കോൺഗ്രസിനെ ഇനിയും വിട്ടൊഴിയാത്ത രാജസ്ഥാൻ ആശങ്കകൾ

രാജസ്ഥാനിൽ 25 മണ്ഡലങ്ങളിൽ 25ലും ബി.ജെ.പി ഒറ്റയ്ക്ക് മത്സരത്തിനിറങ്ങുകയാണ്. പ്രധാന എതിരാളിയായ കോൺഗ്രസ് ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി 22 സീറ്റിലും മത്സരിക്കുന്നു. സി.പി.എം, ആർ.എൽ.പി, ഭാരതീയ ആദിവാസി പാർട്ടി എന്നിവ ഒന്നുവീതം സീറ്റുകളിലും മത്സരിക്കുന്നു. കഴിഞ്ഞ രണ്ട് തവണത്തെ വിജയമാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നതെങ്കിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലുൾപ്പടെ സ്വീകരിച്ച പുതിയ തന്ത്രങ്ങളാണ് രാജസ്ഥാനിൽ കോൺഗ്രസിന്റെ പ്രതീക്ഷ.

Election Desk

രാജസ്ഥാനിൽ കഴിഞ്ഞ തവണ നേടിയ വലിയ വിജയം ഇത്തവണയും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ബി.ജെ.പി മത്സരിക്കാനിറങ്ങുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും രാജസ്ഥാനിൽ നിന്ന് ഇത്തവണ കോൺഗ്രസും പ്രതീക്ഷിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കും മുമ്പ് ബി.ജെ.പിയും കേന്ദ്രസർക്കാരും പ്രതിപക്ഷ നേതാക്കൾക്കെതിരേ, (എറ്റവും ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമെതിരേ) ഇ.ഡി അന്വേഷണം എന്ന പേരിൽ ധൃതിപ്പെട്ട് നടത്തിയ പ്രതികാര നടപടികളും ഇതിനെതിരേ ‘ഇന്ത്യ’ സഖ്യവും പ്രതിപക്ഷ പാർട്ടികളും ഡൽഹി രാംലീല മൈതാനത്ത് നടത്തിയ പ്രതിഷേധ റാലിയുമെല്ലാം ഉത്തരേന്ത്യൻ ബെൽറ്റിൽ പെട്ട രാജസ്ഥാനിലും പ്രചാരണവിഷയമാകും. കോൺഗ്രസിൽനിന്ന് മുൻ എം.എൽ.എമാരും എം.എൽ.എമാരും ബി.ജെ.പിയിലേക്ക് കൂറുമാറുന്നതും കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

ഏപ്രിൽ 19നും 26നുമാണ് ഒന്നും രണ്ടും ഘട്ടങ്ങളിലായി രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരും ചെറിയ പാർട്ടികളും ലോകസഭാ മത്സരത്തിനില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 15- 20 ശതമാനം വരെ വോട്ടുകൾ ഈ പ്രാദേശിക പാർട്ടികളും സ്വതന്ത്രരുമാണ് കൊണ്ടുപോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടമാകുന്ന ഈ വോട്ടുകൾ കൂടി പിടിച്ചെടുക്കാൻ ബി.ജെ.പിയും കോൺഗ്രസും പരമാവധി ശ്രമിക്കും. 2023- ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും 2014ലെയും 2019ലെയും 25ൽ 25 എന്ന നേട്ടവും ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്നുമുണ്ട്. എങ്കിലും കോൺഗ്രസും പ്രതിപക്ഷവും ഉയർത്തുന്ന വെല്ലുവിളികൾ ചെറുതാണെന്ന് ബി.ജെ.പിയും കരുതുന്നുണ്ടാകില്ല.

രാജസ്ഥാനിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുന്ന സച്ചിൻ പൈലറ്റ്

ഗംഗാ നഗർ, ബിക്കാനീർ, ചുറു, ഝുൻഝുനു, സികാർ, ജയ്പൂർ, ആൾവാർ, ഭാരത്പൂർ, കരൗളി - ധോൽപൂർ, ദൗസ, നഗൗർ എന്നീ മണ്ഡലങ്ങളിലാണ് ഏപ്രിൽ 19ന് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരിച്ചടിയുണ്ടെങ്കിലും വലിയ തിരിച്ചുവരവ് പ്ലാൻ ചെയ്യുന്ന കോൺഗ്രസ് രാജസ്ഥാനിലും ബി.ജെ.പിക്കെതിരേ കടുത്ത മത്സരം കാഴ്ച വെക്കാൻ തന്നെയാണ് പദ്ധതിയിടുന്നത്. 2019-ലും മറ്റും എല്ലാ സീറ്റുകളിലേക്കും കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമുണ്ടാക്കാനും സീറ്റ് വിഭജനത്തിനും മറ്റ് പാർട്ടികൾ കോൺഗ്രസിനെ സമീപിച്ചിരുന്നെങ്കിലും രാഷ്ട്രീയ ലോക് ദളുമായി മാത്രമാണ് കോൺഗ്രസ് സഹകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ‘ഇന്ത്യ’ സഖ്യത്തിലെ പ്രധാന പാർട്ടി എന്ന നിലയിൽ സീറ്റ് വിഭജനത്തിൽ നയതന്ത്രപരമായ തിരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചത്. ആകെ 25 സീറ്റുകളിൽ 22 ഇടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. സികാറിൽ സി പി എം, നഗൗറിൽ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ബാൻസ്വാരയിൽ ഭാരതീയ ആദിവാസി പാർട്ടി എന്നിവരാണ് മത്സരിക്കുന്നത്. അതത് മണ്ഡലങ്ങളിൽ ഈ പാർട്ടികൾക്ക് സ്വാധീനമുണ്ടെന്ന് കൃത്യമായും ഉറപ്പാക്കിയശേഷമാണ് കോൺഗ്രസിന്റെ തിരുമാനവും.

ഭാരതീയ ആദിവാസി പാർട്ടി അഞ്ച് സീറ്റാണ് ആവശ്യപ്പെട്ടതെങ്കിലും ദുങ്കാർപുർ- ബൻസ്വാര മണ്ഡലം മാത്രമാണ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് ബി.എ.പി ബൻസ്വാര കൂടാതെ ഉദൈപുർ, ചിറ്റോർഗഡ്, പാലി, ജലോർ- സിരാഹി, ടോംഗ്- സവായ്മധോപുർ എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ മത്സരിച്ച 25 സീറ്റിൽ 24-ഉം നേടിയാണ് ബി.ജെ.പി ലോക്സഭയിൽ രാജസ്ഥാനെ പ്രതിനിധീകരിച്ചത്. നഗൗർ മണ്ഡലം മാത്രമാണ് ബി.ജെ.പിക്ക് നഷ്ടമായത്. നഗൗറിൽ ജയിച്ചത് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി സ്ഥാനാർത്ഥി ഹനുമാൻ ബെനിവാൾ ആണ്. ഇത്തവണ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ് ആർ.എൽ.പി. നഗൗറിൽ കഴിഞ്ഞ തവണ വിജയം കൊണ്ടുവന്ന ഇതേ ഹനുമാൻ ബെനിവാളിനെയാണ് കോൺഗ്രസ് ഇത്തവണ ബി.ജെ.പിക്കെതിരേ രംഗത്തിറക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബി ജെ പി സംസ്ഥാന ഭാരവാഹികളുമായുള്ള യോഗത്തിൽ അധ്യക്ഷത വഹിക്കാനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് പിടിക്കാൻ നഗൗറിൽ ബി.ജെ.പി എന്ത് പദ്ധതിയും ഇറക്കുമെന്നുമിരിക്കേ ആർ.എൽ.പിക്ക് ഒട്ടും എളുപ്പമായിരിക്കില്ല ഇത്തവണ നഗൗർ. നഗൗറിൽ ഹനുമാൻ ബെനിവാളിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത് മുൻ കോൺഗ്രസ് എം.പി കൂടിയായ ജ്യോതി മിർദയെയാണ്. 2009 മുതൽ 2014വരെ 15ാം ലോകസഭയിൽ കോൺഗ്രസ് എം.പിയായി നഗൗർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ജ്യോതി മിർദയാണ്. 1.55 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് 2009-ൽ ജ്യോതി മിർദ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, 2014 ൽ നഗൗറിലും രാജസ്ഥാനിൽ തന്നെയും ബി.ജെ.പിക്കായിരുന്നു വിജയം. അത്തവണ നഗൗർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പിക്കായി വിജയം കൊണ്ടുവരുന്നത് മുൻ രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥൻ കൂടിയായ സി.ആർ ചൗധരി ആണ്. 75,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് സി.ആർ ചൗധരിക്ക് 2014-ൽ ഉണ്ടായിരുന്നത്. വിജയിച്ചെങ്കിലും 2009-ൽ ജ്യോതി മിർദയുടെ ഭൂരിപക്ഷത്തേക്കാൾ ഏറെ കുറവായിരുന്നു സി.ആർ ചൗധരിയുടെ ഭൂരിപക്ഷം. 2023- ൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയതോടെയാണ് നഗൗറിൽ നിന്ന് വീണ്ടും വിധി തേടാൻ ജ്യോതി മിർദയ്ക്ക് അവസരം ലഭിച്ചത്. ഇത്തവണ മത്സരിക്കുന്നത് ബി.ജെ.പിക്ക് വേണ്ടിയാണെന്ന് മാത്രം.

സികാറിൽ സി പി എം നേരിടേണ്ടത് ബി.ജെ.പിയുടെ സംന്യാസി സ്ഥാനാർത്ഥി സുമേധാനന്ദ് സരസ്വതിയെയും ബൻസ്വാരയിൽ ഭാരതീയ ആദിവാസി പാർട്ടി സ്ഥാനാർത്ഥി രാജ്കുമാർ റോത്ത് നേരിടേണ്ടത് ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ എം.പിയും മന്ത്രിയുമായ മഹേന്ദ്രജീത് സിംഗ് മാളവ്യയെയുമാണ്. ഞായറാഴ്ച കേന്ദ്ര മന്ത്രി അമിത് ഷായുടെ വലിയൊരു റോഡ് ​ഷോയിലൂടെ ബി.ജെ.പി കാമ്പയിൻ ശക്തമാക്കിയിട്ടുണ്ട്.

ഹനുമാൻ ബെനിവാൾ

25 മണ്ഡലങ്ങളിലും ബി.ജെ.പി തനിച്ചാണ് മത്സരിക്കുന്നത്. ഭരണവിരുദ്ധതയും വലിയ ഇമേജുമുള്ള പ്രദേശിക നേതാക്കൾ സ്ഥാനാർത്ഥികളായി ഇല്ലാത്തതും മൂലം കഴിഞ്ഞ തവണത്തെ വിജയം ബി.ജെ.പിക്ക് ആവർത്തിക്കാനാകില്ല എന്ന വിലയിരുത്തിലുണ്ട്. കോൺഗ്രസിൽ നിന്ന് നേതാക്കളെ ഇറക്കുമതി ചെയ്യുന്നത് പാർട്ടി അണികളെയും ബി.ജെ.പിയുടെ തന്നെ മറ്റ് നേതാക്കളെ ചൊടിപ്പിക്കുന്നുമുണ്ട്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് എം.പിമാരെയാണ് ബി.ജെ.പി മത്സരത്തിനിറക്കിയിരുന്നു. ഇതിൽ നാലുപേർ മാത്രമാണ് വിജയിച്ചത്. മറ്റൊന്ന് സ്പീക്കർ ഓം ബിർള മത്സരിക്കുന്ന കോട്ട മണ്ഡലത്തിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുന്നത് മുൻ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ഗുഞ്ചലിനെയാണ്. ബി.ജെപിയുടെ ഇലക്ഷൻ കുതിരക്കച്ചവടത്തിന് കോൺഗ്രസ് തിരഞ്ഞെടുത്ത മറുപടിയാണ് പ്രഹ്ലാദ് ഗുഞ്ചലിന്റെ കോട്ടയിലെ സ്ഥാനാർത്ഥിത്വം. കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർഥിപട്ടികയിൽ പ്രമുഖ നേതാവും മുൻ സ്പീക്കറുമായ സി.പി.ജോഷിയുടെ പേരുമുണ്ട്.

രണ്ട് മുൻ മന്ത്രിമാരും മുൻ എം.എൽ.എമാരും അടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് ഈയടുത്ത് ബി.ജെ.പിയിൽ ചേർന്നത്. ഇവരിൽ അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന രാജേന്ദ്ര യാദവ്, ലാൽചന്ദ് കടാരിയ എന്നിവരും ബി.ജെ.പിയിൽ ചേർന്നു. മറ്റൊരു കോൺഗ്രസ് നേതാവായ ശ്രാവൺ സിങ് റാ​ത്തോഡും കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് നേതാവായ അശോക് ഗെഹ്ലോട്ടിനോട് അടുപ്പമുള്ളയാളായിരുന്നു ശ്രാവൺ സിങ്.

ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ബി.ജെ.പി ആണ്. അതുകൊണ്ടു​തന്നെ പ്രചാരണത്തിൽ ചെറിയ മുൻതൂക്കം ബി.ജെ.പിക്കുണ്ട്. കോൺഗ്രസ് 9ാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത് കഴിഞ്ഞ ദിവസം മാത്രവുമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ജാതി സമവാക്യങ്ങളും സ്ഥാനാർത്ഥികളുടെ ചരിത്രവുമൊക്കെയാണ് ഫലം തിരുമാനിക്കുന്നത്. സ്വന്തം നിലനിൽപ്പിന് കോൺഗ്രസിന് രാജസ്ഥാനിൽ സീറ്റുകൾ അനിവാര്യവുമാണ്.

ബി.ജെ.പി സ്ഥാനാർഥി ജ്യോതി മിർദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ

രാജസ്ഥാനിലെ കൗതുകകരമായ ഒരു തെരഞ്ഞെടുപ്പുവിവരം കഴിഞ്ഞദിവസം തെരഞ്ഞെടുപ്പുകമീഷൻ പുറത്തുവിട്ടു. സംസ്ഥാനത്ത് 100 വയസ്സിനുമേൽ പ്രായമുള്ള 8900 വോട്ടർമാരുണ്ട്. ഇവരിൽ 13 പേർ 120 വയസ്സിനുമേൽ പ്രായമുള്ളവരാണ്. 239 പേർ 110- 119 പ്രായക്കാരാണ്.

Comments