ആന്ധ്രക്കും ബിഹാറിനും പ്രത്യേക പദവി;
സമ്മർദത്തിനുപുറകിലെ യാഥാർഥ്യങ്ങൾ

ആന്ധ്രപ്രദേശിനെയും ബീഹാറിനെയും മുൻനിർത്തി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ആവശ്യപ്പെടുന്ന പ്രത്യേക പദവി എന്ന ആവശ്യത്തെ പുതിയ കേന്ദ്ര സർക്കാർ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ പോകുന്നത് എന്നത് ഏറെ പ്രധാനമാണ്.

National Desk

നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മൂന്നാം നരേന്ദ്രമോദി സർക്കാറിലെ പ്രധാന ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി-യുവും തങ്ങളുടെ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിനെയും ബീഹാറിനെയും മുൻനി​ർത്തി ആവശ്യപ്പെടുന്ന പ്രത്യേക പദവിയെ പുതിയ കേന്ദ്ര സർക്കാർ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ പോകുന്നത് എന്നത് ഏറെ പ്രധാനമാണ്.

എൻ.ഡി.എക്ക് ഭരണം നിലനിർത്താൻ തങ്ങൾ അനിവാര്യമാണ് എന്ന തിരിച്ചറിവിൽനിന്നാണ് സ്വന്തം സംസ്ഥാനങ്ങൾക്കുവേണ്ടി ഇത്തരമൊരാവശ്യവുമായി ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും രംഗത്തുവന്നത്.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം, സംസ്ഥാന വിഭജനം തൊട്ടുള്ളതാണ്. കോൺഗ്രസും ബി.ജെ.പിയും മുമ്പ് തെരഞ്ഞെടുപ്പു കാലങ്ങളിൽ ആന്ധ്രക്ക് നൽകിയ വാഗ്ദാനമാണിത്. ഈ വാഗ്ദാനം പാലിക്കാത്തതിന്റെ പേരിലാണ് മുമ്പ് ചന്ദ്രബാബു നായിഡു എൻ.ഡി.എയുമായുള്ള ബന്ധം ഉപേക്ഷിച്ചതുപോലും. ആ നിലയ്ക്ക്, നായിഡുവിന്റെ ഇപ്പോഴത്തെ ആവശ്യം ഒരു സമ്മർദതന്ത്രമെന്ന നിലയ്ക്ക് അവഗണിക്കാൻ മോദിക്ക് കഴിയില്ല.

എന്താണ് പ്രത്യേക പദവി?

ചരിത്രപരമായോ സാമ്പത്തികമായോ ഭൂമിശസ്ത്രപരമായോ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സംസ്ഥാനങ്ങൾക്ക് അവയുടെ വികസനവും വേഗത്തിലുള്ള വളർച്ചയും ഉറപ്പാക്കാൻ പ്രത്യേക പദവിയെന്ന ആശയം 1969-ലെ അഞ്ചാം ധനകാര്യ കമീഷനാണ് മുന്നോട്ടുവെക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഭൂമിശ്‌സ്ത്രപരമായി ഉയർന്ന പ്രദേശങ്ങൾ, കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ, ഗണ്യമായി ഗോത്ര ജനസംഖ്യയുള്ള പ്രദേശങ്ങൾ, തന്ത്രപ്രധാനമായ അതിർഥികളുള്ള സംസ്ഥാനങ്ങൾ, സാമ്പത്തിക അടിസ്ഥാന സൗകര്യ മേഖലകളിൽ പിന്നാക്കാവസ്ഥയിലുളള സംസ്ഥാനങ്ങൾ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക പദവി നൽകുന്നത്.

നികുതി വിഭജനം 32 ശതമാനത്തിൽ നിന്ന് 42 ശതമാനമാക്കി വർധിപ്പിച്ച് സംസ്ഥാനങ്ങളുടെ വിഭവ വിടവ് നികത്തണമെന്ന നിർദേശത്തെത്തുടർന്ന് 14-ാം ധനകാര്യ കമ്മീഷൻ പ്രത്യേക പദവി എന്ന ആശയം റദ്ദാക്കിയെന്നാണ് ബി ജെ പി നിലപാട്. കേന്ദ്രത്തിൽ നിന്നുള്ള കൂടുതൽ സഹായം, നികുതി ഇളവുകൾ തുടങ്ങിയവയാണ് പ്രത്യേക പദവികൊണ്ടുള്ള ഗുണങ്ങൾ.

1969-ൽ ദേശീയ വികസന കൗൺസിലിന്റെ അംഗീകാരത്തോടെ അസം, ജമ്മു കാശ്മീർ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങൾക്കാണ് ആദ്യമായി പ്രത്യേക പദവി നൽകിയത്. തുടർന്ന് 1979-71ൽ ഹിമാചൽപ്രദേശിനും, 1971-72 ൽ മണിപ്പുർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾക്കും, 1975-76 ൽ സിക്കിമിനും 1986-87 ൽ അരുണാചൽപ്രദേശിനും, 2001-02 ൽ ഉത്തരാഖണ്ഡിനും പ്രത്യേക സംസ്ഥാന പദവി നൽകി.

അസം, ജമ്മു കാശ്മീർ, നാഗാലാന്റ് സംസ്ഥാനങ്ങൾക്കാണ് ആദ്യമായി പ്രത്യേക പദവി നൽകിയത്. / Photo: Naga Villagers, Wikimedia Commons

എന്നാൽ 2019- ൽ നരേന്ദ്രമോദി സർക്കാർ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും ജമ്മു- കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാർക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നതും റദ്ദാക്കി. ഒക്ടോബർ 31ന് ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ നിയമസഭയുടെ അനുമതിയോടെ മാത്രമേ ജമ്മു കശ്മീരിൽ നടപ്പിലാക്കാനാവൂ.

ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി ശരിവച്ചു. ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370ാം അനുച്ഛേദം താൽകാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്താനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

2019- ൽ നരേന്ദ്രമോദി സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 വകുപ്പ് റദ്ദാക്കി. / Photo: Ubaidsardar, Wikimedia Commons

വിഭജിക്കപ്പെട്ട ആന്ധ്രയും വിലപേശലുകളും

2014-ൽ നടന്ന ആന്ധ്രപ്രദേശ് വിഭജനത്തോടെ രൂപംകൊണ്ട തെലങ്കാന എന്ന സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്നു. പുനഃസംഘടനാ നിയമം ഉപയോഗിച്ച് ആന്ധ്രയെ വിഭജിച്ചതുമുതൽ ഉയരുന്ന ആവശ്യമാണ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി. 2014-ൽ തെലങ്കാന രൂപീകരിച്ചപ്പോൾ, കേന്ദ്രത്തിലെ യു പി എ സർക്കാർ, വരുമാന നഷ്ടം നികത്താൻ ആന്ധ്രാപ്രദേശിനും ഹൈദരാബാദിനും പ്രത്യേക കാറ്റഗറി പദവി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ടേമിൽ, 2014- 19ൽ, ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന ചന്ദ്ര​ബാബു നായിഡു ഉയർത്തിയ പ്രധാന ആവശ്യമായിരുന്നു പ്രത്യേക പദവി. തുടർന്ന് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായപ്പോഴും ഇതേ ആവശ്യം ഉയർത്തി. അന്നൊന്നും ഇത് നടപ്പിലാക്കാൻ മോദിയോ അമിത്ഷായോ അവർ നേതൃത്വം നൽകിയ മന്ത്രിസഭയോ തയ്യാറായില്ല.

2018-ൽ ടി ഡി പി മുന്നോട്ടുവെച്ച പ്രത്യേക പദവിയെന്ന ആവശ്യം ബി ജെ പി അംഗീകരിക്കാത്തതിനെ തുടർന്ന് ടി.ഡി.പിയുടെ കേന്ദ്ര മന്ത്രിമാരായ അശോക് ഗജപതി രാജുവിനോടും വൈ. സത്യനാരായണ ചൗധരിയോടും രാജിവെക്കാൻ നായിഡു ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എൻ.ഡിഎയിൽ നിന്നും പുറത്തുകടന്ന അദ്ദേഹം 2019-ലെ നിയമനസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വിരുദ്ധ പ്രചാരണം നയിച്ചു.

2024 ഫെബ്രുവരിയിലെ അവസാന നിയമസഭാ സമ്മേളനത്തിൽ അന്നത്തെ മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡി സംസ്ഥാനത്തിന് ഇതുവരെയും പ്രത്യേക പദവി ലഭിക്കത്തതിനുള്ള നിരാശ രേഖപ്പെടുത്തി. ഒരു പാർട്ടിക്കും ലോക്‌സഭയിൽ കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കട്ടെയെന്നും, അങ്ങനെ സംസ്ഥാനത്തിനുവേണ്ടി വിലപേശാൻ കഴിയുമെന്നും പറഞ്ഞിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

വൈ.എസ്. ജഗൻമോഹൻ റെഡ്ഡി

ആന്ധ്രപ്രദേശ് വിഭജനം അസമത്വം നിറഞ്ഞതായിരുന്നുവെന്നാണ് ടി.ഡി.പിയുടെ വാദം. വിഭജനത്തിനുശേഷം തെലങ്കാനയിലായ ഹൈദരാബാദിനെ ഇന്ന് കാണുന്ന പോലെ ഐ.ടി ഹബ്ബാക്കി മാറ്റുന്നതിൽ തന്റെ സർക്കാർ വലിയ പങ്കു വഹിച്ചുവെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അവകാശവാദം. വിഭജനത്തിനുശേഷം സോഫ്റ്റ്​വെയർ കയറ്റുമതിയിൽ നിന്നുമാത്രം ഒറ്റ വർഷം കൊണ്ട് 56,500 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് ആന്ധ്ര പറയുന്ന കണക്ക്. നിതി ആയോഗിന് ആന്ധ്ര സമർപ്പിച്ച കണക്കുകൾ പ്രകാരം 14-ാം ധനകാര്യ കമ്മീഷൻ സംസ്ഥാനത്തിന്റെ റവന്യു കമ്മി 22,113 കോടി രൂപയായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാൽ വാസ്തവത്തിൽ അത് 66,362 കോടി രൂപയാണ്. സംസ്ഥാന വിഭജന സമയത്ത് 97,000 കോടിയായിരുന്ന സംസ്ഥാനത്തിന്റെ കടം 2018- 2019 ൽ 2.58 ലക്ഷം കോടിയായി ഉയർന്നെന്നും ഇപ്പോഴത് 3.5 ലക്ഷം കോടിയിലധികമായെന്നും സംസ്ഥാനം സമർപ്പിച്ച കണക്കുകളിൽ പറയുന്നു.

അതോടൊപ്പം, ആന്ധ്രയുടെ തലസ്ഥാന നഗരമായ അമരാവതിയുടെ വികസനം, പൊലവാരം ജലസേചന പദ്ധതിയുടെ പൂർത്തീകരണം തുടങ്ങി ടി.ഡി.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ പണം കണ്ടത്തേണ്ടതുണ്ട്. പ്രത്യേക പദവിയെന്ന ദീർഘകാല ആവശ്യം നടപ്പിലായാൽ ഇതെല്ലാം എളുപ്പമാകുമെന്നും നായിഡു കരുതുന്നു. പ്രതിശീർഷ വരുമാനത്തിൽ കുത്തനെയുണ്ടായ ഇടിവും ബാധ്യതകളിലുള്ള വർധനവുമടക്കം വിഷയങ്ങൾ ചൂണ്ടികാണിച്ചാണ് ആന്ധ്ര വീണ്ടും ആവശ്യം ശക്തമായുയർത്തുന്നത്.

ബിഹാർ എന്ന ദരിദ്ര സംസ്ഥാനം

ധാതുസമ്പന്നമായ ഭൂപ്രദേശമായ ജാർഖണ്ഡ് 2000-ൽ ബിഹാറിൽ നിന്ന് വിഭജിക്കപ്പെട്ടതോടെ സാമ്പത്തിക തിരിച്ചടികയുണ്ടായെന്നാണ് നിതീഷ് കുമാറിന്റെ വാദം. അതുകൊണ്ടുതന്നെ ബിഹാറിന് പ്രത്യേക പദവി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 2006 മുതൽ ഈ ആവശ്യം നിതീഷ്‌കുമാർ ഉന്നയിക്കുന്നുണ്ട്. 54,000 രൂപ പ്രതിശീർഷ ജി ഡി പിയുള്ള സംസ്ഥാനമായ ബിഹാർ ദാരിദ്ര്യ സൂചികയിൽ ഒന്നാമതാണ്. 94 ലക്ഷം ദരിദ്ര കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കുന്നതുവഴി 2.5 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നും അതുവഴി ക്ഷേമപ്രവർത്തനങ്ങൾ നടത്താമെന്നും നിതീഷ് പറയുന്നു.

പ്രതിശീർഷ ജി ഡി പിയുള്ള സംസ്ഥാനമായ ബിഹാർ ദാരിദ്ര്യ സൂചികയിൽ ഒന്നാമതാണ്. / Photo: IFPRI, Flickr

Multi-dimensional Poverty Index പ്രകാരം ബിഹാറാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനം. സംസ്ഥാനത്ത് 2.97 കോടി കുടുംബങ്ങളാണുള്ളത്. ജനസംഖ്യ 13,07,25,310. 94 ലക്ഷത്തിനും- 34.13 ശതമാനം- പ്രതിമാസം 6000 രൂപയിൽ കുറവാണ് വരുമാനം. 29.61 ശതമാനം കുടുംബങ്ങൾക്കാണ് പ്രതിമാസം 6000-10,000 രൂപ വരുമാനമുള്ളത്. 63 ശതമാനത്തിലേറെ കുടുംബങ്ങളുടെ മാസവരുമാനം 10,000 രൂപ വരെയാണ്. അതായത്, ജനസംഖ്യയിൽ ഭൂരിഭാഗത്തിനും ദിവസം 500 രൂപ പോലും വരുമാനമില്ല.

4.47 ശതമാനം കുടുംബങ്ങൾക്കാണ് പ്രതിമാസം 50,000 രൂപയിലേറെ വരുമാനമുള്ളത്. സാമ്പത്തിക പിന്നാക്കാവസ്ഥയടക്കം പ്രത്യേക പദവി ലഭിക്കാനുള്ള ഭൂരിഭാഗം മാനദണ്ഡങ്ങളും സംസ്ഥാനം പാലിക്കുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനമല്ല ബിഹാർ.

തങ്ങളുടെ സംസ്ഥാനങ്ങളുടെ വികസനത്തിന് ഏറ്റവും അവശ്യമായ ഒരു വ്യവസ്ഥ എന്ന നിലയിൽ പ്രത്യേക പദവി എന്ന ആവശ്യത്തിൽ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഉറച്ചുനിന്നാൽ അത് മോദി സർക്കാറിനെ പ്രതിസന്ധിയിലാക്കും. ന്യായമായ സാമ്പത്തിക അവകാശങ്ങൾ പോലും വെട്ടിക്കുറിച്ചും പിടിച്ചുവച്ചും സംസ്ഥാനങ്ങളെ ഞെരുക്കിയിരുന്ന മോദി സർക്കാറിന്, ബിഹാറിനോടും ആന്ധ്രപ്രദേശിനോടും അത്തരമൊരു സമീപനം ആവർത്തിക്കാനാകില്ല.

Comments