നിതീഷ് കുമാറും തേജസ്വി യാദവും മഹാസഖ്യകാലത്ത്.

ബിഹാറിൽ
ഏത് മുന്നണി?
പ്രവചനം അസാധ്യമാക്കുന്ന
പോരാട്ടം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ നാളെ 121 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. രണ്ട് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച നിതീഷ് കുമാറിന്റെ എൻ.ഡി.എയും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മിലുള്ള മത്സരത്തിൽ ആർക്കാണ് സാധ്യത?- ഡോ. കുട്ടികൃഷ്ണൻ എ.പി. എഴുതുന്നു.

ത്തരേന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒട്ടേറെ സവിശേഷമായ ഘടകങ്ങൾ നിറഞ്ഞതാണ് ബീഹാറിലെ രാഷ്ട്രീയം. സ്ഥിരതയാർന്ന രാഷ്ട്രീയപക്ഷം സ്വീകരിക്കാൻ മടികാണിക്കുന്ന, വിവിധ ജാതിവിഭാഗങ്ങളുടെ പിന്തുണയോടെ ശക്തിപ്പെട്ട പ്രാദേശിക ശക്തികളാൽ നയിക്കപ്പെടുന്നതുമായ ബീഹാറിലെ രാഷ്ട്രീയമണ്ഡലം ചരിത്രപരമായി സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളാൽ അടിത്തറ പാകിയതാണ്.

സമീപകാല തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിൽ ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളും രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ, കർണാടക സംസ്ഥാനങ്ങളുമാണ് ബി ജെ പിക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളെന്നാണ് വ്യക്തമാകുന്നത്.

എന്നാൽ, ഹിന്ദി മേഖലയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ഇന്നുവരെ ബി ജെപി ക്ക് ഒറ്റക്ക് അധികാരത്തിലെത്താനായിട്ടില്ല എന്നതാണ് ബിഹാറിലെ മറ്റൊരു സവിശേഷ രാഷ്ട്രീയം. ഇതോടൊപ്പം ദേശീയ രാഷ്ട്രീയത്തിലെ ഒട്ടനവധി മാറ്റങ്ങൾക്ക് കാരണമാകുന്ന പല പോരാട്ടങ്ങൾക്കും സംഭവങ്ങൾക്കും ബീഹാർ കേന്ദ്രബിന്ദുവായിട്ടുണ്ടെന്ന ചരിത്രവസ്തുതകളും നിരവധിയാണ്. ഭരണകൂട അഴിമതിക്കും ദുർഭരണത്തിനുമെതിരെ "സമ്പൂർണ വിപ്ലവം" എന്ന മുദ്രാവാക്യമുയർത്തി സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പട്‌നയിൽ വളർന്നുവന്ന പ്രസ്ഥാനമാണ് 1975- ലെ അടിയാന്തിരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന് രാജ്യവ്യപകമായി തുടക്കം കുറിച്ചത്.

ജവഹർലാൽ നെഹ്രുവും ജയപ്രകാശ് നാരായണനും
ജവഹർലാൽ നെഹ്രുവും ജയപ്രകാശ് നാരായണനും

1977- ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. സ്വന്തം പാർട്ടിയിൽ നിന്നുപോലും ഒറ്റപ്പെട്ടുപോയതിനാൽ നാലുമാസത്തോളം പൊതുവേദിയിൽ വരാതെ മാറിനിൽക്കേണ്ടിവന്ന അവർ രാഷ്ട്രീയ തിരിച്ചുവരവിന് തിരഞ്ഞെടുത്ത ആദ്യ വേദി ബിഹാറിലെ ബെൽച്ചിയ ഗ്രാമമായിരുന്നു. മേൽജാതിക്കാരുടെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ദലിത് കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി പ്രതികൂല കാലാവസ്ഥയിലും ബെൽച്ചിയിൽ എത്തുകയും രാജ്യത്തോട് പ്രതികരിക്കുകയും ചെയ്തത് അക്കാലത്തെ പ്രധാന വാർത്തയായിരുന്നു.

ബിഹാറിലെ ബെൽച്ചിയ ഗ്രാമത്തിൽ 1977- ൽ നടന്ന ദലിത് കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ ഇന്ദിരാഗാന്ധി പ്രതികൂല കാലാവസ്ഥമൂലം ആനപ്പുറത്ത് സഞ്ചരിക്കുന്നു
ബിഹാറിലെ ബെൽച്ചിയ ഗ്രാമത്തിൽ 1977- ൽ നടന്ന ദലിത് കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധിക്കാനെത്തിയ ഇന്ദിരാഗാന്ധി പ്രതികൂല കാലാവസ്ഥമൂലം ആനപ്പുറത്ത് സഞ്ചരിക്കുന്നു

രാജ്യത്തെ മതനിരപേക്ഷത സ്വഭാവത്തിന് കടുത്ത വെല്ലുവിളിയുയർത്തിയ ബാബ്‌റി മസ്ജിദ് പ്രശ്നം രാജ്യമാകെ വ്യാപിപ്പിക്കാൻ ബി ജെ പി നേതാവ് എൽ.കെ. അദ്വാനി നടത്തിയ അയോധ്യ രഥയാത്രയെ പ്രതിരോധിക്കുന്ന കാര്യത്തിലും ബിഹാറിന് സവിശേഷസ്ഥാനമാണുണ്ടായിരുന്നത്. ബിഹാറിൽ അക്കാലത്തെ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് സമസ്തിപുരിൽവെച്ച് അയോധ്യ രഥയാത്ര നിർത്തിവെപ്പിച്ചതും അദ്വാനിയെ അറസ്റ്റു ചെയ്ത സംഭവങ്ങളും ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവമായിരുന്നു.

എൽ. കെ. അദ്വാനി അയോദ്ധ്യ രഥയാത്രയിൽ
എൽ. കെ. അദ്വാനി അയോദ്ധ്യ രഥയാത്രയിൽ

ബിഹാർ: ജനസംഖ്യാ വിവരങ്ങൾ

രാജ്യജനസംഖ്യയുടെ ഏതാണ്ട് ഒമ്പതു ശതമാനത്തോളം ജനങ്ങളുള്ള ബീഹാറിൽ 2023- ലെ റിപ്പോർട്ടു പ്രകാരം 13.07 കോടിയാണ് ജനസംഖ്യ. 2023- ലെ ജാതി സെൻസസ് റിപ്പോർട്ടു പ്രകാരം ജനസംഖ്യയുടെ 83 ശതമാനത്തോളം ഹിന്ദുക്കളും 16.9 ശതമാനം മുസ്ലീം വിഭാഗവുമാണ്. കിഷൻഗഞ്ച്, കതിഹാർ, അരാരിയ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മുസ്ലിംകൾ. കിഷൻഗഞ്ച് മുസ്ലീം ഭൂരിപക്ഷ ജില്ലയാണ്.

ജനസംഖ്യയുടെ 63 ശതമാനത്തോളം പേരും പിന്നാക്ക വിഭാഗത്തിലും (OBC) വളരെ പിന്നാക്കാവസ്ഥയിലുമുള്ളവരാണ് (EBC). 16 ശതമാനത്തോളമാണ് ഉയർന്ന ജാതിവിഭാഗത്തിലുള്ളവർ.

OBC വിഭാഗമായ യാദവ് ജാതിയിൽപെട്ടവരാണ് ഏകദേശം 14.25 % പേരും. ഏതാണ്ട് 4.20 ശതമാനം കുശ്‌വാ വിഭാഗത്തിലും 2.90 ശതമാനം കുർമി വിഭാഗത്തിലും 2.30 ശതമാനം ബനിയ വിഭാഗത്തിലുമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗങ്ങളാണ് സാമൂഹിക- സാമ്പത്തിക നില മെച്ചപ്പെട്ട OBC വിഭാഗക്കാരെന്ന് കണക്കാക്കാം.

ആദ്യ കാല ജനവിധികൾ

സ്വാതന്ത്ര്യത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ശ്രീകൃഷ്ണ സിൻഹയായിരുന്നു. ഭൂമിഹാർ വിഭാഗത്തിൽപെട്ട സിൻഹ 1961വരെയാണ് മുഖ്യമന്ത്രിയായി തുടർന്നത്. ബിഹാർ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളമുള്ള ഭൂമിഹാർ വിഭാഗം കോൺഗ്രസിന് ആധിപത്യമുണ്ടായ കാലത്തെല്ലാം പാർട്ടിയിലും ഭരണത്തിലും ഗണ്യമായ സ്വാധീനമുള്ളവരായിരുന്നു. പരമ്പരാഗത ഭൂവുടമകളായിരുന്ന ഭൂമിഹാർ വിഭാഗത്തിലെ വലിയ ശതമാനം പേരും സാമൂഹ്യ മേഖലയിലെ മാറ്റത്തിന്റെ ഭാഗമായി സമീപകാലത്ത് സാമ്പത്തിക ദുരിതം നേരിടുന്നവരായി മാറിയിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ ഭൂമിഹാർ വിഭാഗത്തിനുള്ള രാഷ്ട്രീയമേൽക്കൈ പതുക്കെ കുറഞ്ഞുവന്നു.

ഹോക്കി കളിക്കാരനെന്ന നിലയിൽ സജീവമായിരുന്ന ജയ് പാൽ സിംഗ് മുണ്ട നേതൃത്വം കൊടുത്ത ജാർഖണ്ഡ് പാർട്ടിയായിരുന്നു ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസിന് വെല്ലുവിളിയുർത്തിയ പ്രതിപക്ഷ പാർട്ടി. എങ്കിലും 1963-ൽ മുണ്ടയുടെ പാർട്ടി കോൺഗ്രസിൽ ലയിച്ചതോടെ മറ്റു ചെറു പാർട്ടികളാണ് പ്രതിപക്ഷ സ്ഥാനം ഏറ്റെടുത്തത്.

ഭൂപരിഷ്കരണത്തിലുണ്ടായ പരാജയങ്ങളും കാർഷിക പ്രതിസന്ധിയും സാമൂഹിക- സാമ്പത്തിക അസമത്വം വർധിപ്പിച്ചു. രണ്ടു ദശാബ്ദത്തിനുള്ളിൽ കാർഷിക- തൊഴിൽ മേഖലയിലെ അസ്വാരസ്യം രൂക്ഷമാകുകയും പിന്നാക്കം നിൽക്കുന്ന താഴ്ന്ന ജാതി വിഭാഗക്കാരും ഉയർന്ന ജാതിക്കാരായ ഭൂവുടമകളും തമ്മിൽ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ‘കൃഷിക്കാർക്ക് ഭൂമി’ എന്ന മുദ്രാവാക്യവുമായി കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നു. നിർബന്ധിത വിവാഹം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടങ്ങിയവ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങളും ശക്തിപ്രാപിച്ചു. അതോടൊപ്പം, തീവ്രനിലപാടുകൾ സ്വീകരിച്ച നക്സലൈറ്റ് പ്രസ്ഥാനവും സംസ്ഥാനത്ത് ശക്തിപ്പെട്ടതും ഈ അവസരത്തിലാണ്.

ഇത്തരം പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ വളർന്നുവന്ന രാഷ്ട്രീയ അവബോധത്തിന്റെ ഫലമായി ശക്തി പ്രാപിച്ച പിന്നാക്ക ജാതി വിഭാഗങ്ങൾ രാഷ്ട്രീയമായി മേൽക്കൈ സ്ഥാപിക്കാൻ തുടങ്ങിയത് 1967-ലെ തിരഞ്ഞെടുപ്പോടു കൂടിയാണ്. 1967- ലെ തിരെഞ്ഞെടുപ്പിൽ രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലുമെന്നപോലെ ബിഹാറിലും കോൺഗ്രസ് സംസ്ഥാനഭരണത്തിൽനിന്ന് പുറത്തായി. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, പി എസ്‌ പി, ജനസംഘം, ജൻ ക്രാന്തി ദൾ, കമ്യൂണിസ്റ്റു പാർട്ടികൾ എന്നിവർ ചേർന്ന് രൂപീകരിച്ച കോൺഗ്രസിതര മുന്നണിയായ സംയുക്ത വിധായക് ദളിന് ഭൂരിപക്ഷം ലഭിക്കുകയും ആദ്യ കോൺഗ്രസ്സിതര മന്ത്രിസഭ ബിഹാറിൽ അധികാരത്തിലെത്തുകയും ചെയ്തു.

ശ്രീകൃഷ്ണ സിൻഹയും ജവഹലാൽ നെഹ്‌റുവും
ശ്രീകൃഷ്ണ സിൻഹയും ജവഹലാൽ നെഹ്‌റുവും
ആദിവാസി നേതാവും 1928- ലെ ആംസ്റ്റർഡാം  ഒളിമ്പിക്സിലെ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ ജയ്പാൽ മുണ്ടെ
ആദിവാസി നേതാവും 1928- ലെ ആംസ്റ്റർഡാം ഒളിമ്പിക്സിലെ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ ജയ്പാൽ മുണ്ടെ

ജൻ ക്രാന്തി ദൾ നേതാവായ മഹാമായ പ്രസാദ് സിംഗ് മുഖ്യമന്ത്രിയായ ഈ ചെറിയ കാലഘട്ടവും അടിയന്തരാവസ്ഥക്കുശേഷം 1977-80- ൽ സോഷ്യലിസ്റ്റ് നേതാവ് കർപൂരി താക്കൂർ മുഖ്യമന്ത്രിയായ ജനതാപാർട്ടി സർക്കാർ കാലഘട്ടവും മാറ്റിനിർത്തിയാൽ 1989- വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആധിപത്യത്തിലായിരുന്നു ബീഹാർ. സാമൂഹ്യ-വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സംവരണത്തെക്കുറിച്ചു പഠിക്കാൻ ജനതാപാർട്ടി സർക്കാർ 1979-ൽ രൂപീകരിച്ച കമ്മീഷൻ ചെയർമാനായിരുന്ന ബി.പി. മണ്ഡൽ, കോൺഗ്രസ് നേതാവ് ജഗനാഥ് മിശ്ര, റാം സുന്ദർ ദാസ്, സത്യേന്ദ്ര നാരായൺ സിൻഹ തുടങ്ങിയവരാണ് ഈ കാലഘട്ടത്തിലെ മുഖ്യമന്ത്രിമാരായ പ്രമുഖർ.

ലാലുപ്രസാദ് യാദവും നിതീഷ് കുമാറും

കോൺഗ്രസ് ഭരണകാലത്തെ അഴിമതി, തൊഴിലില്ലായ്മ, ദുർഭരണം എന്നിവയ്‌ക്കെതിരെ സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ ജയപ്രകാശ് നാരായൻ ‘സമ്പൂർണ വിപ്ലവം’ എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികളെ അണിനിരത്തി 1970- കളിൽ നടത്തിയ സമരം ബിഹാറിൽ നിന്നാണ് തുടക്കമിട്ടത്. അദ്ദേഹം നേതൃത്വം കൊടുത്ത പോരാട്ടങ്ങളിലെ മുന്നണിപ്പോരാളികളായിരുന്നു ബിഹാറിലെ അക്കാലത്തെ വിദ്യാർത്ഥി-യുവജന നേതാക്കളായിരുന്ന ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, ശരദ് യാദവ് തുടങ്ങിയവർ. വിദ്യാർത്ഥി പ്രസ്ഥാനകാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ച ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മിൽ അടുത്തും അകന്നുമുള്ള രാഷ്ട്രീയ ബന്ധങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ രാഷ്ട്രീയ നിലപാടുകൾ പ്രാദേശിക ദേശീയ രാഷ്ട്രീയത്തെ പലഘട്ടങ്ങളിലും സ്വാധീനിച്ചിട്ടുമുണ്ട്. 1977- ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ജനതാപാർട്ടി പിളർന്നതിനെത്തുടർന്ന് രൂപീകരിക്കപ്പെട്ട വിവിധ വിഭാഗങ്ങളായ ജനതാദൾ, സമതാപാർട്ടി, രാഷ്ട്രീയ ജനതാദൾ (RJD) ജനതാദൾ യുനൈറ്റഡ് (JD-U) പാർട്ടികൾ മിക്ക സംസ്ഥാനങ്ങളിലും ദുർബലമായെങ്കിലും ലാലു പ്രസാദ് യാദവിന്റേയും നിതീഷ് കുമാറിന്റെയും നേതുത്വത്തിൽ ബിഹാറിൽ ശക്തിപ്പെടുകയാണുണ്ടായത്.

ബിഹാറിലെ പ്രബല പിന്നാക്ക ജാതിവിഭാഗങ്ങളായ യാദവരുടെയും കുർമികളുടെയും പിന്തുണ ലഭിച്ചിരുന്ന ലാലു പ്രസാദും നിതീഷ് കുമാറും മുന്നോട്ടുവെച്ച സംവരണനയവും മണ്ഡൽ രാഷ്ട്രീയ മുദ്രാവാക്യവുമാണ് മുന്നോക്ക വിഭാഗം ജനങ്ങളെ പ്രതിനിധീകരിച്ചിരുന്ന ബി ജെ പിക്ക് സംസ്ഥാനത്ത് മേൽക്കൈ ലഭിക്കുന്നതിന് തടസ്സമായി നിന്നത്. അതുകൊണ്ടുതന്നെ ഭാരതീയ ജനതാ പാർട്ടി ഹിന്ദുത്വ അജണ്ടയിലൂന്നിയ പ്രവർത്തനത്തിലൂടെ അവർക്കനുകൂലമാകുന്ന രാഷ്ട്രീയാന്തരീക്ഷം 1990- കൾക്കുശേഷം ഉത്തർപ്രദേശിലും മറ്റു സമീപ സംസ്ഥാനങ്ങളിലും സൃഷ്ടിച്ചെങ്കിലും ബിഹാറിൽ ആ തന്ത്രം വിജയിപ്പിക്കാൻ കഴിഞ്ഞില്ല. അതോടൊപ്പം നെഹ്‌റു - ഇന്ദിരാഗാന്ധി കാലഘട്ടങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെയും മുസ്ലിം ജനവിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചുകൊണ്ടിരുന്ന ദേശീയ പാർട്ടിയായ കോൺഗ്രസ്സാകട്ടെ ക്രിയാത്മകമായ രാഷ്ട്രീയം പ്രവർത്തനം നടത്താൻ ശ്രമിക്കാതെ ബി ജെ പിക്കും ജനതാദൾ വിഭാഗങ്ങൾക്കുമിടയിൽ ഞെരുങ്ങി അമരുന്ന കാഴ്‌ചയുമാണ് പിന്നീട് കാണാൻ കഴിഞ്ഞത്.

ഈ സാഹചര്യത്തിൽ യാദവ, മുസ്ലീം, മറ്റ് OBC വിഭാഗങ്ങളുടെ പിന്തുണയോടെ ജനതാ പാർട്ടിയുടെ വിവിധ വിഭാഗങ്ങളും ഉയർന്ന ജാതിയിൽപെട്ടവരുടെ പിന്തുണയോടെ ബി.ജെ.പിയും മൂന്നു പതിറ്റാണ്ടായുള്ള ലോകസഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെ നിഷ്പ്രഭമാക്കി ഭൂരിപക്ഷം സീറ്റുകളും കയ്യടക്കികൊണ്ടിരിക്കയാണ്. 1995-നുശേഷമുള്ള ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കക്ഷി നില പരിശോധിച്ചാൽ വ്യക്തമാകുന്നത് നിയമസഭയിലെ ഏതാണ്ട് പത്തുശതമാനം സീറ്റുകളായ 30- സീറ്റിൽ കൂടുതൽ കോൺഗ്രസിന് നേടാൻ കഴിഞ്ഞില്ല എന്നാണ്.

(*2000 ൽ ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന് ശേഷം ബീഹാർ നിയമസഭയുടെ അംഗബലം 243)
(*2000 ൽ ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന് ശേഷം ബീഹാർ നിയമസഭയുടെ അംഗബലം 243)

ചരിത്രത്തിലാദ്യമായി ബീഹാർ നിയമസഭയിൽ യാദവ വിഭാഗത്തിന് മേൽക്കൈ ലഭിച്ചത് 1990-ലെ തിരഞ്ഞെടുപ്പിലായിരുന്നു. യാദവ വിഭാഗത്തിൽപെട്ട ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായി. കാലിത്തീറ്റ അഴിമതി ആരോപണങ്ങളാൽ കലുഷിതമായ ലാലുവിൻ്റെ ഭരണകാലത്താണ് വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ജനതാദൾ പിളർപ്പ് നേരിട്ടത്. അഴിമതിയാരോപണത്തെത്തുടർന്നു മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കാൻ ജനതാ ദൾ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ലാലു പ്രസാദ് യാദവ് 1997- ൽ പുതിയ രാഷ്ട്രീയ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ രൂപീകരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട കോടതി ഇടപെടലും തുടർന്നുള്ള നിയമപ്രശ്നവും മൂലം രാജിവെക്കേണ്ടിവന്ന ലാലുപ്രസാദ് യാദവ് ജീവിതപങ്കാളി റാബ്രിദേവിയെ 1997-2000, 2000 -05 വരെയുള്ള കാലഘട്ടത്തിൽ മുഖ്യമന്ത്രിയാക്കി.

എൻ ഡി എയും നിതീഷ് കുമാറും

ലാലുപ്രസാദ് യാദവ്- റാബ്രിദേവി ഭരണകാലത്ത് പിന്നാക്ക വിഭാഗങ്ങളായ കുശ്‌വാ, കുർമി വിഭാഗങ്ങൾ അവഗണിക്കപ്പെട്ടതായുള്ള തോന്നൽ അവരുടെയിടയിൽ വർധിച്ചുവന്നിരുന്നു. ഇതുകാരണം ഈ വിഭാഗങ്ങൾ പതുക്കെ ഉയർന്ന ജാതി വിഭാഗവുമായി സഹകരിക്കാൻ തയ്യാറായി. ഈ പശ്ചാത്തലത്തിലാണ് കുശ്‌വ, കുർമി ജാതിവിഭാഗത്തിന്റെ പിന്തുണയോടെ പുതിയ രാഷ്ട്രീയ പാർട്ടിയായ സമത പാർട്ടി 1994- ലും പിന്നീട് ശരദ് യാദവ് നയിച്ച ജനതാദൾ വിഭാഗവുമായി യോജിച്ച് 2003- ൽ ജനതദൾ യുണൈറ്റഡ് പാർട്ടിയും കുർമി വിഭാഗത്തിലെ പ്രബലനായ നിതീഷ് കുമാർ രൂപീകരിക്കുന്നത്.

1996 ലെ പൊതുതിരഞ്ഞെടുപ്പ് മുതലാണ് സമത പാർട്ടിയിലെ നിതീഷ് കുമാർ ബി ജെ പിയുമായി സഹകരിക്കാൻ തയ്യാറായതും കേന്ദ്രത്തിലെ അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയാകുകയും ചെയ്തത്. അതിനുശേഷം 2005 ലാണ് ബീഹാർ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.- ജെ.ഡി.(യു) മുന്നണിയായി മത്സരിച്ചു വിജയിച്ചത്. നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അന്ന് കൂട്ടുകക്ഷി ഭരണം അധികാരമേറ്റു. 2010- ൽ വീണ്ടും അധികാരത്തിലെത്തിയ ബി.ജെ.പി.- ജെ.ഡി.(യു) മുന്നണിയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടർന്നെങ്കിലും 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ ബി ജെ പി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ബി ജെ പിയുമായുള്ള സഖ്യം 2013 ജൂണിൽ ഉപേക്ഷിച്ചു.

എന്നാൽ 'മോദി തരംഗ'വും ഭരണവിരുദ്ധ വികാരത്തിന്റെയും ഫലമായി 2014- ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ ജെഡി-യുവിന് 40-ൽ രണ്ടു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം ജെ.ഡി-യുവിന്റെ പിന്തുണയില്ലാതെ മത്സരിച്ച ബി ജെ പി നേതൃത്വത്തിലുള്ള സഖ്യമാകട്ടെ 31 സീറ്റുകളിലും വിജയിച്ചു.

ബി ജെ പിയിൽ നിന്നേറ്റ കനത്ത പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് നിതീഷ്‌കുമാർ 2015- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലാലുപ്രസാദിന്റെ RJD-യുമായി സഖ്യത്തിലേർപ്പെട്ടു. 2015- ൽ ജെ.ഡി-യു-ആർ ജെ ഡി, കോൺഗ്രസ് മഹാസഖ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി അധികാരത്തിലെത്തി. എന്നാൽ 2017 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന്, നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് എൻ ഡി എയിലേക്ക് മടങ്ങുകയും ബി ജെ പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.

ബി ജെ പി യുമായി സഖ്യത്തിലായ ജെ.ഡി-യു 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. ബി ജെ പി- ജെ.ഡി-യു നയിക്കുന്ന എൻ‌ ഡി‌ എയും ആർ ജെ ഡി - കോൺഗ്രസ് നയിക്കുന്ന മഹാസഖ്യവും 2020- ൽ ഏതാണ്ട് തുല്യ വോട്ടു വിഹിതമാണ് (37.2% വോട്ട് വിഹിതം) നേടിയെതെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ എൻ ഡി എ മുന്നിലെത്തുകയാണുണ്ടായത്.

(*ബ്രാക്കറ്റിൽ 2015 ലെ സീറ്റുകളും  വോട്ടുവിഹിതവും)
(*ബ്രാക്കറ്റിൽ 2015 ലെ സീറ്റുകളും  വോട്ടുവിഹിതവും)

2025- ലെ നിയമസഭാ തിരഞ്ഞെടുപ്പ്

2025- ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർ പട്ടിക സംബന്ധിച്ച് ഒട്ടനവധി വിവാദങ്ങൾ ദേശീയ തലത്തിലടക്കം ചർച്ച ചെയ്യപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ ബീഹാർ രാഷ്ട്രീയം ദേശീയതലത്തിൽ ഏറെ ചർച്ചയായതാണ്. പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽനിന്ന് 65 ലക്ഷത്തോളം പഴയ വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിയാലോചനകളില്ലാതെ നടത്തിയ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ആർ ജെ ഡി യുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ “ഇന്ത്യ മുന്നണി” നടത്തിയ പ്രോക്ഷോഭവും കോടതി ഇടപെടലും ബിഹാറിൽ വലിയ ചലങ്ങളുണ്ടാക്കിയെന്നു മാത്രമല്ല, പ്രതിപക്ഷ കക്ഷികളുടെ യോജിപ്പിനും കാരണമായി.

കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബിഹാറിലെ എൻ‌ ഡി‌ എയാകട്ടെ ഒട്ടേറെ പ്രതിസന്ധികളാണ് ഇപ്പോൾ നേരിടുന്നത്. മുഖ്യമന്ത്രിയായ നിതീഷ് കുമാർ നിയമസഭാ തിരെഞ്ഞെടുപ്പിൽ എൻ ഡി എക്ക് ഒരേസമയം രാഷ്ട്രീയഗുണവും ബാധ്യതയുമാണെന്നതാണ് വിലയിരുത്തൽ. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളും സമീപകാല വാക്ക് പിഴവുകളും കൂടാതെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹത്തെ അംഗീകരിക്കാൻ ബി ജെ പി വിസമ്മതിക്കുന്നതായുള്ള അണിയറചർച്ചകളും നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പിരിമുറുക്കമാണ് ബി ജെ പിക്കും കൂട്ടർക്കും സൃഷ്ടിച്ചിരിക്കുന്നത്.

അതോടൊപ്പം ചെറിയ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജന ചർച്ചകളിൽ തികച്ചും അസംതൃപ്തരുമാണ്. 2024-ൽ ചിരാഗിന്റെ പാർട്ടി മത്സരിച്ച അഞ്ച് ലോക്‌സഭാ സീറ്റുകളിലും വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ 243 നിയമസഭാ സീറ്റുകളിൽ ഗണ്യമായ പങ്ക്, 40 സീറ്റുകൾ വരെ, ആവശ്യപ്പെട്ടെങ്കിലും എൻ ഡി എ നേതൃത്വം അത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. മഹാ ദലിത് ജാതിയിൽ വലിയ സ്വാധീനമുള്ള ജിതൻ റാം മാഞ്ചിയാവട്ടെ ഗയയിലെയും ഔറംഗാബാദിലെയും ലോക് സഭ മണ്ഡലത്തിൽപെട്ട എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും അവയും അംഗീകരിക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കഴിഞ്ഞ കാലങ്ങളിൽ കണ്ടുകൊണ്ടിരുന്ന ബീഹാറിലെ രാഷ്ട്രീയ മലക്കം മറിച്ചിലുകളുടെയും രാഷ്ട്രീയ വഞ്ചനകളുടെയും നേതാക്കളുടെ വ്യക്തിപരമായ അഭിലാഷങ്ങളുടെയും കഥ തിരഞ്ഞെടുപ്പിന്‌ ശേഷവും തുടരാൻ സാധ്യതയേറെയെന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

ഇത്തരം സാഹചര്യത്തിൽ ബി ജെ പിയുടെ വിജയം ജെ.ഡി- യു അടക്കമുള്ള സഖ്യകക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും ഐക്യത്തെയുമാണ് കൂടുതലും ആശ്രയിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യവും വോട്ടർ പട്ടിക വിവാദവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ആർ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വവും ബിഹാറിൽ ഇന്ത്യ മുന്നണിക്ക് ഗുണം ചെയ്യുമെന്ന തോന്നലാണ് പൊതുവെ. എന്നാൽ മത്സരിക്കുന്ന സീറ്റുകളെ ചൊല്ലി ദേശീയ കക്ഷിയായ കോൺഗ്രസിൽനിന്ന് ഉയർന്നുവന്ന അവകാശവാദങ്ങളും ചില മണ്ഡലങ്ങളിൽ സ്വന്തം നിലക്ക് സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കുന്നതും ആർ ജെ ഡി മുന്നണിയുടെ ഐക്യത്തിനെ ബാധിക്കുമെന്ന സംശയം നിലനിൽക്കുന്നുണ്ട്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

തിരഞ്ഞെടുപ്പിന് മുൻപ് നടന്ന പല അഭിപ്രായ സർവ്വേകളും നിതീഷ്‌കുമാർ നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ തിരിച്ചുവരവാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും സമീപകാലത്ത് നടന്ന ചില സർവേകൾ നിതീഷ്‌കുമാറിന്റെ ജെ.ഡി-യുവിന് കാര്യമായ സീറ്റുനഷ്ടം ഉണ്ടാകുമെന്നും സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഭരണത്തിനടക്കം ഇളക്കം തട്ടാൻ സാധ്യതയുള്ള ബീഹാർ തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്കനുകൂലമാക്കാൻ വ്യാപക പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേതൃത്വം കൊടുക്കുന്നത്. എങ്കിലും കേന്ദ്രം ഭരിക്കുന്ന എൻ ഡി എ മുന്നണിക്ക് ബിഹാറിൽ അധികാരത്തിൽ തിരിച്ചുവരാൻ സാധ്യത കുറവാണെന്നതാണ് അവിടെ നിന്നു ലഭിക്കുന്ന രാഷ്ട്രീയ സൂചനകൾ.

Comments