കഴിഞ്ഞ 12 വർഷത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിനിടയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഇതാദ്യമായി തങ്ങളുടെ ലക്ഷ്യം നിറവേറ്റാനാവാതെ പാർലമെൻറിൽ പ്രതിപക്ഷത്തിന് മുന്നിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഒന്ന് കണ്ണടച്ച് തുറക്കുന്നതിനിടയിൽ നോട്ട് നിരോധനം നടപ്പിലാക്കിയ, കശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ, കടുത്ത എതിർപ്പുകളും പ്രതിഷേധങ്ങളും നേരിട്ടിട്ടും മുത്തലാഖ് നിയമവും വഖഫ് ഭേദഗതിയും, പൗരത്വനിയമ ഭേദഗതിയും നടപ്പാക്കിയ സർക്കാരാണ് വനിതാ സംവരണമെന്ന തേൻ പുരട്ടി മണ്ഡല പുനർനിർണയത്തിലൂടെ രാജ്യത്തെ ഫെഡറൽ സംവിധാനത്തെയാകെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ ഇക്കുറി കണക്കുകൂട്ടലുകളെല്ലാം പാളി. തീർത്തും ആവശ്യകതയായ, പുരോഗമനപരമായ ആശയമാണ് ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സ്ത്രീസംവരണമെന്നത്. 2023-ൽ പ്രതിപക്ഷത്തിൻെറ കൂടി പിന്തുണയോടെ പാർലമെൻറിൽ ബിൽ പാസ്സായിരുന്നതാണ്. എന്നാൽ അത് നടപ്പാക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അവിടെയാണ് ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടത്.
ബിൽ നടപ്പാവണമെങ്കിൽ, സെൻസസ് മാനദണ്ഡമാക്കി മണ്ഡല പുനർനിർണയം നടക്കണം. ഈ മണ്ഡല പുനർനിർണയം തങ്ങൾക്ക് പരമാവധി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുക എന്നതായിരുന്നു ബി.ജെ.പി പദ്ധതി. ഭരണഘടനയുടെ 131ാം ഭേദഗതിയിലൂടെ 2011-ലെ സെൻസസ് പ്രകാരം മണ്ഡല പുനർനിർണയം നടപ്പാക്കാനാണ് ബി.ജെ.പി സർക്കാർ ധൃതി പിടിച്ചത്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ലോക്സഭാ സീറ്റുകൾ വർധിപ്പിക്കുക. ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അവിടെ അവഗണിക്കപ്പെടുമെന്ന് വ്യക്തം. 1971 മുതൽ 2011 വരെയുള്ള സെൻസസുകളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ - 166 ശതമാനം, ബിഹാർ - 147 ശതമാനം, മധ്യപ്രദേശ് - 141 ശതമാനം, യുപി - 138 ശതമാനം എന്നിങ്ങനെയാണ് ജനസംഖ്യാ വളർച്ച. തമിഴ്നാട്ടിൽ ഇത് 75 ശതമാനവും കേരളത്തിൽ 56 ശതമാനവും. നിലവിലെ 540-ൽ നിന്ന് ലോക്സഭാ സീറ്റുകൾ 850 ആക്കി മാറ്റാനായിരുന്നു ആലോചന. ഏതെല്ലാം സംസ്ഥാനങ്ങളിൽ എങ്ങനെയെല്ലാമാണ് വർധിപ്പിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചിരുന്നു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സീറ്റുകൾ വർധിക്കുന്ന സംസ്ഥാനം ഉത്തർ പ്രദേശ്. അവിടെ മാത്രം വർധിക്കുമായിരുന്നത് 58 സീറ്റുകൾ. ഷാ പറഞ്ഞ കണക്കുകൾ പ്രകാരം കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ ആകെ 66 സീറ്റുകൾ. എങ്ങനെയുണ്ട് വനിതാ സംവരണത്തിന് പിന്നിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന കുറുക്കുവഴിയിൽ ഭരണം ഉറപ്പിക്കാനുള്ള തന്ത്രം? ദക്ഷിണേന്ത്യയിൽ എന്തെല്ലാം പയറ്റിയിട്ടും അധികം സീറ്റുകൾ ലഭിക്കാത്ത ബി.ജെ.പി ഉത്തരേന്ത്യയിൽ തങ്ങളുടെ സ്വാധീനമേഖലകളിൽ സീറ്റ് വർധിപ്പിച്ച് അതിന് പരിഹാരം തേടാൻ ശ്രമിക്കുന്നു.
വനിതാ സംവരണത്തോട് തങ്ങൾക്ക് വിയോജിപ്പില്ലെന്ന് കോൺഗ്രസും തൃണമുൽ കോൺഗ്രസും ആർ.ജെ.ഡിയും എസ്.പിയും തൃണമുൽ കോൺഗ്രസ്സും സിപിഎമ്മും സിപിഐയുമെല്ലാം ചേരുന്ന പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കിയതാണ്. ഇവരുടെയെല്ലാം പിന്തുണയോടെയാണ് ഭരണഘടനയുടെ 106ാം ഭേദഗതി പ്രകാരമാണ് സ്ത്രീ സംവരണനിയമം 2023-ൽ പാസ്സാക്കിയത്. തീർച്ചയായും ഇന്ത്യയിലെ പ്രതിപക്ഷത്തിന് വനിതാ സംവരണത്തോട് യാതൊരു തരത്തിലുള്ള എതിർപ്പുമില്ലെന്നതും വ്യക്തം. പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ 33 ശതമാനവും അതത് വിഭാഗം സ്ത്രീകൾക്ക് സംവരണം ചെയ്യണമെന്നും ബില്ലിൽ പറയുന്നുണ്ട്. ഇതോടെയാണ് ചരിത്രപരമായ വനിതാ സംവരണത്തിന് നമ്മുടെ ജനപ്രതിനിധി സഭകൾ കാത്തിരിക്കാൻ തുടങ്ങിയത്. മണ്ഡല പുനർനിർണയവും വനിതാസംവരണവും കൂട്ടിക്കെട്ടി അധികാരരാഷ്ട്രീയത്തിലേക്ക് ബി.ജെ.പി മുന്നോട്ടുവെച്ച കുറുക്കുവഴി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് മതിൽ കെട്ടിയടച്ചുവെന്നതാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ സംഭവിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബിൽ പാസ്സാവാൻ വേണ്ടിയിരുന്നത്. അതായത് 543-ൽ 352 അംഗങ്ങളുടെ പിന്തുണ. ഇന്നലെ നടന്ന വോട്ടെടുപ്പിൽ പിന്തുണച്ചത് 298 പേർ മാത്രം. 230 പേർ ബില്ലിനോട് വിയോജിച്ചു.
“ഈ ബില്ലിനെ ‘സ്ത്രീകളുടെ ബിൽ’ എന്ന് വിളിക്കാനാവില്ല. 2023-ൽ എല്ലാവരുടെയും പിന്തുണയോടെ പാസാക്കിയ ബിൽ കൊണ്ടുവരൂ; ഞങ്ങൾ എല്ലാവരും അതിനെ പിന്തുണയ്ക്കും. എന്നാൽ ഇപ്പോൾ നടക്കുന്നത് സ്ത്രീകളെ മറയാക്കി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനുള്ള ശ്രമമാണ്,” ലോക്സഭയിൽ സംസാരിക്കവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
എന്താണ് യഥാർത്ഥ പ്രശ്നമെന്നും രാഹുൽ സഭയിൽ വിശദീകരിക്കുന്നുണ്ട്. “ഇത് വനിതകൾക്ക് വേണ്ടിയുള്ള ബില്ലല്ല. സ്ത്രീകളുടെ ഉന്നമനത്തിനായി ഇതിന് ഒന്നും ചെയ്യാനില്ല. എന്താണ് ഇവിടെ ചെയ്യാൻ ശ്രമിക്കുന്നത്? ജാതി സെൻസസിനെ ബൈപ്പാസ് ചെയ്യാൻ ശ്രമിക്കുകയാണ്. ദലിത് - ആദിവാസി - ഒബിസി ജനതയിൽ നിന്ന് അധികാരവും പ്രാതിനിധ്യവും എടുത്ത് കളയാൻ ശ്രമിക്കുകയാണ്. നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെ മനുവാദം കൊണ്ട് അട്ടിമറിക്കുകയാണ്. ഈ രാജ്യത്തിൻെറ രാഷ്ട്രീയഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങൾ മോദി സർക്കാരിനെ ഭയപ്പെടുത്തുന്നു. അവരുടെ ശക്തി കുറഞ്ഞ് വരുന്നത് വല്ലാതെ വേവലാതിപ്പെടുത്തുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ നിങ്ങൾ മാറ്റിവരയ്ക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ അത് കശ്മീരിൽ നടപ്പാക്കിയിട്ടുണ്ട്. അസ്സമിൽ നടപ്പാക്കിയിട്ടുണ്ട്. അത് ഇന്ത്യയിൽ സമ്പൂർണമായി നടപ്പാക്കാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപിക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളോടും ഇവിടുത്തെ ചെറിയ സംസ്ഥാനങ്ങളോടും നിങ്ങൾ പറയുന്നത്… ബി.ജെ.പി അധികാരത്തിൽ തുടരുന്നതിന് വേണ്ടി പ്രാതിനിധ്യം എടുത്ത് കളയാൻ പോവുന്നുവെന്നാണ്. ഇത് രാജ്യവിരുദ്ധ നിയമമല്ലാതെ മറ്റൊന്നുമല്ല. ഒരു സാഹചര്യത്തിലും ഇത് ഇന്ത്യയിൽ നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കാൻ പോവുന്നില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് നിങ്ങളുടെ ഈ ലക്ഷ്യങ്ങളെയെല്ലാം എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യും.”
വോട്ടെടുപ്പിൽ രാഹുൽ പറഞ്ഞത് പോലെത്തന്നെ സംഭവിച്ചു. തമിഴ്നാടും ബംഗാളുമെല്ലാം തെരഞ്ഞെടുപ്പിൻെറ തിരക്കിലൂടെ മുന്നോട്ട് പോവുന്ന സാഹചര്യത്തിൽ കൂടിയാണ് ബി.ജെ.പി ധൃതി പിടിച്ച് ലോക്സഭയിൽ ബിൽ പാസ്സാക്കാൻ ശ്രമിച്ചത്. ഈ ബിൽ പരാജയപ്പെട്ടതോടെ കേന്ദ്രഭരണ പ്രദേശങ്ങളിൽ വനിതാസംവരണം നടപ്പിലാക്കുന്നതിനും മണ്ഡല പുനർനിർണയത്തിനുമുള്ള ബില്ലുകളും സർക്കാർ ഒഴിവാക്കി. ഏത് കുറുക്കുവഴിയും ഉപയോഗിച്ച് അധികാരം നിലനിർത്താനുള്ള ബി.ജെ.പിയുടെ അടവുനയമാണ് പ്രതിപക്ഷം പരാജയപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി അധികാരത്തിലേറിയ ശേഷം ഇതാദ്യമായി ഇന്ത്യൻ പാർലമെൻറിൽ തോൽവിയെന്തെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു. ഇതിന് മുൻപ് ഈ രാജ്യത്തെ കർഷകർക്ക് മുന്നിലാണ് മോദി സർക്കാർ പരാജയപ്പെട്ടിരുന്നത്. കർഷക വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ അവർ ഐതിഹാസികമായ സമരങ്ങളിലൂടെയാണ് പരാജയപ്പെടുത്തിയിരുന്നത്. ഇത്തവണ പ്രതിപക്ഷത്തിൽ നിന്ന് ഏത് വിധേനയും പിന്തുണ ലഭിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി നടത്തിയിരുന്നു. വോട്ടെടുപ്പിന് തൊട്ട് മുൻപ് വരെ മോദി പ്രതിപക്ഷ അംഗങ്ങളോട് ബില്ലിനെ പിന്തുണയ്ക്കണമെന്ന് അഭ്യാർത്ഥിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 50 ശതമാനം സീറ്റ് വർധനയെന്ന ഫോർമുല അമിത് ഷാ മുന്നോട്ട് വെച്ചിരുന്നു. ഭേദഗതിയായി ഈ വാഗ്ദാനം ബില്ലിൽ ഉൾപ്പെടുത്താമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിനൊന്നും വഴങ്ങാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറായില്ല.
തീർച്ചയായും… ഇത് ഇന്ത്യൻ ജനാധിപത്യത്തിൻെറ വിജയമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, വേണ്ട വിധത്തിൽ ചർച്ചകളൊന്നും നടത്താതെ ധൃതി പിടിച്ച് ഒന്നുമറിയാത്ത പോലെ, പുരോഗമന മേനി നടിച്ച് ഈ രാജ്യത്തിൻെറ ഫെഡറൽ സംവിധാനത്തെയാകെ അട്ടിമറിക്കാനുള്ള ശ്രമമാണ് തോറ്റ് തുന്നം പാടിയിരിക്കുന്നത്. വനിതാ സംവരണം അനിവാര്യതയാണ്. രാഷ്ട്രീയ പാർട്ടികൾ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തത് കൊണ്ടാണ് അത് സംഭവിച്ചത്. ഇന്ത്യയിലെ ജനപ്രാതിനിധ്യ സഭകളിൽ സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടാവണം. വെള്ളം ചേർക്കാതെ വനിതാ സംവരണ ബിൽ അതിൻെറ പൂർണാർത്ഥത്തിലാണ് നടപ്പാക്കേണ്ടത്.
