്റിയ ഒരു ഏക ധ്രുവ ലോകം സൃഷ്ടിക്കാനാണ് ശ്രമം.

ഇങ്ങനെ, നവലോക സാമ്പത്തിക ക്രമം എന്ന മൂന്നാം ലോക ആശയത്തെ തകർത്തെറിഞ്ഞു കൊണ്ട് അതിസമ്പന്ന രാജ്യങ്ങളുടെ താൽപര്യ സംരക്ഷണത്തിനായി രൂപം കൊണ്ട ഒരു സംവിധാനത്തിന്റെ താൽക്കാലിക അധ്യക്ഷ പദവി ലബ്ധിയെ ഇങ്ങനെ കൊണ്ടാടുന്നത് വെറും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമല്ല, ബി.ജെ.പി യും അതിന്റെ പ്രാഗ് രൂപമായ ജനസംഘവും പിന്തുടരുന്ന നവലിബറൽ ആശയങ്ങളാണ് G7 നും അതു വഴി G20 യും പിൻപറ്റുന്നത്. നാടൻ കുത്തകകൾ ബഹുരാഷ്ട ഭീമന്മാരായി മാറിയ സാഹചര്യത്തിൽ 1973 ലെ ബഹുരാഷ്ട്രക്കുത്തകകൾക്ക് പെരുമാറ്റച്ചട്ടം വേണം എന്ന ഐക്യ രാഷ്ടസഭാ പ്രമേയത്തോട് അവർക്ക് യോജിക്കാനാവില്ല.

എന്ത് സ്വദേശി പറഞ്ഞാലും ഇന്ത്യൻ ഭരണവർഗത്തിന്റെ താൽപര്യം ബഹുരാഷ്ട്ര കുത്തകകളുടെതുമായി ഒത്തുപോവുന്നതാണ്. അതിന് കണക്കായി രാജ്യത്തെ നിയമങ്ങളാകെ ഭേദഗതി ചെയ്യപ്പെടുകയോ പുതിയ നിബന്ധനകൾ എഴുതിച്ചേർക്കപ്പെടുകയൊ ആണ്. അത്തരമൊരു സർക്കാറിന് ഇന്ത്യയിലെ കർഷക - തൊഴിലാളി വിഭാഗങ്ങൾക്ക് ഒപ്പം നിൽക്കാനാവില്ല. ബഹുരാഷ്ട്ര കുത്തകകൾക്ക് പറ്റിയ മട്ടിൽ സ്വന്തം നാട്ടിൽ തൊഴിൽ നിയമങ്ങളടക്കമുള്ള നിയമങ്ങൾ തിരുത്തിക്കുറിക്കുന്നവർക്ക് സ്വാഭാവികമായും റിപ്പോർട്ട്സ് ഓൺ ദ ഒബ്സേർവൻസസ് ഓഫ് സ്റ്റാൻഡേഡ്സ് ആന്റ് കോഡ്സ് പോലുള്ള G20 വ്യവസ്ഥകൾ വേദവാക്യങ്ങളാണ്. അതനുസരിച്ച് രാജ്യത്തെ ബാങ്കിങ് സമ്പ്രദായവും വിദ്യാഭ്യാസ രീതിയും സേവന മേഖലയും കണക്കെഴുത്തു രീതികളും മാറ്റി മറിക്കുന്നതും നവലിബറൽ നയങ്ങളും തമ്മിൽ നന്നായൊത്തു പോവും.

ജി 7 രാജ്യങ്ങളുടെ സാമന്ത പദവി അലങ്കാരമായി തോന്നുന്നവർക്കേ, ജി 20 അംഗത്വത്തിലും അദ്ധ്യക്ഷ പദവിയിലും അഭിരമിക്കാനാവൂ.


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments