പ്രതിപക്ഷ ശബ്ദം എന്നത് ജനാധിപത്യ സംവിധാനത്തിൻ്റ അടിസ്ഥാന ഘടകമാണ്. അതു കൊണ്ടാണ് ഭരണഘടനയിൽ അതിന്റെ കർത്താക്കൾ നിയമനിർമ്മാണത്തിനുമുകളിൽ വെസ്റ്റ്മിൻസ്റ്റർ രീതിയിലുള്ള ചർച്ചയും വോട്ടിംഗ് രീതികളും ഏർപ്പെടുത്തിയത്.
1952- ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയാവുകയും ചെയ്തു. സ്വേച്ഛാധിപത്യരീതിയിൽ ഭരിക്കാമായിരുന്നിട്ടും, വൈവിധ്യമാർന്ന സംസ്കാരങ്ങളും മനുഷ്യരും തിങ്ങിപ്പാർക്കുന്ന നമ്മുടെ രാജ്യത്ത്, അതിന്റെ നിയമ നിർമ്മാണത്തിന്റെ ഏറ്റവും വലിയ കേന്ദ്രത്തിൽ പ്രതിപക്ഷശബ്ദം മുഴങ്ങിക്കേൾക്കണം എന്ന നിർബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവാകാൻ ഒരു പാർട്ടിക്ക് 10% സീറ്റു വേണം എന്ന കടമ്പ ആരും കടക്കാത്ത സാഹാര്യത്തിൽ അന്ന് 16 സീറ്റുകളോടെ സഭയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായ എ.കെ.ജിയെ പ്രതിപക്ഷ നേതാവാക്കാൻ നെഹ്റു സ്പീക്കർ ജി. വി. മാവ്‌ലങ്കാറിനോട് അഭ്യർത്ഥിച്ചു.
അതുപോലെ ഒന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷ അംഗത്തിന് കൊടുക്കുക എന്ന നടപടി. നെഹ്രുവിനെ ‘രാഷ്ട്രീയത്തിലെ ചതിയൻ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ ശിരോമണി അകാലി ദള്ളിന്റെ സർദ്ദാർ ഹുക്കാം സിങിനെയായിരുന്നു ആ പദവിയിലേക്ക് നെഹ്റു നിർദ്ദേശിച്ചത്. സഭയെ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാൻ നിർമ്മിതമായ ഈ കീഴ്‌വഴക്കം പിന്നീടും തുടർന്നു. എന്നാൽ ഭരണത്തിന്റെ കടിഞ്ഞാൺ കൈകൾ പലതും മാറി സംഘപരിവാർ നിയന്ത്രണത്തിലുള്ള ബി.ജെ.പിയുടെ കയ്യിലെത്തിനിൽക്കുമ്പോൾ ജനാധിപത്യ കീഴ്‌വഴക്കങ്ങൾ മരിക്കുകയാണ്. പാർലമെൻ്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
ഡെപ്യൂട്ടി സ്പീക്കറുടെ ചരിത്രം
ഭരണഘടനയുടെ 93-ാം അനുച്ഛേദത്തിലാണ് ലോക് സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരിക്കണം എന്നു പറയുന്നത്. 1952 മുതൽ 14 പേരാണ് ഈ പദവിയിലുണ്ടായിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ എം. എ. അയ്യങ്കാർ ആണ്. 1952 മുതൽ 1956 വരെ ഈ പദവിയിലുണ്ടായിരുന്ന അദ്ദേഹം പിന്നീട് സ്പീക്കർ പദവിയിലിരിക്കെ മരിച്ച ജി.വി. മാവ്‍ലങ്കാറിനു പകരമായി സ്പീക്കറായി. തുടർന്നുവന്ന ഡെപ്യൂട്ടി സ്പീക്കർ ഒഴിവിലേക്കാണ് പ്രതിപക്ഷ പാർട്ടി അംഗമായ സർദാർ ഹുക്കാം സിങ് എത്തുന്നത്. പിന്നീട് മൂന്നും നാലും ലോക്സഭകളിൽ കോൺഗ്രസിന്റെ തന്നെ കൃഷ്ണമൂർത്തി റാവുവും, ഖാദിൽക്കറും പ്രസ്തുത സ്ഥാനം അലങ്കരിച്ചു. മുൻപ് ഉണ്ടായിരുന്ന രണ്ട് ലോക്സഭകളിലും കോൺഗ്രസ് തന്നെ സ്ഥാനങ്ങളെല്ലാം വഹിച്ചു.

നാലാം ലോക്സഭയുടെ അവസാന കാലത്ത് ഖാദിൽക്കറിന് മന്ത്രിസ്ഥാനം ലഭിച്ചപ്പോൾ ഇന്നത്തെ ഷില്ലോംഗിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷത്തുള്ള ഓൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസിന്റെ ജി. ജി. സ്വെൽ ഡെപ്യൂട്ടി സ്പീക്കറായി. അഞ്ചാം ലോക്സഭയിലും അദ്ദേഹം തുടർന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതെരഞ്ഞെുപ്പിൽ ജനതാപാർട്ടി വിജയിച്ചപ്പോൾ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിന്റെ ഗോഡേയ് മുരാഹരിക്ക് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകി കീഴ്‌വഴക്കം പിന്തുടർന്നു. എന്നാൽ പിന്നീടുവന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളുടെ കാലത്ത് തങ്ങളുടെ തന്നെ മുന്നണിയിലുള്ള തമിഴ് പാർട്ടികളുടെ അംഗങ്ങളെയാണ് പ്രസ്തുത പദവിയിലേക്ക് നിർദ്ദേശിച്ചത്. 1980 - ൽ ഡി.എം.കെയുടെ ജി. ലക്ഷ്മണനും, 1984 - ൽ അണ്ണ ഡി.എം.കെയുടെ എം. തമ്പിദുരൈയും ഡെപ്യൂട്ടി സ്പീക്കറായി, രീതികൾക്ക് മാറ്റം വന്നു.
പിന്നീടുള്ള വർഷങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്ക് ഈ പദവി വിട്ടുകൊടുത്ത് കൃത്യമായ ജനാധിപത്യ കീഴ് വഴക്കം പിന്തുടർന്നുപോന്നു. വി. പി. സിംഗിന്റെ കാലത്ത് കോൺഗ്രസിലെ ശിവരാജ് സിങ് പാട്ടീലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. നരസിംഹ റാവുവിന്റെ കാലത്ത് ബി.ജെ.പി നേതാക്കൾക്കും എ.ബി. വാജ്പേയിയുടെ കാലത്ത് ലക്ഷ്വദീപിൽ നിന്നുള്ള കോൺഗ്രസ് എം.പി പി. എം. സയീദും ഡെപ്യൂട്ടി സ്പീക്കറായി. ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ കാലത്ത് പ്രതിപക്ഷത്തുനിന്നും യഥാക്രമം ശിരോമണി അകാലിദള്ളിന്റെ ചരൺജിത് സിങ് അത്വാലും, ബി.ജെ.പിയുടെ കരിയ മുണ്ടെയും ഈ പദവിയിലെത്തി.
എന്നാൽ 2014 - ൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബി.ജെ.പി സർക്കാർ 24 വർഷത്തോളം കൃത്യമായി പാലിക്കപ്പെട്ട ഈ ജനാധിപത്യ സംവിധാനത്തിന് തടയിട്ടു. ഇരു മുന്നണികളിലും ചേരാതെ തമിഴ്നാട്ടിൽ നിന്ന് 39- ൽ 37 സീറ്റുകളും വിജയിച്ച് സഭയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ശേഷം ഏറ്റവുമധികം അംഗങ്ങളുണ്ടായിരുന്ന അണ്ണ ഡി.എം.കെയ്ക്കാണ് മോദി സർക്കാർ അവസരം നൽകിയത്. മുൻപ് ഒരു തവണ ഈ പദവിയിലിരുന്നിരുന്ന എം. തമ്പിദുരൈ ഡെപ്യുട്ടി സ്പീക്കറായി. എന്നാൽ, പ്രസ്തുത സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വേളയിൽ ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് വാ തോരാതെ പ്രസംഗിച്ച ബി.ജെ.പി നേതാക്കളുടെ കാപട്യം തമ്പദുരൈയെ പിന്തുണച്ച പ്രതിപക്ഷ അംഗങ്ങൾ പോലും വേണ്ട വിധത്തിൽ മനസിലാക്കിയില്ല എന്നതാണ് വസ്തുത. രാജ്യസഭയിൽ കേവല ഭൂരിപക്ഷമില്ലാതിരുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു അത്. തങ്ങളുടെ 46 സീറ്റിനൊപ്പം അണ്ണ ഡി.എം.കെയുടെ 10 സീറ്റുകൾ കൂടി ലഭിക്കാനുള്ള തന്ത്രം. അവിശ്വാസ പ്രമേയത്തിലും പല നിർണായക ബില്ലുകളിലും, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ തിരഞ്ഞെടുപ്പിലെല്ലാം തന്നെ എം. തമ്പിദുരൈയുടെ നിയമനം മൂലം ബി.ജെ.പിക്ക് അണ്ണ ഡി.എം.കെയിൽ നിന്ന് പിന്തുണ കിട്ടി.
എന്നാൽ പിന്നീടുവന്ന രണ്ട് ലോക്സഭകളിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇന്ത്യൻ പാർലിമെൻ്ററി ചിരിത്രത്തിൽ ആദ്യമായിട്ടാണ് തുടർച്ചയായി രണ്ട് ടേമുകളിൽ സഭയ്ക്ക് ഡെപ്യുട്ടി സ്പീക്കർ ഇല്ലാതെയിരിക്കുന്നത്. ഈ പദവി നിറവേറ്റപ്പെടേണ്ട ഭരണഘടനാ കർത്തവ്യം മാത്രമല്ല, നിയമനിർമ്മാണസഭയിലെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഒന്നു കൂടിയാണ്.

എന്തുകൊണ്ട് ബി.ജെ.പിയ്ക്ക്
തണുപ്പൻ നയം?
ഭരണഘടന പ്രകാരം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുടെ പ്രധാന കടമ, സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭയെ നിയന്ത്രിക്കുക എന്നതാണ്. അതോടൊപ്പം സ്വകാര്യ ബിൽ കമ്മിറ്റിയുടെ അധ്യക്ഷത വഹിക്കണം. ബി.ജെ.പി ഭരണം തുടങ്ങിയ നാൾ മുതൽ പാർലമെൻ്റിന്റെ ഇരു സഭകളിലും ഏകാധിപത്യ രീതിയിലാണ് നടപടി ക്രമങ്ങൾ. ലോക്സഭയിലെ അതിന്റെ പ്രധാന ഉത്തരവാദിയാണ് കഴിഞ്ഞ ഇരുസഭകളിലും നിലവിലെ സഭയിലും സ്പീക്കർ സ്ഥാനം വഹിച്ചു പോരുന്ന ബി.ജെ.പിയുടെ ഓം ബിർള. വളരെ പ്രാധാന്യമർഹിക്കുന്ന പല ബില്ലുകളിലും പ്രതിപക്ഷ അംഗങ്ങൾ കൂടാതെയും ചർച്ചകളില്ലാതെയും അവ പാസാക്കാൻ വഴിയൊരുക്കുക എന്നതാണ് സംഘപരിവാർ ഭരണകാലത്തെ സ്പീക്കറുടെ തൊഴിൽ. സഭയിൽ ജനാധിപത്യപരമായ സാഹചര്യം ഒരുക്കുക എന്നത് സ്പീക്കർ നിർബന്ധ ബുദ്ധിയോടെ നിർവഹിക്കേണ്ട കടമയാണ്. എന്നാൽ കഴിഞ്ഞ തവണ, പാർലിമെൻ്റിൽ ആക്രമണം നടന്നതിനെ ചോദ്യം ചെയ്ത 100 പ്രതിപക്ഷ എം.പിമാരെയാണ് ഓം ബിർള സസ്പെൻഡ് ചെയ്തത്. ഇത്രയധികം പ്രതിപക്ഷ എം.പിമാർ ഇല്ലാത്ത സാഹചര്യത്തിലാണ് വളരെ ഗൗരവമേറിയ ഇന്ത്യൻ പീനൽ കോഡിൽ മാറ്റം വരുത്തുന്ന മൂന്ന് ബില്ലുകൾ ഒരു ചർച്ചയും ഇല്ലാതെ പാസാക്കിയത്. സഭയിലെ അംഗങ്ങൾ തമ്മിൽ ആരോഗ്യകരമായ സംവാദങ്ങൾ മാത്രമാണ് നടക്കേണ്ടത് എന്ന് നിഷ്‌കർഷിക്കേണ്ട വ്യക്തിയാണ് സ്പീക്കർ. എന്നാൽ ഡാനിഷ് അലി എന്ന ബി.എസ്.പി എംപിക്കുനേരെ ബി.ജെ.പിയുടെ രമേശ് ബിദുരി വിദ്വേഷ പരാമർശം നടത്തിയപ്പോൾ വെള്ളത്തിൽ വരച്ച വര പോലെയുള്ള താക്കീതായിരുന്നു സ്പീക്കർ ഓം ബിർള നൽകിയത്. ഇത്തരത്തിൽ ജനാധിപത്യത്തിന്റെ പരകോടിയോകേണ്ട സഭയെ വെറും RSS ശാഖയുടെ നിലവാരത്തിലേക്ക് കൂപ്പു കുത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്പീക്കർ പാനലിൽ പ്രതിപക്ഷ എംപിമാരുണ്ടെങ്കിലും സഭയുടെ നിയന്ത്രണത്തിൽ ഒരു പ്രതിപക്ഷ അംഗം സഹഭാരവാഹിത്വം വഹിക്കുക എന്നത് തങ്ങളുടെ ഏകാധിപത്യ പ്രവണതകൾക്ക് ഭീഷണിയാണെന്ന് മോദി സർക്കാരിന് കൃത്യമായി അറിയാം. അതുകൊണ്ടാണ് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന സ്പീക്കർ മാത്രം മതിയെന്ന് ബി.ജെ.പി ശഠിക്കുന്നതും ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം വിരക്തി കാണിക്കുന്നതും.
ഡെപ്യൂട്ടി സ്പീക്കറുടെ
അഭാവത്തിൽ സംഭവിക്കുന്നത്…
ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒന്നാണ് ഡെപ്യൂട്ടി സ്പീക്കർ അധ്യക്ഷത വഹിക്കേണ്ട സ്വകാര്യ ബിൽ കമ്മിറ്റിയുടെ അവസ്ഥ. കഴിഞ്ഞ രണ്ട് ടേമുകളിലായി അങ്ങനെയൊരു കമ്മിറ്റി ലോക്സഭയിൽ ഇല്ല. ഇന്ത്യൻ പാർലിമെൻ്ററി സംവിധാനത്തിന്റെ ജനാധിപത്യപരമായ രീതികളിൽ ഒന്നാണ് എംപിമാർ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലുകൾ. എന്നാൽ ഇത്തരം ബില്ലുകൾക്ക് നിലവിലെ നമ്മുടെ പാർലിമെൻ്റിൽ ഒരു തരത്തിലുമുള്ള പ്രാധാന്യവും കൽപ്പിക്കപ്പെടുന്നില്ല. കഴിഞ്ഞ തവണ തന്നെ ലോക്സഭയിൽ ഒൻപത് മണിക്കൂറും രാജ്യസഭയിൽ 27 മണിക്കൂറും മാത്രമാണ് സ്വകാര്യ ബില്ലിന്മേൽ ചർച്ച നടന്നത്. 1,354 മണിക്കൂറുകൾ പ്രവർത്തിച്ച ലോക്സഭയിലാണ് ഈ ഒൻപത് മണിക്കൂർ കണക്ക്, അതായത് 1% സമയം പോലും ചർച്ചയ്ക്ക് ചെലവഴിക്കപ്പെട്ടില്ല. ഒപ്പം എം.പിമാർ തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങുന്ന വെള്ളിയാഴ്ചകളിൽ തന്നെ സ്വകാര്യ ബിൽ ചർച്ചകൾ വയ്ക്കുന്നതും ഈ നിയമനിർമ്മാണ പ്രക്രിയയെ കാര്യമായി ബാധിക്കുന്നുണ്ട്.
ഘടനാപരമായ ഒരു മാറ്റം കൊണ്ടുമാത്രമേ സ്വകാര്യ ബില്ലുകൾക്ക് പാർലമെൻ്റിൽ സ്ഥാനം പിടിക്കാനാകൂ. ഡെപ്യൂട്ടി സ്പീക്കർ അധ്യക്ഷത വഹിക്കുന്ന സ്വകാര്യ ബില്ലിൻമേലുള്ള കമ്മിറ്റിയെ പുനഃക്രമീകരിക്കാതെ ഇത് സാധ്യമല്ല. ഒരു റിവ്യൂ കമ്മിറ്റി ഇല്ലാത്തത് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിൽ നിന്നും എം.പിമാരെ പിന്തിരിപ്പിക്കുന്നതിന് തുല്യമാണ്. അത് പാർലിമെൻ്ററി സംവിധാനത്തെ അനാരോഗ്യകരമായ രീതിയിലേക്ക് തള്ളിവിടുന്നു. ഈ ശിഥിലാവസ്ഥയുടെ സൂചനകൾ 18-ാം ലോക്സഭയിൽ ഇതുവരെ നടന്ന സെഷനുകളിൽ കാണാം. ബഡ്ജറ്റ് സമ്മേളനത്തിലും വർഷകാല സമ്മേളനത്തിലും ഒരു സ്വകാര്യ ബിൽ പോലും ചർച്ചയ്ക്കുണ്ടായില്ല എന്നത് നിർഭാഗ്യകരമായ ഉദാഹരണമാണ്. ഡെപ്യൂട്ടി സ്പീക്കർ എന്ന പദവിയെ നിസാരവൽക്കരിക്കുന്നതിലൂടെ ബി.ജെ.പി അക്ഷരാർത്ഥത്തിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനത്തിന്റെ പ്രശനങ്ങളിന്മേൽ നിയമനിർമ്മാണം നടത്താനുള്ള അവകാശങ്ങൾ കൂടി നിഷേധിക്കുകയാണ്.

ഉപസംഹാരം
ഭരണഘടനയുടെ 93ാം അനുച്ഛേദത്തിൽ "ജനപ്രതിനിധിസഭ എത്രയും വേഗം, സഭയിലെ രണ്ട് അംഗങ്ങളെ യഥാക്രമം സ്പീക്കറായും, ഡെപ്യുട്ടി സ്പീക്കറായും തിരഞ്ഞെടുക്കേണ്ടതാണ്’’ എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ സംഘപരിവാർ വിഴുങ്ങിയ ഇന്നത്തെ കേന്ദ്ര സർക്കാർ ‘‘എത്രയും വേഗം’’ എന്നതിനുപകരം ‘‘എത്രയും വൈകി’’ എന്നാണ് നിർവ്വചിക്കുന്നത്. മോദിയെ ‘പുരോഹിത രാജാവ്’ (priest king) എന്ന് വിളിക്കുന്ന ബി.ജെ.പിയും സംഘപരിവാറും ഇന്ത്യയെ ഒരു രാജഭരണസംവിധാനമായാണ് സങ്കൽപ്പിക്കുന്നത്. അത്തരം ചിന്തകൾ പേറിനടക്കുന്ന ബുദ്ധികേന്ദ്രങ്ങൾക്ക് ഡെപ്യൂട്ടി സ്പീക്കറും പാർലിമെൻ്ററി ജനാധിപത്യവും ശത്രുപദങ്ങളാണ്.
