സ്വന്തം രാജ്യത്തെ യുവാക്കളോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്, 13 കോടി ഇന്ത്യക്കാരുടെ വോട്ട് കട്ടെടുത്ത, ഇന്ത്യ ഭരിക്കുന്ന, ബി.ജെ.പി നേതൃത്വത്തിലുള്ള, നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഹിന്ദുത്വ ഫാസിസ്‌റ്റ് സർക്കാർ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ ആഹ്വാനം ചെയ്ത സമരത്തെ നേരിടാനും പ്രതിപക്ഷ കക്ഷികളുടെ സമരം തടയാനും 23,000 സി.ആർ.പി.എഫ് ജവാൻമാരെ സർക്കാർ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളും അടച്ചു. ഇൻ്റർനെറ്റ് നിയന്ത്രണവുമുണ്ട്. സമരത്തിൽ പങ്കെടുക്കരുതെന്ന് പള്ളികളിൽ കയറി ജനങ്ങളോട് ആവശ്യപ്പെടുന്നുമുണ്ട് പൊലീസ്.
ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ രാഷ്‌ട്രീയ ആവാസവ്യവസ്ഥയിൽ പടർന്നിരുന്ന പലതരം ഭയങ്ങളുടെ കെട്ടുപാടുകളെ തകർത്തുകൊണ്ടാണ് രാജ്യത്തെ യുവാക്കൾ, രാഷ്‌ട്രീയപ്പാർട്ടികൾ, പ്രതിപക്ഷമൊന്നാകെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നത്. ഭയമിപ്പോൾ നരേന്ദ്ര മോദിക്കാണ്, അമിത്ഷായ്ക്കാണ്, ഗ്യാനേഷ് കുമാറിനാണ്. ജനാധിപത്യ ഇന്ത്യയുടെ അന്തസത്ത തകർത്തു കളഞ്ഞ കേന്ദ്ര സർക്കാരിനാണ്. അധികാരത്തിൻ്റെ കൊട്ടാരങ്ങളും സിംഹാസനങ്ങളും തലപ്പാവുകളും പുഷ്പക വിമാനങ്ങളും നഷ്ടമാവാൻ പോകുന്നത് അവർക്ക് അറിയാൻ കഴിയുന്നുണ്ട്. അതുകൊണ്ടാണവർ സൈന്യത്തെ വിന്യസിക്കുന്നത്. റെയിൽവേ സ്റ്റേഷനുകൾ അടയ്ക്കുന്നത്. ഇൻ്റർനെറ്റ് തടയുന്നത്. തോൽക്കാൻ പോകുന്നവരുടെ ഭയമാണത്.
ഏകശിലാത്മകമായ ഒരു ഇന്ത്യയെ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് വോട്ട് മോഷണം - വോട്ട് ചോരി കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ വേണ്ടി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ അവരോധിച്ചത്. ഒറ്റരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നതാണവരുടെ ലക്ഷ്യം. ഫെഡറൽ സിസ്റ്റത്തെ ദുർബലാക്കാനാണവർ പ്രയത്നിക്കുന്നത്. അതിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന രീതി തന്നെ അട്ടിമറിച്ച് 2023 ൽ പുതിയ നിയമം കൊണ്ടുവന്നു. പ്രതിപക്ഷ പ്രതിനിധിയുടേയും പ്രതിപക്ഷ നേതാവിൻ്റേയും വിയോജിപ്പിനെ മറികടക്കാൻ പാകത്തിൽ രൂപകല്പന ചെയ്ത ആ നിയമത്തിനെതിരെ ഉയർന്ന എതിർപ്പുകൾക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല
എന്നതാണ് വാസ്‌തവം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിനും അന്വേഷണങ്ങൾക്കും ക്യാംപെയിനിനും സ്വന്തം പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും പോലും ആ കാലത്ത് പിന്തുണ കിട്ടിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാലും ചോദ്യം ചെയ്യപ്പെടാനരുതാത്ത അധികാര കേന്ദ്രമായിത്തീർന്നു. അഴിമതിയിലും സർക്കാർ വിധേയത്വത്തിലും ജനാധിപത്യ വിരുദ്ധതയിലും മുൻപേ വൈദഗ്‌ധ്യം തെളിയിച്ച ഗ്യാനേഷ് കുമാർ, നരേന്ദ്രമോദി സർക്കാരിൻ്റെ സ്വാഭാവികവും അനിവാര്യവുമായ തെരഞ്ഞെടുപ്പായിരുന്നു. 13.39 കോടി വോട്ടർമാരെയാണ് തീവ്രവോട്ടർ പട്ടികാ പരിഷ്‌കരണത്തിൻ്റെ, SIR-ൻ്റെ പേരിൽ ഗ്യാനേഷ് കുമാറിൻ്റെ കാർമികത്വത്തിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ ആകെ വോട്ടർമാരുടെ ഏതാണ്ട് 14% വരും എന്ന് കണക്കാക്കുമ്പോൾ എത്ര കണക്കുകൂട്ടിയാണ് ഈ പരിഷ്‌കരണം നടത്തിയിരിക്കുന്നത് എന്ന് മനസ്സിലാവും. എല്ലാവർക്കും തുല്യ അവകാശമുള്ള മൂന്നംഗ തെരഞ്ഞെടുപ്പു കമ്മീഷനിൽ, കൂട്ടായോ ഭൂരിപക്ഷത്തിൻ്റെ തീരുമാനപ്രകാരമോ മാത്രം തീരുമാനങ്ങളെടുക്കാൻ നിയമമുള്ള കമ്മീഷനിൽ, ഗ്യാനേഷ്കുമാർ മറ്റു രണ്ടു പേരുമറിയാതെ തീരുമാനങ്ങൾ എടുത്തുകൊണ്ടേയിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിൻ്റെ റസിഡൻ്റ് എഡിറ്ററായ റിതിക ചോപ്രയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഈ ജനാധിപത്യമില്ലായ്മയെ, വോട്ടു മോഷണത്തെ തെളിവു സഹിതം പുറത്തു കൊണ്ടുവന്നത്. പത്ത് മാസത്തിനുള്ളിൽ 14 തവണയാണ് കമ്മീഷണർമാരായ സുഖ്ബിർ സിംഗ് സന്ധുവും വിവേക് ജോഷിയും ഗ്യാനേഷ് കുമാറിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങളോടും നിലപാടുകളോടും രേഖാമൂലം വിയോജിച്ചിട്ടുള്ളത്. വോട്ടർമാരെ നീക്കുന്നതിലേയും പുതുതായി ഉൾപ്പെടുത്തുന്നതിലേയും മാനദണ്സങ്ങൾ നിശ്ചയിച്ചതിലെ നിയമവിരുദ്ധത, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുപോലും ലഭ്യമാക്കാതെ വോട്ടർമാരുടെ ഡാറ്റ ഒറ്റ കേന്ദ്രത്തിൽ കൈകാര്യം ചെയ്യുന്നത്, ഡാറ്റ കൈകാര്യം ചെയ്യുന്ന സോഫ്‌റ്റ് വെയറിലെ സുതാര്യതയില്ലായ്മ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ.
നഗ്നമായ നിയമലംഘനമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി നടത്തിയിട്ടുള്ളത്. വോട്ട് ചെയ്യാനുള്ള ഇന്ത്യൻ ജനതയുടെ പൗരാവകാശത്തെ പൗരത്വ നിയമവുമായി ബന്ധിപ്പിക്കാനുള്ള ഭരണഘടനാ വിരുദ്ധമായ നീക്കം കൂടിയാണ് ഗ്യാനേഷ് കുമാറും മോദി സർക്കാരും ചെയ്തു കൊണ്ടിരുന്നത്. വോട്ട് ചെയ്യാനുള്ള പൗരൻ്റെ അവകാശം ഭരിക്കുന്ന പാർട്ടിയുടേയും അവർക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേയും ഔദാര്യമാണ് എന്ന് വരുത്തിത്തീർക്കുക വഴി ഒരു ജനാധിപത്യ രാജ്യത്തെ പൗരരുടെ മുഴുവൻ ആത്മാഭിമാനത്തെയും അവകാശങ്ങളെയും ചോദ്യം ചെയ്യുകയായിരുന്നു കേന്ദ്ര സർക്കാർ. വോട്ടവകാശം അനുവദിച്ചു കിട്ടുന്നതിനു വേണ്ടി ഉദ്യാഗസ്ഥരുടെ മുന്നിൽ മുൻ തലമുറകൾ വോട്ടു ചെയ്തതിൻ്റെയും ജീവിച്ചിരുന്നതിൻ്റേയും രേഖകൾ ഹാജരാക്കാൻ രാജാധികാരത്തിലെ പ്രജകളേപ്പോലെ ക്യൂ നിൽക്കുന്നവരാക്കി ഇന്ത്യക്കാരെ സർക്കാർ മാറ്റി.
ജനാധിപത്യ ഇന്ത്യയിൽ ഭരണഘടനയുടെ അന്തസത്ത വീണ്ടെടുക്കുന്നതിനുള്ള സമരമാണ് ഇപ്പോൾ ഇന്ത്യൻ തെരുവുകളിൽ നടക്കുന്നത്. ഐസയും എസ്എഫ് ഐയും എ ഐ എസ് എഫും തുടങ്ങി നിരവധി വിദ്യാർത്ഥി സംഘടനകൾ സി.ജെ. പി ക്കൊപ്പം സമര മുന്നണിയിലുണ്ട്. പ്രതിപക്ഷ പാർട്ടികൾ മുഴുവനും കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ, ഭരണമുന്നണിയിലെ ചില ഘടക കക്ഷികളും ഒന്നിച്ച് സമരത്തിൻ്റെ ഭാഗമായി മാറുന്നു എന്നത് പ്രതീക്ഷാ നിർഭരമായ കാഴ്ചയാണ്. സമരത്തെ വയലൻസിലേക്ക് വഴിതിരിച്ച് വിടാനുള്ള സകല ശ്രമങ്ങളും മോദി ഭരണകൂടം നടത്തും. അതിനാണ് ഇതുവരെ കാണാത്ത സൈനിക വിന്യാസം. പരാജയം മുന്നിൽക്കാണുന്ന ഭരണകൂടങ്ങൾ ലോകത്തെല്ലായിടത്തും പിന്തുടരുന്ന രീതിയാണത്.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജൻസി വിദ്യാർത്ഥി പ്രക്ഷോഭം അതിലെ ഉള്ളക്കത്തിൻ്റെ സത്യസന്ധതകൊണ്ടും സമരമാർഗ്ഗത്തിലെ നോൺവയലൻ്റ് രീതികൾ കൊണ്ടും പുതിയതും കൗതുകകരമായ ഭാഷകൊണ്ടും രാഷ്ട്രീയ സ്‌ഥൈര്യം കൊണ്ടും ഭയമില്ലായ്മ കൊണ്ടും വിജയിച്ച ഒന്നാണ്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനൻ്റെ രാജി, നരേന്ദ്ര മോദി സർക്കാരിനേറ്റ വലിയ തിരിച്ചടിയായിരുന്നു. ആ സമരവഴിയിൽ ഗ്യാനേഷ് കുമാറിൻ്റെ ഉടനടിയുള്ള രാജി ആവശ്യപ്പെടുകയാണ് സി.ജെ.പി. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കണമെന്നും. എസ് ഐ ആർ നിർത്തിവെക്കണമെന്നും, പഴയ വോട്ടർ പട്ടിക പുനസ്ഥാപിക്കണമെന്നും സി.ജെ. പി ആവശ്യപ്പെടുന്നു.
സുപ്രീം കോടതിയുൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ മുഴുവൻ സർക്കാരിൻ്റെ വിധേയരായി നിൽക്കുമ്പോഴാണ് രാജ്യത്തെ യുവാക്കളും പ്രതിപക്ഷ കക്ഷികളും തെരുവിലിറങ്ങുന്നത്. വിദ്യാർത്ഥികൾ ജനാധിപത്യ സർക്കാരുകൾക്കെതിരെ തെരുവുകളിൽ മുദ്രാവാക്യം വിളിക്കുന്നത് ഫ്രാൻസിലും സ്പെയിനിലും ചിലിയിലും നമ്മൾ കാണുന്നുണ്ട്. അത് കാലത്തിൻ്റെ അനിവാര്യത കൂടിയാണ്. വലതുപക്ഷ സാമ്പത്തിക നയങ്ങളും വലതുപക്ഷ പ്രത്യയശാസ്‌ത്ര ധാരകളും ഭരണകൂടങ്ങളുടെ അജണ്ട നിശ്ചയിക്കുമ്പോൾ അവകാശങ്ങൾക്കുവേണ്ടിയുള്ള ചെറുത്തു നിൽപിൻ്റെ മുദ്രാവാക്യങ്ങൾക്ക് ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ ആവില്ല. അതിന് യുവാക്കളുടെയും വിദ്യാർത്ഥികളുടേയും നേതൃത്വം ഉണ്ടാവുകയും ചെയ്യും. ദില്ലിയിലെ സമരം വലിയ തരംഗങ്ങളായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും നിരന്തര സമരമായി പടരേണ്ടതുണ്ട്. ചെറുതും വലുതുമായ വർഗ്ഗ ബഹുജന സംഘടനകളൊക്കെയും പൗരാവകാശത്തിനു വേണ്ടിയുള്ള സമരങ്ങളിൽ അണിചേരുന്ന കാഴ്ചകളാണ് കാണുന്നത്. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ഹിന്ദുത്വ പ്രത്യയശാസ്ത്ര ഭരണകൂടത്തിനും ഇനിയൊന്നും പഴയതുപോലെ എളുപ്പമാവില്ല. ഭയം അതിനി ആ വിചാരധാരയ്ക്ക് അനുഭവിക്കാനുള്ളതാണ്.
