ലോകത്തെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു.
ജെൻ-സികൾ പാറ്റകളായി പെരുകി ജനവിരുദ്ധഭരണകൂടങ്ങളെ ശല്യപ്പെടുത്തുന്നു, പരിഹസിക്കുന്നു, കൊഞ്ഞനം കുത്തുന്നു, അട്ടിമറിക്കുന്നു.
തീവ്രവലതുപക്ഷവൽക്കരണത്തിനും ഫാഷിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിനും വേണ്ടി നിലകൊള്ളുന്ന ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്ന ആ ഭൂതം ഇന്ത്യയിലും നിലയുറപ്പിച്ചിരിക്കുന്നു. രാജ്യത്ത് വളരുന്ന വിശാല ജനാധിപത്യപ്രസ്ഥാനത്തിൽ ആ ധാരയും സുപ്രധാനമായൊരു പങ്ക് വഹിക്കുകയാണ്.
അസാധാരണമായ ഒരു പ്രക്ഷോഭത്തിന്റെ ഫലമായി വിദ്യാഭാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന്റെ പ്രകമ്പനങ്ങൾ അടങ്ങുന്നതിനുമുൻപ് ഭാവിരാഷ്ട്രീയത്തിൽ നിർണ്ണായകമാകാവുന്ന മറ്റൊരു ജനകീയ മുന്നേറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. വിദ്യാഭ്യാസമേഖലയെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകുന്നതിന് ചുക്കാൻ പിടിച്ച വകുപ്പ്മന്ത്രിയാണ് പുറത്തായതെങ്കിൽ, പാർലമെൻറ്ററി ജനാധിപത്യവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കുവേണ്ടിയാണ് ഇക്കുറി സമരം.
പ്രതിപക്ഷ പാർട്ടികളും കോക്റോച്ച് ജനതാപാർട്ടിയും (CJP) യുവജന- വിദ്യാർത്ഥി സംഘടനകളും പ്രകടിപ്പിക്കുന്ന അസാമാന്യമായ പോരാട്ടവീറ് അക്ഷരാർത്ഥത്തിൽ ദൽഹിയെ കയ്യടക്കിയിട്ട് ദിവസങ്ങളായി. ‘രണ്ടടി മുന്നോട്ട്, ഒരടി പിന്നോട്ട്’ എന്ന പതിവ് സമരരീതിക്കുപകരം ‘ഓരോ അടിയും മുന്നോട്ട്, വിജയം വരെ സമരം’ എന്ന ദൃഢനിശ്ചയം പ്രകടം. സമരകേന്ദ്രങ്ങളിലും തന്ത്രങ്ങളിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, പരിചിതമല്ലാത്ത പുതിയ സമരമുറകൾ, മുദ്രാവാക്യങ്ങൾ, കീഴ്‌വഴക്കങ്ങളെ ലംഘിക്കുന്ന ഭാഷ- പെരുമാറ്റ ശൈലികൾ എന്നിവ കൊണ്ട് ശ്രദ്ധേയമായ പ്രക്ഷോഭ കൊടുംകാറ്റിൽ ദുർബലമാകുന്ന ഫാഷിസ്റ്റ് ഭരണസംവിധാനത്തിന്റെ ഉള്ളിൽനിന്ന് അസംതൃപ്തിയും വീർപ്പുമുട്ടലും പ്രതിഷേധവും പുറത്തുവരുന്നു.
സമുന്നത ബി ജെ പി നേതാവ് എൽ. കെ. അദ്വാനി ഇലക്ഷൻ കമ്മീഷന്റെ നടപടികളെ പരസ്യമായി വിമർശിക്കുന്നു. SIR വഴി വോട്ടവകാശം നഷ്ടപ്പെടുത്തി ജനങ്ങളെ രണ്ടാംതരം പൗരരാക്കുന്ന ഇലക്ഷൻ കമ്മീഷന്റെ നടപടി അന്യായവും ഭരണഘടനാലംഘനവുമാണെന്ന് സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി പൊതുവേദിയിൽ തുറന്നടിക്കുന്നു. NDA സഖ്യകക്ഷിയായ ബിജു ജനതാദൾ സമരത്തിനൊപ്പം ചേരുന്നു.
ഊർജ്ജസ്വലതയോടെ മുന്നേറുന്ന സമരത്തിന്റെ പ്രചോദനമെന്ത്? സാഹചര്യമെന്ത്? ഈ സമരങ്ങൾ ഭരണമാറ്റത്തിലേക്കുള്ള പ്രക്ഷോഭങ്ങൾക്ക് ഇടയാക്കുമോ? ഭരണമാറ്റം ഗുണകരമായ രാഷ്ട്രീയമാറ്റത്തിന് ഇടനൽകുമോ? പ്രക്ഷോഭത്തിന്റെ രാഷ്ട്രീയപാഠങ്ങൾ എന്തൊക്കെ?

ഗ്യാനേഷ്കുമാർ:
ഫാഷിസ്റ്റ് അട്ടിമറിയുടെ
ക്ലാസിക്കൽ ഉദാഹരണം
എതിരാളിയുടെ എത്ര കരുനീക്കങ്ങൾ വരെ ഭാവനയിൽ കാണാൻ കഴിയുമെന്നതിലാണ് ചെസ്സ് കളിക്കാരുടെ പ്രവീണ്യം നിലകൊള്ളുന്നത്. മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളെക്കാൾ ദൂരക്കാഴ്ചയിൽ സംഘപരിവാർ സംവിധാനം ഏറെ മുൻപിലാണെന്ന് ഇലക്ഷൻ കമ്മീഷൻ നടപടികൾ വ്യക്തമാക്കുന്നു. പ്രത്യേക തീവ്രപരിഷ്കരണം (SIR) വഴി വോട്ടവകാശം നഷ്ടപ്പെട്ടവരുടെ എണ്ണം 13 കോടിയിലേറെയാണ്. ആകെ വോട്ടർമാരിൽ 13 ശതമാനത്തിലധികം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്റെ കാര്യത്തിൽ NDA മുന്നണിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള വ്യത്യാസമാകട്ടെ രണ്ടു ശതമാനത്തിൽ താഴെമാത്രം.
കാര്യങ്ങൾ വ്യക്തം. ലളിതമായ ഈ ഗണിതയുക്തി ജെൻ- സികൾക്ക് വേഗം ബോധ്യമാകും. ന്യായീകരണങ്ങൾ നിലനിൽക്കില്ലെന്ന ജസ്‌റ്റിസ് ഉജ്ജൽ ഭൂയാന്റെ വാക്കുകളും അവർക്ക് പെട്ടെന്ന് മനസ്സിലാകുന്നു. റഫറിയായി നിൽക്കേണ്ട ഇലക്ഷൻ കമ്മീഷന്റെ കാർമ്മികത്വത്തിൽ പാർലമെൻറ്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. ആ ദുഷ്‌കർമ്മത്തിന്റെ സുഗമമായ പൂർത്തീകരണത്തിന് രണ്ടു കാര്യങ്ങൾ മുൻകൂറായി ഉറപ്പുവരുത്തുന്നു:
ഒന്ന്: ഉദ്ദിഷ്ടകാര്യനിർവ്വഹണത്തിന് അനുയോജ്യരായവരെ കമ്മീഷണർമാരായി വെക്കുക.
രണ്ട്: അവരുടെ ചെയ്തികൾക്കെതിരെ ന്യായമായും ഉണ്ടാകാവുന്ന സിവിൽ/ക്രിമിനൽ നടപടികളിൽനിന്ന് സംരക്ഷണം ഉറപ്പുവരുത്തുക.
നവ ലിബറൽനയങ്ങൾക്ക് മുതലാളിത്തവ്യവസ്ഥയെ രക്ഷിക്കാൻ കഴിയുന്നില്ല. അത് കൂടുതൽ ആഴമേറിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു.
സ്വതന്ത്രസ്വഭാവം നിലനിർത്താൻ പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് ജസ്‌റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് ഇലക്ഷൻ കമ്മീഷണർമാരെ തെരഞ്ഞെടുക്കേണ്ടത് എന്ന സുപ്രീംകോടതി നിർദ്ദേശം കാറ്റിൽപറത്തി, ജഡ്ജിക്ക് പകരം മറ്റൊരു മന്ത്രിയെക്കൂടി വെച്ച് ഒന്നാമത്തെ ആവശ്യം സർക്കാർ സാധിച്ചെടുത്തു.
പദവിയിലിരിക്കുന്ന കാലത്ത് എടുക്കുന്ന നടപടികൾക്കെതിരെ സിവിലോ ക്രിമിനലോ ആയ ഒരു തരത്തിലുമുള്ള നിയമനടപടിയും സ്വീകരിക്കുവാൻ പാടില്ലെന്ന് കൽപ്പിക്കുന്ന നിയമം 2023- ൽ കൊണ്ടുവന്ന് രണ്ടാമത്തെ കാര്യവും സാധിച്ചെടുത്തു. പദവിയിൽനിന്ന് വിരമിച്ചാലും നിയമനടപടിയിൽനിന്നുള്ള പരിരക്ഷ തുടരും! ചീഫ്ജസ്റ്റിസിന് പോലും ലഭ്യമല്ലാത്ത സുരക്ഷ. എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്ന ബുള്ളറ്റ് പ്രൂഫ് കവചം അണിഞ്ഞാണ് ജനാധിപത്യക്കവർച്ചക്ക് ഇറങ്ങിത്തിരിക്കുന്നതെന്ന് സാരം. തങ്ങളുടെ സഹജീവികൾ, സഹപ്രവർത്തകർ, സഹപാഠികൾ എന്നിവരിൽ ഒരു വിഭാഗത്തെ രണ്ടാംതരം പൗരരാക്കുന്ന നടപടിയെ അംഗീകരിക്കാൻ ലിബറൽ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന ജെൻ സികൾക്ക് കഴിയില്ല. പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിലും ഇത് ദൃശ്യമായിരുന്നു.

ക്ഷോഭിക്കുന്ന യൗവ്വനം: നിയോ ഫാഷിസ്റ്റ് ജീവിതാനുഭവങ്ങളോടുള്ള പ്രതികരണം
ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളെ ഇളക്കിമറിച്ച യുവജനരോഷത്തിന്റെ ശക്തി നിലവിൽ ഫ്രാൻസ്, സ്‌പെയിൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ അനുഭവിക്കുകയാണ്. ഈ മുന്നേറ്റങ്ങൾക്കിടയാക്കുന്നത് സമാനമായ ജീവിതസാഹചര്യങ്ങളാണ്. നവ ലിബറൽനയങ്ങൾക്ക് മുതലാളിത്തവ്യവസ്ഥയെ രക്ഷിക്കാൻ കഴിയുന്നില്ല. അത് കൂടുതൽ ആഴമേറിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനുള്ളിലെ ഏറ്റവും അനിശ്ചിതമായ ഒരു അവസ്ഥയിലൂടെയാണ് ലോക തൊഴിൽകമ്പോളം കടന്നുപോകുന്നത്. അതിൽത്തന്നെ സ്ഥിരം തൊഴിൽ കുറയുന്നു, അന്തസ്സും ആത്മാഭിമാനവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്ന തൊഴിലിടങ്ങൾ ചുരുങ്ങുന്നു. വിദ്യാഭ്യാസമേഖലയിലെ വരേണ്യവൽക്കരണം, സർക്കാർചെലവ് ചുരുക്കൽ തുടങ്ങിയ നടപടികൾ തുടരുകയാണ്. യുവാക്കൾ കടുത്ത നിരാശയിലാകുന്നു. വളരുന്ന അസമത്വവും ക്ഷേമരാഷ്ട്രസങ്കല്പത്തിൽ നിന്നുള്ള തിരിച്ചുപോക്കും വീടുകളിലുണ്ടാക്കുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾക്കും യുവത വിധേയമാകുന്നു. ഉള്ള തൊഴിലും മികച്ചതെന്ന് ജനം കരുതുന്ന കോഴ്‌സുകളും അർഹതപ്പെട്ടവരിൽനിന്ന് തട്ടിമാറ്റിക്കൊണ്ട്, മത്സരപരീക്ഷകളെപ്പോലും അട്ടിമറിച്ച് അഴിമതിയും സ്വജനപക്ഷപാതവും വളരുമ്പോൾ, പൊറുതിമുട്ടുന്ന യുവാക്കൾ തെരുവിലിറങ്ങുകയാണ്.
ലിബറൽ മൂല്യങ്ങളോടുള്ള ജെൻ- സികളുടെ പ്രതിപത്തി പ്രക്ഷോഭത്തിന്റെ വ്യാപനത്തിന് ഏറെ സഹായകമാണെന്ന് കരുതാം. ജാതി -മത - ദേശ -ഭാഷ - ലിംഗ - വർണ്ണ വിവേചന ചിന്തകൾക്ക് അതീതരാണ് പൊതുവിൽ ജെൻ- സികൾ.
സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് തൊഴിലിൽ 30% സംവരണം കൊണ്ടുവന്നതിനെതിരെയുള്ള യുവജന പ്രക്ഷോഭത്തിലാണ് ബംഗ്ലാദേശിലെ ഭരണാധികാരിക്ക് 2024- ൽ രാജ്യംവിട്ട് രക്ഷപ്പെട്ട് ഓടേണ്ടിവന്നത്. ജനങ്ങൾ നാനാവിധ ജീവിതപ്രയാസങ്ങൾ നേരിടുമ്പോൾ, ഭരണാധികാരികളുടെ കുടുംബങ്ങൾ സുഖലോലുപതയിൽ അഭിരമിക്കുന്നതിനെതിരെ നേപ്പാളിൽ 2025- ൽ നടന്ന വെറും 48 മണിക്കൂർ ജെൻ- സി വിപ്ലവത്തിലൂടെ സർക്കാർ പുറത്തായി.
ലിബറൽ മൂല്യങ്ങളോടുള്ള ജെൻ- സികളുടെ പ്രതിപത്തി പ്രക്ഷോഭത്തിന്റെ വ്യാപനത്തിന് ഏറെ സഹായകമാണെന്ന് കരുതാം. ജാതി -മത - ദേശ -ഭാഷ - ലിംഗ - വർണ്ണ വിവേചന ചിന്തകൾക്ക് അതീതരാണ് പൊതുവിൽ ജെൻ- സികൾ. എന്നുമാത്രമല്ല, അത്തരം കാര്യങ്ങളിലെ രാഷ്ട്രീയ ശരികേടുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത വിമർശനത്തിനും സാധ്യത കൂടുതലാണ്. ചെറുത്തുനിൽപ്പിനെ ജാതി -മത- ഭാഷ കലാപങ്ങളിലൂടെ നിർവീര്യമാക്കുന്ന ഫാഷിസ്റ്റ് തന്ത്രം അവരിൽ വിലപ്പോകില്ല. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ജീവിക്കുന്ന തലമുറ എന്ന നിലയിൽ, സാങ്കേതികവിദ്യയെ സമരയുധമാക്കിമാറ്റുന്നതിലുള്ള പ്രാവിണ്യം മറ്റൊരു സൗകര്യമായി.
ഇന്ത്യ മുന്നണിയുടെ
കെട്ടുറപ്പും പിത്തലാട്ടങ്ങളും
സമരാനുഭവങ്ങൾ പങ്കെടുക്കുന്നവരുടെ രാഷ്ട്രീയ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും ഇഴയടുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും. കർഷകസമരത്തിനും ധർമ്മേന്ദ്രപ്രധാനെ താഴെയിറക്കിയ പ്രക്ഷോഭത്തിനും ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇപ്പോൾ നടന്നുവരുന്ന സമരത്തിനും അത് കഴിയുന്നുണ്ട്. കർഷകരുടെ സമരത്തോട് ആദ്യ ഘട്ടത്തിൽ ചേർന്നുനിൽക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. പിന്നീടുണ്ടായ അണിചേരലും അനുഭവങ്ങളും പ്രതിപക്ഷനേതാവെന്ന നിലയിലുള്ള രാഹുൽഗാന്ധിയുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചു. രാജ്യത്തിന്റെ തെക്ക് - വടക്ക് ജോഡോ യാത്ര നടത്താനും ഗ്രാമീണജീവിതം തൊട്ടറിയാനും ആത്മവിശ്വാസം നേടിയത്, ഒരുപക്ഷെ, കർഷകസമരാനുഭവങ്ങളിൽ നിന്നാകാം.
പ്രതിപക്ഷപ്പാർട്ടികൾ തമ്മിലുള്ള ബന്ധവും ആരോഗ്യകരവും ദൃഢവുമാകുന്നത് പ്രക്ഷോഭങ്ങളിലൂടെയാണ്. ന്യൂനപക്ഷം വരുന്ന ജനങ്ങളുടെ പിന്തുണ കൊണ്ടുമാത്രം ബി ജെ പി പലപ്പോഴും മേൽക്കൈ നേടുന്നത് പ്രതിപക്ഷപ്പാർട്ടികളുടെ അന്തച്ഛിദ്രം വഴിയാണല്ലോ. ഇപ്പോൾ ദൽഹിയെ സ്തംഭിപ്പിച്ചും ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചും ശക്തിപ്പെടുന്ന പ്രക്ഷോഭം ഭരണമുന്നണിയെ ദുർബലപ്പെടുത്തുകയും പ്രതിപക്ഷഐക്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബിജു ജനതദൾ പ്രതിപക്ഷനിലപാടിലേക്ക് വന്നതും കടുത്ത ശത്രുതയിലായിരുന്ന സി.പി.എമ്മും മമത ബാനർജിയും ചർച്ചയ്ക്ക് തയ്യാറാകുന്നതും മൗനം വെടിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി SIR-നെതിരെ പ്രതികരിച്ചുതുടങ്ങിയതും അതിന്റെ പ്രതിഫലനങ്ങളാണ്.

ഇന്ത്യ മുന്നണിയുടെ സംഘടനാപരമായ ഐക്യത്തോടൊപ്പം രാഷ്ട്രീയമായ ശാക്തീകരണവും അനിവാര്യമാണ്. ഇപ്പോൾ നടക്കുന്ന സമരത്തിന്റെ വിജയം കൂടുതൽ വിജയങ്ങളും അത് അന്തിമമായി ഭരണമാറ്റത്തിലും കലാശിക്കാം.
പിന്നെയെന്ത്?
തീവ്രവലതുപക്ഷനയങ്ങൾ ഉളവാക്കുന്ന പ്രതിസന്ധിയും അതിനെതിരെയുള്ള ജനരോഷവും അതിനെ മറികടക്കാനുള്ള ഭരണകൂടനടപടികളുമാണ് ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യം. നവലിബറൽ വിരുദ്ധ ബദൽനയങ്ങൾക്കായി നിലകൊണ്ടില്ലെങ്കിൽ, ഭരണമാറ്റമൊക്കെ ക്ഷണികമായിരിക്കും. ഇടതുപക്ഷംകൂടി ചേർന്ന് രൂപപ്പെടുത്തിയ ബദൽ നയങ്ങൾക്കായി 2004- ലെ ഒന്നാം UPA സർക്കാരിനൊപ്പം ജനം നിന്നതുകൊണ്ടാണ് 2009- ൽ വീണ്ടും അധികാരത്തിൽ വരാൻ കഴിഞ്ഞത്. തുടർന്നുണ്ടായ പിന്മാറ്റത്തിനും നവ ലിബറൽ കീഴടങ്ങലിനുമെതിരെയുള്ള ജനരോഷത്തെ വോട്ടാക്കിയുമാണ് ബി ജെ പി 2014- ൽ തേരോട്ടം തുടങ്ങിയതെന്ന് കോൺഗ്രസ് മാത്രമല്ല, പ്രതിപക്ഷപ്പാർട്ടികൾ ഒന്നാകെ ഓർക്കുന്നത് നല്ലതാണ്.
പ്രക്ഷോഭം ശക്തിപ്പെടുന്ന ഈ കാലത്തുപോലും ഐക്യത്തെ ദുർബലപ്പെടുത്തുന്ന തരത്തിൽ ഉപരിപ്ലവമായ പ്രശ്നങ്ങളെ ഊതിവീർപ്പിക്കുക, സൗന്ദര്യപ്പിണക്കങ്ങളും പരിഭവങ്ങളും പൊതുവേദിയിൽ പങ്കുവെക്കുക, വലിപ്പചെറുപ്പങ്ങളുടെ പേരിൽ മേനി നടിക്കുക, തമസ്കരിക്കുക, ഹൃസ്വകാല താൽപര്യങ്ങൾക്ക് പോരാടിക്കുക തുടങ്ങിയ പിത്തലാട്ടങ്ങളിൽ നേതാക്കൾത്തന്നെ ഏർപ്പെടുന്നത് അരോചകവും അപകടകരവുമാണ്.
ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെ അച്ചുതണ്ടാണ് കേരളമെന്ന് മതേതരകക്ഷികൾ മേനി നടിക്കാറുണ്ടെങ്കിലും അങ്ങനെ ദൃശ്യമാകുന്നില്ല. പലപ്പോഴും ഇത്തരം പ്രക്ഷോഭങ്ങളെ ദൈനംദിന പാർലമെൻറ്ററി രാഷ്ട്രീയത്തിന്റെ ലാഭനഷ്ടക്കണക്കിൽ മാത്രം പരിശോധിക്കാനാണ് മുന്നണികൾ ആലോചിക്കുന്നത്.
കേരളം പോലുള്ള ചിലയിടങ്ങളിൽ പ്രക്ഷോഭത്തിന്റെ ചൂട് മതിയായ നിലയിൽ എത്തിയിട്ടില്ലെന്നത് മറ്റൊരു പരിമിതിയാണ്. ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെ അച്ചുതണ്ടാണ് കേരളമെന്ന് മതേതരകക്ഷികൾ മേനി നടിക്കാറുണ്ടെങ്കിലും അങ്ങനെ ദൃശ്യമാകുന്നില്ല. പലപ്പോഴും ഇത്തരം പ്രക്ഷോഭങ്ങളെ ദൈനംദിന പാർലമെൻറ്ററി രാഷ്ട്രീയത്തിന്റെ ലാഭനഷ്ടക്കണക്കിൽ മാത്രം പരിശോധിക്കാനാണ് മുന്നണികൾ ആലോചിക്കുന്നത്.
ഗ്യാനേഷ്‌കുമാറിന്റെ കേരളത്തിലെ സേവനകാലത്തുനടന്ന അഴിമതിയിൽ ഏത് മുന്നണിക്കാണ് പങ്ക് എന്ന തർക്കം അന്തിച്ചർച്ചക്ക് സജീവമാക്കി നിർത്തുന്നതിലൊക്കെയുള്ള താൽപ്പര്യമാണ് ഏറിനിൽക്കുന്നത്. കർഷകസമരത്തിലും ഇവിടെ ഉപരിപ്ലവത പ്രകടമായിരുന്നു. എന്നാൽ, കർഷകസമരത്തിന്റെയും ഇപ്പോൾ നടക്കുന്ന ദേശിയപ്രക്ഷോഭത്തിന്റെയും നേതൃത്വത്തിൽ മലയാളിസാന്നിധ്യം പ്രകടമാണുതാനും. കേരളത്തിലെത്തുമ്പോൾ, എന്ത് സമരാനുഭവങ്ങളും രാഷ്ട്രീയവുമാണ് അവരൊക്കെ കൈമാറുന്നത്? അല്ലെങ്കിൽ എന്താണ് അവരിൽനിന്ന് പഠിക്കുന്നത്?

CJP, വിദ്യാർത്ഥി -യുവജന സംഘടനകൾ, പ്രതിപക്ഷപാർട്ടികൾ: കൊടുക്കൽ വാങ്ങലുകൾ
സംഘടനാപരമായും പരിപാടിപരമായും വ്യത്യസ്തത പുലർത്തുന്ന പ്രസ്ഥാനങ്ങളായ പ്രതിപക്ഷപ്പാർട്ടികൾ, യുവജനസംഘടനകൾ, സി ജെ പി എന്നിവയാണ് ദേശീയ പ്രക്ഷോഭത്തിലെ പങ്കാളികൾ. തൊഴിലാളി -കർഷക സംഘടനകൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും. ഒത്തുചേരൽ വലിയ സാധ്യതകൾ തുറക്കുന്നുണ്ട്; അതുപോലെതന്നെ പരിമിതികളും. കൊടുക്കൽ വാങ്ങലുകൾ രാഷ്ട്രീയമായും സംഘടനാപരമായും മെച്ചപ്പെടാൻ സഹായിക്കും.
CJP തിരശ്ചീനമായി സംഘടിപ്പിക്കപ്പെടുന്ന, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം വഴി ഒത്തുചേരുന്ന, തികച്ചും അയഞ്ഞ സംഘടനാസംവിധാനമാണ്. അതുപോലെ, ഇന്ത്യൻ സാമൂഹ്യയഥാർഥ്യങ്ങളെ ആഴത്തിൽ പരിശോധിച്ച് രൂപപ്പെടുത്തിയ പരിപാടിയുടെ അടിസ്ഥാനത്തിലല്ല അത് പ്രവർത്തിക്കുന്നത്. എന്നാൽ, നിലവിലുള്ള വ്യവസ്ഥ മനുഷ്യത്വരഹിതവും അന്തസ്സാരശൂന്യവും നിരാശാജനകവുമാണെന്ന് ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അവർക്ക് ബോധ്യമായിരിക്കുന്നു. സ്വാഭാവികമായും ഭരണാധികാരികൾ കുറ്റവിചാരണക്ക് വിധേയമാകണമെന്നും അവർ കരുതുന്നു. അതിന്റെ രാഷ്ട്രീയ സമ്പദ്ഘടനാപരമായ വേരുകളിലേക്ക് അവർ നിലവിൽ കടന്നുചെന്നിട്ടില്ല. യോജിച്ച സമരങ്ങളും കൊടുക്കൽവാങ്ങലുകളും ആഴമേറിയ രാഷ്ട്രീയധാരണകളിലേക്ക് അവരെ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ലിബറൽ ജീവിതമൂല്യങ്ങളിലും നീതിയിലും ധാർമ്മീകതയിലും, സ്വാഭാവികമായി ഭരണഘടനാമൂല്യങ്ങളിലും വിശ്വസിക്കുന്ന ജെൻ- സികളെ സംബന്ധിച്ച് ഇപ്പോൾ നടക്കുന്നത് ഒരു ധർമ്മസമരമാണ്. ഭരണത്തിന്റെയോ പദവിയുടെയോ ഭാരം, അല്ലെങ്കിൽ പരിമിതി, അവർക്കില്ല. അഴിമതി, അനീതി, സ്വജനപക്ഷപാതം, വിവേചനം, അവസരവാദം, അതാര്യത എന്നിവയോടൊന്നും അവർക്ക് സന്ധിയാകാൻ കഴിയില്ല. നിലവിലുള്ള സംവിധാനങ്ങളുമായി ദീർഘനാൾ ഇടപഴകിയ പ്രതിപക്ഷപ്പാർട്ടികളിൽ പല ജീർണ്ണതകൾ കയറിപ്പറ്റിയിട്ടുണ്ട്. അവരിൽ ഗുണപരമായ സമ്മർദ്ദം ചെലുത്താൻ ധാർമ്മീകമൂല്യങ്ങൾക്കായി നിലകൊള്ളുന്ന സി ജെ പിക്കും കുറെയൊക്കെ മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും കഴിയും.

സി ജെ പിയുടെയും ഇടതു വിദ്യാർഥി സംഘടനകളുടെയും നേതാക്കളുടെ കഴിവിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ചില പരാമർശങ്ങൾ പൊതുമണ്ഡലത്തിൽ വരുമ്പോൾ, പരസ്പര ബഹുമാനവും കരുതലും നിലനിർത്തി അവർ നടത്തുന്ന പ്രതികരണം തികച്ചും മാതൃകപരമാണ്. അനാവശ്യമായി കലഹിക്കുന്ന തലമൂത്ത നേതാക്കൾക്കു പാഠമാണ്. മുതിർന്നവർക്ക് അവരിൽനിന്ന് ധാരാളം പഠിച്ചുകൊണ്ടല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സാരം. ചില തിരുത്തലുകൾ നടത്താൻ പ്രതിപക്ഷവും തയ്യാറാകേണ്ടിവരുന്നു. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്ന അധാർമ്മിക നടപടികൾ ചോദ്യം ചെയ്യപ്പെടാം.
ഉദാഹരണത്തിന്, കേരളത്തിലെ മന്ത്രിമാരുടെ വിദേശയാത്രകളും ഔദ്യോഗിക വാഹനങ്ങളും സ്വകാര്യവ്യക്തികൾ സ്പോൺസർ ചെയ്യുന്നത് സുതാര്യതക്കുവേണ്ടി നിലകൊള്ളുന്ന സി ജെ പിക്കു ദഹിക്കില്ല. സഹപ്രവർത്തകയെ ലൈംഗികമായി ആക്രമിക്കുന്ന നേതാവ് നിയമനടപടിക്ക് വിധേയമാകേണ്ടതില്ലെന്ന പാർട്ടിതീർപ്പ് ജെൻ- സികൾക്ക് ബോധിക്കില്ല.
ചുരുക്കിപ്പറഞ്ഞാൽ, വിശാലമായ ജനാധിപത്യപ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിനായി ഒരു തിരുത്തൽപ്രക്രിയക്ക് കൂടി വിധേയമാകണം. വളർന്നുശക്തിപ്പെടുന്ന ഫാഷിസ്റ്റ് വിരുദ്ധമുന്നണിയുടെ അംഗസംഘടനകളിൽ കാലം ചില ഉത്തരവാദിത്വങ്ങൾ അർപ്പിച്ചിട്ടുണ്ട്. അത് നിർവ്വഹിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

