2023-ൽ രാജ്യത്തുണ്ടായ ഏറ്റവും ജനകീയമായ പ്രതിഷേധങ്ങളിലൊന്നായിരുന്നു ഗുസ്തി താരങ്ങളുടെ സമരം. ഗുസ്തി മേഖലയില്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന സ്വേച്ഛാധികാരപ്രയോഗങ്ങൾക്കും ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ മുന്‍നിര ഗുസ്തി താരങ്ങള്‍ നടത്തിയ സമരം കായിക മേഖലയിലെ പല അനീതികളെയും വെളിപ്പെടുത്തുന്നതായിരുന്നു.
2023 ജനുവരി 18നാണ് ഗുസ്തി ഫെഡറേഷനകത്തെ പ്രശ്‌നങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ ധര്‍ണ ആരംഭിച്ചത്. എന്നാല്‍ 2023 അവസാനത്തിലും വിഷയത്തില്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയും പ്രതിഷേധം തുടരുകയാണ്.
ഒരു വര്‍ഷത്തോളം നീളുന്ന സമരത്തിനൊടുവിലും ന്യായമായ ഒരു ആവശ്യത്തെ അംഗീകരിക്കാനാകാതെ കേന്ദ്രസര്‍ക്കാര്‍ മുട്ടിലിഴയുകയായിരുന്നു. ബ്രിജ്ഭൂഷണ്‍ എന്ന ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ഏറ്റവും സമുന്നതനായ നേതാവിനെ തള്ളിപ്പറയാനാകാതെ, സംരക്ഷിച്ചു നിര്‍ത്താന്‍ പാടുപെടുന്ന കേന്ദ്രസര്‍ക്കാരിനെയാണ് ഇപ്പോഴും കാണുന്നത്. നീതിനിരാസത്തിന്റെ ഉദാഹരണമായി ഗുസ്തി സമരത്തെ ഈ വര്‍ഷം അടയാളപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങളുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും പോലീസിനെ വിട്ടു തടയാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. നേരത്തെ ഫോഗട്ട്, പ്രധാനമന്ത്രിക്ക് അയച്ച കത്തിലും ഒരു വര്‍ഷമായി നടത്തുന്ന പോരാട്ടത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നതിനെപ്പറ്റി വ്യക്തമായി തന്നെ പ്രതിപാദിച്ചിരുന്നു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുകയാണെന്ന് പ്രഖ്യാപിച്ചിട്ടും പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളുണ്ടായിട്ടില്ല. ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വിനേഷ് ഫോഗട്ട് തനിക്ക് ലഭിച്ച ഖേല്‍രത്ന, അര്‍ജുന പുരസ്കാരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
ഗുസ്തി താരങ്ങള്‍ മെഡലുകള്‍ തിരിച്ചുനല്‍കിയിട്ടും 'സ്വയം പ്രഖ്യാപിത ബാഹുബലിക്ക് രാഷ്ട്രീയ നേട്ടങ്ങളാണ് വലുത്’ എന്നാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ച് എക്‌സില്‍ കുറിച്ചത്. ബ്രിജ് ഭൂഷണിന്റെ അനുയായിയായ സഞ്ജയ് സിങ്ങ് അധ്യക്ഷനായ ഗുസ്തി ഫെഡറേഷനെ പരിമിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതിനപ്പുറം പിരിച്ചുവിടാനാന്‍ കേന്ദ്രത്തിനാവില്ലെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് സാക്ഷിമാലിക്കും ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളിലേക്കെത്തിയത്. രാജ്യത്ത് ഒരു പൗരന് നീതിയിലേക്കുള്ള അകലം എത്രത്തോളമാണെന്ന് കൂടി ഈ ഗുസ്തി താരങ്ങള്‍ തുറന്നു കാണിക്കുകയായിരുന്നു.
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജരംഗ് പുനിയയും ഒന്നും തന്നെ പ്രിവിലേജുകളില്‍ നിന്ന് ഗുസ്തിയിലും രാജ്യാന്തര മത്സരങ്ങളിലും നേട്ടം കൊയ്തവരല്ല. വര്‍ഷങ്ങള്‍ നീളുന്ന കഠിന പ്രയ്തനങ്ങള്‍ക്കൊടുവില്‍ നേടിയെടുത്ത കരിയറും പുരസ്‌കാരങ്ങളും ഉപേക്ഷിക്കാനുള്ള തീരുമാനങ്ങളിലേക്ക് അവരെ എത്തിച്ചതിനു പിന്നില്‍ഒരു വര്‍ഷത്തോളം അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളും അവഗണനകളുമുണ്ട്. ബ്രിജ് ഭൂഷണിനെതിരെ സമരം തുടങ്ങിയ അന്നുമുതല്‍ നിരവധി സംഘര്‍ഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് ഗുസ്തിതാരങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സമരത്തില്‍ നിന്ന് പിന്തിരിയാനും ഒത്തുതീര്‍പ്പിനും നിരവധി സമര്‍ദ്ദങ്ങള്‍ ഇവര്‍ നേരിട്ടിരുന്നു. എന്നിട്ടും അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ടുപോയിരുന്നത്.
ദേശീയ ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തതായി ഏഴു വനിതാതാരങ്ങള്‍ പരാതി നല്‍കിയിട്ടും ഇടപെടലുകളുണ്ടാവത്തതിനെ തുടര്‍ന്നാണ് 2023 ജനുവരിയില്‍ സമരവുമായി മുന്നോട്ടു പോകാന്‍ ഇവര്‍ തീരുമാനിക്കുന്നത്. ജന്തര്‍മന്തറില്‍ ആരംഭിച്ച മൂന്നുദിവസത്തെ ധര്‍ണ്ണക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണിനെ നീക്കം ചെയ്യുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഒരു ഇടപെടലുകളും പിന്നീടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന ബോധ്യത്തോടെ എപ്രില്‍ 24-ന് ജന്തര്‍മന്തിറില്‍ വീണ്ടും ഗുസ്തി താരങ്ങള്‍ ധര്‍ണ പുനരാരംഭിച്ചു. ഇത്തവണ ഗുസ്തി താരങ്ങളുടെ സമരം പൊതു സമൂഹവും ഏറ്റെടുത്തിരുന്നു. കര്‍ഷക- സ്ത്രീ- പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളെല്ലാം പിന്തുണ പ്രഖ്യാപിച്ചും ബ്രിജ്ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ഗുസ്തി താരങ്ങള്‍ക്കൊപ്പം പ്രതിഷേധത്തിനിറങ്ങി. ജനകീയസമരമായി ഉയര്‍ന്നുവന്നെങ്കിലും ജൂണ്‍ ആദ്യവാരത്തോടെ സമരത്തിന് പല വ്യതിയാനങ്ങളുമുണ്ടായി.
കര്‍ഷക സമരം പോലെ തന്നെ ഗുസ്തി താരങ്ങളുടെ സമരവും കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന് കാരണമാകുമെന്ന ആശങ്കയില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ കായിക താരങ്ങളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതോടെയാണ് വ്യതിയാനങ്ങള്‍ക്ക് തുടക്കമിടുന്നത്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സാമുദായിക വോട്ടുബാങ്കിനെ സ്വാധീനിക്കുംവിധം ഈ സമരം വിപുലപ്പെടുന്ന ഭീതി തന്നെയായിരുന്നു അമിത്ഷായുടെ കടന്നുവരവിന് പിന്നിലുണ്ടായിരുന്നത്. അമിത്ഷാ രഹസ്യചര്‍ച്ച നടത്തിയതിനുപിന്നാലെ കായികമന്ത്രി അനുരാഗ് ഠാക്കൂറും താരങ്ങളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. ഒരു ജനകീയ സമരം തീര്‍ക്കാന്‍, സര്‍ക്കാറിന് രഹസ്യമായി കൂടിക്കാഴ്ച നടത്തേണ്ടതില്ല. അമിത് ഷാ നടത്തിയത്, സമരത്തെ അട്ടിമറിക്കാനും സമരക്കാരില്‍ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീക്കമായിരുന്നുവെന്ന് പിന്നീടുണ്ടായ നാടകീയ സംഭവവികാസങ്ങള്‍ തെളിയിച്ചു.
അമിത്ഷായുമായുള്ള ചര്‍ച്ചക്കുശേഷം സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സാക്ഷിമാലിക്കും ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചതോടെ സമരം ഒത്തുതീര്‍പ്പായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഒടുവില്‍ പ്രചാരണത്തിനെതിരെ താരങ്ങള്‍ തന്നെ രംഗത്ത് വന്നു. ചര്‍ച്ച അതീവ രഹസ്യമാക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് ബജറംഗ് പുനിയ ആരോപിച്ചു. അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടില്ല. പ്രതിഷേധ സമരം അവസാനിച്ചിട്ടില്ലെന്നും ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുതന്നെ സമരരീതികള്‍ തുടരുമെന്നും ഗുസ്തി താരങ്ങള്‍ക്ക് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തേണ്ടി വന്നു.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ജൂണ്‍ പതിനഞ്ചിനുള്ളില്‍ സമര്‍പ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കേസിലെ പരാതിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പിതാവും മൊഴിമാറ്റുന്നത്. പരാതിക്കാര്‍ക്ക് ബ്രിജ്ഭൂഷണില്‍ നിന്ന് ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് ഗുസ്തി താരങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ചെവികൊള്ളാന്‍ പോലീസ് തയ്യാറായിരുന്നില്ല. ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍വെച്ചാണ് പരാതിക്കാരിയായ സംഗീത ഫോഗട്ടിനെ ഡല്‍ഹി പോലീസ് തെളിവെടുപ്പ് നടത്തിയത്. സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അതിക്രമം നടന്ന സ്ഥലങ്ങളും സംഭവങ്ങളും ഓര്‍ത്തെടുക്കാന്‍ വസതിയില്‍വെച്ച് പോലീസ് ആവശ്യപ്പെട്ടതായും ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തില്‍ നടന്ന ഭീതിദമായ തെളിവെടുപ്പിന്റെ അനുഭവങ്ങളെക്കുറിച്ചും സംഗീത ഫോഗട്ട് പങ്കുവെച്ചിരുന്നു.
ഗുസ്തിതാരങ്ങളുെട സമരം തുടങ്ങിയത് മുതല്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു ശ്രമങ്ങളുമുണ്ടായിരുന്നില്ല. അയാള്‍ അങ്ങേയറ്റം സ്വീകാര്യനായി തന്നെ പൊതുവേദികളിലും ഗുസ്തി ടൂര്‍ണ്ണമെന്റുകളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനദിവസം അതിഥിയായി തന്നെ ബ്രിജ്ഭൂഷണിനെ കേന്ദ്രസര്‍ക്കാര്‍ വരവേറ്റു. അന്ന് സമാധാനപരമായി പ്രതിഷേധം നടത്തിയ ഗുസ്തിതാരങ്ങളെ കലാപക്കുറ്റം അടക്കമുള്ളവ ചുമത്തി അറസ്റ്റ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ ഉത്സാഹം നടത്തിയത്. ഈ ചടങ്ങില്‍ ഗുസ്തിസമരത്തോടുള്ള ബി.ജെ.പിയുടെയും സര്‍ക്കാറിന്റെയും നിലപാടു കൂടി വ്യക്തമാകുകയായിരുന്നു. ഉത്തര്‍ പ്രദേശില്‍ ജൂണ്‍ 11ന് റാലി നടത്തിയും ബ്രിജ്ഭൂഷണ്‍ കരുത്ത് പ്രകടിപ്പിച്ചിരുന്നു. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കൈസര്‍ ഗഞ്ച് സീറ്റില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് റാലിക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. എത്ര കുറ്റകൃത്യങ്ങള്‍ ചെയ്താലും തന്നെ സംരക്ഷിക്കാന്‍ ഭരണകൂടം പിന്നിലുണ്ടെന്ന വിശ്വാസം ബ്രിജ് ഭൂഷണിന് നല്‍കുന്ന ധൈര്യം ചെറുതല്ലായിരുന്നു.
ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പിയായ ബ്രിജ്ഭൂഷണ്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കലില്‍ വരെ ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. ഗുണ്ടാ സ്വാധീനമുള്ള ബ്രിജ് ഭൂഷണിന് ഉത്തര്‍പ്രദേശില്‍ ഏത് രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നാലും ജയിച്ചുവരാനുള്ള സ്വാധീനമുണ്ട്. കൈസര്‍ഗെഞ്ച് കൂടാതെ സമീപ പ്രദേശങ്ങളായ അഞ്ച് ലോകസഭാ സീറ്റിലും ബ്രിജ് ഭൂഷണിന് വ്യക്തമായ സ്വാധീനമുള്ളതുകൊണ്ട് ബി.ജെ.പിക്ക് എളുപ്പം അദ്ദേഹത്തെ തള്ളിക്കളയാനാകില്ല. 2024 ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുതന്നെയാണ് ബി.ജെ.പി ബ്രിജ്ഭൂഷണിനെ സംരക്ഷിച്ച് നിര്‍ത്തുന്നത്. കൂടാതെ അന്വേഷണത്തില്‍ ബ്രിജ്ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നീണ്ട് പത്ത് വര്‍ഷത്തോളം ഇയാളെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ച ബി.ജെ.പി കൂടിയാണ് പ്രതിക്കൂട്ടിലാകുന്നത്. ഇതിനെ ന്യായീകരിക്കുന്ന വിധത്തിലായിരുന്നു ഗുസ്തി ഫെഡറേഷനിലെ പുതിയ തിരഞ്ഞെടുപ്പും. ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി ബ്രിജ് ഭൂഷണിന്റെ അനുയായിയായ സഞ്ജയ് കുമാര്‍ സിങ്ങിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 15 പോസ്റ്റുകളില്‍ 13 ഉം മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തര്‍ തന്നെയായിരുന്നു വിജയിച്ചത്. ഇതോടു കൂടി തങ്ങളുടെ സമരങ്ങള്‍ക്കൊന്നും തന്നെ ഫലങ്ങളുണ്ടാകാന്‍ പോകുന്നില്ലെന്ന തിരിച്ചറിവിലേക്ക് ഗുസ്തിതാരങ്ങള്‍ എത്തുകയായിരുന്നു.
ഗുസ്തിക്കാരുടെ സമരത്തെ തകര്‍ക്കാനുള്ള ആസ്രൂതിത ശ്രമങ്ങള്‍ ആദ്യം മുതല്‍ തന്നെയുണ്ടായിരുന്നു. ഗോദിമീഡിയകളെല്ലാം തന്നെ ഒരു പോലെ സമരത്തെ തകര്‍ക്കാനുള്ള വിവിധ പ്രൊപഗാണ്ടകളുമായി ചര്‍ച്ചകളും ബ്രേക്കിങ്ങ് ന്യൂസുകളും പടച്ചുവിട്ടിരുന്നു. ബ്രിജ് ഭൂഷണിന്റെയും സംഘപരിവാര്‍ ഹാന്‍ഡിലുകളുടെയും നേതൃത്വത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും വ്യാജപ്രചാരണവും വലിയ തോതിലുണ്ടായിരുന്നു. ഇത്തരം സംഘടിതവും ആസൂത്രിതവുമായ അടിച്ചമര്‍ത്തലുകളെ അതീജിവിച്ചാണ് ഗുസ്തി സമരം മുന്നോട്ട്പോയത്. ഒടുവില്‍ ഒരു വര്‍ഷം നീളുന്ന സമരങ്ങളിലൊന്നും തന്നെ സര്‍ക്കാര്‍ ശ്രദ്ധ നല്‍കാതെയായതോടെയാണ് അവര്‍ പുരസ്‌കാരങ്ങള്‍ നല്‍കി കരിയര്‍ അവസാനിപ്പിക്കുന്നത്.
തങ്ങളുടെ ജീവനോളം വിലയുള്ള അംഗീകാരങ്ങൾ ഉപേക്ഷിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പൊരുതുന്ന ഗുസ്തി താരങ്ങൾക്കുമുന്നില്‍ തോറ്റുപോകുന്നത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. “ബേട്ടി ബച്ചാവോ” ക്യാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍, അതിന്റെ കാപട്യം തിരിച്ചറിയാനുള്ള രാഷ്ട്രീയബോധം പൊതുജനത്തിന് നല്‍കാന്‍ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.