ലോകപ്രശസ്ത സ്ഥിതിവിവര (സ്റ്റാറ്റിസ്റ്റിക്‌സ്) ശാസ്ത്രജ്ഞനായ പ്രശാന്ത് ചന്ദ്ര മഹാനോബിസിൻ്റെ ജന്മദിനമായ ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി 2007 മുതലാണ് ഇന്ത്യയിൽ ആചരിക്കുന്നത്. വിവിധ മേഖലകളിലെ ആസൂത്രണത്തിലും നയപരമായ തീരുമാനമെടുക്കുന്ന പ്രക്രിയയിലും സ്ഥിതിവിവരക്കണക്കുകൾക്കുള്ള പ്രാധാന്യത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും രാജ്യഭരണത്തിന്റെ നാനാ മേഖലകളിൽ ഡാറ്റാ ശേഖരണം, വിശകലനം, വ്യാഖ്യാനം എന്നിവയുടെ പ്രാധാന്യം അടിവരയിടുന്നതിനുമായിട്ടാണ് ദേശീയ തലത്തിൽ അക്കാദമിക- ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ ദിനം വിപുലമായി ആചരിക്കുന്നത്.
രാജ്യത്തിന്റെ വികസനത്തിന് നിർണാകയ പങ്കു വഹിച്ചിരുന്ന ദേശീയ ആസൂത്രണ കമ്മീഷൻ പിരിച്ചുവിടുകയും പകരം രൂപീകരിച്ച നിതി ആയോഗ് ഭരണകൂട താൽപര്യം സംരക്ഷിക്കുന്നതിനായി സമസ്ത മേഖലകളിലും അമിത ഇടപെടലുകൾ നടത്തി സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനമാകെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണമെന്നതാണ് ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം. നിതി ആയോഗിൻ്റെയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെയും അമിത ഇടപെടൽ കാരണം രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൻ്റെ നിഷ്പക്ഷതയും മഹത്വവും കഴിഞ്ഞ ദശകത്തിൽ ഗണ്യമായി കുറഞ്ഞുവെന്നത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ലോകത്തെ ഏറ്റവും വിപുലവും കാര്യശേഷിയുമുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൻ്റെ വിശ്വാസ്യത നഷ്ടമാക്കുന്ന തരത്തിൽ ശേഖരിച്ച ഡാറ്റയെ വക്രീകരിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന നടപടികളാണ് രാജ്യത്തെ ഉത്തരവാദിത്യപ്പെട്ട ഭരണനേതൃത്വത്തിൽ നിന്നും അനുദിനം ഉണ്ടാകുന്നത്.
രാജ്യത്തെ ജനങ്ങളുടെ വിവിധ ആരോഗ്യ പ്രശ്നങ്ങളെയും പട്ടിണി, പാർപ്പിടം, കൃഷി, തൊഴിൽ, വിദ്യാഭ്യാസം, ലിംഗ സമത്വം തുടങ്ങിയ സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവ് ലഭിക്കുന്നതിന് നാം ആശ്രയിക്കുന്നത് അതാതു രംഗത്തുനിന്ന് ലഭ്യമാകുന്ന സ്ഥിതി വിവര കണക്കുകളാണ്. ജനസംഖ്യ സെൻസസ്, വിവിധ മേഖലകളിൽ നടത്തുന്ന സർവ്വേകൾ തുടങ്ങിവയിലൂടെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകൾ സത്യസന്ധമായി കാര്യങ്ങൾ വെളിപ്പെടുത്തുമ്പോഴാണ് രാജ്യത്തെ നിലവിലുള്ള സ്ഥിതി ശരിയായ തരത്തിൽ വിലയിരുത്താൻ നമുക്ക് സാധിക്കുന്നത്.

ഭരണകൂടത്തിന്റെ കാര്യക്ഷമതയും ജനങ്ങളോടുള്ള സർക്കാറിന്റെ പ്രതിബന്ധതയും പൊതുസമൂഹം എല്ലാകാലത്തും വിലയിരുത്തുന്നത് ഇത്തരത്തിലുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ്. എന്നാൽ സത്യസന്ധമായി ശേഖരിക്കുന്ന സ്ഥിതിവിവര കണക്കുകൾ സമൂഹം തിരിച്ചറിഞ്ഞാൽ ഭരണത്തിനെതിരായ വികാരമുണ്ടാകുമെന്ന തോന്നലിൽ നിന്നാണ് തൊഴിലില്ലായ്മ റിപ്പോർട്ടുകളും ആരോഗ്യ രംഗത്തെ ഗുണനിലവാര സൂചികകളും പട്ടിണി, പാർപ്പിടം എന്നിവ സംബന്ധിച്ചുള്ള യഥാർത്ഥ വിവരങ്ങളടങ്ങിയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് നിന്നും സർക്കാർ നിയന്ത്രണമുള്ള ഏജൻസികളെ പലഘട്ടങ്ങളിലായി പിന്തിരിപ്പിക്കാൻ ശ്രമം നടന്നത്.
പല മേഖലകളിലും ഭരണകർത്താക്കളുടെ ഇടപെടലും കാര്യശേഷിയും കുറഞ്ഞുവരികയും ആധുനിക ലോകത്തു പുലർത്തേണ്ട ശാസ്ത്രീയ കാഴ്ച്ചപ്പാടുകൾക്കുപകരം ജനങ്ങളിൽ മതപരമായ വേർതിരിവുണ്ടാക്കുകയും ആവശ്യമില്ലാത്ത വിവാദങ്ങളിൽ രാജ്യത്തെ തളച്ചിടുകയും ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ, രാജ്യത്തെ സംബന്ധിച്ച സ്ഥിതിവിവരകണക്കുകളും റിപ്പോർട്ടുകളും നമുക്ക് ആവേശം നൽകുന്നതല്ല.
ലഭിച്ച വിവരങ്ങളെ വക്രീകരിച്ച് സർക്കാരിന് അനുകൂലമായി റിപ്പോർട്ടുകൾ തയ്യാറാക്കാനും സത്യസന്ധമല്ലാത്ത കണക്കുകൾ പ്രസിദ്ധീകരിക്കാനും സർക്കാർ ആജ്ഞാനുവർത്തികളായ ദേശീയ ഏജൻസികൾ ഇന്ന് നിർബന്ധിതരായിരിക്കുന്നു.
ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിലും അടിസ്ഥാന വികസന പ്രശ്നങ്ങളിലും വേണ്ടത്ര പുരോഗതി കൈവരിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും 143 കോടിയോളം ജനങ്ങൾ അധിവസിക്കുന്ന രാജ്യവുമായ ഇന്ത്യക്ക് ലോക രാജ്യങ്ങളിൽ ജീവിത നിലവാരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഏജൻസികൾ പ്രസിദ്ധീകരിക്കുന്ന റാങ്കിങ്ങ് പട്ടികയിൽ മെച്ചപ്പെട്ട സ്ഥാനമല്ലായെന്നത് നമുക്കേവർക്കും നിരാശ നൽകുന്നതാണ്. ഈ സാഹചര്യത്തിൽ ലഭിച്ച വിവരങ്ങളെ വക്രീകരിച്ച് സർക്കാരിന് അനുകൂലമായി റിപ്പോർട്ടുകൾ തയ്യാറാക്കാനും സത്യസന്ധമല്ലാത്ത കണക്കുകൾ പ്രസിദ്ധീകരിക്കാനും സർക്കാർ ആജ്ഞാനുവർത്തികളായ ദേശീയ ഏജൻസികൾ ഇന്ന് നിർബന്ധിതരായിരിക്കുന്നു. അതോടൊപ്പം ബ്രിട്ടീഷ് ഭരണകാലം മുതൽ 1871-ൽ ആരംഭിച്ച പത്തു വർഷത്തിലൊരിക്കൽ ശാസ്ത്രീയമായി നടന്നുവന്നിരുന്ന രാജ്യത്തെ സെൻസസ് പ്രക്രിയ നടത്തുന്നതിന് മടികാണിക്കുകയും ഒടുവിൽ 2021 നടത്തേണ്ടിയിരുന്ന സെൻസസ് 2027 ൽ നടത്താൻ മനസ്സില്ലാമനസ്സോടെ തീരുമാനിച്ചതും ഈ വിഷയത്തിൽ സർക്കാരിനുള്ള താല്പര്യക്കുറവാണെന്നത് വ്യക്തമാണ്.

ഈ പശ്ചാത്തലത്തിലാണ് ദേശീയ ആസൂത്രണകമ്മീഷനെക്കുറിച്ചും സുതാര്യമായ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികളുടെ പ്രസക്തിയെക്കുറിച്ചും നാം കൂടുതൽ ഗൗരവത്തിൽ ചർച്ച ചെയ്യേണ്ടിവരുന്നത്.
ദേശീയ ആസൂത്രണ കമ്മീഷൻ
രാജ്യം റിപ്പബ്ലിക് ആയശേഷം 1950 ജനുവരി 31 നാണ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് ആദ്യമായി പ്രൊവിഷണൽ പാർലമെന്റിനെ അഭിസംബോധന ചെയ്തത്. പ്രസ്തുത സമ്മേളനത്തിൽ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യമെന്നും അതിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം സവിസ്തരം വിശദീകരിച്ചു. രാഷ്ട്ര നിർമാണത്തിനായി ലഭ്യമാകുന്ന എല്ലാ വിഭവങ്ങളും ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ദേശീയതലത്തിൽ ആസൂത്രണ കമ്മീഷൻ സ്ഥാപിക്കുന്നതിനായുള്ള സർക്കാറിന്റെ തീരുമാനം രാജേന്ദ്ര പ്രസാദ് അംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഈ പ്രഖ്യാപനത്തിലൂടെയാണ് ആസൂത്രണ കമ്മീഷൻ സ്ഥാപിതമായത്.

ജവഹർലാൽ നെഹ്റുവിന്റെ വിശ്വസ്തനും ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞനുമായ പ്രശാന്ത് ചന്ദ്ര മഹാലോബിസായിരുന്നു ആസൂത്രണ കമ്മീഷൻ പ്രവർത്തിനാവശ്യമായ അക്കാദമികമായിട്ടുള്ളതും ഭരണ തലത്തിലുള്ളതുമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കിവന്നത്. വിവിധ മേഖലകളിൽ നിന്ന് ലഭ്യമാകുന്നതും ശേഖരിക്കുന്നതുമായ ഡാറ്റ ഉപയോഗിച്ചുകൊണ്ടുള്ള സമീപനമായിരിക്കണം പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പിന്തുടരേണ്ട രീതിയെന്നാണ് മഹലനോബിസ് വിശ്വസിച്ചിരുന്നത്. അതിനാവശ്യമായ ഡാറ്റ നൽകുന്നതിനും അവ വിലയിരുത്തുന്നതിനുമായി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ സാമ്പിൾ സർവേ, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചുകൊണ്ട് രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിനായി അദ്ദേഹം നിർണായക പങ്ക് വഹിക്കുകയുണ്ടായി. പൊതുമേഖലയ്ക്ക് പ്രധാന്യം നൽകിയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പരിമിതപ്പെടുത്തിയുമുള്ള നയങ്ങളായിരുന്നു മഹലനോബിസ് അദ്ദേഹത്തിന്റെ പ്രവത്തനങ്ങളിൽ കൂടുതലായും സ്വീകരിച്ചിരുന്നത്.
എന്നാൽ ഇന്ത്യൻ ഭരണനേതൃത്വത്തിലുള്ള പല പ്രധാന നേതാക്കളും മഹലനോബിസും തമ്മിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെയും ആസൂത്രണ കാഴ്ചപ്പാടിനെയും സംബന്ധിച്ചും പ്രായോഗികതെയും രാഷ്ട്രീയത്തെയും കുറിച്ചും അനേകം അഭിപ്രായ വ്യത്യാസങ്ങൾ തുടക്കം മുതൽ ഉടലെടുത്തിരുന്നു. 1951 ന് മുൻപുള്ള ഇടക്കാല മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മത്തായി 1950-ൽ ജവഹർലാൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കാനുള്ള കാരണമായി പറഞ്ഞിരുന്നത് മഹലനോബിസ് മുന്നോട്ടുവെച്ച സാമ്പത്തിക ആസൂത്രണത്തിന്റെ നയങ്ങളോടും സ്വകാര്യ സംരംഭങ്ങളെ ഞെരുക്കുന്ന സർക്കാർ നിയന്ത്രണത്തോടുമുള്ള അഭിപ്രായ വ്യത്യാസമായിരുന്നു.
ഘനവ്യവസായത്തിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കാർഷിക മേഖലയെയും ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തെയും അവഗണിച്ചുകൊണ്ടുള്ളതാണ് ‘മഹലനോബിസ് മാതൃക’യെന്നതുമായിരുന്നു ഭരണതലത്തിലുള്ള പല രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും ഉയർത്തിയ മറ്റൊരു പ്രധാന വിമർശനം. ഇത്തരത്തിൽ പദ്ധതികൾ നടപ്പിലാക്കിയാൽ ഭക്ഷ്യക്ഷാമം, പണപ്പെരുപ്പം, അവശ്യവസ്തുക്കളുടെ അഭാവം തുടങ്ങിയവയിലേക്ക് രാജ്യത്തെ നയിക്കുമെന്നു അവർ ശക്തമായി വാദിക്കാനും തുടങ്ങി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ ആദ്യനാളുകളിൽ തന്നെ ഉയർന്നുവന്ന ഇത്തരം വിമർശനങ്ങൾ മൂലം രാജ്യത്തെ മുതിർന്ന നേതാക്കളും സാമ്പത്തിക വിദഗ്‌ദരും ആസൂത്രണം സംബന്ധിച്ച് രണ്ടു ചേരിയിൽ നിലയുറപ്പിക്കുന്നതിന് കാരണമായി.
1966-ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ വന്നതിനുശേഷം ആസൂത്രണ കമ്മീഷനിലും സാമ്പത്തിക നയരൂപീകരണത്തിലും മഹലനോബിസിന്റെ നേരിട്ടുള്ള സ്വാധീനം ഗണ്യമായി കുറഞ്ഞുവന്നു.
ഘന വ്യവസായങ്ങളിലും പ്രബലമായ പൊതുമേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ദ്രുത വ്യവസായവൽക്കരണത്തെ കേന്ദ്രീകരിച്ചുള്ള മഹലനോബിസ് മുന്നോട്ടുവെച്ചുള്ള പദ്ധതിതന്ത്രം രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ് (1956-1961) ഏറ്റവും വ്യക്തമായി അംഗീകരിക്കപ്പെട്ടതും നടപ്പിലാക്കുകയും ചെയ്തത്.
ബിസിനസുകാരനായിരുന്ന മദ്രാസിൽ നിന്നുള്ള കോൺഗ്രസ് ലോകസഭാ അംഗമായ ടി.ടി. കൃഷ്ണമാചാരി 1956-58 ലും 1964-66 ലും രണ്ടുതവണയായി ഇന്ത്യയുടെ ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലായിരുന്നു സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്ന നയങ്ങൾക്ക് മേധാവിത്യം ലഭിക്കുന്നതും നികുതിഘടന പരിഷ്കരിക്കുന്നതിനും തുടക്കം കുറിച്ചത്. അതുകൊണ്ടുതന്നെ ആസൂത്രണ പ്രക്രിയയിലെ വ്യത്യസ്ത ചേരിയിലുള്ള മഹലനോബിസും ടി.ടി. കൃഷ്ണമാചാരിയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാവുകയും അവർ തമ്മിലുള്ള എതിർപ്പുകളും വ്യത്യസ്ത ദർശനങ്ങളും അക്കാലത്ത് സജീവ ചർച്ച വിഷയമാവുകയും ചെയ്തു. 1956-ൽ ടി.ടി. കൃഷ്ണമാചാരി ധനമന്ത്രിയായി നിയമിതനായതോടെ മഹലനോബിസ് മാതൃകയ്ക്ക് ശക്തനായ ഒരു എതിരാളിയുണ്ടാവുകയും ആസൂത്രണ കമ്മീഷനും ധനകാര്യ വകുപ്പും തമ്മിൽ നയങ്ങളുടെ പേരിൽ പലപ്പോഴും ഏറ്റുമുട്ടുകയുമുണ്ടായി.

വൻ വ്യവസായവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള രണ്ടാം പദ്ധതിയിലൂടെ ഉൽപാദനവർധനവും തൊഴിൽ ലഭ്യതയും സംബന്ധിച്ചുള്ള നേട്ടങ്ങൾ പദ്ധതി കാലഘട്ടത്തിൽ ദൃശ്യമാകുന്നതായിരുന്നില്ല. അതോടൊപ്പം കടുത്ത വിദേശനാണ്യ പ്രതിസന്ധിയിലേക്കും പണപ്പെരുപ്പ സമ്മർദ്ദങ്ങളിലേക്കും വിദേശ രാജ്യങ്ങളുടെ വ്യവസായ സഹകരണത്തിന്റെ ഭാഗമായി രാജ്യത്തെ നയിച്ചുവെന്ന ആരോപണം അക്കാലത്ത് ഉയർന്നുവന്നു. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലത്തുയർന്നുവന്ന എതിർപ്പിനെ ആക്കം കൂട്ടുന്ന തരത്തിലുള്ള സാഹചര്യമാണ് 1962-ലെ ഇന്ത്യ-ചൈന യുദ്ധം മൂലം രാജ്യം നേരിടേണ്ടിവന്ന സാമ്പത്തിക പ്രതിസന്ധിയും കാരണമായത്.
1977-ൽ അധികാരത്തിൽ വന്ന ജനതാ പാർട്ടി സർക്കാരാകട്ടെ!, മഹലനോബിസ് മുന്നോട്ടുവെച്ച മാതൃകയെ ശക്തമായി വിമർശിക്കുകയും സമ്പത്തിക കേന്ദ്രീകരണത്തിനും അസമത്വവും ദാരിദ്ര്യവും രാജ്യത്ത് വർദ്ധിക്കൽ കാരണമായതിന് ഈ മാതൃകയെ കുറ്റപ്പെടുത്തുകയുമുണ്ടായി.
മഹലനോബിസിന്റെ സ്വാധീനം കുറയുന്നു
മൂന്നാം പഞ്ചവത്സര പദ്ധതിയുടെ (1961-66) വൈസ് ചെയർമാനായത് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡി.ആർ. ഗാഡ്‌ഗിലായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ദേശീയ വരുമാനത്തിന്റെ ആധികാരി കണക്കുകൾ തയ്യാറാക്കി സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിനായി 1949- ൽ മഹലനോബിസ് ചെയർമാനായി രൂപീകരിച്ച നാഷണൽ ഇൻകം കമ്മിറ്റിയിലെ അംഗങ്ങളിലൊരാളായിരുന്നു ഡി.ആർ. ഗാഡ്‌ഗിൽ. ഗാഡ്‌ഗിലും മഹലനോബിസും സാമ്പത്തിക വികസനവും സ്ഥിതിവിവരക്കണക്കുകളെ സംബന്ധിച്ചും ഒരേപോലെയുള്ള താൽപ്പര്യങ്ങൾ വെച്ചുപുലർത്തിയിരുന്ന സഹപ്രവർത്തകരായിരുന്നെങ്കിലും അവർ തമ്മിൽ ആസൂത്രണ സമീപനങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങളുള്ളവരായിരുന്നു. കാർഷിക മേഖലക്ക് ഊന്നൽ നൽകികൊണ്ടുള്ള നയങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾക്കായിരുന്നു ഗാഡ്‌ഗിൽ നേതൃത്വം നല്കിയതെങ്കിലും രണ്ടാം പദ്ധതിയിലൂടെ മഹലനോബിസ് നടപ്പാക്കാൻ ശ്രമിച്ച വ്യവസായവൽക്കരണത്തിനും പ്രാധാന്യം നൽകാൻ ഗാഡ്‌ഗിൽ ശ്രമിച്ചുവെന്നത് വസ്തുതയാണ്.
ആസൂത്രണ നയങ്ങളിൽ മഹലനോബിസിന്റെ സ്വാധീനം മൂന്നാം പദ്ധതിവരെ ഒരു പരിധിവരെ തുടർന്നെങ്കിലും, പിന്നീട് കടുത്ത എതിർപ്പുകളാണുണ്ടായത്. 1966-ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ വന്നതിനുശേഷം ആസൂത്രണ കമ്മീഷനിലും സാമ്പത്തിക നയരൂപീകരണത്തിലും മഹലനോബിസിന്റെ നേരിട്ടുള്ള സ്വാധീനം ഗണ്യമായി കുറഞ്ഞുവന്നു. അതുകൂടാതെ മൂന്നാം പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന പരാജയങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം 1966 മുതൽ 1969 വരെ പഞ്ചവത്സര പദ്ധതിക്ക് പകരം കൃഷിയിലും അനുബന്ധ മേഖലകളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള തുടർച്ചയായ മൂന്ന് വാർഷിക പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കിയത്.

ആസൂത്രണവുമായി ബന്ധപ്പെട്ട് നെഹ്രുവും മഹലനോബിസും മുന്നോട്ടുവെച്ച സാമ്പത്തിക വികസനത്തിന്റെ വിശാലമായ ചട്ടക്കൂടും സോഷ്യലിസ്റ്റ് സമൂഹ മാതൃകയും പ്രധാനമന്ത്രിയായ ആദ്യ ഘട്ടത്തിൽ ഇന്ദിരാഗാന്ധി തുടർന്നുവെങ്കിലും യുദ്ധവും വരൾച്ചയും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധികളും ജനങ്ങളുടെ പട്ടിണിയും അവരുടെ മുൻഗണന വിഷയങ്ങളിൽ മാറ്റമുണ്ടാക്കി. അതുകൊണ്ടുതന്നെ ദാരിദ്ര്യനിർമാർജനം, സാമൂഹികനീതി, ക്ഷേമപരിപാടികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിപാടികളാണ് ആസൂത്രണ കമ്മീഷൻ പിന്നീട് ആവിഷ്കരിച്ചത്.
സർക്കാർ താല്പര്യം സംരക്ഷിക്കാനായി കണക്കുകൾ ശേഖരിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും നിതി ആയോഗ് നേതൃത്വം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ, രാജ്യത്തെ യഥാർത്ഥ ചിത്രം പൊതുസമൂഹത്തിൽ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
1977-ൽ അധികാരത്തിൽ വന്ന ജനതാ പാർട്ടി സർക്കാരാകട്ടെ!, മഹലനോബിസ് മുന്നോട്ടുവെച്ച മാതൃകയെ ശക്തമായി വിമർശിക്കുകയും സമ്പത്തിക കേന്ദ്രീകരണത്തിനും അസമത്വവും ദാരിദ്ര്യവും രാജ്യത്ത് വർദ്ധിക്കൽ കാരണമായതിന് ഈ മാതൃകയെ കുറ്റപ്പെടുത്തുകയുമുണ്ടായി. ഈ പശ്ചാത്തലത്തിൽ ജനതാ പാർട്ടി സർക്കാർ അധികാരത്തിലുണ്ടായിരുന്ന 1977 മുതൽ 1980 വരെ ഓരോ വർഷവും പരിഷ്കരിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് രാജ്യത്ത് നടപ്പിലാക്കിയത്.
എന്നാൽ 1980- ൽ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി നേതൃത്വം കൊടുത്ത കോൺഗ്രസ് സർക്കാർ പഞ്ചവത്സര പദ്ധതി പുനരാരംഭിക്കുകയും ആറാം പദ്ധതിയുടെ വൈസ് ചെയർമാനായി ആദ്യഘട്ടത്തിൽ എൻ.ഡി. തിവാരിയെയും പിന്നീട് ശങ്കർറാവു ചവാനെയും ചുമതലപ്പെടുത്തുകയുണ്ടായി. പി.വി. നരസിംഹറാവു, മൻമോഹൻ സിംഗ്, പ്രണബ് മുഖർജി എന്നീ ദേശീയ നേതാക്കൾ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാരായി വിവിധ ഘട്ടങ്ങളിൽ പ്രവർത്തിച്ചവരായിരുന്നു. കാലഘട്ടത്തിലാണ് പൊതുമേഖലയേക്കാൾ സ്വകാര്യ മേഖലയ്ക്ക് മുൻഗണന നൽകിയും വിപണി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനും തുടക്കമാകുന്നത്.

സാമ്പത്തിക ആസൂത്രണത്തിനും നയരൂപീകരണത്തിനുമുള്ള ഒരു കേന്ദ്ര സ്ഥാപനമായി 1950-മുതൽ പ്രവർത്തിച്ചുവന്ന ദേശീയ ആസൂത്രണ കമ്മീഷൻ നേതൃത്വം കൊടുത്ത പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രവർത്തനങ്ങൾ 2012 ൽ ആരംഭിച്ച ഘട്ടത്തിലാണ് രാജ്യത്ത് ഭരണമാറ്റം ഉണ്ടാവുന്നത്. നയപരമായ തീരുമാനത്തിന്റെ ഭാഗമായി 2014 -ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ നിർത്തലാക്കുകയും മോണ്ടെ സിംഗ് അലുവാലിയ വൈസ് ചെയർമാനായ പന്ത്രണ്ടാം പദ്ധതി നിർത്തലാക്കി പകരം നീതി ആയോഗ് രൂപീകരിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ പഞ്ചവൽസര പദ്ധതിക്കും ലോകമാകെ ചർച്ചചെയ്യപ്പെട്ട ഇന്ത്യൻ ആസൂത്രണ പരിപാടിക്കും അവസാനമായി.
അതുകൂടാതെ രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കി സർക്കാർ താല്പര്യം സംരക്ഷിക്കാനായി കണക്കുകൾ ശേഖരിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും നിതി ആയോഗ് നേതൃത്വം കൊടുക്കുന്ന ഈ കാലഘട്ടത്തിൽ, രാജ്യത്തെ യഥാർത്ഥ ചിത്രം പൊതുസമൂഹത്തിൽ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
