ബിഹാറിൽ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകേണ്ടത് നിതീഷ് കുമാറിനെക്കാൾ നരേന്ദ്ര മോദിയുടെ ആവശ്യമായിരുന്നു. തെലുങ്കുദേശത്തിൻ്റെയും ജനതാദൾ യുവിൻ്റെയും പിന്തുണയിൽ മാത്രം കേന്ദ്രഭരണം നടത്തുന്ന മോദിക്ക്, മുഖ്യമന്ത്രി സ്ഥാനമില്ലാതെ പുറത്തുനിൽക്കുന്ന നിതീഷ് കുമാർ തികഞ്ഞ അപകടകാരിയായിരിക്കുമെന്ന് നന്നായി അറിയാം. തൻ്റെ പ്രധാനമന്ത്രി സ്ഥാനത്തിന് ഭീഷണിയില്ലാതിരിക്കണമെങ്കിൽ നിതീഷ് ബീഹാർ മുഖ്യമന്ത്രിയായി തുടരുകതന്നെ വേണം. അതിനേതറ്റംവരെയും മോദി പോകും.
കേന്ദ്ര വാർഷിക ബജറ്റിനെ ബിഹാർ ബജറ്റാക്കിയത് ഈ രാഷ്ട്രീയതന്ത്രത്തിൻ്റെ ഭാഗം തന്നെയാണ്. തെരഞ്ഞടുപ്പിന് ഒരു മാസം മുമ്പ് സ്ത്രീകൾക്ക് 10,000 രൂപ വീതം അക്കൗണ്ടിൽ കൊടുത്തതും തെരഞ്ഞെടുപ്പ് സമയത്ത് രണ്ടാം ഗഡു നൽകിയതും വെറുതെയാവില്ലെന്നത്, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നവർക്ക് മാത്രമല്ല, സാധാരണക്കാർക്കും മനസ്സിലാകുന്നതേയുള്ളൂ.

ക്ഷേമപദ്ധതികളിൽ മാത്രമായി ഒതുങ്ങുന്നതല്ല ബീഹാറിലെ എൻ ഡി എ യുടെ തെരഞ്ഞെടുപ്പ് വിജയം. രാജ്യത്തെ എല്ലാ ഭരണഘടനാസംവിധാനങ്ങളെയും ഹിന്ദുത്വവാദികൾ വരുതിയിലാക്കി കഴിഞ്ഞു. ജനാധിപത്യത്തിൽ അരക്ഷിതാവസ്ഥ കൂടുതൽ കൂടുതൽ പിടിമുറുക്കുകയാണ്. നിർഭാഗ്യവശാൽ നോക്കി നിൽക്കാനേ മറ്റുള്ളവർക്ക് കഴിയിന്നുള്ളൂ. പക്ഷം പിടിക്കുന്നതിൽ അങ്ങേയറ്റം ആരോപണ വിധേയമായ ഒരു തെരഞ്ഞെടുപ്പ് കമ്മിഷനാണ് വർത്തമാനകാലത്ത് രാജ്യത്തെ ജനവിധികൾക്ക് നേതൃത്വം നൽകുന്നത്. ആക്ഷേപങ്ങളെല്ലാം അവഗണിച്ച് ഓരോ തെരഞ്ഞെടുപ്പിലും പരമാവധി പഴുതുകളടച്ചാണ് ബി.ജെ.പിയും സംഘവും വോട്ട് അട്ടിമറി നടത്തുന്നത്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം പതറി നോക്കിനിൽക്കുകയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന രണ്ടാമത്തെ ദേശീയ പാർട്ടിയുടെ കുത്തഴിഞ്ഞ സംഘടനാ സംവിധാനവും ബലഹീനതയും, നേരത്തെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെന്നപോലെ ബിഹാറിലും സംഭവിച്ച പരാജയത്തിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. വോട്ടർ പട്ടിക നവീകരിക്കുന്ന പദ്ധതിയെന്ന നിലയിൽ SIR (Special Intensive Revision) തെറ്റായിട്ടുള്ളതോ എതിർക്കപ്പെടേണ്ടതോ അല്ല. പക്ഷെ വളരെ പരിമിതമായ സമയം നൽകി, ധൃതി പിടിച്ച് അത് നടപ്പാക്കുന്നത്, പാർശ്വവത്കൃതരേയും ന്യൂനപക്ഷങ്ങളേയും ബോധപൂർവ്വം പട്ടികക്ക് പുറത്താക്കുന്നതിന് വേണ്ടിതന്നെയാണെന്ന് ബിഹാർ തെളിയിച്ചു. നഗരവാസികളായ എലൈറ്റ് ഗ്രൂപ്പ് മനുഷ്യരല്ല പട്ടികയ്ക്ക് പുറത്തുപോകുക. ഉൾഗ്രാമങ്ങളിലെ ദരിദ്രരും സാമൂഹ്യമായി പുറംതള്ളപ്പെട്ടവരുമായ ജനവിഭാഗങ്ങൾതന്നെയാണ്. ഈ യാഥാർത്ഥ്യം പറഞ്ഞുമനസ്സിലാക്കി ജനങ്ങളെ സംഘടിപ്പിച്ച് സമരസപ്പെടാത്ത സമരങ്ങളിലേക്ക് പോകുകയല്ലേ പ്രതിപക്ഷം ചെയ്യേണ്ടത്.
65 ലക്ഷം വോട്ടർമാർ ഒരു മാസം കൊണ്ട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തുപോയപ്പോൾ മിണ്ടാതിരിക്കുകയും തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം അതേ കാരണം പറയുകയും ചെയ്യുമ്പോൾ ഹിന്ദുത്വവാദികൾ മാത്രമല്ല സാമാന്യ ജനവും പുച്ഛിച്ചുതള്ളും. ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മിഷനും ഒന്നിച്ചുനടത്തുന്ന ഈ അനീതി രാജ്യത്ത് ചർച്ചയാകുകയും വൻ പ്രതിഷേധത്തിലേക്ക് നയിക്കുകയും ചെയ്യുന്ന തരത്തിൽ ഈ വിഷയം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഏറ്റെടുക്കേണ്ടതായിരുന്നു. ബിഹാറിൽ എല്ലാത്തരം വോട്ടുകൊള്ളയും നടന്നിരിക്കാം. പക്ഷെ അതെല്ലാം കണ്ടുപിടിച്ച് രാഹുൽ ഗാന്ധിയും ടീമും വാർത്താസമ്മേളനം നടത്തുമ്പോഴേക്കും കുറഞ്ഞത് ആറ് മാസം കഴിഞ്ഞിരിക്കും. പിന്നെന്ത് കാര്യം?

രാഹുൽ നടത്തിയ മൂന്ന് വാർത്താ സമ്മേളനങ്ങളെത്തുടർന്ന് എന്തെങ്കിലും സംഭവിച്ചോ? പ്രതിഷേധങ്ങൾ ഉണ്ടായോ? അതിനുള്ള സംഘടനാ ശേഷി കോൺഗ്രസിനില്ല. അതാണ് അവരുടെ ഏറ്റവും വലിയ ദുരന്തവും. സഹകരണ സംഘങ്ങളിലെ തട്ടിപ്പുകൾക്കെതിരെ നടത്തുന്ന പ്രതിഷേധംപോലും ജനാധിപത്യ അട്ടിമറികൾക്കെതിരെ നടത്താൻ കഴിയാതിരിക്കുന്നത് എന്തൊരു ഗതികേടാണ്. ജാഗരൂകരായ നേതാക്കളും അടിത്തട്ടിൽ ജനങ്ങളുമായി ശക്തമായ ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകരുമുള്ള നാടാണ് കേരളം. ജനസാന്ദ്രത കൂടിയ സംസ്ഥാന മായതുകൊണ്ടുതന്നെ എല്ലാവരേയും തിരിച്ചറിയുവാൻ കഴിയും. ഇത്തരമൊരു സാഹചര്യമുള്ള തൃശൂരിൽ നടന്ന വോട്ടുകൊള്ള, രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തുന്നതുവരെ ആരെങ്കിലുമറിഞ്ഞോ? ചർച്ച ചെയ്തോ? കരടു വോട്ടർ പട്ടികയിൽ ഇല്ലാതിരുന്ന ഒന്നേകാൽ ലക്ഷം കള്ളവോട്ട് അനധികൃതമായി ഫൈനൽ പട്ടികയിൽ ഉൾപ്പെട്ടിട്ടും തൃശൂരിലെ എൽ ഡി എഫോ യു ഡി എഫോ, അത് കൃത്യമമാണെന്നറിഞ്ഞോ? അറിഞ്ഞശേഷം എന്തെങ്കിലും പ്രക്ഷോഭം കേരളത്തിൽ നടന്നോ?
കേരളത്തിലെ പോലും അവസ്ഥ ഇതാണെങ്കിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ കാര്യം ചിന്തിക്കാവുന്നതേയുള്ളൂ. മണിക്കുറുകളോ ദിവസങ്ങളോ നടന്നാൽ മാത്രം എത്തുന്നതാണ് വടക്കേ ഇന്ത്യയിലേയും കിഴക്കേ ഇന്ത്യയിലേയും പല ആദിവാസികൾ ഗ്രാമങ്ങളും. ധൃതി പിടിച്ചുണ്ടാക്കുന്ന SIR പട്ടികയിൽ നിന്ന് ഇത്തരം ഗ്രാമങ്ങളിലെ മനുഷ്യർ പുറംതള്ളപ്പെടുക സ്വാഭാവികമല്ലേ? ഇത് ചൂണ്ടിക്കാട്ടി പ്രക്ഷോഭങ്ങൾ നടത്തുകയായിരുന്നു വേണ്ടിയിരുന്നത്.
വോട്ടുചോരി തുറന്നുകാണിച്ച് മൂന്ന് വാർത്താസമ്മേളനങ്ങളാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയത്. വളരെ ലളിതമായി, ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ വളരെ മനോഹരമായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ അവതരണം. മഹാരാഷ്ട്രയിലും ഗുജറാത്തിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഹരിയാനയിലും അട്ടിമറി നടന്നൂവെന്നാണ് രാഹുൽ ഗാന്ധി തെളിവ് നിരത്തി പറഞ്ഞത്. അങ്ങനെയെങ്കിൽ ആറാമത്തെ സംസ്ഥാനമായ ബിഹാറിൽ അതാവർത്തിക്കാതിരിക്കാൻ എന്ത് പ്രവർത്തനമാണ് ഇന്ത്യ സഖ്യം ചെയ്തത്.?

ഹരിയാനയിൽ എല്ലാ തെരഞ്ഞെടുപ്പ് പ്രവചനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പോസ്റ്റൽ വോട്ടുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. കൃത്യമായ അട്ടിമറിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പി യും ചേർന്ന് നടത്തിയത്. വിശദമായി തന്നെ രാഹുൽ ഗാന്ധി വിവരിച്ചു. സപ്പോർട്ടിംഗ് എവിഡൻസുകളും കാണിച്ചു. ഇത്തരമൊരു ജനാധിപത്യ അട്ടിമറിക്കെതിരെ ഒരു പന്തം കൊളുത്തി പ്രകടനമെങ്കിലും സംഘടിപ്പിക്കാൻ ഹരിയാനയിലെ കോൺഗ്രസിന് കഴിഞ്ഞോ? പിന്നെന്ത് ബി ജെ പി വിരുദ്ധ പോരാട്ടത്തെക്കുറിച്ചും ജനാധിപത്യ സംരക്ഷണത്തെക്കുറിച്ചുമാണ് കോൺഗ്രസ് പറയുന്നത്?
രാഹുൽഗാന്ധി കണ്ടെത്തിയ തെരഞ്ഞെടുപ്പ് അട്ടിമറികളെല്ലാം ഒരു അർബൻ ഇഷ്യൂ മാത്രമായി ചുരുങ്ങിയെന്നതാണ് യാഥാർത്ഥ്യം. ബിഹാർ അത് തെളിയിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ളവരും ടി വി ചർച്ച കാണുന്നവരും മാത്രമേ ഇത്തരമൊരു പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിരുന്നുള്ളൂ. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലെ ജനങ്ങൾക്കിതിൽ ഒരു ധാരണയുമില്ലായെന്നതാണ് സത്യം. ഇതാരാണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത്, പ്രചരിപ്പിക്കേണ്ടത്, സമരമായി പരിവർത്തനപ്പെടുത്തേണ്ടത്?
കേന്ദ്രത്തിലേയും സംസ്ഥാനത്തേയും കോൺഗ്രസുകാർ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. രാജ്യത്തെ ഭരണഘടനാപരമായ ഒരു സംവിധാനവും നീതിക്കായി ആശ്രയിക്കാൻ അവശേഷിക്കുന്നില്ല. ഒരു സമ്പൂർണ്ണ ഇലക്ട്രറൽ ഓട്ടോക്രസി സ്റ്റേറ്റായി ഇന്ത്യ അതിവേഗം മാറികൊണ്ടിരിക്കുകയാണ്. ഹിന്ദുത്വവാദികളുടെ തറവാടായ ഗുജറാത്തിൽ 25 വർഷമായി അവർ ഭരിക്കുന്നത് സുതാര്യമായ ജനാധിപത്യ പ്രക്രീയയിലൂടെയൊന്നുമല്ലായെന്ന്, രാഹുൽ ഗാന്ധി പറഞ്ഞതെങ്കിലും നിങ്ങൾ വിശ്വസിക്കണം കോൺഗ്രസുകാരേ.

ബിഹാറും ഏതാണ്ടതേ പാതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. സംഘപരിവാറിൻ്റെ ഇലക്ട്രറൽ ഓട്ടോക്രസി നല്ല സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ നേതാവാണ് നിതീഷ്കുമാർ. രണ്ട് പതിറ്റാണ്ട് മുമ്പ് പൂട്ടിക്കെട്ടേണ്ട അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ പാർട്ടി, ഇത് മനസ്സിലാക്കിയാണ് ബി ജെ പി പക്ഷത്തേക്ക് ചാഞ്ഞത്. നിതീഷിൻ്റെ കാലം വരേയേ ജെ ഡി- യു കാണൂ, പിന്നീടത് ബി ജെ പിയായി മാറിക്കോളും. അതിനുള്ള പണിയൊക്കെ മോദിക്കറിയാം.
സോഷ്യൽ എഞ്ചിനിയറിംഗ് എന്നൊരു സാമൂഹ്യതന്ത്രം, തെരഞ്ഞെടുപ്പ് തന്ത്രമായി രൂപാന്തരപ്പെടുത്തിയതും വിജയിപ്പിച്ചതും ബഹുജൻ സമാജ് പാർട്ടി (BSP) സ്ഥാപകൻ കാൻഷിറാമാണ്. ദലിതരിലെ ഉപജാതികൾ, വ്യത്യസ്ഥങ്ങളായ പിന്നാക്ക ജാതികൾ, മുസ്‍ലിംകൾ, മറ്റു ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ ഒരു വിശാല സാഹോദര്യ വീക്ഷണത്തിൽ രാഷ്ട്രീയമായി ഒന്നിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെയാണ് ബി എസ് പി വളർന്നതും 2007- ൽ ഒറ്റ കക്ഷിയായി ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയതും. പിന്നീട് ആ സാഹോദര്യത്തിൻ്റെ സോഷ്യൽ എഞ്ചിനിയറിംഗിനെ അദ്ദേഹത്തിൻ്റെ പിൻഗാമിയായ മായാവതി തന്നെ തകർത്തുവെന്നത് മറ്റൊരു രാഷ്ട്രീയചരിത്രം.
ബീഹാറിൽ അത്തരമൊരു സോഷ്യൽ എഞ്ചിനി യറിംഗ് രൂപപ്പെടുത്തുന്നതിൽ ഇന്ത്യാ സഖ്യവും തേജസ്വി യാദവും പരാജയപ്പെട്ടു. യാദവ - മുസ്‍ലിം സ്വത്വങ്ങളുടെ രാഷ്ട്രീയത്തിനപ്പുറം വിശാല ദലിത് പിന്നാക്ക മുസ്ലിം ഐക്യമാണ് വേണ്ടിയിരുന്നത്. വ്യക്തിപരമായി തേജസ്വിയുടെ പരാജയം കൂടിയാണത്. ദലിത് വിഭാഗങ്ങൾക്കിടയിൽ രാം വിലാസ് പാസ്വാൻ്റെ കൂടെ നിന്നിരുന്ന വിഭാഗം ഇപ്പോൾ മകൻ ചിരാഗ് പാസ്വാൻ്റെ കൂടെയുണ്ട്. ജിതിൻറാം മാഞ്ചിയുടെ കൂടെ മഹാദലിതരും. ഈ നേതാക്കളെ കൂടെ കൊണ്ടുവരുന്നതിലോ ഈ സമൂഹങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിനോ തേജസ്വിക്കോ ഇന്ത്യാ സഖ്യത്തിനോ കഴിഞ്ഞിട്ടില്ല. പക്ഷെ ഉത്തർ പ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന് കഴിഞ്ഞതും ഇത്തരമൊരു സോഷ്യൽ എഞ്ചിനിയറിംഗിൻ്റെ വിജയം കൂടിയാണ്. യാദവ- മുസ്‍ലിം വോട്ടുകൾക്കപ്പുറം മറ്റു പിന്നാക്കക്കാരിലേക്കും ചമാർ ഇതര ദലിത് വിഭാഗങ്ങളിലേക്കും കടന്നുകയറാൻ 2024- ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞതങ്ങനെയാണ്. പശ്ചിമ യു പിയിൽ ജാട്ടുകളേയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ചാണ് ബി ജെ പി 2019- ൽ വിജയിച്ചത്. മുസ്‍ലിംകൾക്കെതിരെ ഹിന്ദു ഏകീകരണം നടത്തുകയായിരുന്നു. ആ രണ്ട് വിഭാഗങ്ങളേയും യോജിപ്പിക്കുവാനും കൈരാന പോലുള്ള യാദവ - മുസ്ളിം - ദലിത് ബെൽറ്റിൽ ഇക്ര ഹസൻ ചൗധരി എന്ന മുസ്‍ലിം പെൺകുട്ടിയെ വിജയിപ്പിച്ചതുമൊക്കെ ഉത്തർപ്രദേശിലെ സോഷ്യൽ എഞ്ചിനിയറിംഗിൻ്റെയും മതേതര രാഷ്ട്രീയത്തിൻ്റെയും വിജയമാണ്. ഇതാണ് ബീഹാറിൽ നടക്കാതെ പോയത്.

കഴിഞ്ഞ 100 കൊല്ലമായി RSS ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വംശീയ സംഘടനയാണിത്. 80 കൊല്ലവും നേരിട്ട് അധികാരവുമായി ബന്ധമില്ലാതിരുന്നുവെങ്കിലും ആർ എസ് എസിന് വളർന്ന് വികസിക്കാൻ എല്ലാ ഭൗതീക സാഹചര്യങ്ങളുമൊരുക്കിയത് കോൺഗ്രസിലെ സവർണഹിന്ദു നേതാക്കളാണ്. ഇന്ന് തങ്ങളെ തന്നെ അവർ വിഴുങ്ങിയപ്പോഴാണ് കോൺഗ്രസ് നേതാക്കൾക്ക് ബോധമുദിച്ചത്. പക്ഷെ ഇപ്പോഴുമുണ്ട് കേരളത്തിലുൾപ്പെടെ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ മനഃശാസ്ത്രം പേറുന്ന കോൺഗ്രസ് നേതാക്കൾ.
രാഷ്ട്രീയമായി ഇത്ര അപചയപ്പെട്ടിട്ടും ജനാധിപത്യ - മതേതര സമൂഹം ഇന്നും കോൺഗ്രസിനെ ആശ്രയിക്കുന്നത്, സുന്ദര സുരഭിലമായ ഒരു പൂർവകാലം അതിനുണ്ടായിരുന്നതുകൊണ്ടൊന്നുമല്ല. വേറെ ഓപ്ഷൻ ഇല്ലാത്തതുകൊണ്ടുമാത്രമാണ്. കഴിഞ്ഞ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് മാർപ്പാപ്പ കമലാ ഹാരിസ് പിന്തുണച്ച് പറഞ്ഞൊരു കാര്യമുണ്ട്. ചെറിയ തിൻമയും വലിയ തിൻമയും തമ്മിലുള്ള മത്സരത്തിൽ ചെറിയ തിൻമയെ പിൻതുണയ്ക്കണം. അതല്ലാതെ മറ്റൊരു വഴി മുന്നിലില്ലല്ലോ. കോൺഗ്രസിനോടും അതേ മനഃശാസ്ത്രമാണ് മതേതര - ജനാധിപത്യ വിശ്വാസികൾക്കുള്ളത്. പക്ഷെ അവർ സ്വയം ഒടുങ്ങാൻ തീരുമാനിച്ചാൽ എന്തുചെയ്യാൻ കഴിയും.
'വണ്ടേ നീയേ ചാകുന്നു, വിളക്കും കെടുത്തുകയാണല്ലോ’
