ബജ്റംഗ് പൂനിയക്ക് താത്കാലിക വിലക്ക് : തെറ്റ് ചെയ്തിട്ടില്ല, ചോദിച്ച ചോദ്യത്തിന് ഉത്തരം തരട്ടെയെന്ന് പൂനിയ

യൂറിൻ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും സാമ്പിള്‍ ശേഖരിക്കാൻ നാഡ നൽകിയത് കാലഹരണപ്പെട്ട കിറ്റെന്നും പൂനിയ. വിലക്ക് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Think

ജൂലൈയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ തുടങ്ങാനിരിക്കേ ഗുസ്തി താരം ബജ്റംഗ് പൂനിയയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാഡ.

മാര്‍ച്ച് പത്തിന്, ഹരിയാനയിലെ സോനിപ്പത്തില്‍ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ട്രയല്‍സിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു എന്ന് കാണിച്ചാണ് ബജ്റംഗ് പൂനിയെ നാഡ സസ്പെൻഡ് ചെയ്തത്. എന്നാൽ സാമ്പിള്‍ നൽകാൻ താൻ വിസമ്മിതിച്ചിട്ടില്ലെന്ന് പൂനിയ തൻ്റെ എക്സ് അക്കൌണ്ടിൽ കുറിച്ചു. ‘യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ ഞാന്‍ വിസമ്മതിച്ചിട്ടില്ല, സാമ്പിള്‍ ശേഖരിക്കാനായി നല്‍കിയ കാലഹരണപ്പെട്ട കിറ്റിന്റെ കാര്യത്തില്‍ അവര്‍ എന്ത് നടപടി സ്വീകരിച്ചു എന്നതിന് ആദ്യം ഉത്തരം പറയട്ടെ, എന്നിട്ട് ഡോപ് ടെസ്റ്റ് നടത്താം’. സാമ്പിള്‍ ശേഖരിക്കാനായി തനിക്ക് ലഭിച്ച കിറ്റിൻ്റെ വീഡിയോയും എക്സിൽ പങ്കുവെച്ച പൂനിയ ഈ വിഷയത്തില്‍ നടപടി വേണമെന്നും നാഡയുടെ നോട്ടീസിന് തന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും പറഞ്ഞു.

മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് ബജ്റംഗ് പൂനിയ.
മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് ബജ്റംഗ് പൂനിയ.

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് സമരം ചെയ്ത ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് രണ്ട് തവണ കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍ മെഡല്‍ ജേതാവ് കൂടിയായ ബജ്റംഗ് പൂനിയ. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തതായി ഏഴു വനിതാതാരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സമരം. സമരം ചർച്ചയായതോടെ കാലങ്ങളായി ഗുസ്തി ഫെഡറേഷനില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പുറത്തായിരുന്നു.

ബ്രിജ്ഭൂഷൺ ശരൺ സിംഗ്
ബ്രിജ്ഭൂഷൺ ശരൺ സിംഗ്

ഒളിമ്പിക്സ് ഉള്‍പ്പടെയുള്ള രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഗുസ്തി താരങ്ങള്‍ തങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നത്തില്‍ സമഗ്രമായ അന്വേഷണവും അറസ്റ്റും ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാർ അവഗണിക്കുകയായിരുന്നു. ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനില്‍നിന്നും പരിശീലകരില്‍ നിന്നും നേരിടുന്ന മാനസിക-ശാരീരിക ചൂഷണങ്ങളെക്കുറിച്ച് അധികാര സ്ഥാപനങ്ങളിലെല്ലാം ഗുസ്തിതാരങ്ങള്‍ പരാതിപ്പെട്ടിട്ടും അനുകൂല നടപടികള്‍ ഉണ്ടായതുമില്ല.

യു.പിയിൽ പലയിടങ്ങളിലും വലിയ രാഷ്ട്രീയ സ്വാധീനമുള്ള ബി.ജെ.പി നേതാവായ ബ്രിജ്ഭൂഷണെതിരെയുള്ള സമരം ബജ്റംഗ് പൂനിയയെ കേന്ദ്രസർക്കാരിൻ്റെ കണ്ണിലെ കരടാക്കിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ ജേതാവായ ബജ്‌റംഗ് പൂനിയ ഇത്തവണ പാരിസ് ഒളിമ്പിക്സിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇനിയുള്ള ട്രയല്‍മത്സരങ്ങളില്‍ പങ്കെടുക്കുന്നതിൽ നിന്ന് ഉള്‍പ്പടെ പൂനിയയെ വിലക്കാനാണ് നാഡയുടെ തിരുമാനം. നിസഹകരണം തുടര്‍ന്നാല്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്ന് വിലക്കുമെന്നും നാഡ ബജ്റംഗ് പൂനിയയെ അറിയിച്ചിട്ടുണ്ട്. ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പൂനിയയുടെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ക്ക് തടയിടുന്നതാണ് നാഡയുടെ നടപടി.

പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത മത്സരങ്ങള്‍ ഈ മാസം ഇസ്താംബൂളില്‍ തുടങ്ങാനിരിക്കേയുള്ള നാഡയുടെ നടഡപടി പരിശീലനം ഉള്‍പ്പടെ പലതിനെയും ബാധിക്കും.

Comments