കേരളം കൊളുത്തുന്ന സമരജ്വാല,
കേന്ദ്രത്തിനെതിരെ പുതിയ സമരസഖ്യം

കേ​ന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം നേതൃത്വം നൽകുന്ന ഡൽഹി സമരം കേന്ദ്ര സർക്കാറിന്റെ ഫെഡറൽ തത്വലംഘനങ്ങൾക്കെതിരായ പുതിയൊരു സമരസഖ്യമായി മാറുകയാണ്. തെക്കു നിന്നും വടക്കു നിന്നുമുള്ള സംസ്ഥാനങ്ങളുടെ പിന്തുണ ഈ സമരത്തിന് ലഭിക്കുന്നുണ്ട്.

Political Desk

കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘സാമ്പത്തിക ഉപരോധം’ കേരളത്തെ പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും നാളെ ഡൽഹിയിലെ ജന്തർമന്തറിൽ നടത്തുന്ന സമരം, കേന്ദ്ര സർക്കാറിന്റെ ഫെഡറൽ തത്വലംഘനങ്ങൾക്കെതിരായ പുതിയൊരു സമരസഖ്യമായി മാറുകയാണ്.

കേരളം നേതൃത്വം നൽകുന്ന സമരത്തിന് തെക്കു നിന്നും വടക്കു നിന്നുമുള്ള സംസ്ഥാനങ്ങളുടെയും പിന്തുണ ലഭിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളെയും കേന്ദ്ര സർക്കാർ എല്ലാവിധത്തിലും ഞെരുക്കുകയാണെന്നതിന്റെ തെളിവായി വേണം മറ്റ് സംസ്ഥാനങ്ങൾ കേരളത്തിന് പ്രഖ്യാപിച്ച പിന്തുണയെ മനസിലാക്കാൻ.

സമരത്തിൽ തമിഴ്‌നാട്ടിൽനിന്ന് ഡി.എം.കെ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സ്റ്റാലിൻ സംസ്ഥാനങ്ങളുടെ ധനകാര്യ- ഭരണ തലങ്ങളിലുള്ള അവകാശം ചൂണ്ടിക്കാട്ടി, സമരത്തിന് പിന്തുണയും അറിയിച്ചു: ‘ഡൽഹിയിലെ സമരത്തിൽ ഡി എം കെയും പങ്കെടുക്കും സംസ്ഥാന സ്വയം ഭരണത്തിനായി ബംഗാളിനും കേരളത്തിനുമൊപ്പം തമിഴ്‌നാടും ശക്തമായി നിലകൊള്ളും' എന്നാണ് സ്റ്റാലിൻ ട്വീറ്റ് ചെയ്തത്. ഡി.എം.കെ നേതാക്കളും സ്റ്റാലിനും കറുത്ത വസത്രമണിഞ്ഞാണ് കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുക.

ഇന്ത്യ മുന്നണിയുടെ ഘടകകക്ഷി നേതാക്കൾ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻ.സി.പി നേതാവ് ശരത് പവാർ എന്നിവരും സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി, ജെ.എം.എം പ്രതിനിധികളും സമരത്തിനെത്തും. കേരളത്തിലെ കോൺഗ്രസ് ഘടകം സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ, കോൺഗ്രസിന്റെ ദേശീയ നേതാക്കൾഎത്തില്ലെങ്കിലും ഇന്ത്യ മുന്നണിയിൽനിന്ന് കൂടുതൽ നേതാക്കൾ സമരത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ സമരപ്രഖ്യാപനത്തിന്റെ ഊർജമുൾക്കൊണ്ട് കർണാടക ഒരു ദിവസം മുമ്പേ ഡൽഹിയിൽ സമരം നടത്തുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരുമാണ് ജന്തർ മന്തറിൽപ്രതിഷേധിക്കുന്നത്. അങ്ങനെ, കേരളം പ്രഖ്യാപിച്ച പ്രതിഷേധ സമരം ദേശീയതലത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങൾ ഏറ്റെടുക്കുകയാണ്. നരേന്ദ്രമോദി അധികാരമേറ്റശേഷം ധനകാര്യ കമീഷനുകളെ മുൻനിർത്തി, സംസ്ഥാനങ്ങൾക്കുനേരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരായ രാഷ്ട്രീയ പ്രതിരോധം കൂടിയാണ് കേരളത്തിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്.

കേരളത്തിന്റെ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളുമായുള്ള സാമ്പത്തിക വിനിമയങ്ങളിലും കേന്ദ്ര സർക്കാർ നടത്തുന്ന ഫെഡറൽ തത്വലംഘനം ഈയിടെ നിതി ആയോഗിന്റെ സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരുന്നു.

'ചരിത്ര സമരം' എന്നാണ് കോൺഗ്രസ്, കർണാടക സർക്കാർ ഇന്ന് ഡൽഹിയിൽ നടത്തിയ സമരത്തെ വിശേഷിപ്പിച്ചത്. അതേ വിശേഷണം അർഹിക്കുന്നതാണ്, നാളെ കേരളം നടത്താൻ പോകുന്ന പ്രതിഷേധസമരവും.

കേരളത്തിന്റെ വാദങ്ങൾ

കേന്ദ്ര പദ്ധതികളിൽ നിന്ന് കേരളത്തെ തഴയുന്നെന്നും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടുന്ന പദ്ധതികളുടെ വിഹിതം വെട്ടിച്ചുരുക്കിയെന്നുമാണ് കേരളം ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്തിന്റെ വാദങ്ങൾ:

  • 15ാം ധനകാര്യ കമീഷൻ സംസ്ഥാന വിഹിതം നിശ്ചയിച്ചപ്പോൾ കേരളത്തിന് സംഭവിച്ചത് വൻ നഷ്ടം. 15-ാം കമീഷന്റെ കാലത്ത് സംസ്ഥാനങ്ങൾക്ക് വിഭജിച്ചുനൽകുന്ന നികുതിവിഹിതമായ 42.24 കോടി രൂപയുടെ 1.92 ശതമാനമാണ് കേരളത്തിന് ലഭിക്കുക, അതായത്, 81,326 കോടി രൂപ. പത്താം ധനകാര്യ കമീഷൻ സംസ്ഥാനങ്ങളുടെ വിഹിതത്തിൽനിന്ന് കേരളത്തിന് നൽകിയത് 3.86 ശതമാനമാണ്. ഈ മാനദണ്ഡമനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട നികുതിവിഹിതം 1,63,920 കോടി രൂപയാണ്. എന്നാൽ,15ാം ധനകാര്യ കമീഷന്റെ കാലത്ത് ഇത് 1.9 ശതമാനമായി കുറഞ്ഞപ്പോൾ, കേരളത്തിനുണ്ടായ നഷ്ടം 82,594 കോടി രൂപ.

  • നികുതിവിഹിതത്തിൽ 57,000 കോടി രൂപ വെട്ടിക്കുറച്ചു.

  • കേന്ദ്ര പദ്ധതിയുടെ വിഹിതം സ്ഥിരമായി കുടിശ്ശികയാക്കുന്നു. കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശിക 4224 കോടി.

  • ധനകാര്യ കമീഷൻ ശുപാർശ മറികടന്ന് കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാപരിധി 2021- 22 മുതൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു.

  • 2017-18 മുതൽ 2021-22 വരെയുള്ള കാലത്ത് കേരളത്തിന് കേന്ദ്രത്തിൽനിന്ന് ലഭിച്ചത് ആകെ റവന്യൂ വരുമാനത്തിന്റെ 35.3 ശതമാനം, മറ്റു സംസ്ഥാനങ്ങളുടെ ശരാശരി 43 ശതമാനം.

ചരിത്രത്തില്‍ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭമാര്‍ഗം തെരഞ്ഞെടുക്കേണ്ടിവന്നത്, അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു: ''കേരളത്തിന്റെ അതിജീവനത്തിന് ഈ സമരം അനിവാര്യമാണ്, മറിച്ച്, ഇത് ആരെയും തോല്‍പ്പിക്കാനല്ല. സഹകരണ ഫെഡറലിസം എന്ന ആശയം തന്നെ, കേന്ദ്ര നടപടികളിലൂടെ ഇല്ലാതായിരിക്കുകയാണ്. വായ്പാപരിധിയും കടമെടുപ്പ് പരിധിയും വന്‍തോതില്‍ വെട്ടിക്കുറച്ചു.’’

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കേരളത്തെ എങ്ങനെ ഞെരുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി വിശദീകരിച്ചു: ‘‘കേരളം ധന ഉത്തരവാദിത്വ നിയമം പാസ്സാക്കിയ സംസ്ഥാനമാണ്. 2019 -20, 2020 -21 സാമ്പത്തിക വര്‍ഷങ്ങളില്‍ ധനക്കമ്മി ഈ നിയമത്തില്‍ നിഷ്‌കര്‍ഷിച്ച പരിധിക്കുള്ളില്‍ കേരളം നിലനിര്‍ത്തിയിട്ടുണ്ട്. 2020-21ല്‍ കോവിഡ് 19 ന്റെ അസാധാരണ സാഹചര്യത്തില്‍ ധനക്കമ്മിയുടെ പരിധി രാജ്യമാകെ ആഭ്യന്തര വരുമാനത്തിന്റെ 3% ത്തില്‍ നിന്നും 5% മായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. നിയമപ്രകാരം തന്നെ സംസ്ഥാനത്തിനുള്ള അവകാശങ്ങള്‍ നിലനില്‍ക്കേയാണ് കേന്ദ്ര ധനമന്ത്രാലയം ചില പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചത്. 2022 മാര്‍ച്ച് 31 ന് കേന്ദ്രധനമന്ത്രാലയം ഇത് സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ അയച്ചു. സംസ്ഥാന സര്‍ക്കാര്‍ നികുതിയുടെ നിശ്ചിത വിഹിതം നല്‍കുന്ന സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ ആകെ സംസ്ഥാന സര്‍ക്കാരിന്റെ വായ്പകളായി കണക്കാക്കുമെന്നാണ് അതിലെ ഉള്ളടക്കം. തത്തുല്യമായ തുക സംസ്ഥാനത്തിന്റെ കമ്പോള വായ്പാപരിധിയില്‍ നിന്നും വെട്ടിക്കുറയ്ക്കുമെന്നും അതില്‍ വ്യക്തമാക്കി. ഇത് 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളില്‍ ഇല്ലാത്ത ഒന്നാണ്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ രാഷ്ട്രപതി അംഗീകരിച്ച് ഭരണഘടനയുടെ അനുച്ഛേദം 281 പ്രകാരം പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും മേശപ്പുറത്ത് വച്ച് അംഗീകരിച്ചതാണ്. അതിനെയാണ് ഒരു എക്‌സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചത്. ഇത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഈ നടപടി വഴി കിഫ്ബി, കെ എസ് എസ് പി എല്‍ (പെന്‍ഷന്‍ കമ്പനി) തുടങ്ങിയ സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ എടുത്ത വായ്പകളെ കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ മുന്‍കാല പ്രാബല്യത്തോടെ ഉള്‍പ്പെടുത്തുകയാണ്.
കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിയുടെ വായ്പകള്‍ എന്നിവയുടെയെല്ലാം പേരില്‍ വായ്പാ പരിധിയില്‍ വന്‍തോതില്‍ വെട്ടിക്കുറവ് വരുത്തി. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 12,000 ത്തോളം കോടി രൂപയാണ് വെട്ടിക്കുറച്ചത്. അടുത്ത സാമ്പത്തിക വര്‍ഷങ്ങളിലും ഈ വെട്ടിക്കുറവ് തുടരുകയാണ്. നടപ്പുവര്‍ഷത്തില്‍ 7000 കോടി രൂപയുടെ വെട്ടിക്കുറക്കലാണ് ഉണ്ടായത്.
സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയില്‍ പബ്ലിക് അക്കൗണ്ടില്‍ നിന്നുള്ള തുകകളെ കൂടി ഉള്‍പ്പെടുത്തി വെട്ടിച്ചുരുക്കലുകള്‍ 2017 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കികേന്ദ്രം നടപ്പിലാക്കി വരികയുമാണ്. ഇതില്‍ തന്നെ പബ്ലിക് അക്കൌണ്ടിലെ അവസാന വര്‍ഷത്തെ കണക്കെടുത്താല്‍ തുകയില്‍ കുറവുവരുമെന്നു കണ്ടതുകൊണ്ട് 3 വര്‍ഷത്തെ കണക്കിന്റെ ശരാശരി എടുത്താണ് കണക്കാക്കിയിട്ടുള്ളത്. ഇത് വായ്പയുടെ വലിപ്പം വര്‍ദ്ധിപ്പിച്ച് കടമെടുപ്പ് പരിധി കുറയ്ക്കുന്നതിനു വേണ്ടിയാണ് ചെയ്തത്. ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിച്ചുകളയാം എന്ന നിര്‍ബന്ധബുദ്ധിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഈ വിധം പബ്ലിക് അക്കൌണ്ടിലുള്ള പണം പൊതുകടത്തില്‍ പെടുത്തിയതുമൂലം 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും വെട്ടിക്കുറച്ചത്. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാരിന് ഇല്ല. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ചാണ് ഭരണഘടനാവിരുദ്ധവും ധനകമ്മീഷന്റെ നിപാടിന് വിരുദ്ധവുമായ ഈ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.
സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയുന്ന യൂണിയന്‍ സര്‍ക്കാരിന്റെ വിവേചനപരമായ നീക്കം ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ സമീപനങ്ങള്‍ സൃഷ്ടിക്കുന്ന പണ ഞെരുക്കം സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നു. ഈ വിഷയം കേരളം സുപ്രീം കോടതി മുന്‍പാകെ ഉന്നയിച്ചിട്ടുണ്ട്. ഈ തെറ്റായ സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നാണ് കേരളം ഒന്നാമതായി ആവശ്യപ്പെടുന്നത്.’’

‘‘കേന്ദ്ര- സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ പ്രധാന ഘടകമാണ് ഗ്രാന്റുകള്‍. ധന കമ്മീഷന്‍ ശുപാര്‍ശ പ്രകാരം വീതം വയ്ക്കപ്പെടുന്ന നികുതി വിഹിതത്തിന് പുറമെയാണ് ഇവ. ഗ്രാന്റുകളില്‍ കേന്ദ്രാവിഷ്‌കൃതപദ്ധതികളിലെ ഗ്രാന്റ് സുപ്രധാനമാണ്. സംസ്ഥാന വിഷയങ്ങളിലാണ് മിക്ക കേന്ദ്രാവിഷ്‌കൃത പദ്ധതികളും നടപ്പിലാക്കപ്പെടുന്നത്. പക്ഷേ ഈ പദ്ധതികളുടെ സൂക്ഷ്മഘടന വരെ തീരുമാനിക്കുന്നത് ഡല്‍ഹിയിലെ മന്ത്രാലയങ്ങളാണ്. ഇത് തന്നെ ഫെഡറലിസത്തിന് കടകവിരുദ്ധമാണ്. ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്ന ബ്രാന്‍ഡിംഗ് ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഗണ്യമായ അധിക വിഹിതം നല്‍കിയാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനങ്ങള്‍ കുറഞ്ഞത് 40 ശതമാനം ചെലവഴിക്കുകയും നടത്തിപ്പിന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന പദ്ധതികളുടെ നേട്ടങ്ങളില്‍ നിന്നും സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. അവ കേന്ദ്ര പദ്ധതികളായി ബ്രാന്‍ഡു ചെയ്യണമെന്നാണ് നിര്‍ബന്ധം. ഇല്ലെങ്കില്‍സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുമെന്ന് നിലപാടെടുക്കുന്നു. ഈ സമീപനം നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണ്. ഇതിന്റെ പേരില്‍ കേരളത്തിന് 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന ചെലവിനായുള്ള വായ്പാ സഹായമായി ലഭിക്കാനുള്ള 3000 കോടി രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായ 600 കോടി രൂപയും തടഞ്ഞുവച്ചിരിക്കുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് യു.ജി.സി. ശമ്പള പരിഷ്‌കരണം നടപ്പാക്കിയതിനുള്ള 750 കോടി രൂപ ഗ്രാന്റുകള്‍ തടഞ്ഞുവെച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരം ശമ്പളപരിഷ്‌ക്കരണം നടപ്പാക്കി കൊടുത്തുതീര്‍ത്ത പണമാണ് ഇങ്ങനെ മുടക്ക് ന്യായം പറഞ്ഞ് തടഞ്ഞത്.’’

‘‘പതിനഞ്ചാം ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമീപനം. ബി ജെ പി സര്‍ക്കാര്‍ വന്ന ശേഷം 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കാന്‍ (നേരത്തെ 1971ലെ സെന്‍സസ്സായിരുന്നു മാനദണ്ഡം.) ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതു കാരണം നികുതി വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. കൈവരിച്ച നേട്ടങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി.ഇതിനുപുറമേ, കേന്ദ്രവരുമാനത്തിന്റെ മൂന്നിലൊന്നും സെസ്സുകളും സര്‍ചാര്‍ജുകളും ആക്കുക വഴി സംസ്ഥാനങ്ങളുടെ വയറ്റത്തടിക്കുക കൂടി ചെയ്യുകയാണ് കേന്ദ്രം.’’

‘‘ഈ വര്‍ഷം ഏകപക്ഷീയമായി റവന്യു കമ്മി ഗ്രാന്റ് വെട്ടിക്കുറച്ചു. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി രൂപയാണ് ഈ വര്‍ഷം കേരളത്തിന് കുറവുവരുന്നത്. ഇതോടെ വായ്പാ നിയന്ത്രണം, ഗ്രാന്റുകള്‍ തടഞ്ഞുവയ്ക്കല്‍ എന്നിവയുടെ ആഘാതം ഒന്നു കൂടി വര്‍ദ്ധിക്കുകയാണ്. റവന്യു കമ്മി ഗ്രാന്റില്‍ ഉണ്ടായ ഇടിവാണ് നിലവിലെ ധനപ്രശ്‌നങ്ങളുടെ ഒരു പ്രധാന കാരണം.’’

‘‘2016-ല്‍ എല്‍. ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 1600 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനങ്ങളിലായി 60 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൈത്താങ്ങായ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വിതരണം മുടങ്ങാതെ നടപ്പാക്കുന്നതിനായി രൂപീകരിച്ച പെന്‍ഷന്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനായെടുക്കുന്ന വായ്പയും സംസ്ഥാന സര്‍ക്കാരിന്റെ കടപരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നയം അവരുടെ ജനവിരുദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിേലുള്ള ഹീനമായ കൈകടത്തലാണിത്. ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.’’

''ജി എസ്.ടി നടപ്പാക്കുമ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നികുതി അവകാശങ്ങളുടെ 44 ശതമാനമാണ് അടിയറവ് വെക്കേണ്ടിവന്നത്. എന്നാല്‍ കേന്ദ്രത്തിന് നഷ്ടമായത് 28 ശതമാനം നികുതി അവകാശം മാത്രമാണ്. എന്നാല്‍ ജി എസ് ടി നടപ്പിലാക്കിയപ്പോള്‍ വരുമാനത്തിന്റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനും എന്ന രീതിയില്‍ പങ്ക് വെക്കപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് അടിയറവ് പറയേണ്ടി വന്ന നികുതി വരുമാനത്തേക്കാള്‍ കുറഞ്ഞ വരുമാനമാണ് ലഭ്യമായിത്തുടങ്ങിയത്. അതായത്, ജിഎസ്ടി വന്നപ്പോള്‍ ഉണ്ടായ നികുതി നഷ്ടത്തേക്കാള്‍ കുറവാണ് ജി എസ് ടി മൂലം ഉണ്ടായ വരുമാനം. ഈ നികുതി അവകാശ നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായി ജി എസ് ടിയില്‍ 14 ശതമാനം വാര്‍ഷിക നികുതി വളര്‍ച്ചാ നിരക്ക് ഉറപ്പാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, ജിഎസ്ടി സമ്പ്രദായം നടപ്പാക്കിയതിലെ പോരായ്മകളും പ്രകൃതി ദുരന്തങ്ങളും കോവിഡുംമൂലം ഈ വളര്‍ച്ചാനിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല.''

‘‘കേരളം എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ്. പുതിയ പദ്ധതികള്‍ അനുവദിക്കുന്നില്ല. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേര് പരാമര്‍ശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയിലേക്ക് അവഗണന വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഒരു പരിഗണനയും കിട്ടിയിട്ടില്ല. എല്ലാ യോഗ്യതയുമുണ്ടായിട്ടും, ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറിയിട്ടും കേന്ദ്രബഡ്ജറ്റില്‍ ഇത്തവണയും പരിഗണിച്ചില്ല.’’- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വാദത്തിനുള്ള തെളിവുകൾ

കേരളത്തിന്റെ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളുമായുള്ള സാമ്പത്തിക വിനിമയങ്ങളിലും കേന്ദ്ര സർക്കാർ നടത്തുന്ന ഫെഡറൽ തത്വലംഘനം ഈയിടെ നിതി ആയോഗിന്റെ സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരുന്നു. 2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട വിഹിതം വെട്ടിക്കുറയ്ക്കുന്നതിന് നരേന്ദ്രമോദി 14ാം ധനകമീഷൻ ചെയർമാൻ വൈ.വി. റെഡ്ഡിയിൽ സമ്മർദം ചെലുത്തിയെന്നും എന്നാൽ അത് ഫലിക്കാതെ വന്നപ്പോൾ 2014-ലെ ബജറ്റിൽ 48 മണിക്കൂറിനകം മാറ്റം വരുത്തുകയും ചെയ്തുവെന്നാണ് സുബ്രഹ്മണ്യം പറഞ്ഞത്. ആദ്യം ആസൂത്രണം ചെയ്ത കേന്ദ്രനികുതി നിലനിർത്താൻ ക്ഷേമ പരിപാടികൾക്കുള്ള തുക വെട്ടിക്കുറയ്ക്കുകയും ചെയ്തു. 42 ശതമാനം കേന്ദ്ര നികുതി വിഹിതം നൽകണമെന്നായിരുന്നു ധനകാര്യ കമീഷൻ ശുപാർശ. ഇത് 33 ശതമാനമായി വെട്ടിക്കുറച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായിരിക്കേ താൻ ഇതിൽ ഇടിനിലക്കാരനായെന്നും അദ്ദേഹം പറഞ്ഞു.

വൈ.വി. റെഡ്ഡി, 14ാം ധനകാര്യ കമീഷൻ ചെയർമാൻ

കേരളത്തിന്റെ അതേ വാദങ്ങളാണ് കർണാടകയും ഉയർത്തുന്നത്. അതായത്, നികുതി പിരിക്കുന്നതിൽ കർണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും എന്നാൽ കേന്ദ്രത്തിന് നൽകുന്ന നികുതിയിൽ ചെറിയ ശതമാനം മാത്രമാണ് തിരികെ സംസ്ഥാനത്തിന് കിട്ടുന്നത് എന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. 15ാം ധനകാര്യ കമീഷനുകീഴിൽ അഞ്ചു വർഷം കൊണ്ട് കർണാടകത്തിനുണ്ടായ നഷ്ടം 1,87,000 കോടി രൂപയുടേതാണ്. സംസ്ഥാനം കടുത്ത വരൾച്ച നേരിടുമ്പോൾ കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കുന്നില്ലെന്നും കർണാടകം ആരോപിക്കുന്നു. 200- ഓളം ഗ്രാമങ്ങളാണ് കർണാടകത്തിൽ വരൾച്ചയുടെ പിടിയിലായിട്ടുള്ളത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ദേശീയ - സംസ്ഥാന കോൺഗ്രസ് നേതാക്കളും കർണാടകത്തിന്റെ സമരത്തിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിഷേധിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കേന്ദ്രത്തെ എത്തിക്കാൻ ഈ സമരങ്ങൾക്ക് കഴിയും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് തടഞ്ഞുവെക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നിരിക്കെയാണ് ബി ജെ പി സർക്കാർ അന്യായമായ ഉപരോധം നടപ്പിലാക്കുന്നത്. ധനകാര്യ കമീഷന്റെ തിരുമാനമാണെന്ന വാദമുയർത്തി പണം നൽകാതിരിക്കുന്നതിനെ ന്യായീകരിക്കുകയാണ് കേന്ദ്ര സർക്കാർ.

കേരളത്തിന്റെ സമരത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ നടന്ന കർണാടക സർക്കാരിന്റെ സമരം

ഇല്ലാത്ത കോൺ​ഗ്രസ്

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ കക്ഷി നേതാക്കളും പ​ങ്കെടുക്കുന്നതോടെ, കേരളത്തിന്റെ സമരത്തിന് ദേശീയ സ്വഭാവം നേടിക്കൊടുക്കും. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടെന്നാണ് കെ പി സി സി തീരുമാനം. ‘ഡൽഹിയിൽ പോയി സമരം ചെയ്യാൻ വേറെ ആളെ നോക്കിയാൽ മതി’യെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്: 'നിലവിലെ സാമ്പത്തിക പ്രതിസന്ധി കേരളസർക്കാർ ഉണ്ടാക്കിയ കുഴപ്പമാണ്. കേന്ദ്രത്തിന് രേഖകളെല്ലാം കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കിൽ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാം' എന്നാണ് സതീശന്റെ നിലപാട്.

ന്യായമായ കാരണങ്ങളുയർത്തി കേരളം നടത്തുന്ന സമരത്തിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നത് ദേശീയതലത്തിൽ ചർച്ചയാകും. കോൺഗ്രസ് നിലപാട്, ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ഇത് ബി.ജെ.പി പ്രചാരണ വിഷയമാക്കും. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ സമരത്തിൽനിന്ന് വിട്ടുനിൽക്കുമെങ്കിലും കർണാടകം ജന്തർ മന്തറിൽ സംഘടിപ്പിച്ച സമര വേദിയൽ സംസാരിക്കവേ കോൺഗ്രസ് നേതാവ് കൂടിയായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്, കേരളത്തിന്റെ സമരത്തിന് പൂർണ പിന്തുണയുണ്ടെന്നാണ്. സിദ്ധരാമയ്യയുടെ പിന്തുണ സി പി എമ്മിന് കോൺഗ്രസ് പക്ഷത്തുനിന്ന് ആശ്വസിക്കാനുള്ള വകയാണ്.

Comments