സകരിയ എം.കെ. പാലത്തുങ്കര: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ CJP നടത്തിയ സമരത്തിന് SFI ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ തുടക്കം മുതൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. CJP-യുടെ പല നിലപാടുകളോടും SFI-യ്ക്ക് രാഷ്ട്രീയ വിയോജിപ്പുണ്ടെന്നിരിക്കെ, ഈ തീരുമാനത്തിലേക്കെത്തിയത് എങ്ങനെയാണ്?
ആദർശ് എം. സജി: SFI ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കാരണം, സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളാണ്. 2017 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) SFI സമരം നടത്തിവരികയാണ്. മെയ് 12-ന് നീറ്റ് പരീക്ഷ റദ്ദാക്കിയ ദിവസം തന്നെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും NTA-യുടെ സ്ക്രാപ്പിംഗും ആവശ്യപ്പെട്ട് ദൽഹിയിൽ ധർമ്മേന്ദ്ര പ്രധാന്റെ ഓഫീസിലേക്ക് SFI സമരം നടത്തിയിരുന്നു. സമരത്തിൽ പങ്കെടുത്ത 50- ഓളം പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത്. അപ്പോൾ സ്വാഭാവികമായി നീറ്റ് സമരവുമായി ബന്ധപ്പെട്ട്, പരീക്ഷാ ക്രമക്കേടുകളുടെ പാശ്ചാത്തലത്തിൽ, രാജ്യത്താകമാനമുള്ള വിദ്യാർത്ഥി സംഘടനകളോടൊപ്പം ചേർന്ന് സമരം നടത്തുക, അത്തരം സമരങ്ങൾക്കെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന നിലപാടാണ് SFI ആദ്യം മുതൽ സ്വീകരിച്ചത്. ഇടത് വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് സമരത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. സമരം ഒരുമിച്ച് സംഘടിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ എല്ലാ ഘട്ടത്തിലും എടുത്തിരുന്നു. പല സംസ്ഥാനങ്ങളിലും അത് പ്രാവർത്തികമായിട്ടുമുണ്ട്. ആ ഘട്ടത്തിലാണ് CJP എന്ന മൂവ്മെന്റ് ഉണ്ടാകുന്നത്. അതിന്റെ ഭാരവാഹികൾ ഉൾപ്പെടെ SFI നേതൃത്വവുമായി സംസാരിക്കുകയും SFI-യുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ഈ സമരത്തോടൊപ്പം ചേർന്നുനിന്നത്.
CJP-യെ ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലല്ല SFI കാണുന്നത്. അത് ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമ്പോൾ ആ ഘട്ടത്തിലാണ് അവർ എടുക്കുന്ന സമീപനങ്ങളെക്കുറിച്ച് SFI നിലപാട് സ്വീകരിക്കുക. ഇവിടെ ആ മൂവ്മെന്റാണ് പ്രധാനം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് SFI ഉൾപ്പെടെ ആവശ്യപ്പെട്ടത് ധർമ്മേന്ദ്ര പ്രധാന്റെ രാജിയായിരുന്നു.
രാജ്യത്ത് 89- ഓളം വരുന്ന പരീക്ഷാ ക്രമക്കേടുകളാണ് കഴിഞ്ഞ 12 വർഷത്തിനിടയിൽ ഉണ്ടായത്. 2024-ൽ സമാന ക്രമക്കേടുകളുണ്ടായി, 2023-ലും ഉണ്ടായി. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് SFI സമരത്തിന് പിന്തുണ നൽകുന്നത്. SFI-യും ഇടത് വിദ്യാർത്ഥി സംഘടനകളും CJP-യും ഒരുമിച്ച് ആ സമരത്തെ വിജയത്തിലേക്കെത്തിക്കാൻ സാധിച്ചു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലൂടെ മാത്രം പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ?
SFI ഈ സമരവുമായി ബന്ധപ്പെട്ട് ഉയർത്തിയ പ്രധാന ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജിയാണ്. രണ്ടാമത്തെ ആവശ്യം പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക എന്നതാണ്. NTA നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. നീറ്റ് പരീക്ഷ മാത്രമല്ല, നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടും ഇതേ ആക്ഷേപങ്ങളാണ് ഉയർന്നുവന്നത്. പല ചോദ്യോത്തരങ്ങളും അതോടൊപ്പം ഓപ്ഷനുകളും റിപ്പീറ്റ് ചെയ്തുവരുന്നു, ചോദ്യങ്ങളുടെ ക്വാളിറ്റി പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു. അതോടൊപ്പം, ബ്ലാക്ക്‌ലിസ്റ്റഡ് കമ്പനികളാണ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. അപ്പോൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇൻകപ്പാസിറ്റിയുള്ള ഏജൻസിയാണ്. പരീക്ഷ നടത്തിപ്പിനാവശ്യമായ സംവിധാനങ്ങളൊന്നുമില്ല. അവിടെ ഡെപ്യൂട്ടേഷനിൽ വന്ന 29 പേർ മാത്രമാണുള്ളത്. ഇവർക്കൊന്നും സ്ഥിര നിയമനവുമില്ല. ഡെപ്യൂട്ടേഷനിലുള്ള 29 പേരും അവർ ഔട്ട്സോഴ്സ് ചെയ്ത കരാർ അടിസ്ഥാനത്തിലുള്ള 79 പേരും മാത്രമാണ് പ്രതിവർഷം 65 ലക്ഷം വരുന്ന വിദ്യാർത്ഥികൾ എഴുതുന്ന ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. അപ്പോൾ അതിനകത്ത് വിശ്വാസ്യതക്കുറവുണ്ട്. അതിന് പരിഹാരം, ധർമ്മേന്ദ്ര പ്രധാന്റെ രാജി മാത്രമല്ല, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സ്ക്രാപ്പിംഗും അതോടൊപ്പം ജുഡീഷ്യൽ അന്വേഷണവുമാണ്. ഈ ക്രമക്കേടുകൾ നടത്തുന്നവരെ പുറത്തുകൊണ്ടുവരിക, കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷ നടപ്പിലാക്കുക.
അതോടൊപ്പം, യൂണിയൻ സർക്കാരിന്റെ ഇൻകപ്പാസിറ്റി കൊണ്ട് മരണത്തിലേക്ക് തള്ളിനീക്കപ്പെട്ട 23 വിദ്യാർത്ഥികളുണ്ട്. ആ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. SFI ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആ കുടുംബങ്ങൾക്ക് കൊടുക്കണം എന്നാണ്. ക്രമക്കേടുകൾക്കെതിരെ ശക്തമായ നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടണം. അതോടൊപ്പം, വികേന്ദ്രീകൃതമായ രീതിയിൽ പരീക്ഷകൾ നടക്കണം. വിദ്യാഭ്യാസ സംവിധാനത്തെ കേന്ദ്രീകരിക്കുക BJP നയമാണ്. സംസ്ഥാനങ്ങളുടെയും സർവ്വകലാശാലകളുടെയും അടിസ്ഥാനത്തിൽ എൻട്രൻസ് പരീക്ഷ നടത്തണം- ഇതെല്ലാമാണ് SFI മുന്നോട്ടുവെച്ച ആവശ്യങ്ങൾ. അതിനാൽ, ധർമ്മേന്ദ്ര പ്രധാന്റെ രാജി കൊണ്ട് മാത്രം അവസാനിക്കുന്ന ഒന്നല്ല എന്ന് ചുരുക്കം.

2014-ൽ മോദി സർക്കാർ ഭരണത്തിലേറുന്നതിൽ പ്രധാന പങ്കുവഹിച്ചത് അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന ആന്റി കറപ്ഷൻ മൂവ്മെന്റ് ആയിരുന്നു എന്ന നറേഷനുണ്ട്. സി ജെ പി സമരത്തെയും ഇതിനോട് സമീകരിച്ചിരുന്നു, RSS-ന്റെ ഹിഡൻ അജണ്ടയുടെ ഭാഗമാണെന്ന പ്രചാരണവും ഉണ്ടായിരുന്നു. ഒരുവേള കോൺഗ്രസ് പോലും സമരത്തിലേക്ക് ഇറങ്ങുന്നതിൽ കാലതാമസമുണ്ടായത് ഈയൊരു കാമ്പയിനെതുടർന്നാണ് എന്ന് വേണമെങ്കിൽ പറയാം. ഈ ആരോപണത്തെ എങ്ങനെയാണ് നേരിട്ടത്?
നീറ്റ് പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദുരിതത്തിലായത് 22.5 ലക്ഷത്തോളം കുടുംബങ്ങളാണ്. അതോടൊപ്പം, CBSE OSM സ്കാമുമായി ബന്ധപ്പെട്ടും അവരുടെ റീവാല്യുവേഷൻ സ്കാമുമായി ബന്ധപ്പെട്ടും 16 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളാണ് ദുരിതത്തിലായത്. കോടിക്കണക്കിന് വിദ്യാർത്ഥികളാണ് ഈ സംവിധാനത്തിന്റെ ദുരിതം നേരിട്ടനുഭവിച്ചത്. അതിന്റെ പ്രതിഫലനമാണ് ഈ സമരവിജയം.
ഈ സമരത്തെ അണ്ണാ ഹസാരെയുടെ ആന്റി കറപ്ഷൻ മൂവ്മെന്റിനോട് സമീകരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. മാത്രമല്ല, സമരത്തിനെതിരെ വലിയ രീതിയിൽ മിസ്സ് പ്രൊപ്പഗണ്ടകൾ നടത്താൻ ബി ജെ പി,സംഘപരിവാർ സഖ്യം ആദ്യഘട്ടം മുതൽ തന്നെ ശ്രമിച്ചതാണ്. അതിന് സഹായകമാകുന്ന നിലപാടായായിരുന്നു കോൺഗ്രസും ആദ്യഘട്ടങ്ങളിൽ സ്വീകരിച്ചത്. പക്ഷേ ആ മിസ്സ് പ്രൊപ്പഗണ്ടകളെ അതിജീവിച്ചാണ് ഈ സമരം വിജയത്തിലേക്കെത്തിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചത്. ഇത് കേവലം നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരിയോ CBSE സ്കാമിനെതിരെയോ മാത്രമുള്ള സമരത്തിന്റെ വിജയമല്ല. ഇത് ജെൻ സികളുടെ സമരവിജയം എന്ന നിലയിലല്ല, മറിച്ച് രാജ്യത്തെ ജനങ്ങൾ ആകമാനം ഈ സമരത്തിന് ഐക്യദാർഢ്യപ്പെട്ട് രംഗത്തുവന്നു.
കഴിഞ്ഞ 12 വർഷത്തെ ബി ജെ പിയുടെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, യുവജന വിരുദ്ധ, വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരായ ജനങ്ങളുടെ പ്രതിരോധമാണ് ഈ സമരത്തെ വിജയത്തിലേക്കെത്തിച്ചത്.
അമേരിക്കൻ- ചൈനീസ്- ഖത്തർ ഫണ്ടിങ് ആരോപണങ്ങൾ മുതൽ തീവ്രവാദി മുദ്രകുത്തൽ വരെ വിദ്യാർത്ഥികൾക്കെതിരെ സംഘപരിവാർ ഹാന്റിലുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. കേരളത്തിൽ നിന്നുപോലും ഇത്തരം പ്രചാരണങ്ങളുണ്ടായി. ഏറ്റവുമൊടുവിൽ, സംഘ്പരിവാറിന്റെ ടി.ജി. മോഹൻദാസ് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തി. ഇത്തരം ആരോപണങ്ങളെയും പ്രചാരണങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
ഈ സമരം ആരംഭിച്ച ഘട്ടത്തിൽ തന്നെ ‘തീവ്രവാദികളുടെ രണ്ടാം ഗ്രൂപ്പ് നടത്തുന്ന സമരം’ എന്ന് അവകാശപ്പെട്ടത്, സമരത്തിന്റെ ഭാഗമായി രാജിവെക്കേണ്ടിവന്ന ധർമ്മേന്ദ്ര പ്രധാനാണ്. പല ഘട്ടങ്ങളിലും ചൈനീസ് ചാരന്മാർ, പാകിസ്ഥാനികൾ, ഖലിസ്ഥാനികൾ എന്നീ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പക്ഷേ, സമരം ഊന്നിയത് ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലും നീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അക്കൗണ്ടബിലിറ്റി കൊണ്ടുവരുക എന്നതിലുമാണ്. രാജ്യത്തെ മുൻനിര മാധ്യമങ്ങളെല്ലാം ഫേക്ക് പ്രൊപ്പഗണ്ടകളിലൂടെ സമരത്തിനെതിരെ തെറ്റായ നരേഷൻ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതിനെയെല്ലാം പ്രതിരോധിച്ചു എന്നതാണ് ഈ സമരത്തിന്റെ വിജയമായി കാണേണ്ടത്.
സംഘപരിവാർ ഹാന്റിലുകൾ ദിവസവും മിസ്സ് പ്രൊപ്പഗണ്ടകളാണ് പ്രചരിപ്പിച്ചത്. പക്ഷെ വിദ്യാർത്ഥികൾ ഈ സമരത്തിൽ ഉയർത്തിപ്പിടിച്ച ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പൊരുതി. സംഘപരിവാർ രാഷ്ട്രീയം തന്നെ ഡിവൈഡ് ആൻഡ് റൂൾ ആണ്. വിദ്യാർത്ഥികളുടെ സമരത്തെ ഡിവൈഡ് ചെയ്യാൻ ജാതി, മതം,വർഗ്ഗം തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളെ ഉപയോഗപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. പക്ഷെ, വിദ്യാർത്ഥികൾക്ക് കൃത്യമായ ബോധ്യവും ലക്ഷ്യവുമുണ്ടായിരുന്നു. ആ രാഷ്ട്രീയ ബോധ്യത്തിലൂടെയാണ് സംഘഅജണ്ടകളെ പ്രതിരോധിക്കാനായത്. അതുകൊണ്ടുതന്നെയാണ് സമരം വിജയം കണ്ടതും.

അതോടൊപ്പം, ടി.ജെ. മോഹൻദാസ് സംഘപരിവാർ വിധേയത്വം കൊണ്ട് എന്തും പറയാം എന്ന നിലയിലേക്ക് മാറി. സംഘപരിവാറിന്റെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാർ പരാജയപ്പെട്ടപ്പോഴുണ്ടായ മാനസികാവസ്ഥയിൽ നിന്നാണ് ഈ പ്രതികരണം ഉണ്ടാവുന്നത്. ഇത്തരം പ്രതികരണങ്ങളെ കേരള ജനതയും ഇന്ത്യൻ ജനതയും പ്രതിരോധിക്കും.
കർഷക സമരം, ദലിത്–ആദിവാസി സമരങ്ങൾ, വിദ്യാർത്ഥി സമരങ്ങൾ തുടങ്ങിയ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളാണ് സമീപകാലത്ത് രാജ്യത്ത് പ്രധാനമായും കണ്ടത്. എന്നാൽ സി ജെ പി സമരത്തോടെ മധ്യവർഗവും വലിയ തോതിൽ സമരരംഗത്തേക്ക് കടന്നുവരുന്ന സാഹചര്യമുണ്ടായി. ഈ മാറ്റം ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തെയും ജനകീയ പ്രക്ഷോഭങ്ങളുടെ സ്വഭാവത്തെയും എങ്ങനെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്?
ഈ സമരം ഇന്ത്യൻ ജനത ഏറ്റെടുത്ത സമരമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ സമരമായി കാണാൻ കഴിയില്ല. കഴിഞ്ഞ 12 വർഷത്തെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്.
നീറ്റ്, CBSE ക്രമക്കേടുകളോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊന്നുണ്ട്; രാജ്യത്തെ 1,20,000- ലധികം സർക്കാർ സ്കൂളുകളാണ് പൂട്ടിയത്. ഇത് സാധാരണക്കാരെയാണ് കൂടുതൽ ബാധിച്ചത്. മധ്യവർഗ്ഗ വിഭാഗങ്ങളെയും ബാധിച്ചു. സമ്പന്നർക്ക് മാത്രം പ്രാപ്യമാകുന്ന നിലയിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാറി. വിദ്യാഭ്യാസ സംവിധാനത്തെ വർഗ്ഗീയവൽക്കരിക്കാനും കമ്പോളവൽക്കരിക്കാനും കേന്ദ്രീകരിക്കാനുമുള്ള നിലപാടുകളുമായി അവർ മുന്നോട്ടുപോയി. അതുകൊണ്ടാണ് രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിനെ ഏതെങ്കിലും പിന്നാക്ക വിഭാഗത്തിന്റെയോ മുന്നാക്ക വിഭാഗത്തിന്റെയോ മധ്യവർഗ്ഗത്തിന്റെയോ എന്ന നിലയിൽ വേർതിരിക്കാൻ കഴിയില്ല. ജാതിബോധത്തിനോ വർഗ്ഗബോധത്തിനോ അതീതമായി ഇന്ത്യക്കാർ എന്ന നിലയിൽ, ഇന്ത്യയെ വീണ്ടെടുക്കുന്നതിനായിരുന്നു ഈ സമരം. ഈ സമരത്തെ പൂർണാർത്ഥത്തിൽ വിജയിപ്പിച്ചത് ഇന്ത്യൻ ജനത ഒന്നാകെയാണ്.
ദൽഹിയിൽ നടന്ന സമാധാനപൂർണ്ണമായ ജനാധിപത്യ സമരത്തെ നേരിടാൻ പോലീസ് നെയിം പ്ലേറ്റ് പോലും ധരിക്കാതെ ടിയർ ഗ്യാസ്, പെല്ലറ്റ് ബുള്ളറ്റ് തുടങ്ങിയ മാരകയുധങ്ങളാണ് പ്രയോഗിച്ചത്. ഒരു ജനാധിപത്യ രാജ്യത്തെ സമാധാനപരമായ പ്രതിഷേധങ്ങളോട് ഇത്തരം സമീപനങ്ങൾ സർക്കാർ സ്വീകരിക്കുന്നതിനെ എങ്ങനെ വിലയിരുത്തുന്നു?
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലാണ് ദൽഹി പോലീസ്. അതുകൊണ്ടുതന്നെ RSS- ന്റെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കുന്ന ഏജൻസിയായി ദൽഹി പോലീസ് മാറിയിരിക്കുന്നു. യൂണിഫോമും നെയിം പ്ലേറ്റുമില്ലാത്ത പോലീസ് സംവിധാനങ്ങളാണ് വിദ്യാർത്ഥി സമരത്തെ ക്രൂരമായി നേരിട്ടത്. പലരും പോലീസാണോ ഗുണ്ടകളാണോ എന്ന സംശയം പോലും നിലനിൽക്കുന്നു. കൈക്കുഞ്ഞുമായി വന്ന അമ്മമാരുടെ ദേഹത്തേക്കും സമാധാനപൂർണമായി സംഘടിപ്പിച്ച നിരാഹാര സമരപന്തലിലേക്കും ടിയർ ഗ്യാസ് എറിഞ്ഞ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ദൽഹിയിൽ മാത്രമല്ല, രാജ്യത്താകമാനം സംഘടിപ്പിച്ച വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് അവർ നടത്തിയത്. ബീഹാറിൽ, SFI സംസ്ഥാന പ്രസിഡന്റ് കാന്തി കുമാരി 40 ദിവസം ജയിലിലായിരുന്നു. അവരുടെ ഗ്രാമത്തിൽ ഒരു സർക്കാർ സ്കൂൾ വേണമെന്നാവശ്യപ്പെട്ട് സമരം നടത്തി എന്നാണ് ബി.ജെ.പിയുടെ സംസ്ഥാന സർക്കാർ അവർക്കെതിരെ ചുമത്തിയ കുറ്റം. ഒരു ഗ്രാമത്തിൽ സർക്കാർ സ്കൂളും കോളേജും വേണം എന്നു പറഞ്ഞ് സമരം നടത്തുന്നത് ഇന്ന് ഒരു ക്രിമിനൽ കുറ്റമായിരിക്കുന്നു. പാവപ്പെട്ട ജനവിഭാഗങ്ങളുടെ പഠനാവശ്യത്തിനായി സമരം ചെയ്തതിന് 40 ദിവസമാണ്, 39-ലേറെ വിദ്യാർത്ഥികൾ ജയിലിലടക്കപ്പെട്ടത്.
പല സംസ്ഥാനങ്ങളിലും വിദ്യാർത്ഥി സമരങ്ങൾക്കെതിരെ ഇത്തരം അടിച്ചമർത്തലുകൾ നടക്കുന്നു. ഏറ്റവും കൂടുതൽ ബി ജെ പി ഭരിക്കുന്ന, ഡബിൾ എഞ്ചിൻ സർക്കാറുകൾ നേതൃത്വം നൽകുന്ന സംസ്ഥാനങ്ങളിലാണ്.

ലാത്തിച്ചാർജ്ജും പെല്ലറ്റ് ബുള്ളറ്റും ടിയർ ഗ്യാസുമെല്ലാം പോലീസ് പ്രയോഗിച്ചിട്ടും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ അനേകായിരം വിദ്യാർത്ഥികൾ ദൽഹിയിലെ സമരപ്പന്തലിലേക്ക് ഒഴുകിയെത്തി. വിദ്യാർത്ഥി പ്രതിഷേധങ്ങളെ, ജനാധിപത്യ പ്രതിഷേധങ്ങളെ ഏതൊക്കെ നിലയിൽ അടിച്ചമർത്താൻ ശ്രമിച്ചാലും ഒരിഞ്ച് പിന്നോട്ട് പോകാൻ ഇന്ത്യൻ ജനത തയ്യാറല്ല എന്ന് ചുരുക്കം.
സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെ പോലുള്ള വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ദൽഹി പോലീസിന്റെ നീക്കത്തെ എങ്ങനെ വിലയിരുത്തുന്നു? ഇത്തരം നടപടികൾ ജനാധിപത്യ സമരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ആത്മവീര്യത്തെയും പ്രതിഷേധ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് കരുതുന്നുണ്ടോ?
വിദ്യാർത്ഥി സമരത്തിനുമുന്നിൽ നരേന്ദ്ര മോദി പരാജയപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കേണ്ടിവന്നത്. ആ സമരം നാളെ അമിത് ഷായിലേക്കും നരേന്ദ്ര മോദിയിലേക്കും വരും എന്ന ഭയം കൊണ്ടാണ് സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളെ കേസുകളിൽ ഉൾപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നത്. ആ വേട്ടയാടലിലൂടെ വിദ്യാർത്ഥികൾ സമരപോരാട്ടം അവസാനിപ്പിക്കുമെന്നാണ് അവർ കരുതുന്നത്. പക്ഷെ, ഒരിഞ്ച് പിന്നോട്ട് പോകാൻ തയ്യാറല്ല എന്ന പ്രഖ്യാപനം രാജ്യത്തെ വിദ്യാർത്ഥികൾ നടത്തി.
ഐഷി ഘോഷിനെ ദൽഹി പോലീസ് വേട്ടയാടാൻ ശ്രമിച്ചത് ഇതിന്റെ ഭാഗമാണ്. മറ്റൊരു കേസിന്റെ പേരിൽ ആ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ദൽഹിയിൽ മാത്രമല്ല, പല സംസ്ഥാനങ്ങളിലും ഈ സമരപരാജയത്തിൽ വിറളിപൂണ്ട ബി ജെ പി സർക്കാരുകൾ, വിദ്യാർത്ഥികളെ വേട്ടയാടാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സംഘപരിവാർ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നവമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുന്നു. പല സ്ഥലങ്ങളിലും സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നു. ഈ രൂപത്തിൽ സമരത്തെ സംഘപരിവാറും സംഘപരിവാർ നിയന്ത്രിക്കുന്ന പോലീസും ഭരണകൂടവും അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ, ഒരു തരി ആത്മവീര്യം കെടാതെ ശക്തമായ പ്രതിരോധമാണ് വിദ്യാർത്ഥികൾ തീർത്തുകൊണ്ടിരിക്കുന്നത്. ഈ സമരത്തിന്റെ വിജയം എന്നത് ഇന്ത്യൻ ജനത ഭയത്തെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഭരണകൂടം ഇത്രയും നാൾ ഭയത്തിലൂടെയാണ് ഇന്ത്യൻ ജനതയെ കീഴ്‌പ്പെടുത്തിയതെങ്കിൽ, ആ ഭയത്തെ ഇന്ത്യൻ ജനത കീഴ്‌പ്പെടുത്തിയിരിക്കുകയാണ്.
സമരാനന്തരം രൂപപ്പെട്ട CJP-യുടെ മറ്റൊരു ഡിജിറ്റൽ മൂവ്മെന്റാണ് E20 ജനതാപാർട്ടി. പെട്രോളിൽ 20% എഥനോൾ ചേർക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് ഈ സംഘടന രൂപപ്പെട്ടത്. SFI ഇതിനെ എങ്ങനെ കാണുന്നു?
E20 ജനതാപാർട്ടി എന്ന നിലയിൽ നവമാധ്യമങ്ങളിൽ ചർച്ച നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷെ അത് രാഷ്ട്രീയ പാർട്ടിയോ അല്ലെങ്കിൽ ഒരു മൂവ്മെന്റോ ആയി ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. E20-യുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകളാണല്ലോ നടക്കുന്നത്. പെട്രോളിനകത്ത് 20% എഥനോൾ ചേർത്ത് വലിയ ക്രമക്കേടുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതൊരു പ്രധാന വിഷയമാണ്. അതുമായി ബന്ധപ്പെട്ട പരിശോധനകളോ നിയമസംവിധാനങ്ങളോ പൂർണ്ണാർത്ഥത്തിൽ നടന്നിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്. അത് വാഹനങ്ങളിൽ ഉപയോഗിക്കുന്നതോടെ വാഹനങ്ങൾക്ക് വലിയ രീതിയിൽ കേടുപാടുകൾ സംഭവിക്കുന്നു. വലിയ ക്രമക്കേടുകളും കൊള്ളയുമാണ് ഇതിന്റെ പേരിൽ നടക്കുന്നത്. SFI അതുമായി ബന്ധപ്പെട്ട് അനുയോജ്യമായ ഘട്ടത്തിൽ കൃത്യമായ തീരുമാനമെടുക്കും.

CJP സമരം വിദ്യാർത്ഥികളിൽ പുതിയ രാഷ്ട്രീയാവബോധമുണ്ടാക്കാൻ പ്രേരകമായിട്ടുണ്ട് എന്ന നിഗമനങ്ങളുണ്ടായിട്ടുണ്ട്. ഭാവി ജനാധിപത്യ പ്രക്രിയയിൽ ഇത് എങ്ങനെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്?
CJP സമരം എന്ന നിലയിൽ മാത്രമല്ല, ഈ സമരത്തെ കാണേണ്ടത്. CJP-യോടൊപ്പം രാജ്യത്തെ ഇടത് വിദ്യാർത്ഥി സംഘടനകളടക്കം വിവിധ വിദ്യാർത്ഥി സംഘടനകൾ ചേർന്നുനടത്തിയ സമരമാണിത്. ഇത് ദൽഹിയിൽ മാത്രം നടന്ന സമരമല്ല. രാജ്യത്താകമാനം നടന്ന സമരങ്ങളുടെ പ്രതിഫലനമായാണ് ധർമ്മേന്ദ്ര പ്രധാന് രാജിവെച്ചു പോകേണ്ടിവരുന്നത്. SFI-യുടെ നേതൃത്വത്തിൽ മാത്രം 24 സംസ്ഥാനങ്ങളിൽ ആയിരത്തോളം കേന്ദ്രങ്ങളിലാണ് സമരം നടന്നത്. തൊള്ളായിരത്തിലധികം വിദ്യാർത്ഥികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പതിനഞ്ചിലധികം വിദ്യാർത്ഥികളാണ് ജയിലിലടക്കപ്പെട്ടത്.
അങ്ങനെ നിരവധി സംഘടനകൾ രാജ്യത്താകമാനം നടത്തിയ സമരപോരാട്ടത്തിന്റെ വിജയം കൂടിയാണിത്. സി ജെ പിയും അതുമായി ബന്ധപ്പെട്ട് വലിയ പങ്കാണ് വഹിച്ചത്. ഇടത് വിദ്യാർത്ഥി സംഘടനകൾ ഈ സമരത്തിന് വലിയ ദിശാസൂചികയായി മാറി. ഈ സമരത്തെ കാണേണ്ടത് ഇന്ത്യയിലെ ജനാധിപത്യ മനുഷ്യർ ഏറ്റെടുത്ത സമരമായാണ്. അതുകൊണ്ടു തന്നെയാണ് ഈ സമരം വിജയിപ്പിക്കാൻ കൂടെ നിൽക്കാൻ സാധിച്ചതും. ഐക്യത്തോടുകൂടി എത്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അവകാശങ്ങൾക്കുവേണ്ടി ഒറ്റക്കെട്ടായി സമരം ചെയ്താൽ അത് നേടിയെടുക്കാം എന്നതാണ് ഈ സമരം തുറന്നുകാട്ടുന്നത്. വരുന്ന കാലഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർച്ചയായും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഒരു ഏകാധിപതിക്കും കീഴ്‌പ്പെടുന്നവരല്ല ഇന്ത്യൻ ജനത. അവർ ജനാധിപത്യ സമരത്തിലൂടെ അതിനെ പ്രതിരോധിക്കും എന്നതിന്റെ തെളിവാണ് ഈ സമരം.
