നീതിന്യായവ്യവസ്ഥ: ജനാധിപത്യത്തിന്റെ മനസ്സാക്ഷിയാകുമ്പോൾ

“ഭരണഘടനയുടെ ധാർമികതയും മനുഷ്യന്റെ അന്തസ്സും സമത്വവും സ്വാതന്ത്ര്യവുമാണ് നീതിയുടെ വഴികാട്ടികളാകേണ്ടത്. ഒരു യഥാർഥ ജനാധിപത്യത്തിൽ കോടതി അധികാരത്തിന്റെ ഏറ്റവും ഉയർന്ന കോട്ടയാകണമെന്നില്ല എന്നാൽ അധികാരമില്ലാത്ത മനുഷ്യർക്ക് അവസാനമായി വിശ്വസിക്കാൻ കഴിയുന്ന വാതിലായാൽ മതി,” നീതിന്യായവ്യവസ്ഥ നിഷ്പക്ഷമാകേണ്ടതിൻെറ ആവശ്യകത വിശദീകരിക്കുന്നു ഷൂജ. എസ്. വൈ.

“We, the People of India” - “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ. ഇന്ത്യൻ ഭരണഘടനയുടെ ഈ ആദ്യവാക്കുകൾ ഒരു രാജ്യത്തിന്റെ രാഷ്ട്രീയഘടനയെക്കുറിച്ചുള്ള പ്രഖ്യാപനം മാത്രമല്ല; അധികാരത്തിന്റെ യഥാർഥ ഉറവിടത്തെക്കുറിച്ചുള്ള വ്യക്തമായ ഓർമപ്പെടുത്തലുമാണ്. ഇന്ത്യയിൽ പരമാധികാരം ഒരു വ്യക്തിയുടേയോ രാഷ്ട്രീയപാർട്ടിയുടേയോ സർക്കാരിന്റെയോ, പാർലമെന്റിന്റെയോ കോടതിയുടേയോ കൈവശമുള്ളതല്ല. ഈ സ്ഥാപനങ്ങളെല്ലാം ജനങ്ങൾ ഭരണഘടനയിലൂടെ സൃഷ്ടിച്ചവയാണ്. അതുകൊണ്ട് കോടതി ജനങ്ങൾക്ക് മുകളിലുള്ള ഒരു അധികാരകേന്ദ്രമല്ല. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ കാവൽക്കാരനാണ്.

ഒരു ജനാധിപത്യത്തിൽ നീതിന്യായവ്യവസ്ഥയുടെ യഥാർഥ ശക്തി അതിന്റെ അധികാരത്തിലല്ല; അധികാരമില്ലാത്തവരുടെ കൈപിടിച്ചുയർത്താനുള്ള ശേഷിയിലാണ്. സർക്കാരിനെതിരെ ഒറ്റയ്ക്ക് നിൽക്കുന്ന പൗരർ, രാഷ്ട്രീയ പിന്തുണയില്ലാത്ത ഒരു ന്യൂനപക്ഷം, വർഷങ്ങളായി വിചാരണ കാത്തുകഴിയുന്ന തടവുകാർ, സാമൂഹികമായി മാറ്റിനിർത്തപ്പെട്ട മനുഷ്യർ, ഭിന്നശേഷിക്കാർ, ലിംഗപരമായി വിവേചനം നേരിടുന്നവർ, ഇവരുടെ അവസാന പ്രതീക്ഷയായി കോടതി മാറുമ്പോഴാണ് നീതിന്യായവ്യവസ്ഥ ജനാധിപത്യത്തിന്റെ മനസ്സാക്ഷിയാകുന്നത്.

അധികാരത്തോട് ‘ഇല്ല’ എന്ന് പറഞ്ഞ കോടതികൾ

ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ചരിത്രം അഭിമാനകരമാകുന്നത്, അത് എല്ലാ കാലത്തും ശരിയായിരുന്നുവെന്നതുകൊണ്ടല്ല. നിർണായകമായ ചില ഘട്ടങ്ങളിൽ അധികാരത്തിനും ജനപ്രിയതയ്ക്കുമെതിരെ ഭരണഘടനയുടെ പക്ഷത്ത് നിൽക്കാൻ അതിന് കഴിഞ്ഞതുകൊണ്ടാണ്. 1973-ലെ കേശവാനന്ദ ഭാരതി കേസിൽ, പാർലമെന്റിന് ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാനഘടന തകർക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ ഇല്ലാതാക്കാനുള്ള അനുമതിയല്ലെന്ന സന്ദേശമായിരുന്നു അത്. 1978-ലെ മേനക ഗാന്ധി വിധി നിയമപരമായ നടപടിക്രമത്തെക്കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. നിയമത്തിൽ നടപടിക്രമമുണ്ട് എന്നതുകൊണ്ട് മാത്രം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ പാടില്ല.ആ നടപടിക്രമം ന്യായവും നീതിപൂർവവും യുക്തിസഹവുമായിരിക്കണം എന്ന് കോടതി വ്യക്തമാക്കി.

ഹുസൈനാര ഖത്തൂൺ കേസുകൾ കോടതിയുടെ മറ്റൊരു മാനുഷികമുഖം തുറന്നുകാട്ടി. വിചാരണപോലും പൂർത്തിയാകാതെ വർഷങ്ങളായി ജയിലിൽ കഴിയുന്ന ആയിരക്കണക്കിന് ദരിദ്ര തടവുകാരുടെ അവസ്ഥയാണ് ഈ കേസിലൂടെ രാജ്യത്തിന്റെ ശ്രദ്ധയിൽ വന്നത്. പണമില്ലാത്തതിനാൽ ജാമ്യം പോലും ലഭിക്കാതെ ഒരാളുടെ ജീവിതത്തിലെ വർഷങ്ങൾ ജയിലിൽ നഷ്ടപ്പെടുമ്പോൾ, നിയമത്തിന്റെ സാങ്കേതികതയേക്കാൾ വലിയ ചോദ്യമാണ് നീതി. വേഗത്തിലുള്ള വിചാരണ വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. 2014-ലെ NALSA വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വത്വത്തിനും സ്വയം തിരിച്ചറിയാനുള്ള അവകാശത്തിനും ഭരണഘടനാപരമായ അംഗീകാരം നൽകി. 2017-ലെ പുട്ടസ്വാമി വിധി സ്വകാര്യതയെ മൗലികാവകാശമായി അംഗീകരിച്ചു. 2018-ലെ നവ്തേജ് സിംഗ് ജോഹർ വിധി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും അന്തസ്സിനെയും ഭൂരിപക്ഷസമൂഹത്തിന്റെ ധാർമികവിശ്വാസങ്ങൾക്ക് അടിയറവയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. അധികാരമുള്ളവരുടെ പക്ഷത്ത് നിൽക്കുന്നത് എളുപ്പമാണ്. ജനപ്രിയ വിശ്വാസത്തോട് ചേർന്നുനിൽക്കുന്നതും എളുപ്പമാണ്. എന്നാൽ സാമൂഹികമായി ഒറ്റപ്പെട്ടവരുടെയും രാഷ്ട്രീയമായി ദുർബലരായവരുടെയും അവകാശങ്ങൾക്കായി നിൽക്കുകയാണ് കോടതിയുടെ യഥാർഥ കർത്തവ്യം.

2014-ലെ NALSA വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വത്വത്തിനും സ്വയം തിരിച്ചറിയാനുള്ള അവകാശത്തിനും ഭരണഘടനാപരമായ അംഗീകാരം നൽകി.
2014-ലെ NALSA വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വത്വത്തിനും സ്വയം തിരിച്ചറിയാനുള്ള അവകാശത്തിനും ഭരണഘടനാപരമായ അംഗീകാരം നൽകി.

മഹത്തായ ചരിത്രം മാത്രം മതിയോ?

ഒരു സ്ഥാപനത്തിന്റെ മഹത്തായ ചരിത്രം അതിന്റെ ഇന്നത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാതിരിക്കാനുള്ള ലൈസൻസാകരുത്. ഇവിടെയാണ് ഇന്നത്തെ ഇന്ത്യൻ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള അസ്വസ്ഥകരമായ ചില ചോദ്യങ്ങൾ ഉയരുന്നത്. നീതിന്യായവ്യവസ്ഥ സ്വതന്ത്രമായിരിക്കണം. അതിൽ സംശയമില്ല. രാഷ്ട്രീയാധികാരത്തിന്റെ നിയന്ത്രണത്തിലായ കോടതി ജനാധിപത്യത്തിന് അപകടകരമാണ്. എന്നാൽ നീതിന്യായസ്വാതന്ത്ര്യം ഉത്തരവാദിത്വത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണോ? ഒരു ജനാധിപത്യ സ്ഥാപനവും ജനങ്ങളുടെ ചോദ്യങ്ങൾക്ക് അതീതമാകാൻ പാടില്ല. കോടതി സ്വതന്ത്രമായിരിക്കണം; അതോടൊപ്പം സുതാര്യവും ഉത്തരവാദിത്വമുള്ളതുമായിരിക്കണം. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും പരസ്പരവിരുദ്ധമായ ആശയങ്ങളല്ല. യഥാർഥത്തിൽ ഒന്നില്ലാതെ മറ്റൊന്ന് നിലനിൽക്കുകയുമില്ല.

നീതിന്യായരംഗത്തെ ആശങ്കകൾ

സമീപകാലത്ത് ഉന്നത നീതിന്യായരംഗത്തുനിന്ന് പുറത്തുവന്ന ചില സംഭവങ്ങൾ സ്ഥാപനപരമായ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ പ്രസക്തി നൽകി. ജഡ്ജിമാർക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളും, ഉന്നത ജഡ്ജിമാർ തന്നെ സഹജഡ്ജിമാരുടെ പ്രവർത്തനത്തെക്കുറിച്ച് ചീഫ് ജസ്റ്റിസിന് കത്തയക്കുന്ന സാഹചര്യങ്ങളും നീതിന്യായ വ്യവസ്തയുടെ ഔന്നത്യത്തെ ബാധിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ സ്വതന്ത്രവും നിയമപരവുമായ അന്വേഷണങ്ങളിലൂടെ പൊതു സമൂഹത്തിനു മുൻപാകെ വെളിപ്പെടേണ്ടതുണ്ട്:

നീതിന്യായവ്യവസ്ഥയ്ക്കുള്ളിൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ അവ പരിശോധിക്കുന്ന സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകുന്നത്ര സുതാര്യതയുണ്ടോ?

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തത്തെ തുടർന്ന് കത്തിക്കരിഞ്ഞ നോട്ടുകൾ കണ്ടെത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.. തുടർന്നുള്ള അന്വേഷണത്തിൽ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്ന പണത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ ഗൗരവമായ കണ്ടെത്തലുകൾ ഉണ്ടായി. 2026 ഓഗസ്റ്റിലെ അന്വേഷണ റിപ്പോർട്ട്, വലിയ തോതിൽ വിശദീകരിക്കപ്പെടാത്ത പണം അവിടെ ഉണ്ടായിരുന്നുവെന്നും അതിന്റെ സാന്നിധ്യം, ഉറവിടം, ഉടമസ്ഥത എന്നിവയെക്കുറിച്ചുള്ള വിശദീകരണം തൃപ്തികരമല്ലെന്നും കണ്ടെത്തി. പക്ഷേ, ഈ സംഭവം ഉയർത്തുന്ന ചോദ്യങ്ങൾ അവഗണിക്കാനാവില്ല:

ജസ്റ്റിസ് യശ്വന്ത് വർമ്മ
ജസ്റ്റിസ് യശ്വന്ത് വർമ്മ

നീതിയെ സംരക്ഷിക്കേണ്ട സ്ഥാപനത്തിനകത്ത് അഴിമതിയെക്കുറിച്ചുള്ള സംശയം ഉയരുമ്പോൾ, അതിനെ അന്വേഷിക്കുന്ന പ്രക്രിയയും സാധാരണ പൗരന്റെ മുന്നിൽ വിശ്വസനീയവും സുതാര്യവുമായിരിക്കേണ്ടതില്ലേ?

നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത വ്യക്തികളെ അന്ധമായി വിശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്നതല്ല. തെറ്റുണ്ടെങ്കിൽ അത് കണ്ടെത്താനും പരിശോധിക്കാനും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിയുന്ന ശക്തമായ സംവിധാനത്തിലൂടെയാണ് അത് ഉണ്ടായി വരേണ്ടത്.

കൊളീജിയം: സ്വാതന്ത്ര്യമുണ്ടാകട്ടെ, പക്ഷേ ഇരുട്ടിൽ വേണ്ട

ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിൽ കൊളീജിയം സംവിധാനം രൂപപ്പെട്ടത് രാഷ്ട്രീയാധികാരത്തിന്റെ അനിയന്ത്രിത ഇടപെടലിൽനിന്ന് നീതിന്യായവ്യവസ്ഥയെ സംരക്ഷിക്കാനായിരുന്നു.

രാഷ്ട്രീയ ഇടപെടലിൽനിന്ന് സ്വതന്ത്രമായ ഒരു സംവിധാനം പൊതുജനപരിശോധനയിൽനിന്നും സ്വതന്ത്രമായിരിക്കണമോ?

ആരാണ് നിയമിക്കപ്പെടുന്നത്? എന്ത് മാനദണ്ഡത്തിലാണ് ഒരാൾക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്? എന്തുകൊണ്ടാണ് മറ്റൊരാളുടെ നിയമനം വൈകുന്നത്? ഒരു ജഡ്ജിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത്?

ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്.

നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ മുൻവിധി, വ്യക്തിബന്ധം, സാമൂഹിക സ്വാധീനം, ജാതി, മതം, പ്രദേശം തുടങ്ങിയ ഘടകങ്ങൾ അന്യായമായി ഇടപെടുന്നില്ലെന്ന് ഉറപ്പാക്കുന്ന സംവിധാനം ആവശ്യമാണ്.ഇതിനായി കൃത്യമായ മാർഗ്ഗരഖകളും നടപടിക്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്.

യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ സർക്കാരിന്റെ ആദ്യപ്രതികരണം ലാത്തിയോ കേസോ ആയിരിക്കണമോ? അതോ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ? ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത അധികാരമാണ് പ്രതിഷേധത്തെ ഭയപ്പെടുന്നത്.

ഇതിലും പ്രധാനമായി, ഒരു ജുഡീഷ്യൽ ഓഫീസർ തന്റെ ജോലി ചെയ്യുമ്പോൾ തന്റെ ഭാവിയെക്കുറിച്ച് ഭയപ്പെടാൻ പാടില്ല.

“ഈ വിധി എഴുതിയാൽ എന്റെ സ്ഥാനക്കയറ്റം തടസ്സപ്പെടുമോ?”

“അധികാരത്തെ അസ്വസ്ഥമാക്കിയാൽ അതെന്റെ ഭാവിയെ ബാധിക്കുമോ?”ഇത്തരം ആശങ്കകൾ ഒരു ജഡ്ജിയുടെ മനസ്സിൽ ഉണ്ടാകുന്ന നിമിഷം നീതിന്യായ വ്യവസ്ഥ ദുർബലമാകുന്നു.

വിരമിച്ചശേഷമുള്ള സ്ഥാനങ്ങൾ: നിയമപരമായ അവകാശവും ധാർമിക ചോദ്യവും

നീതിന്യായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മറ്റൊരു പ്രധാന ചർച്ച ജഡ്ജിമാർ വിരമിച്ച ഉടൻ രാഷ്ട്രീയമോ സർക്കാർനിയമനമോ സ്വീകരിക്കുന്നതിനെക്കുറിച്ചാണ്. നിയമപരമായി അത്തരമൊരു സ്ഥാനം സ്വീകരിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ടാകാം. പക്ഷേ ഇവിടെ ചോദ്യം നിയമസാധുതയെക്കുറിച്ച് മാത്രമല്ല. നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള പൊതുജനവിശ്വാസത്തെക്കുറിച്ചുകൂടിയാണ്. സേവനകാലത്ത് രാഷ്ട്രീയമായി അതീവപ്രധാനമായ കേസുകൾ പരിഗണിച്ച ഒരു ജഡ്ജി വിരമിച്ച ഉടൻ രാഷ്ട്രീയമോ സർക്കാർ പിന്തുണയുള്ളതോ ആയ ഒരു സ്ഥാനം ഏറ്റെടുക്കുമ്പോൾ പൊതുസമൂഹത്തിൽ ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിച്ചതിന് ശേഷം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സംഭവം ഈ ചർച്ചയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി. ഇവിടെ ഒരു വ്യക്തിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നതല്ല പ്രശ്നം. നീതിന്യായവ്യവസ്ഥ നീതിപൂർവമായിരിക്കണം എന്നതുപോലെ തന്നെ, അത് നീതിപൂർവമായി കാണപ്പെടുകയും വേണം. അതുകൊണ്ട് സുപ്രധാന നീതിന്യായസ്ഥാനങ്ങളിൽ ഇരുന്നവർ വിരമിച്ചശേഷം രാഷ്ട്രീയമോ സർക്കാർനിയമനമോ സ്വീകരിക്കുന്നതിന് ഒരു യുക്തിസഹമായ cooling-off period വേണമോ എന്നത് ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്.

2019 നവംബർ 9-ലെ അയോധ്യ ഭൂമിത്തർക്ക വിധി ഇന്ത്യൻ നീതിന്യായചരിത്രത്തിലെ ഏറ്റവും സങ്കീർണമായ വിധികളിലൊന്നാണ്.
2019 നവംബർ 9-ലെ അയോധ്യ ഭൂമിത്തർക്ക വിധി ഇന്ത്യൻ നീതിന്യായചരിത്രത്തിലെ ഏറ്റവും സങ്കീർണമായ വിധികളിലൊന്നാണ്.

അയോധ്യ വിധി: നിയമവും വിശ്വാസവും തമ്മിലുള്ള ഏറ്റവും വലിയ പരീക്ഷണം

2019 നവംബർ 9-ലെ അയോധ്യ ഭൂമിത്തർക്ക വിധി ഇന്ത്യൻ നീതിന്യായചരിത്രത്തിലെ ഏറ്റവും സങ്കീർണമായ വിധികളിലൊന്നാണ്. ഈ കേസിൽ സുപ്രീംകോടതി ചില കാര്യങ്ങൾ വ്യക്തമായി അംഗീകരിച്ചു. 1949-ൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതും 1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർത്തതും നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനങ്ങളായിരുന്നു. എന്നാൽ, അന്തിമവിധിയിൽ തർക്കഭൂമി ക്ഷേത്രനിർമാണത്തിനായി വിട്ടുനൽകുകയും മുസ്ലിം സമൂഹത്തിന് പള്ളി നിർമിക്കുന്നതിനായി മറ്റൊരു സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി നൽകാൻ നിർദേശിക്കുകയും ചെയ്തു. ഈ വിധിയുടെ നിയമപരമായ വശങ്ങൾ സങ്കീർണമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം, കൈവശാവകാശം, ചരിത്രപരമായ രേഖകൾ, പുരാവസ്തുതെളിവുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് കോടതി തീരുമാനത്തിലെത്തിയത്.


എന്നാൽ നിയമപരമായ വിശകലനത്തിനപ്പുറം ഒരു ജനാധിപത്യധാർമിക ചോദ്യം ഇവിടെ നിലനിൽക്കുന്നു. നിയമവിരുദ്ധമായ രീതിയിൽ ഒരു ആരാധനാലയം തകർക്കപ്പെട്ടുവെന്ന് കോടതി തന്നെ അംഗീകരിക്കുമ്പോൾ, അതിനുശേഷം രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളിൽനിന്ന് അന്തിമപരിഹാരം പൂർണമായും സ്വതന്ത്രമായിരുന്നോ? ഈ ചോദ്യം വിധിയെ അവഹേളിക്കാനല്ല. ഭാവിയിലെ ജനാധിപത്യത്തിനുവേണ്ടിയാണ്. കാരണം ഒരു സമൂഹത്തിന്റെ ഭൂരിപക്ഷവിശ്വാസം എത്ര ശക്തമായാലും അത് കോടതികളെ സംബന്ധിച്ച് നിയമപരമായ മാനദണ്ഡങ്ങളായി മാറരുത്. ഒരു ജനകീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ശക്തി എത്ര വലുതായാലും അത് മറ്റൊരു സമൂഹത്തിന്റെ അവകാശത്തിന് പകരമാകരുത്.

ഇവിടെ ഒരു അടിസ്ഥാനതത്വം വ്യക്തമാക്കേണ്ടതുണ്ട്: ഒരു കോടതിയും ജനാഭിപ്രായ സർവേയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ നീതി നിർണയിക്കാൻ പാടില്ല. കോടതിയുടെ ചോദ്യം “എത്രപേർ ഇത് വിശ്വസിക്കുന്നു?” എന്നതായിരിക്കരുത്.

അതിന്റെ ചോദ്യം ഇതായിരിക്കണം: “നിയമം എന്താണ് പറയുന്നത്?”

“ഭരണഘടനയുടെ ധാർമികത എന്താണ് ആവശ്യപ്പെടുന്നത്?”

“ഈ തീരുമാനത്തിലൂടെ എല്ലാവർക്കും തുല്യമായ നീതി ലഭിക്കുന്നുണ്ടോ?”

ഒരു ജനാധിപത്യത്തിന്റെ മഹത്വം ഭൂരിപക്ഷത്തിന് എന്ത് ലഭിക്കുന്നു എന്നതിൽ മാത്രമല്ല; ഭൂരിപക്ഷത്തിൽപ്പെടാത്ത മനുഷ്യന് എന്ത് സുരക്ഷയുണ്ട് എന്നതിലുമാണ്....

പൗരരുടെ ചോദ്യം ചെയ്യാനുള്ള അവകാശം

കോടതിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന് ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ്. അതേസമയം കോടതിയെ വിമർശിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള പൗരരുടെ സ്വാതന്ത്ര്യവും അതുപോലെ പ്രധാനമാണ്. ജനാധിപത്യത്തിൽ ഒരു വ്യക്തിക്ക് സർക്കാരിനെ ചോദ്യം ചെയ്യാം. ഭരണകൂടത്തെ ചോദ്യം ചെയ്യാം. നിയമസഭയെ വിമർശിക്കാം. കോടതിവിധികളുടെ യുക്തിയെ വിശകലനം ചെയ്യാം. ഒരു സ്ഥാപനത്തെ ബഹുമാനിക്കുന്നു എന്നതിന്റെ അർഥം അതിനെക്കുറിച്ച് മൗനം പാലിക്കുക എന്നല്ല. ചോദ്യങ്ങൾ ജനാധിപത്യത്തിന്റെ ശത്രുക്കളല്ല; മൗനമാണ് പലപ്പോഴും സ്ഥാപനങ്ങളുടെ ഏറ്റവും അപകടകരമായ സുഹൃത്ത്.

ജെൻ-സി ചോദിക്കുന്ന ചോദ്യങ്ങൾ

ഇന്ത്യയിലെ പുതിയ തലമുറ ഇന്ന് ഭരണസംവിധാനത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ വളരെ ലളിതമാണ്.

പരീക്ഷകൾ സുതാര്യമാണോ?

യോഗ്യതയുടെ അടിസ്ഥാനത്തിൽ അവസരങ്ങൾ ലഭിക്കുമോ?

വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ മാന്യമായി ജീവിക്കാൻ കഴിയുന്ന തൊഴിൽ ലഭിക്കുമോ?

ചോദ്യപേപ്പർ ചോർന്നാൽ ആരാണ് ഉത്തരവാദി?

സിസ്റ്റം പരാജയപ്പെടുമ്പോൾ എന്തുകൊണ്ട് അതിന്റെ വില യുവാക്കൾ നൽകണം?

ഈ ചോദ്യങ്ങൾ ഉന്നയിക്കുന്ന തലമുറയെ ചിലപ്പോൾ അസഹിഷ്ണുതയോടെയാണ് അധികാരം കാണുന്നത്. അവസരങ്ങൾ സൃഷ്ടിക്കാൻ പരാജയപ്പെടുന്ന സംവിധാനങ്ങൾ പ്രതിഷേധിക്കുന്ന യുവാക്കളെ കുറ്റപ്പെടുത്തുമ്പോൾ അതൊരു വലിയ ജനാധിപത്യവിരോധാഭാസമായി മാറുന്നു. യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോൾ സർക്കാരിന്റെ ആദ്യപ്രതികരണം ലാത്തിയോ കേസോ ആയിരിക്കണമോ? അതോ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ? ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത അധികാരമാണ് പ്രതിഷേധത്തെ ഭയപ്പെടുന്നത്.

അവസരങ്ങൾ സൃഷ്ടിക്കാൻ പരാജയപ്പെടുന്ന സംവിധാനങ്ങൾ പ്രതിഷേധിക്കുന്ന യുവാക്കളെ കുറ്റപ്പെടുത്തുമ്പോൾ അതൊരു വലിയ ജനാധിപത്യവിരോധാഭാസമായി മാറുന്നു.
അവസരങ്ങൾ സൃഷ്ടിക്കാൻ പരാജയപ്പെടുന്ന സംവിധാനങ്ങൾ പ്രതിഷേധിക്കുന്ന യുവാക്കളെ കുറ്റപ്പെടുത്തുമ്പോൾ അതൊരു വലിയ ജനാധിപത്യവിരോധാഭാസമായി മാറുന്നു.

നിയമവിദ്യാർഥികളും ‘Yes Sir’ തലമുറയും

സമീപകാലത്ത് പ്രമുഖ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഉന്നത നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തത് മറ്റൊരു പ്രധാന ചർച്ചയ്ക്ക് വഴിവച്ചു. അവരുടെ ഓരോ നിലപാടുകളോടും എല്ലാവരും യോജിക്കണമെന്നില്ല. എന്നാൽ വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. ഭാവിയിലെ നിയമവൃത്തിക്ക് ആവശ്യം അധികാരത്തിന്റെ മുന്നിൽ എല്ലായ്പ്പോഴും തലകുനിക്കുന്ന “Yes Sir” തലമുറയല്ല.

ഭരണഘടന വായിക്കുന്ന, നിയമം മനസ്സിലാക്കുന്ന, ആവശ്യമുള്ളപ്പോൾ അധികാരത്തോട് “Why?” എന്ന് ചോദിക്കാൻ കഴിയുന്ന യുവ അഭിഭാഷകരെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇന്ത്യയുടെ നിയമചരിത്രത്തിലെ നിരവധി പുരോഗമനപരമായ മാറ്റങ്ങൾ കോടതിയുടെ ഉള്ളിൽ നിന്നുമാത്രമല്ല ഉണ്ടായത്. ധീരരായ അഭിഭാഷകരും മനുഷ്യാവകാശപ്രവർത്തകരും സാമൂഹികപ്രസ്ഥാനങ്ങളും അസൗകര്യകരമായ ചോദ്യങ്ങൾ ചോദിച്ചതിലൂടെയാണ് അവ സാധ്യമായത്. അതുകൊണ്ട് നിയമവിദ്യാർഥിയുടെ വിയോജിപ്പിനെ ശിക്ഷിക്കേണ്ട ഒന്നായി കാണരുത്. നിയമത്തിന്റെ ആത്മാവിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരമായി കാണണം.

ഭരണഘടന വായിക്കുന്ന, നിയമം മനസ്സിലാക്കുന്ന, ആവശ്യമുള്ളപ്പോൾ അധികാരത്തോട് “Why?” എന്ന് ചോദിക്കാൻ കഴിയുന്ന യുവ അഭിഭാഷകരെയാണ് ഇന്ത്യയ്ക്ക് ആവശ്യം.
ഭരണഘടന വായിക്കുന്ന, നിയമം മനസ്സിലാക്കുന്ന, ആവശ്യമുള്ളപ്പോൾ അധികാരത്തോട് “Why?” എന്ന് ചോദിക്കാൻ കഴിയുന്ന യുവ അഭിഭാഷകരെയാണ് ഇന്ത്യയ്ക്ക് ആവശ്യം.

ജനാധിപത്യത്തിന്റെ കോടതിമുറി

ഇന്ത്യ കേവലം ഭൂരിപക്ഷത്തിന്റെ രാജ്യമല്ല. അത് അനവധി ഭാഷകളും മതങ്ങളും സംസ്കാരങ്ങളും പ്രദേശങ്ങളും സാമൂഹികവിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫെഡറൽ ജനാധിപത്യമാണ്. അതുകൊണ്ട് ഒരു കോടതിവിധി പുറപ്പെടുവിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം അളക്കാനാവില്ല. ഒരു തീരുമാനം എടുക്കുമ്പോൾ കോടതി ചോദിക്കേണ്ടത്:

ഇത് ഇന്ത്യയുടെ വൈവിധ്യത്തെ സംരക്ഷിക്കുന്നുണ്ടോ?

ന്യൂനപക്ഷത്തിനും വ്യക്തിക്കും സുരക്ഷിതത്വം നൽകുന്നുണ്ടോ?

സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ ബഹുമാനിക്കുന്നുണ്ടോ?

ഏറ്റവും ദുർബലനായ മനുഷ്യന് ഇതിലൂടെ നീതി ലഭിക്കുന്നുണ്ടോ?

ഒരു കോടതിയും ജനപ്രിയ വിശ്വാസങ്ങളുടെ പിന്നാലെ നടക്കരുത്. ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് നിയമപരമായ മുദ്ര നൽകുന്ന സ്ഥാപനമായി മാറരുത്. മതവിശ്വാസത്തിന്റെ ശക്തിയെ ഒരു പൗരന്റെ അവകാശത്തിന് മുകളിലായി സ്ഥാപിക്കരുത്. ഭരണഘടനയുടെ നൈതികതയാണ് കോടതിയുടെ വഴികാട്ടി; മനുഷ്യാന്തസ്സാണ് അതിന്റെ അന്തിമ പരീക്ഷണക്കല്ല്.

നീതിയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം

നീതിന്യായവ്യവസ്ഥയുടെ മഹത്വം ഒരിക്കലും തെറ്റാതിരിക്കുന്നതിലല്ല. തെറ്റുകളെ തിരിച്ചറിയാനും തിരുത്താനുമുള്ള ധൈര്യത്തിലാണ്. അത് ജനപ്രിയമായ തീരുമാനങ്ങൾ എടുക്കുന്നതിലല്ല. ജനപ്രിയതയ്ക്കെതിരെ നിൽക്കേണ്ടിവന്നാലും ഭരണഘടനയുടെ പക്ഷത്ത് നിൽക്കുന്നതിലാണ്. അത് അധികാരമുള്ളവരെ സംരക്ഷിക്കുന്നതിലല്ല. അധികാരമില്ലാത്ത മനുഷ്യരുടെ കൈപിടിക്കുന്നതിലാണ്.. കൊളീജിയം സംവിധാനം പൊതു, സമൂഹത്തോട് ഉത്തരവാദിത്വം ഉള്ളതായിരിക്കണം. അഴിമതി ആരോപണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കപ്പെടണം. ഓരോ ജഡ്ജിക്കും സ്ഥാനക്കയറ്റത്തെയോ സ്ഥലംമാറ്റത്തെയോ ഭയപ്പെടാതെ വിധി പറയാൻ കഴിയണം. വിരമിച്ചശേഷമുള്ള രാഷ്ട്രീയനിയമനങ്ങൾ സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ഉയർത്താത്ത വിധത്തിൽ നിയന്ത്രിക്കപ്പെടണം. അതുപോലെ പൗരർക്ക് ഭയമില്ലാതെ സർക്കാരിനെയും ഭരണകൂടത്തെയും കോടതിയെയും ചോദ്യം ചെയ്യാൻ കഴിയണം. കാരണം ജനാധിപത്യത്തിന്റെ ശക്തി ചോദ്യങ്ങളില്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നതിലല്ല. ചോദ്യങ്ങളെ നേരിടാൻ കരുത്തുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലാണ്.

ഈ രാജ്യത്തിന്റെ യഥാർഥ ഉടമകൾ ജനങ്ങളാണ്. കോടതി ജനങ്ങൾക്ക് മുകളിലല്ല. അത് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവസാന പ്രതീക്ഷയാണ്. അതുകൊണ്ട് കോടതിയുടെ മുന്നിൽ ഭൂരിപക്ഷത്തിന്റെ സമ്മർദമോ ജനപ്രിയ വിശ്വാസങ്ങളോ രാഷ്ട്രീയ സൗകര്യങ്ങളോ ഉണ്ടാകരുത്. ഭരണഘടനയുടെ ധാർമികതയും മനുഷ്യന്റെ അന്തസ്സും സമത്വവും സ്വാതന്ത്ര്യവുമാണ് നീതിയുടെ വഴികാട്ടികളാകേണ്ടത്. ഒരു യഥാർഥ ജനാധിപത്യത്തിൽ കോടതി അധികാരത്തിന്റെ ഏറ്റവും ഉയർന്ന കോട്ടയാകണമെന്നില്ല എന്നാൽ അധികാരമില്ലാത്ത മനുഷ്യർക്ക് അവസാനമായി വിശ്വസിക്കാൻ കഴിയുന്ന വാതിലായാൽ മതി.


Summary: Shooja. S. Y. highlights the importance of an independent judiciary in protecting equality, freedom, dignity, and the rights of people in a democracy.


ഷൂജ. എസ്. വൈ

മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ, സമഗ്രശിക്ഷ കേരള.

Comments