എന്തുകൊണ്ട്​ കോൺഗ്രസ്​ ജയിച്ചു, എങ്ങനെ ബി.ജെ.പി തകർന്നു?

ഒടുവിൽ ‘ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ’ യാഥാർഥ്യമായി. ഒരു തെരഞ്ഞെടുപ്പില്‍ ‘കോണ്‍ഗ്രസ് തരംഗം’ എന്ന ടൈറ്റില്‍ കാര്‍ഡ് എത്രയോ കാലത്തിനുശേഷമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ര്‍ണാടകയില്‍ തൂക്കുസഭയായിരിക്കും വരിക എന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നയുടന്‍ ബംഗളൂരുവില്‍ ബി.എസ്. യെദ്യൂരപ്പയുടെ വീട്ടില്‍ ബി.ജെ.പി നേതാക്കള്‍ ഒരു യോഗം ചേര്‍ന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്താല്‍ ഭരണം പിടിച്ചെടുക്കാനുള്ള ‘പ്ലാന്‍ ബി’ ആയിരുന്നു ആ യോഗത്തിന്റെ അജണ്ട. കഴിഞ്ഞ തവണ നടപ്പാക്കിയ ‘ഓപ്പറേഷന്‍ താമര’യുടെ അനുഭവം കൂടി മനസ്സിലോര്‍ത്ത് കര്‍ണാടക റവന്യൂമന്ത്രി ആര്‍. അശോക, ഒട്ടും മടിയില്ലാതെ ആ പ്ലാനിനെക്കുറിച്ച് മാധ്യമങ്ങളോട് പറയുകയും ചെയ്തു: ‘ഞങ്ങളുടെ പ്ലാന്‍ ബി വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് തിരക്കില്ല. ഈ പ്ലാനിനെക്കുറിച്ചുള്ള അവസാന തീരുമാനം പ്രധാനമന്ത്രിയും അമിത് ഷായുമാണ് എടുക്കുക.’

എന്തായിരിക്കും ആ പ്ലാന്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അശോക പറഞ്ഞു: ‘രാഷ്ട്രീയത്തിലും യുദ്ധത്തിലും ഒരാളും തങ്ങളുടെ തന്ത്രങ്ങള്‍ പുറത്തുപറയാറില്ല. ഒന്നുമാത്രം പറയാം, ഞങ്ങള്‍ തന്നെയായിരിക്കും ട്രോഫി അടിക്കുക.’

ഒരു സംസ്ഥാനത്തെ ജനവിധിയെ, ജനാധിപത്യവിരുദ്ധമായി ഹൈജാക്ക് ചെയ്യാനുള്ള തന്ത്രത്തെക്കുറിച്ചാണ് ഈ മന്ത്രി പറഞ്ഞത്, അതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ, പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും. കേന്ദ്ര- സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങളുടെ ‘ഡബ്ള്‍ എഞ്ചിന്‍’ ഇന്നുരാവിലെ വരെ സുസജ്ജമായിരുന്നു. കേവലഭൂരിപക്ഷത്തിനുവേണ്ടിയുള്ള 113 എന്ന മാജിക് നമ്പര്‍ തികയ്ക്കാനുള്ള, മുമ്പേ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങള്‍ നിഷ്പ്രയാസം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ആ പാര്‍ട്ടി എഞ്ചിന്‍. എന്നാല്‍, ഇന്നു രാവിലെ വോ​ട്ടെണ്ണൽ തുടങ്ങി 9.40 ആയപ്പോൾ, കോണ്‍ഗ്രസിന്റെ ലീഡ് 115 സീറ്റായി, ബി.ജെ.പിയുടേത് 78-ഉം. അതോടെ ‘ബി.ജെ.പി ശൂന്യ’ കര്‍ണാടക പ്രത്യക്ഷമായി. ഒരു തെരഞ്ഞെടുപ്പില്‍ ‘കോണ്‍ഗ്രസ് തരംഗം’ എന്ന ടൈറ്റില്‍ കാര്‍ഡ് എത്രയോ കാലത്തിനുശേഷമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

കോണ്‍ഗ്രസിന്റെ ഈ വിജയം, ഭരണവിരുദ്ധവികാരം എന്ന നെഗറ്റീവ് വോട്ടിംഗിന്റെ മാത്രം ഫലമല്ല. ബി.ജെ.പിയുടെ കൊടുംവര്‍ഗീയ കാമ്പയിനുമുന്നിലേക്ക് ജനകീയമായ ഇഷ്യൂകളെ കോണ്‍ഗ്രസിന് കൊണ്ടുവരാനായി.

കോൺഗ്രസിന്​ കിട്ടിയ വോട്ട്

കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമായ 113 സീറ്റ് കിട്ടുമെന്ന് ഉറപ്പായി. അതായത്, പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാം. ബി.ജെ.പിക്ക് 65, ജെ.ഡി- എസിന് 20 സീറ്റു വീതം കിട്ടുമെന്നാണ് സൂചന.

2018-നെ അപേക്ഷിച്ച്, കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനയുണ്ട്, 43.2 ശതമാനം. ബി.ജെ.പി വോട്ടിൽ ഒരു ശതമാനത്തിന്റെ മാത്രം വർധന (35.8). ജെ.ഡി- എസിന് (13.3) വന്‍ ചോര്‍ച്ചയും.

സംസ്ഥാനത്തെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമുണ്ടായി. കല്യാണ, കിട്ടൂര്‍, മധ്യ കര്‍ണാടക, ഓള്‍ഡ് മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ ബി.ജെ.പിയേക്കാള്‍ മുന്നിലാണ് കോണ്‍ഗ്രസ്.

ബി.ജെ.പിയുടെ വോട്ടുബാങ്കായ സ്ത്രീകളെയും യുവാക്കളെയും ആകര്‍ഷിക്കാനായതാണ് കോണ്‍ഗ്രസ് വിജയത്തിന്റെ ഒരു കാരണം. ഈ വിഭാഗങ്ങള്‍ക്കുവേണ്ടി നിരവധി സാമൂഹികക്ഷേമ പദ്ധതികള്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, ബി.ജെ.പി സർക്കാറിന്റെ അഴിമതി, യുവാക്കളിൽ വലിയ അതൃപ്​തിയുണ്ടാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത്​ ജോഡോ യാത്രയുടെ പ്രത്യക്ഷ സ്വാധീനം സ്​ത്രീകളുടെയും യുവാക്കളുടെയും വോട്ടിംഗിൽ കാണാം. വോട്ടെണ്ണലില്‍ പാര്‍ട്ടി മുന്നേറ്റം ദൃശ്യമായ ഉടന്‍, കോൺഗ്രസ്​ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍, ‘Unstoppable’ എന്ന ഇംഗ്ലീഷ് പാട്ടിന്റെ അകമ്പടിയോടെ രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങള്‍ പോസ്റ്റുചെയ്തത് ഇതിന്റെ സൂചന കൂടിയാണ്. നഗരവോട്ടുകളിലാണ്​ ഇത്​ പ്രകടമായത്​. നഗരവോട്ടര്‍മാരെ ഇത്തവണ ബി.ജെ.പി പ്രത്യേകം ലക്ഷ്യം വച്ചിരുന്നു. ബംഗളൂരു കേന്ദ്രമാക്കിയായിരുന്നു മോദിയുടെ പ്രധാന കാമ്പയിന്‍. 224 അംഗ നിയമസഭയില്‍ 90 നഗര മണ്ഡലങ്ങളുണ്ട്. 2021-ലെ അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ഇതേതുടര്‍ന്ന് നാലുവരി പാതകളും സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റുകളും സ്വകാര്യ മൂലധന നിക്ഷേപവും റിയല്‍ എസ്‌റ്റേറ്റ് കുതിപ്പുമെല്ലാമായി സര്‍ക്കാര്‍ നഗരങ്ങളെ തീറ്റിപ്പോറ്റുകയായിരുന്നു. എന്നാല്‍, ഈ മുഖം മിനുക്കൽ ബി.ജെ.പിക്ക്​ രക്ഷയായില്ല. ബംഗളൂരു അടക്കമുള്ള നഗരമേഖലകളിൽ ബി.ജെ.പി ആധിപത്യം ഇല്ലാതാക്കി അവർക്കൊപ്പമെത്താൻ കോൺഗ്രസിനായി. (14-14)

പാര്‍ട്ടി എന്ന നിലയ്ക്ക് അടിസ്ഥാന വിഭാഗങ്ങളെ ഏകോപിപ്പിച്ചും അവരെ പ്രതിനിധാനം ചെയ്തും കൃത്യമായ പൊളിറ്റിക്കല്‍ വോട്ടിംഗിനുള്ള ഒരു മാനേജുമെൻറ്​, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കാന്‍കോണ്‍ഗ്രസിനായി.

സമുദായ വോട്ട്​

കോണ്‍ഗ്രസിന് സംസ്ഥാനത്തുടനീളം സ്വാധീനമേഖലകളുണ്ടെങ്കിലും സാമുദായിക സമവാക്യങ്ങളാണ് വോട്ടിംഗിനെ നിര്‍ണയിക്കുന്നതില്‍ പ്രധാനമായത്. ഗ്രാമീണ മേഖലയില്‍ ലിഗായത്തുകളും വൊക്കലിഗ വിഭാഗവുമാണ് സ്വാധീനശക്തി. ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലിഗായത്തുകള്‍ക്ക് 100 മണ്ഡലങ്ങളില്‍ സ്വാധീനമുണ്ട്. 2000- നുശേഷം ഇവര്‍ ബി.ജെ.പി വോട്ടുബാങ്കായി മാറിയിട്ടുണ്ട്​. എന്നാല്‍, ഇത്തവണ, ലിഗായത്തുകള്‍ക്ക് മേല്‍ക്കൈയുള്ള 69 മണ്ഡലങ്ങളില്‍ 45 ഇടത്ത് കോണ്‍ഗ്രസ് ആധിപത്യം നേടി.

വൊക്കലിഗ വിഭാഗം പൊതുവേ ജെ.ഡി-എസിനൊപ്പമാണ്. ഇത്തവണ, ലിഗായത്തുകളേക്കാള്‍, ദക്ഷിണ കര്‍ണാടകയിലെ വൊക്കലിഗ സമുദായമായിരിക്കും തെരഞ്ഞെടുപ്പുഫലം നിര്‍ണയിക്കുക എന്ന വിശകലനമുണ്ടായിരുന്നു. പഴയ മൈസൂരു ഭാഗത്ത് 61 സീറ്റുണ്ട്. ഇവിടെ, 40 ശതമാനം വൊക്കലിഗയാണ്. ഇവിടെ ജെ.ഡി - എസും കോണ്‍ഗ്രസും നേരിട്ടായിരുന്നു മത്സരം. 2018-ല്‍ ജെ.ഡി- എസ് നേടിയ 37 സീറ്റില്‍ 31-ഉം പഴയ മൈസൂരുവില്‍നിന്നായിരുന്നു. എന്നാല്‍, ഇത്തവണ ജെ.ഡി- എസിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. വൊക്കലിഗ നേതാവുകൂടിയായ ഡി.കെ. ശിവകുമാറിന്റെ തന്ത്രങ്ങളാണ് ജെ.ഡി-എസിന്റെ തകര്‍ച്ചക്ക് ഒരു കാരണം.

കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമായത് മറ്റൊരു സമുദായ സമവാക്യമാണെന്ന് പ്രാഥമികമായി വിലയിരുത്താം. ഖാര്‍ഗേ- സിദ്ധരാമയ്യ കോമ്പിനേഷനിലൂടെ പട്ടികജാതി- വര്‍ഗ, ഒ.ബി.സി, മുസ്‌ലിം വോട്ടുകള്‍ സ്വാധീനിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ന്യൂനപക്ഷ വോട്ട് പാര്‍ട്ടിയെ തുണച്ചു. ന്യൂനപക്ഷം, പിന്നാക്ക വിഭാഗം, ദലിതുകള്‍ എന്നിവരടങ്ങുന്ന ‘അഹിന്ദ’ വിഭാഗമാണ് ഇത്തവണയും കോണ്‍ഗ്രസിന് കരുത്തായത്. ഇതോടൊപ്പം ലിഗായത്ത്, വൊക്കലിഗ വിഭാഗങ്ങളുടെ ഗണ്യമായ വോട്ടുകൂടി കിട്ടി.

ബി.ജെ.പിക്കെതിരെ, പൊളിറ്റിക്കല്‍വോട്ടിംഗിലൂടെ സാധ്യമാക്കിയ ഈ വിജയം ജനാധിപത്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.​

അവസാന നിമിഷം കോണ്‍ഗ്രസ് ഉയര്‍ത്തിവിട്ട ബജ്‌രംഗ്ദള്‍ നിരോധന വിവാദം സംഘ്പരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമുള്ള തീരദേശ മേഖലയില്‍ ബി.ജെ.പിക്ക് വോട്ടാക്കി മാറ്റാനായി. നരേന്ദ്രമോദി അടക്കമുള്ളവര്‍ ഇതിനെ വര്‍ഗീയ ധ്രുവീകരണ കാമ്പയിനാക്കി മാറ്റിയിട്ടും, കോണ്‍ഗ്രസ് അതില്‍ ഉറച്ചുനിന്നു. ഇത്, സംസ്ഥാനതലത്തില്‍ ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിന് കാരണമായിട്ടുണ്ട്.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നാലു ശതമാനം സംവരണം ലിഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ബി.ജെ.പിക്ക്​ പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല. ഇതുകൂടാതെ, മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അതിനാല്‍ മുസ്‌ലിംകള്‍ക്ക് കര്‍ണാടത്തില്‍ നല്‍കിയിരുന്ന നാലു ശതമാനം സംവരണം അവസാനിപ്പിച്ചുവെന്നും, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ പ്രസംഗം തിരിച്ചടിയായി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ കർണാടകയിൽ കാമ്പയിനിൽ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ കർണാടകയിൽ കാമ്പയിനിൽ

എസ്.സി സംവരണം 15 ശതമാനത്തില്‍നിന്ന് 17 ആയും എസ്.ടി സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് ഏഴായും വര്‍ധിപ്പിക്കുമെന്നും ലിഗായത്ത്, വെക്കലിംഗ സമുദായ സംവരണം വര്‍ധിപ്പിക്കുമെന്നും കോണ്‍ഗ്രസ് നൽകിയ ഉറപ്പ്​ ഈ വിഭാഗങ്ങളിൽ ചലനമുണ്ടാക്കി. സര്‍ക്കാര്‍ പദ്ധതികളുടെ 40 ശതമാനം തുക കരാറുകാരില്‍നിന്ന് കോഴയായി സര്‍ക്കാര്‍ ഉന്നതര്‍ക്ക് ലഭിക്കുന്നു എന്ന കോണ്‍ഗ്രസ് കാമ്പയിന്‍, അഴിമതിക്കെതിരായ പൊതുബോധത്തെ സ്വാധീനിക്കുകയും ചെയ്​തു.

പൊളിറ്റിക്കൽ വോട്ട്​

കോണ്‍ഗ്രസിന്റെ ഈ വിജയത്തിന് രണ്ട് സവിശേഷതകളുണ്ട്. ഒന്ന്, അത് ഭരണവിരുദ്ധവികാരം എന്ന നെഗറ്റീവ് വോട്ടിംഗിന്റെ മാത്രം ഫലമല്ല. ബി.ജെ.പിയുടെ കൊടുംവര്‍ഗീയ കാമ്പയിനുമുന്നിലേക്ക് ജനകീയമായ ഇഷ്യൂകളെ കോണ്‍ഗ്രസിന് കൊണ്ടുവരാനായി. സാമൂഹിക നീതി, പ്രാതിനിധ്യ രാഷ്ട്രീയം, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ നിലപാട് എന്നീ കാര്യങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുത്തു. രണ്ട്, പാര്‍ട്ടി എന്ന നിലയ്ക്ക് അടിസ്ഥാന വിഭാഗങ്ങളെ ഏകോപിപ്പിച്ചും അവരെ പ്രതിനിധാനം ചെയ്തും കൃത്യമായ പൊളിറ്റിക്കല്‍ വോട്ടിംഗിനുള്ള ഒരു മാനേജുമെൻറ്​; ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കാന്‍കോണ്‍ഗ്രസിനായി.

ബി.ജെ.പിക്കെതിരെ, പൊളിറ്റിക്കല്‍ വോട്ടിംഗിലൂടെ സാധ്യമാക്കിയ ഈ വിജയം ജനാധിപത്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.​

ബംഗളൂരുവില്‍ നടത്തിയ 26 കിലോമീറ്റർ നീണ്ട റോഡ് ഷോയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ബി.ജെ.പിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. എന്നാല്‍, ‘മോദി മോദി’ എന്നാര്‍ത്തുവിളിച്ച ആള്‍ക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷ, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പിക്ക് നഷ്ടമായി.

തോറ്റത്​ മോദി

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ കോണ്‍ഗ്രിസിന് ഈ വിജയം ജീവശ്വാസം തിരിച്ചുകൊടുക്കുന്നതാണ്. 2018-ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുവിജയങ്ങള്‍ക്കുശേഷം കോണ്‍ഗ്രസിന് ഒരു പ്രധാന സംസ്ഥാനത്തും ജയിക്കാനായിട്ടില്ല. ഈ വര്‍ഷം ത്രിപുരയിലും മേഘാലയയിലും നാഗാലാന്റിലും പാര്‍ട്ടി തോറ്റു. ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് ജയിക്കാനായത്, അതും 12-ഓളം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കുശേഷം. അധികാരമുണ്ടായിരുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം നഷ്ടമായി എന്നതുമാത്രമല്ല, ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നത്. അഴിമതി ആരോപണങ്ങളും ഗ്രൂപ്പുപോരും മൂലം വിശ്വാസ്യത നഷ്ടമായ സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കുപകരം, നരേന്ദ്രമോദിയായിരുന്നു ‘സ്റ്റാര്‍ കാമ്പയ്‌നര്‍’. ബംഗളൂരുവില്‍ നടത്തിയ 26 കിലോമീറ്റർ നീണ്ട റോഡ് ഷോയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ബി.ജെ.പിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. എന്നാല്‍, ‘മോദി മോദി’ എന്നാര്‍ത്തുവിളിച്ച ആള്‍ക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷ, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പിക്ക് നഷ്ടമായി. ബംഗളൂരുവില്‍ പോളിങ് 53 ശതമാനം മാത്രമായിരുന്നു. മോദിയുടെ രണ്ടാമത് റോഡ് ഷോ നടന്ന സി.വി. രാമന്‍ നഗറിലായിരുന്നു പോളിങ് ഏറ്റവും കുറവ്, 42 ശതമാനം. ബംഗളൂരു മേഖലയിൽ കോൺഗ്രസിന്​ ബി.ജെ.പി​യുടെ മുന്നേറ്റം തടയാനായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്​ ഷോ
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്​ ഷോ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള കാമ്പയിന്‍ അജണ്ടയായിരുന്നു കര്‍ണാടകയില്‍ ബി.ജെ.പി പരീക്ഷിച്ചത്. ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് തീവ്ര ദേശീയതയിലൂന്നിയ ഹിന്ദുത്വ കാമ്പയിന്‍ തിരിച്ചടിയാകും എന്ന ബോധ്യത്തില്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, സാമുദായിക വിഭജനത്തിലൂടെയുള്ള വോട്ട് ധ്രുവീകരണം, വര്‍ഗീയ പ്രീണനം എന്നീ പതിവ് സമവാക്യങ്ങളാണ് ബി.ജെ.പി പ്രയോഗിച്ചത്. അതാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്. ഫെഡറലിസത്തെ നിഷേധിച്ച് കേന്ദ്ര ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തെ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന മോദിയുടെ കുപ്രസിദ്ധമായ ‘ഡബ്ള്‍ എഞ്ചിന്‍’ പ്രയോഗത്തിന് ഒരു സംസ്ഥാനം നല്‍കിയ ഏറ്റവും ശക്തമായ തിരിച്ചടി കൂടിയാണിത്. സംസ്ഥാനതല വികസന- ആസൂത്രണ നയങ്ങളെ അട്ടിമറിച്ചും സമ്മര്‍ദത്തിലാക്കിയും, പദ്ധതികളുടെയും വിഭവങ്ങളുടെയും അനീതി നിറഞ്ഞ പങ്കുവെപ്പിലൂടെയും അധികാരമുറപ്പിക്കാനുള്ള ഭീഷണിപ്രയോഗമാണ് വാസ്തവത്തില്‍ ‘ഡബ്ള്‍ എഞ്ചിന്‍’ എന്ന ആശയം. ഇതാണ് കര്‍ണാടകയിലെ ജനം തള്ളിക്കളഞ്ഞത്.

പലതരം കടമ്പകള്‍ കടന്നുവേണം, ബി.ജെ.പിക്കൊരു ബദലിനെക്കുറിച്ച് ആലോചിക്കാന്‍. കര്‍ണാടയിലെ ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിക്കെതിരെ ഒരു യോജിച്ച സഖ്യനിരയുണ്ടാക്കാൻ ഇടതുപക്ഷം അടക്കമുള്ള പാർട്ടികൾക്കായില്ല എന്നുകൂടി ഓര്‍ക്കാം.

2024: ഒരു സൂചന

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കര്‍ണാടയുടെ ഫലം എന്ത് സംഭാവനയാണ് നല്‍കുക എന്ന ആലോചന പ്രതീക്ഷയോടൊപ്പം അല്‍പം കൗതുകം കൂടി നിറഞ്ഞതാണ്. ബി.ജെ.പി മുക്ത സംസ്ഥാനങ്ങളിലേക്ക് കര്‍ണാടക കൂടി വന്നിരിക്കുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഇപ്പോള്‍ കര്‍ണാടക... കോണ്‍ഗ്രസിന് നാല് സംസ്ഥാനങ്ങളില്‍ ഭരണമായി. ബീഹാര്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്, കേരളം, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ക്കണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്നു. ദേശീയ പ്രതിപക്ഷസഖ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് ഈ കോമ്പിനേഷന്‍ കൗതുകകരം കൂടിയാകുന്നത്. കാരണം, ഈ സംസ്ഥാനങ്ങളില്‍, പ്രധാനമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന നാല് മുഖ്യമന്ത്രിമാരെങ്കിലുമുണ്ട്. ജെ.ഡി-എസിനെപ്പോലെ, ഒരു നിര്‍ണായക തെരഞ്ഞെടുപ്പില്‍ സ്വന്തം കാര്യം മാത്രം നോക്കി നടത്തുന്ന പ്രാദേശിക പാര്‍ട്ടികളുണ്ട്. ശരത്പവാറിനെപ്പോലെ, അധികാരത്തിനുവേണ്ടി എന്ത് അട്ടിമറിയും നടത്താന്‍ കെല്‍പ്പുള്ള കിംഗ് മേക്കര്‍മാരുണ്ട്. ഈ കടമ്പകള്‍ കടന്നുവേണം, ബി.ജെ.പിക്കൊരു ബദലിനെക്കുറിച്ച് ആലോചിക്കാന്‍. കര്‍ണാടയിലെ ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിക്കെതിരെ ഒരു യോജിച്ച സഖ്യനിരയുണ്ടാക്കാൻ ഇടതുപക്ഷം അടക്കമുള്ള പാർട്ടികൾക്കായില്ല എന്നുകൂടി ഓര്‍ക്കാം.

എങ്കിലും, കോണ്‍ഗ്രസിന് ലഭിക്കുന്ന മുന്‍തൂക്കം, ദേശീയ പ്രതിപക്ഷ രാഷ്ട്രീയത്തിന് വലിയൊരു വിലപേശല്‍ ശേഷി നല്‍കുമെന്ന് ഉറപ്പാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷപദവി, കോണ്‍ഗ്രസ് നേതൃത്വത്തിന് ജനാധിപത്യപരമായ ഒരു വികാസം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ്, പ്രതിപക്ഷസഖ്യനേതൃത്വം പോലും ത്യജിക്കാനും പ്രാദേശിക പാര്‍ട്ടികളുടെ സ്‌പെയ്‌സ് അംഗീകരിക്കാനൂം പാര്‍ട്ടിക്കുകഴിഞ്ഞത്.

കര്‍ണാടകയിലെ വിജയം ശക്തി പകരുന്നത്, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ദേശീയ രാഷ്ട്രീയ ഇടപെടലുകള്‍ക്കുകൂടിയാണ് എന്നു പറയാം. അത്, ഉത്തരേന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും സമതുലിതമായ രാഷ്ട്രീയപ്രാതിനിധ്യം, ഈ ബദല്‍ സഖ്യത്തില്‍ ഉറപ്പുവരുത്തും. മമതാ ബാനര്‍ജിയെയും കെ. ചന്ദ്രശേഖര്‍ റാവുവിനെയും പോലുള്ളവരുടെ അധികാരസൂത്രങ്ങളെ നിര്‍വീര്യമാക്കാനും ചിലപ്പോള്‍ ഈ വിജയത്തിന്​ കഴിഞ്ഞേക്കാം.

മുതിർന്ന, അണികൾക്ക്​ പ്രിയങ്കരനായ നേതാവ്​ എന്ന പ്രതിച്​ഛായയുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയും ശിവകുമാറിന്​ ഭരണതലത്തിൽ പ്രമുഖ സ്​ഥാനം നൽകുകയുമായിരിക്കും, ജനവിധിയുടെ സത്തയുൾക്കൊണ്ട്​ കോൺഗ്രസിന്​ ചെയ്യാവുന്ന കാര്യം.

സിദ്ധരാമയ്യയുടെ, ഡി.കെയുടെ കർണാടക

38 വര്‍ഷത്തിനിടെ, കര്‍ണാടകയില്‍ ഒരു സര്‍ക്കാറിനും തുടര്‍ഭരണമുണ്ടായിട്ടില്ല. ആ പതിവ് ഇത്തവണയും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തിയായിരുന്നില്ല കോണ്‍ഗ്രസിന്റെ കാമ്പയിന്‍. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവരാണ്.

സിദ്ധരാമയ്യ കോണ്‍ഗ്രസിന്റെ പരമ്പരാഗത നേതൃത്വത്തിന്റെ പ്രതിനിധിയാണ്. 2013 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹമായിരുന്നു, സര്‍വേകളിലെ കണക്കനുസരിച്ച് ഏറ്റവും പോപ്പുലറായ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. 27 ശതമാനം പേരുടെ പിന്തുണ. കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമായ ‘അഹിന്ദ’ വോട്ടുബാങ്ക് പുനരുജ്ജീവിപ്പിച്ചത് അദ്ദേഹമാണ്.

എന്നാല്‍, ബി.ജെ.പിയെപ്പോലെ ഏതടവും പയറ്റുന്ന ഒരു പാര്‍ട്ടിയോട് അതേ അടവ് പയറ്റാന്‍ ശേഷിയുള്ള ശിവകുമാറാണ് അണികളുടെ പ്രിയങ്കരന്‍. നെഹ്‌റു കുടുംബത്തിനും അദ്ദേഹമാണ് പ്രിയങ്കരന്‍. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മണന്‍ സാവഡിയെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത് ശിവകുമാറിന്റെ തന്ത്രങ്ങളാണ്. (ഷെട്ടാർ, മൂന്നു തവണ തുടർച്ചയായി ജയിച്ച ഹുബള്ളി ധാർവാഡിൽ 36,000 വോട്ടിന്​ തോറ്റു). ഇത് ലിഗായത്ത് സമുദായത്തില്‍ വലിയ ചലനമുണ്ടാക്കി. സ്​ഥാനാർഥി നിർണയത്തെ തുടർന്ന്​ ബി.ജെ.പിയിലുണ്ടായ പ്രതിസന്ധിയെ കോൺഗ്രസിന്​ അനുകൂലമാക്കി മാറ്റിയതും ഡി.കെയാണ്​. തൂക്കുസഭയായാല്‍, എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാന്‍പോലുമുള്ള തന്ത്രങ്ങള്‍ അദ്ദേഹം തയാറാക്കിയിരുന്നു. 1.22 ലക്ഷത്തിലേറെ വോട്ടിനാണ് ശിവകുമാറിന്റെ ജയം. ‘ഇത്തവണ വൊക്കലിഗ സമുദായത്തിനാണ് ftമുഖ്യമന്ത്രി സ്ഥാനം’ എന്ന ഒരുറപ്പുകൂടി ശിവകുമാര്‍ സ്വന്തം സമുദായത്തിന് നല്‍കിട്ടുമുണ്ട്.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും

മുതിർന്ന, അണികൾക്ക്​ പ്രിയങ്കരനായ നേതാവ്​ എന്ന പ്രതിച്​ഛായയുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയും ശിവകുമാറിന്​ ഭരണതലത്തിൽ പ്രമുഖ സ്​ഥാനം നൽകുകയുമായിരിക്കും, ജനവിധിയുടെ സത്തയുൾക്കൊണ്ട്​ കോൺഗ്രസിന്​ ചെയ്യാവുന്ന കാര്യം.

ബി.ജെ.പി വിമുക്ത ദക്ഷിണേന്ത്യ യാഥാര്‍ഥ്യമായ സ്ഥിതിക്ക്, കോണ്‍ഗ്രസിന് ഇനി കേരളത്തെക്കുറിച്ചുകൂടി ചിന്തിക്കാവുന്നതാണ്. ഇടതുപക്ഷത്തിന്റെ തോല്‍വിയാണ് തങ്ങളുടെ ജയം എന്ന ബൈനറിയില്‍ രക്ഷപ്പെട്ടുപോകുന്ന കോണ്‍ഗ്രസ്, യാഥാര്‍ഥ്യബോധത്തോടെ വായിച്ചുപഠിക്കേണ്ടതാണ് കര്‍ണാടക റിസള്‍ട്ട്. അത്, ചില നേതാക്കളുടെ ‘ഹിന്ദുത്വസ്ഥലജലവിഭ്രാന്തി'ക്കും അണികളോടുപോലും ഉത്തരവാദിത്തമില്ലാത്ത നേതൃത്വത്തിനും ആരാടും ഉത്തരവാദിത്തമില്ലാത്ത തരത്തിലുള്ള പ്രതിപക്ഷപ്രയോഗത്തിനും ഒറ്റമൂലിയുടെയെങ്കിലും ഫലം ചെയ്യും.

Comments