അയോധ്യയിൽ ഉയരാത്ത പള്ളിയും ബാങ്ക് വിളിയും

ബാബ്റി മസ്ജിദ് വിധിയിൽ ഉത്തർപ്രദേശിലെ മുസ്ലീങ്ങൾ സത്യത്തിൽ അസംതൃപ്തരായിരുന്നു. പുതിയ പള്ളി എന്ന ആശയത്തിലേക്കെത്താൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല എന്നു വിലയിരുത്തുന്ന നിരീക്ഷകരും ഉണ്ട്. ഇതൊക്കെ കൊണ്ടു തന്നെയാവാം പലരും സർക്കാറിൻ്റെ നിയന്ത്രണത്തിലുള്ള സുന്നി വഖഫ് ബോർഡുമായി ഇക്കാര്യത്തിൽ സഹകരിക്കാൻ മടിക്കുന്നത്.

2024 ജനുവരി 22 തിങ്കളാഴ്ച ആധുനിക ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ ഒരു നിർണ്ണായക ദിനമായിരിക്കും. അന്നാണ് അയോധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമജന്മഭൂമി ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുക. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർമ്മികത്വത്തിൽ ‘പ്രാണപ്രതിഷ്ഠ’ എന്ന ചടങ്ങിലൂടെയാണ് അത് നടക്കുക. 2019 -നവംബർ 9-ലെ സുപ്രീം കോടതിയിൽ നിന്നു വന്ന വിധിയിലൂടെയാണ് ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുക എന്ന സാധ്യത ഉരുത്തിരിഞ്ഞു വന്നത്.

ഇതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. നൂറ്റാണ്ടിലേറെ നടന്ന വിവാദത്തിന് അന്ത്യം കുറിക്കപ്പെടട്ടെ എന്ന ചിന്തയോടെയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാലുവർഷം മുമ്പ് അയോധ്യാവിധി പുറപ്പെടുവിപ്പിച്ചത്. എന്നാൽ രാമക്ഷേത്രത്തിൻ്റെ രാഷ്ട്രീയം കൂടുതൽ കൂടുതൽ ചൂടുപിടിക്കുകയും അതിൻ്റെ പേരിൽ ഇന്ത്യയിൽ വലിയ രാഷ്ട്രീയ ധ്രുവീകരണം പിന്നീടിങ്ങോട്ട് വർദ്ധിക്കുകയും ചെയ്തു എന്നതാണ് നഗ്നമായ യാഥാർത്ഥ്യം.

ബാബരി മസ്ജിദ് തകർക്കുന്ന കർസേവകർ

‘ഹിന്ദു വോട്ട്’ എന്ന പുതിയ യാഥാർഥ്യത്തെ ഇന്ത്യൻ ജനാധിപത്യത്തിൽ ഉറപ്പിക്കുവാനാണ് സംഘപരിവാർ ശക്തികൾ രാമരാഷ്ട്രീയത്തിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണവും അതിൻ്റെ ഉദ്ഘാടനവും വർഗീയ രാഷ്ട്രീയത്തിൻ്റെ ആഘോഷമാക്കി മാറ്റാനാണ് ഭരണകൂടവും ഭരണകക്ഷിയും മടികൂടാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുണ്ടാക്കാൻ പോകുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഭീതിജനകവും ഇന്ത്യയുടെ ഭാവിയെ അപകടത്തിലാക്കാൻ പോകുന്നതുമാണ്.

2019-ലെ വിധി കഴിഞ്ഞ് നാലു വർഷം പിന്നിടുമ്പോൾ അസാധാരണമായ വേഗതയിൽ വിസ്മയിപ്പിക്കുന്ന ഒരു ക്ഷേത്ര കോംപ്ലക്സ് ആ പഴയ തർക്കഭൂമിയിൽ ഉയരുകയാണ്. കോടാനുകോടി രൂപയുടെ ചെലവിൽ ഇത് ഉയർന്നു വരുമ്പോൾ, അയോധ്യാ നഗരം അടിമുടി മാറുകയാണ്. ക്ഷേത്രത്തിനായി ഇപ്പോൾ വകവരുത്തിയിരിക്കുന്നത് 900 കോടി രൂപയാണ്. ക്ഷേത്ര കോംപ്ലക്സ് പൂർത്തിയാവുമ്പോൾ 1800 കോടി രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്നു എന്നാണ് കേൾക്കുന്ന കണക്ക്. തീർഥാടക ലക്ഷങ്ങളെ അവിടേക്ക് ആകർഷിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 31,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ആ നഗരിയിൽ ഉത്തർപ്രദേശ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. വലിയൊരു വിമാനത്താവളം ഇതിനകം പ്രവർത്തിച്ചു തുടങ്ങി. അയോധ്യ റെയിൽവേ സ്റ്റേഷൻ സമഗ്രമായി പുതുക്കി പണിഞ്ഞു. വിശാലമായ റോഡുകൾ നിരവധി വന്നു കഴിഞ്ഞു. അനുബന്ധ വികസന പരിപാടികൾ പലതും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് ഹിന്ദു രാഷ്ട്രത്തിൻ്റെ തുടക്കം കുറിക്കലായി പോലും  വിലയിരുത്തപ്പെടുന്നുണ്ട്.

അയോധ്യയിൽ ഉയരുന്ന ക്ഷേത്രത്തിന്റെ മാതൃക

ഇതെല്ലാം സംഭവിക്കുമ്പോൾ, വിശ്വാസിയല്ലാത്ത, അതേസമയം മതേതര ഇന്ത്യയെ സ്നേഹിക്കുന്ന ഒരാളുടെ മനസ്സിൽ സ്വാഭാവികമായും ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്. നിയമവിധേയമല്ലാതെ, കടുത്ത നിയമലംഘനം എന്ന് സുപ്രീം കോടതി പോലും വിശേഷിപ്പിച്ച പൊളിക്കപ്പെട്ട ബാബ്റി പള്ളിയ്ക്കു പകരം ഉയരേണ്ട മുസ്ലീം ദേവാലയത്തിനെന്തു പറ്റി? അയോധ്യയിൽ നിന്നും രാമഭജനത്തോടൊപ്പം ഉയരേണ്ട ബാങ്ക് വിളി എന്താണ് ഉയരാത്തത്? പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കുന്നതേയില്ല. കോടതി വിധിയുടെ സത്ത മനസ്സിലാക്കിയിരുന്നെങ്കിൽ, മതേതര- സ്വഭാവമുള്ള ഒരു ഭരണകൂടം ഈ രാജ്യത്ത് നിലവിലുണ്ടായിരുന്നെങ്കിൽ ക്ഷേത്രവും പള്ളിയും ഒരേ വർഷം തന്നെ നിർമ്മിക്കപ്പെടുമായിരുന്നു. അത് സംഭവിച്ചില്ല എന്നത് ഭരണഘടനാ ധാർമ്മികതയുടെ പരാജയമാണ്. വേണമെങ്കിൽ കോടതിക്കു പോലും അത്തരമൊരു നിർദേശം മുന്നോട്ടു വെക്കാമായിരുന്നു. അതുണ്ടായില്ല. കാരണം ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊണ്ട ഒരു രാഷ്ട്രീയാധികാരം ഇവിടെ ഭരണത്തിലില്ല എന്നതു തന്നെയാണ്.

സുപ്രീം കോടതി വിധിയിൽ പറയുന്നത്, തർക്കഭൂമിയിൽ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ഒരു ട്രസ്റ്റിന് ഒരു ക്ഷേത്രം പണിയാം. പള്ളി പണിയാനായി സുന്നി വഖഫ് ബോർഡിന് തർക്കഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ സ്ഥലം കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ കൊടുക്കുകയും വേണം. വിധി വന്ന ദിവസം തൊട്ട് മൂന്നു മാസത്തിനുള്ളിൽ കേന്ദ്രം ആവശ്യമായ പദ്ധതി തയ്യാറക്കണം. ഇതിൻ്റെ പരിണത ഫലമായാണ് നാലു വർഷം കൊണ്ട് രാമക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ഇതെങ്ങനെ സാധിച്ചു? അയോധ്യ വിധി വരും മുമ്പുതന്നെ ക്ഷേത്ര നിർമ്മാണത്തിനുള്ള വലിയ തയ്യാറെടുപ്പുകൾ ബന്ധപ്പെട്ടവർ തുടങ്ങിയിരുന്നു എന്നു വ്യക്തം. ആ പദ്ധതി പ്രകാരമാണ് കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നേറിയത്. അതുകൊണ്ടാണ് രാമൻ്റെ പേരിലുള്ള ക്ഷേത്രം അടുത്തു വരുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ യാഥാർത്ഥ്യമായത്. വരാനിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിൻ്റെ പ്രതിഫലനങ്ങൾ നിശ്ചയമായും ഉണ്ടാകും.

കർസേവകർ

എന്നാൽ പള്ളിയുടെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചില്ല എന്നു വേണം മനസ്സിലാക്കാൻ. അതി ഭംഗിയായും സമയബന്ധിതമായും നടക്കരുതെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. കോടതി വിധി വന്നതിനു ശേഷം ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ ക്ഷേത്ര സ്ഥലത്തു നിന്നും 25 കിലോമീറ്റർ മാറി അഞ്ചേക്കർ ഭൂമി പള്ളിയ്ക്കായി കണ്ടെത്തി വഖഫ് ബോർഡിനു നൽകി. സുന്നി വഖഫ് ബോർഡിന് നാലു വർഷത്തിനിപ്പുറവും അവിടെ വലുതായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇടയ്ക്കുവെച്ച് പള്ളിയുടെ നിർമ്മാണം വഖഫ് ബോർഡ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫെഡറേഷനെ ഏല്പിച്ചിരുന്നു. പള്ളിയുടെ രൂപരേഖ തയ്യാറാക്കി പ്രാദേശിക ഭരണകൂടത്തിൽ നിന്നും അനുമതി വാങ്ങാൻ പോലും അവർക്കിതുവരെ സാധിച്ചിട്ടില്ല. രാമക്ഷേത്രത്തിൻ്റെ പൂർത്തീകരണത്തിൽ മാത്രമായിരുന്നു സർക്കാരിൻ്റെ ശ്രദ്ധ. പള്ളിയ്ക്കായ് അനുവദിച്ച ഭൂമി വലിയൊരു കൃഷിയിടമായിരുന്നു. അതിനാൽ കെട്ടിട നിർമ്മാണത്തിനായുള്ള അനുവാദം ലഭിച്ചില്ലത്രേ. പല വകുപ്പുകളും പല രീതിയിൽ അനുവാദം നിഷേധിച്ചു എന്നാണ് ഈ വിഷയത്തിൽ ലേഖനം പ്രസിദ്ധീകരിച്ച ‘The Wire’ ഓൺലൈൻ മാധ്യമം റിപ്പോർട്ടു ചെയ്തിരിക്കുന്നത്. സുന്നി വഖഫ് ബോർഡ് പള്ളിയ്ക്കായ് സ്ഥലം ഏറ്റെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചതേയില്ല. പണമില്ലായ്മയാണ് കാര്യങ്ങൾ മുന്നേറാത്തതിൻ്റെ ഒരു കാരണമായി കേൾക്കുന്നത്. ചില സർക്കാർ വകുപ്പുകൾ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡിപ്പോസിറ്റുകൾ കൊടക്കുവാൻ പോലും ഇന്തോ- ഇസ്ലാമിക് കൾച്ചറൽ ഫെഡറേഷനു സാധിച്ചില്ല. 12 കോടിയാണത്രേ സെക്യൂരിറ്റി തുകയായി അവരാവശ്യപ്പെട്ടത്. എന്തായാലും പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മാറ്റിവെയ്ക്കപ്പെട്ടു. പള്ളിയ്ക്കായി കണ്ടെത്തിയ സ്ഥലം ഇപ്പോഴും കാടുപിടിച്ച് കിടക്കുകയാണ്!

പണമില്ലായ്മ കാരണം പള്ളിയോടൊപ്പം പ്ലാൻ ചെയ്തിരുന്ന ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയെല്ലാം പ്ലാനിൽ നിന്നും ഇടയ്ക്കു വെച്ച് ഉപേക്ഷിച്ചിരുന്നു. പള്ളിയുടെ ആർക്കിടെക്ച്ചറിനെ സംബന്ധിച്ചും സമുദായത്തിനകത്ത് അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ കാര്യങ്ങൾ എങ്ങുമെത്താതായി. ബാബ്റി മസ്ജിദ് വിധിയിൽ ഉത്തർപ്രദേശിലെ മുസ്ലീങ്ങൾ സത്യത്തിൽ അസംതൃപ്തരായിരുന്നു. പുതിയ പള്ളി എന്ന ആശയത്തിലേക്കെത്താൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല എന്നു വിലയിരുത്തുന്ന നിരീക്ഷകരും ഉണ്ട്. ഇതൊക്കെ കൊണ്ടു തന്നെയാവാം പലരും സർക്കാറിൻ്റെ നിയന്ത്രണത്തിലുള്ള സുന്നി വഖഫ് ബോർഡുമായി ഇക്കാര്യത്തിൽ സഹകരിക്കാൻ മടിക്കുന്നത്. മുന്നൂറുകോടിയാണ് പളളിയ്ക്കായ് വേണ്ടിവരിക എന്നാണ് കണക്കാക്കിയിട്ടുള്ളത്.

അയോധ്യയിൽ നിർമിക്കാനിരിക്കുന്ന പള്ളിയുടെ മാതൃക, ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചത്.

ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ ഒരു ഭാഗത്തുണ്ട്. എന്നാൽ അതിലപ്പുറം ചിലതൊക്കെ ഈ വൈകലിൻ്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും എന്നും ചിന്തിക്കാവുന്നതാണ്. ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതാണെന്ന യാഥാർത്ഥ്യവും ഇന്ത്യയിലെ രണ്ടു സമുദായങ്ങൾ തമ്മിലുള്ള വിവാദങ്ങൾക്ക് അന്ത്യം കുറിക്കണമെന്ന ആവശ്യവും കണക്കിലെടുക്കുമ്പോൾ അയോധ്യയിലെ പള്ളി രാമക്ഷേത്രത്തോടൊപ്പം തന്നെ ഉയരേണ്ടത് ഈ രാജ്യത്തിൻ്റെ ആവശ്യമായിരുന്നു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയും മതേതരത്വവും ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യയിലെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഒരു വിധിയുടെ നടത്തിപ്പ് എന്ന നിലയിലും ക്ഷേത്രവും പള്ളിയും ഒന്നിച്ചാണ് തുടങ്ങേണ്ടിയിരുന്നത്. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിക്കാവില്ലെന്ന് വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്കിടയിൽ അവിശ്വാസവും അതൃപ്തിയും വളരാതെ നോക്കുക എന്നതും ഒരു മതേതര രാജ്യത്തിൻ്റെ ഉത്തരവാദിത്തമാണ്. ഇതൊക്കെ പ്രസ്താവിച്ച കോടതി ആരാധനാലയത്തിൻ്റെ പേരിലെ രാഷ്ട്രീയ മുതലെടുപ്പ് നടക്കുവാൻ അനുവദിക്കാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ടതായിരുന്നു.

ഒരു പുരാതന ക്ഷേത്രം തകർത്താണോ 1528 - ൽ ബാബ്റി പള്ളി അയോധ്യയിൽ പണിതത് എന്ന് കോടതിക്കും അറിയില്ല. അതാർക്കും തെളിയിക്കാൻ സാധിച്ചിട്ടുമില്ല. ബാബർ പള്ളി നിർമ്മിക്കുന്ന കാലത്ത് അവിടെ ഭൂരിഭാഗം ജനങ്ങളും മുസ്ലിംകളായിരുന്നു. പള്ളി നിർമ്മിച്ച കാലത്ത് അതൊരു ക്ഷേത്ര സ്ഥലമാണെന്ന് ആരും തർക്കിച്ചതിനു പോലും രേഖകളില്ല. ഇന്ത്യയിലെ ഹിന്ദു -മുസ്ലിം തർക്കത്തിൻ്റെ ചരിത്രം തുടങ്ങുന്നത് പോലും 1857-ലെ ശിപ്പായി ലഹളയ്ക്കു ശേഷമാണ്. ഹിന്ദു-മുസ്ലിം ഭിന്നിപ്പ് ബ്രിട്ടീഷ് ഭരണകൂടം ആയുധമാക്കുകയായിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിനായി അവർ  കണ്ടെത്തിയ ഒരു സ്ഥലമാണ് അയോധ്യ.

കെ. കെ. നായര്‍

1885 ൽ ബ്രിട്ടീഷ് ഭക്തനായ രഘുവീർദാസ് എന്ന ഒരു പൂജാരിയാണ് ഫൈസാബാദ് സബ് കോടതിയിൽ ഭജനത്തറമേൽ ഒരു ക്ഷേത്രം നിർമ്മിക്കാൻ അനുവാദം ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകിയത്. അദ്ദേഹം ആവശ്യപ്പെട്ട ഭജനത്തറ പള്ളിയുടെ തൊട്ടടുത്തായിരുന്നു. പള്ളിക്കു മുമ്പിൽ ക്ഷേത്രം വരുന്നത് ഹിന്ദു-മുസ്ലിം ഐക്യത്തിന് ഭദ്രമല്ലെന്ന് പറഞ്ഞ് സബ് ജഡ്ജിയായ ഹരികിഷൻ ശാസ്ത്രി ഹർജി തള്ളിക്കളഞ്ഞു. അതിനു ശേഷവും അയോധ്യയിൽ  തർക്കങ്ങളുണ്ടായില്ല. 1949 ന് ശേഷമാണ് അവിടെ പലതും നടന്നത്. 1949 ഡിസംബർ മാസം 22 വരെ മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നു. അന്നു രാത്രിയാണ് കെ.കെ. നായരുടെ നേതൃത്വത്തിൽ ചില തെളിവുകൾ നിർമ്മിക്കാൻ ശ്രമം തുടങ്ങിയത്. രാമൻ്റെയും സീതയുടെയും ബിംബങ്ങൾ പള്ളിയിൽ രഹസ്യമായി സ്ഥാപിച്ചു. ഇതിൻ്റെ പുറകിൽ പ്രവർത്തിച്ചത് ജനസംഘ പ്രവർത്തകരായിരുന്നു. രാത്രിയുടെ മറവിൽ രഹസ്യമായി പളളിയ്ക്കകത്ത് ബിംബ പ്രതിഷ്ഠ നടത്തിക്കൊണ്ടാണ് ഈ തർക്കം ഉത്ഭവിക്കുന്നത്. ആപത്ത് മനസ്സിലാക്കിയ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പള്ളി പൂട്ടിയിടാൻ ആവശ്യപ്പെട്ടു. തുടർന്നാണ് സംഘപരിവാറിൻ്റെ നേതൃത്വത്തിൽ അതൊരു രാഷ്ട്രീയ പ്രശ്നമായി ഉയർന്നു വന്നത്. ഈ യാഥാർത്ഥ്യം മറച്ചുവെച്ചു കൊണ്ട് അയോധ്യ പ്രശ്നത്തെ നോക്കിക്കാണാനാവില്ല.

എന്നാൽ 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി പള്ളി തകർക്കപ്പെട്ടു എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതാരുടെ നേതൃത്വത്തിൽ എന്നതും നമുക്കെല്ലാമറിയാം. അതൊരു വലിയ കുറ്റകൃത്യമായിരുന്നു എന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്. ആ തകർക്കപ്പെടലിൽ ഒരു സമുദായത്തിന് മുറിവേൽക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെ വേദനിക്കപ്പെട്ട സമൂഹത്തിന് സാന്ത്വനമേകേണ്ടത് രാഷ്ട്രമാണ്. അത് ഭരണഘടനാ ധാർമ്മികതയുടെ ബാധ്യതയാണ്. ഭരണഘടനയ്ക്ക് വിശ്വാസത്തിൻ്റെ പേരിലോ, മതത്തിൻ്റെ പേരിലോ വേർതിരിവ് സാധ്യമല്ലല്ലോ. അത്തരം വിശ്വാസങ്ങൾ ലംഘിക്കപ്പെടുകയാണ്. മുറിവുകൾ ഉണങ്ങാതെ നിലനിർത്തണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

ബാബർ ചക്രവർത്തിയുടെ വിൽപത്രത്തിലെ ചില വരികൾ  സൂചിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. മകനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം എഴുതി: "മകനെ, വിവിധ മതത്തിൽപ്പെട്ട ജനങ്ങളാണ് ഇന്ത്യയിൽ ജീവിക്കുന്നത്. മതപരമായ പക്ഷപാതം നിൻ്റെ മനസ്സിനെ സ്വാധീനിക്കാൻ അനുവദിക്കരുത്. എല്ലാ ജനങ്ങളുടെയും മത ഭാവങ്ങളെയും ആചാരങ്ങളെയും സശ്രദ്ധം മാനിക്കണം… ആരുടെയും ആരാധനാലയങ്ങളെ നശിപ്പിക്കരുത്. എപ്പോഴും നീതിയെ ആദരിക്കുകയും സ്നേഹിക്കുകയും വേണം. ഇസ്ലാം മതാപ്രചാരണത്തിന് മറ്റായുധങ്ങളേക്കാള്‍ നല്ലത് സ്നേഹമാണെന്ന് ഓര്‍ക്കണം. നിൻ്റെ പ്രജകളുടെ വൈവിധ്യത്തെ ഋതുഭേദങ്ങളെപ്പോലെ കാണുക, അതിൽ രാഷ്ട്രീയത്തിൻ്റെ ഭേദങ്ങൾ ഉണ്ടാവരുത്. " ( Indian Islam : A Religious History of Islam in India. Murray T. Titus - Oxford University Press 1930 ) 

മതവും രാഷ്ട്രവും ഒന്നാണ് എന്ന തെറ്റായ സന്ദേശമാണ് പുതിയ 'രാമൻ്റെ' അയോധ്യയിൽ നിന്നുയരുന്നത്. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. അയോധ്യയിൽ പുതിയ രാമക്ഷേത്രത്തോടൊപ്പം പുതിയൊരു പള്ളിയും ഉയരുക എന്നത് ഏതൊരു മതേതര വാദിയുടെയും ആഗ്രഹമായിരുന്നു. വിശ്വാസിയുടെയും അവിശ്വാസിയുടെയും ആഗ്രഹം. അത് നടക്കാതെ പോയതിൽ ഓരോ ഇന്ത്യക്കാരും ദു:ഖിക്കേണ്ടതുണ്ട്. ചോദ്യം ബാക്കിയാവുന്നു. ബാബ്റി മസ്ജിദിനു പകരം വരേണ്ടിയിരുന്ന പള്ളി എപ്പോൾ? വർത്തമാനകാല ഇന്ത്യ ഉത്തരം തേടേണ്ടുന്ന ചോദ്യമാണിത്. നമ്മൾ ജീവിക്കാൻ വിധിക്കപ്പെട്ടത് ബാബറിൻ്റെ കാലത്തല്ലല്ലോ എന്നോർത്ത് പരിതപിക്കുക. മോദിയുടെ കാലത്ത് രാമഭജനയോടൊപ്പം ബാങ്ക് വിളി ഉയരുകയില്ല എന്ന യാഥാർത്ഥ്യത്തെ വേദനയോടെയും കരുതലോടെയും തിരിച്ചറിയുക. 

Comments