ഡൽഹിയുടെ തെരഞ്ഞെടുപ്പ് ചരിത്രം
ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം നടന്ന 1951- ലെ ആദ്യ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ, കേന്ദ്ര സർക്കാർ നേരിട്ട് ഭരണം നടത്തുന്ന (പാർട്ട് സി വിഭാഗം സംസ്ഥാനങ്ങൾ) സംസ്ഥാനമായിരുന്നു ഡൽഹി. അന്നത്തെ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ആകെയുള്ള 42 മണ്ഡലങ്ങളിൽ നിന്നായി (ദ്വയാംഗ മണ്ഡലങ്ങളുൾപ്പെടെ) 48 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. ആകെ വോട്ടർമാരിൽ 58.52 ശതമാനം പേർ (5.21ലക്ഷം വോട്ടർമാർ) പങ്കെടുത്ത തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് -39, ഭാരതീയ ജനസംഘം- 5, സോഷ്യലിസ്റ്റ് പാർട്ടി- 2, ഹിന്ദു മഹാസഭ-1, സ്വതന്ത്രർ -1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിലെ ബ്രഹ്മപ്രകാശ് യാദവ് മുഖ്യമന്ത്രിയായി ആദ്യ മന്ത്രിസഭ അധികാരത്തിലേറി. കോൺഗ്രസിന് 52 ശതമാനത്തോളം വോട്ടു കിട്ടിയപ്പോൾ ഭാരതീയ ജനസംഘത്തിന് 22 ശതമാനവും ഹിന്ദു മഹാസഭക്ക് 1.3 ശതമാനം വോട്ടുമാണ് കിട്ടിയത്. ഇത് സൂചിപ്പിക്കുന്നത്, ആദ്യ കാലം തൊട്ടുതന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ 24 ശതമാനത്തോളം ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ്.

1956-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ തീരുമാനപ്രകാരം ഭാഷാടിസ്ഥാനത്തിലുള്ള 14 സംസ്ഥാനങ്ങളായും 7 കേന്ദ്രഭരണ പ്രദേശങ്ങളുമായും രാജ്യത്തെ പുനഃസംഘടിപ്പിച്ചു. ഇതിന്റെ വെളിച്ചത്തിലാണ് സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തിൽ പാർട്ട് -സി ലിസ്റ്റിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളെ തൊട്ടടുത്ത സംസ്ഥാനങ്ങളുടെ ഭാഗമാക്കുന്നതിന്, അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിന് ശുപാർശ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് 1956 നവംബറിൽ ഡൽഹിയെ കേന്ദ്ര ഭരണ പ്രദേശമാക്കി ഉത്തരവിട്ടത്.
അതിനുശേഷം ഡൽഹി പ്രദേശത്തെ ജനാധിപത്യ ഭരണത്തിനു നേതൃത്വം കൊടുത്തത് മുൻസിപ്പൽ കോർപ്പറേഷനും 1967 മുതൽ കൂടുതൽ അധികാരത്തോടെയുള്ള ഡൽഹി മെട്രോപൊളിറ്റൻ കൗൺസിലുമായിരുന്നു. 1967- ൽ നടന്ന 52 അംഗങ്ങളുള്ള ആദ്യ മെട്രോപൊളിറ്റൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘം വിജയിച്ചപ്പോൾ പാർട്ടി നേതാക്കളായ എൽ. കെ. അദ്വാനിയെയും (1967-70) ശ്യാം ചരൻ ഗുപ്തയെയും (1970-72) കൗൺസിൽ അധ്യക്ഷരാക്കി. 1972- ലെ രണ്ടാം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി മെട്രോപൊളിറ്റൻ കൗൺസിൽ ഭരണത്തിലെത്തി. അതിനെത്തുടർന്ന് കോൺഗ്രസിലെ മിർ മുസ്താഖ് അഹമ്മദ് 1977 വരെ കൗൺസിൽ അധ്യക്ഷനായി.
അടിയന്തരാവസ്ഥക്കുശേഷം 1977- ൽ കേന്ദ്രത്തിൽ അധികാരത്തിലേറിയ ജനതാസർക്കാറിന്റെ കാലത്ത് നടന്ന ഡൽഹി കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയും (അധ്യക്ഷൻ -കാൽക ദാസ്) പിന്നീട് 1983-ലെ നാലാം തെരഞ്ഞെടുപ്പിൽ കോൺഗ്രസും (അധ്യക്ഷൻ -പുരുഷോത്തം ദാസ്) ഭൂരിപക്ഷം നേടി അധികാരത്തിലെത്തി.
ആദ്യ കാലം തൊട്ടുതന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഡൽഹിയിൽ 24 ശതമാനത്തോളം ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു.
മേൽ സൂചിപ്പിച്ച തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടുതൽ തവണ ഡൽഹിയിൽ ആദ്യകാല തെരരഞ്ഞെടുപ്പുകളിൽ മുഖ്യ പാർട്ടിയായി ജയിച്ചെങ്കിലും 30- 40 ശതമാനം വരെ വോട്ടു നേടിയ ഭാരതീയ ജനസംഘത്തിനും ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നുവെന്നാണ്. ഇന്ത്യ-പാകിസ്ഥാൻ വിഭജനഘട്ടത്തിലുണ്ടായ ദൗർഭാഗ്യകരമായ സംഘർഷങ്ങൾക്കും ജനങ്ങളുടെയിടയിലുണ്ടായ മതപരമായ വിഭജനങ്ങൾക്കും സ്വാതന്ത്ര്യനന്തരം ഡൽഹിയിലെ ജനങ്ങൾ വലിയ തരത്തിലുള്ള ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഭാരതീയ ജനസംഘത്തിനും ഹിന്ദു മഹാസഭക്കും ഡൽഹിയിലെ ഭൂരിപക്ഷ വിഭാഗങ്ങളുടെയിടയിൽ ആദ്യകാലഘട്ടം മുതൽ തന്നെ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നുവെന്നതാണ് വാസ്തവം.
പൂർണ അധികാരമില്ലാത്ത സംസ്ഥാനം
69-ാം ഭരണഘടനാ ഭേദഗതിയിലൂടെ 1991-ൽ മറ്റു സംസ്ഥാനങ്ങൾക്കുള്ളതു പോലെയുള്ള പൂർണ അധികാരങ്ങളില്ലാത്ത നിയമസഭയോടുകൂടിയുള്ള സംസ്ഥാനമായി - നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (NCT Delhi) -ഡൽഹിയെ പ്രഖ്യാപിച്ചു.
പഴയ ഭാരതീയ ജനസംഘം ആശയക്കാർ ജനതാപാർട്ടിയിൽനിന്നു വേറിട്ട് 1982- ലാണ് പുതിയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി രൂപീകരിക്കുന്നത്. ബി.ജെ.പിയുടെ ആശയങ്ങളോട് യോജിപ്പുള്ള ഡൽഹിയിലെ തങ്ങളുടെ അണികൾക്കൊപ്പം, 1977 മുതൽ 1983 വരെ ജനതാപാർട്ടി നേതൃത്വത്തിലുള്ള മെട്രോപൊളിറ്റൻ കൗൺസിൽ ഭരണത്തിലൂടെയുണ്ടായ അനുകൂല സാഹചര്യത്തിൽ, മറ്റൊരു ചെറിയ വിഭാഗം ആൾക്കാരെയും തങ്ങളുടെ വോട്ടുബാങ്കിൽ കൂടുതലായി കൊണ്ടുവരാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം 1993- നുശേഷമുള്ള 70 അംഗങ്ങളുള്ള ഡൽഹി സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളെ വിലയിരുത്തേണ്ടത്.
ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന 1984- ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പേരിൽ സിഖുകാരുടെയിടയിൽ കോൺഗ്രസിനോട് ശക്തമായ എതിർപ്പ് നിലനിന്നിരുന്ന ഘട്ടത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ് ഡൽഹിയിൽ നടന്നത്. ഡൽഹിയിലെ വലിയ വിഭാഗം സിഖ് ജനങ്ങൾ കോൺഗ്രസിനെതിരായ നിലപാടുകളാണ് സ്വീകരിച്ചത്. ബി.ജെ.പിക്ക് അനുകൂലമായ ഈ സാഹചര്യത്തിൽ 49 മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചത്. കോൺഗ്രസിന് 14, ജനതാദൾ 4, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ വിജയം.

36 ലക്ഷം വോട്ടർമാർ (ആകെ വോട്ടർമാരുടെ 61 .75 ശതമാനം) സമ്മതിദാനവകാശം ഉപയോഗിച്ച തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 42.82 ശതമാനം വോട്ടും കോൺഗ്രസിന് 34 .48 ശതമാനം വോട്ടുമാണ് ലഭിച്ചത്. മദൻ ലാൽ ഖുറാന, സാഹിബ് സിംഗ് വർമ, സുഷമ സ്വരാജ് എന്നിവർ ആദ്യ സർക്കാരിൽ മുഖ്യമന്ത്രിമാരായി. പല കാരണങ്ങൾ മൂലം മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കേണ്ടിവന്നത് സ്വാഭാവികമായും ജനങ്ങളിൽ ബി.ജെ.പിയോട് അസംതൃപ്തിയാണുണ്ടാക്കിയത്. അതോടൊപ്പം 1993 മുതൽ 1998 വരെയുള്ള ബി.ജെ.പി ഭരണകാലത്ത് പത്ത് മണിക്കൂർ വരെ വൈദ്യുതി ലഭിക്കാഞ്ഞതും വലിയ ജലക്ഷാമം ഉണ്ടായിരുന്നതും ജനങ്ങളിൽ ശക്തമായ ഭരണവിരുദ്ധവികാരവും ഉണ്ടാക്കി.
ലഫ്റ്റനൻ്റ് ഗവർണറെ ഉപയോഗിച്ചും കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ള ഡൽഹി പോലീസ്, നഗര ആസൂത്രണ മന്ത്രാലയം തുടങ്ങിയവയുടെ സഹായത്താലും ബിജെപി സർക്കാർ ആം ആദ്മി പാർട്ടി സർക്കാരിന്റെ പരിമിത അധികാരങ്ങൾ പോലും നടപ്പിലാക്കാൻ തടസ്സം നിൽക്കുകയായിരുന്നു.
ബി.ജെ.പി സർക്കാരിന്റെ ഭരണപരാജയം കോൺഗ്രസിന് 1998- ലെ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനുള്ള സാഹചര്യമുണ്ടാക്കി. 52 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ കേവലം 15 മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് ജയിക്കാൻ സാധിച്ചത്. 1993- ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടു ശതമാനത്തിലും ബിജെപിക്ക് ഗണ്യമായ നഷ്ടം സംഭവിച്ചു (8 ശതമാനം വോട്ടിന്റെ കുറവ്).
1998-ൽ കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിനുശേഷം ഒട്ടനവധി വികസന- ക്ഷേമ പ്രവർത്തങ്ങൾക്കാണ് നേതൃത്വം കൊടുത്തത്. അതിനെത്തുടർന്നുണ്ടായ അനുകൂല ജനവികാരം പിന്നീടുണ്ടായ രണ്ടു തെരഞ്ഞെടുപ്പുകളിലും ഭരണത്തിലെത്താൻ ഷീല ദീക്ഷിതിനും കോൺഗ്രസിനും സഹായകരമായി.

2003-ലെയും ( കോൺഗ്രസ് -47, ബി ജെ പി -20) 2008- ലെയും (കോൺഗ്രസ് -43, ബി ജെ പി -23) ഫലങ്ങൾ 1998- ലെ ജനവിധിക്ക് സമാനമായിരുന്നു. തുടർച്ചയായ മൂന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും 15 വർഷവും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി സർക്കാരിനെ നയിക്കുകയും ചെയ്തു. ഡൽഹിയിൽ നിരവധി റോഡുകളും ഫ്ലൈ ഓവറുകളും നിർമിച്ചതും ഡൽഹി മെട്രോ വിപുലീകരിച്ചതും പൊതു ഗതാഗതത്തിനായുള്ള വാഹനങ്ങൾക്ക് സി.എൻ.ജി ഇന്ധനം ഏർപ്പെടുത്തിയതും ഈ കാലഘട്ടത്തിലെ പ്രധാന ഭരണ നേട്ടങ്ങളായിരുന്നു.
അഴിമതി ആരോപണങ്ങൾ,
ആം ആദ്മി പാർട്ടിയുടെ വരവ്
കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന രണ്ടാം യുപിഎ (2009-2014) സർക്കാരിന്റെ കാലത്ത് വിവിധ മേഖലകളിൽനിന്നും റിപ്പോർട്ടു ചെയ്യപ്പെട്ട അഴിമതി ആരോപണങ്ങൾ പരിശോധിക്കാനായി ജന ലോക് പാൽ നിയമനിർമാണത്തിനായുള്ള ആവശ്യം രാജ്യത്താകെ സജീവമായി. ഇത് വ്യാപകമായ ജനകീയ സമരത്തിന് തുടക്കം കുറിച്ചു. 2010-ൽ ന്യൂ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിലെ അഴിമതിയും കൽക്കരി പാടങ്ങൾ ലേലം ചെയ്തതിലെ ക്രമക്കേടുകളും ഭവന ഇടപാടിലെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതിലുള്ള അഴിമതിയും ടുജി സ്പെക്ട്രം ലൈസൻസ് സ്വകാര്യ ടെലികോം കമ്പനികൾക്ക് ലേലം ചെയ്തതിലുള്ള സാമ്പത്തിക നഷ്ടവും അഴിമതിക്കെതിരെയുള്ള ജനകീയ സമരങ്ങൾക്ക് ആക്കം കൂട്ടി.
സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ‘ഇന്ത്യ അഴിമതിക്കെതിരെ’ എന്ന മുദ്രാവാക്യമുയർത്തി നടന്ന അഴിമതി വിരുദ്ധ പ്രതിഷേധ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെതിരായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ അവസരത്തിലാണ് അഴിമതിക്കെതിരായ സമര കൂട്ടായ്മയുടെ ഭാഗമായി പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കപ്പെട്ടത്. അഴിമതിവിരുദ്ധ ജനകീയ പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവൃത്തിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ 2012 നവംബറിൽ ആം ആദ് മി പാർട്ടി നിലവിൽവന്നു.

ഭരണകൂട രാഷ്ട്രീയത്തിലെ ‘ആപ്പ്’
2013- ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവരുന്നത്. 1998 മുതൽ 2013 വരെ മൂന്നു ഘട്ടങ്ങളിലായി 15 വർഷം അധികാരത്തിലിരുന്ന കോൺഗ്രസിനെ പുറത്താക്കാൻ പാർട്ടിക്ക് സാധിച്ചുവെന്നതാണ് 2013- ലെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. ആകെ 70 സീറ്റിൽ ബി ജെ പി 31, ആം ആദ്മി പാർട്ടി 28, കോൺഗ്രസ്സ് 8 വീതം സീറ്റാണ് നേടിയത്.
15 വർഷം മുൻപുണ്ടായിരുന്ന അവികസിത ഡൽഹിയിലെ പരിതാപകരമായ അവസ്ഥ കാണാത്ത പുതുതലമുറയിലെ വോട്ടർമാരിൽ ഒരു വിഭാഗം തങ്ങൾക്കെതിരായി നിലപാടുകൾ സ്വീകരിച്ചതും ആം ആദ്‌മി പാർട്ടിയെന്ന പുതിയ പാർട്ടിയെ രാഷ്ട്രീയമായി കോൺഗ്രസ് ഗൗരവത്തിലെടുക്കാത്തതുമാണ് പരാജയ കാരണമെന്നാണ് ഷീല ദീക്ഷിത് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചത്. ഈ വിശദീകരണം ഒരു പരിധിവരെ ശരിയാണെങ്കിലും കോൺഗ്രസ് പരാജയപ്പെടാനുള്ള മുഖ്യകാരണം, കോമൺവെൽത്ത് ഗെയിംസിലടക്കമുള്ള കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാറിനെതിരെയുള്ള അഴിമതി ആരോപണങ്ങളായിരുന്നുവെന്നത് വസ്തുതയാണ്. കോൺഗ്രസിന് വോട്ടു ചെയ്തുകൊണ്ടിരുന്ന വലിയ ജനവിഭാഗം പുതിയ പരീക്ഷണമായ ആം ആദ്‌മി പാർട്ടിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയതോടെ കോൺഗ്രസിന് വലിയ രീതിയിൽ വോട്ടുകൾ നഷ്ടമാവുകയും അതോടൊപ്പം പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്നവരുടെ വോട്ടും ഭരണവിരുദ്ധ വികാരവും മുതലാക്കി വലിയ കക്ഷിയായി ബിജെപി ജയിച്ചുവരികയും ചെയ്തു.
കേന്ദ്ര ബജറ്റിലൂടെ കൊണ്ടുവന്ന നികുതി ഇളവുകൾ, ചെറുകിട ബിസിനസ് പ്രോത്സാഹനങ്ങൾ, ഭവന പദ്ധതികൾ എന്നിവയിലൂടെ ബിജെപി സർക്കാർ, ആപ്പിന്റെ മധ്യവർഗ അജണ്ടയെ സമർഥമായി നേരിട്ടു.
ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് പിന്തുണയോടെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിച്ചെങ്കിലും കൂടുതൽ കാലം സർക്കാരിന് അധികാരത്തിൽ തുടരാനായില്ല. രണ്ടു മാസത്തിനുള്ളിൽ ആം ആദ്മി പാർട്ടി സർക്കാറിന് രാജിവെക്കേണ്ടിവന്ന സാഹചര്യത്തിൽ പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്തി. 2015-ൽ വീണ്ടും തെരഞ്ഞെടുപ്പ്.
മുൻ തെരഞ്ഞെടുപ്പുഫലത്തിൽനിന്ന് വ്യത്യസ്തമായി ബിജെപിയെയും കോൺഗ്രസിനെയും പൂർണമായി പരാജയപ്പെടുത്തി 2015-ൽ 70-ൽ 67 സീറ്റിലും ആം ആദ്മി പാർട്ടി വലിയ വിജയം നേടി. ബിജെപി 3 സീറ്റിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസ്സിന് ഒരാളെപ്പോലും വിജയിപ്പിക്കാനായില്ല. 2020-ലെ തെരഞ്ഞെടുപ്പിലും സമാനമായ (ആം ആദ്മി പാർട്ടി -62, ബി ജെ പി -8, കോൺഗ്രസ് -0) ജനവിധിയാണുണ്ടായത്.

കേന്ദ്ര സർക്കാറിന്റെ സ്വന്തം ഡൽഹി
കേന്ദ്രത്തിൽ 2014 മുതൽ അധികാരത്തിലെത്തുകയും ഡൽഹിയിലെ ഏഴു ലോകസഭാ മണ്ഡലങ്ങളിലും വിജയിക്കുകയും ചെയ്ത ബിജെപിക്കാവട്ടെ 2015- ലും 2020- ലും സംസ്ഥാന ഭരണം നഷ്ടപ്പെട്ടത് രാഷ്ട്രീയമായും മാനസികമായും അംഗീകരിക്കാൻ വലിയ പ്രയാസമായിരുന്നു. ഡൽഹിയിൽ മറ്റു സംസ്ഥാനങ്ങൾക്കുള്ളതുപോലെ പൂർണ അധികാരമുള്ള നിയമസഭയില്ലാത്തതിനാലും പോലീസ്, നഗരാസൂത്രണം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾ കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതുകൊണ്ടും ആം ആദ്മി പാർട്ടി സർക്കാരിന് വലിയ തടസ്സങ്ങളാണ് ഓരോ ഘട്ടത്തിലും നേരിടേണ്ടിവന്നത്. ലഫ്റ്റനൻ്റ് ഗവർണറെ ഉപയോഗിച്ചും കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ള ഡൽഹി പോലീസ്, നഗര ആസൂത്രണ മന്ത്രാലയം തുടങ്ങിയവയുടെ സഹായത്താലും കേന്ദ്രത്തിലെ ബിജെപി സർക്കാർ ആം ആദ്മി പാർട്ടി സർക്കാരിന്റെ പരിമിതമായ അധികാരങ്ങൾ പോലും നടപ്പിലാക്കാൻ തടസ്സം നിൽക്കുകയായിരുന്നു. അതോടൊപ്പം ഇ.ഡി പോലെയുള്ള ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ നിരവധി കേസുകളിൽ തളച്ചിടാനും ശ്രമിക്കുകയുണ്ടായി.
മതനിരപേക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട നിർണായക ഘട്ടങ്ങളിൽ ആപ്പ് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി. വോട്ടർമാരുടെ ഈ വികാരമാണ് ആം ആദ്മി പാർട്ടിക്കെതിരായ വോട്ടിൽ പ്രതിഫലിച്ചത്.
ആം ആദ്മി പാർട്ടിയുടെ തോൽവി
അഴിമതിവിരുദ്ധ തരംഗത്തിൽനിന്ന് ജനിച്ച ആം ആദ്മി പാർട്ടി സുതാര്യത, ഭരണപരിഷ്കരണം, വ്യവസ്ഥാപരമായ മാറ്റം എന്നിവ വാഗ്ദാനം ചെയ്താണ് ഡൽഹിയിൽ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്ത പ്രസ്ഥാനമെന്ന നിലയിൽ ജൻ ലോക് പാൽ ബില്ലിനായുള്ള മുദ്രാവാക്യത്തിൽ നിന്നാണ് എ എ പിയുടെ രാഷ്ട്രീയം ആരംഭിച്ചത്. എന്നിരുന്നാലും, ബഹുജനപിന്തുണ നേടി അധികാരത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അഴിമതിവിരുദ്ധ നടപടികളിലും ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടു, മതനിരപേക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട നിർണായക ഘട്ടങ്ങളിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി- വോട്ടർമാരുടെ ഈ വികാരമാണ് ആം ആദ്മി പാർട്ടിക്കെതിരായ വോട്ടിൽ പ്രതിഫലിച്ചത്.
ജഹാംഗീർ പുരിയിൽ മുസ്ലിം സമുദായക്കാരുടെ കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് പൊളിച്ചുമാറ്റുമ്പോൾ കാര്യമായ പ്രതികരണം നടത്താതിരുന്ന ആം ആദ്മി പാർട്ടി സർക്കാരിനോടുള്ള കടുത്ത പ്രതിഷേധവും വടക്കു- കിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിലും മറ്റിടങ്ങളിലുമുണ്ടായ കലാപസമയത്തും അതിനുശേഷവും സർക്കാർ സ്വീകരിച്ച മൃദു സമീപനങ്ങളും കടുത്ത അതൃപ്തിയാണ് ന്യൂനപക്ഷ സമുദായത്തിലുണ്ടാക്കിയത്. കോൺഗ്രസിനും ബിജെപിക്കും ബദലായി വളർന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്ന് വോട്ടർമാർ പ്രതീക്ഷിച്ചതരത്തിലുള്ള നടപടികളുണ്ടാവാത്ത പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന നിരാശയുടെ പ്രകടനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

അധികാരത്തിലുള്ള ഘട്ടത്തിൽ എഎപി സർക്കാർ സ്വീകരിച്ച പല നടപടികളും ഭരണരംഗത്തുള്ള അഴിമതി തുടച്ചുനീക്കുന്നതിനെ സഹായിക്കാനായുള്ള പ്രവർത്തങ്ങളായിരുന്നില്ല. നേരെ മറിച്ച്, അവയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്നതാണ് ജനങ്ങളുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കണ്ടെത്തിയ മദ്യനയ കേസിലകപ്പെട്ട ആംആദ്മി പാർട്ടി നേതാക്കളെ സംശയത്തോടെയാണ് ജനങ്ങൾ കണ്ടിരുന്നതെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കം മാത്രമായിട്ടാണ് ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ മുദ്രാവാക്യത്തെ ഡൽഹിയിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കണ്ടിരുന്നത്.
വൈദ്യുതി, വെള്ളം, പൊതുഗതാഗതം തുടങ്ങിയവയിലുള്ള സബ്സിഡി സംസ്ഥാനത്തിന് താങ്ങാൻ പറ്റാത്ത സാമ്പത്തിക ഭാരം ഉണ്ടാക്കിയതിലൂടെ, രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ക്ഷേമ മാതൃകകൾ ഡൽഹിയിലെ സാമ്പത്തിക സ്രോതസ്സുകളിലുണ്ടാക്കിയ പ്രതിസന്ധി, സുസ്ഥിര ക്ഷേമത്തിന്റെ കാര്യത്തിൽ ഗുണകരമായില്ല. ഇത്തരത്തിൽ കൂടുതൽ ആലോചനകളില്ലാതെ നടപ്പിലാക്കിയ ഭരണതീരുമാനങ്ങൾ സുസ്ഥിര വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആധികാരിക റിപ്പോർട്ടുകളും ജനങ്ങളിൽ സ്വാധീനം ചെലുത്തിയെന്നത് വാസ്തവമാണ്.
രാഷ്ട്രീയം പലപ്പോഴും നിയന്ത്രിക്കുന്നത് മധ്യവർഗത്തിന്റെ പിൻബലത്തിലാണെന്ന കാരണത്താൽ മുഖ്യ രാഷ്ട്രീയ പാർട്ടികളെല്ലാം പൊതുവെ മധ്യവർഗ അഭിലാഷങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
2015- ൽ അധികാരത്തിൽ വന്ന ആംആദ്മിപാർട്ടി സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും അക്കാദമിക രംഗത്തും വമ്പിച്ച കുതിച്ചു ചാട്ടമാണുണ്ടാക്കിയത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയതും സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നടപടികൾ കെജ്രിവാളിന്റെ അവസാനത്തെ ഭരണ കാലയളവിൽ പരിമിതമായ പുരോഗതി മാത്രമാണുണ്ടാക്കിയത്. അതോടൊപ്പം വിദ്യാലയങ്ങളുടെ കെട്ടിടങ്ങൾ മെച്ചപ്പെടുത്തുന്നതിലും ക്ലാസ് മുറികൾ നവീകരിക്കുന്നതിനും അധ്യാപക ശാക്തീകരണത്തിനും ചെലവഴിച്ച തുകകളെ സംബന്ധിച്ചും അതിനനുസൃതമായി അക്കാദമിക ഗുണനിലവാരം ഉയരാത്തിനെതിരായും ഒട്ടേറെ വിമർശനങ്ങൾ പൊതുസമൂഹത്തിലുണ്ടായി.

മധ്യവർഗ സമൂഹം എന്ന ചക്കരക്കുടം
തങ്ങളുടെ ബഹുജനപിന്തുണ കുറഞ്ഞുവരുന്നുവെന്ന തോന്നലിൽ ആം ആദ്മി പാർട്ടി അത് തിരിച്ചുപിടിക്കാനുള്ള എളുപ്പമാർഗമായി കണ്ടത് മധ്യവർഗത്തിന്റെ പിന്തുണ നേടിയെടുക്കാനായുള്ള ശ്രമമായിരുന്ന. മതം, ജാതി, സമുദായം, പ്രാദേശിക വികാരം എന്നിവയാൽ നിശ്ചയിക്കുന്ന ഇന്ത്യയുടെ സാമൂഹിക- രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രീയം പലപ്പോഴും നിയന്ത്രിക്കുന്നത് മധ്യവർഗത്തിന്റെ പിൻബലത്തിലാണെന്ന കാരണത്താൽ മുഖ്യ രാഷ്ട്രീയ പാർട്ടികളെല്ലാം പൊതുവെ മധ്യവർഗ അഭിലാഷങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ തന്ത്രം ഡൽഹിയിൽ പയറ്റാൻ നോക്കിയ ആം ആദ്‌മി പാർട്ടിയെ 2025- ലെ കേന്ദ്ര ബജറ്റിലൂടെ കൊണ്ടുവന്ന നികുതി ഇളവുകൾ, ചെറുകിട ബിസിനസ് പ്രോത്സാഹനങ്ങൾ, ഭവന പദ്ധതികൾ എന്നിവയിലൂടെ കേന്ദ്രത്തിലെ ബിജെപി സർക്കാർ നേരിടുകയായിരുന്നു. ആ പോരാട്ടത്തിൽ ബിജെപിക്ക് മേൽക്കൈ നേടാൻ കഴിഞ്ഞുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന നിഗമനം.
പ്രതിപക്ഷ ഐക്യത്തിലെ വിള്ളൽ
2024-ലെ 18-ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിരായ എതിർപ്പ് ജനങ്ങളിൽ ശക്തിപ്പെട്ടുവരുന്നുവെന്നതിന്റെ സൂചനയായിരുന്നു. എന്നാൽ അതിനുശേഷം നടന്ന മഹാരാഷ്ട്ര, ഹരിയാന, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമാവുകയും പ്രതിപക്ഷ കൂട്ടായ്മ ഫലപ്രദമല്ലാതാവുന്നുവെന്ന നിഗമനത്തിലെത്താൻ വോട്ടർമാർ നിർബന്ധിതരാകുകയും ചെയ്തു. അതുപോലെ ബിജെപിക്കെതിരെ പൊതുമുന്നണി കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മുഖ്യകക്ഷിയായ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന വിമർശനവും ഇന്ത്യാ ബ്ലോക്കിന്റെ നിലനിൽപ്പിനുതന്നെ വെല്ലുവിളി ഉയർത്തിയിരിക്കിയാണ്.
ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ പതനം ഡൽഹി നിയമസഭയിൽ ബിജെപിയുടെ ജയത്തിലേക്ക് നയിച്ചുവെന്ന തരത്തിൽ കേവലം ലളിതവൽക്കരിച്ചുള്ള രാഷ്ട്രീയ വിശകലത്തിനപ്പുറം, ബിജെപിക്കെതിരായി രാജ്യത്തുയർന്നുവന്ന പ്രതിപക്ഷ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിധിയെഴുത്തായിട്ടുവേണം ഡൽഹി ഇലക്ഷൻ റിസൾട്ടിനെ വിലയിരുത്തേണ്ടത്.