socialist, secular; ഭരണഘടനാ ആമുഖത്തിൽ എന്തുകൊണ്ട് ഇല്ലാതായി, പിന്നീടെന്തുകൊണ്ട് ഉൾപ്പെടുത്തി?

എന്തുകൊണ്ടാണ്, ഭരണഘടനയുടെ രൂപീകരണഘട്ടത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടാതെ പോയത്? എന്തുകൊണ്ടാണ് അവ പിന്നീട്, അതും അടിയന്തരാവസ്ഥയുടെ കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടത്?.

National Desk

രണഘടനയുടെ ആമുഖത്തിലുള്ള സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ സുപ്രീംകോടതിയിൽ ഒരു നിയമവ്യവഹാരത്തിലാണിപ്പോൾ. 42-ാം ഭേദഗതി വഴി ഈ വാക്കുകൾ ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പിയുടെ മുൻ രാജ്യസഭാംഗം സുബ്രഹ്‌മണ്യൻ സ്വാമി, അഡ്വ. അശ്വനി കുമാർ ഉപാധ്യായ്, ബൽറാം സിംഗ് എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.

അഡ്വ. അശ്വനി കുമാർ ഉപാധ്യായ്
അഡ്വ. അശ്വനി കുമാർ ഉപാധ്യായ്

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നാണ് കഴിഞ്ഞദിവസം ഈ കേസിന്റെ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി വാക്കാൽ അഭിപ്രായപ്പെട്ടത്: ‘‘സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ക്ക് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടെന്നും എന്നാല്‍ അവ ഭരണഘടനയുടെ അടിസ്ഥാന ശിലയുടെ ഭാഗമാണെന്ന് ഈ കോടതിയുടെ നിരവധി വിധിന്യായങ്ങളുണ്ടെന്നും’’ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സോഷ്യലിസം എന്ന പദം ഉൾപ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന അഭിപ്രായം ഡോ. ബി.ആർ. അംബേദ്കർക്കുണ്ടായിരുന്നുവെന്ന് ബൽറാം സിങ്ങിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ വാദിച്ചപ്പോൾ, അവസര സമത്വം വേണമെന്നും അതിനാൽ സോഷ്യലിസത്തിന് അർഥമുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി.

ഭരണഘടനയുടെ ആമുഖത്തിലുണ്ടായിരുന്ന Sovereign and democratic എന്നീ വാക്കുകള്‍ക്കിടയിലാണ് socialist & secular എന്നീ വാക്കുകള്‍, 42-ാം ഭേദഗതിയിലൂടെ, ഇന്ദിരാഗാന്ധിയുടെ കാലത്ത്, 1976 ഡിസംബര്‍ 18-ന് കൂട്ടിച്ചേര്‍ത്തത്.

എന്തുകൊണ്ടാണ്, ഭരണഘടനയുടെ രൂപീകരണഘട്ടത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടാതെ പോയത്? എന്തുകൊണ്ടാണ് അവ പിന്നീട്, അതും അടിയന്തരാവസ്ഥയുടെ കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടത്?.

ജവഹർലാൽ നെഹ്‌റു എഴുതി അവതരിപ്പിക്കുകയും ഭരണഘടനാ അസംബ്ലി ചർച്ചയിലൂടെ അംഗീകരിച്ചതുമായ ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഭരണഘടനയുടെ ആമുഖം രൂപപ്പെടുത്തിയത്.
ജവഹർലാൽ നെഹ്‌റു എഴുതി അവതരിപ്പിക്കുകയും ഭരണഘടനാ അസംബ്ലി ചർച്ചയിലൂടെ അംഗീകരിച്ചതുമായ ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഭരണഘടനയുടെ ആമുഖം രൂപപ്പെടുത്തിയത്.

വ്യത്യസ്ത ഭാഷകളും, സമൂഹങ്ങളും മതവിഭാഗങ്ങളും, ജാതികളും, സംസ്‌കാരങ്ങളും തുടങ്ങി വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിപുലമായ ജനാധിപത്യ രാജ്യമായി നിലനിർത്തുന്നതിൽ ഭരണഘടനയുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യങ്ങളെ, അവയുടെ അസ്തിത്വത്തോടെ കാണാനും അംഗീകരിക്കാനും കഴിയുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത്. എല്ലാ വിഭാഗം ജനങ്ങളെയും we the people of india എന്ന് അഭിസംബോധന ചെയ്താണ് ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് തന്നെ. പരമാധികാരം, ഫെഡറലിസം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളാണ് ഭരണഘടനയുടെ അടിസ്ഥാനം.

ജവഹർലാൽ നെഹ്‌റു എഴുതി അവതരിപ്പിക്കുകയും ഭരണഘടനാ അസംബ്ലി ചർച്ചയിലൂടെ അംഗീകരിച്ചതുമായ ലക്ഷ്യ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഭരണഘടനയുടെ ആമുഖം രൂപപ്പെടുത്തിയത്. 1947 ജനുവരി 22 ഭരണഘടനയുടെ ആമുഖത്തിന്റെ കരട് അംഗീകരിക്കുകയും 1949 നവംബർ 26 ന് നിയമമായി മാറുകയും ചെയ്തു.

ജവഹർലാൽ നെഹറു
ജവഹർലാൽ നെഹറു

ഉദ്ദേശ്യ വ്യക്തത വരുത്തുന്ന ഭാഗം, ഭരണഘടനാപരമായ തത്വങ്ങൾ വിവരിക്കുന്ന ഭാഗം, ആരാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത് എന്ന് വിവരിക്കുന്ന ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഭരണഘടനയുടെ ആമുഖത്തിനുള്ളത്. അതീവ ഗൗരവകരമായ, ദിവസങ്ങളും മാസങ്ങളുമെടുത്ത ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് ഇതിലെ ഓരോ വാക്കുകൾക്കും അന്തിമരൂപം വന്നത്.

WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens:

JUSTICE, social, economic and political;

LIBERTY of thought, expression, belief, faith and worship;

EQUALITY of status and of opportunity;

and to promote among them all

FRATERNITY assuring the dignity of the individual and the unity and integrity of the Nation;

IN OUR CONSTITUENT ASSEMBLY this twenty-sixth day of November, 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION എന്ന, ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്കുലർ, ഇന്റഗ്രിറ്റി എന്നീ വാക്കുകൾ 1976-ലാണ് കൂട്ടിച്ചേർത്തത്. പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിന് പകരം പരമാധികാര സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് പകരം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നും ഭേദഗതി ചെയ്യകയായിരുന്നു.

സെക്യുലർ എന്ന പദം ഉപയോഗിച്ചില്ലെങ്കിലും 1976 നു മുമ്പുതന്നെ മൗലികാവകാശങ്ങളിൽ മതസ്വാതന്ത്ര്യം സംബന്ധിച്ച ഒട്ടേറെ അനുച്ഛേദങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളുടെ ഭാഗമാണെന്ന് തന്നെയായിരുന്നു ഭരണഘടനാ ശിൽപികൾ വ്യക്തമാക്കിയിരുന്നത്. മൗലികാവകാശങ്ങളുടെ ആർട്ടിക്കിൾ 25 മുതൽ 28 വരെ ഉറപ്പു നൽകുന്ന മതം സംബന്ധിച്ച അവകാശങ്ങളിലെല്ലാം രാജ്യത്ത് എല്ലാ മതങ്ങൾക്കും തുല്യമായ അവകാശം ഉറപ്പുനൽകുന്നുണ്ട്. 1976- ലെ ഭേദഗതിയിലാണ് മതേതരത്വമെന്ന പദം ഭരണഘടനയുടെ ആമുഖത്തിൽ എഴുതി ചേർത്തതെങ്കിലും 1948 നവംബർ 15 ന് ഭരണഘടനാ നിർമാണ സമിതിയിൽ ഈ അഭിപ്രായം ഉയർന്നു വന്നിരുന്നു.

സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ആമുഖത്തിൽ ചേർക്കുന്ന ഭേദഗതി കൊണ്ടുവരാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്, അന്നത്തെ രാഷ്​ട്രീയ സാഹചര്യത്തിൽ അവർ നേരിട്ട പ്രതിച്ഛായാനഷ്ടമാണ്.
സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ആമുഖത്തിൽ ചേർക്കുന്ന ഭേദഗതി കൊണ്ടുവരാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്, അന്നത്തെ രാഷ്​ട്രീയ സാഹചര്യത്തിൽ അവർ നേരിട്ട പ്രതിച്ഛായാനഷ്ടമാണ്.

കെ.ടി. ഷായാണ് ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വമെന്ന വാക്ക് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. വിവേചനങ്ങളില്ലാതെ വ്യക്തമായി തന്നെ പൗരാവകാശങ്ങളെ കുറിച്ച് പറയുന്ന ഭരണഘടനയുടെ ഒന്നാം ഖണ്ഡികയിൽ എന്തുകൊണ്ട് മതേതരത്വമെന്ന പദം ഉപയോഗിച്ചു കൂടായെന്നാണ് അദ്ദേഹം ചോദിച്ചത്. മുഴുവൻ ഭാഗങ്ങളിലും മതേതരത്വം നിറഞ്ഞു നിൽക്കുന്ന ഭരണഘടനയിൽ ഒന്നാം ഖണ്ഡികയിൽ അങ്ങനെയൊരു കൂട്ടിച്ചേർക്കൽ ആവശ്യമില്ലെന്നായിരുന്നു ഭരണഘടനാ ശിൽപിയായ ഡോ.ബി.ആർ അംബേദ്കർ നൽകിയ മറുപടി. പൗരർക്ക് മതസംബന്ധിയായി ഏത് നിലപാടും സ്വീകരിക്കാമെന്നും സ്റ്റേറ്റിന് സ്വന്തമായി ഒരു മതമുണ്ടാകില്ലെന്നും ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ മതമൂല്യങ്ങളെയോ പ്രോത്സാഹിപ്പിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യില്ല എന്ന ലക്ഷ്യത്തോടെയുള്ള ആശയങ്ങളെയാണ് മതേതരത്വമെന്ന പദം കൊണ്ട് അർഥമാക്കുന്നത് എന്നായിരുന്നു അംബേദ്കറക്കമുള്ളവരുടെ നിലപാട്. ഈ ആശയം തന്നെയാണ് പിന്നീട് അംഗീകരിക്കപ്പെട്ടതും.
മതേതരത്വമെന്ന വാക്ക് 1976- ലാണ് ആമുഖത്തിൽ ചേർക്കപ്പെട്ടതെങ്കിലും 1948- ൽ തന്നെ ഈ വാക്കിന്റെ വിശാലമായ അർഥതലങ്ങൾ ഭരണഘടനാ നിർമാണ സഭ ചർച്ച ചെയ്തിരുന്നു എന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.

സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ആമുഖത്തിൽ ചേർക്കുന്ന ഭേദഗതി കൊണ്ടുവരാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്, അന്നത്തെ രാഷ്​ട്രീയ സാഹചര്യത്തിൽ അവർ നേരിട്ട പ്രതിച്ഛായാനഷ്ടമാണ്. തുല്യതയിലും പാവങ്ങ​ളോടുള്ള സഹാനുഭൂതിയിലും അടിയുറച്ച നേതൃത്വമാണ് തന്റേത് എന്ന് പ്രഖ്യാപിക്കാനുള്ള വ​ഴി കൂടിയായിരുന്നു ഈ ഭേദഗതി.

ആമുഖത്തിലെ മതേതരത്വം സംബന്ധിച്ച വിവാദങ്ങൾ

മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന നിരീക്ഷണത്തോടെ, ഈ നിലപാടിന് അടിവരയിടുകയാണ് ഇപ്പോൾ സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ‘ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ’ എന്ന് ഹർജിക്കാരോട് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിക്കുകയും ചെയ്തു. ‘‘ഭരണഘടനയിലെ സമത്വത്തിനും സാഹോദര്യത്തിനുമുള്ള അവകാശത്തിനൊപ്പം മൂന്നാം ഭാഗത്തിനു കീഴിലുള്ള അവകാശങ്ങൾ പരിശോധിച്ചാൽ മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയാണെന്ന് വ്യക്തമാകും’’- ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. മതേതരത്വത്തിന്റെ ഫ്രഞ്ച് മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന
ജസ്റ്റിസ് സഞ്ജീവ് ഖന്ന

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതേതരത്വവും സോഷ്യലിസവും എടുത്തുമാറ്റാൻ കഴിഞ്ഞ മോദി ഗവൺമെന്റ് ശ്രമിക്കുന്നതായി കോൺഗ്രസടക്കമുള്ള അന്നത്തെ പ്രതിപക്ഷ കക്ഷകൾ ആരോപിച്ചിരുന്നു. 2023 ൽ പുതിയ പാർലമെന്റിലെ സമ്മേളനത്തിന് മുമ്പ് എം.പി മാർക്ക് വിതരണം ചെയ്ത ഭരണഘടയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകളില്ലെന്നായിരുന്നും കോൺഗ്രസ് ആരോപിച്ചത്. സർക്കാർ കൗശലമായി ആമുഖത്തിലെ വാക്കുകൾ ഒഴിവാക്കിയെന്ന് അന്നത്തെ ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞജൻ ചൗധരി വിമർശിച്ചിരുന്നു. സർക്കാർ നൽകിയ ഭരണഘടനയുടെ ആമുഖവുമായാണ് പ്രതിപക്ഷ എം.പി മാർ പുതിയ പാർലമെന്റിൽ പ്രവേശിച്ചതെന്നും അവിടെ നിന്ന് ഭരണഘടനയുടെ ആമുഖം വായിച്ചപ്പോഴാണ് 1976- ൽ ചേർത്ത മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ലായെന്ന് ശ്രദ്ധയിൽ പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ചൗധരി പറഞ്ഞു.

എന്നാൽ ഭരണഘടനയുടെ യഥാർത്ഥ പതിപ്പാണ് തങ്ങൾ വിതരണം ചെയ്തതെന്നും ഭരണഘടന നിലവിൽ വന്നപ്പോൾ സോഷ്യലിസം, സെക്കുലറിസം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് അന്നത്തെ നിയമമന്ത്രിയായിരുന്ന അർജുൻ മേഘ് വാൾ പറഞ്ഞത്.

കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റി മറിക്കുന്ന ഭേദഗതികൾ കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സോഷ്യലിസം, മതേതരത്വം എന്നീ പുതുതായി ഉൾപ്പെടുത്തിയതിനെ ഹരജിക്കാർ എതിർക്കുന്നത്. 1973- ലെ കേശവാനന്ദ ഭാരതി കേസിലാണ് ആർട്ടിക്കിൾ 368 പ്രകാരം ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാൻ കഴിയുമോയെന്ന ചോദ്യമുയർന്നത്. ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്നും അതിനാൽ ഇതിൽ ഭേദഗതി വരുത്താനാകില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് അന്ന് സുപ്രീംകോടതി വ്യക്തമാക്കി.

1960 ലെ ബേരുബായി യൂണിയൻ കേസിൽ ഭരണഘടനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ സുപ്രീം കോടതി ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്നായിരുന്നു നിരീക്ഷിച്ചത്. എന്നാൽ 1973 ലെ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി 1960 ലെ നിരീക്ഷണം തള്ളുകയും ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് വിധിക്കുകയും ചെയ്തിരുന്നു.
1960 ലെ ബേരുബായി യൂണിയൻ കേസിൽ ഭരണഘടനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ സുപ്രീം കോടതി ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്നായിരുന്നു നിരീക്ഷിച്ചത്. എന്നാൽ 1973 ലെ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി 1960 ലെ നിരീക്ഷണം തള്ളുകയും ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് വിധിക്കുകയും ചെയ്തിരുന്നു.

ബേരുബാരി യൂണിയൻ കേസിൽ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിൽ മാറ്റം വരുത്താതെ ആമുഖം ഭേദഗതി ചെയ്യാമെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1976 ൽ 42-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തുകയും സോഷ്യലിസ്റ്റ്, സെക്കുലർ, ഇന്റഗ്രിറ്റി എന്നീ വാക്കുകൾ കൂട്ടി ചേർത്തതും.

1960 ലെ ബേരുബായി യൂണിയൻ കേസിൽ ഭരണഘടനയുടെ പ്രാധാന്യം എടുത്തുപറഞ്ഞ സുപ്രീം കോടതി ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്നായിരുന്നു നിരീക്ഷിച്ചത്. എന്നാൽ 1973 ലെ കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി 1960 ലെ നിരീക്ഷണം തള്ളുകയും ആമുഖം ഭരണഘടനയുടെ ഭാഗമാണെന്ന് വിധിക്കുകയും ചെയ്തിരുന്നു.

ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമല്ല സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകളെന്ന് വാദിച്ചുറപ്പിക്കുന്നതിലൂടെ മതനിരക്ഷേതയെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ഇതിന്, ഭരണഘടനയുടെ തന്നെ അന്തഃസ്സത്ത ഉയർത്തിപ്പിടിച്ച് മറുപടി നൽകിയിരിക്കുകയാണ് സുപ്രീംകോടതി.


Summary: Why were the words "socialist" and "secular" added to the Indian Constitution? The debate over the inclusion of these terms.


Comments