ന്യായാധിപന്റെ ദൈവവിശ്വാസമോ മതവിശ്വാസമോ ആയി ഇന്ത്യയുടെ ഭരണഘടനാക്കോടതികളിലെ നീതിന്യായത്തീർപ്പുകൾക്ക് ബന്ധമൊന്നുമില്ലെന്നും അതിന്റെ നീതിവിചാരങ്ങളുടെ അടിത്തറ, ആധുനിക മതേതര ജനാധിപത്യ അടിത്തറയിൽ രൂപപ്പെടുത്തിയ ഭരണഘടനയും അതിന്റെ നീതിവിചാരങ്ങളുമാണെന്നതുമാണ് ഇന്ത്യയെ ഒരു ആധുനിക ജനാധിപത്യ മതേതര റിപ്പബ്ലിക്കായി നിലനിർത്തുന്നത്. അഥവാ ഇന്ത്യയെന്ന ആശയത്തെ ഒരു ജൈവരൂപമായി മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ ഈ ഉറപ്പിനെയും രാഷ്ട്രീയ ധാരണയെയും അട്ടിമറിക്കുന്ന ഒന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് (DY Chandrachud), അയോധ്യാ വിധിയെഴുതിയതിനെക്കുറിച്ച് (Ayodhya Judgement) തന്റെ ജന്മനാട്ടിൽ വെച്ച് നടത്തിയ പ്രസംഗം. ഒരു മതേതര ജനാധിപത്യ രാജ്യത്തെ പരമോന്നത ന്യായാധിപന്റെ നീതിവിചാരം അദ്ദേഹത്തിന്റെ മത, ദൈവ വിശ്വാസവുമായുള്ള ആത്മസംഭാഷണങ്ങളിൽ നിന്നാണ് ഉരുത്തിരിയുന്നതെന്ന് വന്നാൽ അത് ഈ രാജ്യത്തെ നീതിയുടെ തീർപ്പുകൾക്കു മുകളിലുള്ള ഭരണഘടനാപരമായ വാഗ്ദാനങ്ങളെയും ഉറപ്പുകളേയുമാണ് അട്ടിമറിക്കുന്നത്. ഭൂരിപക്ഷ മതവർഗീയതയുടെ ഫാഷിസ്റ്റ് രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ഭീകരമായ വെറുപ്പിന്റെയും ഹിംസയുടേയും രാഷ്ട്രീയാധികാരത്തിലേക്കുള്ള യാത്രയുടെ ഇന്ധനമാക്കിയൊരു തർക്കത്തിൽ വിധി പറയാനാണ് അതേ തർക്കത്തിൽ കക്ഷിയായ ദൈവത്തോടുള്ള തന്റെ നിയമോപദേശ കാണ്ഡത്തെക്കുറിച്ച് ചന്ദ്രചൂഡ് വെളിപ്പെടുത്തുന്നത്. ഇന്നത്തെ ഇന്ത്യയിൽ അതിന്റെ സൂക്ഷ്മ രാഷ്ട്രീയ സ്പന്ദനങ്ങൾ അറിയാത്തത്ര നിഷ്ക്കളങ്കരല്ല നമ്മളും ചീഫ് ജസ്റ്റിസും. അതുകൊണ്ടുതന്നെ ഭരണഘടനയാലും ചരിത്രത്താലും വരാനിരിക്കുന്ന കാലത്താലും മാത്രമല്ല നാം കടന്നുപോകുന്ന ഈ കാലത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങളാലും ഇത് വിചാരണ ചെയ്യപ്പെടുകതന്നെ ചെയ്യും.
പുനെയിലെ കൻഹെർസർ ഗ്രാമത്തിൽ തന്റെ നാട്ടുകാരുടെ മുന്നിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ചിലപ്പോഴൊക്കെ വിധി പറയേണ്ടതായ കേസുകൾ മുന്നിൽ വരുമ്പോൾ നമ്മൾ ഒരു പരിഹാരത്തിൽ എത്തിച്ചേർന്നിട്ടുണ്ടാവില്ല. അയോധ്യാ കേസിൽ അങ്ങനെയാണ് സംഭവിച്ചത്. മൂന്ന് മാസമാണ് ആ കേസ് എന്റെ മുന്നിലുണ്ടായിരുന്നത്. ഞാൻ ഈശ്വരനു മുന്നിലിരുന്നു. അവനോട് പറഞ്ഞു അവൻ - അതായത് ഈശ്വരൻ ഒരു പരിഹാരം ഉണ്ടാക്കിത്തരണം / ഈശ്വരൻ വേണം ഒരു സൊലുഷൻ ഉണ്ടാക്കിത്തരാൻ” - തീർന്നില്ല, ചന്ദ്രചൂഡ് തുടരുന്നു “എന്നെ വിശ്വസിക്കൂ, നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ജഗദീശ്വരൻ ഒരു വഴി കാണിച്ച് തരും.”
സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്, പ്രീതിയോ പക്ഷപാതമോ ഇല്ലാതെ ജുഡീഷ്യൽ അധികാരങ്ങൾ നിറവേറ്റും എന്ന് സത്യപ്രതിജ്ഞ ചെയ്തയാളാണ്. ഭരണഘടനയ്ക്കും നിയമങ്ങൾക്കും അനുസൃതമായി മാത്രം കേസുകളെ സമീപിക്കാനും വിധി പറയാനും ബാധ്യതപ്പെട്ടയാളാണ്. ജാതിയ്ക്കും മതത്തിനും ദേശത്തിനും ലിംഗത്തിനും രാഷ്ട്രീയത്തിനും വിശ്വാസത്തിനും അതീതമായി വസ്തുതകളെ നിയമപരമായി സമീപിക്കുകയും ന്യായയുക്തമായി മാത്രം നിയമത്തെ വ്യാഖ്യാനിക്കുകയും ചെയ്യേണ്ടയാളാണ്. അത്തരമൊരാളാണ് താനുൾപ്പെട്ട ജുഡീഷ്യൽ ബെഞ്ച് വിധി പറഞ്ഞ അയോധ്യാ കേസിൽ ദൈവവുമായുള്ള ഇടപാടിലാണ് സൊല്യൂഷൻ കണ്ടെത്തിയത് എന്ന് പറയുന്നത്. മതവിശ്വാസം പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരർക്ക് നൽകുന്നുണ്ട്. ജഡ്ജിമാർക്കും അവകാശമുണ്ട്. പക്ഷേ ഒരു കോടതി വിധി പ്രസ്താവിക്കുമ്പോൾ ജഡ്ജിയുടെ മതവും ദൈവ വിശ്വാസവുമാണ്, ജഡ്ജിയുടെ ഉത്തമബോധ്യത്തിൽ ‘ദൈവം’ തന്നെയാണ് പറയേണ്ട വിധിയിലേക്കുള്ള വഴി കാട്ടിയത് എന്ന് പരസ്യമായി ഒരു ജഡ്ജി പറഞ്ഞാൽ അത് പരിഹാസ്യം മാത്രമല്ല, നീതിയുടെയും നിയമവാഴ്ചയുടെയും ഭരണഘടനാ ധാർമ്മികതയെ വലിച്ചെറിയുകകൂടിയാണ്.
മതവിശ്വാസം പ്രാക്ടീസ് ചെയ്യാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരർക്ക് നൽകുന്നുണ്ട്. ജഡ്ജിമാർക്കും അവകാശമുണ്ട്. പക്ഷേ ഒരു കോടതി വിധി പ്രസ്താവിക്കുമ്പോൾ ജഡ്ജിയുടെ മതവും ദൈവ വിശ്വാസവുമാണ്, ജഡ്ജിയുടെ ഉത്തമബോധ്യത്തിൽ ‘ദൈവം’ തന്നെയാണ് പറയേണ്ട വിധിയിലേക്കുള്ള വഴി കാട്ടിയത് എന്ന് പരസ്യമായി ഒരു ജഡ്ജി പറഞ്ഞാൽ അത് പരിഹാസ്യം മാത്രമല്ല, നീതിയുടെയും നിയമവാഴ്ചയുടെയും ഭരണഘടനാ ധാർമ്മികതയെ വലിച്ചെറിയുകകൂടിയാണ്.
ഒരാളുടെ മതവും വിശ്വാസവും വ്യക്തിപരമായിരിക്കുമ്പോൾത്തന്നെ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളും കൂടി ഉള്ളതാണ്. ഹിന്ദുമത വിശ്വാസിയായ ഒരു ജഡ്ജിയ്ക്ക് തന്റെ വിശ്വാസം സ്വകാര്യമായി പ്രാക്ടീസ് ചെയ്യാം. പക്ഷേ അത് ഒരു വിധിയിൽ പ്രതിഫലിച്ചു എന്ന് സമ്മതിക്കുന്നത് നീതിയിലും കോടതിയിലും ഭരണഘടനയിലും രാജ്യത്തെ പൗരർക്കുള്ള വിശ്വാസത്തെ അട്ടിമറിക്കുന്നതാണ്. ഡിവൈ ചന്ദ്രചൂഡിന്റെ ഒരു സ്വകാര്യ ചടങ്ങിലെ പരാമർശത്തിന് അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അയോധ്യാവിധിയിലാണ് ഹിന്ദു ദൈവത്തിന്റെ ഇടപെടൽ എന്നു വരുമ്പോൾ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം പിന്നെയും കൂടുന്നു. ഹിന്ദു ദൈവത്തിന്റെ ജന്മസ്ഥലമെന്ന ഐതീഹ്യ അവകാശങ്ങളുന്നയിച്ചൊരു സ്ഥലത്ത്, അവിടെയുള്ള മുസ്ലിം പള്ളി ഹിന്ദു മതവർഗീയവാദികൾ തകർത്തിടത്ത് ഹിന്ദു ദൈവത്തിന് ക്ഷേത്രം നിർമ്മിക്കാനുള്ള കോടതിത്തർക്കത്തിലാണ് ആ തർക്കത്തിൽ തീർപ്പു കൽപ്പിക്കുന്ന ന്യായാധിപൻ അതേ ദൈവത്തോട് എന്താണുവേണ്ടതെന്ന് ചോദിക്കുന്നത്! കേസിലെ കക്ഷിയോട് എങ്ങനെ വിധിയെഴുതണം എന്ന് ചോദിക്കും പോലെയായി അത്!
മതങ്ങളും വിശ്വാസങ്ങളും ആരാധനയും ചേർന്ന ഒന്നാണ് ബാബറി മസ്ജിദ് പ്രശ്നം. ഹിന്ദു തീവ്രവാദികൾ ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്ന് മുസ്ലീം ജനസാമാന്യത്തിനിടയിൽ രൂപപ്പെട്ട ഭയവും ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയിൽ ഒരു സമുദായം അപരവത്കരിക്കപ്പെട്ടതുമെല്ലാം ചരിത്രമാണ്. ബാബറി മസ്ജിദിന് മുൻപും ശേഷവും എന്ന് വിഭജിക്കാവുന്ന ഇന്ത്യൻ ചരിത്രം. സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഹിംസാത്മകതയെ പ്രയോഗിച്ചു വിജയിച്ച പരീക്ഷണശാല. ഡി.വൈ. ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തലും അയോധ്യാ വിധിയും ചേർത്തു വായിക്കുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാവുന്നുണ്ട്.
2021 ഡിസംബർ നാലിന് ‘ദ ഹിന്ദു’വിൽ അയോധ്യാ വിധിയെക്കുറിച്ച് എഴുതിയ കുറിപ്പിൽ പ്രമുഖ ചരിത്ര പണ്ഡിതയായ റോമില ഥാപ്പർ എങ്ങനെയാണ് ചരിത്രത്തെ മതവിശ്വാസം കൊണ്ട് കോടതി വിധി പകരം വെച്ചത് എന്ന് പറയുന്നുണ്ട്.
“What happened in history, happened. It cannot be changed. But we can learn to understand what happened in its fuller context and strive to look at it on the basis of reliable evidence. We cannot change the past to justify the politics of the present. The verdict has annulled respect for history and seeks to replace history with religious faith. True reconciliation can only come when there is confidence that the law in this country bases itself not just on faith and belief, but on evidence.”
2019 നവംബർ ഒൻപതിലെ അയോധ്യാ വിധി - ചരിത്രത്തിനു മേൽ വിശ്വാസത്തെ പ്രതിഷ്ഠിച്ച വിധി - എന്തായിരുന്നു എന്ന് നമുക്കറിയാം. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. അതിലെ മതപര നിരീക്ഷണങ്ങൾ ഇപ്പോൾ ഒന്നുകൂടി വായിക്കുന്നത് കൗതുകകരമാണ്. നിരീക്ഷണങ്ങളിൽ ഒന്ന് ഇങ്ങനെയാണ്: “ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിയ്ക്കാവില്ല”. ഏതാണാ ഭക്തർ? വിധി പറഞ്ഞ ന്യായാധിപ ബെഞ്ചിലെ ഡി.വൈ ചന്ദ്രചൂഡ് ഉറപ്പായും ആ ഭക്തനാണ്.
മറ്റൊന്ന് “അയോധ്യ രാമജന്മഭൂമിയെന്നാണ് ഹൈന്ദവ വിശ്വാസമെന്ന് ചരിത്രരേഖയുണ്ട്,” - അതായത് വിശ്വാസത്തെ ചരിത്രവുമായി നിയമപരമോ നീതിയുക്തമോ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ലാതെ യുക്തിയില്ലാതെ ബന്ധിപ്പിക്കുക. ഹിന്ദുവിശ്വാസിയായ ഒരാൾ മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിധി പറയുകയും അതിന് തന്നെ സഹായിച്ചത് തന്റെ ഹിന്ദു ഈശ്വരനാണ് എന്ന് പറയുകയും ചെയ്യുമ്പോൾ എതിർകക്ഷിയ്ക്ക് തനിക്ക് നീതി ലഭിച്ചില്ല എന്നുതോന്നിയാൽ അതിൽ തെറ്റുപറയാനാവില്ല.
ന്യായാധിപർ തങ്ങളുടെ രാഷ്ട്രീയാഭിമുഖ്യങ്ങളും മതവിശ്വാസവും പരസ്യമായി പ്രകടിപ്പിക്കരുത് എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ രീതിയാണ്.
ന്യായാധിപർ തങ്ങളുടെ രാഷ്ട്രീയാഭിമുഖ്യങ്ങളും മതവിശ്വാസവും പരസ്യമായി പ്രകടിപ്പിക്കരുത് എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ രീതിയാണ്. വിരമിക്കുന്ന ന്യായാധിപർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതും ഭരണഘടനാപരമായ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതും പോലും അതിന്റെ ധാർമ്മിക ആശാസ്യതയെക്കുറിച്ചുള്ള വലിയ സംശയങ്ങൾ ഉയർത്താറുണ്ട്. അക്കാര്യത്തിലുള്ള സംവാദങ്ങൾ ഇപ്പോഴും നടക്കുന്നുമുണ്ട്. രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ന്യായാധിപർ നടത്തുന്ന അനുകൂല - സ്തുതി പരാമർശങ്ങൾ ന്യായാധിപ പദവിയുടെ വിശ്വാസ്യതയേയും രാഷ്ട്രീയ- മത- നിരപേക്ഷമായ നീതിനിർവ്വഹണ ശേഷിയേയും തകർക്കുമെന്നും ഉള്ളത് വസ്തുതയാണ്. നീതിപീഠങ്ങളുടെ വിശ്വാസ്യതാ തകർച്ച രാജ്യത്തെ ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
അയോധ്യാ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിച്ച ശേഷം രാജ്യസഭാംഗമായി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് അയോധ്യാ വിധി പറഞ്ഞ ജഡ്ജിമാരെ ക്ഷണിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. ഈശ്വരനാണ് അയോധ്യാ വിധിയിലേക്ക് വഴികാട്ടിയതെന്ന് ഇപ്പോൾ വെളിപ്പെടുത്തിയ ഡി.വൈ. ചന്ദ്രചൂഡ് ഇക്കഴിഞ്ഞ ജൂലായിൽ അയോധ്യാ ക്ഷേത്ര സന്ദർശനവും നടത്തിയിരുന്നു. തീർന്നില്ല, കുറച്ച് ദിവസങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതയിൽ എത്തി മതപരമായ ചടങ്ങുകളിൽ പങ്കെടുത്തു. അതിനും മുൻപ് ജനുവരിയിൽ ഗുജറാത്തിലെ രാജ് കോട്ടിൽ അഭിഭാഷകരോട് സംസാരിക്കുമ്പോൾ ഹിന്ദുക്ഷേത്രങ്ങൾക്കു മുകളിൽ ഉയർന്നു നിൽക്കുന്ന കാവിക്കൊടികളെ നീതിയുടെ പതാകകൾ എന്ന വിവാദ പരാമർശവും ചന്ദ്രചൂഡ് നടത്തി.
2022 നവംബറിലാണ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ചന്ദ്രചൂഡിന്റെ കാലത്ത് ധീരമായി പ്രവർത്തിക്കും എന്നായിരുന്നു പ്രതീക്ഷകളും വിലയിരുത്തലുകളും. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ പുരോഗമനപരമായ പല വിധികളും ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങുന്ന സുപ്രീം കോടതി ബഞ്ചുകളുടേതായി വന്നിട്ടുണ്ട്. അവയിൽ പലതും ഒരു ഉദാര ജനാധിപത്യ രാഷ്ട്രീയത്തിന്റെ കാഴ്‌ചപ്പാടിൽ പുരോഗമനപരമായിരുന്നു. എന്നാൽ ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങളെയോ കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് പ്രയോഗങ്ങളെയോ പ്രായോഗികമായി തടയേണ്ട പല ഘട്ടങ്ങളിലും ചന്ദ്രചൂഡ് ഉൾപ്പെടുന്ന സുപ്രീം കോടതി തന്ത്രപരമായ അഭ്യാസമികവാണ് ഭരണഘടനാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ കാണിച്ചത് എന്നതും വസ്തുതയാണ്.
ജന്റർ വാർപ്പു മാതൃകകൾ നീതിന്യായ - നിയമ സംവിധാനങ്ങളുടെ എല്ലാത്തരം ഇടപെടൽ - നടപ്പാക്കൽ പ്രക്രിയകളിൽ നിന്നും ഒഴിവാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സുപ്രീം കോടതി, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാർമികത്വത്തിൽ ഒരു കൈപ്പുസ്തകം പോലും പുറത്തിറക്കി. കോടതി വ്യവഹാരങ്ങളിലെ വാക്കുകൾ, പ്രയോഗങ്ങൾ മനോഭാവങ്ങൾ ഒക്കെ എങ്ങനെയാണ് ഒരു പൊതു മനോനിലയായി സമൂഹത്തിൽ സൂക്ഷ്മമായി വ്യാപരിക്കുക എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കൈപ്പുസ്തകം. വാക്കുകളുടെ രാഷ്ട്രീയ സൂഷ്മതയെക്കുറിച്ച് പോലും ചിന്തിച്ച് പ്രവർത്തിച്ച ന്യായാധിപൻ.
ഇതേ ചന്ദ്രചൂഡാണ് തന്റെ മതവിശ്വാസം, തന്റെ ഹിന്ദുമത വിശ്വാസം, ആ വിശ്വാസത്തിന് ഭരണ രാഷ്ട്രീയ നേതൃത്വവുമായുള്ള അടുത്ത ബാന്ധവം, ആ വിശ്വാസിയുടെ ദൈവം രാജ്യത്തെ നിർണായകമായ ഒരു കോടതിവിധിയിൽ ഇടപെട്ടു എന്ന വിവരം - എല്ലാം പരസ്യമായും ആഘോഷപൂർവ്വവും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനായക ചതുർത്ഥി പൂജയും ആഘോഷവും ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡിന്റെ വസതിയിലായിരുന്നു. തന്റെ മതവിശ്വാസത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ ഭൂരിപക്ഷ മതരാഷ്ട്രീയം പറയുന്നൊരു രാഷ്ട്രീയ കക്ഷിയുടെ നേതാവിനൊപ്പമാണ് നടത്തിയത്. മാത്രമല്ല നീതിന്യായ സംവിധാനവും രാഷ്ട്രീയ ഭരണസംവിധാനവും തമ്മിൽ പാലിക്കേണ്ട ഭരണഘടനാ ധാർമികതയുടെയും സാമാന്യമായ നീതിബോധത്തിന്റെയും അടിസ്ഥാനത്തിലുള്ള അകൽച്ചപോലും പാലിക്കാൻ ചന്ദ്രചൂഡ് തയ്യാറായില്ല. അത് ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയ സംവിധാനത്തിന്റെ സ്വാഭാവികമായ സ്വീകാര്യതയിലേക്കും അതിന്റെ നീതിശാസ്ത്രത്തിലേക്കും തന്നെ ചേർത്തുവെക്കുകയാണ് എന്നറിയാതിരിക്കാൻ മാത്രം നിഷ്ക്കളങ്കനല്ല ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. ഡിജിറ്റൽ കാലത്തിന്റെ അതിവേഗങ്ങളിലൂടെ അതെങ്ങനെയാണ് പറക്കുകയെന്നതും ഇന്ത്യയുടെ സമകാലീന രാഷ്ട്രീയകാലത്ത് പ്രത്യേകിച്ചും മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന ഘട്ടത്തിൽ അതിന്റെ ഉപയോഗമൂല്യം എന്തായിരിക്കുമെന്നും അദ്ദേഹത്തിനറിയില്ല എന്നാണെങ്കിൽ ഹാ കഷ്ടമെന്നേ പറയാനുള്ളു!
ഈ രാജ്യത്തിന്റെ നീതിബോധം രൂപപ്പെട്ടത് ദൈവവിശ്വാസത്തിന്റെയോ മതബോധത്തിന്റെയോ അടിസ്ഥാനത്തിലല്ല.
ഈ രാജ്യത്തിന്റെ നീതിബോധം രൂപപ്പെട്ടത് ദൈവവിശ്വാസത്തിന്റെയോ മതബോധത്തിന്റെയോ അടിസ്ഥാനത്തിലല്ല. നീതിയെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും ഇന്ത്യൻ റിപ്പബ്ലിക്കുണ്ടാക്കിയ ഭരണഘടനയുടേത് ആധുനിക മതേതര ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോധവും രീതിശാസ്ത്രവുമാണ്. അതിൽ വിശ്വാസിക്കും അവിശ്വസിക്കും ആശ്രയിക്കാനുള്ളത് ഭരണഘടനാ ധാർമ്മികതയാണ്. അതുകൊണ്ടുതന്നെ നീതിയുടെ തീർപ്പെങ്ങനെയാകണമെന്ന് ദൈവത്തോട് ചോദിക്കുന്ന ന്യായാധിപൻ ഈ രാജ്യത്തിന്റെ നീതിബോധത്തിന്റെ രാഷ്ട്രീയഘടനയെ ദുർബ്ബലമാക്കുകയാണ്. തന്റെ വിധികൾ ഭഗവാൻ സത്യസായിബാബ കൈപിടിച്ചെഴുതിക്കുകയാണെന്ന് പറഞ്ഞ പി.എൻ. ഭഗവതി എന്ന മറ്റൊരു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടായിരുന്നു. അതോർക്കുമ്പോഴും ഇന്ത്യയിലെ ഭരണഘടനാക്കോടതികളുടെ ധാർമ്മികതയും നീതിബോധവും ഭരണഘടനാ ധാർമ്മികതയും ആധുനിക മതേതര ജനാധിപത്യ രാഷ്ട്രീയ ഘടനയുമാണ്. അതിൽ ദൈവത്തിനുകൂടി ഒരിടം കൊടുക്കുമ്പോൾ ഇന്ത്യയെന്ന ആശയത്തെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമരമടക്കമുള്ള രാഷ്ട്രീയ ധാരകളെ അട്ടിമറിക്കുന്ന മതബദ്ധ ഫാഷിസ്റ്റ് വർഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ആയുധങ്ങളിലൊന്നുകൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിഞ്ഞോ അറിയാതെയോ പ്രയോഗിക്കുന്നത്.
വിരമിക്കാൻ ഒരാഴ്ച കൂടി മാത്രം ബാക്കിയുള്ളപ്പോൾ, ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തെ സാധ്യമാക്കിയ ഏറ്റവും വലിയ രാഷ്ട്രീയായുധമായ അയോധ്യയിലെ ബാബറി മസ്ജിദ്-രാമക്ഷേത്ര തർക്കത്തിൽ, ഭരണഘടനാ കോടതി തീർപ്പിന് ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊടുക്കുന്നതിൽ ചന്ദ്രചൂഡിന്റെ ലക്ഷ്യമെന്താണെന്ന് വരും കാലം കൂടുതൽ തെളിയിക്കുമായിരിക്കും . ഒരു ന്യായാധിപൻ തികച്ചും അശാസ്ത്രീയവും യുക്തിരഹിതവുമായ ഒരു പരാമർശം താൻ ഉൾപ്പെട്ട ബെഞ്ച് പ്രസ്താവിച്ച വിധിയെക്കുറിച്ച് പറഞ്ഞു എന്നതല്ല ഇതിലെ രാഷ്ട്രീയം. അതാതു കാലത്തെ ഭരണകൂടങ്ങളുടെ രാഷ്ട്രീയ നിലപാടുകളിൽ നിന്ന് പൂർണമായും വിട്ടു നിന്നു കൊണ്ട് ഒരു കാലത്തും ഇന്ത്യൻ കോടതികൾ പ്രവർത്തിച്ചിട്ടില്ല എന്നതും ചരിത്രമാണ്. ചന്ദ്രചൂഡിൻ്റേത് നാക്കു പിഴയോ അറിയാതെ നടത്തിയ വെളിപ്പെടുത്തലോ പോലുമല്ല. അത്, അറിഞ്ഞു കൊണ്ട് നരേന്ദ്ര മോദി സർക്കാരിന്റെ ഹിന്ദുത്വ അജണ്ടയിലേക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ തലവൻ കെട്ടിക്കൊടുത്ത കാവിക്കൊടിയാണ്. അദ്ദേഹത്തിനതുകൊണ്ട് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. എന്നാൽ സൂക്ഷ്മമായിരിക്കും അതിന്റെ രാഷ്ട്രീയ ഫലം. ഭരണകൂടവും കോടതികളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നടത്തിപ്പിനായി ന്യായ സംഹിതകളെ മെനഞ്ഞെടുക്കുമ്പോൾ ആർക്കു വേണ്ടി നിലകൊള്ളുന്നു കോടതികൾ എന്ന ചോദ്യം ജനാധിപത്യ സമൂഹം നിരന്തരം ഉയർത്തേണ്ടിയിരിക്കുന്നു.