സബർമതിയിൽ നിന്ന് ദണ്ഡിയിലേക്ക് മഹാത്മാ ഗാന്ധി നടത്തിയ ഐതിഹാസികയാത്രയുടെ നൂറാം വാർഷികത്തിന് ഇനി നാലു വർഷങ്ങളേയുള്ളൂ.78 അനുയായികളോടൊപ്പം 24 ദിവസങ്ങൾ 390 കിലോമീറ്റർ താണ്ടി ഗാന്ധിജിയും സംഘവും ദണ്ഡിയിലെത്തി കുറുക്കിയെടുത്തത് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള അഹിംസാത്മകപ്രതിരോധത്തിൻ്റെ ഉപ്പായിരുന്നു. ഏതാണ്ട് നൂറു വർഷങ്ങൾക്കിപ്പുറം കുറഞ്ഞത് മൂന്ന് വലിയ ജനകീയ പ്രക്ഷോഭങ്ങളെങ്കിലും ആ ചരിത്രസത്യാഗ്രഹത്തിന്റെ മാതൃകയുമായി പ്രത്യക്ഷമായോ പരോക്ഷമായോ താദാത്മ്യം പ്രാപിച്ചിട്ടുണ്ട്.
2026-ൽ ജന്തർ മന്തറിലെ കോക്റോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭം, ഷഹീൻ ബാഗും ജാമിയ മിലിയ ഇസ്ലാമിയയും മുഖ്യ കേന്ദ്രങ്ങളായി നടന്ന 2020–21-ലെ പൗരത്വ ഭേദഗതി നിയമ (CAA) വിരുദ്ധ സമരം, 2020-21 ലെ കർഷക പ്രക്ഷോഭം എന്നിവയാണവ. ഇവയിൽ ഏറ്റവും ഒടുവിൽ നടന്നതും ഇന്ത്യൻ യുവത നേതൃത്വം നൽകിയതുമായ ജെൻസി സമരം വ്യാപ്തിയിലും പ്രതീകാത്മകതയിലും ഫലത്തിലും ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ഏറ്റവും വ്യക്തമായ സമകാലിക പ്രതിധ്വനിയായി കാണാവുന്നതാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ച പൗരത്വസമരത്തിലും കർഷക പ്രക്ഷോഭത്തിലും ഗാന്ധിയൻപാരമ്പര്യത്തിന്റെ അലകൾ കണ്ടെത്താം.
കോകറോച്ചുകൾ ആരവമുയർത്തുന്നു
2026 മെയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് കോക്റോച്ച് പ്രസ്ഥാനത്തിന്റെ പിറവിയിലേക്ക് നയിച്ചതെങ്കിലും എസ് ഐ ആർ, പൗരത്വ ബിൽ, വംശീയ വിവേചനം, തൊഴിലില്ലായ്മ തുടങ്ങി വിവിധ വിഷയങ്ങളിൽ വർഷങ്ങളായി നീറിനിന്ന അമർഷവും ഈ യുവജനക്കൂട്ടായ്മയുടെ ചാലകശക്തിയായി. തൊഴിൽരഹിതരായ യുവാക്കളെ ‘പാറ്റകൾ’ (cockroaches) എന്നും ‘പരാദജീവികൾ’ (parasites) എന്നും വിശേഷിപ്പിക്കുകയും, അവർ കോടതികളും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് വ്യവസ്ഥാപിതസ്ഥാപനങ്ങളെ ആക്രമിക്കുകയാണെന്നുമായിരുന്നു ചീഫ് ജസ്റ്റീസിൻ്റെ വിമർശനം. ഈ ആക്ഷേപത്തോട് അതേ നാണയത്തിൽ പ്രതികരിക്കാൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ഇന്ത്യൻ യുവത്വം തയ്യാറായപ്പോൾ കോക്റോച്ച് ജനതാ പാർട്ടി ഉടലെടുത്തു. ചീഫ് ജസ്റ്റീസിൻ്റെ ആക്ഷേപത്തോടുള്ള പ്രതികരണം എന്നതിലുമുപരി യുവാക്കളുടെ പ്രതീക്ഷകളെ തകർക്കുകയും രാജ്യത്തെ വർഗീയമായി വിഭജിക്കുകയും ചെയ്യുന്ന ഭരണകൂടത്തോടുള്ള പ്രതിഷേധമായിരുന്നു പാറ്റ പ്പാർട്ടിയുടെ പിറവിയിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്.

പാറ്റകളുടെ സോഷ്യൽ മീഡിയ സംരംഭത്തിന് ദശലക്ഷക്കണക്കിന് അനുയായികളെ ലഭിച്ചു. വ്യവസ്ഥയോടുള്ള പ്രതിഷേധമായി ഓൺലൈനിൽ തുടങ്ങിയ ഈ സംരംഭം, ഏതാനും ആഴ്ചകൾക്കുള്ളിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ചോദ്യപേപ്പർ ചോർച്ചയും ബോർഡ് പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകളും മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർന്നതിനെതിരായ രോഷപ്രകടനമായി മാറി. ന്യൂദൽഹിയിലെ ജന്തർ മന്തർ ദീർഘകാല സമരവേദിയായി.
കഠിനമായ വേനൽച്ചൂടിനെ അവഗണിച്ച് 2026 ജൂൺ ആദ്യം മുതൽ പ്രതിഷേധക്കാർ ജന്തർ മന്തറിൽ തമ്പടിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ഗാന്ധിയൻ സത്യാഗ്രഹികളെപ്പോലെ, സമരക്കാർ ഏറ്റുമുട്ടലിന്റെ ചിഹ്നങ്ങളല്ല, സമാധാനത്തിന്റെ പ്രതീകങ്ങളാണ് കൈവശം വച്ചത്. ആയുധങ്ങളായി അവരുടെ കൈകളിലുണ്ടായിരുന്നത് അവരെ അടിച്ചൊതുക്കാൻ നീയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാനുള്ള റോസാപ്പൂക്കൾ, ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുകൾ, ദേശീയപതാക എന്നിവയായിരുന്നു.
ജൂൺ അവസാനത്തോടെയാണ് പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് സമരത്തിൽ അണിചേർന്ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നത്. പിന്നീട് സമരം ദൽഹിക്ക് പുറത്തേക്കും വ്യാപിച്ചു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, അഹമ്മദാബാദ് തുടങ്ങി വിവിധ നഗരങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. ദണ്ഡി യാത്രയ്ക്ക് പിന്നാലെ ബ്രിട്ടീഷ് ഇന്ത്യയിലാകെ ആളിപ്പടർന്ന ഉപ്പുസത്യാഗ്രഹത്തിന്റെ ഘടനാപരമായ വ്യാപനത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ പ്രകടനങ്ങൾ.

പ്രതിഷേധക്കാരുടെ പാർലമെൻ്റ് മാർച്ചിനിടയിൽ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാർക്ക് പരിക്കേറ്റു. വിദ്യാർത്ഥികൾക്കു നേരെ പെല്ലറ്റ് തോക്കുകൾ വരെ ഉപയോഗിക്കപ്പെട്ടു. തിരിച്ചടിക്കാൻ ശ്രമിക്കാതെ മർദ്ദനം ഏറ്റുവാങ്ങുന്ന യുവജനങ്ങളുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും, 1930-ലെ ദണ്ഡിമാർച്ചിനോടനുബന്ധിച്ച് ധരസനയിലെ പോലീസ് ലാത്തിച്ചാർജിനെക്കുറിച്ചുള്ള അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൃഷ്ടിച്ചതുപോലുള്ള സഹാനുഭൂതി ഉണർത്തുകയും ചെയ്തു.
കുട്ടികൾ തെരുവിലായിരിക്കുമ്പോൾ ഞങ്ങളും തെരുവിൽ തുടരുമെന്ന് പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെപ്പോലും പോലീസ് കയ്യേറ്റം ചെയ്തു. എങ്കിലും സമരം ചെയ്യുന്ന ചെറുപ്പക്കാരെ ക്രൂരമായി ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കാനായിരുന്നു രാഹുൽ ആവശ്യപ്പെട്ടത്. ഗാന്ധിയുടെ രക്‌തം വീണ ബിർള ഹൗസിലേക്ക് ഭരണഘടന കൈയിലേന്തിയും മെഴുകുതിരികൾ കത്തിച്ചും നടന്നെത്തിയ എംപിമാർ യുവതയുടെ സഹനസമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ഏതാനും ആഴ്ചകൾക്കുള്ളിൽ, പരിഹാസത്തിൽ നിന്ന് ജനിച്ച, പരമ്പരാഗത നേതൃത്വമില്ലാത്ത ഒരു ഇന്റർനെറ്റ് പ്രസ്ഥാനം മൂന്ന് തവണ തുടർച്ചയായി അധികാരത്തിലെത്തിയ ഒരു സർക്കാരിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയുടെ രാജി നേടിയെടുത്തു.
സമരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന സർക്കാർ ഉറപ്പിനെ തുടർന്ന് 26 ദിവസത്തെ നിരാഹാരസമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. ദിവസങ്ങൾക്കകം, 2026 ജൂലൈ 25-ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. തുടർന്ന് കേന്ദ്രമന്ത്രിമാരുമായി നേരിട്ട് നടത്തിയ ചർച്ചകൾക്കുശേഷം, പേപ്പർ ചോർച്ചയെ ത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ച് CJP നേതാക്കൾ സമരം രാജ്യവ്യാപകമായി പിൻവലിച്ചു.
ഈ പ്രക്ഷോഭത്തെ ഗാന്ധിയൻ സത്യാഗ്രഹത്തിന്റെ ആധുനിക മാതൃകയാക്കുന്നതെന്താണ്? കല്ലുകൾക്ക് പകരം റോസാപ്പൂക്കൾ ഉപയോഗിച്ചതെന്ന പ്രതീകാത്മകത മാത്രമല്ല; മറിച്ച് സമരത്തിൻ്റെ അടിസ്ഥാനതന്ത്രമാണ് സമരവും ഗാന്ധിജിയും തമ്മിലുള്ള സമവാക്യം.

ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെ പൊതുജനമധ്യത്തിൽ അഹിംസാപരമായി നേരിടുക, ധാർമികമായ മേൽക്കൈ നിലനിർത്തുക, ഭരണകൂടത്തിന്റെ തന്നെ ബലപ്രയോഗത്തെ ഇളവുകൾ നൽകാനുള്ള സമ്മർദമായി മാറാൻ അനുവദിക്കുക- ഇതായിരുന്നു ആ തന്ത്രം. ഏതാനും ആഴ്ചകൾക്കുള്ളിൽ, പരിഹാസത്തിൽ നിന്ന് ജനിച്ച, പരമ്പരാഗത നേതൃത്വമില്ലാത്ത ഒരു ഇന്റർനെറ്റ് പ്രസ്ഥാനം മൂന്ന് തവണ തുടർച്ചയായി അധികാരത്തിലെത്തിയ ഒരു സർക്കാരിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയുടെ രാജി നേടിയെടുത്തു. സമീപകാല ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ തെരുവുപ്രക്ഷോഭത്തിന് മുന്നിൽ കേന്ദ്രസർക്കാരിന് സംഭവിച്ച ഏറ്റവും വലിയ കീഴടങ്ങലുകളിൽ ഒന്നായി ഇതിനെ കാണാം.
CAA വിരുദ്ധ പ്രക്ഷോഭത്തിലെ സമാനതകൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആറുവർഷം മുമ്പ് നടന്ന സമരവും സമാന മാതൃകയാണ് സൃഷ്‌ടിച്ചത്. 2019 ഡിസംബറിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പോലീസ് കടന്നുകയറിയതോടെ പ്രതിഷേധം ആളിപ്പടർന്നു. ദൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകളാരംഭിച്ച ധർണ രാവും പകലും തുടരുന്ന പൊതുനിരത്തുപരോധമായും 101 ദിവസം നീണ്ടുനിന്ന പ്രതിരോധമായും വളർന്നു. രാജ്യത്തെ നൂറുകണക്കിന് നഗരങ്ങളിലും കലാലയങ്ങളിലും അതിന്റെ അലകളുണ്ടായി.

സമരവേദികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാർ ദേശവിരുദ്ധരാണെന്ന ഭരണപക്ഷഭാഷ്യത്തെ സമരക്കാർ നേരിട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനെത്തിയ പോലീസുകാർക്ക് പൂക്കൾ നൽകി. ഭരണകൂടനയങ്ങളെ എതിർക്കുമ്പോഴും രാഷ്ട്രത്തോടുള്ള കൂറ് പ്രകടിപ്പിക്കുന്ന ഒരു പ്രതീകാത്മക ഭാഷയായിരുന്നു അത്.
കർഷക പ്രക്ഷോഭം:
മൂന്നാമത്തെ നൂൽപ്പാത
പഞ്ചാബിലെയും ഹരിയാനയിലെയും പതിനായിരക്കണക്കിന് കർഷകർ ദൽഹിയുടെ അതിർത്തികളിൽ ഒരു വർഷത്തിലേറെക്കാലം തമ്പടിച്ച് മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തിയത് 2020–21 കാലഘട്ടത്തിലായിരുന്നു. ആയിരങ്ങൾക്ക് ഭക്ഷണം ഒരുക്കാനുള്ള ലംഗറുകൾ (പൊതു അടുക്കളകൾ), കൃത്യമായ സംഘാടനം, പോലീസ് അടിച്ചമർത്തലിനെതിരെയുള്ള പോരാട്ടവീര്യം എന്നിവ കർഷകസമരത്തിന്റെ മുഖമുദ്രകളായിരുന്നു. ഇൻ്റർനെറ്റ് വിച്ഛേദിച്ചും ലാത്തിച്ചാർജ് നടത്തിയും ജലപീരങ്കികളും കണ്ണീർവാതകഷെല്ലുകളും പ്രയോഗിച്ചും സംസ്ഥാനാതിർത്തികളിൽ ബാരിക്കേസുകളും വൻ മുള്ളുവേലികളും സ്ഥാപിച്ചും വഴികളിൽ മുള്ളാണികൾ വിതറിയും ദേശദ്രോഹക്കേസുകൾ ചുമത്തിയും സമരത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും കർഷകർ പിൻവാങ്ങിയില്ല.

2021-ൽ കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചു. ചില സന്ദർഭങ്ങളിൽ സമരം സംഘർഷാത്മകമായി മാറിയിരുന്നെങ്കിലും ഗാന്ധിയൻ സത്യ ഗ്രഹത്തിൻ്റെ അടിസ്ഥാനാശയങ്ങളായ സത്യനിഷ്ഠയും ത്യാഗവും അഹിംസാബോധവും ധീരതയും തന്നെയാണ് സമരക്കാരെ നയിച്ചിരുന്നതെന്ന് കാണാം.
പ്രക്ഷോഭങ്ങളെ ബന്ധിപ്പിക്കുന്ന
ഗാന്ധിയൻ നൂൽപ്പാത
കോക്റോച്ച് ജനതാപാർട്ടി, CAA വിരുദ്ധ സമരം, കർഷക പ്രക്ഷോഭം- ഈ മൂന്ന് പ്രസ്ഥാനങ്ങളും ഗാന്ധിയൻ സത്യഗ്രഹത്തിന്റെ അടിസ്ഥാനതത്വങ്ങളെയാണ് പിന്തുടർന്നത്. നീതിയ്ക്കുവേണ്ടിയുള്ള അചഞ്ചലമായ പോരാട്ട ധീരത, പൊതുസ്ഥലങ്ങളുടെ സമാധാനപരമായ അധിനിവേശം, സർക്കാരിനെ എതിർക്കുമ്പോഴും രാഷ്ട്രത്തോടുള്ള വിശ്വസ്തതയുടെ പ്രതീകങ്ങൾ ഉപയോഗിക്കൽ, ഭരണകൂടത്തിന്റെ അക്രമത്തെ അഹിംസാത്മകമായി പ്രതിരോധിക്കൽ, ഭരണകൂടത്തിൽ ധാർമ്മിക സമ്മർദ്ദം ചെലുത്തൽ, എന്നിവയാണ് ആ പൊതുസ്വഭാവങ്ങൾ.
ദണ്ഡിയുടെ കടൽത്തീരത്ത് നിന്ന് ജന്തർ മന്തറിന്റെ കൊടുംവേനലിലേക്ക് നീളുന്ന ഒരു ചരിത്രരേഖ വ്യക്തമായി കാണാം. ഭരണകൂടത്തിന്റെ അധികാര പ്രയോഗത്തെ അഹിംസാത്മകമായി പ്രതിരോധിക്കുന്ന സമരരീതിയാണത്. അത്തരം ധാർമ്മിക സമരങ്ങൾ പൊതുജനാഭിപ്രായത്തെയും സർക്കാർ നയങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്ന ഗാന്ധിയൻ സത്യഗ്രഹത്തിന്റെ അടിസ്ഥാനാശയമാണ് ഈ സമകാലിക ജനകീയ പ്രക്ഷോഭങ്ങളെയും നയിക്കുന്നത്.

