ഈ അവിശ്വാസം കൊണ്ട് മോദി പുറത്താവില്ല;
പക്ഷേ, എന്താണ് പ്രമേയത്തിന്റെ പ്രസക്തി?

Think

ന്ത്യന്‍ ജനാധിപത്യത്തിന്റെ ഇപ്പോഴും ഉജ്വലമായ ഒരു സാധ്യതയാണ് ലോകസഭാ റൂള്‍ 198 ലെ രണ്ടും മൂന്നും ഉപവകുപ്പുകള്‍. 50 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ സ്പീക്കര്‍ക്ക് അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കാം.

332 എം.പിമാരുടെ പിന്തുണയുള്ള നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ടാണ്, ഇപ്പോള്‍ ‘ഇന്ത്യ’ എന്ന പേരില്‍- ഒത്തൊരുമിച്ചു നില്‍ക്കുമോ എന്തോ- എന്ന പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ല അനുമതിയും നല്‍കി.

ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല
ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല

മിണ്ടാത്ത പ്രധാനമന്ത്രിയുടെ പാര്‍ലമെന്റില്‍ മണിപ്പുര്‍ വിഷയവുമായി ബന്ധപ്പെട്ട വലിയ രാഷ്ടീയ ചര്‍ച്ചകള്‍ക്ക് ഈ പ്രമേയം വഴിവെക്കും. എന്തായാലും മറുപടി പറയുമ്പോള്‍ പ്രധാനമന്ത്രിക്ക് മണിപ്പുര്‍ എന്ന് മിണ്ടേണ്ടിവരും.

എന്നാല്‍, അവിശ്വാസ പ്രമേയത്തിന്റെ ഇന്ത്യന്‍ ജനാധിപത്യ കണക്ക് ചരിത്രം പ്രധാനമന്ത്രിമാര്‍ക്ക് അനുകൂലമാണ്. മൂന്നേ മൂന്ന് പ്രധാനമന്ത്രിമാര്‍ക്കേ അവിശ്വാസം കൊണ്ട് രാജിവെക്കേണ്ടിവന്നിട്ടുള്ളൂ.

മണിപ്പുര്‍ കലാപത്തില്‍ നിന്നുള്ള ചിത്രം.
മണിപ്പുര്‍ കലാപത്തില്‍ നിന്നുള്ള ചിത്രം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി ആരാണ്- ഇന്ദിരാഗാന്ധി; 15 തവണ.
എപ്പോഴെങ്കിലും രാജിവെക്കേണ്ടി വന്നോ?
ഇല്ല.

1962- ല്‍, കോണ്‍ഗ്രസുകാരന്‍ തന്നെയായ, ആചാര്യ കൃപലാനി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ അവിശ്വാസം കൊണ്ടു വന്നു.
വിഷയം: ഇന്ത്യ- ചൈന യുദ്ധം.
നാലു ദിവസം, 20 മണിക്കൂര്‍ ചര്‍ച്ച, പ്രമേയം തോറ്റു. കൃപലാനിക്കൊപ്പം 62 പേര്‍.
നെഹ്‌റുവിനൊപ്പം 347 പേര്‍.
16 കൊല്ലവും 286 ദിവസവും നെഹ്‌റു ഇന്ത്യ ഭരിച്ചു.

ജവര്‍ലാല്‍ നെഹ്റു
ജവര്‍ലാല്‍ നെഹ്റു

1964- ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കെതിരെ എന്‍. സി. ചാറ്റര്‍ജി കൊണ്ടുവരുന്നു അവിശ്വാസം.
സ്‌കോര്‍: 307-50. ശാസ്ത്രി ജയിച്ചു.
65 മാര്‍ച്ചില്‍ വീണ്ടും ശാസ്ത്രിക്കെതിരെ.
ഇത്തവണ എസ്. എന്‍. ദ്വിവേദിയാണ് അവതാരകന്‍.
315-44 ശാസ്ത്രി വീണ്ടും വിജയി. തീര്‍ന്നില്ല അക്കൊല്ലം തന്നെ ആഗസ്റ്റില്‍ സ്വതന്ത്ര പാര്‍ട്ടി നേതാവ് എം.ആര്‍. മസാനി വീണ്ടും കൊണ്ടുവന്നു അവിശ്വാസം.
ഇത്തവണ 318- 66-ന് ശാസ്ത്രിക്ക് ഹാട്രിക്ക് വിജയം.

1966- ല്‍ അന്ന് രാജ്യസഭാ എം.പി. ആയിരിക്കേ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്കെതിരെ സി പി ഐ എം പി ഹീരേന്ദ്രനാഥ് മുഖര്‍ജി പ്രമേയം കൊണ്ടുവരുന്നു. 270-നെതിരെ 61 വോട്ടുകള്‍ മാത്രം മുഖര്‍ജിപക്ഷത്തിന്.
അക്കൊല്ലം തന്നെ ഇന്ദിരക്കെതിരെ വീണ്ടും പ്രമേയം. ഇത്തവണ ഭാരതീയ ജനസംഘത്തിന്റെ യു.എം. ത്രിവേദി. വോട്ടുനില ഇന്ദിരക്ക് അനുകൂലം 235, എതിര് 36.

ഇന്ദിര ഗാന്ധി
ഇന്ദിര ഗാന്ധി

1967- ല്‍ നാലാം ലോകസഭയില്‍ ഇന്ദിരക്കെതിരെ ഭാരതീയ ജനസംഘത്തിന്റെ അടല്‍ ബിഹാരി വാജ്‌പേയ്​ കൊണ്ടുവന്ന അവിശ്വാസം അതുവരെയുള്ള അവിശ്വാസ വോട്ടുകളില്‍ റിക്കോര്‍ഡിടുന്നു.
257 പേര്‍ ഇന്ദിരക്ക് അനുകൂലം: 162 പേര്‍ പ്രതികൂലം. ഇത് മാര്‍ച്ചില്‍.
ഇതേ വര്‍ഷം നവംബറില്‍ മധു ലിമായേ വീണ്ടും പ്രമേയവുമായി രംഗത്ത്. എതിരാളികള്‍ 88. ഇന്ദിരാപക്ഷത്ത് 215.

1968 ഫെബ്രുവരി. അവതാരകര്‍ ബല്‍രാജ് മദോക്ക്. സ്‌കോര്‍: 215: 75
നവംബറില്‍ ജനസംഘത്തിന്റെ തന്നെ കന്‍വര്‍ലാല്‍ഗുപ്ത. ഇന്ദിരാവിജയം 222- 90 ന്.
മൂന്നു മാസം കഴിഞ്ഞപ്പോള്‍ 69 ഫെബ്രുവരിയില്‍ സി പി ഐ- എം എം.പി പി. രാമമൂര്‍ത്തി ഇന്ദിരാഗാന്ധിക്കെതിരെ.
215-86 ഇന്ദിരക്ക് കുലുക്കമില്ല.

ജ്യോതിര്‍മയി ബസു
ജ്യോതിര്‍മയി ബസു

ചെറിയൊരു ഇടവേള.

1970 ജൂലൈയില്‍ വീണ്ടും മധു ലിമായേ. കക്ഷിനില: 243 - 137.
വലിയോരു ഇടവേള- 1973 നവംബര്‍.
സി പി ഐ- എമ്മിന്റെ ജ്യോതിര്‍മയി ബസു അവതാരകന്‍.
ഇന്ദിരക്ക് 251. ബസുപക്ഷത്തിന് 54. ബസുവുണ്ടോ വിടുന്നു. 74 മേയില്‍ വീണ്ടും. ശബ്ദ വോട്ടെടുപ്പില്‍ വീണ്ടും ഇന്ദിര.
ജൂലൈയില്‍ ജ്യോതിര്‍മയി ബസുവിന്റെ ഹാട്രിക്ക് അവതരണം. ഇന്ദിരക്ക് പതിവുപോലെ വിജയം. 297-63.
എത്ര കമിറ്റഡ് ആയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ബസുവിന്റേതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ നാലാം അവിശ്വാസ പ്രമേയം. ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് വീണ്ടും ജ്യോതിര്‍മയി ബസു അവിശ്വാസം കൊണ്ടുവന്നു. 1975 മെയ് ഒമ്പതിന് ശബ്ദവോട്ടോടെ അവിശ്വാസം തളളി.

ജൂണ്‍ 25 ന് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥക്കുശേഷം അവിശ്വാസം തെരഞ്ഞെടുപ്പിലൂടെ ഇന്ദിരയെ തേടിയെത്തി. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. മൊറാര്‍ജിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി സി. എം. സ്റ്റീഫന്‍ 1978 മേയില്‍ അവിശ്വാസം കൊണ്ടുവന്നു. ശബ്ദവോട്ടൊടെ സഭ പ്രമേയം തള്ളി.

1981 മേയ്. ഇന്ദിര വീണ്ടും.
പ്രമേയം കരുത്തനായ സോഷ്യലിസ്റ്റ് ജോര്‍ജ് ഫെര്‍ണാണ്ടസ് വക.

ഇന്ദിരക്ക് അനുകുലം 278. എതിര് 92.
അക്കൊല്ലം സെപ്തംബര്‍. സി പി ഐ- എം എം. പി സമര്‍ മുഖര്‍ജി. ഇന്ദിര 297 എതിരാളികള്‍ 86.

82 ആഗസ്റ്റ്.
ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാരണം പറഞ്ഞ് കോണ്‍ഗ്രസ് വിട്ട എച്ച്. എന്‍. ബഹുഗുണയാണ് അവതാരകന്‍. സ്വാതന്ത്ര്യ ദിനപ്പിറ്റേന്ന് വോട്ട്.
ഇന്ദിര 333. ബഹുഗുണ 111.

സമര്‍ മുഖര്‍ജീ
സമര്‍ മുഖര്‍ജീ

1987 ഡിസംബറില്‍ രാജീവ് ഗാന്ധിക്കെതിരെ സി. മാധവ റെഡ്ഡി കൊണ്ടുവന്ന അവിശ്വാസം ശബ്ദവോട്ടോടെ തള്ളപ്പെടുന്നു.

1992 ജൂലൈയില്‍ പി.വി. നരസിംഹറാവുവിനെതിരെ ബി ജെ പിയുടെ ജസ്വന്ത് സിംഗ് അവിശ്വാസം കൊണ്ടു വരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും ബലാബലം നിന്ന വോട്ട്. പക്ഷേ, റാവു ജയിച്ചു; 271-225.

അക്കൊല്ലം തന്നെ വാജ്‌പേയി വീണ്ടും കൊണ്ടുവരുന്ന പ്രമേയം. 336 നെതിരെ 111 എതിര്‍ വോട്ടുകള്‍.റാവു വിജയിച്ചു.

2003 ആഗസ്റ്റ്. പ്രധാനമന്ത്രി വാജ്‌പേയിക്കെതിരെ പ്രതിപക്ഷ നേതാവ് സോണിയയുടെ പ്രമേയം. സോണിയക്കൊപ്പം 189 പേര്‍. വാജ്‌പേയിക്കൊപ്പം 314 പേര്‍.

ഏറ്റവും ഒടുവില്‍ നമ്മള്‍ കണ്ടത് തെലുഗുദേശത്തിന്റെ ശ്രീനിവാസ് കേശിനേനി 2018 ജൂലൈയില്‍ മോദിക്കെതിരെ കൊണ്ടുവന്ന പ്രമേയമാണ്. 330 പേര്‍ മോദിക്ക് അനുകൂലമായി വോട്ടു ചെയ്തു. 135 വോട്ടു കിട്ടി ശ്രീനിവാസിന്റെ പ്രമേയത്തിന് അനുകൂലമായി. മോദിയുടെ ഒന്നാം അവിശ്വാസ വിജയം.

അടല്‍ ബിഹാരി വാജ്പേയ്
അടല്‍ ബിഹാരി വാജ്പേയ്

തോറ്റ പ്രധാനമന്ത്രിമാരെ നോക്കാം.

ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ആദര്‍ശധീരന്‍ എന്ന തന്നെ പറയാവുന്ന വിശ്വനാഥ് പ്രതാപ് സിംഗ് 1990 ല്‍ വിശ്വാസ പ്രമേയം കൊണ്ടുവരുന്നു.
ബാബ്‌റി മസ്ജിദ് വിഷയം.
ബി.ജെ.പി പിന്തുണ പിന്‍വലിക്കുന്നു.
142 - 346 വോട്ടുകള്‍ക്ക് വി.പി.സിംഗ് തോല്‍ക്കുന്നു. രാജി വെക്കുന്നു

ദേവഗൗഡ 1997ല്‍ വിശ്വാസ പ്രമേയം കൊണ്ടുവരുന്നു.
പത്തു മാസ പ്രധാനമന്ത്രി ജീവിതം അവസാനിക്കുന്നു.
158- 292ന് തോല്‍ക്കുന്നു.

മൊറാര്‍ജി ദേശായ്
മൊറാര്‍ജി ദേശായ്

വാജ്‌പേയ് 1999- ല്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു.
ഒരു വോട്ടിന് ജയലളിതയുടെ എ ഐ ഡിഎംകെ പിന്‍മാറി; 269-270.
ആ മന്ത്രിസഭ വീഴുന്നു.

ഇതിനിടയില്‍ വോട്ടിംഗ് നടക്കുന്നതിനു മുന്‍പേ 1979-ല്‍ അവിശ്വാസ പ്രമേയത്തിനിടെ പ്രധാനമന്ത്രി സ്ഥാനവും രാഷ്ട്രീയം തന്നെയും ഉപേക്ഷിച്ച ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെയും ഓര്‍ക്കാം. അന്ന് വൈ.ബി. ചവാന്റെതായിരുന്നു പ്രമേയം.

ഇപ്പോള്‍, മോദിക്കെതിരെ വരുന്ന പുതിയ പ്രമേയത്തില്‍ മണിപ്പൂര്‍ രാഷ്ട്രീയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നു എന്നത് അവിശ്വാസ പ്രമേയത്തിന്റെ വിജയപരാജയങ്ങള്‍ക്കപ്പുറത്ത് ജനാധിപത്യത്തിന്റെ വലിയ ശ്വാസോച്ഛാസമായി നമുക്ക് കണക്കാക്കാം.

(തയ്യാറാക്കിയത് കമല്‍റാം സജീവ്)

Comments