ജാതി സെൻസസിനുവേണ്ടി മുറവിളികൾ ശക്തമാകുന്ന സന്ദർഭത്തിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ പരസ്യമായി ന്യായീകരിച്ച് ആർ. എസ്. എസ് ബന്ധമുള്ള വാരികയായ ‘പാഞ്ചജന്യ’ത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഓരോ സമുദായത്തിനും ജനസംഖ്യക്ക് ആനുപാതികമായ പ്രാതിനിധ്യം ജനസഭകളിലും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും നൽകി ഇന്ത്യയിൽ ജനായത്തപരമായ സാമൂഹ്യനീതി ഉറപ്പാക്കണമെന്ന ആവശ്യം പ്രബലമായിരിക്കേ ആർ.എസ്.എസ് ജാതിവ്യവസ്ഥയെ പ്രകീർത്തിക്കുന്നതിൻ്റെ ലക്ഷ്യമെന്താണ്?
"ലോക്സഭാ സീറ്റുകൾ ജാതിയടിസ്ഥാനത്തിൽ വീതിച്ചാൽ രാജ്യത്ത് വിഭജനങ്ങൾ വർദ്ധിക്കും. അതിനാണ് ജാതി സെൻസസ് വേണമെന്നു പറയുന്നത്," പാഞ്ചജന്യ എഡിറ്റോറിയലിൽ പറയുന്നു. ഇങ്ങനെ ജാതി സെൻസിനെതിരെ പരസ്യമായി നിലപാടെടുക്കുക മാത്രമല്ല, ഒപ്പം ജാതിവ്യവസ്ഥ തച്ചുടയ്ക്കരുതെന്നുമാണ് ആവശ്യപ്പെടുന്നത്. "ഓരോരുത്തരെയും തൊഴിലിൻ്റെയും പാരമ്പര്യത്തിൻ്റെയും അടിസ്ഥാനത്തിൽ വർഗ്ഗീകരിച്ച് ഇന്ത്യക്കാരെ കോർത്തിണക്കി കാത്തു പോന്ന ചങ്ങലയാണ് ജാതിവ്യവസ്ഥ" - എഡിറ്റർ ഹിതേഷ് ശങ്കർ എഴുതിയിരിക്കുന്നു.
എഡിറ്റോറിയൽ മുന്നോട്ടു വെയ്ക്കുന്ന പ്രധാന ആശയം ഇതാണ്: ഇന്ത്യയ്ക്കു പൈതൃകമായി കിട്ടിയ ഈ അസുലഭവും ദൈവികവുമായ സാമൂഹ്യ വ്യവസ്ഥ നശിപ്പിക്കാൻ മുസ്ലീം - ബ്രിട്ടീഷ് ഭരണാധികാരികൾ ശ്രമിച്ചു. എന്നാൽ അത്തരം കുത്സിത ശ്രമങ്ങളെയെല്ലാം അതിജീവിച്ച് ജാതിവ്യവസ്ഥയെ ഇന്ത്യ കാത്തുപോന്നു. കാരണം ജാതിവ്യവസ്ഥ പാലിക്കുന്നതു കൊണ്ടാണ് ഇന്ത്യ ലോകത്ത് തന്നെ ആരാലും കീഴ്പ്പെടുത്താനാവാത്ത വൻശക്തിയായി ഇന്നും നിലകൊള്ളുന്നത്. അതുകൊണ്ട് "സ്വന്തം ജാതിയെ ലംഘിക്കുന്നയാൾ അയാളുടെ രാജ്യത്തെ തന്നെ ചതിക്കുന്നുവെന്ന് ഇന്ത്യക്കാർ മനസ്സിലാക്കി," എഡിറ്റോറിയലിൽ പറയുന്നു. ജാതിയെ ധിക്കരിക്കുന്നവർ രാജ്യദ്രോഹികളെന്നും ഇതിൽ പറയുന്നുണ്ട്.
ജാതിവ്യവസ്ഥയെന്നാൽ എന്താണെന്നും, അത് ഇന്ത്യയെ വൻശക്തിയാക്കി ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉയർത്തി നിർത്തുന്നുവെന്നും ഹിതേഷ് ശങ്കർ ഉദാഹരണ സഹിതം വിശദീകരിക്കുന്നുമുണ്ട്. “ഓരോ ജാതിക്കും വിധിച്ച തൊഴിൽ ഓരോ ജാതിയും പരമ്പരാഗതമായി ചെയ്യുന്നതാണ് ജാതിവ്യവസ്ഥ. അതുവഴി എല്ലാ രംഗത്തും പ്രഗത്ഭർ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് ജാതിവ്യവസ്ഥയുടെ മഹത്വം. മറ്റു രാജ്യക്കാരേക്കാൾ എല്ലാ മേഖലയിലും വിദഗ്ദ്ധർ ഇന്ത്യയിൽ ഉണ്ടാകുന്നതിന് കാരണം ജാതിവ്യവസ്ഥയാണ്. ഉദാഹരണമായി ബ്രിട്ടനിലെ മാഞ്ചസ്റ്ററിലെ നെയ്ത്തുകാരേക്കാൾ ഏറെ മുന്നിലായിരുന്നു ഇന്ത്യയിലെ ബംഗാളി നെയ്ത്തുകാർ. നെയ്ത്ത് പരമ്പരാഗത തൊഴിൽ ആയതിനാൽ അച്ഛനിൽ നിന്നും മക്കൾക്ക് ചെറുപ്പം മുതൽ തന്നെ തൊഴിൽ പഠിക്കാൻ അവസരം കിട്ടി. ഇതെല്ലാം തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ബ്രിട്ടീഷുകാർ മതപരിവർത്തനം വഴി ജാതിവ്യവസ്ഥ തകർത്തു. ഇത് ഇന്ത്യയെ അടിമത്തത്തിലാക്കുകയാണ് ചെയ്തത്,” എഡിറ്റോറിയൽ പറയുന്നു.
സ്വന്തം ജാതിയെ ലംഘിക്കുന്നയാൾ അയാളുടെ രാജ്യത്തെ തന്നെ ചതിക്കുന്നുവെന്ന് ഇന്ത്യക്കാർ മനസ്സിലാക്കിയതായി ആർ. എസ്. എസ് ബന്ധമുള്ള വാരികയായ ‘പാഞ്ചജന്യ’ത്തിലെ എഡിറ്റോറിയലിൽ പറയുന്നു. ജാതിയെ ധിക്കരിക്കുന്നവർ രാജ്യദ്രോഹികളെന്നും ഇതിൽ പറയുന്നുണ്ട്.
യഥാർഥത്തിൽ ഓരോ ജാതിയും പാരമ്പര്യമായി ഒരേ തൊഴിൽ തന്നെ ചെയ്യുന്ന ജാതിവ്യവസ്ഥ കൊണ്ട് ഓരോ തൊഴിൽ രംഗത്തും വിദഗ്ദ്ധർ സൃഷ്ടിക്കപ്പെട്ടിരുന്നോ? ഒരു നെയ്ത്തു കുടുംബത്തിലെ എല്ലാ സന്താനങ്ങളും വിദഗ്ധരായ നെയ്ത്തുകാരായി മാറിയിരുന്നോ? ഒരേ കുടുംബത്തിൽ ജനിച്ചവരെല്ലാം കുലത്തൊഴിൽ പഠിച്ച് തന്നെയാണോ ജീവിതം മുന്നോട്ട് നയിച്ചത്? ജാതിത്തൊഴിൽ കാരണം പെരുന്തച്ചൻ്റെ ഒരു മകൻ പ്രഗത്ഭനായ തച്ചനായി അച്ഛനോട് കിട നിന്നിരിക്കാം. എന്നാൽ പെരുന്തച്ചൻ്റെ മറ്റു മക്കളോ? അതിലെ പരമ്പരകളോ? ചെറുപ്പം മുതലേ പാട്ടിൻ്റെ അന്തരീക്ഷത്തിൽ വളർന്നെന്നു വെച്ച് ഗായകരുടെ മക്കളെല്ലാം മികച്ച ഗായകരായി മാറുന്നുണ്ടോ? ഭരണാധികാരികളുടെ മക്കളെല്ലാം ഭരണത്തിൽ കേമത്തം കാണിക്കുമോ? ഭരണം കുടുംബപരമായ കുലത്തൊഴിലായി മാറുമ്പോൾ കഴിവുകെട്ട അനേകം ഭരണാധികാരികളെ സഹിക്കുക എന്നത് ജനതയുടെ വിധിയായി മാറുന്നു. അതു തന്നെയാണ് ജാതിവ്യവസ്ഥ എല്ലാ രംഗങ്ങളിലും ഇന്ത്യയിൽ വരുത്തി വെച്ചത്.
യഥാർത്ഥത്തിൽ ജാതിവ്യവസ്ഥ വ്യക്തികളുടെ വിഭിന്നങ്ങളായ കഴിവുകൾക്ക് ആജന്മ കൂച്ചുവിലങ്ങിടുകയാണ് ചെയ്തത്. ബഹുഭൂരിപക്ഷത്തെയും അവരവരുടെ തൊഴിലുകളിൽ ശരാശരിക്കാരോ കഴിവുകെട്ടവരോ ആക്കി ശ്വാസംമുട്ടിച്ചു മുരടിപ്പിച്ചു നിർത്തുകയല്ലേ ചെയ്തത്? മാരാർ ജാതിയിൽ ജനിച്ചു പോയി എന്ന ഒറ്റക്കാരണത്താൽ കുടുംബത്തിലെ എല്ലാവരും ചെണ്ട കൊട്ടി ജീവിതകാലം കഴിച്ചു കൂട്ടണമെന്നത് വ്യക്തികളുടെ നാനാവിധങ്ങളായ ജന്മവാസനകളെ വളരാൻ അനുവദിക്കാതെ പിഴുതുകളയലാണ്.
അതുകൊണ്ടല്ലേ,
"നെല്ലിൻ ചുവട്ടിൽ മുളയ്ക്കും-കാട്ടു
പുല്ലല്ല സാധു പുലയൻ.
ശങ്ക വേണ്ടൊന്നായ് പുലർന്നാൽ- അതും
പൊങ്കതിർപൂണും ചെടിതാൻ."
എന്ന് കവിക്കു നമ്മളെ ഓർമ്മപ്പെടുത്തേണ്ടി വന്നത്?
വ്യക്തികൾക്ക് അവരവരുടെ അഭിരുചിക്കും കഴിവിനും താൽപ്പര്യത്തിനുമൊത്ത് ഇഷ്ടപ്പെട്ട മേഖലകൾ തിരഞ്ഞെടുക്കാൻ അവസരവും സ്വാതന്ത്ര്യവും യഥേഷ്ടം ഉണ്ടായിരിക്കണം. അതാണ് ഒരു സമൂഹത്തിലെ ആളോഹരി സന്തുഷ്ടിയുടെ ആദ്യത്തെ അളവുകോൽ. മാതംഗി എന്ന ചാമർ പെൺകുട്ടിക്ക് സന്ന്യാസം തെരഞ്ഞെടുക്കാൻ അവളുടെ ലിംഗമോ ജാതിയോ പദവിയോ തടസ്സമാകരുതെന്നാണല്ലോ ബുദ്ധൻ പറഞ്ഞത്. ഇന്ത്യ ലോകത്ത് ജനസംഖ്യയാൽ ഏറ്റവും സമ്പന്നമായ രാജ്യമായിട്ടും വിരലിലെണ്ണാവുന്ന ചില ഇനങ്ങളെ മാറ്റിനിർത്തിയാൽ, ആഗോള കായിക മേളകളിൽ നമ്മുടെ നില എത്രയോ പിന്നിലാണെന്നു നോക്കുക! ജാതിവ്യവസ്ഥയല്ലാതെ മറ്റൊന്നുമല്ല ഇതിനു ഒന്നാമത്തെ കാരണം. അദൃശ്യമായ മേൽത്തട്ടു സംവരണം ജനസംഖ്യയിലെ 10 -15% ജനങ്ങൾ മാത്രം അനുഭവിക്കുന്ന ഒരു രാജ്യത്ത് എത്രയധികം കുഞ്ഞുങ്ങൾ പിറന്നാലും, അവരിൽ കഴിവനുസരിച്ച് മികവുറ്റവരെ കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ ഇന്ത്യയിൽ സാധ്യമല്ല. അങ്ങനെ വ്യക്തികളുടെ കഴിവുകളെ ജാതി നോക്കി അലസിപ്പിച്ചു കളയുന്നത് ദൈവിക ഗ്രന്ഥങ്ങളിലെ പുണ്യകർമ്മമായിട്ടാണ് ജാതിവക്താക്കൾ അഭിമാനിക്കുന്നത്!
“എത്ര പെരുമാക്കൾ ശങ്കരാചാര്യർ തുഞ്ചന്മാർ കുഞ്ചന്മാരും അല്ലയോ കേരള മാതാവേ, നിൻ്റെ വയറ്റിൽ ജാതിവ്യവസ്ഥയുടെ ചവിട്ടേറ്റു ചാപിള്ളകളായി അലസിപ്പോയി” എന്നു കുമാരനാശാൻ പറഞ്ഞത് മറക്കരുത്. അതായത് ജാതിവാദികൾ ന്യായീകരിക്കുന്നതു പോലെ ജാതിവ്യവസ്ഥ പ്രഗത്ഭരെ ഓരോ രംഗത്തും സൃഷ്ടിക്കുകയല്ല, മുളയിലേ നുള്ളുകയാണ് ചെയ്യുന്നത്. സ്വന്തം കഴിവിനും ഇഷ്ടത്തിനും അനുസരിച്ച് അതാത് മേഖലകളിൽ മുന്നേറാൻ ജാതിവ്യവസ്ഥ പൗരസമൂഹത്തെ അനുവദിക്കാത്തതാണ് ജനസംഖ്യയിൽ മുന്നിലായിട്ടും ഇന്ത്യയുടെ പിന്നാക്കാവസ്ഥയുടെ ആദ്യത്തെയും അവസാനത്തെയും കാരണം.
ജനങ്ങളിൽ 90%-ത്തെയും പ്രഗത്ഭമതികളായി വളരാൻ ജാതിവ്യവസ്ഥ തീർത്ത സാമൂഹ്യ - സാമ്പത്തിക സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. പിന്നാക്ക - എസ്. സി, എസ്.ടി. വിഭാഗങ്ങളിൽ നിന്നും ഇന്ത്യയിലെ ഉന്നത വിദ്യാലയങ്ങളിൽ ഒരു വിധം എത്തുന്ന കുട്ടികൾക്ക് ഇന്നും ജാതിപരമായി ഏൽക്കേണ്ടി വരുന്ന വിവേചനങ്ങൾ നോക്കൂ. ജാതിവ്യവസ്ഥയെ ഇന്ത്യയുടെ മഹോന്നത കണ്ടുപിടുത്തം എന്നു കോൾമയിർക്കൊള്ളുന്നവരാണ് പൊതുസ്ഥാപനങ്ങളിലെ ഈ ജനായത്ത - പൗരാവകാശ നിഷേധങ്ങൾക്കു കാരണക്കാർ.
മറ്റൊന്ന്, ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യം ജാതിവ്യവസ്ഥയാണ് എന്നു വാഴ്ത്തി, അതിനെ ചോദ്യം ചെയ്യുന്നവരെ ചരിത്രത്തിൽ നിന്നും തുടച്ചുനീക്കുക എന്ന തന്ത്രം കൂടി ജാതിവാദികൾ ചെയ്തു പോരുന്നതും നാം തിരിച്ചറിയണം. ഇന്ത്യയുടെ അതിപ്രാചീന സംസ്ക്കാരമായ ഹാരപ്പൻ നാഗരികതയിൽ ജാതിവ്യവസ്ഥ ഉണ്ടായിരുന്നില്ല. മാത്രമല്ല അതേപോലെ നിലനിന്നിരുന്ന ഈജിപ്ഷ്യൻ - മെസൊപ്പൊട്ടേമിയൻ നാഗരികതകളിൽ ഉണ്ടായിരുന്നതുപോലെ വലിയ അസമത്വം ഹാരപ്പൻ സംസ്കൃതിയുടെ ഭാഗമായിരുന്നില്ല. എന്നാൽ, ജാതിവ്യവസ്ഥയുടെ വക്താക്കൾ ഭരണം കൈക്കലാക്കുമ്പോൾ ഇന്ത്യയിൽ സാമൂഹ്യ - സാമ്പത്തിക അസമത്വം രൂക്ഷമാകുന്നു എന്നു കാണാം.
സ്വന്തം കഴിവിനും ഇഷ്ടത്തിനും അനുസരിച്ച് അതാത് മേഖലകളിൽ മുന്നേറാൻ ജാതിവ്യവസ്ഥ പൗരസമൂഹത്തെ അനുവദിക്കാത്തതാണ് ജനസംഖ്യയിൽ മുന്നിലായിട്ടും ഇന്ത്യയുടെ പിന്നാക്കാവസ്ഥയുടെ ആദ്യത്തെയും അവസാനത്തെയും കാരണം.
ബ്രാഹ്മണരുടെ ഇന്ത്യൻ അധിനിവേശമാണ് ഇവിടെ ജാതിവ്യവസ്ഥയെ വേരു പിടിപ്പിച്ചത്. അതിന് യഥാർത്ഥ ഇന്ത്യൻ പാരമ്പര്യവുമായി യാതൊരു ബന്ധവുമില്ല. ബ്രാഹ്മണർ കൊണ്ടുവന്ന ജാതിവ്യവസ്ഥക്കെതിരെ ഇവിടുത്തെ ശ്രമണ പാരമ്പര്യ ജനപദങ്ങൾ ശക്തമായി നിലകൊണ്ട ചരിത്രമാണ് ഇന്ത്യയുടേത്. ജാതിവിരുദ്ധ ജനായത്ത ശ്രമണ പാരമ്പര്യമാണ് ബുദ്ധന് ജന്മം നൽകി സാഹോദര്യത്തിൻ്റെ സ്നേഹശബ്ദം ലോകത്തെ കേൾപ്പിച്ചത്. എന്നാൽ ബ്രാഹ്മണാഭിമുഖ്യമുള്ള ഭരണാധികാരികൾ ഭരിച്ച നാളുകളിൽ ജാതിവ്യവസ്ഥ ഇന്ത്യയെ ദ്രവിപ്പിക്കാൻ തുടങ്ങി. മുഗൾ - ബ്രിട്ടീഷ് കാലങ്ങളും ഏറെക്കുറെ ബ്രാഹ്മണാധിപത്യത്തിൻ്റെ ജാതി മേൽക്കോയ്മാ നാളുകൾ തന്നെയായിരുന്നു. കാരണം, ബ്രാഹ്മണ്യത്തെ തൃപ്തിപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും ജാതിവ്യവസ്ഥയെ ദൃഢപ്പെടുത്തുന്നതിലൂടെ അവർക്ക് ഇന്ത്യയുടെ മേൽ ആധിപത്യം സുഗമമാക്കാൻ കഴിഞ്ഞു.
എവിടെയെല്ലാം ഇന്ത്യയുടെ തനതായ ശ്രമണ ജനായത്ത ജാതിവിരുദ്ധ പാരമ്പര്യം ശക്തമായിരുന്നോ അവിടെയെല്ലാം അടിത്തട്ടു സമൂഹങ്ങൾ തൊഴിൽപരമായ സർഗ്ഗാത്മക സ്വാതന്ത്ര്യം അനുഭവിച്ചു പോന്നു. അത്തരം ഇടങ്ങളിൽ അടിത്തട്ടു ജനങ്ങളിൽ നിന്നും വ്യത്യസ്ത തൊഴിൽ മേഖലകളിൽ വിദഗ്ധരെ സമൂഹത്തിനു ലഭിക്കാനുള്ള ഭാഗ്യം കൈവരുകയും ചെയ്തു. ഉദാഹരണമായി 17-ാം നൂറ്റാണ്ടിൽ "ഹോർത്തൂസ് മലബാറിക്കൂസ് "എന്ന ഔഷധസസ്യ ഗ്രന്ഥം എഴുതിയ ഇട്ടി അച്ചുതൻ എന്ന ചേർത്തല - കടക്കരപ്പള്ളിക്കാരൻ ഈഴവ വൈദ്യനുണ്ട്. പല ഈഴവ കുടുംബങ്ങളിലും അതിസമർത്ഥരായ കളരിപ്പയറ്റുകാർ ഉണ്ടായിരുന്നത് ഓർക്കുക. അവർക്ക് നാടുവാഴികൾ "പണിക്കർ" സ്ഥാനവും കല്പിച്ചുകൊടുത്തിരുന്നു.
അതായത് കുലത്തൊഴിൽ എന്ന അടിച്ചേല്പിക്കലിനു സമൂഹം അപ്പാടെ എന്നും വിധേയമായിരുന്നില്ല. പല ജാതികളിലും ബ്രാഹ്മണ മേധാവിത്വ ചിട്ടവട്ടങ്ങൾ അനുസരിക്കാത്ത തൊഴിൽ സ്വാതന്ത്ര്യങ്ങൾ മനുഷ്യരുടെ ജന്മാവകാശമായി നിലനിന്നിട്ടുണ്ട്. ഇത്തരം ചരിത്രത്തെ മൂടിവെച്ച് നമ്മുടെ ഭൂതകാലമാകെ കർക്കശമായ ജാതിവ്യവസ്ഥയുടെ ചട്ടത്തിനുള്ളിലായിരുന്നു എന്നു സ്ഥാപിച്ച് അതിനെ ഇന്ത്യയുടെ ചിരപുരാതനമായ സാംസ്ക്കാരിക വരദാനമായി ചിത്രീകരിക്കുക എന്നത് സമകാലീന ജാതിരാഷ്ട്രീയ മേൽക്കോയ്മയുടെ കുത്സിതബുദ്ധി മാത്രമാണ്. യഥാർത്ഥത്തിൽ നമുക്കു വേണ്ടത് ഇന്ത്യയുടെ ജാതിവ്യവസ്ഥാ വിരുദ്ധ നാട്ടുപാരമ്പര്യത്തിൻ്റെ ചിത്രം ചികഞ്ഞെടുത്ത് അവതരിപ്പിക്കുക എന്നതാണ്.
അടിത്തട്ടു സമൂഹങ്ങൾക്കുമേൽ ജാതി വിലക്കുകൾ അടിച്ചേൽപ്പിക്കുന്ന പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നതിനു നേരേ വിപരീതമായി, മേൽത്തട്ടു ജാതികളിലേക്കു നോക്കിയാൽ അവരൊന്നും തന്നെ കുലത്തൊഴിലിൽ കെട്ടിയിടപ്പെടുക എന്ന മനുസ്മൃതി നിയമവ്യവസ്ഥ അന്നും ഇന്നും പാലിക്കുന്നില്ലെന്നു കാണാനാവും. ഉദാഹരണമായി, ചാതുർവർണ്ണ്യ പ്രകാരം വൈദികവൃത്തി ബ്രാഹ്മണരുടെ കുലത്തൊഴിലായി എഴുതിയിട്ടുണ്ടെങ്കിലും, രാഷ്ട്രീയം ബ്രാഹ്മണർക്കു എന്നും ഏറെ പ്രിയപ്പെട്ടതായിരുന്നു. സിന്ധിലെ ചാച്ച രാജവംശം (Chacha dynastry), മറാത്തയിലെ പേഷ്വാകൾ, വടക്കൻ കർണ്ണാടകത്തിലെ കദംബർ, തമിഴിലെ പല്ലവർ, വടക്കും തെക്കും വ്യാപിച്ച ശാതവാഹനർ എന്നിങ്ങനെ 16 ഓളം രാജവംശങ്ങൾ ബ്രാഹ്മണർ സ്ഥാപിച്ചതായിരുന്നു. അതുപോലെ ഇന്ത്യയിലെ പേരുകേട്ട രാജകുടുംബങ്ങൾ പലതും ക്ഷത്രിയ കുലത്തിൽ പിറന്നവയും ആയിരുന്നില്ല. തിരുവിതാംകൂർ രാജാവും മറാത്തയിലെ ശിവജിയും ശൂദ്രരിൽ നിന്നും വന്നു ഭരണം സ്ഥാപിച്ച കുടുംബങ്ങളാണ്. ക്ഷത്രിയകുലമായി തീർന്ന രാജാ രവിവർമ്മ ചിത്രകാരനും രാജരാജവർമ്മ ഭാഷാപണ്ഡിതനുമായിരുന്നല്ലോ. കേരളത്തിലെ ബ്രാഹ്മണ കുടുംബങ്ങളിൽ പലതും വൈദ്യം, തച്ചുശാസ്ത്രം, ജ്യോതിഷം, മന്ത്രവാദം എന്നിങ്ങനെ പലതരം തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണ്.
അതായത് ജാതിവ്യവസ്ഥയുടെ സ്ഥാപകരും പരിപാലകരുമായ മേൽത്തട്ടു ജാതികൾ സ്വയം ഒരു കാലത്തും അവരുടെ കുലത്തൊഴിൽ നിർബ്ബന്ധപൂർവ്വം പാലിച്ചിരുന്നില്ല. അതാതു കാലങ്ങളിൽ സമൂഹത്തിൽ അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും ഔന്നത്യമുള്ള തൊഴിലുകൾ അവർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഇവിടെ ഉണ്ടായിരുന്നു. ഈ സർവ്വതന്ത്ര സ്വാതന്ത്ര്യം അവർ അനുഭവിച്ചിരുന്നതു കൊണ്ടാണ് "പട്ടരിൽ പൊട്ടനില്ല" എന്നതു പോലുള്ള സ്തുതിച്ചൊല്ലുകൾ നിർമ്മിക്കപ്പെട്ടത്. സി.വി.രാമനും ടാഗോറുമെല്ലാം തങ്ങൾക്കിഷ്ടമുള്ള മേഖലകൾ കണ്ടെത്തിയതും അതുകൊണ്ടാണ്. എന്നാൽ മേൽത്തട്ടു ജാതികൾ പരമ്പരയാ ചെയ്തു പോരുന്ന ജാതിവ്യവസ്ഥാ കുലത്തൊഴിൽ ലംഘനം അടിത്തട്ടു സമൂഹങ്ങൾ അനുകരിക്കുന്നതിനാണ് വിലക്ക്. ഇന്ന് സംവരണത്തെ ഇവർ നഖശിഖാന്തം എതിർക്കുന്നതിൻ്റെ രഹസ്യവും ഇതു തന്നെയാണല്ലോ.
ഇത്തരം ചരിത്രത്തെ മൂടിവെച്ച് നമ്മുടെ ഭൂതകാലമാകെ കർക്കശമായ ജാതിവ്യവസ്ഥയുടെ ചട്ടത്തിനുള്ളിലായിരുന്നു എന്നു സ്ഥാപിച്ച് അതിനെ ഇന്ത്യയുടെ ചിരപുരാതനമായ സാംസ്ക്കാരിക വരദാനമായി ചിത്രീകരിക്കുക എന്നത് സമകാലീന ജാതിരാഷ്ട്രീയ മേൽക്കോയ്മയുടെ കുത്സിതബുദ്ധി മാത്രമാണ്.
യഥാർത്ഥത്തിൽ മേൽത്തട്ടു ജാതികൾ ജാതിവ്യവസ്ഥയെ ലംഘിക്കുകയും എന്നാൽ അതേ അവകാശം ഇതരർക്ക് നിഷേധിക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ സാമൂഹ്യസംഘർഷം. സർക്കാർ ഉദ്യോഗങ്ങൾ അടക്കി വാണ പരദേശീ ബ്രാഹ്മണർക്കെതിരെ, കുലത്തൊഴിലുകൾ വിട്ട് "മലയാളീ മെമ്മോറിയൽ " എന്ന പേരിൽ തിരുവിതാംകൂർ ശൂദ്രർക്ക് അധികാരത്തിൽ സംവരണം ആവശ്യപ്പെടാം. എന്നാൽ അതേ പാതയിൽ "ഈഴവ മെമ്മോറിയൽ " വന്നാൽ അത് ജാതിവ്യവസ്ഥയുടെ ലംഘനമായി കാണും. അടിത്തട്ടു ജാതികളെ രാഷ്ട്രീയമായും സാമ്പത്തികമായും നിയന്ത്രിച്ചു നിർത്തുന്നതിനുള്ള, അവർക്കു മാത്രം ബാധകമായ ഒരു ഏകപക്ഷീയ അടിച്ചേൽപ്പിക്കലാണ് ഇന്ത്യൻ ജാതിവ്യവസ്ഥ. അതിനാൽ അത് ഇന്ത്യൻ ജനായത്തത്തിൻ്റെയും സാമൂഹിക - സാമ്പത്തിക നീതിയുടെയും ശത്രുവാണ്.
സത്യത്തിൽ മനുസ്മൃതിയുടെ ജാതിവ്യവസ്ഥക്കകത്ത് ഒരു കാലത്തും ഇന്ത്യയെ പൂർണ്ണമായി തളച്ചിടാൻ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിനു സാധിച്ചിട്ടില്ല. പുരാണങ്ങളിലും സ്മൃതികളിലും നമ്മൾ കാണുന്നത് ഇന്ത്യയുടെ നേർ ഭൂതകാലവുമല്ല. പകരം ജാതിവ്യവസ്ഥയാൽ വരിഞ്ഞു മുറുക്കപ്പെട്ട ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിൻ്റെ ഭാവനാലോകമാണ് അതിൽ ഏറിയകൂറും. ഭർത്താവ് മരിക്കുമ്പോൾ അതേ തീയിൽ ചാടി ചാകാൻ വിധിക്കപ്പെട്ടവരായിരുന്നില്ല ബഹുഭൂരിപക്ഷം ഇന്ത്യൻ സ്ത്രീകളും. അവർക്കിടയിൽ വിധവാ വിവാഹവും, വിധവകൾക്ക് സ്വത്തിൽ അവകാശവും പലയിടത്തും നിലനിന്നിരുന്നു. മേൽത്തട്ടു ജാതികൾക്ക് ഭാവിയിലെ സ്വപ്നലോക നിർമ്മിതിക്കായി എഴുതിവെച്ചിരിക്കുന്ന ബ്രാഹ്മണസ്മൃതികളുടെ അക്ഷരങ്ങളിൽ മാത്രം നോക്കി പുനഃസൃഷ്ടിക്കേണ്ടതല്ല ഇന്ത്യയുടെ ബഹുജന ജീവിതപാരമ്പര്യം.
ജാതിവ്യവസ്ഥയുടെ ദിവ്യഗർഭങ്ങളായി ബ്രാഹ്മണ പ്രത്യയശാസ്ത്രം കൊണ്ടാടുന്ന ഗ്രന്ഥലിപികൾക്കനുസരിച്ച് ഇന്ത്യ ജീവിക്കാതിരുന്നതുകൊണ്ടാണ് ഇന്നും സാമൂഹ്യനീതിക്കും ജനായത്തത്തിനും വേണ്ടിയുള്ള ശബ്ദം ഇവിടെ ഒടുങ്ങാത്തത്. അതിന് അറുതി വരുത്താൻ ജാതിവ്യവസ്ഥയെ ഇന്ത്യയുടെ മഹത്തായ യഥാർത്ഥ ഭൂതകാലം എന്നു നമ്മെ തെറ്റിദ്ധരിപ്പിച്ചു, എല്ലാവരെയും അതിൻ്റെ കൂട്ടിലാക്കുക എന്നതാണ് ആർ.എസ്. എസിൻ്റെ ലക്ഷ്യം. അതായത് മേൽത്തട്ട് സമൂഹത്തിൻ്റെ രാഷ്ട്രീയ മേധാവിത്വം മാത്രം സാർത്ഥകമാക്കുന്ന ജാതിവ്യവസ്ഥയെ പൂർണ്ണമായും ബഹുജനങ്ങളിൽ സ്ഥാപിക്കുക എന്നതാണ് അവരുടെ സ്വപ്നപദ്ധതി.
ജാതിപരമായി ചെയ്തിരുന്ന പരമ്പരാഗത തൊഴിലുകൾ ഏറെയും ഇന്ന് അന്യം നിന്നു പോയിട്ടുണ്ട്. ഉദാഹരണമായി പല രംഗങ്ങളിലും യന്ത്രവൽക്കരണവും മറ്റും പൂർണ്ണമായതോടെ പരമ്പരാഗത കൈവേലകൾ - സ്വർണ്ണപ്പണി, ആശാരിപ്പണി, കൊല്ലപ്പണി, നെയ്ത്ത് , കള്ളുചെത്ത് എന്നിങ്ങനെ എത്രയോ തൊഴിലുകൾ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. അത്തരം സമൂഹങ്ങൾ മുങ്ങിക്കൊണ്ടിരിക്കുന്ന വള്ളത്തിൽ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. മേൽജാതി സമൂഹങ്ങളാകട്ടെ പണ്ടെന്ന പോലെ ഇന്നും പുത്തൻ മേച്ചിൽപ്പുറങ്ങളിൽ, വിദേശങ്ങളിലേക്കും എന്നേ കയറിപ്പറ്റിക്കഴിഞ്ഞു. മാത്രമല്ല, "പെണ്ണ് വീട്ടിലിരിക്കണം" എന്ന പതിവ് എല്ലാ മേൽത്തട്ടു ജാതികളും കൂടുതൽ അധികാര കേന്ദ്രീകരണത്തിൻ്റെ ഭാഗമായി മൊത്തമായി തന്നെ ‘ലംഘിച്ചു’. സ്ത്രീകൾ എന്നേ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിക്കഴിഞ്ഞു. എന്നിട്ടും തൊഴിൽ വിഭജനത്തിൻ്റെ ശാശ്വതവും ഉദാത്തവുമായ സാമൂഹ്യമാതൃക എന്ന നിലയിൽ ജാതിവ്യവസ്ഥയെ ഇപ്പോഴും അരിയിട്ടു വാഴിക്കാൻ ആർ.എസ്.എസ് കൊണ്ടുപിടിക്കുന്നതിൻ്റെ പിന്നിലെ രഹസ്യം പ്രധാനമായും നാലാണ്.
ഒന്നാമത്തേത്, തെരഞ്ഞെടുപ്പിനെയും ജനസഭകളെയും ജനപിന്തുണയെയും അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയ ഭരണസംവിധാനത്തിൽ നിന്നും അടിത്തട്ടു സമൂഹങ്ങളെ പൂർണ്ണമായും ഒഴിവാക്കി, അധികാരവും സമ്പത്തും മേൽത്തട്ടു ജാതികളിൽ നീതിക്കു നിരക്കാത്ത വിധം കേന്ദ്രീകരിക്കാൻ ജാതിവ്യവസ്ഥയാണ് ഇവിടെയുള്ള മാർഗ്ഗം.
ജാതിവ്യവസ്ഥയുടെ ദിവ്യഗർഭങ്ങളായി ബ്രാഹ്മണ പ്രത്യയശാസ്ത്രം കൊണ്ടാടുന്ന ഗ്രന്ഥലിപികൾക്കനുസരിച്ച് ഇന്ത്യ ജീവിക്കാതിരുന്നതുകൊണ്ടാണ് ഇന്നും സാമൂഹ്യനീതിക്കും ജനായത്തത്തിനും വേണ്ടിയുള്ള ശബ്ദം ഇവിടെ ഒടുങ്ങാത്തത്.
രണ്ടാമതായി, ജാതിവ്യവസ്ഥ മേൽജാതി - കീഴ്ജാതി തരംതിരിവുകളിൽ അധിഷ്ഠിതമായതിനാൽ മേൽജാതി മാഹാത്മ്യം പച്ചപിടിച്ചുനിർത്തി, അധികാരവും സമ്പത്തും പരമ്പരയാ കൈകാര്യം ചെയ്യപ്പെടണമെങ്കിൽ ജാതീയമായ ശുദ്ധി "മലിന"മാകാതെ സംരക്ഷിക്കപ്പെടണം. അതായത് മിശ്രവിവാഹമെന്നത് ഹിന്ദുസമൂഹത്തിൻ്റെ അധ:പതനത്തെ കുറിക്കുന്നു എന്ന ബോധം എല്ലാ ജാതികളിലും ഉറപ്പിച്ചു നിർത്തണം. മേൽത്തട്ടു ജാതികളിൽ ജാതി ഇന്നു പ്രവർത്തിക്കുന്നത് ഒരു വിധത്തിലും തൊഴിൽപരമായിട്ടല്ല. അതിൻ്റെ സമകാലിക നിലനില്പ് സ്വജാതി വിവാഹം വഴി വർണ്ണസങ്കരം ഒഴിവാക്കിക്കൊണ്ടത്രേ. കീഴ്ത്തട്ടു ജാതികൾ അധികാരം നേടിത്തുടങ്ങിയാൽ വർണ്ണസങ്കരം വഴി നൂറ്റാണ്ടുകളായി പിടിച്ചു വെച്ചിരിക്കുന്ന അനർഹമായ അധികാരം കൈവിട്ടുപോകുമെന്ന ആശങ്ക അവർക്കുണ്ട്. അതിനാൽ അവരെ ക്ലാസ് ഫോർ പണികളിൽ തന്നെ തളച്ചിടണം.
മൂന്നാമതായി, നവ ലിബറൽ സാമ്പത്തിക നയങ്ങളും ഭരണപരമായ പിടിപ്പുകേടും അഴിമതിയും വഴി ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന സാമൂഹിക - സാമ്പത്തിക അസമത്വങ്ങളെ സ്വാഭാവികമായി ജനങ്ങൾ കണക്കാക്കാനും, അതിനോടുള്ള എതിർപ്പുകളെ പ്രതിരോധിക്കാനും ബ്രാഹ്മണ പ്രത്യയശാസ്ത്രമായ ജാതിവ്യവസ്ഥയെ സമർത്ഥമായി ഉപയോഗിക്കാൻ കഴിയും.
അവസാനമായി, താഴെത്തട്ടിലുള്ളവരുടെ മേൽത്തട്ടിലേക്കുള്ള കയറ്റത്തെ തൊട്ടുമുകളിലുള്ളവർ തന്നെ തടയുന്നു എന്നതാണ് ജനഹൃദയങ്ങളിൽ പാകി വളർത്തുന്ന ഒരു സാംസ്ക്കാരിക ആയുധമെന്ന നിലയിൽ ജാതിവ്യവസ്ഥയുടെ സർവ്വകാല മികവ്. അത്തരം ആഭ്യന്തര സംഘർഷങ്ങൾ ജാതികൾ തമ്മിൽ സ്ഥായിയാക്കി നിർത്തിക്കൊണ്ടു തന്നെ, ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ വാചാടോപങ്ങളുടെ ആകർഷണ വലയത്തിനു ചുറ്റും, തമ്മിൽ തല്ലുന്ന എല്ലാ ജാതികളെയും മോചനം സാധ്യമാക്കാതെ വലം വെയ്പിക്കുക എന്നതാണ് ശാശ്വതനേട്ടം. ആന്തരികമായ അനൈക്യത്തെ വളർത്തി വിട്ടുകൊണ്ടാണ് ഹിന്ദു ജാതിവ്യവസ്ഥ അതിൻ്റെ രാഷ്ട്രീയമായ ഏകീകരണ വിജയം കരസ്ഥമാക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഇന്ത്യയെ "ഏകീകരിക്കുന്ന ഘടകം" എന്ന് ആർ. എസ്.എസ് മുഖപ്രസംഗം എഴുതിയത്.
യഥാർത്ഥത്തിൽ ജാതിവ്യവസ്ഥ, മേൽത്തട്ടു ജാതികളെ ഏകീകരിക്കുകയും കീഴ്ത്തട്ടു ജാതികളെ ഭിന്നിപ്പിച്ചു നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ജാതി സെൻസസ് വഴി ഭരണകൂടത്തിൽ അർഹമായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും തുല്യമായി സാധ്യമാകുമ്പോൾ, ഇന്ത്യയെ നൂറായിരം ജാതിക്കഷണങ്ങളായി വിഭജിക്കുന്ന ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണാധിനിവേശ സ്വപ്നപദ്ധതിയുടെ അടിത്തറയിൽ വിള്ളൽ വീഴും.