യോഗിജിക്ക് പണി കൊടുക്കുമോ ഗ്യാനു ബ്രോയുടെ SIR?

ഉത്തർ പ്രദേശിൽ തീവ്രവോട്ടർ പട്ടികാ പരിഷ്കരണത്തിന് ശേഷം ഏകദേശം 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ പട്ടികയിൽ നിന്ന് പുറത്തായത്രേ! പറയുന്നതാരാ? യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അല്ലാ, രേഖകളില്ലാത്തവരെയും അനധികൃത കുടിയേറ്റക്കാരെയുമൊക്കെ പുറത്താക്കി വോട്ടർപട്ടിക ശുദ്ധീകരിക്കാൻ മോദിജിയും ഗ്യാനു ബ്രോയുമെല്ലാം ചേർന്ന് നടപ്പാക്കുന്ന എസ്.ഐ.ആറിനെ പറ്റിയാണോ ഈ പറയുന്നത്? Open Air by T. Sreejith.

നിങ്ങളറിഞ്ഞോ? ഉത്തർ പ്രദേശിൽ തീവ്രവോട്ടർ പട്ടികാ പരിഷ്കരണത്തിന് ശേഷം ഏകദേശം 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ പട്ടികയിൽ നിന്ന് പുറത്തായത്രേ! പറയുന്നതാരാ? യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അല്ലാ, രേഖകളില്ലാത്തവരെയും അനധികൃത കുടിയേറ്റക്കാരെയുമൊക്കെ പുറത്താക്കി വോട്ടർപട്ടിക ശുദ്ധീകരിക്കാൻ മോദിജിയും ഗ്യാനു ബ്രോയുമെല്ലാം ചേർന്ന് നടപ്പാക്കുന്ന എസ്.ഐ.ആറിനെ പറ്റിയാണോ ഈ പറയുന്നത്? ഏയ്… അതാവില്ല… ഇത് യു.പിയിൽ യോഗിജിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ വേറെ വല്ല എസ്.ഐ.ആറുമായിരിക്കും. നമ്മുടെ എസ്.ഐ.ആറിൽ അങ്ങനെ കുഴപ്പം ഉണ്ടാവാൻ സാധ്യതയില്ലല്ലോ. ഏതായാലും യോഗ്യരായ വോട്ടർമാരൊന്നും പട്ടികയ്ക്ക് പുറത്ത് പോവാൻ പാടില്ലെന്ന് സ്വന്തം പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട് യോഗിജി. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് എസ്.ഐ.ആർ ഉണ്ടാക്കുന്ന പൊല്ലാപ്പുകളെക്കുറിച്ച് അദ്ദേഹം വാചാലനായിരിക്കുന്നത്.

“പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിലുണ്ടായിരുന്ന 66 ലക്ഷം പേരെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായുള്ള 55 ലക്ഷം പേർ പട്ടികയിലില്ല. 18-19 വയസ്സുള്ള 4.5 ലക്ഷം പേരും വോട്ടർപട്ടികയിലില്ല.” എന്താണാവോ യോഗിജി ഇങ്ങനെയൊക്കെ പറയണേ? ഏതായാലും അർഹരായവർ പുറത്താവാതിരിക്കാൻ വേണ്ടി ബി.എൽ.ഒമാരുടെ അടുത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിച്ച് എല്ലാം ശരിയാക്കണമെന്നും മുഖ്യമന്ത്രി വക ബി.ജെ.പി പ്രവർത്തകർക്ക് ഉപദേശം കിട്ടിയിട്ടുണ്ട്. വരുന്ന വർഷം നടക്കാൻ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻകൂർ ജാമ്യം എടുക്കലാണ് ഇതെന്നാണ് യുപിയിലെ മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാർട്ടി പറയുന്നത്. യുപിയിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ ഹിന്ദുക്കളെല്ലാം കുടിയേറ്റക്കാരാണോയെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട് രാം ലീലാ മൈതാനിൽ നടന്ന ചലോദില്ലി മാർച്ചിൽ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല.

രാജ്യത്ത് അടുത്ത വർഷങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന സംസ്ഥാനങ്ങളിൽ നടന്ന എസ്.ഐ.ആറിന് ശേഷം ആകെ പുറത്തായവരുടെ കണക്കുകൾ ഇതിനിടയിൽ പുറത്ത് വന്നിട്ടുണ്ട്. യു.പി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ 13.24 ശതമാനം വോട്ടർമാർ കുറഞ്ഞു. ഈ അഞ്ച് സംസ്ഥാനങ്ങളിൽ ആകെയുള്ള വോട്ടർമാരുടെ എണ്ണം 18.71 കോടിയിൽ നിന്ന് 16.43 കോടിയായി മാറി. മൊത്തത്തിൽ 2.29 കോടി വോട്ടർമാർ പുറത്തായി. യോഗി ആദിത്യനാഥ് പറഞ്ഞ യു.പിയിലെ 1.27 കോടി ഹിന്ദുക്കളും ഇക്കൂട്ടത്തിൽ വരാനാണ് സാധ്യത. യുപിയിൽ തന്നെയാണ് ഏറ്റവും കൂടുതൽ വോട്ടർമാർ പുറത്തായിട്ടുള്ളത്. എസ്.ഐ.ആറിന് മുമ്പ് 15.44 കോടി വോട്ടർമാർ ഉണ്ടായിരുന്നത് ഇപ്പോൾ 13.40 കോടിയായി. ഏകദേശം 2.04 കോടി ആളുകൾ യു.പിയിൽ നിന്ന് മാത്രം പുറത്തായിട്ടുണ്ട്. ഈ പുറത്താക്കലുകളൊക്കെ എങ്ങനെയാണ് പ്രതിഫലിക്കാൻ പോവുന്നതെന്ന് അറിയാൻ തെരഞ്ഞെടുപ്പ് കഴിയുകയും ഫലം പുറത്ത് വരികയും ചെയ്യേണ്ടിവരും. തെരഞ്ഞെടപ്പ് നടക്കാനുള്ള യു.പി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നിവിടങ്ങളിൽ നിലവിൽ ഭരിക്കുന്നത് ബി.ജെ.പിയാണ്. പഞ്ചാബിൽ എ.എ.പിയും.

എസ്.ഐ.ആറിൽ നിന്ന് പുറത്തായവരുടെ കണക്കുകളിലെ പ്രശ്നങ്ങൾ നടപ്പിലാക്കിയത് മുതൽ ഉയർന്ന് വരുന്നതാണ്. ഇക്കഴിഞ്ഞ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ പുറത്തായത് 90 ലക്ഷത്തിലധികം പേരാണ്. മുസ്ലിങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും മേഖലകളിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ വെട്ടിപ്പുറത്താക്കൽ നടന്നിരുന്നത്. അതിനെതിരെ പരാതി നൽകിയവരിൽ ബഹുഭൂരിപക്ഷത്തിനും ഇപ്പോഴും കൃത്യമായ മറുപടിയും കിട്ടിയിട്ടില്ല. എസ്.ഐ.ആറിനെതിരെ ഒരുഭാഗത്ത് രാജ്യവ്യാപക പ്രതിഷേധം തുടരുമ്പോഴും മറുഭാഗത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ വെട്ടിനിരത്തൽ നിർബാധം തുടരുകയാണ്. അതിനിടയിൽ യോഗി ആദിത്യനാഥിനെ പോലുള്ളവർ എന്തിനാണാവോ മോദിജിയുടെ എസ്.ഐ.ആർ പരിപാടിക്കെതിരെ പരാതി പറയുന്നത്? ശരിക്കും ആർക്കെതിരെയാണാവോ പരാതി പറയുന്നത്? അതിൻെറ പിന്നിൽ എന്താണാവോ ലക്ഷ്യങ്ങൾ? ആ… സത്യം ഒരിക്കൽ മറനീക്കി പുറത്ത് വരാതിരിക്കില്ല. അങ്ങനെയാണല്ലോ അല്ലേ?

Comments