നിരാശയുടെ കാലത്തിൽ
നിരാശ നിറഞ്ഞ തിരഞ്ഞെടുപ്പ്

‘‘യാഥാർത്ഥ്യ ബോധത്തോടെ നോക്കിയാൽ രാഷ്ട്രീയമായ ഒരു പ്രതീക്ഷയും എനിക്കീ തിരഞ്ഞെടുപ്പിലില്ല. പക്ഷേ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു’’- സന്ധ്യാ മേരി എഴുതുന്നു.

ന്ത്യാ രാജ്യത്തെ സംബന്ധിച്ച് യാതൊരു പ്രതീക്ഷകളുമില്ലാതെ, തികഞ്ഞ നിരാശയോടെയും നിസ്സഹായതയോടെയുമാണ് ഞാൻ വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ഏതാണ്ട് ഒരു വർഷം മുമ്പ് ‘ഇന്ത്യ’ സഖ്യത്തെപ്പറ്റി ട്രൂ കോപ്പിയിലെഴുതുമ്പോൾ ഞാൻ പ്രതീക്ഷകളെക്കാൾ കൂടുതൽ ആശങ്കകളാണ് പങ്കു വച്ചത്. ഇപ്പോൾ പ്രതീക്ഷകൾ തീർത്തും ഇല്ലാതായി, ആശങ്കകൾക്കുപോലും സ്കോപ്പില്ലാത്ത വിധത്തിൽ നെഗറ്റീവായി മാറിയിരിക്കുന്നു.

കുറേയധികം പ്രാദേശിക നേതാക്കൾ ഒത്തുചേർന്ന് ബി.ജെ.പിക്ക് ബദലായ, ഇന്ത്യയാകമാനം സാന്നിദ്ധ്യമുള്ള ഒരു പ്രതിപക്ഷമായി മാറുക എന്നത് നടക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നടക്കാം, ഐഡിയലായ സാഹചര്യത്തിൽ, ഐഡിയലായ നേതാക്കളാണെങ്കിൽ. ‘ഇന്ത്യ’ സഖ്യത്തിൽ അത്തരം ഒന്നോ രണ്ടോ പേരെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അതിലൊന്നു സ്റ്റാലിനാണ്. പിന്നെയുള്ളത് രാഹുലും. പക്ഷേ ഇതൊക്കെ കുഞ്ഞുകുഞ്ഞു പ്രതീക്ഷകളാണ്. അവിടവിടെയുള്ള കുഞ്ഞുകുഞ്ഞു പ്രതീക്ഷകൾ ചേർന്നാൽ, വലിയൊരു ഉറപ്പുള്ള പ്രതീക്ഷയായി മാറുകയില്ല എന്നതാണല്ലോ യാഥാർത്ഥ്യം.

‘ഇന്ത്യ’ സഖ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പുണ്ടോ? തങ്ങളിൽ ഒരാളെ നേതാവായി അംഗീകരിച്ച് മുന്നോട്ടു പോകാൻ അവർക്കു കഴിയുമോ? കഴിഞ്ഞാൽത്തന്നെ എത്രകാലം?

‘ഇന്ത്യ’ സഖ്യത്തിലെ പ്രാദേശിക നേതാക്കളിൽ പലരും കടുത്ത അധികാരമോഹികളും സ്വാർത്ഥ താൽപ്പര്യക്കാരുമാണ്. അതിലുപരിയായി സ്വന്തം നിലയിൽത്തന്നെ ഓരോരുത്തരും നേതാക്കളായതു കൊണ്ട് മറ്റുള്ള നേതാക്കളെ അംഗീകരിക്കുക എന്നത് ഇവരെ സംബന്ധിച്ച് ഒരിക്കലും എളുപ്പമല്ല. ‘ഇന്ത്യ’ സഖ്യത്തിന്റെ സീറ്റുവിഭജനസമയത്തു തന്നെ ഈ വിഭാഗീയതയും പരസ്പരമുള്ള കൺസിഡറേഷൻ ഇല്ലായ്മയും വളരെ വ്യക്തമാണ്. ഈ പാർട്ടികളിൽത്തന്നെ സീറ്റു വിഭജനത്തിൽ ഏറ്റവും ത്യാഗം സഹിക്കേണ്ടിവന്നതും ഏറ്റവും ഒതുക്കപ്പെട്ടതും പഴയകാല പ്രതാപികളായ കോൺഗ്രസാണ്.

മമത ബാനര്‍ജി

പല സംസ്ഥാനങ്ങളിലും സഖ്യകക്ഷികൾ തന്നെ പരസ്പരം പ്രധാന എതിരാളികളായി വരുന്ന ‘ഇന്ത്യ’ സഖ്യം വലിയൊരു വിരോധാഭാസം തന്നെയാണ്. ഈ സഖ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പുണ്ടോ? മിക്കവാറും നടക്കാൻ സാദ്ധ്യതയുള്ള, മോദി തന്നെ ജയിക്കുന്ന സാഹചര്യത്തിൽ അവർ മനസുമടുത്ത് സ്വയം കൊഴിഞ്ഞു പോകും, പഴയ ശത്രുതയിലേക്ക് തിരികെ പോകും. ഇനി നടക്കാൻ തീരെ സാദ്ധ്യത ഇല്ലാത്ത, ‘ഇന്ത്യ’ സഖ്യം ജയിക്കുന്ന സാഹചര്യത്തിൽ, രാജ്യതാൽപ്പര്യം മുൻനിർത്തി തങ്ങളുടെ അധികാരമോഹം മാറ്റിവച്ച് തങ്ങളിൽ ഒരാളെ നേതാവായി അംഗീകരിച്ച് മുന്നോട്ടു പോകാൻ അവർക്കു കഴിയുമോ? കഴിഞ്ഞാൽത്തന്നെ എത്രകാലം?

സംഘപരിവാറിനെ പരാജയപ്പെടുത്തുക എന്നത് കാലത്തിന്റെ ആവശ്യമായതുകൊണ്ട്, പ്രതിപക്ഷത്താണ് എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം, പല നേതാക്കളുടേയും ശരികേടുകൾക്കു നേരേ കണ്ണടക്കേണ്ട ഗതികേടിലാണ് നാം. തൃണമൂലിന്റെ അക്രമാസക്തതയും മമതയുടെ സ്വേഛാധിപത്യ പ്രവണതയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള മടിയും ലാലുവിന്റെ അഴിമതി നിറഞ്ഞ ഭൂതകാലവും കുടുംബത്തിൽ എല്ലാവരും അധികാരം പങ്കിടുന്ന സമ്പൂർണ കുടുംബ വാഴ്ചയും കെജ്രിവാളിന്റെ വലതുപക്ഷ നിലപാടുകളും അധികാര രാഷ്ട്രീയവുമൊക്കെ അവിടെത്തന്നെയുണ്ട്.

‘ഇന്ത്യ’ സഖ്യത്തിൽ ഐഡിയലായ ഒന്നോ രണ്ടോ പേരെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അതിലൊന്ന് സ്റ്റാലിനാണ്. പിന്നെയുള്ളത് രാഹുലും.

സംഘപരിവാർ എന്ന വലിയ ഭീകരതക്കു മുന്നിൽ നമ്മൾ ഇതൊക്കെ മറക്കാൻ തയ്യാറായിട്ടും, അതിനുള്ള എന്തെങ്കിലും 'റിസൾട്ട്' ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗത്തുനിന്ന് ഇന്ത്യാ രാജ്യത്തിന് ലഭിക്കുന്നുണ്ടോ? ലഭിക്കുമോ? പ്രാദേശിക പാർട്ടികളുടെ സഖ്യമാണെങ്കിൽപ്പോലും ഇതാ ശക്തമായ, കാര്യശേഷിയുള്ള, ഡിപ്പെൻഡബിൾ ആയ ഒരു പ്രതിപക്ഷം എന്ന തോന്നൽ ജനങ്ങളിലുണ്ടാക്കാൻ ‘ഇന്ത്യ’ സഖ്യത്തിന് ഇലക്ഷൻ പടിവാതിക്കലെത്തിനിൽക്കുമ്പോഴും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് യാഥാർത്ഥ്യ ബോധത്തോടെ നോക്കിയാൽ രാഷ്ട്രീയമായ ഒരു പ്രതീക്ഷയും എനിക്കീ തിരഞ്ഞെടുപ്പിലില്ല. പക്ഷേ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തനിക്കു പറ്റിയ മണ്ടത്തരമോർത്ത് തലയിൽകൈ വച്ചേനെ.

വരുന്നത് അടിയന്തരാവസ്ഥ കാലമോ?

ഒരിക്കലുമല്ല, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, 'ജനാധിപത്യ ഇന്ത്യയിൽ എല്ലാം ശുഭം' എന്നു വിശ്വസിച്ചു ജീവിക്കുന്ന കോടിക്കണക്കിന് ഇന്ത്യാക്കാരെ ആ സുഖസുഷുപ്തിയിൽ നിന്നുണർത്തി, പ്രതിഷേധത്തിന്റെ പാതയിലേക്കു നയിക്കാൻ പാകത്തിന് മണ്ടത്തരം മോദി ഒരിക്കലും ചെയ്യില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധി ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തനിക്കു പറ്റിയ മണ്ടത്തരമോർത്ത് തലയിൽകൈ വച്ചേനെ. സ്വേഛാധിപത്യ ഭരണത്തിന് അടിയന്തരാവസ്ഥയൊന്നും പ്രഖ്യാപിക്കേണ്ടതില്ല എന്ന് ഇന്ദിരാഗാന്ധിക്ക് അറിയില്ലായിരുന്നു.

പ്രധാനാമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ ഷോയില്‍ പങ്കെടുക്കുന്ന ബി.ജെ.പി പ്രവര്‍ത്തകർ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന തോന്നലിന്റെ, അഭിമാനത്തിന്റെ ലഹരി ജനങ്ങൾക്ക് ദിവസവും കുറച്ചു ഡോസ് കൊടുത്തു കൊണ്ടിരുന്നാൽ മാത്രം മതി. അവരാ ആലസ്യത്തിൽ മയങ്ങിക്കൊള്ളും. ആ സമയത്ത് സമ്പൂർണ്ണ സ്വഛാധിപത്യം സർക്കാർ വഴിയും പാർട്ടി വഴിയും മീഡിയ വഴിയും അന്വേഷണ ഏജൻസികൾ വഴിയും പിന്നെ നമുക്കിപ്പോഴും മനസിലാവാത്ത എന്തൊക്കെയോ വഴിയും നടപ്പിലാക്കാൻ കഴിയുമ്പോൾ, എന്തിന് അടിയന്തരാവസ്ഥ എന്ന മണ്ടത്തരം ചെയ്യണം?

സർക്കാർ ഏത്, ബി ജെ പി ഏത് എന്നു തിരിച്ചറിയാനാകാത്ത വിധം സർക്കാർ ബി ജെ പി യുടെ ഒരു വിങ്ങ് മാത്രമായി മാറിയിരിക്കുന്നു. ബി ജെ പി വിരോധിയായാൽ നിങ്ങൾ സർക്കാർ വിരോധിയും അതിലുപരി രാഷ്ട്ര വിരോധിയുമായി മാറി. ബി ജെ പിയിൽ നിന്ന് ജനാധിപത്യപരമായ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ കൂടി, സ്വതവേ ഇത്രയും ദുർബ്ബലമായ പ്രതിപക്ഷമായിരുന്നിട്ടു പോലും അവരെ ഇതുപോലെ വേട്ടയാടി നശിപ്പിക്കുക എന്നത് ഞെട്ടിപ്പിക്കുന്ന അവസ്ഥയാണ്.

നരേന്ദ്ര മോദി

ആം ആദ്മി നേതാക്കൾക്കെതിരേ ഇ.ഡി ചുമത്തിയ കുറ്റം മദ്യനയവുമായി ബന്ധപ്പെട്ടു വാങ്ങിയ പൈസ പാർട്ടി ഗോവ ഇലക്ഷനിൽ ഉപയോഗിച്ചു എന്നതാണ്. ഹൈപ്പോത്തെറ്റിക്കലി, അങ്ങനെ ചെയ്തു എന്നു തന്നെയിരിക്കട്ടെ. അവരാരും വ്യക്തിപരമായ ലാഭത്തിനല്ല ഈ പണം ഉപയോഗിച്ചത്. പാർട്ടിയുടെ ഇലക്ഷൻ ഫണ്ടായിട്ടാണ്. അങ്ങനെയാണെങ്കിൽ ഇലക്ട്രൽ ബോണ്ടെന്ന ഭുലോക അഴിമതി നടപ്പിലാക്കി, രാജ്യത്തെ കബളിപ്പിച്ച്, ഇന്നാട്ടിലെ ജനങ്ങളുടെ മുഴുവൻ വിശ്വാസപാത്രമായ എസ്.ബി.ഐയെ രാജ്യത്തെ കബളിപ്പിക്കാനുള്ള ഉപകരണമാക്കി മാറ്റിയ, ആ അഴിമതിയുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറിയ ബി ജെ പി എന്ന പാർട്ടിയുടെ എല്ലാ നേതാക്കളും എന്നേ അഴികൾക്കുള്ളിലാവണം.

ചെറിയ, വലിയ പ്രതീക്ഷ

കുറച്ചുകാലം മുമ്പു വരെ ഞാൻ നാഷണൽ നൂസിനായി എൻ ഡി ടിവിയും ഇന്ത്യാ ടുഡേയും സ്ഥിരമായി കണ്ടിരുന്നു. ഇപ്പോൾ ഒരു ദേശീയ, പ്രാദേശിക ചാനലുകളും കാണുന്നില്ല. സർദേശായിയുടെ സാന്നിദ്ധ്യമുള്ള ഇന്ത്യാ ടുഡേ പോലും പ്രകടമായ വലതുപക്ഷ ചായവ് പലപ്പോഴും കാണിക്കുന്നു.

Fact-checking Indian media is tough. Dhruv Rathee uses youtube to do it എന്ന തലക്കെട്ടോടെ ടൈം മാഗസീന്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌

പത്രങ്ങളും ചാനലുകളും ഡിജിറ്റൽ ഫോർമാറ്റുകളുമായി ഇത്രയധികം മാദ്ധ്യമങ്ങളുള്ള ഇന്ത്യയിൽ ഇന്ന് വസ്തുതകളറിയാൻ ഞാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ധ്രുവ് റാഠി എന്ന ഒറ്റയാൾപ്പട്ടാളത്തെയാണ് എന്നത് ഒരേ സമയം അതിഭയങ്കരമായി ഭയപ്പെടുത്തുന്നതും പ്രതീക്ഷ നൽകുന്നതുമായ കാര്യമാണ്. ഇന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മെയിൻ സ്ട്രീം മീഡിയക്കു നൽകുന്ന ഒരു വിശ്വാസ്യതയുണ്ട്. ആ വിശ്വാസ്യത ഉപയോഗിച്ച് എന്തുമാതിരി നുണകളും പ്രൊപ്പഗാന്റയും വിഷവുമാണ് അവർ ഇന്ത്യൻ മനസുകളിലേക്ക് കടത്തിവിടുന്നത്. അതേസമയം അസീം ബനാത് വാല യേപ്പോലുള്ള സ്റ്റാൻഡപ്പ് കൊമേഡിയന്മാർ പോലും എത്ര മനോഹരമായിട്ടാണ് അവർ അറിഞ്ഞുകൊണ്ട് പരാജയപ്പെടുന്ന ഇടത്ത്, അവരുടെ റോൾ നിർവ്വഹിക്കുന്നത്.

അസീം ബനാത് വാല

ഈ ഇലക്ഷനെയും പ്രതിപക്ഷത്തെയും നോക്കിക്കാണുമ്പോൾ, എന്റെ ഏറ്റവും വലിയ പ്രതീക്ഷ ധ്രുവ് റാഠി എന്ന യുറ്റ്യൂബർക്കു കിട്ടിയ അവിശ്വസനീയമായ സ്വീകാര്യതയാണ്. ഇലക്ട്രൽ ബോണ്ടിന്റെ കാര്യത്തിലായാലും ഇന്ത്യൻ ഡിക്ടേറ്റർഷിപ്പിന്റെ കാര്യത്തിലായാലും സമ്പൂർണ്ണമായ അറിവ് പകർന്നുതരുന്ന റാഠിയുടെ വീഡിയോകൾ ഇന്ത്യ കീഴടക്കുകയാണ്. റാഠിയുടെ അത്ര പോപ്പുലർ അല്ലെങ്കിലും ഇതുപോലെയുള്ള അനവധി സോഷ്യൽ മീഡിയാ ആക്റ്റിവിസ്റ്റുകളും ഫാക്റ്റ് ചെക്കേഴ്‌സും സ്റ്റാൻഡപ്പ് കൊമേഡിയൻസും ഒക്കെ ചേർന്ന സമാന്തര മാദ്ധ്യമ ലോകം വരുംകാല ഇലക്ഷനുകളിൽ മാറ്റം കൊണ്ടുവരുമെന്ന് ഞാൻപ്രതീക്ഷിക്കുന്നു, ആ വരുംകാലം എന്നാണെന്ന് ഒരു പിടിയുമില്ലെങ്കിൽപ്പോലും.

Comments