‘Work Wealth Welfare’ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

ജമ്മു കാശ്മിരീന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും, മിനിമം താങ്ങുവിലക്ക് നിയമ പരിരക്ഷ, ജാതി സെൻസസ് നടത്തും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ 50% പരിധി ഉയര്‍ത്തുന്നതിന് ഭരണഘടനാ ഭേദഗതി പാസാക്കും

ലോക്സഭാ ഇലക്ഷനുള്ള കോൺഗ്രസ് പ്രകടനപത്രികയിൽ നിരവധി ശ്രദ്ധേയ വാഗ്ദാനങ്ങൾ. ന്യായ് പത്ര എന്ന് പേരിട്ട പ്രകടന പത്രികയുടെ തീം ‘Work Welath Welfare’ എന്നതാണ്.

ജമ്മു കാശ്മിരീന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും, മിനിമം താങ്ങുവിലക്ക് നിയമ പരിരക്ഷ, ജാതി സെൻസസ് നടത്തും, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ 50% പരിധി ഉയര്‍ത്തുന്നതിന് ഭരണഘടനാ ഭേദഗതി പാസാക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

നീതിക്കായുള്ള പ്രമാണം (ന്യായ് കാ ദസ്തവേസ്) എന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗേ പ്രകടനപത്രികയെ വിശേഷിപ്പിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, പി. ചിദംബരം, എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പത്രിക ജനങ്ങളിലെത്തിക്കാൻ നാളെ മഹാറാലിയും സംഘടിപ്പിക്കും

പ്രകടനപത്രിക ഒറ്റനോട്ടത്തിൽ:

 • ജാതികളും ഉപജാതികളും അവരുടെ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളും കണക്കാക്കാന്‍ രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക- ജാതി സെന്‍സസ് നടത്തും.

 • എസ്.സി, എസ്.ടി, ഒ.ബി.സി എന്നീ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ 50% പരിധി ഉയര്‍ത്തുന്നതിന് ഭരണഘടനാ ഭേദഗതി പാസാക്കും.

 • വ്യക്തിനിയമങ്ങളുടെ പരിഷ്‌കരണങ്ങള്‍ പ്രോത്സാഹിപ്പിക്കും.

 • ന്യൂനപക്ഷങ്ങള്‍ക്ക് വസ്ത്ര, ഭക്ഷണ, ഭാഷാ സ്വാതന്ത്ര്യം ഉറപ്പാക്കും.

 • ഓരോ ദരിദ്ര കുടുംബത്തിനും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കും.

 • ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യക്ഷമതയും ബാലറ്റിന്റെ സുതാര്യതയും യോജിപ്പിച്ച് തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ചെയ്യും.

 • വോട്ടെടുപ്പ് ഇവിഎമ്മില്‍ തന്നെയായിരിക്കുമെങ്കിലും വോട്ടിംഗില്‍ വിവിപാറ്റ് നിര്‍ബന്ധമാക്കും. ഇലക്ട്രോണിക് വോട്ടുകളുടെ എണ്ണം വിവിപാറ്റുമായി ഒത്തുനോക്കുന്നത് ഉറപ്പാക്കും.

 • ഭക്ഷണം, വസ്ത്രം, വ്യക്തിപരമായ സ്നേഹബന്ധങ്ങളും വിവാഹവും, യാത്ര, രാജ്യത്തിന്റെ ഏതു ഭാഗത്തുമുള്ള താമസം തുടങ്ങിയ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ ഇടപെടലുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇത്തരം വ്യക്തിപരമായ സ്വാതന്ത്ര്യം തടയുന്ന നിയമങ്ങളും ചട്ടങ്ങളും പുനഃപരിശോധിക്കും. .

 • ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ ഭേദഗതി ചെയ്യും, എം.എല്‍.എയോ എം.പിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം കൂറു മാറുന്നവരെ ഉടൻ അയോഗ്യരാക്കുന്ന ഭേദഗതിയാവും ഇത്.

 • അഗ്നിപഥ് പദ്ധതി നിര്‍ത്തലാക്കി മുമ്പുണ്ടായിരുന്ന തരത്തില്‍ റിക്രൂട്ട്‌മെന്റുകള്‍ പുനഃസ്ഥാപിക്കും.

 • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നത് തടയും.

 • കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തും.

 • സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തിനായി 25 ലക്ഷം രൂപ വരെയുള്ള പണരഹിത ഇന്‍ഷുറന്‍സിന്റെ രാജസ്ഥാന്‍ മോഡല്‍ പദ്ധതി രാജ്യം മൊത്തം നടപ്പിലാക്കും.

 • LGBTQA കമ്മ്യൂണിറ്റിയില്‍പ്പെട്ട ദമ്പതികള്‍ക്കിടയില്‍ സിവില്‍ യൂണിയനുകള്‍ അംഗീകരിക്കുന്നതിന് നിയമം കൊണ്ടുവരും.

 • ഒറ്റത്തവണ ആശ്വാസ നടപടിയെന്ന നിലയില്‍, 2024 മാര്‍ച്ച് 15 വരെ എല്ലാ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകളുമായി ബന്ധപ്പെട്ട് അടയ്ക്കാത്ത പലിശ ഉള്‍പ്പെടെയുള്ള തുക എഴുതിത്തള്ളും, ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും.

 • ദേശീയതലത്തില്‍ കുറഞ്ഞ കൂലിയായി 400 രൂപ നിശ്ചയിക്കും.

 • സര്‍ക്കാര്‍ റഗുലര്‍ ജോലികളില്‍ കരാര്‍വല്‍ക്കരണം നിര്‍ത്തലാക്കും, അത്തരം നിയമനങ്ങള്‍ റഗുലറൈസ് ചെയ്യും.

 • ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടുവെന്ന് ആരോപണമുയര്‍ന്നവര്‍ക്കെതിരെ അന്വേഷണം.

 • നഗരപ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം, നവീകരണ ജോലികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഏറ്റെടുത്ത് നടത്താന്‍ നഗരമേഖലകളിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന പദ്ധതി നടപ്പാക്കും.

 • പുതിയ അപ്രന്റീസ്ഷിപ്പ് നിയമം കൊണ്ടുവരും. 25 വയസ്സില്‍ താഴെയുള്ള എല്ലാ ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും ഒരു വര്‍ഷം അപ്രന്റീസ്ഷിപ്പ് നിയമം മൂലം ഉറപ്പാക്കും.

 • കേന്ദ്ര സര്‍ക്കാറിന്റെ വിവിധ തസ്തികകളില്‍ ഒഴിവുള്ള 30 ലക്ഷത്തോളം പോസ്റ്റുകള്‍ നികത്തും.

 • എല്ലാ ജാതി, സമുദായ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം ക്വാട്ട.

Comments