മഹുവ മൊയ്ത്ര

മഹുവയെ ബി.ജെ.പിക്ക് എന്താണിത്ര പേടി?

മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കാൻ നിർദേശിക്കുന്ന പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരടു റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള നടപടി, നാളുകളായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്ന ഗൂഢപദ്ധതിയുടെ തുടർച്ചയാണ്. ഇതോടെ മഹുവ എം.പിയായി തുടരുന്ന കാര്യം സംശയകരമായിരിക്കുകയാണ്.

ലോക്സഭയിലും പുറത്തും കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രതിക്കൂട്ടിലാക്കുംവിധം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്ന മഹുവ മൊയ്ത്ര ആരാണ്? എന്തുകൊണ്ടാണ് അവരെ ബി.ജെ.പിക്ക് ഇത്ര പേടി?

മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കാൻ നിർദേശിക്കുന്ന പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരടു റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള നടപടി, നാളുകളായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്ന ഗൂഢപദ്ധതിയുടെ തുടർച്ചയാണ്. എത്തിക്സ് കമ്മിറ്റിയുടെ കരടു റിപ്പോർട്ടിന് ഇന്ന് ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. ഇതോടെ മഹുവ എം.പിയായി തുടരുന്ന കാര്യം സംശയകരമായിരിക്കുകയാണ്. റിപ്പോർട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കൈമാറും. സ്പീക്കറുടെ തീരുമാനം നിർണായകമാണ്. കമ്മിറ്റിയിലെ നാല് അംഗങ്ങൾ റിപ്പോർട്ടിനെ എതിർത്തു. കോൺഗ്രസ് അംഗമായ പ്രണീത് കൗർ അടക്കം ആറുപേർ റിപ്പോർട്ടിന് അനുകൂലമായി വോട്ട് ചെയ്തു. അപരാജിത സാരംഗി, രാജ്ദീപ് റോയ്, സുമേദാനന്ദ് സരസ്വതി, പ്രണീത് കൗർ, വിനോദ് സോങ്കർ, ഹേമന്ദ് ഗോദ്സേ എന്നിവരാണ് റിപ്പോട്ടിന് അനുകൂലമായി വോട്ട് ചെയ്തത്. എത്തിക്സ് കമ്മിറ്റിയിൽ ബി.ജെ.പി അംഗങ്ങൾക്കാണ് ഭൂരിപക്ഷം. ബി.ജെ.പി എം.പി വിനോദ്കുമാർസോങ്കർ ആണ് ചെയർമാൻ. മഹുവയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റിയിലെ 11 അംഗങ്ങൾ ചെയർമാന് കത്തുനൽകിയിരുന്നു.

ബി.ജെ.പി എം.പി വിനോദ്കുമാർ സോങ്കർ

ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നത്. മഹുവയുടെ പ്രവൃത്തി കടുത്ത ശിക്ഷ അർഹിക്കുന്നതാണെന്നായിരുന്നു എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട്. ചോദ്യം ചോദിക്കുന്നതിൽനിന്ന് വിലക്കാൻ മഹുവയുടെ മേൽ പലതരം സമ്മർദങ്ങൾ ചെലുത്തിയെങ്കിലും അവ ഫലിക്കാതായതോടെയാണ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയെ രംഗത്തിറക്കിയത്. വ്യക്തിപരമായി ആക്ഷേപിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നുവെന്നാരോപിച്ച് അവർ എത്തിക്‌സ് കമ്മിറ്റിയുടെ സിറ്റിംഗിൽനിന്ന് ഇറങ്ങിപ്പോന്നിരുന്നു.

ഹിരാനന്ദാനിയിൽനിന്ന് കോഴ വാങ്ങിയതിന് ഒരു തെളിവുപോലും ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, പരാതിക്കാരനായ ബി.ജെ.പി എം.പിക്കെതിരെ, അക്കാദമിക രേഖകൾ വ്യാജമായി ചമച്ചതിന് മഹുവ ലോക്‌സഭയിൽ പ്രത്യേകാവകാശപ്രകാരം പ്രമേയം നൽകിയിരുന്നു. നിഷികാന്ത് ദുബെയുടെ എം.ബി.എ വ്യാജമാണെന്നായിരുന്നു അവരുടെ പരാതി. ഇതിന്റെ പ്രതികാരമായാണ് തനിക്കെതിരായ പരാതി എന്നും മഹുവ ആരോപിക്കുന്നു.

ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനി

നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്റെ പിന്നാമ്പുറങ്ങളെ തുറന്നുകാട്ടുന്ന മൂർച്ചയേറിയ ചോദ്യങ്ങൾ ചോദിക്കും മുമ്പ് അവർ ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന ഫാഷിസ്റ്റ് നടപടികളെ തുറന്ന് വിമർശിച്ചിരുന്നു. ഹിംസാത്മക ദേശീയത, പൗരത്വ രജിസ്റ്റർ, മാധ്യമവേട്ട, മതവർഗീയത, ഇലക്ടൽ സംവിധാനത്തിലെ വീഴ്ച, മനുഷ്യാവകാശ ലംഘനം, സുരക്ഷയുടെ പേരിലുള്ള ആക്രമണങ്ങൾ തുടങ്ങി, കേന്ദ്ര സർക്കാർ പിന്തുടരുന്ന ഫാഷിസ്റ്റ് അടയാളങ്ങളെ മഹുവ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ച പോസ്റ്ററിൽ സൂചിപ്പിച്ച ഫാഷിസത്തിന്റെ പ്രാരംഭ ലക്ഷണങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു മഹ്‌വയുടേത്. ഈ വിമർശനങ്ങളുടെ തുടർച്ചയെന്ന നിലയ്ക്കാണ് മോദി ഭരണകൂടത്തിന്റെ ക്രോണി കാപ്പിറ്റലിസത്തെ അവർ പാർലമെന്റിലേക്ക് കൊണ്ടുവരുന്നത്. അദാനി- മോദി ബന്ധത്തിനുപുറകിലുള്ള താൽപര്യങ്ങളെയും ദൂരൂഹതകളെയും പുറത്തുകൊണ്ടുവരാൻ മഹുവ മൊയ്ത്ര ലോക്‌സഭയിലും പുറത്തും നടത്തിയ ഇടപെടലുകൾ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തലവേദന സൃഷ്ടിച്ചിരുന്നു.

അദാനിക്കെതിരായ ചോദ്യങ്ങൾ തുടരുമെന്ന് രജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിൽ മഹുവ വ്യക്തമാക്കുന്നു: ''ബി.ജെ.പിയുടെ സഹായത്തോടെ അദാനി ഈ രാജ്യത്തെ ജനങ്ങളെ മുഴുവൻ വഞ്ചിച്ച് വലിയ അഴിമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടാണ് നിങ്ങൾക്ക് വൈദ്യുതിക്കും തുറമുഖത്തിനുമെല്ലാം വലിയ നിരക്കിൽ പണം നൽകേണ്ടിവരുന്നത്. ദർശൻ ദാമ്ര തുറമുഖത്തിന്റെ ലേലത്തിൽ പങ്കെടുത്തിട്ടുണ്ടോ? പി.എസ്.യുകളായ ഇന്ത്യൻ ഓയിലും ഗെയിലും എന്നൂറിൽ 5000 കോടി രൂപ ചെലവിൽ ടെർമിനൽ നിർമിച്ചു. എന്നാൽ, ദാമ്രയിൽ അവർ ലേലത്തിൽനിന്ന് പിന്മാറി. അവർ അദാനിക്ക് 46,500 കോടി രൂപ നൽകി. 4.5 എം.എൻ.പി.ടി.എ ടെർമിനൽ നിർമിക്കാനുള്ള ചെലവിന്റെ പത്തിരട്ടിയാണ് അവർ അദാനിക്ക് നൽകിയത്. മാത്രമല്ല, അടുത്ത 20 വർഷത്തേക്ക് ദാമ്ര ടെർമിനലിൽനിന്ന് തീരുമാനിച്ചുറപ്പിച്ച നിരക്കിൽ ഇന്ധനം വാങ്ങാനും ഇന്ത്യൻ ഓയിലും ഗെയിലും ധാരണയായി. അദാനിക്ക് ഭീമമായ നിരക്കിൽ നിർമിക്കാൻ അനുമതിയും നൽകി. ഒപ്പം പൊതുസ്ഥാപനങ്ങളിൽനിന്ന് ആ പണം അടുത്ത 20 വർഷത്തേക്ക് നിശ്ചിത നിരക്കിൽ ലഭിക്കുകയും ചെയ്യും.''

മേശക്കപ്പുറവും ഇപ്പുറവുമിരുന്ന് സംസാരിച്ച് ഡീലിൽ എത്താം എന്ന ആവശ്യവുമായി രണ്ട് എം.പിമാർ വഴി അദാനി തന്നെ സമീപിച്ചുവെന്നും മഹുവ ഈ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ആരാണ് മഹുവ?

നിലവിലെ ലോക്‌സഭയിൽ, കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ശബ്ദങ്ങളിൽ ഏറ്റവും ശ്രദ്ധേയ. വ്യക്തമായ വാദങ്ങളും രേഖകളും നിരത്തിയുള്ള മഹുവയുടെ ഇടപെടലുകൾ ബി.ജെ.പിക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. പശ്ചിമബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്ന് 63,218 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഹുവ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

16ാം വയസ്സിൽ ഉപരിപഠനത്തിന് അമേരിക്കയിലേക്കുപോയ മഹുവ, മസാച്ചുസെറ്റ്‌സിലെ സൗത്ത് ഹാഡ്‌ലി മൗണ്ട് ഹോളിയോക്ക് കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി. ന്യൂയോർക്ക് സിറ്റിയിലും ലണ്ടനിലും ജെ.പി. മോർഗൻ ചേസിന്റെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായിരുന്നു. 2008-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അവർ യൂത്ത് കോൺഗ്രസിലൂടെ പൊതുജീവിതമാരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് രാഹുൽ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായി. ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതല രാഹുൽ മഹുവയെ ഏൽപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള യു.പി.എ സർക്കാർ പദ്ധതികൾ ഗ്രാമീണതലത്തിലെത്തിക്കാൻ മൊയ്ത്രയുടെ നേതൃത്വത്തിൽ ഒരു ടീം തന്നെ പ്രവർത്തിച്ചു.

എന്നാൽ, ബംഗാളിലെ കോൺഗ്രസിന്റെ നിലപാടുകളും പാർട്ടിയുടെ ഭാവി തന്നെയും അവരെ പാർട്ടിയിൽനിന്നകറ്റി. പുതിയ തലമുറയെ തൃണമൂൽ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ മമതാ ബാനർജി പ്രത്യേക നടപടികൾ സ്വീകരിക്കുന്ന കാലം കൂടിയായിരുന്നു അത്. അങ്ങനെ, 2010-ൽ മഹുവ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി ദേശീയ വക്താവായ അവർ ചാനലുകളിൽ ബി.ജെ.പിക്കെതിരായ തൃണമൂലിന്റെ മുഖവും ശബ്ദവുമായി മാറി. 2016-ൽ, 41ാം വയസ്സിൽ കരിമ്പൂർ മണ്ഡലത്തിൽനിന്ന് എം.എൽ.എയായി. പാർലമെന്റിലെത്തിയതോടെ അവരുടെ പോരാട്ടത്തിന് മൂർച്ചയേറി. മോദി സർക്കാറിന്റെയും ബി.ജെ.പിയുടെയും ഓരോ നടപടികളെയും കൃത്യമായി തുറന്നുകാട്ടി.

രാമക്ഷേത്രത്തിന്റെ പേരിൽ യു.പിയിൽ ബി.ജെ.പി, ഭരണകൂട ഒത്താശയോടെ നടത്തുന്ന പ്രീണനങ്ങളെക്കുറിച്ച് അവർ ചെയ്ത ട്വീറ്റ്: ''2022ൽ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ചെലവഴിച്ചത് 340 കോടി രൂപയാണ്. യു.പിയിൽ മാത്രം 221 കോടി രൂപ. ഔദ്യോഗിക മറുപടിയിലെ കണക്കാണിത്. ഔദ്യോഗിക മറുപടിക്കുപുറത്തുള്ള കണക്ക് ഇതിലും എത്രയോ കൂടുതലായിരിക്കും. രാമരാജ്യം ചെലവുള്ള ഏർപ്പാടാണ്''

ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കുറ്റവാളികളെ ജയിൽമോചിരതരാക്കിയതിനെതിരെ, 'ബിൽക്കീസ്ബാനു സ്ത്രീയാണോ മുസ്‌ലിമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു' എന്നായിരുന്നു അവരുടെ പ്രതികരണം.

ബി.ജെ.പി ഭരണകൂടത്തെ മാത്രമല്ല, ജുഡീഷ്യറിയും മീഡിയയും അവരുടെ വിമർശനത്തിന്റെ ചൂടിൽ വെന്തു.

''നിങ്ങൾ സ്വയം സംസാരിക്കണം അർണബ്, അല്ലാതെ നിങ്ങളുടെ ചർച്ചക്ക് മറ്റാരെയും ക്ഷണിക്കരുത്, ഇത് ഒരു വൺമാൻ ഷോ ആണ്’’ എന്നു പറഞ്ഞ് ചാനൽ ചർച്ചക്കിടെ അവതാരകനായ അർണബ് ഗോസ്വാമിക്കെതിരെ നടുവിരലുയർത്തിക്കാട്ടി പ്രതിഷേധിച്ചു. അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റുകളെക്കുറിച്ച് അവർ ചോദ്യങ്ങളുയർത്തി.

കാളി ദേവി സിഗരറ്റ് വലിക്കുന്ന സിനിമാ പോസ്റ്റർ വിവാദമായ സന്ദർഭത്തിൽ, 2022ലെ ഇന്ത്യ ടുഡേ കോൺക്ലേവിൽ അവർ പറഞ്ഞു: ''കാളി എനിക്ക് മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാന നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സംസ്ഥാനങ്ങളിൽ ദൈവങ്ങൾക്ക് വിസ്‌കി അർപ്പിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങളിൽ അത് ദൈവ നിന്ദയാണ്.''

അഭിഷേക് ബാനർജി

എന്നാൽ, മഹുവയുടേത് സ്വന്തം പാർട്ടിയിലെ ഒരു ഒറ്റയാൾ പോരാട്ടമാണോ? അതെ എന്നാണ് തൃണമൂലിന്റെ ദുരൂഹമായ നിശ്ശബ്ദത കാണിക്കുന്നത്. മഹുവ മൊയ്ത്രക്കെതിരെ ചോദ്യക്കോഴ ആരോപണം കത്തിനിൽക്കുന്നു. കഴിഞ്ഞ ഒക്‌ടോബർ ആറിന് മുഖ്യമന്ത്രി മമത ബാനർജി ഒരു വാർത്താസമ്മേളനം നടത്തി. മുഖ്യമന്ത്രിയോട് ഒരു ചോദ്യവും ചോദിക്കരുത് എന്ന് മാധ്യമപ്രവർത്തകർക്ക് മുൻകൂട്ടി 'ഉത്തരവ്' ലഭിച്ചിരുന്നു. അര മണിക്കൂർ സ്വയംഭാഷണമായിരുന്നു ആ വാർത്താസമ്മേളനം. മമത മഹുവയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ചില സംസ്ഥാന മന്ത്രിമാരുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡായിരുന്നു അവരുടെ വിഷയം. അദാനി വിഷയത്തിൽ തൃണമൂലിന് ഒരു സോഫ്റ്റ് കോർണറുണ്ടെന്ന് കോൺഗ്രസും ഇടതുപക്ഷവും ആരോപിക്കുന്നുണ്ട്. എന്നാൽ, തൃണമൂലിന്റെ നിശ്ശബ്ദത വിവാദമായപ്പോൾ കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പിന്തുണയുമായി രംഗത്തുവന്നു. രാഷ്ട്രീയക്കളിയുടെ ഇരയാണ് മഹുവ എന്നും എങ്ങനെ പോരാടണം എന്ന് അവർക്ക് അറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വന്തം പാർട്ടി ഒപ്പമില്ലാത്തതിന്റെ ഖേദം മഹുവ ഒരിക്കലും പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവർ ബി.ജെ.പിക്കും മോദിക്കും കേന്ദ്ര സർക്കാറിനും തലവേദനയായി തുടരും.

Comments