ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാവിക്കാറ്റ്
ദക്ഷിണേന്ത്യയിൽ വീശാത്തത് എന്തുകൊണ്ട്?

‘‘നിയമസഭയിൽ ഒരു സീറ്റുപോലും നേടാനാവാത്ത, വോട്ട് ഷെയറിൽ കാര്യമായ ഒരു പുരോഗതിയും ഇനിയും കൈവരിക്കാനാവാത്ത, കേരളത്തിലാണ് ആർ.എസ്.എസിന് ഏറ്റവും ശാഖകളുള്ളത് എന്നത് ഒരു വൈരുധ്യമാണ്. സംഘപരിവാറിന്റെ സാന്നിധ്യം ഇത്തരത്തിൽ നിലനിൽക്കുമ്പോഴും അവരുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ മുഖമായ ബി.ജെ.പിക്ക് ദക്ഷിണേന്ത്യ ഇനിയും കീഴടക്കാനായിട്ടില്ല’’- കെ.എസ്. രഞ്ജിത്ത് എഴുതുന്നു.

ന്ത്യൻ രാഷ്ട്രീയത്തിൽ സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രമേയമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, വിശേഷിച്ച് തമിഴ്നാട്ടിലും കേരളത്തിലും, ബി.ജെ.പിക്ക് കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാതിരിക്കുന്നത് എന്തുകൊണ്ട് എന്നത്. അക്കാദമിക് പണ്ഡിതരും രാഷ്ട്രീയ നിരീക്ഷകരും വ്യത്യസ്ത നിരീക്ഷണങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

ദക്ഷിണേന്ത്യൻ സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ജെ.പിക്കുള്ള സ്വാധീനക്കുറവ് വെച്ചുകൊണ്ടുമാത്രം ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇവിടെ വേരുപിടിച്ചിട്ടില്ല എന്ന നിഗമനത്തോട് വിയോജിക്കുന്നവരുമുണ്ട്. അസംഭവ്യമെന്ന് നാമിന്ന് വിചാരിക്കുന്ന പലതും ക്ഷണികകാലത്തിനുള്ളിൽ തന്നെ സംഭവ്യമാണെന്നതിന് ഉദാഹരണമായി, വിരലിലെണ്ണാവുന്ന എം.പിമാർ മാത്രമുണ്ടായിരുന്ന പാർലമെൻറിൽ മൂന്നു പതിറ്റാണ്ടിനുള്ളിൽ ബി.ജെ.പി കൈവരിച്ച നേട്ടങ്ങളെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

വർഗീതയുടെ സാമൂഹിക- സാമ്പത്തിക തലങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുള്ള ബിപിൻ ചന്ദ്ര തന്നെ ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയിട്ടുണ്ട്. വർഗീയത പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ പ്രത്യക്ഷതലത്തിലെ നേട്ടകോട്ടങ്ങളെ വെച്ചുകൊണ്ടുമാത്രം വിലയിരുത്തുന്നതിലെ അപകടം ബിപിൻ ചന്ദ്ര ഊന്നിപ്പറയുന്നുണ്ട്.

ബിപിന്‍ ചന്ദ്ര
ബിപിന്‍ ചന്ദ്ര

നിയമസഭയിൽ ഒരു സീറ്റുപോലും നേടാനാവാത്ത, വോട്ട് ഷെയറിൽ കാര്യമായ ഒരു പുരോഗതിയും ഇനിയും കൈവരിക്കാനാവാത്ത, കേരളത്തിലാണ് ആർ.എസ്.എസിന് ഏറ്റവും ശാഖകളുള്ളത് എന്നതും ഒരു വൈരുധ്യമാണ്. സംഘപരിവാറിന്റെ സാന്നിധ്യം ഇത്തരത്തിൽ നിലനിൽക്കുമ്പോഴും അവരുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ മുഖമായ ബി.ജെ.പിക്ക് ദക്ഷിണേന്ത്യ ബാലികേറാമലയായി തന്നെ തുടരുകയാണ്.

130 എം പി മാരെ പാർലമെന്റിലേക്ക് അയക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 20 സീറ്റു പോലും ഇത്തവണയും ബി.ജെ.പി തന്നെ പ്രതീക്ഷിക്കുന്നില്ല. രാമക്ഷേത്ര നിർമാണമെന്ന വിജയകരമായ പൊളിറ്റിക്കൽ പ്രോജക്ടിനുശേഷം വടക്കേ ഇന്ത്യയിൽ ആഞ്ഞടിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാവിക്കാറ്റ് വിന്ധ്യന് തെക്ക് ഇനിയും വീശാത്തത് എന്തുകൊണ്ട് എന്നത് അല്പം കൂടി ആഴത്തിൽ പരിശോധിക്കപ്പെടേണ്ട ഒന്നായി മാറുന്നത് അതിനാലാണ്.

ആശയപരമായി സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഉൾക്കൊള്ളാനാവാത്ത സാമൂഹിക ഘടനയും അതിശക്തമായി താഴെത്തട്ടിൽ വരെ വേരോട്ടമുള്ള ഇടതുപക്ഷ ആശയധാരയും കേരളത്തിലെ സംഘപരിവാറിന്റെ കുതിപ്പിനെ തടഞ്ഞുനിർത്തുന്ന ഘടകങ്ങളായി പൊതുവെ വിലയിരുത്തപ്പെടാറുണ്ട്. തമിഴ്‌നാട്ടിലെ ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ അടിത്തറ സംഘപരിവാറിന്റെ സവർണ പ്രത്യശാസ്ത്രങ്ങൾക്ക് ഒട്ടും തന്നെ വളക്കൂറുള്ള മണ്ണല്ല എന്നതാണ് മറ്റൊരു സംഗതി.

ആൻഡി മുഖർജി
ആൻഡി മുഖർജി

സാമൂഹിക ഘടകങ്ങൾക്കും ആശയ മണ്ഡലത്തിനും ഊന്നൽ കൊടുക്കുന്ന ഈ നിരീക്ഷണങ്ങളിൽ നിന്ന് അല്പം വ്യത്യസ്‍തമായ ഒരു പഠനം ആൻഡി മുഖർജി എന്ന കോളമിസ്റ്റ് ബ്ലൂംബെർഗ് ഡോട്കോമിലൂടെ ഈയിടെ നടത്തി. രാജ്യത്തെ ഏറ്റവും പുരോഗമനപരവും മാനവവികസനത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നതുമായ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, വിശേഷിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും, ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കാൻ ഇനിയും സാധിക്കാത്തതിന് പിന്നിൽ അടിസ്ഥാനപരമായ ചില സാമൂഹിക സാമ്പത്തിക- കാരണങ്ങളുണ്ടെന്നാണ് ഈ പഠനം സമർത്ഥിക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര നിർമാണ പ്രോജക്ടിനെ തടഞ്ഞുനിർത്താൻ യത്നിക്കുന്നവരെ സംബന്ധിച്ച് സുപ്രധാനമായ ചില സൂചനകൾ ഇതിലുണ്ട്.

തെക്കും വടക്കുമുള്ള സംസ്ഥാനങ്ങളിലെ വിവിധ സാമൂഹിക വികസന സൂചികകളെ താരതമ്യം ചെയ്തുകൊണ്ടാണ് തന്റെ നിരീക്ഷണങ്ങളിൽ ആൻഡി മുഖർജി എത്തിച്ചേരുന്നത്. ഉദാഹരണത്തിന്, കേരളത്തിൽ പിറക്കുന്ന ഒരു കുട്ടി അഞ്ചു വയസ്സിനപ്പുറം ജീവിച്ചിരിക്കാനുള്ളസാധ്യത അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. ശിശുമരണനിരക്ക് ഇവിടെ അത്രയ്ക്ക് കുറവാണ്.

എന്നാൽ 80 എം.പി മാരെ ഇന്ത്യൻ പാർലമെന്റിലേക്കയക്കുന്ന ഉത്തർപ്രദേശാകട്ടെ ഇക്കാര്യത്തിൽ അഫ്ഘാനിസ്ഥാനെക്കാൾ പിന്നിലാണ്. അത്രയ്‌ക്കാണ്‌ ഇന്ത്യയുടെ തെക്കും വടക്കും തമ്മിലുള്ള അന്തരം. ദാരിദ്ര്യം മുഖമുദ്രയായ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ ജനതയ്ക്കു മേലുള്ള ശക്തമായ സ്വാധീനമാണ് ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നത് പിന്നിലെ പ്രധാന ഘടകം.

ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തിസ്ഘണ്ട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യൻ ജനതയുടെ പകുതിയും അധിവസിക്കുന്നത്, ഏതാണ്ട് 60.7 കോടി. തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, കേരളം, തെലുങ്കാന എന്നിവിടങ്ങളിലായി ആകെ ജനസംഖ്യ 27.3 കോടിയാണ്. ഇന്ത്യയിലെ ഈ രണ്ടു വ്യത്യസ്ത ഭൂവിഭാഗങ്ങളിലെയും ജനങ്ങളുടെ രാഷ്ട്രീയ മുൻഗണയിൽ കടന്നുവരുന്ന വിഷയങ്ങളുടെ വ്യത്യസ്തത ശ്രദ്ധേയമാണ്.

കേരളത്തിൽ പിറക്കുന്ന ഒരു കുട്ടി അഞ്ചു വയസ്സിനപ്പുറം ജീവിച്ചിരിക്കാനുള്ളസാധ്യത അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്.  ഉത്തർപ്രദേശാകട്ടെ ഇക്കാര്യത്തിൽ അഫ്ഘാനിസ്ഥാനെക്കാൾ പിന്നിലാണ്. / Photo: Unicef
കേരളത്തിൽ പിറക്കുന്ന ഒരു കുട്ടി അഞ്ചു വയസ്സിനപ്പുറം ജീവിച്ചിരിക്കാനുള്ളസാധ്യത അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. ഉത്തർപ്രദേശാകട്ടെ ഇക്കാര്യത്തിൽ അഫ്ഘാനിസ്ഥാനെക്കാൾ പിന്നിലാണ്. / Photo: Unicef

മികച്ച വിദ്യാഭ്യസവും ആരോഗ്യരക്ഷാ സൗകര്യങ്ങളും സാമൂഹികക്ഷേമ സംവിധാനങ്ങളും സാമ്പത്തിക-സാമൂഹിക പുരോഗതിയുമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുഖ്യ അജണ്ട. എല്ലാ മുന്നണികളും പ്രത്യക്ഷമായും പരോക്ഷമായും മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യങ്ങളും ഇവയാണ്.

അതേസമയം ക്ഷേത്രനിർമാണവും പൗരത്വ നിയമവും സങ്കുചിത ദേശീയതയും ന്യൂനപക്ഷ വിരുദ്ധതയുമൊക്കെയാണ് വടക്കേ ഇന്ത്യയിൽ ബി.ജെ.പി പതിവായി മുന്നോട്ടു വെയ്ക്കുന്നത് . സാമൂഹിക പുരോഗതിയെ അടിസ്ഥാനമാക്കിയ മനുഷ്യന്റെ രാഷ്ട്രീയ അസ്‌തിത്വത്തെ ന്യൂനീകരിക്കാനും അതിന്റെ സ്ഥാനത്ത് മതാത്മകമായ ഒന്ന് വളർത്തിയെടുക്കാനുമാണ് സംഘപരിവാറിന്റെ തീവ്രശ്രമം.

കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഈ നീക്കം ഏതാണ്ട് സമ്പൂർണമായി പരാജയപ്പെടുമ്പോൾ വടക്കേ ഇന്ത്യയിൽ ഈ മതരാഷ്ട്രീയ പദ്ധതി അവർക്ക് ഏറെ ഗുണംചെയ്യുന്നുണ്ട്. മുൻവർഷങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെ ഇതിന് തെളിവ്.

മതസ്വത്വബോധത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ പദ്ധതിയാണ് സംഘപരിവാറിന്റേത്. മതവിദ്വേഷത്തെ ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ ലക്ഷ്യങ്ങൾ വടക്കേ ഇന്ത്യയിലെന്ന പോലെ എന്തുകൊണ്ട് തെക്കേ ഇന്ത്യയിൽ ഫലിക്കുന്നില്ല എന്ന അടിസ്ഥാന ചോദ്യത്തിനാണ് ഇവിടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്. മനുഷ്യരുടെ സാമൂഹിക- സാമ്പത്തിക പരിതഃസ്ഥിതിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ വേരോടിയിട്ടുള്ള കേരളത്തിലും തമിഴ്‌നാട്ടിലും സംഘപരിവാറിന്റെ മതരാഷ്ട്രീയ പദ്ധതികൾ ഏശാത്തതിന് സംസ്‌കാരികേതരമായ ഒരു സുപ്രധാന കാരണം, താഴെ തട്ടിലുള്ള ജനവിഭാഗങ്ങളുടെ ജീവിതനിലവാരത്തിൽ വന്നിട്ടുള്ള വലിയ പുരോഗതിയാണ്.

നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്
നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്

ഗ്രാമീണ മേഖലയിൽ ദാരിദ്ര്യ രേഖക്കുതാഴെ കഴിയുന്നവർ കേരളത്തിൽ 0 .76 ശതമാനവും തമിഴ്നാട്ടിൽ 2 .9 ശതമാനവുമാണെങ്കിൽ ഗുജറാത്തിൽ 17 .15 ശതമാനവും ഉത്തർപ്രദേശിൽ 26.35 ശതമാനവും ബീഹാറിൽ 36 .95 ശതമാനവുമാണ്. 10 വർഷത്തെ മോദി ഭരണം കഴിഞ്ഞ ഇന്ത്യയിലെ അവസ്ഥയാണിത് എന്നോർക്കണം (ഈ ഭരണകാലയളവ് വെറും ട്രെയ്ലർ ആയിരുന്നെന്നാണ് മോദി ഇപ്പോൾ പറയുന്നതിന്റെ അർത്ഥധ്വനികൾ എന്തൊക്കെയായിരിക്കും?).

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറാമെന്ന വിശ്വാസം പോലും നഷ്ടപ്പെട്ട ഒരു ജനതക്കുമുന്നിൽ, അർദ്ധ ഫ്യൂഡൽ സാമൂഹിക ബന്ധങ്ങൾ സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും സജീവമായി നിലനിൽക്കുകയും അതിൻ്റെ സാംസ്‌കാരിക ആവരണത്തിനുള്ളിൽ ഈ ആധുനിക കാലത്തും ജീവിക്കുകയും ചെയ്യേണ്ടിവരുന്ന ഒരു ജനതക്കുമുന്നിൽ, വളരെ വിദഗ്ധമായ രാഷ്ട്രീയ കരുക്കളാണ് ബി ജെ പി മുന്നോട്ടു വെയ്ക്കുന്നത്.

മധ്യകാലയുഗങ്ങളിലെ വൈദേശികരായ മുസ്‌ലിങ്ങളുടെ ആക്രമണം തകർത്ത ഹൈന്ദവ സംസ്കാരവും പാരമ്പര്യവും തകർന്നടിഞ്ഞ ക്ഷേത്രങ്ങളും ഹിന്ദുമത വിശ്വാസകേന്ദ്രങ്ങളും തിരിച്ചു പിടിക്കുക, കൂട്ടത്തിൽ കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് അല്ലറ ചില്ലറ സൗജന്യങ്ങൾ നൽകി കൂടെ നിർത്തുക, ഭരണകൂടത്തിൻ്റെ ചില്ലറ സൗജന്യങ്ങൾ പറ്റുന്ന പ്രജകളായി, ഭാവിയിൽ വരുവാൻ പോകുന്ന മതരാഷ്ട്രം തങ്ങളുടെ സ്വത്വബോധത്തിന്റെ ഭാഗമാക്കിവരായി, വടക്കേ ഇന്ത്യൻ ഗ്രാമീണ ജനതയെ മാറ്റുന്ന രാഷ്ട്രീയ തന്ത്രം.

സംഘപരിവാറിന്റെ അടിസ്ഥാന രാഷ്ട്രീയ തന്ത്രമായ മുസ്‌ലിം വിരോധം ദക്ഷിണേന്ത്യയിൽ ഏശാത്തതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. മധ്യേഷ്യയിൽ നിന്നും കടന്നു വന്ന ‘മുസ്ലിം ആക്രമണകാരി’കൾക്കൊപ്പം ദക്ഷിണേന്ത്യയിലെ മുസ്ലിംകളെ ചിത്രീകരിക്കാൻ ചരിത്രം അല്പം പോലും അനുവദിക്കുന്നില്ല. കച്ചവടത്തിനായി കടൽ കടന്നുവന്നവരും ജാതീയമായ ഉച്ചനീചത്വത്തിൽ നിന്ന് രക്ഷനേടാൻ മതപരിവർത്തനം നടത്തിയവരുമായ ‘താഴ്ന്ന’ ജാതിക്കാരായ ഹിന്ദുക്കളുമാണ് ദക്ഷിണേന്ത്യൻ മുസ്ലിംകളിൽ അധികവും. മുസ്ലിം ആക്രമണത്തിന്റെ തിരക്കഥ അതുകൊണ്ട് ദക്ഷിണേന്ത്യയിൽ വലിയ വേരോട്ടമില്ലാത്ത ഒന്നാണ്. ടിപ്പുവും ഹൈദറും നടത്തിയ പടയോട്ടങ്ങളെയും അതിനോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളെയും കേവലമായി വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ അരങ്ങേറുന്നത് ഇതിനാലാണ്.

സ്വാതന്ത്ര്യാനന്തരം കേരളത്തിൽ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാർട്ടി വിപ്ലവകരമായ പല നയങ്ങൾക്കും തുടക്കമിട്ടു. കുടിയായ്മ അവസാനിപ്പിച്ചു, സമഗ്രമായ ഭൂപരിഷ്കരണ നിയമങ്ങൾക്ക് തുടക്കമിട്ടു. പൊതു വിദ്യാഭ്യാസം സർവത്രികവും സൗജന്യവുമാക്കി. ഈ നയങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് വഴിതെളിച്ചു.

പഴയ ഫ്യൂഡൽ നുകത്തിനുള്ളിൽ നിന്നും ജനങ്ങൾ മോചിതരായി. ഇതിനു മുൻപുതന്നെ ശക്തമായ സാമൂഹികപരിഷകരണ പ്രസ്ഥാനങ്ങൾ ഉഴുതു മറിച്ചിട്ടിരുന്ന മണ്ണിൽ പുരോഗമന ആശയങ്ങൾ ആഴത്തിൽ വേരു പിടിച്ചു. മാറിമാറി വ്യത്യസ്ത മുന്നണിഭരണങ്ങൾ അധികാരത്തിലെത്തുന്ന കേരളത്തിൽ വലതുപക്ഷ സർക്കാരുകൾക്കുപോലും ഇടതുപക്ഷം തുടങ്ങിവെച്ച ജനകീയവും പുരോഗമനപരവുമായ നയങ്ങളിൽ നിന്നും പൂർണമായി വ്യതിചലിക്കാനായില്ല.

അധഃസ്ഥിത വിഭാഗത്തിൽ പെട്ടവർ പോലും ക്ഷേത്രപ്രവേശനത്തിനായല്ല, സ്കൂളിൽ പ്രവേശിക്കാൻ വേണ്ടിയാണ് ഇവിടെ സമരം ചെയ്തത്.
അധഃസ്ഥിത വിഭാഗത്തിൽ പെട്ടവർ പോലും ക്ഷേത്രപ്രവേശനത്തിനായല്ല, സ്കൂളിൽ പ്രവേശിക്കാൻ വേണ്ടിയാണ് ഇവിടെ സമരം ചെയ്തത്.

ആഭ്യന്തരോത്പാദനം കുറഞ്ഞ അളവിൽ നിൽക്കുമ്പോഴും വികസിത മുതലാളിത്ത രാജ്യങ്ങൾക്കൊപ്പം കിടപിടിക്കുന്ന വലിയ നേട്ടങ്ങൾ മാനവ വികസന സൂചികകളിൽ കൈവരിക്കാൻ ഇതിടയാക്കി. ന്യൂനപക്ഷ സമുദായങ്ങൾ മുഖ്യധാരയിൽ തന്നെ അലിഞ്ഞു ചേർന്നു. മതബോധത്തിന്റെ കൃത്രിമാവരണത്തിനുള്ളിൽ സ്വന്തം രാഷ്ട്രീയ അസ്തിത്വം കണ്ടെത്തേണ്ട ബാധ്യത ആർക്കുമില്ലാതായി.

സ്വജീവിതം മെച്ചപ്പെടുത്താനുള്ള ഒരവസരമായി രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ മാറി. ഈ ആധുനിക രാഷ്ട്രീയ പ്രക്രിയകൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന മുദ്രാവാക്യമുയർത്തിയ സാമൂഹിക പരിഷ്കർത്താക്കളായിരുന്നു ഇവിടെയുണ്ടായിരുന്നത്. അധഃസ്ഥിത വിഭാഗത്തിൽ പെട്ടവർ പോലും ക്ഷേത്രപ്രവേശനത്തിനായല്ല, സ്കൂളിൽ പ്രവേശിക്കാൻ വേണ്ടിയാണ് ഇവിടെ സമരം ചെയ്തത്.

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ മത പരിഷ്കരണ പ്രസ്ഥാനങ്ങളായിരുന്നില്ല. മതബോധത്തെ ഏറെക്കുറെ മാറ്റിനിർത്തിയ സാമൂഹിക പരിഷ്കരണ പ്രസ്ഥാങ്ങളായിരുന്നു.

ഇങ്ങനെ രൂപപ്പെട്ട സാമൂഹിക കെട്ടുറപ്പിനെ വർഗീയ വിഷം കൊടുത്ത് തകർക്കുക ഒട്ടും എളുപ്പമല്ലാതായതോടെ കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുപോകാനാവാത്ത സ്ഥിതിയിലായി. വർഗീയ ലക്ഷ്യത്തോടെയുള്ള അജണ്ടകൾക്കുപകരം സാമൂഹിക സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കുന്ന നയങ്ങൾ മാത്രം സ്വീകരിക്കുന്ന നിലയിലേക്ക് ജനങ്ങൾ പൊതുവെ മാറി . അയോധ്യയിലെ ബാബരി പള്ളിയുടെ പൊളിക്കലും ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വ രാഷ്ട്രീയം കുതിച്ചുയർന്നപ്പോഴും ആ കാറ്റ് പശ്ചിമഘട്ടത്തിനിപ്പുറത്തേക്ക് വീശാഞ്ഞതിന് ഇത് അടിസ്ഥാന കാരണങ്ങളായി .

കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുൻകൈയിൽ നടന്ന ഭൂപരിഷ്കരണം പോലെയുള്ള വിപ്ലവകരമായ മുദ്രാവാക്യങ്ങൾ തമിഴകത്ത് ഉയർന്നില്ല. പക്ഷെ ദ്രവിഡീയൻ രാഷ്ട്രീയത്തിന് എല്ലായ്‌പ്പോഴും ജനകീയ മുഖമുണ്ടായിരുന്നു .അത് തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ക്രമേണ പ്രതിഫലിച്ചു.

മാനവ വികസന സൂചികകൾ ഗണ്യമായി ഉയർന്നു. വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരിക്കലും ഇത്തരമൊരു മുഖമുണ്ടായിരുന്നില്ല. കടുത്ത ഫ്യൂഡൽ ബന്ധങ്ങളെ തെല്ലുപോലും അനക്കാൻ ഭരണവർഗതാല്പര്യങ്ങൾ തെല്ലുപോലും അനുവദിച്ചില്ല. തമിഴ്‌നാട്ടിൽ 18- 23 ഇടയിലുള്ള യുവജനതയിൽ 47 ശതമാനവും ഉന്നതവിദ്യാഭ്യാസ മേഖലയിൽ എത്തിപ്പെടുമ്പോൾ ബീഹാറിൽ അത് 17 ശതമാനം മാത്രമാണ്. കേരളത്തിലിത് 41.3 ശതമാനവും തെലുങ്കാനയിൽ 40 ശതമാനവുമാണ്. ദേശീയ ശരാശരി 28.4 ശതമാനമായിരിക്കുമ്പോഴാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ അതിന്റെ ഇരട്ടി നേട്ടം കൈവരിച്ചു നിൽക്കുന്നത്.

ആരോഗ്യമേഖലയിലെ സ്റ്റേറ്റിന്റെ ഇടപെടലിലും ഇതേ വ്യത്യാസങ്ങൾ പ്രകടമാണ്. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യ സൂചികകളുടെ കാര്യത്തിൽ കേരളം ഒന്നാമതാണ്, തമിഴ്‌നാടും തെലുങ്കാനയും രണ്ടാമതും മൂന്നാമതും. ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്.

നിയോ ലിബറൽ നയങ്ങൾ ഇന്ത്യയിൽ ഒട്ടു മിക്ക സംസ്ഥാനങ്ങളിലെയും ആരോഗ്യമേഖലയിൽ തീവ്രമായി നടപ്പിലാക്കപ്പെട്ട കാലഘട്ടത്തിലാണ് വൻകിട സ്വകാര്യ ആശുപത്രികളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സർക്കാർ ആശുപത്രികൾ ഉയർന്നത്. കേരളത്തിൽ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും മെച്ചപ്പെട്ട ആരോഗ്യ സേവന സൗകര്യങ്ങൾ കൂടുതൽ പ്രാപ്തമായ ഇതേ കാലത്തതാണ് മധ്യപ്രദേശിലെ ജില്ലാ ആശുപത്രികളിലെ കിടക്കകൾ നാലിലൊന്നും സൗജന്യ വിഭാഗത്തിൽ നിന്നും മാറ്റിയത്. ഈ നടപടി ഗ്രാമീണ മേഖലകളിലുള്ളവരെയും ട്രൈബൽ ജനവിഭാഗങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിനീക്കിയത്. ഇത് സംബന്ധിച്ച പഠനങ്ങൾ ഏറെയുണ്ട്.

ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ മികവിന്റെ പരോക്ഷമായ പ്രതിഫലനമാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഐ ടി പോലെയുള്ള ആധുനിക തൊഴിൽ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനത ആവശ്യത്തിന് ലഭ്യമാണ് എന്നതാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഐ ടി രംഗത്ത് മുൻപന്തിയിലായതിന്റെ പ്രധാന കാരണം.

രാജ്യത്തെ ആദ്യത്തെ ഐ ടി പാർക്ക് സ്ഥാപിതമായ തിരുവനന്തപുരവും ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കയറ്റുമതി കേന്ദ്രമായ ബാംഗ്ലൂരും ഏറ്റവും മുൻനിര ഐ ടി കമ്പനികളുടെ ആസ്ഥാനമായ ഹൈദരാബാദും ഒക്കെ വൻകിട ഐ ടി നഗരങ്ങളായി മാറിയത് യാദൃച്ഛികമല്ല. ഒരു പക്ഷെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇനിയും സ്വപ്നം കാണാൻ കഴിയാത്ത ഒരു കാര്യമാണിത്.

തിരുവനന്തപുരം ടെക്നോ പാര്‍ക്ക്
തിരുവനന്തപുരം ടെക്നോ പാര്‍ക്ക്

ആരോഗ്യമേഖലയിലും വിദ്യാഭ്യാസ രംഗത്തും സ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുന്നത് മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുകയും അത് സമ്പദ്‌വ്യവസ്ഥയ്ക്കാകെ ഗുണപരമായി മാറുകയും ചെയ്യുമെന്നത് അവിതർക്കിതമാണ്. വികസന പന്ഥാവുകളിലെത്തപ്പെട്ട എല്ലാ രാജ്യങ്ങളും ഇത് ചെയ്തിട്ടുണ്ട്. കാലാകാലങ്ങളായി ഇക്കാര്യത്തിൽ ഏറെ പിന്നിലാണ് ഇന്ത്യ. നിയോ ലിബറൽ യുഗത്തിലേക്ക് കടന്നതോടെ ഇത് കൂടുതൽ രൂക്ഷമായി. മതത്തിന്റെ ആവരണമണിഞ്ഞുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഉള്ളിൽ കടന്നു നോക്കിയാൽ കാണാൻ കഴിയുക ഈ കടുത്തനിയോ ലിബറൽ നയങ്ങളാണ്. ഒരു പക്ഷെ മതരാഷ്ട്രീയത്തിന്റെ മേലങ്കി അത് എടുത്തണിയുന്നതുതന്നെ 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ കമ്പോള സാധ്യതകൾ പൂർണമായും മൂലധന താല്പര്യങ്ങളുടെ വരുതിയിൽ നിർത്താനാണ് .

വികസനം വഴിമുട്ടി നിൽക്കുമ്പോഴാണ് വിഭാഗീയതയുടെ രാഷ്ട്രീയം തലപൊക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ ചരിത്രത്തിലുടനീളം ഇത് ദൃശ്യമാണ് . വിഭവങ്ങൾ പരിമിതമാകുമ്പോഴാണ് അതിൽ പങ്കുപറ്റാൻ വരുന്നവർ അപരരാകുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി, അർദ്ധ ഫ്യൂഡലിസത്തിന്റെ പിടിയിൽ നിന്ന് ഇനിയും മുക്തമാകാത്ത വടക്കേ ഇന്ത്യൻ ഗ്രാമങ്ങൾ മാറിത്തീരുന്നത് അതുകൊണ്ടാണ്. ഈ ദൂഷിത വലയത്തിൽനിന്നു പുറത്തുകടക്കാൻ ഒരു പരിധി വരെയെങ്കിലും കഴിഞ്ഞ ഇടങ്ങളിൽ സംഘപരിവാർ വിയർക്കുന്നതും അതിനാലാണ്.


Summary: Why Sanghparivar and BJP cant win in South India?


കെ.എസ്. രഞ്ജിത്ത്

പത്രാധിപർ, ചിന്ത പബ്ലിഷേഴ്സ്. ടെക്നിക്കൽ ഡയറക്ടർ, സി.ടി.ഒ. , സോഫ്ട്‍വെയർ ആർക്കിടെക്ട് എന്നീ നിലകളിൽ ഐ.ടി. കമ്പനികളിൽ ദീർഘകാലം പണിയെടുത്തു. Development economics, Political Economy, Technology and society എന്നീ മേഖലകൾ കേന്ദ്രീകരിച്ച് പഠനങ്ങളും എഴുത്തും നടത്തുന്നു.

Comments