Photo: Manisha Mondal | ThePrint

കൊൽക്കത്ത പി.ജി ഡോക്ടറുടെ കൊലപാതകം; കേസിന് സംഭവിച്ചതെന്ത്? രണ്ട് മാസമായിട്ടും തീരാതെ സമരം

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ആരംഭിച്ച സമരം രണ്ടാഴ്ചയായിട്ടും തുടരുകയാണ്. 58 ദിവസങ്ങൾക്ക് ശേഷം സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിൽ സുപ്രീം കോടതിയുടെ ഇടപെടൽ പലതവണ ഉണ്ടായിട്ടുണ്ട്. മമതാ ബാനർജി സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനം ഒരുഭാഗത്ത് ഉയർന്നിരുന്നു. രാജ്യവ്യാപക പ്രതിഷേധം ഉയർന്ന കേസിനും സമരത്തിനും എന്താണ് സംഭവിക്കുന്നത്?

News Desk

ഇക്കഴിഞ്ഞ ആഗസ്ത് 9-നാണ് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ (R G Kar Medical College) ജൂനിയർ പി.ജി ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത് (Kolkata PG Doctor death). രാജ്യത്തെയാകെ ഞെട്ടിച്ച സംഭവം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുന്നു. ഡോക്ടറുടെ കൊലപാതകത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൻെറയും പോലീസിൻെറയും അനാസ്ഥയുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധങ്ങളാണുണ്ടായത്. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും ഉയർന്ന് വന്നു. ആർ.ജി കർ ആശുപത്രി തന്നെ കടുത്ത പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വേദിയായിരുന്നു. കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുമെന്ന് മമത സർക്കാർ പലകുറി ഉറപ്പിച്ച് പറഞ്ഞതാണ്. ആരോഗ്യമേഖലയിലെ സ്ത്രീകളുടെ തൊഴിൽ സുരക്ഷയ്ക്കായി നയം രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവയെല്ലാം വാക്കിൽ ഒതുങ്ങിയെന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി നിരീക്ഷണത്തിൽ നിന്ന് വ്യക്തമാവുന്നത്.

കേസിൻെറ നാൾവഴികൾ

ആഗസ്ത് 9ന് ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലെ നാലാം നിലയിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർദ്ധനഗ്നാവസ്ഥയിലായിരുന്നു മൃതദേഹം. വൈദ്യപരിശോധനയിൽ ഇരയ്ക്ക് ബാഹ്യവും ആന്തരികവുമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായെന്നും ബോധ്യപ്പെട്ടു. സംഭവം നടന്ന് 14 മണിക്കൂർ കഴിഞ്ഞിട്ടും എഫ്.ഐ.ആർ ഫയൽ ചെയ്യാതിരുന്നത് ആശുപത്രിയുടെയും പോലീസിൻെറയും ഭാഗത്ത് നിന്നുള്ള വലിയ വീഴ്ചയായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെയും കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന് വന്നു. വൈകാതെ തന്നെ ഇയാൾ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞു.

സംഭവം നടന്ന് ഒരുമാസത്തിന് ശേഷം സെപ്തംബർ 14ന് ആർ.ജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും കൊൽക്കത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.
സംഭവം നടന്ന് ഒരുമാസത്തിന് ശേഷം സെപ്തംബർ 14ന് ആർ.ജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും കൊൽക്കത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.

കേസിൽ കുറ്റാരോപിതനായ സിവിൽ വോളണ്ടിയർ സഞ്ജയ് റോയിയെ കൊൽക്കത്ത പോലീസ് ആഗസ്ത് 10-നാണ് അറസ്റ്റ് ചെയ്യുന്നത്. ഇതായിരുന്നു കേസിലെ ആദ്യ അറസ്റ്റ്. സംഭവത്തിൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായി ആരോപണമുയർന്ന ഒരാൾ മെഡിക്കൽ കോളേജ് സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായിരുന്ന സഞ്ജയ് വസിഷ്ഠാണ്. സംഭവം നടന്ന് രണ്ടാം ദിനം സഞ്ജയിനെ പശ്ചിമ ബംഗാൾ സർക്കാർ സ്ഥലം മാറ്റിയിരുന്നു. കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് കുറ്റപ്പെടുത്തി ഇതിനിടയിൽ ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ഫോർഡ) നേതൃത്വത്തിൽ ഇതിനിടെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ആഗസ്ത് 13-നാണ് കേസിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടാവുന്നത്. സംഭവം അങ്ങേയറ്റം ഭയാനകമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. സമരം ചെയ്യുന്ന ഡോക്ടർമാരോട് സേവനം പുനരാരംഭിക്കാൻ കോടതി ആവശ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ സ്വമേധയാ കേസെടുത്തു. പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് സിബിഐക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. കേസ് അന്വേഷണത്തിനായി 25 അംഗ സംഘത്തെയാണ് സി.ബി.ഐ രൂപീകരിച്ചത്.

കേസിൽ കുറ്റാരോപിതനായ സിവിൽ വോളണ്ടിയർ സഞ്ജയ് റോയിയെ കൊൽക്കത്ത പോലീസ് ആഗസ്ത് 10-നാണ് അറസ്റ്റ് ചെയ്യുന്നത്.
കേസിൽ കുറ്റാരോപിതനായ സിവിൽ വോളണ്ടിയർ സഞ്ജയ് റോയിയെ കൊൽക്കത്ത പോലീസ് ആഗസ്ത് 10-നാണ് അറസ്റ്റ് ചെയ്യുന്നത്.

ആഗസ്ത് 15-ന് ആശുപത്രിയിലെ സമരക്കാർക്ക് നേരെ ആക്രമണമുണ്ടായി. ഒരു കൂട്ടം ആളുകൾ സമരപ്പന്തലിലേക്ക് ഇരച്ച് കയറുകയും സമരപ്പന്തൽ അടിച്ച് തകർക്കാൻ ശ്രമിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 19 പേരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിഷേധം കൂടുതൽ ശക്തമായി. പോലീസിൻെറ സുരക്ഷാവീഴ്ചയ്ക്കെതിരെ ചോദ്യം ഉയരുകയും ചെയ്തു. ആഗസ്റ്റ് 17-ന് രാജ്യവ്യാപകമായി 24 മണിക്കൂർ സേവനങ്ങൾ നിർത്തിവെക്കുകയാണെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐഎംഎ) പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷൻെറയും ഇടപെടലുകൾക്ക് ശേഷവും കേസന്വേഷണത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഇതോടെ വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ഇതിനിടയിൽ ആരോഗ്യ പരിപാലന വിദഗ്ധരുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ആശുപത്രിയുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്രം സിഐഎസ്എഫിന് നിർദേശം നൽകുകയും ചെയ്തു. കേസിൻെറ കാര്യത്തിൽ കൊൽക്കത്ത പോലീസ് വലിയ അനാസ്ഥയാണ് തുടർന്നുകൊണ്ടിരുന്നത്. മമതാ സർക്കാരിൻെറ ഇടപെടൽ നിഷ്ക്രിയമാണെന്നും ഡോക്ടർമാർക്ക് പരാതി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സർക്കാരിൻെറ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും ഡോക്ടർമാർ വിസമ്മതിച്ചു. സംഭവം നടന്ന് ഒരുമാസത്തിന് ശേഷം സെപ്തംബർ 14ന് ആർ.ജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും കൊൽക്കത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതിന് ശേഷം സർക്കാർ വീണ്ടും സമരം ചെയ്യുന്ന ഡോക്ടർമാരുമായി ചർച്ചയ്ക്ക് ശ്രമിച്ചു. സെപ്റ്റംബർ 19-ന് ജൂനിയർ ഡോക്ടർമാരുമായി സർക്കാർ ചർച്ച നടത്തി. ആശുപത്രികളുടെയും ഡോക്ടർമാരുടെ സുരക്ഷ സംബന്ധിച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ മുന്നോട്ട് വച്ച എട്ട് ആവശ്യങ്ങളിൽ ഏഴെണ്ണവും സർക്കാർ അംഗീകരിച്ചു. എന്നാൽ ഈ നിർദേശങ്ങൾ രേഖമൂലം നടപ്പിലാക്കാൻ സർക്കാർ വിസമ്മതിച്ചതോടെ ചർച്ച പരാജയപ്പെട്ടു. നിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ പ്രഖ്യാപനം നടത്തുന്നത് വരെ സമരം തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് നടത്തിയ ചർച്ചയോടെ 42 ദിവസത്തിന് ശേഷം സമരം ഭാഗികമായി നിർത്തി. എന്നാൽ മുഖ്യമന്ത്രി തങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ചയ്ക്ക് ശേഷം സമരം പുനരാരംഭിച്ചു. ജൂനിയർ ഡോക്ടർ നിരാഹാര സമരമാണ് നടത്തിയത്. ഒക്ടോബർ 6 മുതൽ ആരംഭിച്ച സമരം രണ്ടാഴ്ചയോട് അടുത്തിരിക്കുകയാണ്. സമരം തുടരുന്ന പല ഡോക്ടർമാരുടെയും ആരോഗ്യനില മോശമായിട്ടുണ്ട്. വിഷയം ഗുരുതരമാണെന്നും ഇടപെടൽ വേണമെന്നും ഡോക്ടർമാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല. സമരം ഇനിയും ശക്തമാക്കുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കിൽ കൂട്ടരാജിക്ക് പോലും മടിക്കില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ഒക്ടോബർ 6 മുതൽ ആരംഭിച്ച സമരം രണ്ടാഴ്ചയോട് അടുത്തിരിക്കുകയാണ്. സമരം തുടരുന്ന പല ഡോക്ടർമാരുടെയും ആരോഗ്യനില മോശമായിട്ടുണ്ട്.
ഒക്ടോബർ 6 മുതൽ ആരംഭിച്ച സമരം രണ്ടാഴ്ചയോട് അടുത്തിരിക്കുകയാണ്. സമരം തുടരുന്ന പല ഡോക്ടർമാരുടെയും ആരോഗ്യനില മോശമായിട്ടുണ്ട്.

ഇപ്പോഴിതാ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം കേസിൽ വീണ്ടും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. ആരോഗ്യ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വെച്ച നിർദ്ദേശങ്ങളിൽ പലതും ബംഗാൾ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതിയുടെ ഉത്തരവിന് അനുസൃതമായി കേന്ദ്ര സർക്കാർ രൂപീകരിച്ച നാഷണൽ ടാസ്ക് ഫോഴ്സ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സി.ബി.ഐ

സംഭവം നടന്ന് 58 ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ആദ്യം തന്നെ അറസ്റ്റിലായ സഞ്ജയ് റോയ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് 45 പേജുള്ള സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതി ഇതിനോടകം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ 128 സാക്ഷികളെയാണ് സി.ബി.ഐ വിസ്തരിച്ചത്. കൊലപാതകം, ബലാത്സംഗം, ഗൂഡാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് സാക്ഷി വിസ്താരം നടന്നത്. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സി.ബി.ഐ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ പറയുന്നത്. സഞ്ജയ് റോയിയുടെ പേരിലുള്ള സി.ബി.ഐ കുറ്റപത്രം വ്യക്തമാക്കുന്നത് കേസിലെ പ്രാഥമിക അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നാണെന്നാണ് കൊൽക്കത്ത പോലീസ് ഇപ്പോൾ പറയുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയുമെല്ലാം ഇടപെടലുകൾ ഉണ്ടായിട്ടും വിഷയത്തിൽ മമത ബാനർജി സർക്കാരിൻെറ ഭാഗത്ത് നിന്ന് ആത്മാർഥമായ ഇടപെടലുണ്ടായില്ലെന്ന വിമർശനം ശക്തമാണ്. സംഭവത്തിന് ശേഷം ഇതുവരെയും സമരം നടത്തുന്ന ഡോക്ടർമാർക്ക് പോലും തൃപ്തികരമായ നടപടികളും ഉണ്ടായിട്ടില്ല.

Comments