സമാധാനമില്ലാതെ മണിപ്പുർ; സമ്പൂർണ പരാജയമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, ഇനിയെന്ത്?

മണിപ്പുരിൽ അയവില്ലാതെ സംഘർഷം തുടരുകയാണ്. ബിരേൻ സിങ്ങിൻെറ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും വിഷയം പരിഹരിക്കുന്നതിൽ സമ്പൂർണ പരാജയമായിരിക്കുകയാണ്. മണിപ്പുരിൽ എന്താണ് സംഭവിക്കുന്നത്? കലാപം അവസാനിക്കാൻ എടുക്കേണ്ട നടപടികളെന്ത്?

News Desk

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുർ (Manipur) വീണ്ടും കലാപ കലുഷിതമാവുകയാണ്. കഴിഞ്ഞ ഒന്നരവർഷമായി ഇവിടെ സംഘർഷം അയവില്ലാതെ തുടരുകയാണ്. 2023 മെയിലാണ് സംഘർഷം ആരംഭിക്കുന്നത്. ഇതിനോടകം കൊല്ലപ്പെട്ടത് ഏകദേശം 250ലധികം പേർ. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ പ്രധാന സമുദായമായ മെയ്തികൾക്ക് (Meitei) പട്ടികവർഗ പദവി ലഭിക്കണമെന്ന ആവശ്യമാണ് വംശീയ കലാപത്തിലേക്ക് മണിപ്പുരിനെ എത്തിക്കുന്നത്. മെയ്തികൾക്ക് പട്ടികവർഗ പദവി നൽകുന്നതിനെ നിലവിലുള്ള പട്ടികവർഗ സമുദായക്കാരായ കുക്കികളും നാഗാ വിഭാഗക്കാരും എതിർത്തു. തലസ്ഥാനമായ ഇംഫാൽ താഴ് വരയുടെ മേഖലയിലാണ് മെയ്തി വിഭാഗക്കാർ കൂടുതലായുള്ളത്. സംസ്ഥാനത്തെ 60-ൽ 40 എം.എൽ.എമാരും മെയ്തി വിഭാഗത്തിൽ നിന്നുള്ളവരാണ്. നിലവിലെ മുഖ്യമന്ത്രി ബിരേൻ സിങും ഇതേ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ്. 2023 ഏപ്രിലിലാണ് മണിപ്പുർ ഹൈക്കോടതി മെയ്തി വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നതിന് കേന്ദ്ര പട്ടികവർഗ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ ശുപാർശ നൽകണമെന്ന് നിർദ്ദേശം നൽകിയത്. ഹൈക്കോടതിയുടെ ഈ നിർദ്ദേശത്തിനിതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായി. പിന്നാലെ സംഘർഷങ്ങളും ആരംഭിച്ചു. ഒന്നര വർഷമായിട്ടും യാതൊരു മാറ്റവുമില്ലാതെ അത് തുടരുകയാണ്.

നിലവിലെ സംഘർഷങ്ങളുടെ കാരണം…

സംഘർഷങ്ങൾക്ക് നേരിയ അയവുണ്ടായിരുന്ന സംസ്ഥാനത്തെ മലയോര മേഖലകളിൽ ഈ നവംബർ ഏഴിനാണ് വീണ്ടും കലാപം ആരംഭിക്കുന്നത്. സൈറോൺ ഗ്രാമത്തിൽ കുക്കി വിഭാഗത്തിൽ ഉൾപ്പെടുന്ന ഹമാർ ഗോത്രവിഭാഗത്തിലെ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല ചെയ്യപ്പെടുന്നു. മെയ്തി സായുധസംഘമാണ് കൊലപാതത്തിന് പിന്നിലെന്ന് ആരോപണമുയർന്നു. ഇതിന് പിന്നാലെ ജിറിബാം ഗ്രാമത്തിൽ വ്യാപകമായ അക്രമങ്ങളുണ്ടായി. ഏകദേശം 19 വീടുകൾ തീവെച്ച് നശിപ്പിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. നവംബർ എട്ടിന് മെയ്തി വിഭാഗക്കാരിയായ ഒരു സ്ത്രീ വയലിൽ പണിയെടുക്കുന്നതിനിടെ കൊല ചെയ്യപ്പെടുന്നു. കുക്കി സായുധസംഘമാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് മെയ്തി വിഭാഗക്കാർ ആരോപിച്ചു.

നവംബർ 11നാണ് വിഷയം കൂടുതൽ രൂക്ഷമായത്. ജിറിബാമിൽ തങ്ങളുമായുള്ള ഏറ്റുമുട്ടലിൽ 10 കുക്കി സായുധസേനാംഗങ്ങൾ കൊല്ലപ്പെട്ടതായി സി.ആർ.പി.എഫ് അറിയിക്കുന്നു. ബന്ദികളാക്കപ്പെട്ടതിന് ശേഷം കാണാതായ ആറ് മെയ്തി വിഭാഗക്കാരുടെ മൃതദേഹങ്ങൾ നവംബർ 15-16 ദിവസങ്ങളിലായി, കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നു. ഇതോടെ സംഘർഷം വീണ്ടും രൂക്ഷമായി.

ഇംഫാലിൽ നിലവിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സംഘർഷാവസ്ഥ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുമെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിൻെറ വാക്ക് പാഴ് വാക്കായി മാറിയിരിക്കുന്നു

ഇംഫാൽ താഴ് വര വീണ്ടും അശാന്തമായിരിക്കുകയാണ്. ജനപ്രതിനിധികളുടെ വീടുകൾക്ക് നേരെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. എംഎൽഎമാരുടെയും മന്ത്രിമാരുടെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. മൂന്ന് മന്ത്രിമാരുടെയും ആറ് എംഎൽഎമാരുടെയും വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻെറ

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്
മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്

കുടുംബവീടിന് നേരെയും, അദ്ദേഹത്തിൻെറ മരുമകനും ബി.ജെ.പി എം.എൽ.എയുമായ ആർ.കെ ഇമോയുടെ വീടിന് നേരെയും ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇംഫാലിൽ നിലവിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സംഘർഷാവസ്ഥ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുമെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിൻെറ വാക്ക് പാഴ് വാക്കായി മാറിയിരിക്കുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര സർക്കാരിനും ഇതുവരെ പ്രശ്ന പരിഹാരത്തിനായി ചെറുവിരലനക്കാൻ സാധിച്ചിട്ടില്ല.

സർക്കാരുകളുടെ പരാജയം

സംസ്ഥാനത്തെ 60 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗക്കാർ സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ പുരോഗതി പ്രാപിച്ചവരാണ്. പരമ്പരാഗത വിശ്വാസം പിന്തുടരുന്നവരാണെങ്കിവും മെയ്തി വിഭാഗക്കാർ പ്രബലമായും ഹിന്ദുക്കളാണ്. ചെറിയൊരു വിഭാഗം മുസ്ലിങ്ങളും ഉൾപ്പെടുന്നുണ്ട്. എട്ട് ശതമാനത്തോളം വരുന്ന മുസ്ലിങ്ങൾ മെയ്തി പാംഗൽ എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തെ മറ്റ് 40 ശതമാനം ജനവിഭാഗങ്ങളിൽ 25 ശതമാനത്തോളം കുക്കികളും 15 ശതമാനത്തോളം നാഗാ വിഭാഗവും ഉൾപ്പെടുന്നു. ഇവർ പ്രധാനമായും ക്രിസ്ത്യാനികളാണ്.

മണിപ്പുരിൽ സ്ഥിതിഗതികൾ കൈവിട്ട് പോയതോടെ രാഷ്ട്രീയമായി ബി.ജെ.പി സംസ്ഥാനത്ത് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മെയ്തി വിഭാഗക്കാരെ പട്ടികവർഗക്കാരായി പ്രഖ്യാപിച്ച് അവർക്ക് കൂടുതൽ പരിഗണന നൽകാനുള്ള നീക്കത്തിന് സംസ്ഥാനത്തെ ബിരേൻ സിങ് ഭരണകൂടത്തിൻെറ എല്ലാ പിന്തുണയുമുണ്ടായിരുന്നു. കേന്ദ്ര സർക്കാരും ഇതിനോട് യോജിപ്പായിരുന്നു. കുക്കി വിഭാഗത്തിനെതിരെ മെയ്തികളുടെ ഭാഗത്ത് നിന്ന് കടുത്ത ആക്രമണങ്ങൾ ഉയർന്ന ഘട്ടങ്ങളിൽ സർക്കാരുകൾ കയ്യും കെട്ടി നോക്കിനിൽക്കുകയാണ് ചെയ്തത്. ഇരുസർക്കാരുകളും അടിച്ചമർത്താൻ നോക്കുന്നത് കുക്കി വിഭാഗത്തെയാണ്. ഇവരിലെ തീവ്രവാദികളാണ് സംസ്ഥാനത്ത് കലാപമുണ്ടാക്കുന്നതെന്നാണ് ബിരേൻ സിങ് പറയുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം മണിപ്പുർ വിഷയം ചർച്ചയാക്കാൻ നോക്കിയപ്പോഴൊക്കെ അത് അവഗണിക്കുകയാൻ ശ്രമിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ചെയ്തത്.

മണിപ്പുരിൽ സ്ഥിതിഗതികൾ കൈവിട്ട് പോയതോടെ രാഷ്ട്രീയമായി ബി.ജെ.പി സംസ്ഥാനത്ത് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (NPP) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ബിരേൻ സിങ്ങിൻെറ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സമാധാനം പുനസ്ഥാപിക്കുന്നതിൽ സമ്പൂർണ പരാജയമാണെന്നും നിലവിലെ സാഹചര്യത്തിൽ ബിജെപി സർക്കാരിനോട് ഒപ്പം ചേരാനാവില്ലെന്നും എൻ.പി.പി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

മല്ലികാർജുൻ ഗാർഗെ
മല്ലികാർജുൻ ഗാർഗെ

60 അംഗ നിയമസഭയിൽ ബി.ജെ.പി സർക്കാരിന് 37 എം.എൽ.എമാരാണ് ഉള്ളത്. ഈ എം.എൽ.എമാർക്കും സംസ്ഥാനത്ത സ്ഥിതിഗതികളിൽ അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ബിരേൻ സിങ് വിളിച്ചുചേർത്ത സമാധാനയോഗം 19 ബി.ജെ.പി എം.എൽ.എമാർ ബഹിഷ്കരിച്ചിരുന്നു. ആർ.എസ്.എസും എ.ബി.വി.പിയും സംസ്ഥാന സർക്കാർ പരാജയമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ് ഇവരെയെല്ലാം ചൊടിപ്പിച്ചിരിക്കുന്നത്.

വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ പരാജയമാണെന്നാണ് കോൺഗ്രസിൻെറ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുരിലെത്തി സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ക്രമസമാധാനനില തകർന്നതിൻെറ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിങ്ങും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജി വെക്കണമെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുസ്ഥാപിക്കണമെന്ന് കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഗാർഗെയും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments