ജാമിഅ എന്ന ടാർഗറ്റ്,
മലയാളി വിദ്യാർഥികളുടെ പ്രതിരോധം

പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള വിദ്യാർഥികളുടെയും വിദ്യാർഥി സംഘടനകളുടെയും അവകാശത്തെ ഹിംസാത്മകമായ രീതിയിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധികൃതർ നേരിടുന്നത്. മറ്റു കാമ്പസുകളെപ്പോലെ ജാമിഅ മിലിയ സർവകലാശാലയിലും ഇത്തരം അപരവൽക്കരണ ശ്രമങ്ങൾ നടക്കുന്നു. മലയാളി വിദ്യാർഥികളാണ് അധികൃതരുടെ പ്രധാന ടാർഗറ്റ്. ജാമിഅയിലെ വിദ്യാർത്ഥി ചെറുത്തുനിൽപ്പിന്റെ വർത്തമാനം.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാമ്പസുകളിലും സംവാദാന്തരീക്ഷം റദ്ദാക്കുന്ന മട്ടിൽ നിയന്ത്രണങ്ങളും വിദ്യാർഥിവിരുദ്ധ നടപടികളും ശക്തമാകുകയാണ്. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള വിദ്യാർഥികളുടെയും വിദ്യാർഥി സംഘടനകളുടെയും അവകാശത്തെ ഹിംസാത്മകമായ രീതിയിലാണ് അധികൃതർ നേരിടുന്നത്. മറ്റു കാമ്പസുകളെപ്പോലെ ജാമിഅ മിലിയ സർവകലാശാലയിലും ഇത്തരം നിയന്ത്രണങ്ങൾ കനക്കുകയാണ്. ​

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾ​ക്കെതിരെ 2019 ഡിസംബർ 15 ന് ജാമിഅയയിൽ പോലീസ് അതിക്രമം നടന്നിരുന്നു. അതിനുശേഷമുള്ള നാലു വർഷങ്ങൾ കാമ്പസിൽ നിയന്ത്രണം കടുപ്പിക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു.

പോലീസ് ക്യാമ്പസിനുള്ളിലേക്ക് വെടിവെക്കുന്നു.

നാലു വർഷം മുമ്പ്,
ജാമിഅയിൽ…

2019 ഡിസംബറിൽ ന്യൂ ദൽഹി ഓഖ്ല കാമ്പസിലാണ് എസ്.എഫ്.ഐ, എൻ.എസ്.യു,ഐ , ‘ഐസ’, എം.എസ്.എഫ്, ഫ്രറ്റേണിറ്റി, ഡിസ്ക്ക്, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളടങ്ങുന്ന ജാമിഅ സ്റ്റുഡന്റ് കോർഡിനേഷൻ കമ്മിറ്റി സമരം നടത്തിയത്. സംവാദങ്ങളും ഭരണഘടനാ ചർച്ചകളും പൗരത്വ ഭേദഗതി നിയമത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള പ്രസംഗങ്ങളും വിദ്യാർത്ഥി റാലികളുമാണ് നടന്നത്. തുടക്കം മുതൽ സമരത്തെ ഇല്ലാതാക്കാൻ കാമ്പസിനകത്തുനിന്നുതന്നെ ശ്രമമുണ്ടായെങ്കിലും വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിച്ചു. ഇതിൽ പ്രകോപിതരായ പോലീസും സംഘ്പരിവാർ പ്രവർത്തകരും കാമ്പസിലേക്ക് അതിക്രമിച്ച് കയറി ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. വിദ്യാർത്ഥികളെ പൂട്ടിയിട്ട് മർദ്ദിച്ചു. വിദ്യാർത്ഥിനികളെ തെരഞ്ഞുപിടിച്ച് പൊലീസ് ആക്രമിച്ചു. വിദ്യാർത്ഥിക്കൂട്ടങ്ങളിലേക്ക് ടിയർ ഗ്യാസും ഷെല്ലുകളുമെറിഞ്ഞു.

മിൻഹാജുദ്ദീനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് അന്ന് വിദ്യാർത്ഥികൾ വരച്ച ഗ്രാഫിറ്റി

പോലീസിന്റെ വെടിയേറ്റ വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടുവരുമ്പോൾ ബാരിക്കേഡുകൾ വെച്ച് ചികിൽസ നിഷേധിക്കുയാണ് പോലീസ് ചെയ്തത്. ഡിസംബർ 15- ലെ ആക്രമണത്തിൽ ലൈബ്രറി ഹാളിൽ തീസീസ് റെഫർ ചെയ്യുകയായിരുന്ന മിൻഹാജുദീന്റെ കാഴ്ച പൂർണമായും നഷ്ടമായി. ‘പാകിസ്ഥാനീസ്’ എന്നു പറഞ്ഞായിരുന്നു തനിക്കെതിരായ ആക്രമണം എന്ന് മിൻഹാജുദ്ധീൻ ഓർത്തെടുക്കുന്നുണ്ട്. തുടന്നുള്ള ദിവസങ്ങളിലും പോലീസ് നോക്കി നിൽക്കേ, വിദ്യാർത്ഥികൾക്കുനേരെ സംഘ്പരിവാറുകാരുടെ അതിക്രമം തുടർന്നു.

ഇതിനുശേഷം, വിദ്യാർത്ഥികളെ രാജ്യതാൽപര്യത്തിന് വിരുദ്ധമായി സംഘടിപ്പിച്ചെന്നും ദൽഹി കലാപം ആസൂത്രണം ചെയ്യുന്നതിൽ പങ്കു വഹിച്ചെന്നും ജന്തർ മന്ദിറിലും ഷഹീൻ ബാഗിലുമുള്ള പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയുമെന്നാരോപിച്ച് സഫൂറ സർഗാറിനെ യു.എ.പി.എ ചുമത്തി ജയിലിലടക്കുയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

സഫൂറ സർഗാർ

നാലു വർഷങ്ങൾക്കു ശേഷവും നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരുകയാണെന്ന് സഫൂറ സർഗാർ ട്രൂകോപ്പിയോട് പറഞ്ഞു: ‘‘കാമ്പസിനകത്ത് സമാധാനമായാണ് ഞങ്ങൾ സമരം ചെയ്തത്. എന്നാൽ, കിലോമീറ്ററുകൾക്കപ്പുറത്ത് ദൽഹിയിലെ ഗ്രാമങ്ങളിൽ പോലീസ് നടത്തിയ നരനായാട്ടിൽ പോലും ഞങ്ങളെ പ്രതിയാക്കി. പൂർണ ഗർഭിണിയായ സമയത്തും ശിക്ഷാഇളവ് ലഭിച്ചില്ല. ജാമിഅയിൽ തുടർന്നുള്ള പഠനത്തിനും ഗവേഷണത്തിനും അനുമതി നിഷേധിച്ചു. കൂടെ പ്രതി ചേർക്കപ്പെട്ട ഷർജീൽ ഇമാമും ഉമർ ഖാലിദുമടക്കമുള്ളവർ വിചാരണയില്ലാതെ ജയിലിലാണ്. പത്തിലധികം കേസുകളാണ് ഇവർക്കെതിരെയുള്ളത്. അതുകൊണ്ടുതന്നെ ചില കേസുകളിൽ കുറ്റവിമുക്തരാക്കുയോ ജാമ്യം ലഭിക്കുകയോ ചെയ്താൽ പോലും വീണ്ടും മറ്റൊരു കേസിൽ പ്രതിയാക്കി ജയിലിലടക്കപ്പെടും. പുറം ലോകം കാണാതെ കസ്റ്റഡിയിൽ വെക്കുക എന്നത് ഭരണകൂടത്തിന്റെ മറ്റൊരു തന്ത്രം കൂടിയാണ്. പുറത്ത് അവശേഷിക്കുന്നവരെ കൂടി ഭയപ്പെടുത്തി പ്രതിഷേധ സ്വരങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം.’’

വിദ്യാർത്ഥികളെ ക്യാമ്പസിനുള്ളിൽ നിന്ന് കൈകൾ മുകളിലേക്ക് ഉയർത്തി കെട്ടി പുറത്തേക്ക് കൊണ്ടുവരുന്നു

ഡിസംബർ 15- ലെ അതിക്രമത്തിനുശേഷം വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടുവന്നത് കൈകൾ മുകളിലേക്ക് ഉയർത്തി കെട്ടിയാണ്. ലൈബ്രറിയിലിരുന്ന് വായിക്കുകയും കാന്റീനിൽ ഭക്ഷണം കഴിക്കുന്നവരെയും പള്ളിയിൽ പ്രാർത്ഥിക്കുകയും ചെയ്തിരുന്നവരെയാണ് കൊടും ക്രിമിനലുകളെപ്പോലെ പ്രദർശിപ്പിച്ചത്.

പോലീസും ഗുണ്ടകളും ചേർന്ന് തകർത്ത ലൈബ്രററി ഹാൾ

ആക്രമണത്തിൽ കാലുകളും വലതു കൈയും ഒടിഞ്ഞ, 19 വർഷമായി ജാമിഅ മെയിൻ ഗേറ്റിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന 60 വയസ്സുള്ള നസീർ ഖാൻ അന്നത്തെ സംഭവം ട്രൂകോപ്പിയുമായി പങ്കുവച്ചു: ‘‘അവർ നൂറോളം പേരുണ്ടായിരുന്നു. പോലീസുകാരല്ലാത്തവരും ലാത്തിയും വടികളും മറ്റ് ആയുധങ്ങളുമായി ആ കൂട്ടത്തിലുണ്ടായിരുന്നു. അനുവാദം കൂടാതെ കാമ്പസിൽ കടക്കാൻ പറ്റിലെന്ന് ഞാൻ പറഞ്ഞു. എന്നാൽ മുകളിൽ നിന്ന് പറഞ്ഞിട്ടാണ് വരുന്നതെന്നാണവർ പറഞ്ഞത്. ഞാൻ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത എക്സ് പട്ടാളക്കാരനാണെന്ന് പറഞ്ഞപ്പോൾ, ഇത് തങ്ങൾ നടത്തുന്ന മറ്റൊരു യുദ്ധമാണെന്നുപറഞ്ഞ് തോക്ക് നെറ്റിയിലേക്ക് ചൂണ്ടി ഗേറ്റ് അതിക്രമിച്ചുകടക്കുകയായിരുന്നു അവർ.’’

പൊലീസ് മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മർദ്ദിക്കുമ്പോൾ വിരൽ ചൂണ്ടി പ്രതിരോധിക്കുന്ന ആയിഷ റെന്ന

പോലീസും അക്രമികളും മാധ്യമ പ്രവർത്തകനെ ചവുട്ടിക്കൂട്ടുമ്പോൾ വിരലുയർത്തി അവർക്കു മുമ്പിൽ നിന്ന് പ്രതിരോധിച്ച, അന്ന് സമരത്തിന് നേതൃത്വം നൽകിയ ആയിഷ റെന്നക്ക് അന്നത്തെ സംഭവങ്ങൾ ഇന്നും ഒരു ​ട്രോമക്കുതുല്യമായ അനുഭവമാണ്:

ആയിഷ റെന്ന

‘‘ഇനിയങ്ങോട്ട് എന്ത് വെല്ലുവിളി വന്നാലും നേരിടാനുള്ള ആത്മകരുത്ത് ആ ദിവസങ്ങൾ നല്കി. മരണം മുന്നിൽ കണ്ട് തന്നെയാണ് സമരത്തി​ന്റെ മുന്നിലിറങ്ങിയത്.’’

ജാമിഅ സമരത്തിന് വർഗീയഛായ പകരാൻ പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. ‘സമരക്കാരെ വസ്ത്രം കൊണ്ട് മനസ്സിലാക്കാം’ എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ മുസ്‍ലിം ഇതര വിദ്യാർത്ഥികൾ ഷർട്ടൂരി മുന്നിൽ നിന്നാണ് പ്രതിഷേധിച്ചത്. ജാമിഅയിലെ അധ്യാപകരും സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. സീതാറാം യെച്ചൂരിയും ശശി തരൂരും കനയ്യ കുമാറും ചന്ദ്രശേഖർ ആസാദും ജാമിഅയിലെ സമരങ്ങളെ അഭിസംബോധന ചെയ്തു.

നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ മുസ്‍ലിം ഇതര വിദ്യാർത്ഥികൾ ഷർട്ടൂരി പ്രതിഷേധിക്കുന്നു

രണ്ടു സമരങ്ങൾ,
ഒരു വലിയ വിജയവും

2019-2020 കാലത്ത് ജാമിഅയിൽ രണ്ട് പ്രധാന സമരങ്ങൾ കൂടി അരങ്ങേറി. ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റിലെ ഒരു അധ്യാപകൻ ലൈംഗികാധിക്ഷേപം നടത്തിയതിന് വിദ്യാർത്ഥിനി ഒറ്റക്കു നടത്തിയ സമരം പിന്നീട് കാമ്പസ് മുഴുവൻ വ്യാപിച്ചു. കാമ്പസ് വിദ്യാർത്ഥികൾ ഉപരോധിച്ചു. കൂടുതൽ അധ്യാപകർക്കെതിരെയുള്ള നടപടികളിലേക്ക് അത് നയിച്ചു.

2019- ന്റെ അവസാനമാണ് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ ഇസ്രായേൽ വിരുദ്ധ സമരം നടത്തിയത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ജാമിഅയിൽ നടത്തുന്ന അന്താരാഷ്ട്ര സെമിനാറിന് ഇസ്രായേലിനെ ഔദ്യോഗിക പങ്കാളിത്ത രാജ്യമാക്കിയതിനെതിരെയായിരുന്നു സമരം. 15 വിദ്യാർത്ഥികൾ ഒരാഴ്ച അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുന്നിൽ നിരാഹാരമിരുന്നു. അവസാനം കേന്ദ്ര സർക്കാർ ഇതിൽ നിന്ന് പിന്മാറി. സ്വതന്ത്ര ഇന്ത്യ നിലനിർത്തിപ്പോന്ന നയതന്ത്ര നിലപാടിനെ ഉറപ്പിക്കുന്നതായിരുന്നു വിദ്യാർഥികൾ ഈ വിഷയത്തിൽ നേടിയ രാഷ്ട്രീയ വിജയം.
യാസർ അറഫാത്ത് ജാമിഅ സന്ദർശിക്കുമ്പോൾ ‘എന്നും പലസ്തീനിനൊപ്പം’ എന്ന അന്നത്തെ ജാമിഅ അധികൃതരുടെ ഉറപ്പിനെ കാലങ്ങൾക്കുശേഷം വിദ്യാർത്ഥികൾ കേന്ദ്ര ഭരണകൂടത്തെ ഓർമിപ്പിക്കുകയായിരുന്നു.

യാസർ അറഫാത്ത് ജാമിഅ സന്ദർശിച്ചപ്പോള്‍

ഭരണകൂടം നടപ്പാക്കുന്ന
‘പുത്തൻ ജാമിഅ’

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനും കോവിഡ് ഇടവേളക്കും ശേഷം ‘പുതിയ ജാമിഅ’ എന്ന ലക്ഷ്യം കേന്ദ്ര സർക്കാറും സർവകലാശാലാ അധികൃതരും ആസൂത്രിതമായി നടപ്പാക്കാൻ തുടങ്ങി. സംഘടനാ പ്രവർത്തനത്തിനും വിദ്യാർത്ഥി ഇടപെടലുകൾക്കും നിയന്ത്രണങ്ങളുണ്ടായി. ജാമിഅ ഭരണകൂടത്തിന്റെ കാമ്പസായി മാറി.

സർവകലാശാലയിൽ അക്കാദമിക സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി നിലകൊണ്ട അധ്യാപകരെ പിരിച്ചുവിട്ടു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ താത്കാലിക അധ്യാപകരെ മാത്രം നിയമിച്ചു. അവരിൽ പലരെയും കാരണം കാണിക്കാതെ പുറത്താക്കുകയും ചെയ്തു.

ഇതിലൂടെ, വിദ്യാർത്ഥി പക്ഷത്തുനിൽക്കുന്ന അധ്യാപകരെ പൂർണമായും മാറ്റിനിർത്താനായി.
അധ്യാപക സംഘടനയായ ജാമിഅ ടീച്ചേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു, പ്രസിഡന്റായിരുന്ന സോണിയയെ സസ്പെൻഡ് ചെയ്തു. സോണിയയെ തിരിച്ചെടുത്തിട്ടില്ല. ഇതുവരെയും ഒരു വിശദീകരണവും ഡിപ്പാർട്ട്മെന്റിന്റെയോ അധികൃതരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അർഹമായ പ്രൊമോഷൻ തടഞ്ഞും പ്രധാന സ്ഥാനങ്ങളിൽ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നവരെ നിയമിച്ചും ഭരണപക്ഷാനുകൂല അധ്യാപകരുടെ പക്ഷത്തെ വിപുലമാക്കി.

ഗ്രേഡ് മാർക്ക്, അറ്റൻഡൻസ്, സ്കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങളെ വിദ്യാർഥികളെ അടിച്ചമർത്താൻ ഉപയോഗിക്കാൻ തുടങ്ങി. ഫീസ് വർധിപ്പിച്ചു. സെൽഫ് ഫിനാൻസ് കോഴ്സുകളുടെ കുത്തൊഴുക്കുണ്ടായി. ഇതിലൂടെ, ഉത്തരേന്ത്യയിലും മറ്റുമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ജാമിഅയിലെ പഠനം അപ്രാപ്യമായി.

എം.എസ്.എഫ് കമ്മിറ്റി മെമ്പര്‍ ഫവാസ് കെ.കെ

വിദ്യാർഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ റദ്ദു ചെയ്യുന്നു എന്നതാണ് ജാമിഅ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എം.എസ്.എഫ് കമ്മിറ്റി മെമ്പര്‍ ഫവാസ് കെ.കെ പറഞ്ഞു: ‘‘ വിദ്യാർത്ഥികളുടെ അക്കാദമിക്കലായിട്ടും നോൺ അക്കാദമിക്കലായിട്ടുമുള്ള കൂട്ടം കൂടലുകളെ റദ്ദ് ചെയ്യുന്ന ഒരു ഓർഡിനൻസ് അധികൃതർ കൊണ്ട് വരുന്നു. ഒരു കേന്ദ്ര സർവ്വകലാശാല എന്ന രീതിയിൽ പ്രതേകിച്ചും കൂട്ടം കൂടാനും ചർച്ച ചെയ്യാനും സംവാദങ്ങൾ രൂപപ്പെടുത്താനും ഒരുമിച്ച് ഇരിക്കാനുമുള്ള വിദ്യാർത്ഥികളുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങൾ അധികൃതർ വിലക്കി. ഭരണഘടന ഉറപ്പ് നൽകുന്ന freedom of expression ന്റെ ലംഘനം കൂടിയാണ് അത്. പ്രതിഷേധിക്കുന്നവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുക തുടങ്ങി നടപടികളും അതിന്റെ ഭാഗമാണ്.”

ആസാദ് ഗൗരവ് സഭ

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നരേന്ദ്ര മോദി തുടർച്ചയായി 20 വർഷം പൂർത്തിയാക്കിയതിന് കാമ്പസിൽ അധികൃതർ 2022 ആഗസ്റ്റിൽ ഒരു പരിപാടി സംഘടിപ്പിക്കുകയും മോദി @20 എന്ന പേരിൽ പുസ്തകം പുറത്തിറക്കുകയും ചെയ്തു. 38 പേർ കൊല്ലപ്പെട്ട മാലേഗാവ് സ്ഫോടന കേസിൽ കുറ്റാരോപിതനായ ഇന്ദ്രഷ് കുമാറായിരുന്നു ആ സെമിനാറിന്റെ മുഖ്യാത്ഥി.

ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ആസാദ് ഗൗരവ് സഭ’ സംഘടിപ്പിച്ചു. സമരത്തിനു മുന്നിൽ നിന്നവരെയെല്ലാം കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്പെൻഡ് ചെയ്യുകയായിരുന്നു

എൻ.എസ്.യു.ഐ പ്രസിഡന്റ് എൻ.എസ്. അബ്ദുൽ ഹമീദ്

അന്ന് സമരത്തിന് മുന്നിലുണ്ടായിരുന്ന എന്‍.എസ്.യു.ഐ പ്രസിഡന്റ് എൻ.എസ്. അബ്ദുൽ ഹമീദ് പറയുന്നു: ‘‘കാമ്പസിന്റെ തുറന്ന സ്റ്റേജിനടുത്ത് പതാകയുയർത്തി സംസാരിച്ചതിന് രണ്ടാഴ്ച്ചത്തേക്കാണ് എന്നെ പുറത്താക്കുന്നത്. ജാമിഅയുടെ പുതിയ അന്തരീക്ഷത്തിൽ ഇതു പോലെയുള്ള വിഷയങ്ങളിൽ പ്രതികരിച്ചതിന് ഇരുപതിലേറെ തവണയാണ് ഷോക്കേസ് നോട്ടീസുകൾ ലഭിച്ചത്.’’

2022 ലാണ് കാമ്പസ് അധികാരികൾ ‘ആഗസ്റ്റ് നോട്ടീസ്’ എന്ന പേരിൽ വിദ്യാർത്ഥി വിരുദ്ധ നിയമം നടപ്പിലാക്കിയത്. പത്തിലേറെ കൂടുതൽ വിദ്യാർത്ഥികൾ ഒരുമിച്ചുകൂടുന്നത് തടഞ്ഞുള്ള ഉത്തരവായിരുന്നു അത്. കൂട്ടം ചേർന്ന് വിദ്യാർത്ഥികൾ പഠിക്കുന്നതോ ചർച്ച ചെയ്യുന്നതോ വിലക്കി. ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ആഴ്ചകൾക്കുമുമ്പേ രേഖാമൂലം എഴുതി നൽകി അനുവാദം വാങ്ങണമെന്ന വിചിത്ര നയവും കൊണ്ടുവന്നു. ഇക്കാര്യം നിരീക്ഷിക്കാൻ പ്രൊട്ടക്റ്റർക്കു കീഴിൽ സംഘങ്ങളുണ്ടാക്കി. കാമ്പസിലെ ഹാൾ ഉപയോഗിക്കുന്നതിന് വിദ്യാർഥികൾക്ക് ഫീസ് ചുമത്തി. യൂണിവേഴ്സിറ്റി വെബ്സൈറ്റിലോ സർക്കുലറിലോ ഇല്ലാത്ത ഇത്തരം വ്യവസ്ഥകൾ പറഞ്ഞ് വിദ്യാർത്ഥികൾക്ക് ഷോകോസ് കൊടുത്തു, അവരെ സസ്പെന്റ് ചെയ്തു. ഇക്കാര്യങ്ങളിലൊന്നും വിദ്യാർത്ഥികളുടെ വിശദീകരണം ചോദിക്കാറില്ല.

ആഗസ്റ്റ് നോട്ടീസ്
എസ്.എഫ്.ഐ പ്രസിഡന്റ് ആദം റഫീക്ക്

ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബി ബി സി ഡോകുമെന്ററി സെൻട്രൽ കാന്റീൻ പരിസരത്ത് ‘ആഗസ്റ്റ് നോട്ടീസി’ലെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾക്കുമുന്നിൽ സ്ക്രീൻ ചെയ്ത സംഭവം ഓർക്കുകയാണ് ഡോകുമെന്ററി പ്രദർശനത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ പ്രസിഡന്റ് ആദം റഫീക്ക്: ‘‘പ്രദർശനം തടയാനും കലാപന്തരീക്ഷമുണ്ടാക്കാനും സർവ്വ സന്നാഹങ്ങളുമായി അധികൃതർ ശ്രമിച്ചു. വിദ്യാർത്ഥികൾ കൂട്ടംകൂടുന്നത് തടയാൻ കാന്റീനുകൾ അടച്ചിട്ടു. എന്നാൽ അതിനെയെല്ലാം മറികടന്ന് ഡോകുമെന്ററി പ്രദർശിപ്പിക്കാൻ കഴിഞ്ഞു.’’

ഐസ പ്രസിഡന്റായ വഖാർ അസാം

വിദ്യാർത്ഥികളെ വിഭജിക്കുകയായിരുന്നു ഇത്തരം നടപടികളുടെ ലക്ഷ്യമെന്ന് ‘ഐസ’ പ്രസിഡന്റായ വഖാർ അസാം ട്രൂകോപ്പിയോട് പറഞ്ഞു: ‘‘കോവിഡ് ഭീതി പറഞ്ഞാണ് ആദ്യം വിദ്യാർത്ഥികൾ കൂട്ടം കൂടുന്നത് നിരോധിച്ചത്. പിന്നീട് കോവിഡിനുശേഷവും അത് തുടർന്നു.കൃത്യമായ വരിഞ്ഞുമുറുക്കലായിരുന്നു അത്. എന്നാൽ, ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ അത്തരം സംഘടനകൾക്ക് കൂട്ടം കൂടാൻ അനുമതി നൽകി, അനുമതി കൂടാതെ ആഘോഷങ്ങൾ സംഘടിപ്പിക്കാമെന്നായി.’’

കലിപ്പ് മലയാളി വിദ്യാർഥികൾക്കുനേരെ

കഴിഞ്ഞ വർഷങ്ങളിൽ ജാമിഅയിൽ നടന്ന വിദ്യാർഥിസമരങ്ങളുടെയെല്ലാം നേതൃത്വത്തിൽ മലയാളികളായിരുന്നു. ഉത്തരേന്ത്യയിലെയും മറ്റും വിദ്യാർത്ഥികളെ രാഷ്ട്രീയമായി ഏകോപ്പിക്കുന്നതിലും നയം രൂപീകരിക്കുന്നതിലും മലയാളി വിദ്യാർത്ഥികൾക്ക് മുഖ്യ പങ്കുണ്ടായിരുന്നു. എസ്.​എഫ്.ഐ, എൻ.എസ്.യു.ഐ, ‘ഐസ’, എം.എസ്.എഫ്, ‘ഡിസ്ക്’ തുടങ്ങി എല്ലാ സംഘടനകളുടെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ മലയാളികളാണ്. അതുകൊണ്ടു തന്നെ സർവകലാശാലയിൽ നടക്കുന്ന ഓൾ പാർട്ടി മീറ്റിങ്ങുകളിൽ നയപരമായ തീരുമാനമെടുക്കുന്നത് മലയാളികളായിരിക്കും.

കോവിഡിന് ശേഷം ഹോസ്റ്റലുകൾ തുറക്കാൻ വേണ്ടി വിദ്യാർത്ഥികൾ നടത്തിയ സമരം

കോവിഡിനുശേഷം കാമ്പസ് തുറന്ന് ആറു മാസമായിട്ടും ഹോസ്റ്റൽ തുറക്കാത്തതിനെതിരായ സമരത്തിൽ മുന്നിലുണ്ടായിരുന്നത് മലയാളികളായിരുന്നു. ഹോസ്റ്റൽ തുറന്നപ്പോൾ ഭൂരിഭാഗം മലയാളികൾക്കും ഹോസ്റ്റൽ നിഷേധിച്ചു. സർവകലാശാല വി.സിയുടെ ‘ബ്ലാക്ക് ലിസ്റ്റി’ൽ പേര് വന്നു എന്നതായിരുന്നു വിശദീകരണം. പൗരത്വഭേദഗതി വിരുദ്ധ സമരത്തിനുശേഷം ഭരണകൂടത്തിന്റെ നിർദേശപ്രകാരം ‘കുഴപ്പക്കാരായ’ വിദ്യാർത്ഥികളുടെ ലിസ്റ്റ് ഉണ്ടാക്കുകയും കാമ്പസിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും അത് അവരുടെ മേൽ ചാർത്തുകയും ചെയ്യുന്ന പുതിയ ശൈലി വന്നു. അന്നേ ദിവസം കാമ്പസിൽ ഇല്ലെങ്കിൽ പോലും ബ്ലാക്ക് ലിസ്റ്റിൽ പെട്ടവർക്കെതിരെ നടപടികളുണ്ടായി.

അബ്രീദ ബാനു

പൗരത്വഭേദഗതിവിരുദ്ധ സമരത്തിനു മുമ്പും ശേഷവും ജാമിഅയിൽ പഠിച്ച വിദ്യാർത്ഥി എന്ന നിലക്ക് ഈ വിവേചനം പ്രകടമായി അനുഭവിച്ചിട്ടുണ്ടെന്ന് ജാമിഅയിൽ നിയമ വിദ്യാർത്ഥിയും സോഷ്യൽ ആക്റ്റിവിസ്റ്റുമായ അബ്രീദ ബാനു പറയുന്നു: ‘‘രാഷ്ട്രീയ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ സാമൂഹികവും വിദ്യാഭ്യാസപരവുമായി മികച്ച ബാക്ക്ഗ്രൗണ്ടിൽനിന്ന് വരുന്നവരെന്ന നിലയിൽ മലയാളികൾക്ക് എല്ലാ കാലത്തും ഡിപ്പാർട്ട്മെന്റിൽ നിന്നും മറ്റും റെസ്പെക്റ്റ് കിട്ടിയിരുന്നു. എന്നാൽ പിന്നീട് മാർക്ക് നൽകുന്നതിലും അസൈൻമെന്റ് പോലെയുള്ളവ അപ്രൂവ് ചെയ്യുന്നതിലും വിവേചനമുണ്ടായി. മെസ്സിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് സമരം നടത്തുമ്പോൾ ‘നിങ്ങൾ മലയാളികൾക്ക് മാത്രമെന്താ ഇത്ര പ്രശ്നം’ എന്ന് നിരന്തരം അധ്യാപകരിൽ നിന്ന് ചോദ്യങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.’’

ഇത്തരം നടപടികളുടെ ഭാഗമായാണ് ജാമിഅയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ ‘സ്മൃതി’ക്ക് കൾച്ചറൽ ഫെസ്റ്റ് രൂപത്തിൽ നടത്തിയിരുന്ന ഓണാഘോഷങ്ങൾക്ക് അനുമതി നിഷേധിച്ചത്. അതിനുശേഷം മലയാളികൾ മുന്നിട്ടിറങ്ങി നടത്തിയ മുസിരിസും സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് നിർത്തിവെപ്പിച്ചു. അധികൃതർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും കേരള വിരുദ്ധ മനോഭാവം ഉണ്ടാക്കിയെടുക്കാനുള്ള ബോധപൂർവ ശ്രമമായിരുന്നു ഇതെല്ലാമെന്നാണ് മലയാളി വിദ്യാർഥികൾ പറയുന്നത്. മലയാളി വിദ്യാർത്ഥികളോട് കൂട്ടുകൂടുന്നത് പഠനത്തെയും മറ്റും ബാധിക്കുമെന്ന് ഉത്തരേന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുന്ന അധ്യാപകർ ജാമിഅയിലുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

സൈനികവൽക്കരിക്കപ്പെട്ട
ജാമിഅ

സമാധാനപരമായി ഒത്തുകൂടാനും ചർച്ചകൾ സംഘടിപ്പിക്കുവാനും സമരം നടത്താനും പൂർണ സ്വാതന്ത്രമുള്ള കാമ്പസായിരുന്നു ജാമിഅ. എന്നാൽ ഇപ്പോൾ ഒരു ചെറിയ സമരമോ വിദ്യാർത്ഥി പ്രശ്നമോ ഉണ്ടായാൽ തന്നെ ട്രക്കുകളിൽ പോലീസും സി.ആർ പി.എഫുമെത്തി കാമ്പസ് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കും. റാപ്പിഡ് ആം ഫോഴ്സ് എന്ന പേരിൽ കാമ്പസിൽ തന്നെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും പിഎച്ച് ഡി സ്കോളറുമായ ലുബൈബ് ബഷീർ

തീർത്തും സൈനികവൽക്കരിച്ച കാമ്പസായി ജാമിഅ മാറിയതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും പിഎച്ച് ഡി സ്കോളറുമായ ലുബൈബ് ബഷീർ പറഞ്ഞു: ‘‘റിട്ടയേർഡ് മിലിട്ടറി ഫോഴ്സ്, പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡ്സ്, റാപ്പിഡ് ആം ഫോഴ്സ് തുടങ്ങി മൂന്ന് സേനകൾ എല്ലാ സമയത്തും കാമ്പസിലുണ്ടാവും. കൂടാതെ, ചെറിയ പ്രശ്നങ്ങൾക്കുപോലും ഓക്‍ലയിലെ പോലീസ് എസ്.എച്ച്.ഒയും പട്ടാളവും സ്ഥലത്തെത്തും. മറ്റു കേന്ദ്ര സർവകലാശാലകളിൽനിന്ന് ഭിന്നമായി ഹൈവേ റോഡുകളോട് ചേർന്നുള്ള ജാമിഅയെ ഇങ്ങനെ പൂട്ടിക്കെട്ടുന്നതോടെ ഈ കാമ്പസ് രാജ്യവിരുദ്ധരുടെ താവളമാണ് എന്ന പൊതുബോധം പുറമേക്കുണ്ടാക്കുന്നു. നിരന്തരം വ്യാജ വാർത്തകൾ നൽകി ഉത്തരേന്ത്യൻ ദേശീയ മാധ്യമങ്ങളും ഇതിന് വളം വെച്ചുകൊടുക്കുന്നു.’’

എന്നാൽ ഇതിനെയെല്ലാം മറികടന്ന്, 2020- ൽ എം.എച്ച്.ആർ.ഡിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രയിം വർക്കിങ്ങിന്റെ സർവകലാശാലാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി, ജാമിഅ.

പോലീസ് ബ്രൂട്ടാലിറ്റിയുടെ നാലാം വാർഷിക ദിനത്തിൽ വിദ്യാർത്ഥി സംഘടനകളുടെയും സ്റ്റുഡന്റ് കോർഡിനേഷന്റെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിന്ന്

ജാമിഅയെ അപരവൽക്കരിക്കാനുള്ള ശ്രമങ്ങളെയെല്ലാം വിദ്യാർത്ഥികൾ ചെറുത്തു നിൽക്കുകയാണ്. കഴിഞ്ഞ ഡിസംബർ 14ന്, 2019-ലെ പോലീസ് അതിക്രമത്തിന്റെ നാലാം വാർഷിക ദിനത്തിൽ വിദ്യാർത്ഥി സംഘടനകളുടെയും സ്റ്റുഡന്റ് കോർഡിനേഷന്റെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കീഴടങ്ങാതെ, കാമ്പസിന്റെ അക്കാദമികവും മനുഷ്യാവകാശപരവുമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്.

Comments