കന്നഡികര്‍ക്ക് ആരാണ് സിദ്ധരാമയ്യ

സിദ്ധരാമയ്യയുടെ രാഷ്ട്രീയജീവിതം തുടങ്ങുന്നത് എഴുപതുകളിലെ സോഷ്യലിസ്റ്റ് മൂവ്‌മെന്റില്‍നിന്നാണ്

പിന്നാക്കവിഭാഗമായ കുറുബ ഗൗഡ സമുദായത്തില്‍ ജനനം. പട്ടിണിയും ദാരിദ്ര്യവും അറിഞ്ഞനുഭവിച്ച ജീവിതം.

കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെയാണ് തുടങ്ങിയത്. 1983ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്ന് ആദ്യമായി എം.എല്‍.എയായി. പിന്നീടും, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗമായി തുടര്‍ന്നു.

ഹെഗ്‌ഡേ, എസ്.ആര്‍. ബൊമ്മേ, ജെ.എച്ച്. പട്ടേല്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. 1996ലും 2004ലും ഉപമുഖ്യമന്ത്രി.

2005ല്‍ എച്ച്.ഡി ദേവഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെുടര്‍ന്ന് ജെ.ഡി- എസില്‍നിന്ന് പുറത്താക്കപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളുടെ സംഘടനയുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും അതുപേക്ഷിച്ചു. പിന്നീട് കോണ്‍ഗ്രസിലെത്തി.

പിന്നാക്ക- ദലിത്- ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യരാഷ്ട്രീയം കര്‍ണാടക രാഷ്ട്രീയത്തില്‍ മുഖ്യ അജണ്ടയായത് സിദ്ധരാമയ്യയിലൂടെയാണ്. വികസനം, ക്ഷേമപദ്ധതികള്‍, സാമൂഹിക നീതി എന്നിവ അങ്ങനെയാണ് ഇത്തവണ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ അജണ്ടയായത്. ആ അജണ്ട രൂപപ്പെടുത്തിയത് സിദ്ധരാമയ്യയാണ്.

കര്‍ണാടകത്തിലെ മതരാഷ്ട്രീയത്തോട് അകലം പാലിച്ചുനിന്നാണ് അദ്ദേഹം തന്റെ സെക്യുലര്‍ നിലപാട് തുറന്ന് പ്രഖ്യാപിച്ചത്. റാഷനലിസ്റ്റ് എന്ന് തന്നെത്തന്നെ വിശേഷിപ്പിക്കുന്ന അദ്ദേഹം മതവിഭാഗങ്ങളുടെ മഠങ്ങളില്‍ തൊഴാനെത്താറില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് കാമ്പയിനിടെ ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ ബി.ജെ.പി അദ്ദേഹത്തെ 'തെരഞ്ഞെടുപ്പ് ഹിന്ദു' എന്ന് ആക്ഷേപിച്ചു.

മതപരമായ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പരസ്യമായി എതിര്‍ത്തു. ധനമന്ത്രിയായിരുന്നപ്പോള്‍, രാഹുകാലം നോക്കി ബജറ്റ് അവതരിപ്പിച്ച് വിശ്വാസികളായ പാര്‍ട്ടിക്കാരെ അദ്ദേഹം 'പരിഭ്രാന്ത'രാക്കിയിട്ടുണ്ട്.

ജീവിതത്തിലെ ഈ നിലപാട്, രാഷ്ട്രീയത്തിലും അദ്ദേഹം പിന്തുടര്‍ന്നു. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വക്ക് ബദല്‍ മൃദുഹിന്ദുത്വ ആണെന്ന കോണ്‍ഗ്രസ് ഉപായം സിദ്ധരാമയ്യ തിരസ്‌കരിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിനുപോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന, പാര്‍ട്ടിയുടെ വലിയ ബലങ്ങളെ അദ്ദേഹം വീണ്ടെടുത്തു.

കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയ ദലിത്- ബഹുജന്‍- ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിപ്രാതിനിധ്യത്തിലേക്ക് കൊണ്ടുവന്നത് സിദ്ധരാമയ്യയാണ്.

അത് വോട്ടുബാങ്ക് എന്ന നിലയ്ക്കല്ല. പകരം, സാമൂഹിക നീതിയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെയായിരുന്നു.

ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള കൃത്യമായ ആയുധം കോണ്‍ഗ്രസിന്റെ ആവനാഴിയില്‍ അവശേഷിക്കുന്നുണ്ടെന്ന് തെളിയിക്കുകയായിരുന്നു സിദ്ധരാമയ്യ.

അങ്ങനെ, വര്‍ഗീയമായി ചേരിതിരിയാന്‍ സാധ്യതയുണ്ടായിരുന്ന ഒരു തെരഞ്ഞെടുപ്പിനെ സെക്യുലര്‍ ബേസില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിന് കഴിഞ്ഞു.

വൈദിക ബ്രാഹ്‌മണ്യത്തെ എതിര്‍ത്ത് ഹിന്ദു മതത്തില്‍നിന്ന് പുറത്തുകടക്കാനുള്ള ലിംഗായത്തുകളുടെ സ്വത്വപ്രഖ്യാപനം ഹിന്ദുത്വക്ക് വലിയ തിരിച്ചടിയായിരുന്നു.

സിദ്ധരാമയ്യയുടെ മുന്‍ സര്‍ക്കാര്‍ ലിംഗായത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി നല്‍കിയ നടപടി ഹിന്ദുത്വയുടെ സ്വാംശീകരണ തന്ത്രങ്ങള്‍ക്കെതിരായ പ്രധാന നീക്കങ്ങളിലൊന്നായിരുന്നു.

കര്‍ണാടക കക്ഷിരാഷ്ട്രീയത്തിലെ സാമുദായിക ബലാബലങ്ങളെ വര്‍ഗീയമായി ചേരിതിരിക്കാനുള്ള ബി.ജെ.പി നീക്കത്തെ ഏറ്റവും സമര്‍ഥമായി ചെറുക്കാന്‍ കഴിഞ്ഞത് സിദ്ധരാമയ്യയുടെ ഇടപെടലുകളിലൂടെയാണ്.

ഇന്ത്യയില്‍ സമീപകാലത്തുണ്ടായ ഏറ്റവും ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പുഫലം സാധ്യമാക്കിയത് സിദ്ധരാമയ്യയുടെ ഇത്തരം രാഷ്ട്രീയനീക്കങ്ങളാണ്. രണ്ടു പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ സംഘടനാപരമായി ഏറ്റവും ഊര്‍ജം ചെലവഴിച്ച ഡി.കെ. ശിവകുമാറിനെക്കൊണ്ട് 'പാര്‍ട്ടിയുടെ വിശാല താല്‍പര്യം പരിഗണിക്കുന്നു' എന്ന് പറയിക്കാന്‍ തക്ക രാഷ്ട്രീയശേഷി കൂടിയാണ് സിദ്ധരാമയ്യ പുറത്തെടുത്തത്.

മികച്ച വായനക്കാരനും എഴുത്തുകാരനും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമാണ് ഈ 75 കാരന്‍. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.എസ്സി ബിരുദം. പിന്നീട് നിയമം പഠിച്ചു. രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളില്‍ പുസ്തകങ്ങളെഴുതി. ജീവിതപങ്കാളിയായ പാര്‍വതി മാധ്യമശ്രദ്ധയില്‍ വരാത്ത വ്യക്തിയാണ്. 2013ല്‍ ആദ്യമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അത് കാണാന്‍ പോലും അവരെത്തിയില്ല.

കര്‍ണാടകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി സിദ്ധരാമയ്യ വളര്‍ന്നുവന്നതിനുപുറകില്‍ആ രാഷ്ട്രീയവും ജീവിതവും സമാസമം ചേര്‍ന്നുനില്‍ക്കുന്നു.

Comments